ദാൽ തടാകം. കണ്ണെത്താദൂരത്തോളം പരന്ന് കിടക്കുന്ന ഈ തടാകം കശ്മീരിൻറെ കണ്ണാടിയാണെന്ന് പറയാം.
നിരവധി കശ്മീരികളുടെ കണ്ണുനീരും രക്തവും ദാലിലെ ഈ
വെള്ളത്തിലലിഞ്ഞുചേർന്നിട്ടുണ്ട്. ശ്രീനഗറിൻറെ ഹൃദയവും ദാൽ തന്നെ.
ദാൽ തടകാത്തിൽ നിറയെ ഷിക്കാരകൾ, ചെറുവള്ളങ്ങൾ...
നിറയെ സഞ്ചാരികൾ. തടാകത്തിലേക്ക് കാലും നീട്ടി തീരങ്ങളിലെ പടവുകളിലിരിക്കുന്നവർ,
തീരത്തോട് ചേർന്നുള്ള അരമതിലിൽ കാഴ്ച്ചകണ്ടിരിക്കുന്ന സഞ്ചാരികൾ, വെയിലുകായുന്നവർ
കച്ചവടക്കാർ. ചൂണ്ടയിട്ട് മീൻ പിടിക്കുന്നവർ. തീരത്ത് സഞ്ചാരികളെ കാത്തുകിടക്കുന്ന
ഷിക്കാരകളിൽ ചെറുമയക്കത്തിലേക്ക് വഴുതിവീണ തുഴച്ചിലുകാർ.
തടാകത്തിലങ്ങിങ്ങായി ഫൌണ്ടെയിനുകളും കാണാം. താമരകളും
വിരിഞ്ഞുനിൽക്കുന്നു. അതിനിടയിലൂടെ ചെറുവള്ളങ്ങളിലെത്തി താമരപറിക്കുന്ന സ്ത്രീകൾ.
ചെറിയ വള്ളവും തുഴഞ്ഞ് നീങ്ങുന്ന കശ്മീരി വനിതകൾ ദാൽ തടാകത്തിലെമാത്രമല്ല സമീപത്തെ
ചെറുതോടുകളിലേയും പതിവ് കാഴ്ച്ചയാണ്. തടാകത്തിലെ മാലിന്യങ്ങൾ വള്ളത്തിലെത്തി
നീക്കുന്നവരും സജീവം.
ഷിക്കാര |
നമ്മുടെ നാട്ടിലെ തടാകങ്ങളോ പുഴകളേയോ പോലെയല്ല
ദാൽ തടാകം. ദാലിൻറെ തീരം വളരെ
വൃത്തിയേറിയതാണ്. പ്ലാസ്റ്റിക്ക് മാലിന്യങ്ങളോ മറ്റോ എങ്ങും കണ്ടെത്താനാവില്ല.
കൃത്യമായി തടാകത്തിലെ പായലും ഇലകളുമെല്ലാം നീക്കം ചെയ്യും. അതിനാൽ തന്നെ ഷിക്കാരകളും
മറ്റ് വള്ളങ്ങളും തടസമില്ലാതെ നീങ്ങുന്നു. വെള്ളം നല്ലതെളിനീരായി ഒഴുകുന്നു. ശ്രീനഗർ
വികസന അതോറിറ്റിയാണ് തടാകം വൃത്തിയാക്കുന്നത്. ദിവസവും ഇത് ആവർത്തിക്കും. തീരത്തോ
തടാകത്തിലോ ഒരു തരിമാലിന്യം പോലും അടിഞ്ഞുകൂടുന്നില്ലെന്ന് ഇവർ ഉറപ്പുവരുത്തും.
ഇവിടെയെത്തുന്ന സഞ്ചാരികളും ഇവരോട് സഹകരിക്കുന്നുണ്ട് എന്നത് ആശ്വാസമാണ്. ദാൽ
തടകാത്തിൻറെ ഈ വൃത്തികാണുമ്പോളാണ് നമ്മുടെ നാട്ടിലെ തടാകങ്ങളെയോർത്ത് നാം
സങ്കടപ്പെടുക. നമ്മുടെ നാട്ടിലെ കുടിവെള്ളശ്രോതസ്സുകളെപോലും നാം വൃത്തിയായി
സൂക്ഷിക്കാറില്ല. വൃത്തിയാക്കാൻ നമുക്ക് മടിയാണ്, അതേസമയം മലിനമാക്കാൻ നമുക്ക്
ആവേശവുമാണ്.
നേരത്തെതന്നെ ഫിർദൌസ് ഒരു ഷിക്കാര ഞങ്ങൾക്കായി
ബുക്ക് ചെയ്തുവെച്ചിരുന്നു. അവധിദിവസങ്ങളിൽ ഫിർദൌസ് ഷിക്കാരയിൽ ദിവസം മുഴുവനും
ദാലിൽ ചിലവഴിക്കാറുണ്ട്. ഷിക്കാരയിൽ ദാൽ തടാകം മുഴുവനും സഞ്ചരിക്കും. ചിലപ്പോൾ
പുസ്തകം വായിച്ച്, മറ്റ് ചിലപ്പോൾ മയങ്ങിയും. അവർക്കിതൊരാശ്വാസമാണ്. ജോലിയുടെ
തിരക്കിൽ നിന്ന് മാത്രമല്ല, ചുറ്റുമുള്ള അസ്വസ്ഥമായ അന്തരീക്ഷത്തിൽ നിന്ന്
ഒളിച്ചോടി ദാലിൻറെ മടിയിൽ എല്ലാം മറന്ന് അഭയം തേടുന്നത് ചിലപ്പോഴൊക്കെ ഒരു
അനുഗ്രഹവുമാകണം..
ദാലിന് ചുറ്റും ഏകദേശം 36 ഓളം ഗാട്ടുകളാണ്
ഉള്ളത്. ഗാട്ടുകളെന്നാൽ ഷിക്കാരകളുടെ ബോട്ട് ജെട്ടികൾ എന്ന് വേണമെങ്കിൽ വിളിക്കാം.
ഈ ഗാട്ടുകളുടെ പിന്നിലെ കഥ പറഞ്ഞുതന്നത് മിർ ലിയാഖത്ത് അലിയെന്ന സുഹൃത്താണ്.
ഫിർദൌസിനെ പോലെ ലിയാഖത്തും ഡിഫൻസ് കോഴ്സിലെ സഹപാഠിയാണ്. പണ്ട്, ഒരുപാട്
വർഷങ്ങൾക്ക് മുമ്പ് കശ്മീരിലെ കച്ചവടമെല്ലാം ദാൽ തടാകത്തെ കേന്ദ്രീകരിച്ചായിരുന്നു
നടന്നിരുന്നത്. വിവിധ ഭാഗങ്ങളിൽ നിന്നെല്ലാം വസ്തുക്കളെല്ലാം ഷിക്കാരകളിലും
വഞ്ചികളിലുമായിരുന്നു എത്തിച്ചിരുന്നത്. നമ്മുടെ ആലപ്പുഴ പോലെതന്നെ തടാകങ്ങളും
അരുവികളും നദികളുമാണ് തീരങ്ങളിലെത്തിപ്പെടാനുള്ള മാർഗം. ആപ്പിളും പച്ചക്കറികളും
പലവ്യഞ്ജനങ്ങളുമായെല്ലാമെത്തുന്ന വഞ്ചികൾ തീരത്തോടടുപ്പിച്ച് ആവശ്യക്കാർക്ക്
വിൽക്കും. ഇവിടെ പിന്നീട് കൽപടവുകൾ തീർത്ത് കച്ചവടത്തിന് കൂടുതൽ സൌകര്യമൊരുക്കി.
അങ്ങനെ രൂപംകൊണ്ട അങ്ങാടികളാണത്രേ ഗാട്ടുകൾ. പിന്നീട് കടകൾ വന്നതോടെ കച്ചവടത്തിൻറെ
രൂപവും ഭാവവും മാറിയതോടെ ഗാട്ടുകൾ ഷിക്കാരകൾ കയ്യടക്കി. അവരുടെ
കാത്തിരിപ്പുകേന്ദ്രങ്ങളായി മാറിയത്രേ. തടാകത്തോട് ചേർന്നുള്ള ഗാട്ടുകളിലെ
കൽപടവുകൾ ഷിക്കാരകളുടെ സ്റ്റാൻറുകളും ഷിക്കാര തുഴഞ്ഞ് ഉപജീവനമാർഗം തേടുന്നവരുടെ
വിശ്രമകേന്ദ്രവുമായി.
ഷിക്കാരയിൽ കയറി ഞങ്ങൾ നീണ്ട് മലർന്ന് കിടന്നു.
നല്ല കശ്മീരി പരവതാനി വിരിച്ച് അലങ്കരിച്ച മെത്തകൾ. പണ്ടത്തെ നാടുവാഴികളുടെ
പല്ലക്കിലിരിക്കുന്ന പ്രതീതി. എതിർവശത്ത് ഇരുന്ന ഫിർദൌസ് ഷൂസെല്ലാം അഴിച്ചവെച്ച്
മയങ്ങാൻ തയ്യാറെടുത്തു. പതിവ് ഷിക്കാര യാത്രികനായ ഫിർദൌസിന് ഞങ്ങൾക്കുള്ള
കൌതുകമില്ലല്ലോ. ദാലിൻറെ ഒരു കരമുതൽ മറുകരവരെ മതി യാത്രയെന്ന് തീരുമാനിച്ചിരുന്നു.
അത്യാവശ്യം നല്ല ദൂരമുണ്ട് മറുകരയിലേക്ക്. മടങ്ങിയെത്താൻ അരമണിക്കൂർ
വേണ്ടിവരുമെന്ന് തുഴച്ചിലുകാരൻ മിർ ഫയാസ്. വേണമെങ്കിൽ മയങ്ങിക്കൊള്ളാനും നിർദേശം.
എന്നിട്ട് മൊബൈലിലെ മ്യൂസിക്ക് പ്ലയർ ഓൺചെയ്തു. കശ്മീരി സംഗീതം ഒഴുകിവന്നു.
വർഷങ്ങളുടെ പഴക്കമുണ്ട് ഈ സംഗീതത്തിന്. സമീപകാലത്തൊന്നും കശ്മീരികളുടെ സംഗീതം
റെക്കോർഡ് ചെയ്യപ്പെട്ടിട്ടില്ല. സംഗീതം ആസ്വദിച്ചുകൊണ്ട് തന്നെ മെല്ലെ
ഷിക്കാരയാത്രയുടെ കൌതുകത്തിൽ അലിഞ്ഞു. മൊബൈലിൽ പടങ്ങളെടുത്തു. അതിനിടെ ഞങ്ങളുടെ
ഷിക്കാരയുടെ സമീപത്തേക്ക് മറ്റൊരു ഷിക്കാരയും ഒഴുകിയെത്തി.
വാസ്തവത്തിൽ ആ
ഷിക്കാരവരുന്നത് കാത്ത് ഞങ്ങളുടെ ഷിക്കാര മെല്ലെ നിർത്തിയിട്ടിരുന്നു.
ഫോട്ടോയെടുക്കുന്നവരാണ് ആ ഷിക്കാരയിലുള്ളത്. സഞ്ചരിക്കുന്ന സ്റ്റുഡിയോ. ഇത്തരത്തിൽ
ഷിക്കാരയിൽ പൂക്കളും പഴങ്ങളുമെല്ലാം വിൽക്കാനെത്തുന്നവരുമുണ്ട് ദാലിൽ. ദാൽ
തടാകത്തിൽ യാത്ര കശ്മീരിൻറെ തനത് വേഷം ധരിച്ച് പടം എടുത്തുതരും. പലരുടേയും
ഉപജീവനമാർഗമാണ് ഇത്. പക്ഷെ
ദാൽ തടാകത്തിൽ ചെറിയ ചെറിയ തുരുത്തുകൾ
നിരവധിയുണ്ട്. ഈ തുരുത്തുകളിലെല്ലാം ഹോട്ടലുകളും മറ്റും പ്രവർത്തിക്കുന്നുണ്ട്.
അതെല്ലാം സർക്കാരിൻറെ കീഴിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. ഷിക്കാരയിലെത്തി അവിടെ
നിന്ന് ദാലിൻറെ സൌന്ദര്യം നുകർന്ന് ഭക്ഷണം കഴിക്കുന്ന സഞ്ചാരികളെ കണ്ടു. പുൽ
തകിടിയിൽ നിരത്തിയിട്ടിരിക്കുന്ന കസേരകളും മേശകളും. അതിലിരുന്ന് ചോളവും ഐസ്ക്രീമുമെല്ലാം
നുണയുന്ന കുട്ടികളും മുതിർന്നവരും. ദാലിൻറെ തീരങ്ങളിലും തീരത്തോടടുത്ത്
വെള്ളത്തിലുമായി ചെറിയ ചെറിയ കടകളും കാണാം. വള്ളത്തിൽ തന്നെയാണ് ഈ കടകളും
നിർമിച്ചിരിക്കുന്നത്. ചിലത് ഹൌസ് ബോട്ടിൻറെ രൂപത്തിലുള്ള വഞ്ചികളിലാണെങ്കിൽ മറ്റുള്ളവ
തടാകത്തിൽ നാട്ടിയ തൂണുകളിൽ പണിതുയർത്തിയിരിക്കുന്നു. തോണിയിലാണ് കടക്കാരനും
കടയിലേക്ക് എത്തുക. അല്ലാത കടയിലെത്താൻ പാലമോ മറ്റ് സൌകര്യങ്ങളോ വേറെയില്ല. കച്ചവടമില്ലാത്തപ്പോൾ
ഇവരും തടാകത്തിലേക്ക് ചൂണ്ടയിട്ട് അലസമായി ഇര കാത്തിരിക്കുന്നു. അതിനിടയിൽ
സമീപത്തെത്തുന്ന ഷിക്കാരയിലെ യാത്രക്കാരോട് കടിലേക്ക് ക്ഷണിക്കുന്നു.
ദാലിൻരെ തീരങ്ങളിൽ നിർത്തിയിട്ടിരിക്കുന്ന
കെട്ടുവള്ളങ്ങളും കാണാം. നമ്മുടെ നാട്ടിലെ ഹൌസ് ബോട്ടുകൾ പോലെ ഇവ ഓളപരപ്പിൽ ഒഴുകി
നടക്കില്ല. തീരത്ത് കെട്ടിയിട്ടിരിക്കുകയാണ്. സഞ്ചാരികൾ പലരും ആ കെട്ടുവള്ളങ്ങളിൽ
താമസിക്കുന്നുണ്ട്. ഒരു ദിവസത്തിന് 1500 - 2000 രൂപവരെയാണത്രേ കുറഞ്ഞചാർജ്. സീസണല്ലാത്തത്
കൊണ്ടാണ് റേറ്റ് കുറവ്. സീസൺ സമയത്ത് കുറഞ്ഞത് ഇതിൻറെ നാല് ഇരട്ടിവരെയുണ്ടാകും
നിരക്ക്.
ചെറിയ കാറ്റുണ്ട് തടാകത്തിൽ. നേരം സന്ധ്യയോട്
അടുക്കുന്നു. ആരെയും ഒരു ചെറുമയക്കത്തിന് കൊതിപ്പിക്കുന്ന അന്തരീക്ഷം. ഷിക്കാര
തിരിച്ചുള്ള യാത്രയിലാണ്. ഫിർദൌസ് മയങ്ങിക്കഴിഞ്ഞു. നോബിളിൻറെ മൊബൈൽ ക്യമറ
നിർത്താതെ മിന്നുന്നു. തടാകത്തിൻറെ നടുവിലായി നിർത്തിയിട്ട രണ്ട് ഷിക്കാരകൾ. ഒന്ന്
നമ്മുടെ ഒഴുകുന്ന സ്റ്റുഡിയോയാണ്. മറ്റേതിൽ നവദമ്പതികൾ. ഹണിമൂണിനെത്തിയവരാകണം.
മൈലാഞ്ചിയുടെ ചിത്രപണി യുവതിയുടെ വെളുത്തകൈകൾക്ക് സൌന്ദര്യം കൂട്ടിയിരിക്കുന്നു.
ഉത്തരേന്ത്യയിലെ യുവതികൾക്ക് വിവാഹത്തിന് ഏറെ നിർബന്ധമാണ് മൈലാഞ്ചി. മെഹന്ദി
കല്ല്യാണം വലിയ ചടങ് തന്നെയാണ് ഉത്തരേന്ത്യക്കാർക്ക്. കശ്മീരി യുവതിയുടെ വസ്ത്രം
ധരിച്ച് ഷിക്കാരയുടെ തുമ്പത്തിരുന്ന് ഫോട്ടോയക്ക് പോസ് ചെയ്യുകയാണ് നവവധു. അത്
മൊബൈലിൽ പകർത്തുന്ന നവവരൻ. പിന്നെ ഇരുവരേയും ഒരുമിച്ചിരുത്തി ഒരു പ്രണയചിത്രം.
പ്രിൻറ് അപ്പോൾ തന്നെ അടിച്ചുകൊടുക്കും. ചിത്രംനോക്കി നിറഞ്ഞചിരിയോടെ വധു.
കശ്മീരിൽ തീവ്രവാദം ഇത്രകണ്ട്
ഭീഷണിയുയർത്തിയിരുന്നില്ലെങ്കിൽ ദാലിൽ നിറയെ മധുവിധു ആഘോഷിക്കുന്നവരുടെ
തിരക്കാവുമായിരുന്നു. ഹണിമൂണിന് ഏറ്റവും പറ്റിയ സ്ഥലമാണ് കശ്മീരെന്ന ഈ ഭൂമിയിലെ സ്വർഗ്ഗം.
ഇടയിൽ തുഴച്ചിൽ നിർത്തി ഫയാസ്. ഓളത്തിലപ്പോഴും
ഷിക്കാര നീങ്ങുന്നുണ്ട്. ഹൃദയത്തിൻറെ ഷെയിപ്പാണ് തുഴയ്ക്ക്. തുഴച്ചിൽ
താൽക്കാലികമായി നിർത്തിയ ഫയാസ് സമീപത്തുകൂടെ കടന്നുപോയ മറ്റൊരു ഷിക്കാരക്കാരനോട്
കശ്മീരിയിൽ എന്തോ തമാശപങ്കുവെച്ചു. കൂട്ടുകാരൻരെ ഷിക്കാര കടന്നുപോയപ്പോൾ ഫയാസ്
വീണ്ടും തുഴയെടുത്തു.
“ഒരുദിവസം ഫയാസിന് ഷിക്കാര തുഴഞ്ഞാൽ എന്ത്കിട്ടും?
“
ചോദ്യം കേട്ടപ്പോൾ ചെറിയ നിസംഗതയായിരുന്നു
ഫയാസിൻറെ മുഖത്ത്.
“മാസം 3000 രൂപ. സഞ്ചാരികൾ വരുന്നതുപോലെയിരിക്കും”
നിസംഗതയുടെ കാര്യം അതാണ്. സഞ്ചാരികൾ
കശ്മീരിലേക്ക് വരുന്നില്ല. പ്രശ്നബാധിതമേഖലയിലേക്ക് എങ്ങനെ ആള് വരാനാണ്?
പ്രതീക്ഷിച്ചത് പോലെ തന്നെ അത് തന്നെയായിരുന്നു
ഫയാസിൻറെ അടുത്തവാക്കുകൾ.
“ഇവിടെമൊത്തം പ്രശ്നമാണന്നല്ലേ നിങ്ങളൊക്കെ
പറയുന്നത്? ആള് വരാതെ ഞങ്ങളങ്ങനെ ജീവിക്കാനാണ്.
വേറെയെവിടെയെങ്കിലും പോകാനും ഭയമാണ്. കാലം ശരിയല്ല.”
മാധ്യമപ്രവർത്തകനാണെന്നറിഞ്ഞ് തന്നെയാണ് ഫയാസിൻറെ
പ്രതികരണം. കശ്മീരിയാണെന്ന ഒറ്റക്കാരണം കൊണ്ട് രാജ്യത്തിൻറെ മറ്റൊരിടത്തും ജോലി
തിരഞ്ഞ് പോകാനുള്ള ധൈര്യവും ഇവർക്കില്ല. അത്രകണ്ട് കെട്ടതാണ് കാലം. ക്ശ്മീരികളുടെ
അവസ്ഥയ്ക്കൊപ്പം എങ്ങനെ ഇത്രതുച്ചമായ പൈസക്ക് ഇവർ ജീവിക്കുമെന്ന ചിന്തയും
അലോസരപ്പെടുത്തി.
ഷിക്കാര മെല്ലെ തീരത്തോട് അടുക്കാറാവുന്നു.
കുറച്ചുനേരം കണ്ണടച്ച് വെള്ളത്തിൽ വിരലോടിച്ച് കിടന്നു. നല്ല തണുപ്പുണ്ട്
വെള്ളത്തിന്. കോടമഞ്ഞും തണുപ്പുമുണ്ടായിരുന്നെങ്കിൽ ഈ യാത്ര ഒന്നുകൂടി
മനോഹരമായേനെ. തണുപ്പ് കാലത്ത് കശ്മീർ മഞ്ഞണിഞ്ഞുതുടങ്ങും. പൈൻമരങ്ങളും ചിനാറുകളും
മഞ്ഞിൻറെ വെളുത്ത വസ്ത്രമണിയും. മഞ്ഞുമഴ പെയ്തിറങ്ങും. അപ്പോൾ ദാൽ തടാകവും
തണുത്തുറയും. തടാകത്തിലെ വെള്ളം ഐസായി ഉറക്കും. അപ്പോഴും തണുത്തുവിറച്ച്, കാങ്കിടിയിൽ
അഭയം തേടി മഞ്ഞുപാളിയായിമാറിയിട്ടില്ലാത്ത ഇടങ്ങളിലൂടെ ഷിക്കാരകളുമായി അജിംസും
ഫയാസും തൻവീറുമെല്ലാം സഞ്ചാരികളുമായി ജീവിതത്തിൻറെ തുഴയെറിയും.
തീരത്തെത്തി ഫയാസിന് ഷിക്കാരയുടെ ചാർജ് നൽകി
ഖുദാഫിസ് പറഞ്ഞ് പടവുകൾ കയറി. ഗാട്ടിൻറെ അരമതിലിൽ ഇരുന്നു. അരമതിലിൽ താമരയുടെ
നടുവിലെ ഭാഗം വിൽക്കുന്നകച്ചവടക്കാർ നിരവധി. അതെന്താണ് ഇത് മാത്രം
വിൽക്കുന്നതെന്ന് കൌതുകം. നമ്മുടെ നാട്ടിൽ താമരയുടെ പൂക്കളും തണ്ടും വിൽക്കുന്നത്
കണ്ടിട്ടുണ്ടെങ്കിലും നടുഭാഗം ഇതാദ്യമായാണ് വിൽക്കുന്നത് കാണുന്നത്. അത്
കഴിക്കാനുള്ളതാണെന്ന് ഫിർദൌസ് പറഞ്ഞപ്പോൾ ആശ്ചര്യമായി. ഇത് നമ്മുടെ നാട്ടിലെ ആരംു
പറഞ്ഞിട്ടില്ലല്ലോയെന്ന് അത്ഭുതം. ഒരെണ്ണം വാങി, പൊളിച്ച് അതിനുള്ളിലെ ചെറിയ കായ
എടുത്തുതന്നു ഫിർദൌസ്. കായയുടെ തോട് പൊളിച്ചു കഴിച്ചപ്പോൾ നല്ലരുചി. നമ്മുടെ
നാട്ടിലെ ബദാമിൻറെ അതേ രുചി. ഇതിനാണ് താമര തടാകത്തിൽ നിന്ന് പറിക്കുന്നത്, അല്ലാത
നമ്മുടെ നാട്ടിലെ പോലെ അമ്പലത്തിൽ പൂജിക്കാനോ പൂമാലയുണ്ടാക്കാനോ അല്ല. കശ്മീരിൽ
നിന്ന് ആസ്വദിച്ച കശ്മീരിൻറേതല്ലാത്ത രൂചി ഇപ്പോഴും നാവിൻതുമ്പിലുണ്ട്. ഇനിയും
ആസ്വദിക്കണം, ഇത് നാട്ടിലും കിട്ടുമല്ലോ എന്നതാണ് സന്തോഷം.
തീരത്ത് പിതാവിനൊപ്പം കാറ്റുകൊള്ളാനെത്തിയ
ഫിറോസ് ദറുമായി കുറച്ചുവിശേഷം പറച്ചിൽ. മൂന്നാം ക്ലാസിലാണ് ഫിറോസ് ദർ. അപരിചിതരെ
കാണുമ്പോൾ ഒരു ശരാശരി കശ്മീരിക്കുണ്ടാകുന്ന ആശങ്കയും കുട്ടികളിലുണ്ടാകുന്ന
കൌതുകവും ഒരുപോലെ ആ കുഞ്ഞുകണ്ണുകളിലുമുണ്ട്. അതൊരുവേദനയാണ്, ആരെയും
വിശ്വാസത്തിലെടുക്കാനാവാതെ ഭയചിക്തരായി കഴിയേണ്ടിവരുന്ന ഒരു ജനതയുടെ വേദന. പക്ഷെ
അത് അനുഭവിച്ചിട്ടില്ലാത്ത നമുക്കെത്രമാത്രം മനസിലാകുമെന്നതാണ്.
ഫിറോസിൻറെ ഉപ്പ ഉമ്മർ ഒരു കൃഷിക്കാരനാണ്.
വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാനായി ഫിറോസിനേയും കൂട്ടി ഇറങ്ങിയതാണ്. കേരളത്തിൽ
നിന്നുള്ള ആളാണെന്നത് മാത്രമാണ് ഉമ്മറും ഞങ്ങളോട് സ്നേഹം കാണിക്കുന്നതിന് പിന്നിലെ
രഹസ്യം. അക്കാര്യം തുറന്നുപറയാൻ ഉമ്മറെന്നല്ല കശ്മീരികളാരും മടികാണിക്കുന്നുമില്ല.
നേരം വൈകുന്നേരമായി. ഫിർദൌസിന് ഇനി ഓഫീസിലെത്തണം.
ഇന്നത്തെ വാർത്തകൾ നൽകണം. ഫിറോസുമായും ഉപ്പയുമായും സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ
ഫിർദൌസ് ഫോണിൽ തൻറെ സോഴ്സുകളെ വിളിച്ച് വാർത്തകൾ ശേഖരിക്കുന്നതിരക്കിലായിരുന്നു.
മെഹ്റാജ് അപ്പോഴേക്കും കാറുമായെത്തി.
ഉപ്പ വാങ്ങി നൽകിയ ഐസ്ക്രീമും നുണഞ്ഞ് കുഞ്ഞു
ഫിറോസ് ഉപ്പയുടെ സൈക്കിളിൽ കയറി യാത്രയാകുന്നതിനിടെ എനിക്കുനേരെ കൈവിശി. പഴയ ആശങ്ക
അവൻറ കണ്ണുകളിലിപ്പോഴില്ല. എന്നും ആ കണ്ണുകളിൽ ആശങ്കയുടെ നിഴലിനുപകരം
സന്തോഷത്തിൻറെ കിരണങ്ങൾ നിറയട്ടെയെന്ന് പ്രത്യാശിച്ചുകൊണ്ട് ഞാനും കൈവീശി...
ആദ്യഭാഗങ്ങൾ വായിക്കാം, ലിങ്കുകൾ താഴെ
No comments:
Post a Comment