ഒരു മുത്തശ്ശി കഥപോലെയാണ് വയനാട്ടിലെ പ്രയദര്‍ശിനി തേയില തോട്ടത്തിന്‍റെ കഥ. പ്രയദര്‍ശിനിയുടെ തളര്‍ച്ചയുടേയും വളര്‍ച്ചയുടേയും കഥ തെല്ലൊരു ആശ്ചര്യത്തോടെമാത്രമേ കേട്ടിരിക്കാനാവു. നശിച്ച് നാറാണകല്ലെടുത്ത ഒരു സര്‍ക്കാര്‍ സ്ഥാപനം, പട്ടിണിമരണങ്ങളുടേയും സമരങ്ങളുടേയും വാര്‍ത്തകള്‍ മാത്രം പുറത്തേക്ക് വന്ന തേയിലതോട്ടവും അതിനുള്ളിലെ ഫാക്ടറിയും. തിരുവോണനാളില്‍ പോലും അരിമേടിക്കാന്‍ വല്ലതും തരണേയെന്ന് യാചിച്ച് കളക്ട്രേറ്റിനും സെക്രട്ടേറിയറ്റിനും മുമ്പില്‍ സമരം നടത്തിയകാലമുണ്ടായിരുന്നു പ്രിയദര്‍ശിനിയിലെ തൊഴിലാളികളായ ആദിവാസികള്‍ക്ക്. എന്നാല്‍ ഇപ്പോള്‍ കഥ മാറിയിരിക്കുന്നു. പ്രിയദര്‍ശിനിയില്‍ നിന്ന് ഇപ്പോള്‍ ലോകം കേള്‍ക്കുന്നത് വിജയത്തിന്‍റെ നേട്ടങ്ങളുടെ കഥയാണ്.

ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ നടപ്പിലാക്കിയ ഇരുപതിന പരിപാടിയുടെ ഭാഗമായി അടിമവേലയില്‍ നിന്ന് ആദിവാസികളെ മോചിപ്പിച്ച് പുനരധിവസിപ്പിക്കുന്നതിനായി ആരംഭിച്ച പ്രിയദര്‍ശിനി പിന്നീട് നാഥനില്ലാ കളരിയായി മാറുകയായിരുന്നു. കോടികള്‍ മുടക്കിയ തേയില തോട്ടവും ഫാക്ടറിയും നശിച്ചതോടെ പട്ടിണിമരണത്തിന് വരെ പ്രയദര്‍ശിനി സാക്ഷ്യം വഹിച്ചു. 2000 - 2005 കാലഘട്ടത്തില്‍ അടഞ്ഞുകിടന്ന പ്രിയദര്‍ശിനി പിന്നീട് തുറന്ന് ലാഭത്തിലെത്തിച്ചതില്‍ ലാഭേച്ച പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരാണ്. തൊഴിലാളികള്‍ക്ക് സൗജന്യ ഉച്ചഭക്ഷണപദ്ധതി നടപ്പാക്കിയതിലൂടെ തൊഴിലാളി കളുടെ പോഷാകാഹാരകുറവ് നികത്തി അവരുടെ പ്രവര്‍ത്തനക്ഷമത ഉയര്‍ത്തിയതും പ്രിയദര്‍ശിനിയുടെ വിജയത്തിന്‍റെ രഹസ്യമാണ്.
തേയില കൃഷിക്കുപുറമേ ടൂറിസം രംഗത്തേക്കും കടന്നിരിക്കുകയാണ് പ്രിയദര്‍ശിനി ഇപ്പോള്‍. സായിപ്പ് തോട്ടങ്ങളില്‍ വാണ രീതിയില്‍ പ്രിയദര്‍ശിനി തേയില ഫാക്ടറിയുടെ നടുവില്‍ പണിതീര്‍ത്ത മാനേജിങ് ഡയറക്ടറുടെ ബംഗ്ലാവ് നവീകരിച്ചാണ് വയനാട് ടീ കൗണ്ടി എന്നപേരില്‍ ടൂറിസം രംഗത്തേക്കും കാലെടുത്തുവെച്ചിരിക്കുന്നത്. ഈ ടൂറിസം രംഗത്ത് നിന്നുള്ള വരുമാനമാണ് 300 ഓളം വരുന്ന തൊഴിലാളികള്‍ക്ക് സൗജന്യ ഉച്ചഭക്ഷണം നല്‍കുന്നതിനായി ഉപയോഗിക്കുന്നത്. വിശ്വാസ് പോയന്‍റ് എന്ന് പേരിട്ടിട്ടുള്ള പ്രയദര്‍ശിനിയിലെ മുനമ്പില്‍ നിന്ന് നോക്കിയാല്‍ കാഴ്ച്ചകാരനെ കാത്തിരിക്കുന്നത് പക്ഷെ അവിശ്വസനീയമായ കാഴ്ച്ചകളാണ്.
അടഞ്ഞുകിടക്കുന്ന തേയില ഫാക്ടറി തുറന്ന് ലീസിന് നല്‍കി പ്രവര്‍ത്തിപ്പിക്കുന്നതിനും മാനേജ്മെന്‍റ് പദ്ധതി തയ്യാറാക്കുന്നുണ്ട്. പ്രിയദര്‍ശിനി നേരിട്ട് ഫാക്ടറിയുടെ പ്രവര്‍ത്തനം നടത്തിയാല്‍ അത് പ്രധാനലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കപ്പെട്ടേക്കാം എന്ന ആശങ്കയാണ് ഫാക്ടറി ലീസിന് കൊടുക്കാനുള്ള തീരുമാനത്തിന് പിന്നില്‍.
നഷ്ടത്തിന്‍റെ കണക്കുപുസ്തകത്തില്‍ നിന്ന് പ്രിയദര്‍ശിനി പുതിയ ഉയരങ്ങള്‍ താണ്ടുകയാണ്. അതിന്‍റെ ലക്ഷണമാണ് പ്രയദര്‍ശിനിയിലെ ചോര്‍ന്നൊലിച്ചിരുന്ന തൊഴിലാളികളുടെ പാഡികള്‍ വീടുകള്‍ക്കും ആദിവാസിയുടെ മുഖത്തെ ദയനീയ ഭാവം സന്തോഷത്തിന് വഴിമാറിയതും.
No comments:
Post a Comment