അവരനുഭവിച്ച മാനസിക സംഘർഷങ്ങൾക്ക്, നേരിട്ട സാമൂഹിക ഒറ്റപ്പെടലുകൾക്ക് ആര് മറുപടി പറയും?

ഇന്ത്യയുടെ മുഖമുദ്ര എന്നത് നാനാത്വത്തിൽ ഏകത്വമാണ്. വ്യത്യസ്ഥങ്ങളായ സംസ്ക്കാരങ്ങളും ഭാഷകളും ആചാരാനുഷ്ഠാനങ്ങളുമെല്ലാം നിറഞ്ഞ് വൈവിധ്യങ്ങളാൽ സമ്പന്നമായ രാഷ്ട്രം. അവിടെ മുസൽമാനുണ്ട്, ഹൈന്ദവനുണ്ട്, നസ്രാണിയുണ്ട്, പാഴസിയുണ്ട്, ജൈനനുണ്ട്,... അങ്ങനെ എല്ലാവരേയും ഉള്‍കൊണ്ട് ബഹുസ്വരരാഷട്രമായി തലയുയര്ത്തി നില്ക്കുന്ന ജനാധിപത്യരാഷ്ട്രമാണ് ഇന്ത്യ. വിഭജനസമയത്ത് പാക്കിസ്ഥാന്‍ മതരാഷ്ട്രമായി നില്‍ക്കാന്‍ തീരുമാനിച്ചപ്പോഴും മതേതരരാഷ്ട്രമായി ഇന്ത്യ നിലകൊണ്ടത് ഈ മൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണ്. കാലാകാലങ്ങളായി ഇന്ത്യയില്‍ അഭയം തേടിയെത്തിയ നിരാലംബരെ ഈ രാജ്യം ഇരുകൈയ്യും നീട്ടി സ്വകരിച്ചത് വെറും രാജ്യാതിർത്തി മാത്രം തുറന്നല്ല, ഹൃദയവും തുറന്നാണ്. പാകിസ്ഥാനില്‍ നിന്ന് മാത്രമല്ല, ബംഗ്ലാദേശില്‍ നിന്നും ശ്രീലങ്കയില്‍ നിന്നും ബർമയിൽ നിന്നുമെല്ലാം അഭയം തേടി ആയിരങ്ങള്‍ ഇന്ത്യന്‍ മണ്ണിലെത്തി. അവരെ ആരേയും മതമോ വസ്ത്രമോ നോക്കിയല്ല ഇന്ത്യ സ്വീകരിച്ചത്. മറിച്ച് അവരുടെ ജീവിതം മാത്രം നോക്കിയാണ്. ആ പാരമ്പര്യമാണ് ഇപ്പോൾ ഇല്ലാതാകുന്നത്.

പൌരത്വ ബില്‍ രാജ്യത്ത് കൊണ്ടു വരുമ്പോള് രാജ്യം ഭരിക്കുന്ന ബിജെപിക്ക് ഒറ്റലക്ഷ്യം മാത്രമാണ് ഉള്ളത്. മുസ്ലീം വിരുദ്ധത. അതിനപ്പുറം ഒന്നും തന്നെ സംഘപരിവാരകൂട്ടങ്ങൾക്കില്ല. നിയമത്തിലെ വ്യവസ്ഥകള്‍ ഇക്കാര്യം അടിവരയിട്ട് പറയുന്നുണ്ട്. പാക്കിസ്ഥാനിലേയും അഫ്ഗാനിസ്ഥാനിലേയും ബംഗ്ലാദേശിലേയും മുസ്ലീം ഇതരരായ അഭയാർത്ഥികൾക്ക് ഇന്ത്യ അഭയം നൽകും. പൌരത്വവും നൽകും. എന്നാൽ മുസ്ലീങ്ങള്‍ക്ക് മാത്രം നല്‍കില്ല. കാരണം സംഘികളുടെ ഭാഷയിൽ സിംപിൾ ആണ്. ഈ രാജ്യങ്ങളിലെ ന്യൂനപക്ഷമല്ല മുസ്ലീങ്ങള്‍. ശരിയാണ് അവരവിടെ ന്യൂനപക്ഷമല്ല. പക്ഷെ ആ രാജ്യങ്ങളിൽ നിന്ന് മതപരമായ കാരണങ്ങൾ കൊണ്ട് അവരെ ആരും വേട്ടയാടില്ലെന്ന് പറയാന് എങ്ങനെ സാധിക്കും. തസ്ലിമ നസ്രീന് ഇന്ത്യ രാഷ്ട്രീയ അഭയം കൊടുത്തത് അവര്‍ ഹിന്ദുവായത് കൊണ്ടല്ല. ബംഗ്ലാദേശ് ഹിന്ദു ഭൂരിപക്ഷ രാജ്യമായതുകൊണ്ടല്ല മുസ്ലീമായ അവര്‍ക്ക് ആ രാജ്യത്ത് നന്ന് പലായനം ചെയ്യേണ്ടി വന്നത്. ഇനി അവരുടേത് രാഷ്ട്രീയ അഭയമാണ്, അല്ലാതെ മതപരമായ വേട്ടയാടലുകൊണ്ട് വേട്ടയാടപ്പെട്ടവരല്ല എന്ന് സംഘികൾ വാദിച്ചേക്കും. മതത്തിലെ തെറ്റുകൾ തുറന്നു പറയുന്നതും ശത്രുക്കളെ സമ്മാനിക്കും. അപ്പോള്‍ നടക്കുന്ന വേട്ടയാടലും മതപരമായ വേട്ടയാടലുകൾ തന്നെയാണ്. ഇനി മുസ്ലിംങ്ങളിൽ തന്നെ സുന്നി, ഷിയ വിഭാഗങ്ങളില്ലേ? അവര്‍ക്കിടയിലെ സംഘര്‍ഷങ്ങള്‍ മൂലം മതപരമായ വേട്ടയാടലിന് വിധേയമാകുന്ന ആ മുസ്ലീം ന്യൂനപക്ഷങ്ങളെ (സുന്നിയായാലും ഷിയ വംശജരയാലും) എങ്ങനെ മാറ്റിനിർത്താനാകും ?

ഇനി വേട്ടയാടപ്പെടുന്ന ന്യൂനപക്ഷങ്ങളോടുള്ള സംരക്ഷണമാണ് വിഷയമെങ്കിൽ എന്തുകൊണ്ട് മ്യാനമറിലെ റോഹിങ്ക്യക്കാരെ തഴഞ്ഞു?. ശ്രിലങ്കയിലെ മതന്യൂനപക്ഷങ്ങളെ നിയമത്തിന്റെ പരിധിയിൽ എന്തുകൊണ്ട് ഉൾപ്പെടുത്തിയില്ല.? ശ്രീലങ്കയില്‍ ന്യൂനപക്ഷമായ തമിഴ് ഹിന്ദുക്കള്‍  ബുദ്ധമതക്കാരായ സിംഹളരുടെ പീഢനത്തിന് ഇരയാകുന്നില്ലേ? അവരെന്ത്കൊണ്ടാണ് പട്ടികയ്ക്ക് പുറത്ത് ആകുന്നത്? അപ്പോള്‍ വിഷയം മാനവികതയോ സഹാനുഭൂതിയോ അല്ല. തികച്ചും മതം ആണ്. മതം മാത്രമാണ്. ഇസ്ലാമോഫോബിയ മാത്രമാണ്. ആര് എസ് എസ്സി ന്റേയും കൂട്ടാളികളുടേയും – വിശ്യഷ്യ മോദിയുടേയും അമിത് ഷായുടേയും – മുസ്ലീം വിരുദ്ധത എത്രമാത്രമാണെന്ന് അവരുടെ പ്രവര്‍ത്തനങ്ങള്‍, നിലപാടുകള്‍ എന്നിവ പരിശോധിച്ചാല്‍ മനസിലാക്കാവുന്നതേയുള്ളു. ഗോധ്രയും ഗുജറാത്തിലെ കലാപവും ബാബറി മസ്ജിദ് പൊളിച്ചതുമെല്ലാം വലത് തീവ്രവാദികളുടെ മുസ്ലീം വിരുദ്ധത എത്രമാത്രമുണ്ടെന്ന് വിളിച്ചുപറയും. മോദി  സര്‍ക്കാര്‌ അധികാരത്തിലേറിയശേഷം രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരെ നടന്ന കലാപങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളുമെല്ലാം അതിന് സാക്ഷ്യം പറയും. ആ കേസുകൾക്ക്  എന്ത് സംഭവിച്ചുവെന്ന് പരിശോധിച്ചാല്‍ രാജ്യത്തെ നീതിന്യായ വ്യവസ്ഥിതിയെ അവരെങ്ങനെ അട്ടിമറിച്ചുവെന്ന് തിരിച്ചറിയാം.

പൌരത്വബില്ലും ദേശിയ പൌരത്വ രജിസ്റ്ററും തമ്മില് ബന്ധമില്ല, ബന്ധപ്പെടുത്തേണ്ടതില്ല എന്നാണ് സംഘികളുടേയും സംഘിസർക്കാരുകളുടേയും വാദം. അവര്‍ സംഘികളുടെ ചാണക്യനെ കേൾക്കുന്നില്ലെന്ന് വേണം കരുതാന്‍. കാരണം ആഭ്യന്തരമന്ത്രി അമിത് ഷാ ബംഗാളില്‍ പോയി മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ പ്രഖ്യാപനം ബിജെപി-യുടെ തന്നെ ട്വിറ്ററിലും ഫെയ്സ് ബുക്കിലുമെല്ലാം ലഭ്യമാണ്. പോയി കണ്ടു നോക്കൂ. നല്ല വെടിപ്പായിട്ട് അമിത് ഷാ പറഞ്ഞുവെച്ചിട്ടുണ്ട് പൌരത്വബില്ലും ദേശിയ പൌരത്വ രജിസ്റ്ററും ക്രോണോളജിക്കലായി എങ്ങനെ കടന്നുവരുമെന്നതിനെ കുറിച്ച്. ആദ്യം പൌരത്വ ബില്, പിന്നാലെ രാജ്യമൊട്ടാകെ എൻ ആർ സി. അതെങ്ങനെയെല്ലാം ബന്ധപ്പെട്ടിരിക്കുന്നുവെന്നാല്ലാം പറഞ്ഞിട്ടുണ്ട്. സംഘികള് അവിടെ പോയി  സംശയനിവാരണം സ്വയംവരുത്തുക.

പൌരത്വ നിയമം രാജ്യത്തെ മുസ്ലീമുകളെ ബാധിക്കില്ലെന്നാണ് കേന്ദ്രം ആണയിടുന്നത്. കാരണം അത് നാട്ടിലെ മുസ്ലീമുകളെ അല്ല, അഭയാര്ത്ഥികളായെത്തുന്ന മുസ്ലീങ്ങള്‍ അല്ലാത്തവരെയാണല്ലോ ലക്ഷ്യം വെക്കുന്നത്. എന്നാൽ പൌരത്വ നിയമത്തിന് മുമ്പേ അസമില്‍ നടപ്പാക്കിയ, ഇനി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടപ്പാക്കാനിരിക്കുന്ന ദേശിയ പൌരത്വ രജിസ്റ്ററിന്റെ കാര്യം ഇതിനൊപ്പം തന്നെ ചേര്‍ത്ത് വായിക്കേണ്ടതല്ലേ? അസമില്‍ ആദ്യം എൻ ആർ സി കരട് പ്രസിദ്ധീകരിച്ചപ്പോൾ എത്ര ലക്ഷം പേരാണ് അനധികൃത കുടിയേറ്റക്കാരായി ആ പട്ടികയിൽ നിന്ന് പുറത്ത് ഉണ്ടായിരുന്നത്. പിന്നീട് കോടതി ഇടപെട്ട് വീണ്ടും പരിശോധിച്ചപ്പോൾ എത്രപേരാണ് തിരികെ പട്ടികയില് എത്തിയത്? ആർക്കെങ്കിലും ഓർമയുണ്ടോ? എങ്കില്‍ അറിയുക.
2017 ല് ആദ്യ കരട് പുറത്തിറക്കിയപ്പോൾ പുറത്തായത് കോടിക്കണക്കിന് പേരായിരുന്നു. പിന്നീട് 2018 ൽ കരട് പട്ടിക വീണ്ടും പുതുക്കി സമർപിച്ചു. അതില് 42 ലക്ഷത്തോളം പേരാണ് അനധികൃത കുടിയേറ്റക്കാരായത്. പന്നീട് കോടതി നിർദേശപ്രകാരം പുനഃപരിശോധന നടത്തിയപ്പോൾ അത് 19 ലക്ഷത്തോളമായി മാറി. മോദിയുടെ ദേശിയ പൌരത്വ രജിസ്റ്ററിനറെ പ്രഥമ പരീക്ഷണശാലയായ അസമിലെ  അവസ്ഥയാണിത്. കരട് പട്ടിക കോടതി നിർദേശപ്രകാരം പുനപരിശോധിച്ചില്ലെങ്കിൽ അനധികൃതകുടിയേറ്റക്കാരല്ലാത്ത 20 ലക്ഷത്തോളം  പാവങ്ങളും ഇന്ന് അഭയകേന്ദ്രങ്ങളെന്ന് ഓമനപേരിട്ട് വിളിക്കുന്ന തടങ്കൽ പളയങ്ങളിൽ കഴിയേണ്ടി വന്നേനെ. എങ്കില്‍ ആര് അതിന് സമാധാനം പറയുമായിരുന്നു? പട്ടിക പുനപരിശോധനയ്ക്ക് ശേഷം പുതുക്കിയത് വരെ അവരനുഭവിച്ച മാനസിക സംഘർഷങ്ങൾക്ക്, നേരിട്ട സാമൂഹിക ഒറ്റപ്പെടലുകൾക്ക് ആര് മറുപടി പറയും? മോദി പറയുമോ? അമിത് ഷാ പറയുമോ? ഇല്ല.
അസമിൽ അനധികൃത കുടിയേറ്റക്കാരനായി തടങ്കല്‍ പാളയത്തിൽ അടക്കപ്പെട്ട ഒരു വൃദ്ധനുണ്ട്. മുഹമ്മദ് സനാഹുള്ള. കാർഗിൽ യുദ്ധത്തിൽ ഇന്ത്യക്ക് വേണ്ടി വീരോചിതം പോരാടിയ ഒരു പട്ടാളക്കാരന്‍. അനധികൃതകുടിയേറ്റക്കാരനായ അദ്ദേഹത്തെയാണോ അപ്പോള്‍ ഈ രാജ്യത്തിന്റെ സൈന്യം 30 വര്ഷം സേവിക്കാൻ അനുവദിച്ചത്.? അദ്ദേഹത്തെയാണോ രാഷ്ട്രപതി മെഡല്‍ നല്കി ആദരിച്ചത്?
സ്വന്തം രാജ്യത്ത് ഇത് എന്റെ രാജ്യമാണ് എന്ന് തെളിയിക്കേണ്ടിവരുന്ന, അതിന് രേഖകള്‍ ഹാജരാക്കേണ്ടി വരുന്ന ഒരു ജനതയുടെ അവസ്ഥ, അതൊന്ന് ആലോചിച്ചു നോക്കു. അതാണ് അസാമില്‍ മൂന്നര കോടിയോളം വരുന്ന ജനത്തിന് ഇപ്പോൾ നേരിടേണ്ടിവന്നത്, നാളെ എന്നേയും നിങ്ങളേയുമെല്ലാം കാത്തിരിക്കുന്നതും ആ ദുർവിധിതന്നെയാണ്. എന്തെടുത്ത് തെളിയിക്കും എന്തെല്ലാം തെളിവായി സ്വീകരിക്കുമെന്നുമെല്ലാം പറഞ്ഞിട്ടുണ്ട്. നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ കയ്യിലെ തിരിച്ചറിയല്‍ രേഖകള്‍ എടുത്ത് പരിശോധിച്ചുനോക്കു. കയ്യിലെ ആധാർ കാര്‍ഡ്, വോട്ടേഴ്സ് ഐഡി കാര്‍ഡ്, പാൻ കാര്‍ഡ്... അങ്ങനെ ഓരോരോ രേഖകളും എടുത്ത് നോക്കൂ. അതില് എത്രയെണ്ണത്തിൽ നിങ്ങളുടെ മുഖം വ്യക്തമാണ്. അത് നിങ്ങൾ തന്നെയാണ് എന്ന് ഏത് രേഖനോക്കിയാലാണ് നിങ്ങള്ക്ക് തോന്നുന്നത്? പേരിലും
വിലാസത്തിലും അക്ഷരതെറ്റില്ലാതെ എത്ര ആധാറുകൾ പ്രിന്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ പൌരന് തിരിച്ചറിയല്‍ രേഖകള്‍ നൽകിയ ഒരു ഭരണകൂടമാണ് നമ്മുടേത്. അവരാണ് നിങ്ങളോട് നിങ്ങൾ ഈ രാജ്യക്കാരനാണെന്ന് തെളിയിക്കാന്‍ രേഖകള്‍ ചോദിക്കുന്നത്. ഈ തെറ്റായ വിവരങ്ങളുള്ള രേഖകളുമായി ചെന്നാല്‍ നിങ്ങളേയും കാത്തിരിക്കുന്നത് തടങ്കല്‍ പാളയങ്ങളും അനധികൃത കുടിയേറ്റക്കാരന് എന്ന പട്ടവുമാണ്.
ഓര്‍ക്കുക, ഒരു വീണ്ടുവിചാരമോ ബോധമോയില്ലാതെ തീരുമാനങ്ങള്‍ എടുക്കുന്ന ഒരു ഭരണാധികാരിയാണ് നമ്മെ ഭരിക്കുന്നത്. കള്ളപണത്തെ ചുടാനായി രാജ്യത്ത് നോട്ട് നിരോധനം നടത്തി നാടിനെ പകൽ വെളിച്ചത്തിലും ഇരുട്ടത്ത് നിര്‍ത്തിയ അതേ മണ്ടശ്ശിരോമണികൾ തന്നെയാണ് നുഴഞ്ഞുകയറ്റക്കാരെ നേരിടാനെന്ന് പറഞ്ഞ് നമ്മളെ മഴയത്ത് നിർത്താനൊരുങ്ങുന്നത്. ഭൂരിപക്ഷം ഉണ്ടെന്ന അഹങ്കാരത്തിൽ എന്തും ചെയ്യാമെന്ന  മൂഢത്വമാണ് ബിജെപി സര്‍ക്കാരിനെ നയിക്കുന്നത്.
വൈകിയാണെങ്കിലും ഒപ്പമുള്ള അസം ഗണപരിഷത്തും ശിരോമണി അകാലി ദള്ളും അക്കാര്യം തിരിച്ചറിയുന്നുണ്ട്. പക്ഷെ തിരിച്ചറിയാത്ത, മതഭ്രാന്തന്മാരാണ് കൂട്ടത്തിലേറെയും. അവരെ തിരുത്തിയേ മതിയാകു. പൌരത്വ ബില്ലും പൌരത്വരജിസ്റ്ററുമെല്ലാം മതാടിസ്ഥാനത്തിൽ നമ്മെ ഭിന്നിപ്പിക്കാനുള്ളതാണെന്നത് തിരിച്ചറിയണം. നമ്മുടെ തെരുവുകളും സർവകലാശാലകളുമെല്ലാം ഇപ്പോഴും സമത്വത്തിനായുള്ള പോർമുഖത്താണ്. നാം ഉണര്‍ന്ന് ജാഗരൂകരായിരിക്കണം. ഫാസിസത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ നമുക്ക് പരസ്പരം ചേര്‍ന്ന് നിന്നേ പറ്റു.

പിന്നെ ഹിന്ദുവെന്ന് അഹങ്കരിക്കുന്നവരോട്, ഇവിടെ ഈ രാജ്യത്ത് മുസൽമാനും കൃസ്ത്യാനിയും പഴ്സിയുമെല്ലാം ഉള്ളത് കൊണ്ടാണ് നിങ്ങളിപ്പോഴും ഹിന്ദുവായി തുടരുന്നത്. അവരില്ലായിരുന്നുവെങ്കിൽ നിങ്ങൾ ബ്രാഹ്മണനും ക്ഷത്രിയനും വൈശനും ശൂദ്രനുമായി ജീവിച്ചേനെ. അപ്പോള്‍ തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും ദുരഭിമാനകൊലകളുമെല്ലാം നിങ്ങളെ തിന്നൊടുക്കിയേനെ.


രണ്ടാം ലോകമഹായുദ്ധക്കാലത്ത് നാസികൾ കോൺസെൻട്രേഷൻ ക്യാമ്പിലടച്ച റവറന്റ് മാര്‍ട്ടിന്‍ നീമോളറിന്റെ വാക്കുകൾ ഓർമിക്കാം

ആദ്യം അവര്‍ കമ്മ്യൂണിസ്റ്റുകളെ തേടിവന്നു
ഞാൻ അവർക്കുവേണ്ടി ശബ്ദമുയർത്തിയില്ല
കാരണം ഞാൻ കമ്മ്യൂണിസ്റ്റായിരുന്നില്ല
പിന്നെ അവര്‍ തൊഴിലാളികളെ തേടിവന്നു
ഞാന് അവർക്കുവേണ്ടി ശബ്ദമുയർത്തിയില്ല.
കാരണം ഞാൻ തൊഴിലാളിയായിരുന്നില്ല
പിന്നെ അവര്‍ ജൂതന്മാരെ തേടി വന്നു
ഞാന് അവർക്കുവേണ്ടി ശബ്ദമുയർത്തിയില്ല
കാരണം ഞാൻ ജൂതനായിരുന്നില്ല
പിന്നെ അവര്‍ എന്നെ തേടി വന്നു
അപ്പോൾ എനിക്ക് വേണ്ടി സംസാരിക്കാന്‍
ആരും അവശേഷിച്ചിരുന്നില്ല...

ആരും അവശേഷിക്കാത്ത ആ കെട്ടകാലത്തിനായി കാത്തിരിക്കേണ്ട, വരൂ കൈകൾ കോർക്കാം. അവകാശസംരക്ഷണത്തിനായി, സ്വാതന്ത്ര്യം അടിമപ്പെടുത്താതിരിക്കാനായി, ഭരണഘടനയെ സംരക്ഷിക്കാനായി ഹിറ്റ്ലറിനേയും മുസോളിനിയേയും നമുക്ക് ഒന്നിച്ച് തുരത്താം.

Comments