Friday, 17 November 2017

പ്രഭാതകിരണമേറ്റ് ഝലം നദി.... (കശ്മീർ പാർട് 4)


ഒരു നഗരത്തെ അറിയണമെങ്കിൽ തിരക്കൊഴിഞ്ഞ ആ നഗരത്തിലൂടെ ഇറങ്ങി നടക്കണം. പ്രഭാത നടത്തമായോ അത്താഴത്തിനുശേഷമുള്ള നടത്തത്തിലൂടെയോ  നഗരത്തിൻറെ ഭാഗമാകണം. എന്നാലെ ആ നഗരത്തെ അടുത്തറിയൂ. അപ്പോഴെ യഥാർത്ഥ നഗരത്തെ കാണാനാവൂ. തിരക്കിലേക്ക് നഗരമിറങ്ങുമുമ്പ് തന്നെ. സഞ്ചാരിയായും മറ്റും പലയിടത്ത് ചെന്നപ്പോഴും അതിരാവിലെയോ രാത്രിയിലോ നഗരത്തെ കാണാൻ നടക്കാനിറങ്ങിയിരുന്നു. ശ്രീനഗറിനെ അറിയണമെങ്കിലും ഇറങ്ങി നടക്കണം. സൂര്യനുണരുമുമ്പേ നഗരത്തെ കാണണം. തലേന്നാളത്തെ അവശിഷ്ടങ്ങൾ പേറിയുള്ള നഗരത്തെ അറിയണം. ചെറിയചായക്കടയിലിരുന്ന ചൂടാറാത്ത ചായ ഊതി ഊതി കുടിക്കണം. ചുറ്റുമുള്ള നഗരത്തെ, മനുഷ്യരെ അടുത്തുകാണണം. 

രാംബാഗിലെ ഹോട്ടലിലേക്ക് പോകുമ്പോൾ തന്നെ കാഴ്ച്ചയിലുടക്കിയതാണ് ഝലത്തിന് കുറുകെയുള്ള മരപ്പാലം. സീറോ ബ്രിഡ്ജ് എന്നാണ് ആ പാലത്തിൻറെ പേര്. കാലത്ത് നടക്കാനിറങ്ങാൻ പറ്റിയസ്ഥലമെന്ന് കണ്ടമാത്രയിലേ മനസിൽ കുറിച്ചിട്ടു.
 
സീറോ ബ്രിഡ്ജ്. 
ഝലം നദിക്ക് കുറുകെ മരത്തിൽ തീർത്ത അതിമനോഹരമായ പാലം. ഇരുകരകളേയും ബന്ധിപ്പിക്കുന്ന വെറുമൊരുപാലം മാത്രമല്ല സീറോ ബ്രിഡ്ജ്. മറിച്ച് സായാഹ്നങ്ങൾ ചെലവിടാനുള്ള ഒരു പാർക്ക് തന്നെയാണ് സീറോ ബ്രിഡ്ജ്. ഇരിപ്പിടങ്ങളും ചെറിയകടകളുമെല്ലാം സീറോ ബ്രിഡ്ജിലുണ്ട്. മാത്രവുമല്ല, പാലത്തിലെ വിളക്കുകാലുകളിലെല്ലാം  തൂങ്ങികിടക്കുന്ന ചെടിചട്ടികൾ...

ശ്രീനഗറിലെ രാജ്ബാഗ് ടൌണിൽ തന്നെയാണ് സീറോ ബ്രിഡ്ജ് സ്ഥിതിചെയ്യുന്നത്. രാവിലേയും വൈകുന്നേരവും നിരവധി പേരാണ് സീറോ ബ്രിഡ്ജിൽ നടക്കാനായും കൂട്ടുകാർക്കൊപ്പം സമയം ചിലവഴിക്കാനുമായും എത്തുന്നത്.

കശ്മീർ സന്ദർശനത്തിൻറെ രണ്ടാം ദിവസം അതിരാവിലെ തന്നെ നോബിളും ഞാനും നടക്കാനിറങ്ങി. ലക്ഷ്യം സീറോ ബ്രിഡ്ജ് തന്നെ. ഹോട്ടലിൽ നിന്ന് നടക്കാനുള്ള ദൂരമേയുള്ളു. ഏകദേശം 400 മീറ്റർമാത്രം. സൂര്യൻ ഉദിക്കാനൊരുങ്ങുന്നതേയുള്ളു. ചെറിയ പുലർകാല തണുപ്പുണ്ട്, ചെറിയ മഞ്ഞും. നഗരത്തിലെ പാതകൾ സജീവമായി തുടങ്ങിയിട്ടില്ല. പക്ഷെ അതിരാവിലെ തന്നെ നഗരം വൃത്തിയാക്കാനായി കോർപറേഷൻ ജീവനക്കാർ സജീവമായിക്കഴിഞ്ഞു. റോഡുകൾ അടിച്ചുവൃത്തിയാക്കുന്നവർ, മാലിന്യം വാരുന്നവർ... നീണ്ട ചൂലും കൊണ്ട് റോഡിലെ മാലിന്യങ്ങളും പൊടികളുമെല്ലാം അടിച്ചുമാറ്റുന്നു. തള്ളിക്കൊണ്ടുവരുന്ന വണ്ടിയിലേക്ക് കോരിയിടുന്നു. ഹോട്ടൽ മാലിന്യങ്ങളും ആശുപത്രിമാലിന്യങ്ങളുമെല്ലാം വാരിക്കൂട്ടി ലോറിയിലാക്കുന്നു മറ്റുചിലർ. ഒരു നഗരത്തെ മനോഹരിയാക്കുന്നവർ ശരിക്കും ഇവരല്ലേ. നമ്മൾ വൃത്തിക്കേടാക്കി സ്ഥലം വിടുമ്പോൾ പിന്നെയും നമുക്ക് വൃത്തിക്കേടാക്കാനായി, വിരുന്നെത്തുന്നവർക്ക് മനം മടുപ്പിക്കാതെ കണ്ടാസ്വദിക്കാൻ നഗരത്തെ സുന്ദരിയാക്കുന്ന ഇവരല്ലെ ശരിക്കും നഗരത്തിൻറെ കാവലാൾ.

സമീപത്ത് കൂടി കടന്നുപോയപ്പോൾ അടിച്ചുവാരൽ തൽക്കാലം നിർത്തി. പൊടിയടിച്ച് നമുക്ക് അസ്വസ്ഥതയുണ്ടാക്കാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചു. തൊട്ടടുത്തെത്തിയപ്പോൾ ഷാളുകൊണ്ട് പാതിമറച്ച മുഖമുയർത്തി അവർ ചിരിച്ചു. ഖുദാഫിസ് പറഞ്ഞ് നടന്നു. നന്ദിയും വീണ്ടുകാണാമെന്നാണ് ഖുദാഫിസ് എന്ന കശ്മീരിവാക്കിൻറെ അർത്ഥം. ബാംഗ്ലൂരിലെ പഠനകാലത്ത് കശ്മീരിയായ പഴയ സീനിയർ പഠിപ്പിച്ചു തന്ന വാക്കാണ്. കേൾക്കുമ്പോഴും പറയുമ്പോഴും ഒരു ഭംഗിയും കൌതുകവും തോന്നുന്ന ഒരു വാക്ക്. ഫിർദൌസിനോടും ലിയാഖത്തിനോടും അവസരം കിട്ടുമ്പോഴൊക്കെ എടുത്തുപയോഗിച്ചിട്ടുണ്ട് ഖുദാഫിസ് എന്നപദം.

നടന്ന് സീറോ ബ്രിഡിജിൻറെ ഗെയ്റ്റിലെത്തി. ബ്രിഡ്ജിൻറെ വലിയ കവാടം തുറന്നിട്ടില്ല. ഞങ്ങളെ കടന്നുപോയ ചേട്ടൻ സൈഡിലെ ചെറിയ ഗെയിറ്റ് തള്ളിതുറന്നു. സ്ഥിരം പ്രഭാതസവാരിക്കാരനാണ് ചേട്ടനെന്നുതോന്നുന്നു. അകത്തുകയറിയ ചേട്ടൻ വലിയ ഗെയിറ്റും തുറന്നിട്ട് വ്യായാമം ആരംഭിച്ചു. അകത്തുകയറിയ ഞങ്ങൾക്ക് നല്ല ആശ്ചര്യം പകരുന്നതായിരുന്നു പാലത്തിലെ കാഴ്ച്ചകൾ. അകലെ നിന്ന് കണ്ടതുപോലെയല്ല. നല്ലകൊത്തുപണികൾ കൊണ്ട് അതിമനോഹരിയാണ് സീറോ ബ്രിഡ്ജ്. പതിറ്റാണ്ടിൻറെ പഴക്കമുണ്ട് സീറോ ബ്രിഡിജിന്. പക്ഷെ ഇപ്പോഴത്തേത് പുതിയതാണ്. പഴയപാലം കേടുവന്നുപോയതോടെ ഒരു വർഷം മുമ്പാണ് ഇപ്പോൾ കാണുന്നപാലം പണിതത്. മുൻ മുഖ്യമന്ത്രി മുഫ്ത്തി മുഹമ്മദ് സയ്യീദിൻറെ ഓർമയ്ക്കായാണ് ഈ പുതിയ പാലം സമർപ്പിച്ചിരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പുണ്ടായ വെള്ളപ്പൊക്കത്തിലാണെന്ന് തോന്നുന്നു പഴയ സീറോ ബ്രിഡ്ജ് തകർന്ന് പോയത്. നല്ല വീതിയുണ്ട് പാലത്തിന്. അങ്ങിങ്ങായി നിറയെ മരത്തിൻറെ ബെഞ്ചുകൾ. കൂടാരം പോലെ കെട്ടിയ വിശ്രമകേന്ദ്രങ്ങൾ, ചെറിയ റെസ്റ്റോറൻറുകൾ...
റെസ്റ്റോറൻറുകളും ചായക്കടകളും പക്ഷെ അടഞ്ഞ് കിടക്കുകയാണ്. പാലത്തിലൂടെ ഒരു റൌണ്ട് നടന്നു. പിന്നെ പാലത്തിൻറെ നടുവിലായി നദിയിലേക്ക് കണ്ണും നട്ട് ഒരു ബെഞ്ചിലിരുന്നു. പാലത്തിനുതാഴെ ശാന്തമായി ഝലം നദിയൊഴുകുന്നു. വശങ്ങളിൽ വലിച്ചുകെട്ടിയ ഹൌസ് ബോട്ടുകളും ചെറുവഞ്ചികളും. ഓരോ ഹൌസ് ബോട്ടുകളിലേക്കും ഇറങ്ങിചെല്ലാൻ തീരത്ത് സ്റ്റെപ്പുകളുണ്ട്. നിരവധി കയറുകൾകൊണ്ടാണ്
ഹൌസ് ബോട്ട് തീരത്തെ മരകുറ്റികളോട് വലിച്ചുകെട്ടിയിരിക്കുന്നത്. ഇവ പക്ഷെ സഞ്ചാരികളെ കാത്ത് കിടക്കുന്ന ഹൌസ് ബോട്ടുകളല്ല, മറിച്ച് വീടുകളാണ്. മക്കളും പേരമക്കളുമായി നിരവധി പേർ കഴിയുന്ന വീടുകൾ, ഓളപരപ്പിൽ ആടിക്കളിക്കുന്ന കായൽ വീടുകൾ. കറൻറും ടിവിയും വാഷിങ്മെഷിനുമെല്ലാമുണ്ട് ഈ കായൽ വീടുകളിൽ. ഇത്തരം വീടുകൾ വെക്കാൻ സ്ഥലത്തിൻറെ ആവശ്യമില്ലയെന്നൊരു ഗുണമുണ്ട്. ഹൌസ് ബോട്ട് വാങി വീടാക്കിമാറ്റാൻ പക്ഷെ വലിയചിലവുണ്ട്. ലക്ഷങ്ങൾ വിലയുണ്ട് ഹൌസ് ബോട്ടിന്. ചിലർ പഴയത് വാങ്ങുമ്പോൾ മറ്റ് ചിലർ പുതിയ ഹൌസ്  ബോട്ട് നിർമിക്കുന്നു. എന്നിട്ട് അതിൻറെ ഒരു ഭാഗം താമസിക്കാനുള്ള വീടായും ഒരുഭാഗം സഞ്ചാരികൾക്കായും മാറ്റിവെക്കുന്നു. താമസത്തിനൊപ്പം വരുമാനമാർഗവുമാകുമത്. രാവിലെതന്നെ ഹൌസ് ബോട്ടിലെ അന്തേവാസികൾ ഉണർന്നിരിക്കുന്നു.  ഉണർന്നെണീറ്റശേഷം പുറത്തുവന്ന് കയറുകൾ ഒന്നുകൂടെ വലിച്ച് മുറുക്കികെട്ടും. വെള്ളത്തിൻറെ അളവ് കൂടുന്നതിനും കുറയുന്നതിനുമനുസരിച്ച് കയറിൻറെ കെട്ടിലും മറ്റം വരുത്തും.
ഹൌസ് ബോട്ടിൻറെ കൌതുകകാഴ്ച്ചയിലേക്ക് പടിയിറങ്ങി രണ്ട് വിദേശികൾ ക്യമറയും തൂക്കിയിറങ്ങി. അവരെ സന്തോഷത്തോടെ സ്വീകരിച്ചു ബോട്ടിൻറെ കയറുകെട്ടികൊണ്ടിരുന്ന മധ്യവയസ്ക്കൻ. അതിഥികളെ ചായകൊടുത്തു സ്വീകരിച്ച് നല്ല ആതിഥേയയായി വീട്ടമ്മ. ബോട്ടിനകത്ത് കയറി പുറത്തെ തുറന്ന ജാലകത്തിനരികൽ വന്ന് ചായയും കുടിച്ച് കായലും കണ്ട് ഫോട്ടോയുമെടുത്താണ് ഇരുവരും മടങ്ങിയത്.

ഹൌസ് ബോട്ടിൻറെ വക്കത്തിരുന്ന് ചൂണ്ടയിടുന്നുണ്ട് ചിലർ. മറ്റുചിലർ ചെറുവഞ്ചിയിൽ എന്തെല്ലാമോ അടുക്കിവെക്കുന്നു. കച്ചവടത്തിനുള്ള സാധനങ്ങളാകണം. ഇതിനിടയിൽ നദിയിൽ നിന്ന് വാരിയ മണലുമായി ഒരു വലിയ വള്ളവും പാലത്തിനടിയിലൂടെ തുഴഞ്ഞുപോയി. ഇവിടെ സർക്കാർ തന്നെയാണ് നദിയിലെ മണൽ വാരുന്നത്. നമ്മുടെ നാട്ടിലെ പോലെ നദികളെ കൊല്ലാകൊലചെയ്യുന്ന മണൽ വാരലിവിടെയില്ല. ആവശ്യത്തിനുള്ളത് മാത്രം വാരും. നദികൾ സംരക്ഷിക്കപെടേണ്ടവയാണ്, അവ ജീവൻറെ നിലനിൽപ്പിന് അത്യാവശ്യമാണെന്ന ഉത്തമബോധ്യം കശ്മീരികൾക്കുണ്ട്. ഝലം നദിയുടെ സംരക്ഷണത്തിലൂടെയും ദാൽ തടാകത്തിൻറെ സംരക്ഷണത്തിലൂടെയും അവരത് നമ്മുക്ക് കാട്ടിതരുന്നുണ്ട്.

അൽപനേരം ഝലനദിയുടെ കാഴ്ച്ചകൾ ആസ്വദിച്ച് മെല്ലെ എഴുന്നേറ്റു. അപ്പോഴേക്കും നിരവധി പേർ നടക്കാനായി എത്തിയിരുന്നു. സ്ക്കൂൾ വിദ്യാർത്ഥികളടക്കമുള്ള നിരവധി പേർ പാലത്തിലൂടെ മറുകരയിലേക്ക് കൂട്ടമായി നടന്നുനീങ്ങുന്നു. നദിയുടെ മറുകരയിൽ ഒരു ഇറിഗേഷൻ
പദ്ധതിയുടെ ഭാഗമായുള്ള ഷട്ടറുകൾ ഉണ്ട്. പാലം കടന്ന് മറുകരയിലേക്ക് എത്തി. വീതിയേറിയ റോഡ്. റോഡരികിലാണ് കശ്മീരിലെ പ്രബലപാർട്ടിയായ നാഷണൽ കോൺഫറൻസിൻറെ ശ്രീനഗറിലെ പ്രധാന ആസ്ഥാനം. കനത്തസുരക്ഷയാണ് സംസ്ഥാനം ഭരിച്ചിരുന്ന, ഇപ്പോൾ പ്രതിപക്ഷത്തിലുള്ള നാഷണൽ കോൺഫറൻസിൻറെ സംസ്ഥാനസമിതി ഓഫീസ്. അകത്തേക്ക് കടക്കണമെങ്കിൽ നമ്മുടെ നാട്ടിലെ തിയ്യേറ്ററുകളിലെ ടിക്കറ്റ് കൌണ്ടറുപോലെ ഒരു ചെറിയ ഇടനാഴിയിലൂടെ കടന്നുപോകണം. കമ്പിവേലിയും മറ്റും കൊണ്ട് കനത്തസുരക്ഷയാണ് ഈ ഇടനാഴിക്ക് പോലും. സധാജാഗരൂകരായി പട്ടാളക്കാർ നിറതോക്കുമായി കാവൽ നിൽക്കുന്നു. കനത്തസുരക്ഷയിൽ നാഷണൽ കോൺഫറൻസിൻറെ പാർട്ടി പതാക ഉയരത്തിൽ പാറി പറക്കുന്നു. ജമ്മു ആൻറ് കശ്മീരിൻറെ രാഷ്ട്രീയചിത്രത്തിൽ നാഷണൽ കോൺഫറൻസിനുള്ള പങ്ക് ഏറെവലുതാണ്. കശ്മീരിൻറെ ഗർജിക്കുന്ന സിംഹമെന്നറിയപ്പെടുന്ന ഷെയ്ഖ് അബ്ദുള്ള രൂപം നൽകിയ ഈ പാർട്ടി രൂപമെടുത്തത് സ്വാതന്ത്ര്യത്തിനും പതിറ്റാണ്ട് മുമ്പാണ്. പ്രത്യേക ഭരണഘടനാപദവിയുള്ള കശ്മീരിൻറെ ആദ്യ പ്രധാനമന്ത്രിയായിരുന്നു ഷെയ്ഖ് അബ്ദുള്ള. (സ്വാതന്ത്ര്യത്തിനുശേഷം പ്രത്യേക ധാരണപ്രകാരം ഇന്ത്യയുടെ ഭാഗമായ കശ്മീരിന് ആദ്യം മുഖ്യമന്ത്രി പദമായിരുന്നില്ല, മറിച്ച് പ്രധാനമന്ത്രി പദവിയായിരുന്നു. 75 മുതലാണ് പ്രധാനമന്ത്രിക്ക് പകരം മുഖ്യമന്ത്രി സ്ഥാനം കശ്മീരിൽ വന്നത്. അന്നും ഷെയ്ഖ് അബ്ദുള്ള മുഖ്യമന്ത്രി പദവിയിലെത്തി, മരണം വരേയും ആ പദവിയിൽ അദ്ദേഹം തുടർന്നു) അദ്ദേഹത്തിൻറെ കാലശേഷം മകനായ ഫാറൂഖ് അബ്ദുള്ളയും കൊച്ചുമകൻ ഒമർ അബ്ദുള്ളയുമാണ് പാർട്ടിയെ നയിക്കുന്നത്. ഫാറൂഖ് അബ്ദുള്ള നിലവിൽ ലോക് സഭ അംഗവും ഒമർ നിമസഭാ അംഗവുമാണ്. ഇരുവരും കശ്മീരിൻറെ മുഖ്യമന്ത്രിപദവിയും അലങ്കിരിച്ചിരുന്നു.

വീതിയേറിയ റോഡിൻറെ മറ്റേ അറ്റത്ത് പട്ടാളത്തിൻറെ ചെക്ക് പോസ്റ്റാണ്. സിആർപിഎഫ് ജവാൻമാർ കടന്നുപോകുന്ന മുഴുവൻ വാഹനങ്ങളും പരിശോധിക്കുന്നുണ്ട്. ചെക്ക് പോസ്റ്റ് കടന്നുപോകുന്നവരേയും സസൂക്ഷ്മം നിരീക്ഷിക്കുന്നു. ചെക്ക് പോസ്റ്റിന് സമീപത്ത് തന്നെ പട്ടാളക്കാർക്ക് താമസിക്കാനുള്ള ചെറിയ മുറിയും ഉണ്ട്. ഞങ്ങൾ കടന്നുപോകുമ്പോഴും എകെ 47 മായി കാവൽ നിൽക്കുന്ന പട്ടാളക്കാർ ഞങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടായിരുന്നുവെങ്കിലും ചോദ്യം ചെയ്യലോ പരിശോധനയോ ഉണ്ടായില്ല. കുറച്ചുനേരം അവിടെ ചുറ്റിതിരിഞ്ഞ് നിന്നശേഷം മടങ്ങി.
സീറോ ബ്രിഡ്ജിൻറെ സമീപത്തെ തൻവീറിൻറെ ചെറിയ ചായക്കട സജീവമായി കഴിഞ്ഞു. രാവിലത്തെ നടത്തത്തിനും വ്യായമത്തിനും ശേഷം ചായക്കുടിക്കാനെത്തിയവരും ജോലിക്കായി പോകുന്നവരുമെല്ലാം കാലത്തെ ചായക്കായി കാത്ത് നിൽക്കുന്നു. ചെറിയ സ്വെറ്ററിട്ടിട്ടുണ്ട് തൻവീർ. തണുപ്പ് കാലമെത്തിയിട്ടില്ലെങ്കിലും ജീവിതത്തിൻറെ ഭാഗമായിരിക്കുന്നു ഇവർക്ക് സ്വെറ്റർ.

ഇഞ്ചിയിട്ട നല്ല രണ്ട് ചായ തന്നു തൻവീർ. മെല്ലെ തിരക്ക് ഒഴിഞ്ഞുതുടങ്ങി. എത്രതിരക്കാണെങ്കിലും ഓരോരുത്തരുക്കും പ്രത്യേകം പ്രത്യേകം ചായവെച്ചുകൊടുക്കും തൻവീർ. അധികം സംസാരിക്കില്ല തൻവീർ. ചോദിക്കുന്നതിന് മാത്രം മറുപടി പറയുന്ന ഒരു പ്രകൃതം. പരിചയമില്ലാത്തവരോട് പൊതുവെ കശ്മീരികൾ ഇങ്ങനെയാണ്. ജീവിതം അവരെ പഠിപ്പിച്ച പാഠങ്ങളിലൊന്നാണിത്. ആരെ വിശ്വസിക്കണമെന്ന്, ആരെ അവിശ്വസിക്കണമെന്ന് യാതൊരുവിധ രൂപവുമില്ലാതാക്കിയ ഇവരുടെ കഴിഞ്ഞകാല ജീവിതം പകർന്നുനൽകിയ വലിയ പാഠം.

തൻവീറിൻറെ കടയിൽ ചായയും ബിസ്ക്റ്റും പിന്നെ സിഗരറ്റും മാത്രമാണ് വിൽപനയ്ക്കുള്ളത്. ഫോർ സ്ക്വയർ എന്ന ബ്രാൻറ് സിഗരറ്റ് മാത്രം. പണ്ട് നയൻ മോംഗിയയും വിനോദ് കാംബ്ലിയുമെല്ലാം ബാറ്റിൽ ഒട്ടിച്ചിരുന്ന പരസ്യത്തിലൂടെ മാത്രം പരിചിതമായ പേര്. അതൊരു സിഗരറ്റിൻറെ പേരാണെന്ന് പക്ഷെ നോബിൾ അറിഞ്ഞത് ഇപ്പോൾ മാത്രമായിരുന്നുവത്രേ, ബാറ്റ് നിർമാതാക്കളുടെ കമ്പനിപേരാണ് ഫോർ സ്ക്വയറെന്നായിരുന്നു അവൻറെ തെറ്റിദ്ധാരണ.
കടയിൽ ഞങ്ങൾക്ക് പുറമെ ഇപ്പോൾ മറ്റ് രണ്ട് പേർകൂടി ഉണ്ട്. അവരുടെ കയ്യിൽ ഒരു പ്രത്യേകതരം മരത്തിൻറെ യന്ത്രം. കൈക്കൊണ്ട് കോട്ടൺ നെയ്യുന്നതിനുള്ള യന്ത്രമാണത്രേ. ആദ്യമായാണ് അത്തരമൊരുയന്ത്രം ഞാൻ കാണുന്നത്. കശ്മീരി വശമില്ലാത്തത്കൊണ്ട് അതിൻറെ പ്രവർത്തനം ചോദിച്ച് മനസിലാക്കാനായില്ല. (പിന്നീടൊരിക്കൽ ആ യന്ത്രം ഉപയോഗിച്ച് കോട്ടൺ നെയ്യുന്ന വീഡിയോ നോബിൾ അയച്ചുതന്നു.) ഇപ്പോഴും ഇത്തരം യന്ത്രങ്ങളുമായി പണിയെടുക്കുന്നവർ ഉണ്ടെന്നത് കൌതുകത്തിനപ്പുറം അവരുടെ ജീവിതത്തെ കുറിച്ചും ഓർമിപ്പിക്കുന്നുണ്ട്. നമ്മുടെ നാട്ടിലെ നെയ്ത്തുകാർ സഹകരണസംഘങ്ങളായുമെല്ലാം പ്രവർത്തിച്ചിട്ടും ദുരിതകയത്തിൽ തുടരുമ്പോൾ ഇങ്ങനെ അസംഘടിതരായ ഇവരുടെ ജീവിതം എങ്ങനെയായിരിക്കുമെന്നചിന്ത ശേഷിക്കുന്നു. പ്രത്യേകിച്ച് ബ്രാൻറഡ് വസ്ത്രങ്ങൾക്കുപിന്നാലെ ഞാനും നിങ്ങളുമെല്ലാം സഞ്ചരിക്കുമ്പോൾ ഇത്തരം തൊഴിലാളികളുടെ കാര്യം എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതല്ലേ?  

അതിനിടെ ഞങ്ങൾക്കുള്ള ചായ തയ്യാറാക്കി രണ്ടുചെറിയ ഗ്ലാസിലാക്കി ഞങ്ങൾക്കുനേരെ നീട്ടി തൻവീർ. ഒപ്പം രണ്ട് ബിസ്കറ്റുകളും.
തൻവീർ ചായയിൽ ഇഞ്ചിമാത്രമല്ല കറുകപട്ടയും ഇടുന്നുണ്ട്. ഒരു പ്രത്യേകരുചിയാണ് ആ ചായക്ക്. കണ്ടാൽ നല്ല കടുപ്പം തോന്നും. പക്ഷെ കുടിക്കുമ്പോൾ അത്ര കടുപ്പമല്ല. ലൈറ്റ് ചായ മാത്രം കുടിക്കുന്ന എനിക്ക് പക്ഷെ കടും വർണത്തിലുള്ള ചായകണ്ടപ്പോൾ ചെറിയ ആശങ്കതോന്നിയെങ്കിലും കുടിച്ചപ്പോൾ ആ ആശങ്കയെല്ലാം മാറി. നല്ല ചായ നൽകിയ തൻവീറിനോട് നന്ദി പറഞ്ഞ് അന്നത്തെ പ്രഭാത നടത്തം അവസാനിപ്പിച്ച് ഹോട്ടലിലേക്ക് നടന്നു.

സീറോ ബ്രിഡ്ജിലപ്പോഴും തിരക്ക് ഏറികൊണ്ടിരുന്നു. കലപിലകൂട്ടി കടന്നുപോകുന്ന വിദ്യാർത്ഥികൾ, ജോലിക്ക് തിരക്കിട്ടോടുന്ന ജോലിക്കാർ, വ്യായമം തുടരുന്ന സൈനികരടക്കമുള്ളവർ....
പാലത്തിനപ്പുറത്ത് വൃത്തിയാക്കിയിട്ട നഗരത്തിൽ കച്ചവടക്കാരും സാധാരണക്കാരമെല്ലാം സജീവമായി. കടകൾ തുറന്നുവരുന്നു.   സൈനികവാഹനങ്ങളും നിറതോക്കുകളേന്തിയ സുരക്ഷാജിവനക്കാരും നിരത്ത് കീഴടക്കിക്കഴിഞ്ഞു. സുരക്ഷയുടെ അരക്ഷിതാവസ്ഥയിൽ ശ്രീനഗർ തിരക്കേറിയ മറ്റൊരുദിവസത്തിലേക്ക് പ്രവേശിക്കാൻ തുടങ്ങി...



Friday, 27 October 2017

ഷിക്കാരകളുടെ സ്വന്തം ദാൽ, സഞ്ചാരികളുടേയും... (കശ്മീർ പാർട്ട് 3)

ദാൽ തടാകം. കണ്ണെത്താദൂരത്തോളം പരന്ന് കിടക്കുന്ന  ഈ തടാകം കശ്മീരിൻറെ കണ്ണാടിയാണെന്ന് പറയാം. നിരവധി കശ്മീരികളുടെ കണ്ണുനീരും രക്തവും ദാലിലെ ഈ വെള്ളത്തിലലിഞ്ഞുചേർന്നിട്ടുണ്ട്.  ശ്രീനഗറിൻറെ ഹൃദയവും ദാൽ തന്നെ.

ദാൽ തടകാത്തിൽ നിറയെ ഷിക്കാരകൾ, ചെറുവള്ളങ്ങൾ... നിറയെ സഞ്ചാരികൾ. തടാകത്തിലേക്ക് കാലും നീട്ടി തീരങ്ങളിലെ പടവുകളിലിരിക്കുന്നവർ, തീരത്തോട് ചേർന്നുള്ള അരമതിലിൽ കാഴ്ച്ചകണ്ടിരിക്കുന്ന സഞ്ചാരികൾ, വെയിലുകായുന്നവർ കച്ചവടക്കാർ. ചൂണ്ടയിട്ട് മീൻ പിടിക്കുന്നവർ. തീരത്ത് സഞ്ചാരികളെ കാത്തുകിടക്കുന്ന ഷിക്കാരകളിൽ ചെറുമയക്കത്തിലേക്ക് വഴുതിവീണ തുഴച്ചിലുകാർ.

തടാകത്തിലങ്ങിങ്ങായി ഫൌണ്ടെയിനുകളും കാണാം. താമരകളും വിരിഞ്ഞുനിൽക്കുന്നു. അതിനിടയിലൂടെ ചെറുവള്ളങ്ങളിലെത്തി താമരപറിക്കുന്ന സ്ത്രീകൾ. ചെറിയ വള്ളവും തുഴഞ്ഞ് നീങ്ങുന്ന കശ്മീരി വനിതകൾ ദാൽ തടാകത്തിലെമാത്രമല്ല സമീപത്തെ ചെറുതോടുകളിലേയും പതിവ് കാഴ്ച്ചയാണ്. തടാകത്തിലെ മാലിന്യങ്ങൾ വള്ളത്തിലെത്തി നീക്കുന്നവരും സജീവം.

ഷിക്കാര
നമ്മുടെ നാട്ടിലെ തടാകങ്ങളോ പുഴകളേയോ പോലെയല്ല ദാൽ തടാകം.  ദാലിൻറെ തീരം വളരെ വൃത്തിയേറിയതാണ്. പ്ലാസ്റ്റിക്ക് മാലിന്യങ്ങളോ മറ്റോ എങ്ങും കണ്ടെത്താനാവില്ല. കൃത്യമായി തടാകത്തിലെ പായലും ഇലകളുമെല്ലാം നീക്കം ചെയ്യും. അതിനാൽ തന്നെ ഷിക്കാരകളും മറ്റ് വള്ളങ്ങളും തടസമില്ലാതെ നീങ്ങുന്നു. വെള്ളം നല്ലതെളിനീരായി ഒഴുകുന്നു. ശ്രീനഗർ വികസന അതോറിറ്റിയാണ് തടാകം വൃത്തിയാക്കുന്നത്. ദിവസവും ഇത് ആവർത്തിക്കും. തീരത്തോ തടാകത്തിലോ ഒരു തരിമാലിന്യം പോലും അടിഞ്ഞുകൂടുന്നില്ലെന്ന് ഇവർ ഉറപ്പുവരുത്തും. ഇവിടെയെത്തുന്ന സഞ്ചാരികളും ഇവരോട് സഹകരിക്കുന്നുണ്ട് എന്നത് ആശ്വാസമാണ്. ദാൽ തടകാത്തിൻറെ ഈ വൃത്തികാണുമ്പോളാണ് നമ്മുടെ നാട്ടിലെ തടാകങ്ങളെയോർത്ത് നാം സങ്കടപ്പെടുക. നമ്മുടെ നാട്ടിലെ കുടിവെള്ളശ്രോതസ്സുകളെപോലും നാം വൃത്തിയായി സൂക്ഷിക്കാറില്ല. വൃത്തിയാക്കാൻ നമുക്ക് മടിയാണ്, അതേസമയം മലിനമാക്കാൻ നമുക്ക് ആവേശവുമാണ്.

നേരത്തെതന്നെ ഫിർദൌസ് ഒരു ഷിക്കാര ഞങ്ങൾക്കായി ബുക്ക് ചെയ്തുവെച്ചിരുന്നു. അവധിദിവസങ്ങളിൽ ഫിർദൌസ് ഷിക്കാരയിൽ ദിവസം മുഴുവനും ദാലിൽ ചിലവഴിക്കാറുണ്ട്. ഷിക്കാരയിൽ ദാൽ തടാകം മുഴുവനും സഞ്ചരിക്കും. ചിലപ്പോൾ പുസ്തകം വായിച്ച്, മറ്റ് ചിലപ്പോൾ മയങ്ങിയും. അവർക്കിതൊരാശ്വാസമാണ്. ജോലിയുടെ തിരക്കിൽ നിന്ന് മാത്രമല്ല, ചുറ്റുമുള്ള അസ്വസ്ഥമായ അന്തരീക്ഷത്തിൽ നിന്ന് ഒളിച്ചോടി ദാലിൻറെ മടിയിൽ എല്ലാം മറന്ന് അഭയം തേടുന്നത് ചിലപ്പോഴൊക്കെ ഒരു അനുഗ്രഹവുമാകണം..



ദാലിന് ചുറ്റും ഏകദേശം 36 ഓളം ഗാട്ടുകളാണ് ഉള്ളത്. ഗാട്ടുകളെന്നാൽ ഷിക്കാരകളുടെ ബോട്ട് ജെട്ടികൾ എന്ന് വേണമെങ്കിൽ വിളിക്കാം. ഈ ഗാട്ടുകളുടെ പിന്നിലെ കഥ പറഞ്ഞുതന്നത് മിർ ലിയാഖത്ത് അലിയെന്ന സുഹൃത്താണ്. ഫിർദൌസിനെ പോലെ ലിയാഖത്തും ഡിഫൻസ് കോഴ്സിലെ സഹപാഠിയാണ്. പണ്ട്, ഒരുപാട് വർഷങ്ങൾക്ക് മുമ്പ് കശ്മീരിലെ കച്ചവടമെല്ലാം ദാൽ തടാകത്തെ കേന്ദ്രീകരിച്ചായിരുന്നു നടന്നിരുന്നത്. വിവിധ ഭാഗങ്ങളിൽ നിന്നെല്ലാം വസ്തുക്കളെല്ലാം ഷിക്കാരകളിലും വഞ്ചികളിലുമായിരുന്നു എത്തിച്ചിരുന്നത്. നമ്മുടെ ആലപ്പുഴ പോലെതന്നെ തടാകങ്ങളും അരുവികളും നദികളുമാണ് തീരങ്ങളിലെത്തിപ്പെടാനുള്ള മാർഗം. ആപ്പിളും പച്ചക്കറികളും പലവ്യഞ്ജനങ്ങളുമായെല്ലാമെത്തുന്ന വഞ്ചികൾ തീരത്തോടടുപ്പിച്ച് ആവശ്യക്കാർക്ക് വിൽക്കും. ഇവിടെ പിന്നീട് കൽപടവുകൾ തീർത്ത് കച്ചവടത്തിന് കൂടുതൽ സൌകര്യമൊരുക്കി. അങ്ങനെ രൂപംകൊണ്ട അങ്ങാടികളാണത്രേ ഗാട്ടുകൾ. പിന്നീട് കടകൾ വന്നതോടെ കച്ചവടത്തിൻറെ രൂപവും ഭാവവും മാറിയതോടെ ഗാട്ടുകൾ ഷിക്കാരകൾ കയ്യടക്കി. അവരുടെ കാത്തിരിപ്പുകേന്ദ്രങ്ങളായി മാറിയത്രേ. തടാകത്തോട് ചേർന്നുള്ള ഗാട്ടുകളിലെ കൽപടവുകൾ ഷിക്കാരകളുടെ സ്റ്റാൻറുകളും ഷിക്കാര തുഴഞ്ഞ് ഉപജീവനമാർഗം തേടുന്നവരുടെ വിശ്രമകേന്ദ്രവുമായി.

ഷിക്കാരയിൽ കയറി ഞങ്ങൾ നീണ്ട് മലർന്ന് കിടന്നു. നല്ല കശ്മീരി പരവതാനി വിരിച്ച് അലങ്കരിച്ച മെത്തകൾ. പണ്ടത്തെ നാടുവാഴികളുടെ പല്ലക്കിലിരിക്കുന്ന പ്രതീതി. എതിർവശത്ത് ഇരുന്ന ഫിർദൌസ് ഷൂസെല്ലാം അഴിച്ചവെച്ച് മയങ്ങാൻ തയ്യാറെടുത്തു. പതിവ് ഷിക്കാര യാത്രികനായ ഫിർദൌസിന് ഞങ്ങൾക്കുള്ള കൌതുകമില്ലല്ലോ. ദാലിൻറെ ഒരു കരമുതൽ മറുകരവരെ മതി യാത്രയെന്ന് തീരുമാനിച്ചിരുന്നു. അത്യാവശ്യം നല്ല ദൂരമുണ്ട് മറുകരയിലേക്ക്. മടങ്ങിയെത്താൻ അരമണിക്കൂർ വേണ്ടിവരുമെന്ന് തുഴച്ചിലുകാരൻ മിർ ഫയാസ്. വേണമെങ്കിൽ മയങ്ങിക്കൊള്ളാനും നിർദേശം. എന്നിട്ട് മൊബൈലിലെ മ്യൂസിക്ക് പ്ലയർ ഓൺചെയ്തു. കശ്മീരി സംഗീതം ഒഴുകിവന്നു. വർഷങ്ങളുടെ പഴക്കമുണ്ട് ഈ സംഗീതത്തിന്. സമീപകാലത്തൊന്നും കശ്മീരികളുടെ സംഗീതം റെക്കോർഡ് ചെയ്യപ്പെട്ടിട്ടില്ല. സംഗീതം ആസ്വദിച്ചുകൊണ്ട് തന്നെ മെല്ലെ ഷിക്കാരയാത്രയുടെ കൌതുകത്തിൽ അലിഞ്ഞു. മൊബൈലിൽ പടങ്ങളെടുത്തു. അതിനിടെ ഞങ്ങളുടെ ഷിക്കാരയുടെ സമീപത്തേക്ക് മറ്റൊരു ഷിക്കാരയും ഒഴുകിയെത്തി.
വാസ്തവത്തിൽ ആ ഷിക്കാരവരുന്നത് കാത്ത് ഞങ്ങളുടെ ഷിക്കാര മെല്ലെ നിർത്തിയിട്ടിരുന്നു. ഫോട്ടോയെടുക്കുന്നവരാണ് ആ ഷിക്കാരയിലുള്ളത്. സഞ്ചരിക്കുന്ന സ്റ്റുഡിയോ. ഇത്തരത്തിൽ ഷിക്കാരയിൽ പൂക്കളും പഴങ്ങളുമെല്ലാം വിൽക്കാനെത്തുന്നവരുമുണ്ട് ദാലിൽ. ദാൽ തടാകത്തിൽ യാത്ര കശ്മീരിൻറെ തനത് വേഷം ധരിച്ച് പടം എടുത്തുതരും. പലരുടേയും ഉപജീവനമാർഗമാണ് ഇത്. പക്ഷെ
മൊബൈലിൽ ഫോട്ടോയെടുക്കുന്നത് മതിയെന്ന് പറഞ്ഞ് അവരെ നിരാശപ്പെടുത്തി. സത്യത്തിൽ മൊബൈൽ ഫോട്ടോഗ്രാഫി ഇവരുടെയെല്ലാം വയറ്റത്താണടിച്ചത്. തീവ്രവാദം താഴ്വരയിലെ വിനോദസഞ്ചാരത്തെ തകർത്തെറിഞ്ഞതിനൊപ്പം മൊബൈൽ ഫോട്ടോഗ്രാഫി ഇവരെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിട്ടു. വേണ്ടെന്ന് നമ്മൾ പറഞ്ഞപ്പോൾ ഖുദാഫിസ് പറഞ്ഞ് (കശ്മീരി ഭാഷയിൽ നന്ദി, വീണ്ടും കാണാം) ചിരിച്ചുകൊണ്ടുതന്നെ അവർ മടങ്ങി. നാം സാധാരണകണ്ടിട്ടുള്ള കാഴ്ച്ചകളിൽ നിന്നും അനുഭവങ്ങളിൽ നിന്നുമെല്ലാം തീർത്തും വ്യത്യസ്ഥം. അതാണ് കശ്മീരികളുടെ മാന്യത. ഇതിപ്പോൾ മറ്റെവിടെയെങ്കിലും ആയിരുന്നുവെങ്കിൽ പിന്നാലെ നടന്ന് അവർ ശല്യപ്പെടുത്തിയേനെ. യാത്രയുടെ സുഖം തന്നെ ഇല്ലാതാക്കുമായിരുന്നു. പക്ഷെ കശ്മീരികൾ വളരെ മാന്യമായി നന്ദി പറഞ്ഞുകൊണ്ട് അടുത്ത ഷിക്കാരയെ ലക്ഷ്യമാക്കി തുഴയെറിഞ്ഞു.


ദാൽ തടാകത്തിൽ ചെറിയ ചെറിയ തുരുത്തുകൾ നിരവധിയുണ്ട്. ഈ തുരുത്തുകളിലെല്ലാം ഹോട്ടലുകളും മറ്റും പ്രവർത്തിക്കുന്നുണ്ട്. അതെല്ലാം സർക്കാരിൻറെ കീഴിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. ഷിക്കാരയിലെത്തി അവിടെ നിന്ന് ദാലിൻറെ സൌന്ദര്യം നുകർന്ന് ഭക്ഷണം കഴിക്കുന്ന സഞ്ചാരികളെ കണ്ടു. പുൽ തകിടിയിൽ നിരത്തിയിട്ടിരിക്കുന്ന കസേരകളും മേശകളും. അതിലിരുന്ന് ചോളവും ഐസ്ക്രീമുമെല്ലാം നുണയുന്ന കുട്ടികളും മുതിർന്നവരും. ദാലിൻറെ തീരങ്ങളിലും തീരത്തോടടുത്ത് വെള്ളത്തിലുമായി ചെറിയ ചെറിയ കടകളും കാണാം. വള്ളത്തിൽ തന്നെയാണ് ഈ കടകളും നിർമിച്ചിരിക്കുന്നത്. ചിലത് ഹൌസ് ബോട്ടിൻറെ രൂപത്തിലുള്ള വഞ്ചികളിലാണെങ്കിൽ മറ്റുള്ളവ തടാകത്തിൽ നാട്ടിയ തൂണുകളിൽ പണിതുയർത്തിയിരിക്കുന്നു. തോണിയിലാണ് കടക്കാരനും കടയിലേക്ക് എത്തുക. അല്ലാത കടയിലെത്താൻ പാലമോ മറ്റ് സൌകര്യങ്ങളോ വേറെയില്ല. കച്ചവടമില്ലാത്തപ്പോൾ ഇവരും തടാകത്തിലേക്ക് ചൂണ്ടയിട്ട് അലസമായി ഇര കാത്തിരിക്കുന്നു. അതിനിടയിൽ സമീപത്തെത്തുന്ന ഷിക്കാരയിലെ യാത്രക്കാരോട് കടിലേക്ക് ക്ഷണിക്കുന്നു.

ദാലിൻരെ തീരങ്ങളിൽ നിർത്തിയിട്ടിരിക്കുന്ന കെട്ടുവള്ളങ്ങളും കാണാം. നമ്മുടെ നാട്ടിലെ ഹൌസ് ബോട്ടുകൾ പോലെ ഇവ ഓളപരപ്പിൽ ഒഴുകി നടക്കില്ല. തീരത്ത് കെട്ടിയിട്ടിരിക്കുകയാണ്. സഞ്ചാരികൾ പലരും ആ കെട്ടുവള്ളങ്ങളിൽ താമസിക്കുന്നുണ്ട്. ഒരു ദിവസത്തിന് 1500 - 2000 രൂപവരെയാണത്രേ കുറഞ്ഞചാർജ്. സീസണല്ലാത്തത് കൊണ്ടാണ് റേറ്റ് കുറവ്. സീസൺ സമയത്ത് കുറഞ്ഞത് ഇതിൻറെ നാല് ഇരട്ടിവരെയുണ്ടാകും നിരക്ക്.

ചെറിയ കാറ്റുണ്ട് തടാകത്തിൽ. നേരം സന്ധ്യയോട് അടുക്കുന്നു. ആരെയും ഒരു ചെറുമയക്കത്തിന് കൊതിപ്പിക്കുന്ന അന്തരീക്ഷം. ഷിക്കാര തിരിച്ചുള്ള യാത്രയിലാണ്. ഫിർദൌസ് മയങ്ങിക്കഴിഞ്ഞു. നോബിളിൻറെ മൊബൈൽ ക്യമറ നിർത്താതെ മിന്നുന്നു. തടാകത്തിൻറെ നടുവിലായി നിർത്തിയിട്ട രണ്ട് ഷിക്കാരകൾ. ഒന്ന് നമ്മുടെ ഒഴുകുന്ന സ്റ്റുഡിയോയാണ്. മറ്റേതിൽ നവദമ്പതികൾ. ഹണിമൂണിനെത്തിയവരാകണം. മൈലാഞ്ചിയുടെ ചിത്രപണി യുവതിയുടെ വെളുത്തകൈകൾക്ക് സൌന്ദര്യം കൂട്ടിയിരിക്കുന്നു. ഉത്തരേന്ത്യയിലെ യുവതികൾക്ക് വിവാഹത്തിന് ഏറെ നിർബന്ധമാണ് മൈലാഞ്ചി. മെഹന്ദി കല്ല്യാണം വലിയ ചടങ് തന്നെയാണ് ഉത്തരേന്ത്യക്കാർക്ക്. കശ്മീരി യുവതിയുടെ വസ്ത്രം ധരിച്ച് ഷിക്കാരയുടെ തുമ്പത്തിരുന്ന് ഫോട്ടോയക്ക് പോസ് ചെയ്യുകയാണ് നവവധു. അത് മൊബൈലിൽ പകർത്തുന്ന നവവരൻ. പിന്നെ ഇരുവരേയും ഒരുമിച്ചിരുത്തി ഒരു പ്രണയചിത്രം. പ്രിൻറ് അപ്പോൾ തന്നെ അടിച്ചുകൊടുക്കും. ചിത്രംനോക്കി നിറഞ്ഞചിരിയോടെ വധു.
കശ്മീരിൽ തീവ്രവാദം ഇത്രകണ്ട് ഭീഷണിയുയർത്തിയിരുന്നില്ലെങ്കിൽ ദാലിൽ നിറയെ മധുവിധു ആഘോഷിക്കുന്നവരുടെ തിരക്കാവുമായിരുന്നു. ഹണിമൂണിന് ഏറ്റവും പറ്റിയ സ്ഥലമാണ് കശ്മീരെന്ന ഈ ഭൂമിയിലെ സ്വർഗ്ഗം.

ഇടയിൽ തുഴച്ചിൽ നിർത്തി ഫയാസ്. ഓളത്തിലപ്പോഴും ഷിക്കാര നീങ്ങുന്നുണ്ട്. ഹൃദയത്തിൻറെ ഷെയിപ്പാണ് തുഴയ്ക്ക്. തുഴച്ചിൽ താൽക്കാലികമായി നിർത്തിയ ഫയാസ് സമീപത്തുകൂടെ കടന്നുപോയ മറ്റൊരു ഷിക്കാരക്കാരനോട് കശ്മീരിയിൽ എന്തോ തമാശപങ്കുവെച്ചു. കൂട്ടുകാരൻരെ ഷിക്കാര കടന്നുപോയപ്പോൾ ഫയാസ് വീണ്ടും തുഴയെടുത്തു.

ഒരുദിവസം ഫയാസിന് ഷിക്കാര തുഴഞ്ഞാൽ എന്ത്കിട്ടും? “

ചോദ്യം കേട്ടപ്പോൾ ചെറിയ നിസംഗതയായിരുന്നു ഫയാസിൻറെ മുഖത്ത്.

മാസം 3000 രൂപ. സഞ്ചാരികൾ വരുന്നതുപോലെയിരിക്കും

നിസംഗതയുടെ കാര്യം അതാണ്. സഞ്ചാരികൾ കശ്മീരിലേക്ക് വരുന്നില്ല. പ്രശ്നബാധിതമേഖലയിലേക്ക് എങ്ങനെ ആള് വരാനാണ്?
പ്രതീക്ഷിച്ചത് പോലെ തന്നെ അത് തന്നെയായിരുന്നു ഫയാസിൻറെ അടുത്തവാക്കുകൾ.

ഇവിടെമൊത്തം പ്രശ്നമാണന്നല്ലേ നിങ്ങളൊക്കെ പറയുന്നത്? ആള് വരാതെ ഞങ്ങളങ്ങനെ ജീവിക്കാനാണ്. വേറെയെവിടെയെങ്കിലും പോകാനും ഭയമാണ്. കാലം ശരിയല്ല.  

മാധ്യമപ്രവർത്തകനാണെന്നറിഞ്ഞ് തന്നെയാണ് ഫയാസിൻറെ പ്രതികരണം. കശ്മീരിയാണെന്ന ഒറ്റക്കാരണം കൊണ്ട് രാജ്യത്തിൻറെ മറ്റൊരിടത്തും ജോലി തിരഞ്ഞ് പോകാനുള്ള ധൈര്യവും ഇവർക്കില്ല. അത്രകണ്ട് കെട്ടതാണ് കാലം. ക്ശ്മീരികളുടെ അവസ്ഥയ്ക്കൊപ്പം എങ്ങനെ ഇത്രതുച്ചമായ പൈസക്ക് ഇവർ ജീവിക്കുമെന്ന ചിന്തയും അലോസരപ്പെടുത്തി.

ഷിക്കാര മെല്ലെ തീരത്തോട് അടുക്കാറാവുന്നു. കുറച്ചുനേരം കണ്ണടച്ച് വെള്ളത്തിൽ വിരലോടിച്ച് കിടന്നു. നല്ല തണുപ്പുണ്ട് വെള്ളത്തിന്. കോടമഞ്ഞും തണുപ്പുമുണ്ടായിരുന്നെങ്കിൽ ഈ യാത്ര ഒന്നുകൂടി മനോഹരമായേനെ. തണുപ്പ് കാലത്ത് കശ്മീർ മഞ്ഞണിഞ്ഞുതുടങ്ങും. പൈൻമരങ്ങളും ചിനാറുകളും മഞ്ഞിൻറെ വെളുത്ത വസ്ത്രമണിയും. മഞ്ഞുമഴ പെയ്തിറങ്ങും. അപ്പോൾ ദാൽ തടാകവും തണുത്തുറയും. തടാകത്തിലെ വെള്ളം ഐസായി ഉറക്കും. അപ്പോഴും തണുത്തുവിറച്ച്, കാങ്കിടിയിൽ അഭയം തേടി മഞ്ഞുപാളിയായിമാറിയിട്ടില്ലാത്ത ഇടങ്ങളിലൂടെ ഷിക്കാരകളുമായി അജിംസും ഫയാസും തൻവീറുമെല്ലാം സഞ്ചാരികളുമായി ജീവിതത്തിൻറെ തുഴയെറിയും.

തീരത്തെത്തി ഫയാസിന് ഷിക്കാരയുടെ ചാർജ് നൽകി ഖുദാഫിസ് പറഞ്ഞ് പടവുകൾ കയറി. ഗാട്ടിൻറെ അരമതിലിൽ ഇരുന്നു. അരമതിലിൽ താമരയുടെ നടുവിലെ ഭാഗം വിൽക്കുന്നകച്ചവടക്കാർ നിരവധി. അതെന്താണ് ഇത് മാത്രം വിൽക്കുന്നതെന്ന് കൌതുകം. നമ്മുടെ നാട്ടിൽ താമരയുടെ പൂക്കളും തണ്ടും വിൽക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും നടുഭാഗം ഇതാദ്യമായാണ് വിൽക്കുന്നത് കാണുന്നത്. അത് കഴിക്കാനുള്ളതാണെന്ന് ഫിർദൌസ് പറഞ്ഞപ്പോൾ ആശ്ചര്യമായി. ഇത് നമ്മുടെ നാട്ടിലെ ആരംു പറഞ്ഞിട്ടില്ലല്ലോയെന്ന് അത്ഭുതം. ഒരെണ്ണം വാങി, പൊളിച്ച് അതിനുള്ളിലെ ചെറിയ കായ എടുത്തുതന്നു ഫിർദൌസ്. കായയുടെ തോട് പൊളിച്ചു കഴിച്ചപ്പോൾ നല്ലരുചി. നമ്മുടെ നാട്ടിലെ ബദാമിൻറെ അതേ രുചി. ഇതിനാണ് താമര തടാകത്തിൽ നിന്ന് പറിക്കുന്നത്, അല്ലാത നമ്മുടെ നാട്ടിലെ പോലെ അമ്പലത്തിൽ പൂജിക്കാനോ പൂമാലയുണ്ടാക്കാനോ അല്ല. കശ്മീരിൽ നിന്ന് ആസ്വദിച്ച കശ്മീരിൻറേതല്ലാത്ത രൂചി ഇപ്പോഴും നാവിൻതുമ്പിലുണ്ട്. ഇനിയും ആസ്വദിക്കണം, ഇത് നാട്ടിലും കിട്ടുമല്ലോ എന്നതാണ് സന്തോഷം.

തീരത്ത് പിതാവിനൊപ്പം കാറ്റുകൊള്ളാനെത്തിയ ഫിറോസ് ദറുമായി കുറച്ചുവിശേഷം പറച്ചിൽ. മൂന്നാം ക്ലാസിലാണ് ഫിറോസ് ദർ. അപരിചിതരെ കാണുമ്പോൾ ഒരു ശരാശരി കശ്മീരിക്കുണ്ടാകുന്ന ആശങ്കയും കുട്ടികളിലുണ്ടാകുന്ന കൌതുകവും ഒരുപോലെ ആ കുഞ്ഞുകണ്ണുകളിലുമുണ്ട്. അതൊരുവേദനയാണ്, ആരെയും വിശ്വാസത്തിലെടുക്കാനാവാതെ ഭയചിക്തരായി കഴിയേണ്ടിവരുന്ന ഒരു ജനതയുടെ വേദന. പക്ഷെ അത് അനുഭവിച്ചിട്ടില്ലാത്ത നമുക്കെത്രമാത്രം മനസിലാകുമെന്നതാണ്.

ഫിറോസിൻറെ ഉപ്പ ഉമ്മർ ഒരു കൃഷിക്കാരനാണ്. വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാനായി ഫിറോസിനേയും കൂട്ടി ഇറങ്ങിയതാണ്. കേരളത്തിൽ നിന്നുള്ള ആളാണെന്നത് മാത്രമാണ് ഉമ്മറും ഞങ്ങളോട് സ്നേഹം കാണിക്കുന്നതിന് പിന്നിലെ രഹസ്യം. അക്കാര്യം തുറന്നുപറയാൻ ഉമ്മറെന്നല്ല കശ്മീരികളാരും മടികാണിക്കുന്നുമില്ല.

സെൽഫി എടുക്കാനായി അവനെ ചേർത്തുപിടിച്ചപ്പോൾ അവന് സന്തോഷമയത്പോലെ. ചിരിച്ചുകൊണ്ട് ക്യാമറ ലെൻസിൻറെ ചതുരവടിവിലേക്ക് അവൻ എനിക്കൊപ്പം ചേർന്നിരുന്നു

നേരം വൈകുന്നേരമായി. ഫിർദൌസിന് ഇനി ഓഫീസിലെത്തണം. ഇന്നത്തെ വാർത്തകൾ നൽകണം. ഫിറോസുമായും ഉപ്പയുമായും സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഫിർദൌസ് ഫോണിൽ തൻറെ സോഴ്സുകളെ വിളിച്ച് വാർത്തകൾ ശേഖരിക്കുന്നതിരക്കിലായിരുന്നു. മെഹ്റാജ് അപ്പോഴേക്കും കാറുമായെത്തി.
ഉപ്പ വാങ്ങി നൽകിയ ഐസ്ക്രീമും നുണഞ്ഞ് കുഞ്ഞു ഫിറോസ് ഉപ്പയുടെ സൈക്കിളിൽ കയറി യാത്രയാകുന്നതിനിടെ എനിക്കുനേരെ കൈവിശി. പഴയ ആശങ്ക അവൻറ കണ്ണുകളിലിപ്പോഴില്ല. എന്നും ആ കണ്ണുകളിൽ ആശങ്കയുടെ നിഴലിനുപകരം സന്തോഷത്തിൻറെ കിരണങ്ങൾ നിറയട്ടെയെന്ന് പ്രത്യാശിച്ചുകൊണ്ട് ഞാനും കൈവീശി...

 (തുടരും)

ആദ്യഭാഗങ്ങൾ വായിക്കാം, ലിങ്കുകൾ താഴെ





Saturday, 30 September 2017

മുഗളൻറെ തോട്ടങ്ങളും ചിനാറിൻറെ തണലും... (കശ്മീർ - പാർട്ട് 2)


ശ്രീനഗറിലെ കാഴ്ച്ചകളിലേക്കാണ് ആദ്യം.
മുഗളൻറെ പൂന്തോട്ടങ്ങളും ദാൽ തടാകവും ഝലം നദിയും അതിരിടുന്ന ശ്രീനഗർ. വാർത്തകളിൽ ടൂറിസത്തേക്കാൾ തീവ്രവാദി ആക്രമണങ്ങളാൽ ഇടം നേടിയ സ്ഥലനാമം.
ജമ്മു കശ്മീരിൻറെ വേനൽക്കാല തലസ്ഥാനഗരമാണ് ഇത്. ഝലം നദിയുടെ അരികുചേർന്ന് ഒട്ടും സ്വച്ഛമല്ലാതെ കിടക്കുന്ന നഗരം. മറ്റ് സംസ്ഥാനതലസ്ഥാനങ്ങളെപോലെ അത്ര തിരക്കേറിയതല്ല ശ്രീനഗർ. സാധാരണക്കാരേക്കാൾ കൂടുതൽ സൈനികയൂണിഫോമിലുള്ളവർ വാഴുന്ന നഗരം. തെരിവുകളിലെല്ലാം തലങ്ങും വിലങ്ങും ഓടുന്ന സൈനികവാഹനങ്ങൾ. നീട്ടിപിടിച്ച തോക്കുകളുമായി സധാജാഗരൂകരായി നിലയുറപ്പിച്ചിരിക്കുന്ന സൈനികരും അർദ്ധസൈനികരും പൊലീസും. വന്നിറങ്ങുന്ന ആരിലും ഭയം വിടർത്താൻ ഉതകുന്ന കാഴ്ച്ചകൾ.  ഭയപാടില്ലാതെ ശ്രീനഗറിൽ വന്നെത്തുന്നവർ വിരളമാണെന്ന് മെഹ്റാജ് പറഞ്ഞു. കൂട്ടത്തിൽ ഒരു ചോദ്യവും
നിങ്ങളുടെ മനസിൽ കശ്മീരിലേക്ക് വരുമ്പോൾ എന്തായിരുന്നു വികാരം?
ഒട്ടും ശങ്കിക്കാതെ പേടിയെന്ന് നോബിൾ.
ശരിയാണ് വാർത്തകൾ കാണുന്ന ഏതൊരു ആളുടേയും വികാരം മറിച്ചാകില്ല.
90 കളുടെ അവസാനം മുതൽ കശ്മീർ അശാന്തിയുടെ താഴ്വരയാണ്. ഒരിക്കലും നിലച്ചിട്ടില്ലാത്ത വെടിയൊച്ചകൾ, സ്ഫോടനങ്ങൾ,കൊലപാതകങ്ങൾ, മനുഷ്യാവകാശലംഘനങ്ങൾ....
47 ലെ വിഭജനവും അതിനുശേഷം ഇന്ത്യയുടെ ഭാഗമായി നിന്നതിൻറേയും ബാക്കിപത്രമാണ് ഈ അശാന്തി.

ഓരോദിവസവും കശ്മീരിൻറെ പുലരി പിറന്നിരുന്നത് പല വീടുകളിൽ നിന്നുള്ള പൊട്ടിക്കരച്ചിലുകളോടെയായിരുന്നു. എന്നും ആരെങ്കിലുമൊക്കെ കശ്മീരിൽ കൊല്ലപ്പെട്ടുകൊണ്ടിരുന്നു. ചിലപ്പോൾ സൈന്യത്തിൻറെ വെടിയേറ്റ്, അല്ലെങ്കിൽ തീവ്രവാദികളുടെ വെടിയേറ്റ്... ഝലം നദിയുടെ ഏതെങ്കിലും തീരത്ത് വെടിയുണ്ടയേറ്റ് തുളഞ്ഞ്, രക്തത്തിൽ കുളിച്ച ശവശരീരങ്ങൾ നിത്യകാഴ്ച്ചകളായിരുന്നു. മരിച്ചവരുടെ പേരുകൾക്ക് മാത്രമായിരുന്നു മാറ്റം, മരണകാരണങ്ങൾക്കില്ലായിരുന്നു.

ദിവസങ്ങൾ പഴക്കമുള്ള അജ്ഞാതയുവാക്കളുടെ ജഡങ്ങൾ ഝലത്തിൻറേയും ദാലിൻറേയും തീരത്ത് അടിഞ്ഞുകൂടുന്നത് ഇപ്പോൾ പഴയത്പോലെ നിത്യകാഴ്ച്ചയല്ല. പക്ഷെ കശ്മീരിലെ പ്രശ്നങ്ങൾ മാത്രം അവസാനിച്ചില്ല. ഝലത്തിലൂടെ ഒഴുകിപോയ വെള്ളത്തിനൊപ്പം കശ്മീർ ജനതയുടെ മനസ് ഒഴുകിപോയില്ല, മറിച്ച് ഇന്ത്യൻ സർക്കാരിൻറെ നിലപാടുകൾക്കെതിരെ അവർ കൂടുതൽ മുഖം കടുപ്പിച്ചു. അല്ലെങ്കിൽ രാജ്യം അവരോട് സ്വീകരിച്ച രാഷ്ട്രീയനിലപാടുകൾ അവരെ അകറ്റിക്കളഞ്ഞു. അതിനാൽ തന്നെ സൈനികരെ കാണുമ്പോൾ പലപ്പോഴും കശ്മീരികൾ മുഖം തിരിക്കും, പ്രതിഷേധിക്കും. അനന്ത്നാഗിലും ബന്ദിപ്പോരിലും അവർ സൈന്യത്തിന് നേരെ കല്ലെറിയും.
ഈ ചിത്രങ്ങളൊക്കെ മതി ശരാശരി മനുഷ്യനെ കശ്മീരിനെ ഭയത്തോടെ കാണാൻ. കശ്മീരിലേക്ക് തിരിക്കുംമുമ്പ് ആയിരംവട്ടം ചിന്തിപ്പിക്കാൻ.

നോബിളിൻറെ മറുപടിയിൽ മെഹ്റാജിന് അത്ഭുതം തോന്നിയില്ല. എന്നാൽ ഇതൊന്നുമല്ല കശ്മീരും കശ്മീരികളുമെന്ന് എല്ലാകശ്മീരികളെ പോലെ മെഹ്റാജും പറഞ്ഞു, ഒരുപക്ഷെ അത് കേൾക്കുന്നവൻ ഉൾക്കെള്ളാനിടയില്ലെന്ന തോന്നലോടെതന്നെയാകാം മെഹ്റാജ് ഇതെല്ലാം പറയുന്നത്. കശ്മീരെന്തെന്ന് മടങ്ങും മുമ്പ് നിങ്ങൾ മനസിലാക്കുമെന്ന് പറയുമ്പോൾ മെഹ്റാജിൻറെ കണ്ണിൽ വലിയ പ്രതീക്ഷയുണ്ടായിരുന്നു.
 
തെക്കേയിന്ത്യക്കാരെ, പ്രത്യേകിച്ച് കേരളീയരെ, കശ്മീരികൾക്ക് വലിയ കാര്യമാണ്. മെഹ്റാജ് ആവർത്തിച്ചുകൊണ്ടിരുന്നു. അതേസമയം ഹിന്ദിക്കാരെ – ഉത്തരേന്ത്യക്കാരെ – തീരെ ഇഷ്ടമല്ല. കാരണമുണ്ട്. തെക്കേയിന്ത്യയിൽ നിന്നെത്തുന്നവർ, പ്രത്യേകിച്ച് കേരളത്തിൽ നിന്നുള്ളവർക്ക് വിവരമുണ്ട്, വിദ്യാഭ്യാസമുണ്ട്. അതിനാൽ തന്നെ പ്രശ്നവും കാര്യങ്ങളും മനസിലാക്കാൻ, ഉൾക്കൊള്ളാൻ അവർ തയ്യാറാകും. എന്നാൽ ഉത്തരേന്ത്യക്കാരങ്ങനെയല്ല. ദേശിയതയുടെ പേരിൽ എന്ത് കള്ളവും പ്രചരിപ്പിക്കുന്നവരാണ് അവർ. ദേശിയചാനലുകളാണ് കശ്മീർ പ്രശ്നത്തെ വളച്ചൊടിച്ച് കശ്മീരികളെ ദേശദ്രോഹികളാക്കി മുദ്രകുത്തുന്നതെന്നാണ് മെഹ്റാജ് പറയുന്നത്. മെഹ്റാജിന് മാത്രമല്ല ഈ അഭിപ്രായമെന്ന് പിന്നീടുള്ള ദിവസങ്ങളിൽ മനസിലായി. ഒരളവ് വരെ ശരിയാണ്. കശ്മീരിലെ ചെറിയ പ്രതിഷേധങ്ങൾ പോലും വലിയ വാർത്തയാക്കുന്ന ദേശിയമാധ്യമങ്ങൾ പക്ഷെ ഇവരുടെ യഥാർത്ഥ വിഷയത്തെ ഉയർത്തിക്കാട്ടുന്നില്ല. എന്തുകൊണ്ട് ഇവർക്ക് ഇത്തരത്തിൽ പ്രതികരിക്കേണ്ടിവരുന്നു, അല്ലെങ്കിൽ എന്തുകൊണ്ട് ഇവരിൽ നഷ്ടമായ വിശ്വാസം തിരികെ കൊണ്ടുവരാൻ ആകുന്നില്ലയെന്നത് ചർച്ചയാകേണ്ടതാണ്.


വണ്ടി മെല്ലെ ശ്രീനഗറിൻറെ പ്രധാനടൌണായ ലാൽ ചൌക്ക് പിന്നിട്ട് മുന്നോട്ട് നീങ്ങുകയാണ്. പ്രതാപ് പാർക്കിനരികിലേക്കാണ് യാത്ര. അവിടെ ഫിർദൌസ് കാത്ത് നിൽപ്പുണ്ട്. പ്രതാപ് പാർക്കിൻറെ ഒരുവശത്താണ് കശ്മീരിലെ ഒട്ടുമിക്ക പത്രങ്ങളുടേയും ഓഫീസുകൾ. ഉറുദുവിലും ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള പത്രങ്ങൾ.
പ്രതാപ് പാർക്കിന് മുന്നിലെ ഒരു ചിനാർ മരത്തിൻറെ തണലിൽ കാർ നിർത്തി കാത്തുനിന്നു. ഫിർദോസിന് നൽകാനായി ഒരു സമ്മാനം കയ്യിൽ കരുതിയിട്ടുണ്ട്. ചകിരിനാരുകൊണ്ടുണ്ടാക്കിയ ഒരു ആന. ഒരു ചിനാർ ഇലകൂടി കയ്യിൽ കരുതി. കേരളത്തിൻറേയും കശ്മീരിൻറേയും ചിന്നങ്ങളാകട്ടെ ഈ ഫിർദൌസിനുള്ള ജൻമദിനസമ്മാനം.

ഫിർദൌസിൻറെ വരവും കാത്ത് കുറച്ച് നേരം കാത്ത് നിൽക്കേണ്ടിവന്നു. എത്തിയ ഉ    ടനെ പതിവ് ആലിംഗനം, ഹാപ്പി ബർത്തിഡെ ആശംസകൾ നേർന്ന് ഞങ്ങൾ സ്വീകരിച്ചപ്പോൾ സന്തോഷം. സമ്മാനം വാങ്ങി പിറന്നാൾ ഒരിക്കലും ആഘോഷിച്ചിട്ടില്ലെന്നകാര്യം ഫിർദൌസ് പങ്കുവെച്ചു.

വടക്കൻ കശ്മീരിലെ ബാരമുള്ളയിലാണ് ഫിർദൌസിൻറെ വീട്. ബാരാമുള്ള പ്രശ്നബാധിത പ്രദേശമാണ്. തെക്കൻ കശ്മീരിനെ അപേക്ഷിച്ച് വിദേശ തീവ്രവാദികളാണ് വടക്കൻ കശ്മീരിലേറെയുള്ളത്. വടക്കൻ കശ്മീർ അതിർത്തിക്കപ്പുറത്ത് നിന്ന് പാക്കിസ്ഥാനിൽ നിന്നെത്തുന്ന തീവ്രവാദികളുടെ കേന്ദ്രമാണ്. അതേസമയം പ്രദേശവാസികളുടെ പിന്തുണയേറെയുണ്ട് തെക്കൻ കശ്മീരിലെ തീവ്രവാദപ്രവർത്തനങ്ങൾക്ക്. തെക്കൻ കശ്മീർ ഇതിനെ വിഘടനവാദമെന്നോ തീവ്രവാദമെന്നോ അല്ല വിളിക്കുക. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടമാണെന്നാണ്. അവർക്കിത് ആസാദിയാണ്. ഇന്ത്യയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നുമുള്ള വിടുതൽ.

വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് ചിനാറിൻറെ തണലിൽ അൽപനേരം.
പ്രതിരോധമന്ത്രാലയം മാധ്യമപ്രവർത്തകർക്കായി പ്രതിവർഷം നടത്തുന്ന ഡിഫൻസ് കറസ്പോൻറ്സ് കോഴ്സിൽ വെച്ചാണ് ഫിർദൌസുമായുള്ള സൌഹൃദം ആരംഭിച്ചത്. അന്നുമുതൽ നല്ല സുഹൃത്താണ് ഫിർദൌസ്. നന്നായി മലയാള സിനിമകളും തമിഴ് സിനിമകളും ആസ്വദിക്കുന്ന ഫിർദൌസ് മലയാള പാട്ടുകളും തമിഴ് പാട്ടുകളും പാടും. ദുൽഖറിൻറേയും പാർവതിയുടേയും കടുത്ത ആരാധകനുമാണ് കക്ഷി. ചാർളി സിനിമ കണ്ട് ഇരുവരുടേയും നമ്പർ വാങ്ങി മെസേജ് അയച്ചിട്ട് ഇരുവരും മറുപടി നൽകിയില്ലെന്ന ചെറിയസങ്കടമുണ്ട് ഫിർദൌസിന്. ചാർലിയിലെ പാട്ടും പാടിയാണ് മിക്കപ്പോഴും നടപ്പ്.  

അകലെ ഒരു മലചൂണ്ടികാട്ടി ആദ്യം നഗരത്തിൻറെ വിദൂരകാഴ്ച്ച കണ്ടാവാം തുടക്കമെന്ന് ഫിർദൌസിൻറെ ക്ഷണം. വലിയ മലയുടെ മുകളിൽ ഒരു കോട്ട. അവിടെ നിന്നാൽ ശ്രീനഗർ ടൌണിൻറെ ആകാശക്കാഴ്ച്ച കാണാമത്രേ.

പോകുന്നവഴിക്കാണ് ദാൽ തടാകം. ദാൽ തടാകത്തെ ചുറ്റി വണ്ടി നീങ്ങി. ദാലിലേക്ക് വരണം. വെയിൽകാഞ്ഞ് ദാലിലെ ഷിക്കാരയിൽ മയങ്ങണം. ദാലിൻറെ കാഴ്ച്ചകളിലേക്ക് പിന്നീട് വരാം.

കാഴ്ച്ചകൾക്കൊപ്പം ദേശത്തിൻറെ രൂചികളുംകൂടി ആസ്വദിക്കാനുള്ളതാണ് ഓരോ യാത്രയും. ഒരു പ്രദേശത്തിൻറെ കാഴ്ച്ചകൾക്കൊപ്പം സംസ്ക്കാരവും രുചിയും അറിയുമ്പോളേ യാത്രകൾ പൂർണമാകൂ. കശ്മീരിൻറെ സ്പെഷ്യൽ വിഭവങ്ങൾ രുചിച്ചേമടങ്ങാവൂവെന്ന് എന്നെപോലെ ഫിർദൌസിനും നിർബന്ധമാണ്. റാണി ജ്യൂസ് മുതൽ കശ്മീർ വസ്വാൻവരെ നീണ്ടനിരതന്നെയുണ്ട് നാവിൽ വെള്ളമൂറിക്കാനായി.

പോകുന്നവഴിയിൽ വണ്ടിനിർത്തി റാണി ജ്യൂസ് വാങ്ങി ഫിർദൌസ്. ടിന്നിലടച്ച ഒരു ജ്യൂസ്. കശ്മീരിന് പുറമെ ദുബൈയിൽ മാത്രമേ ഈ ജ്യൂസ് ലഭിക്കൂവത്രേ. സാധാരണ ശീതളപാനിയങ്ങൾ പോലെ വെറും ജ്യൂസ് മാത്രമല്ല, പഴത്തിൻറെ കഷ്ണങ്ങളും ജ്യൂസിലതുപോലെയുണ്ട്. നല്ലമധുരം. റാണി ജ്യൂസ് എന്ന് കേട്ടപ്പോൾ ആദ്യം കരുതിയത് റാണി എന്നുപേരുള്ള ഏതെങ്കിലും പ്രത്യേക പഴത്തിൻറെ ജ്യൂസ് ആകുമെന്നായിരുന്നു. പക്ഷെ റാണി എന്നത് ജ്യൂസിൻറെ പേരാണ്. ഫ്രിഡ്ജ് എന്ന ബ്രാൻറ് നെയിം റഫ്രിജറേറ്ററിൻറെ പര്യായമയത്പോലെ ഒരു ബ്രാൻറ്  നെയിം ആ ഉത്പന്നത്തിൻറെ തന്നെ പേരായിമാറുന്നതിൻറെ മറ്റൊരുദാഹരണം.



പാരിമഹലിലേക്കാണ് യാത്ര. മലമുകളിൽ അകെല നിന്ന് കണ്ട ആ കോട്ട. അതൊരു സൈനികകോട്ടയൊന്നുമല്ല, മറിച്ച് പൂന്തോട്ടമാണ്. പലതട്ടുകളിലായി നിർമിച്ച മുഗളൻറെ പൂന്തോട്ടം. ഷാജഹാൻറെ മൂത്തപുത്രനായ ദാര ഷിക്ക പതിനേഴാം നൂറ്റാണ്ടിൻറെ പകുതിയിലാണ് പാരി മഹൽ എന്ന ഈ പൂന്തോട്ടം നിർമിച്ചത്. 4 തട്ടുകളായാണ് പൂന്തോട്ടം. ചിന്നാർ മരങ്ങളും പനിനീർപ്പുക്കളുമെല്ലാം നിറഞ്ഞുനിൽക്കുന്ന കെട്ടിടത്തിൻറെ ഏറ്റവും മുകളിൽ ഒരു ചെറിയ ജലസംഭരണിയുടെ അവശിഷ്ടങ്ങളും കാണാം. ഞായറാഴ്ച്ചയായിതിനാൽ നിരവധി കശ്മീരികളാണ് പാരി മഹലിൽ സമയം ചിലവിടാനായി എത്തിയിരിക്കുന്നത്. ചിലർ കൂട്ടുകാരുമായും മറ്റുചിലർ കുടുംബമായും. ചിനാർ മരത്തണലിലെ ബെഞ്ചിൽ വിശ്രമിക്കുന്ന യുവാക്കളും യുവതികളും.
 
പാരി മഹലിന് മുകളിൽ നിന്ന് നോക്കിയാൽ ദൂരെ ദാൽ തടാകവും ശ്രീനഗർ നഗരവും കാണാം. ചെറുപൊട്ടുകൾ പോലെ ഷിക്കാരകൾ, ചെറിയ തുരുത്തുകൾ. ദൂരെ ഝലം നദി ഒരു നേർത്തരേഖപോലെ ഒഴുകുന്നു. അകലെ കശ്മീരിന് അതിരിട്ട് മലനിരകൾ....
നല്ലവെയിലുണ്ടായിരുന്നെങ്കിലും കുറേനേരം കാഴ്ച്ചകൾ കണ്ട് പൊളിഞ്ഞ കൊട്ടയുടെ മുകളിൽ ഇരുന്നു.

ഇനി ജഹാംഗീറിൻറെ തൂങ്ങികിടക്കുന്നതോട്ടത്തിലേക്ക്. തട്ടുതട്ടായി നിർമിച്ചിരിക്കുന്ന പൂന്തോട്ടം. തട്ടുതട്ടായി നിർമിച്ചതിനാലാണ് ദൂരേ നിന്ന് നോക്കുമ്പോൾ തൂങ്ങികിടക്കുന്നപൂന്തോട്ടമായി അനുഭവപ്പെടുന്നത്. മുഗുളൻറെ നിർമാണത്തിൻറെ ഭംഗിയും വൈദഗ്ധ്യവുമാണ് കശ്മീരിലെ ഓരോ പൂന്തോട്ടവും. മലമുകളിൽ നിന്ന് ഒഴുകിവരുന്ന നീരുറവകളുടെ ഗതിമാറ്റാതെ, ആ നീരുറവകൾ പൂന്തോട്ടത്തിന് മനോഹാരിത പകരുന്നരീതിയിൽ ഫലപ്രദമായി ഉപയോഗിച്ചിരിക്കുന്നു. ആ
നീരുറവയിലെ തെളിനീരിൽ മുഖവും കാലുമെല്ലാം കഴുകുന്ന സഞ്ചാരികൾ. ആദ്യം അതൊരുആചാരമാണെന്ന് തെറ്റിദ്ധരിച്ചു. അങ്ങനെ തെറ്റിദ്ധരിച്ച് ‘ആചാരം അനുഷ്ടിക്കുന്ന സഞ്ചാരികളും കൂട്ടത്തിൽ ഉണ്ടാകാം. ഞങ്ങളും കയ്യും കാലും മുഖവും കഴുകി. നല്ല തണുപ്പ്. മലമുകളിൽ നിന്ന് ഒഴുകിവരുന്ന തെളിനീര്, ഭൂമിയിലെ ഏറ്റവും ശുദ്ധമായ വെള്ളമാണിത്. ഒരു മിനറൽ വെള്ളത്തിനും അവകാശപ്പെടാനാകാത്ത പരിശുദ്ധി.

പൂന്തോട്ടങ്ങളുടെ നഗരമായ ബാംഗ്ലൂരിൽ പോലും ഇത്രയും മനോഹരങ്ങളായ തോട്ടങ്ങളുണ്ടാകില്ല, അത്രകണ്ട് മനോഹരമാണ്. വിവിധതരം പൂക്കളുടെ സാന്നിധ്യം മാത്രമല്ല, കശ്മീരിലെ തോട്ടങ്ങളെ ആകർഷകമാക്കുന്നത്. മറിച്ച് വൃത്തിയാണ്. ആ തോട്ടങ്ങൾ പരിചരിക്കുന്നരീതി മാതൃകയാക്കണം. എവിടെയും പ്ലാസ്റ്റിക്കുകളോ ചപ്പുചവറുകളോ വലിച്ചെറിഞ്ഞതായി കാണാനാവില്ല. കാണാൻ വരുന്ന സഞ്ചാരിയും മലിനമാക്കുന്നില്ലെന്നതും ശുചിയായി സൂക്ഷിക്കാൻ സഹായിക്കുന്നുണ്ട്. നമ്മുടെ നാട്ടിലെ പല ടൂറിസ്റ്റ് കേന്ദ്രങ്ങളുടേയും അവസ്ഥ വെറുതെയെങ്കിലും മനസിലേക്ക് വന്നു.

പൂന്തോട്ടത്തിലെ ചിന്നാർ മരങ്ങൾക്കുതാഴെ നീട്ടിവിരിച്ച പായയിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്ന കശ്മീരികൾ. മരത്തണലിൽ കിടന്നുറങ്ങുന്നവർ, പ്രണയം പങ്കിടുന്നവർ, വെള്ളത്തിൽ കളിക്കുന്ന കുട്ടികൾ, മൊബൈലിലെ സെൽഫി ഫ്രെയിമിലേക്ക് ഒത്തുചേരുന്ന കൂട്ടുകാർ, പേരമരത്തിലും പിയേഴ്സ് മരത്തിലും കല്ലെറിയുന്നവർ.... ജഹാംഗീറിനറെ പൂന്തോട്ടത്തിന് ചുറ്റും നിറപ്പകിട്ടാർന്ന കാഴ്ച്ചകളാണ്.


കുറച്ചുസമയം ചിനാർ മരത്തിൻറെ തണലേറ്റ് കിടന്നു. നല്ല വെയിലത്തും ചിനാറിൻറെ താഴെ നല്ല തണുപ്പാണ്. ഉച്ചമയക്കത്തിന് ഏറ്റവും അനുയോജ്യമായയിടം. കാഴ്ച്ചകൾ ആസ്വദിച്ചും ഫോട്ടോയെടുത്തും ഞങ്ങൾ മടങ്ങിവരുമ്പോളേക്കും ദൂരെ ഒരു ചിനാറിൻറെ കീഴിൽ കിടന്ന് മെഹ്റാജ് മയക്കമായിരുന്നു... 

(തുടരും)

ആദ്യഭാഗം ഇവിടെ വായിക്കാം

https://neelambarikku.blogspot.in/2017/09/blog-post.html?m=1

Monday, 25 September 2017

ഭൂമിയിലെ പറുദീസയിലേക്ക് (കാശ്മീർ - പാർട്ട് 1 )


സ്വപ്നങ്ങൾ അത് യാഥാർത്ഥ്യമാകുമ്പോൾ അനുഭവിക്കുന്ന സന്തോഷം അനിർവചനീയമാണ്. കശ്മീരിലേക്കുള്ള യാത്ര എന്നത് ഏറെകാലത്തെ സ്വപ്നമായിരുന്നു. ഒന്നരപതിറ്റാണ്ടോളം കാത്തിരുന്നശേഷമാണ് താഴ്വരയിലേക്കുള്ള യാത്രയെന്ന സ്വപ്നം യാഥാർത്ഥ്യമായത്. കശ്മീരെന്നത് സ്വപ്നകേന്ദ്രമായി മാറിയത് ബിരുദ്ദപഠന കാലത്താണ്. ബിരുദ്ദത്തിന് ട്രാൻസിലേഷൻ പ്രൊജക്ടായി കശ്മീരിലെ പ്രശ്നങ്ങൾ തിരഞ്ഞെടുത്തതോടെ മനസിൽ കയറി കൂടിയതാണ് കശ്മീരികളും ദാൽ തടാകത്തിലെ ശിക്കാരകളും ചിനാർ മരങ്ങളുമെല്ലാം.

ചിനാർ ഇലകൾ
എല്ലാതവണയും കോളേജിൽ പോകുമ്പോൾ ഗീത മിസ്സ് ചോദിക്കുമായിരുന്നു കശ്മീരിൽ പോയോ എന്ന്. ഡിഗ്രിക്ക് പ്രൊജക്ടായി ആദ്യം ചെയ്തു തുടങ്ങിയത് പ്രിയപ്പെട്ട എഴുത്തുകാരി മാധവികുട്ടിയുടെ ഒറ്റയടിപാത എന്ന ഓർമക്കുറിപ്പുകളായിരുന്നു. ഏതാണ്ട് കുറേ ചെയ്തശേഷമാണ് സ്വന്തം സൃഷ്ടി തന്നെ വിവർത്തനം ചെയ്യാൻ തീരുമാനിച്ചത്. ആരാണ് ആ ആശയം ആദ്യമായി മുന്നോട്ടുവെച്ചതെന്ന് ഓർമയില്ല. ആ സമയത്ത് കശ്മിരിലെ പ്രശ്നങ്ങളെ കുറിച്ച് യാദൃശ്ചികമായി സംസാരിച്ചത് ജേർണലിസം അധ്യാപിക സുലഭമിസ്സായിരുന്നു. അന്ന് കാണാത്ത കശ്മീരിനെ കുറിച്ച് എഴുതാൻ ഏറെ സഹായകമായത് ഗീതമിസ്സ് കൊണ്ടുത്തന്ന പുസ്തകങ്ങൾ തന്നെയായിരുന്നു. പാലക്കാട് മുൻ എംപി കൂടിയായ ഭർത്താവ് എൻ.എൻ കൃഷ്ണദാസ് കശ്മീരിൽ പാർലമെൻററി സമിതിക്കൊപ്പം പോയപ്പോഴത്തെ അനുഭവങ്ങളും റിപ്പോർട്ടുകളുടെ പകർപ്പുകളുമെല്ലാം ടീച്ചർ കൊണ്ടുതന്നു. അനുജത്തിയുടെ കശ്മീർ യാത്രവിശേഷങ്ങളും പങ്കുവെച്ച് കശ്മീരിൻറെ നല്ലചിത്രം മനസിൽ കോറിയിട്ടത് ഗീതമിസ്സായിരുന്നു.

പിന്നീട് കശ്മീരിനെ കുറിച്ച് മുറിവേറ്റ പക്ഷി എന്നപേരിൽ ഫീച്ചറെഴുതുകയും ബ്രൂയിസ്ഡ് ബേർഡ് എന്നപേരിൽ ടീച്ചർമ്മയായ ശശികലമിസ്സിൻറെ മേൽനോട്ടത്തിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തപ്പോൾ മുതലുള്ള ആഗ്രഹമായിരുന്നു ആ പറുദീസ കാണണമെന്ന്, പറുദീസയിലെ ജനങ്ങളെ അടുത്തറിയണമെന്ന്.

ഡൽഹിയിലേക്ക് ട്രാൻസഫറായി പോരുമ്പോൾ ഇനി നോർത്ത് ഇന്ത്യയിൽ ഒന്നു കറങ്ങണം എന്ന് പഴയ സഹപ്രവർത്തകൻ നോബിൾ പറഞ്ഞപ്പോഴും കശ്മീരെന്ന പേര് തന്നെ നാവിൽ വന്നത് ഒട്ടും യാദൃശ്ചികമാവില്ല, മനസിലെ വലിയ സ്വപ്നങ്ങളിലൊന്ന് പുറത്തേക്ക് വന്നതാകാനേ വഴിയുള്ളു.

യാത്രയെ കുറിച്ച് ശശികല മിസ്സിനോടും ഗീതമിസ്സിനോടും വിളിച്ച് പറഞ്ഞപ്പോൾ അവരുടെ സന്തോഷം വല്ലാത്ത ഊർജ്ജമാണ് പകർന്നത്. ഞാൻ കാശ്മീരിൽ പോകുകയെന്നത് എൻറെ മാത്രം സ്വപ്നം മാത്രമല്ലെന്നും അത് ആഗ്രഹിക്കുന്ന പലരുമുണ്ടെന്ന അറിവ് വല്ലാത്ത സന്തോഷമാണ് പകരുന്നത്. നമ്മുടെ സ്വപ്നങ്ങൾ നമുക്കൊപ്പം കാണാൻ കഴിയുന്ന കുറച്ചുപേരെങ്കിലും ചുറ്റുമുണ്ടെന്നത് വലിയകാര്യമാണ്, പ്രത്യേകിച്ച് ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷിച്ച പലരും ആ പ്രതീക്ഷ തെറ്റിക്കുമ്പോൾ...

കശ്മീരിലെ സുഹൃത്ത് ഫിർദൌസ് വഴി കശ്മീരിൽ എല്ലാസൌകര്യങ്ങളും ഒരുക്കിയിരുന്നു. ഫിർദൌസിൻറെ കസിൻ ബ്രദർ ഹോട്ടലും വാഹനവുമെല്ലാം തലേന്ന് തന്നെ റെഡിയാക്കിയിരുന്നു. വാർത്തകൾക്കപ്പുറത്തേക്ക് ഒരു യാത്ര നടത്തുന്നത് ഏറെ കാലത്തിനുശേഷമാണ്. ഒന്നും പ്ലാൻ ചെയ്യാതെ നടത്തുന്ന പതിവ് യാത്രകളിൽ നിന്ന് തീർത്തും വ്യത്യസ്ഥമാവുകയാണ് കശ്മീരിലേക്കുള്ള യാത്ര.

ഗർ ഫിർദോസ്, റുഹെ സമീൻ അസ്ത്, ഹമീൻ അസ്തോ, ഹമീൻ അസ്തോ, ഹമീൻ അസ്ത്...” ("Gar firdaus, ruhe zamin ast, hamin asto, hamin asto, hamin ast...")
ഭൂമിയിൽ ഒരു സ്വർഗമുണ്ടെങ്കിൽ അതിവിടിയൊണ്...അതിവിടെയാണ്...അതിവിടെയാണ്...

നമ്മുടെ കൊച്ചുകേരളം ദൈവത്തിൻറെ സ്വന്തം നാടാണെങ്കിൽ കശ്മീർ ദൈവത്തിൻറെ പറുദീസയാണ്. പൂന്തോട്ടങ്ങളും അരുവികളും മലകളും മഞ്ഞുപാളികളും തടാകങ്ങളും നദികളുമെല്ലാം നിറഞ്ഞ് നിൽക്കുന്ന പറുദീസ....

ശ്രീനഗർ വിമാനത്താവളം
സഞ്ചാരികളുമായി നീങ്ങുന്ന ദാൽ നദിയിലെ ഷിക്കാരകൾ... ഝലം നദിയിലൂടെ പൂക്കളുമായി ഒഴുകിയെത്തുന്ന കൊച്ചുവള്ളങ്ങൾ... ജഹാംഗീറിൻറെ പൂന്തോട്ടത്തിൽ പുഞ്ചിരിതൂകി നിൽക്കുന്ന പൂക്കൾ... കോടമഞ്ഞിൻറെ പുതപ്പണിഞ്ഞ് നിൽക്കുന്ന ചിനാർ മരങ്ങൾ.... പൈൻ മരങ്ങൾ നിരയിട്ട ഹിമാലയനിരകൾ.... മഞ്ഞുമലകളിൽ നിന്ന് ഊർന്നിറങ്ങുന്ന അരുവികൾ.... ഇരമ്പിയെത്തുന്ന സിന്ധുനദി... തണുപ്പിനെ വെല്ലാൻ വലിയ ഉടുപ്പും ധരിച്ച് നീങ്ങുന്ന കശ്മീരികൾ... ആടിനെ മേയ്ച്ച് നടക്കുന്ന ഇടയൻമാർ...  ഇടയിൽ ഉയരുന്ന അശാന്തിയുടെ വെടിയൊച്ചകൾ, രക്തചൊരിച്ചിലുകൾ....
താഴ്വരയുടെ വിവിധ ഭാവങ്ങൾ മനസിലൂടെ മിന്നൽ വേഗത്തിൽ കടന്നുപോയി.

ആഗ്സറ്റിലെ ആദ്യ ഞായറാഴ്ച്ച രാവിലെയാണ് ശ്രീനഗറിലെ സൈനിക വിമാനത്താവളത്തിൽ സുഹൃത്ത് നോബിളുമൊത്ത് വന്നിറങ്ങിയത്. മനസ് വല്ലാതെ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു. പുറത്ത് പക്ഷെ കരുതിയത് പോലെ തണുപ്പില്ല, നല്ല ചൂട്. കശ്മീരിൻറെ തണുപ്പ് മാഞ്ഞുതുടങ്ങിയത്പോലെ.

വിമാനത്താവളത്തിന് പുറത്ത് കാറുമായി മെഹ്റാജ് ഉണ്ടായിരുന്നു. രാജ്ബാഗിലെ ഹോട്ടലിലിലേക്കുള്ള വഴിനീളെ ചിനാർമരങ്ങൾ തലയുയർത്തി നിൽക്കുന്നു. 5 വിരലുകളുള്ള ചിനാറിൻറെ ഇലയാണ് കശ്മീരിൻറെ അടയാളം. തണുപ്പെത്തുമ്പോഴേക്കും ചിനാർ ഇലകളുടെ നിറം മഞ്ഞയാകും അതോടെ ചിനാറിൻറെ ഭംഗിയും ഇരട്ടിയാകും. ഞായറാഴ്ച്ചയായതിനാൽ കടകളെല്ലാം അവധിയാണ്, ആളുകളുടെ തിരക്കും കുറവ്. അകലെ മലഞ്ചെരുവുകളിലും കുന്നിൻമുകളിലുമെല്ലാം പൈൻ മരങ്ങളും വരിവരിയായി നിൽക്കുന്നു.

യാത്ര ഓരോ 10 മീറ്റർ പിന്നിടുമ്പോളും നിറതോക്കുകളുമായി സൈനികരും അർദ്ധസൈനികരും ജമ്മു ആൻറ് കശ്മീർ പോലീസുമെല്ലാം. ജങ്ഷനുകളിലും സിഗ്നലുകളിലുമെല്ലാം പൊലീസിൻറെ പരിശോധനകൾ. എപ്പോഴും പതിയിരിക്കുന്ന ആക്രമണത്തെ അവർ പ്രതീക്ഷിക്കുന്നുണ്ട്. റോഡിലും ഇടവഴികളിലും കുന്നിനുമുകളിലുമെല്ലാം എകെ 47 ഉം വെടിയുണ്ടകളുമായി അവർ കരുതലോടെ നിൽക്കുന്നു. റോഡിലൂടെ സൈനിക വാഹനങ്ങൾ ഇടതടവില്ലാതെ നീങ്ങികൊണ്ടേയിരുന്നു. മുഴുവനും മറച്ചുകെട്ടിയ സൈനികവാഹനങ്ങളിലൂടെ തോക്കിൻ കുഴലുകൾ മാത്രം പുറത്തേക്ക് നീണ്ടു നിൽക്കുന്നത് കാണാം, അടുത്തെത്തുമ്പോൾ സൂക്ഷിച്ച് നോക്കിയാൽ ജാഗ്രതയോടെ നോക്കുന്ന 2 കണ്ണുകളും കാണാം.

സിഗ്നലുകളിൽ യാചിക്കുന്ന കുറേ കുട്ടികൾ. അവരാരും കശ്മീരികളല്ലെന്ന് മെഹ്റാജ് പറഞ്ഞു. ശരിയാണ്. കശ്മീരികളുടെ തുടുത്ത കവിളുകളോ നിറമോ അവർക്കില്ല. ഇവരെല്ലാം ഉത്തരേന്ത്യയിൽ നിന്ന് ഭിക്ഷയെടുക്കാനായി എത്തിയവരാണ്. അവരെ കണ്ടപ്പോഴെ കാറിൻറെ ഗ്ലാസ് അടച്ചു മെഹ്റാജ്. ഭിക്ഷചോദിച്ചെത്തിയ കുട്ടിക്ക് പൈസ കൊടുക്കാനായി നീട്ടിയപ്പോൾ ഗ്ലാസ് തുറക്കാൻ മെഹ്റാജ് ആദ്യം വിസമ്മതിച്ചു. ഗ്ലാസ് തുറക്കുന്ന സമയം കൊണ്ട് വണ്ടിക്കുള്ളിലെ എന്തെങ്കിലും മോഷ്ടിച്ച് അവരോടിയൊളിക്കുന്നത് പതിവാണത്രേ. കശ്മീരിലെത്തുന്ന സഞ്ചാരികളെ ഇത്തരം കാഴ്ച്ചകൾ അലോസരപ്പെടുത്തുമെന്നും മെഹ്റാജ്. കശ്മീരികൾ ആരും ഇത്രദരിദ്രരല്ലെന്നും എല്ലാവരും നന്നായി ജോലി ചെയ്തു ജീവിക്കുന്നവരുമാണെന്ന് മെഹ്റാജ് കൂട്ടിച്ചേർത്തു.

മെഹ്റാജ് ആയിരുന്നു പിന്നീടങ്ങോട്ട് ഞങ്ങളുടെ സാരഥി. ആള് നല്ല മസിൽമാനാണ്. ബോഡി ബിൽഡിങ്ങും ക്രിക്കറ്റുമാണ് ഇഷ്ടവിനോദങ്ങൾ. ഒരു ലക്ഷം രൂപ പ്രൈസ് മണിയുള്ള ക്രിക്കറ്റ് മത്സരം ഉപേക്ഷിച്ചാണ് മെഹ്റാജ് ഇന്ന് ഞങ്ങൾക്കൊപ്പം വന്നത്. ഇടക്കിടെ കളിയുടെ അപ്ഡേറ്റ്സുമായി വിളിവരും മെഹ്റാജിന്. ഫിർദൌസിൻറെ പ്രത്യേകതാൽപര്യപ്രകാരമായിരുന്നു മെഹ്റാജ് ഞങ്ങൾക്കൊപ്പം വന്നത്.
നോബിളുമൊത്ത് ഹോട്ടലിന് മുന്നിൽ

വിമാനത്താവളത്തിൽ നിന്ന് 20 മിനുട്ട് യാത്രയുണ്ട് ഹോട്ടലിലേക്ക്. ഝലം നദി മുറിച്ച് കടന്നുവേണം ഹോട്ടലിലെത്താൻ. ഝലം നദിയിൽ നിറയെ ഹൌസ് ബോട്ടുകൾ നിരന്നുകിടപ്പുണ്ട്. പക്ഷെ അവയെല്ലാം വീടുകളാണ്. വിനോദസഞ്ചാരികളെ കാത്ത് കിടക്കുന്ന ഹൌസ് ബോട്ടുകളല്ല. പഴയ ഹൌസ് ബോട്ടിൽ ഒരു കുടുംബം സുഖമായി കഴിയുന്നു.

രാജ്ബാഗിലെ കെ 2 ഇൻ എന്ന ഹോട്ടലിലാണ് താമസം. നല്ല മുറികൾ. അൽപം വിശ്രമിച്ചശേഷം ആദ്യദിവസത്തെ കാഴ്ച്ചകളിലേക്ക്.

(തുടരും

Friday, 4 August 2017

ഇത് കേരളമാണ്, നിങ്ങളുടെ പരിപ്പ് ഇവിടെ വേവില്ല ഇന്ത്യ ടുഡേക്കാരേ..

ഇന്ത്യ ടുഡെ ചാനല്‍ കേരളത്തിലെ രാഷ്ട്രീയകൊലപാതകങ്ങള്‍ സംബന്ധിച്ച് "കേരള കില്ലിങ്സ്" എന്ന നെടുനീളന്‍ പ്രോഗ്രാമുകളും പരന്പര വാര്‍ത്തകളുമായി ഇന്ന് വായുവില്‍ നിറയുന്നതാണ്
കണ്ടത്.  കേരളത്തെ പാക്കിസ്ഥാനായി ചിത്രീകരിച്ച് അവഹേളിക്കുന്ന ദേശിയമാധ്യമങ്ങള്‍ കേരളത്തിലെ വാര്‍ത്തകള്‍ക്കായി സമയം നീക്കിവെക്കുന്നുവെന്നുവെന്നത് നല്ലകാര്യം. കേരളത്തില്‍ രാഷ്ട്രീയകൊലപതാകങ്ങളുണ്ട്. കാലങ്ങളായി കണ്ണൂരിലും കാസര്‍കോടും
ആലപ്പുഴയിലും തൃശ്ശൂരും ഇടുക്കിയിലുമെല്ലാം രാഷ്ട്രീയകൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്സംഘര്‍ഷങ്ങള്‍ പലയിടത്തും ഉണ്ടായിട്ടുണ്ട്. അതില്‍ ബിജെപി-ആര്‍എസ്എസ്പ്രവര്‍ത്തകരും, കോണ്‍ഗ്രസ് പ്രവര്‍ത്തകരും ലീഗ് പ്രവര്‍ത്തകരും മാത്രമല്ല കൊല്ലപ്പെട്ടിട്ടുള്ളത്. സിപിഎം പ്രവര്‍ത്തകരും അനുഭാവികളുമുണ്ട്.
ഇന്ത്യ ടുഡെയടെ വാര്‍ത്തയില്‍ പക്ഷെ കൊല്ലപ്പെട്ട സിപിഎമ്മുകാരെ പറ്റി കണ്ടില്ല. കണ്ടത് ആര്‍എസ്എസുകാരെ മാത്രം. അതായത് സിപിഎം മാത്രമാണ് കൊലനടത്തുന്നതെന്ന ആര്‍എസ്എസ് ബിജെപി നേതാക്കളുടെ വാദം ഏകപക്ഷീയമായി അവതരിപ്പിക്കാനാണ് ഇന്ത്യ ടുഡെ ശ്രമിച്ചത്, അല്ലെങ്കില്‍ ശ്രമിക്കുന്നത്. അതെങ്ങനെ നിക്ഷ്പക്ഷ മാധ്യമപ്രവ‍ര്‍ത്തനമാകും?
തിരുവനന്തപുരത്ത് കൊല്ലപ്പെട്ട രാജേഷിന്‍റെ പടം മാത്രമാണ് ചാനലില്‍ കാണിക്കുന്നത്.എന്തുകൊണ്ട് ധനരാജിന്‍റെ പടം കാണിക്കുന്നില്ല? എന്തുകൊണ്ട് ആര്‍എസ്എസുകാര്‍ കൊന്ന അവരുടെ തന്നെ അനുഭാവിയായ പ്ലസ് ടു വിദ്യാര്‍ത്ഥിയായ അനന്തുവിന്‍റെ പടം
കാണിക്കുന്നില്ല? എന്തുകൊണ്ട് തൃശ്ശൂരിലെ ലാല്‍ജിയും ഹനീഫയുമില്ല? എന്തുകൊണ്ട് രാമചന്ദ്രന്‍റെ വീട്ടില് പോയ അവരുടെ വാ‍ര്‍ത്താസംഘം ധനരാജിന്‍റെ വീട്ടിലോ അനന്തുവിന്‍റെ വീട്ടിലോ ചാവക്കാട്ടെ ഹനീഫയുടെ വീട്ടിലോ പോകുന്നില്ല
നിങ്ങള്‍ക്ക് സുധീഷിനെ അറിയുമോ?കണ്ണൂരിലെ എസ് എഫ് ഐ യുടെ നേതാവായിരുന്നു സുധീഷ്. വീട്ടില്‍ കയറി അമ്മയുടെ മുന്നിലിട്ടാണ് വെട്ടികൊലപ്പെടുത്തിയത്.
ആലപ്പുഴയിലെ ഉത്സവത്തിനിടെയാണ് ആര്‍എസ്എസ് ശാഖയില്‍ പോകുന്ന അനന്തുവിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തല്ലിക്കൊന്നത്. അനന്തുവിനുമുണ്ട് അമ്മയും അച്ചനും സഹോദരങ്ങളുമെല്ലാം. അനന്തുവിന്‍റെ വീട്ടില്‍ പോകുമോ നിങ്ങള്‍? ഇല്ല
കണ്ണൂരിലെ സവോയ് ഹോട്ടിലിലെ ബോംബേറില്‍ കൊല്ലപ്പെട്ടയാളുടെ വീട്ടിലും നിങ്ങള്‍ പോകില്ല.
തൃശ്ശൂരിലെ ലല്‍ജിയുടേയോ മധുവിന്‍റേയോ ഹനീഫയുടേയോ പെരുന്പിലാവിലെ ബിജീഷിന്‍റെ വീട്ടിലോ നിങ്ങള്‍ പോകില്ല, കാരണം അവിടെയൊക്കെ ഇരയാക്കപ്പെട്ടവര്‍ കോണ്‍ഗ്രസ്കാരോ
സിപിഎമ്മുകാരോ ആണ്. ഇവരെയൊന്നും കൊലപ്പെടുത്തിയത് സിപിഎം അല്ല, മറിച്ച് കോണ്‍ഗ്രസ്കാരോ ആര്‍എസ്എസ്കാരോ ആണ്.
നിങ്ങള്‍ക്കാവശ്യം രാഷ്ട്രീയസംഘര്‍ഷങ്ങളുടെ സത്യാവസ്ഥയല്ല, മറിച്ച് സിപിഎമ്മിനെ കൊലപാതകസംഘമായി ചിത്രീകരിക്കലാണ്. അതിന് ആര്‍എസ്എസ് നേതാക്കള്‍പറയുന്നത്പോലെ നിങ്ങള്‍ക്ക് തിരക്കഥകള്‍ രചിക്കേണ്ടിവരും, ആ തിരക്കഥയ്ക്കനുസരിച്ച് നിങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ക്ക് വേഷമിടേണ്ടിവരും. അപ്പോള്‍ അത് വാര്‍ത്തയാകില്ല മറിച്ച് പി.ആര്‍ പണിയാണ്.
കേരളത്തില്‍ രാഷ്ട്രീയകൊലപാതകങ്ങള്‍ നടക്കുന്നുണ്ട്, എന്‍ഡിഎഫും കൊന്നിട്ടുണ്ട്കോണ്‍ഗ്രസും കൊന്നിട്ടുണ്ട്, ആര്‍എസ്എസുകാരും കൊന്നിട്ടുണ്ട്, അല്ലാതെ സിപിഎം മാത്രമല്ല കൊന്നത്.
കേരളത്തിലെ രാഷ്ട്രീയസംഘര്‍ഷത്തിന്‍റെ പേരില്‍ ദിവസങ്ങള്‍ നീണ്ട് നില്‍ക്കുന്ന പ്രോഗ്രാമുകളും പരന്പരകളും നടത്തുന്ന ഇന്ത്യ ടുഡെയെ ഷഹറാന്‍പൂരില്‍ ദളിതരെ ആക്രമിച്ച് തുരത്തിയോടിച്ചപ്പോള്‍ കണ്ടില്ല, ഉനയിലും ജാര്‍ഖണ്ഡിലുമെല്ലാം പശുവിന്‍റെ പേരിലും മറ്റും സംഘപരിവാരങ്ങള്‍ ദളിതരേയും മുസ്ലീങ്ങളേയും തല്ലിക്കൊന്നപ്പോള്‍
സംഘപരിവാരങ്ങളെ ഭീകരരാക്കി ചിത്രീകരിക്കാന്‍ രാഹുല്‍ കന്‍വാളിനേയും സംഘത്തേയും എന്തേ കണ്ടില്ല?
അപ്പോള്‍ ഉദ്ദേശം വ്യക്തം. സിപിഎമ്മിനെ ഭീകരസംഘടനയാക്കി പ്രഖ്യാപിച്ച് ആര്‍എസ്എസ്സിന്‍റെ വര്‍ഗ്ഗീയവത്ക്കരണത്തിന് കേരളത്തില്‍ വഴിവെട്ടികൊടുക്കുക. കേരളത്തെ ഐസ്സ്എസ്സിന്‍റെ കേന്ദ്രമായി അവതരിപ്പിക്കാനും പാക്കിസ്ഥാനായുമെല്ലാം നിങ്ങള്‍ ചിത്രീകരിക്കുന്നതിന് പിന്നിലും കേരളത്തില്‍ വര്‍ഗീയധ്രുവീകരണം നടത്താനുള്ള സംഘപരിവാരശക്തികളുടെ താല്‍പര്യസംരക്ഷണം തന്നെയാണ്. 
പക്ഷെ, നിങ്ങള്‍ക്ക് തെറ്റുപറ്റി ഇന്ത്യ ടുഡേയിലെ സുഹൃത്തുക്കളെ. ഇത് കേരളമാണ്. എല്ലാമതവിഭാഗക്കാരും ഒന്നായി കഴിയുന്ന കേരളം. നിങ്ങളുടെ പരിപ്പ് ഇവിടെ വേവില്ല