
ഇത്രയേറെ അഴിമതികാട്ടിയ ജയലളിതയെ രാഷ്ട്രീയമായി തന്നെ എതിർത്തുകൊണ്ട് തന്നെ എന്തുകൊണ്ട് നിങ്ങൾ അവരെ ഇത്രയേറെ സ്നേഹിക്കുന്നുവെന്ന് പലകുറി ഞാൻ ചെന്നെയിലെ എൻറെ ബന്ധുക്കളോടും സുഹൃത്തുക്കളോടുമെല്ലാം ചോദിച്ചിട്ടുണ്ട്, അതിനുള്ള മറുപടി പക്ഷെ വെറും വാക്കികളിലല്ല അവർ തന്നിട്ടുള്ളത്. മറിച്ച് പലകാര്യങ്ങളും ചൂണ്ടികാണിച്ചാണ്. പെൺകുട്ടികൾ സ്ക്കൂളിൽ പോകുന്ന ലേഡി ബേർഡ് സൈക്കിൾ ചൂണ്ടികാണിച്ചുകൊണ്ട്. അതിൽ സ്ക്കൂളിലേക്ക് അഭിമാനത്തോടെ പോകുന്ന പെൺകുട്ടികളുടെ മുഖത്തെ സന്തോഷവും അഭിമാനവും ചൂണ്ടികാണിച്ചുകൊണ്ട്. കൊടുംവെയിലത്ത് പണിയെടുത്ത് ക്ഷീണിച്ച് വീട്ടിലെത്തി ടിവിയിൽ സീരിയലും സിനിമയും പാട്ടുമെല്ലാം ആസ്വദിച്ച് ദിനാന്ത്യത്തിൽ റിലാക്സ് ചെയ്യുന്ന അണ്ണൻമാരുടെ മുഖം ചൂണ്ടികാണിച്ചുകൊണ്ട്...
ഒരു തവണ നേരിൽ കണ്ടിട്ടുണ്ട്. മേടയിൽ പ്രസംഗിക്കുന്നത്. പിന്നെ രണ്ട് തവണ ഇരുമ്പുമറസൃഷ്ടിക്കുന്നത് പോലെ വാഹനവ്യൂഹത്തിലിരുന്ന് വഴിയരികിലെ ജനത്തെ നോക്കി കൈകൂപ്പി കടന്നുപോകുന്നതും. എൽടിടിഇ ക്കാരുടെ ആക്രമണം ഭയന്ന് കനത്ത സുരക്ഷാവലയത്തിനുള്ളിലും ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങളാണ് ജയലളിത ധരിക്കാറ് എന്ന് കേട്ടിട്ടുണ്ട്. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിചെന്ന് നമ്മുടെ നേതാക്കൾ സംസാരിക്കുന്നത് പോലെ ജയലളിത സംസാരിക്കാത്തതും അതിനാലാണ്. പഴയസിനിമാതാരത്തിൻറെ താരജാഢയോ അഭിനയമോ അല്ല നിശ്ചയദാർഢ്യം തന്നെയാണ് ആ മുഖത്ത് എന്നും കണ്ടിരുന്നത്. ഒരിക്കലും തോറ്റ് പിൻമാറില്ലെന്ന ഉറച്ചതീരുമാനത്തിൻറെ പ്രതിഫലനം.
രാഷ്ട്രീയമായി അംഗീകരിക്കാൻ ഇതൊന്നും ഒരു മറുപടിയോ കാരണമോ അല്ല. പക്ഷെ അവർ ജനങ്ങളുടെ പൾസറിഞ്ഞ് പ്രവർത്തിച്ച നേതാവാണ്. സാധാരണക്കാരന് തുച്ചം പണത്തിന് ഭക്ഷണം നൽകിയവർ, 1 രൂപയ്ക്ക് അരി നൽകിയവർ, കുടിവെള്ളം നൽകിയവർ... തീർച്ചയായും വളരെ ഭയഭക്തി ബഹുമാനത്തോടെ ജീവിക്കുന്ന തമിഴൻ അവരുടെ ആദ്യഭരണത്തിലെ അഴിമതി മറന്ന് അവരെ സ്നേഹിച്ചെങ്കിൽ, ആരാധിച്ചെങ്കിൽ, നിലവിളിച്ചെങ്കിൽ, അവർക്കുവേണ്ടി ജീവൻ വെടിഞ്ഞെങ്കിൽ അതൊരു പാതകമല്ല, ഷോ ഓഫുമല്ല, ബുദ്ധിശൂന്യതയുമല്ല... സ്നേഹം മാത്രമാണ്.
രാഷ്ട്രീയപരമായും ഭരണപരമായും അവരെടുത്ത പല തീരുമാനങ്ങളും ഏകാധിപത്യസ്വഭാവമുള്ളതായിരുന്നുവെന്ന് തന്നെ പറയാം. പിടിവാശിക്കാരിയായിരിക്കുമ്പോഴും സ്വന്തം ജനത്തെ അവർ മറന്നിട്ടില്ല, ജനം അവരേയും എന്നത് തന്നെയാണ് കാലം തെളിയിച്ചത്.
എംജിആറിൽ നിന്ന് വളർന്ന് ഒരുപക്ഷെ എംജിആറിനേക്കാൾ വലുതായാണ് അമ്മയുടെ മടക്കം. ഇന്ത്യൻ രാഷ്ട്രീയത്തെ നിയന്ത്രിക്കാൻ പാകത്തിൽ പാർട്ടിയെ വളർത്തിയ ജയലളിത രാഷ്ട്രീയജീവിതത്തിലും സ്വകാര്യജീവിതത്തിലും നേരിട്ട അപമാനങ്ങളുടേയും പരീക്ഷണങ്ങളും വായിക്കുമ്പോൾ അവർ പിടിവാശിക്കാരിയും ഏകാധിപതിയും ആയില്ലെങ്കിലേ അത്ഭുതമുള്ളുവെന്ന് തോന്നിപോകാറുണ്ട്....
റെയിഡിൽ പിടിച്ചെടുത്ത അവരുടെ സാരിയുടേയും ചെരിപ്പിൻറേയും എണ്ണവും തോഴി ശശികലയുമായുള്ള ബന്ധവുമെല്ലാം ചേർത്ത് അവരെ താറടിക്കാൻ ഓരോ തിരഞ്ഞെടുപ്പ് കാലത്തും മാധ്യമങ്ങളും എതിരാളികളുമെല്ലാം ശ്രമിക്കുമ്പോളും അവർകൂടുതൽ ശക്തയാവുകയായിരുന്നു. പാർട്ടിക്കകത്ത് രണ്ടാം നിരനേതാക്കളെ വളർന്നുവരാൻ അവർ അനുവദിച്ചിരുന്നില്ല എന്നത് വസ്തുതയായി നിലനിൽക്കുന്നു. തനിക്ക് ശേഷം എഐഎഡിഎംകെയുടെ ഭാവി എന്തായിരിക്കുമെന്ന് ജയലളിത ഓർത്തിരുന്നോവെന്നതും സംശയമാണ്. എന്നും എല്ലാം നിഗൂഢമായി സൂക്ഷിക്കുന്ന അവർ ആരോടാണ് കൂടുതൽ അടുപ്പം കാണിച്ചിരുന്നതെന്നതും നിഗൂഢമായി അവശേഷിക്കുന്നു.
ആ ഉയിർ തമിഴിനും ഉടൽ മണ്ണിനും നൽകി പുരട്ച്ചി തലൈവി മടങ്ങുമ്പോൾ കണ്ണീർ പൊഴിച്ചില്ലെങ്കിലും കളിയാക്കാതിരിന്നുകൂടെ നമുക്ക്...
No comments:
Post a Comment