ഷീല
വയസ്സ് 20.
കോളൂര്‍ ഗ്രാമത്തിലെ അശോകന്‍റേയും സീതയുടേയും ഏകമകള്‍.
മാനന്തവാടി ഗവണ്‍മെന്‍റ് കോളേജിലെ രണ്ടാം വര്‍ഷ ബി എ വിദ്യാര്‍ത്ഥിനി.
ഏക്കറുകണക്കിനുള്ള പാടശേഖരത്തിന് ഉടമ, കാണാനും സുന്ദരി.
വിവാഹപ്രായമെത്തിയ ഷീലയെ വിവാഹം ചെയ്ത് അയക്കുക എന്നത് അശോകന്‍റേയും സീതയുടേയും വലിയ ആഗ്രഹമാണ്.
പക്ഷെ, ആരും ഷീലയെ വിവാഹം ചെയ്യാന്‍ തയ്യാറായി വരുന്നില്ല,
എന്തിന് ഒന്നു പെണ്ണുകാണാന്‍ പോലും ആരും കോളൂര്‍ ഗ്രാമത്തിലേക്ക് തിരിഞ്ഞുനോക്കാറില്ല.
ഇത് ഷീലയുടെ മാത്രം കാര്യമല്ല,
കോളൂര്‍, കുറിച്ച്യാട് തുടങ്ങി വയനാട്ടിലെ നൂല്‍പുഴ പഞ്ചായത്തില്‍പെട്ട
കാടിനുനടുവില്‍ ആനകളേയും മറ്റും രാത്രിയും പകലുമെന്ന് വ്യത്യാസമില്ലാതെ വിഹരിക്കുന്ന 14 ഗ്രാമങ്ങളിലേക്ക് ആരാണ് പെണ്ണന്വേഷിച്ച് വരിക?
അതും റോഡോ വാഹനസൗകര്യമോ ഇല്ലാത്ത ഈ ഗ്രാമങ്ങളിലേക്ക് എങ്ങനെ എത്തിപ്പെടാനാണ്?
വയനാട് വന്യജീവി കേന്ദ്രത്തിനുള്ളിലെ ഈ ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് പുറത്തുവന്ന് സമാധാനത്തോടെ കൃഷിചെയ്ത് ജീവിക്കണമെന്ന് ആഗ്രഹമില്ലാഞ്ഞിട്ടല്ല. മറിച്ച് അതിനായി ആസൂത്രണം ചെയ്ത പദ്ധതികള്‍ നടപ്പാക്കാത്തതാണ്. പുനരധിവസിപ്പിക്കാനുള്ള കേന്ദത്തിന്‍റെ പദ്ധതി ഉടന്‍ നടപ്പാക്കണമെന്നആവശ്യം വീണ്ടും ശക്തമാകുകയാണ്. 14 ഗ്രാമത്തിലെ 110 സെറ്റില്‍മെന്‍റുകളിലായി 2613 വീട്ടുകാരും 264 കൈവശക്കാരുമുണ്ട്. ഇവരുടെ മൊത്തം ജനസംഖ്യ 10,604 ആണ് കൊടുംകാടിനുള്ളില്‍ മാറ്റിപാര്‍പ്പിക്കുന്നതും കാത്ത് കഴിയുന്നത്. സംസ്ഥാനവനംവകുപ്പിനുവേണ്ടി പീച്ചിയിലെ KFRI ലെ സോയില്‍ സയന്‍റിസ്റ്റ് ഡോക്ടര്‍ എസ് ശങ്കറിന്‍റെ നേതൃത്വത്തിലുള്ള സംഘം വിസദമായ സര്‍വ്വേയും പ്രൊജകട് റിപ്പോര്‍ട്ടും സമര്‍പ്പിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും അധികൃതര്‍ മെല്ലെപോക്കിലാണ്.
1800 കളുടെ അവസാനങ്ങളില്‍ ബ്രിട്ടീഷുകാരാണ് ഇവരുടെ പൂര്‍വികരായ ചെട്ട്യാന്‍മാരേയും ആദിവാസികളേയും ഇവിടെ കൊണ്ട് പാര്‍പ്പിച്ചത്. പാട്ടത്തിന് ഭൂമി നല്‍കി ഇവരെകൊണ്ട് കൃഷിചെയ്യിച്ച് ഇവരെ സായിപ്പന്‍മാര്‍ ഈ കൊടുംകാടിനുള്ളില്‍ പാര്‍പ്പിച്ചത് മറ്റ് ചില ലക്ഷ്യങ്ങളോടെയാണ്. കാട്ടിലൂടെ കര്‍ണാടകയിലേക്കും തമിഴ്നാട്ടിലേക്കുമെല്ലാം വേട്ടക്കും മറ്റുമായി പോകുമ്പോള്‍ വഴികാണിച്ച് കൊടുക്കാനും ഭക്ഷണം പാകംചെയ്ത് കൊടുക്കാനുമായിരുന്നു ഇത്. അന്ന് പാട്ടത്തിനെടുത്ത ഭൂമിയില്‍ കാട്ടുമൃഗങ്ങളുടെ ഭീഷണിയെ തരണം ചെയ്തും പോരടിച്ചും ഇവര്‍ കൃഷിചെയ്തുപോന്നു.
1973 ല്‍ വയനാട് വന്യജീവി കേന്ദ്രം നിലവില്‍ വന്നെങ്കിലും കാട്ടിനുള്ളിലെ ജനങ്ങളെ ഒഴിപ്പിച്ചിരുന്നില്ല.വിദ്യാഭ്യാസവും വൈദ്യുതിയും ഗതാഗതവും ചികിത്സയും നിഷേധിക്കപ്പെട്ട് വനത്തിനുള്ളില്‍ കഴിയുന്ന ഈ കുടുംബങ്ങളെ സംരക്ഷിക്കാന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയും മുന്നോട്ട വന്നിട്ടില്ലെന്ന് ഈ ഗ്രാമങ്ങളിലെ ഹതഭാഗ്യര്‍ പറയുന്നു. "കെണിയില്‍ അകപ്പെട്ട" ഈ മനുഷ്യരെ പുറത്തുകൊണ്ടുവരണമെന്ന് 1984 ല്‍ കേരള ഹൈക്കോടതിതന്നെ ഉത്തരവിട്ടെങ്കിലും ആരും ഗൗനിച്ചില്ല.
രാത്രികാലങ്ങളില്‍ ഇവിടുത്തെ ആണുങ്ങള്‍ക്ക് ഉറക്കമില്ല. പകല്‍മുഴുവന്‍ പാടത്ത് സ്ത്രീകള്‍ക്കൊപ്പം പണിയെടുത്ത് കൃഷി ചെയ്തശേഷം രാത്രി അതെങ്ങനെ വന്യജീവികള്‍ക്ക് നശിപ്പിക്കാന്‍ ഇട്ടുകൊടുക്കാനാവും? അതിനാല്‍ രാത്രിയില്‍ റാന്തല്‍ വിളക്കും പന്തങ്ങളുമായി ഇവര്‍ കാവലിരിക്കുന്നു. വന്യജീവികളുടെ ഭീഷണിയെ തുടര്‍ന്ന് ഇന്ന് പലരും കൃഷിഉപേക്ഷിച്ചുകഴിഞ്ഞു. ഇതോടെ ഏക്കറുക്കണക്കിന് കൃഷിസ്ഥലമാണ് തരിശിട്ടുപോയത്.
രാവിലെ കുട്ടികളുമായി പുറത്തേക്കുപോവുന്ന ജീപ്പിനെ ആശ്രയിച്ചാണ് ഇവിടത്തുകാരുടെ ജീവിതം. അരിമേടിക്കുന്നതും മറ്റ് അവശ്യവസ്തുക്കള്‍ വാങ്ങുന്നതുമെല്ലാം ഈ ജീപ്പിന്‍റെ യാത്രയെ ആശ്രയിച്ചാണ്. ഇതിനിടയില്‍ എന്ത് അത്യാവശ്യം വന്നാലും പുറംലോകം കാണണമെങ്കില്‍ കയ്യില്‍ നിന്ന് ജീപ്പുകാരന്‍ പറയുന്ന വലിയതുക കൊടുക്കണം. കൊടുക്കാന്‍ തയ്യാറായാല്‍ തന്നെ ജീപ്പുകാരന്‍ വരാന്‍ തയ്യാറാകുമോ എന്നത് കണ്ടറിയണം.
ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ ആകെയുള്ളത് ഒരു ഏകാധ്യാപകവിദ്യാലയമാണ്. നാലാം ക്ലാസിലെ പഠനത്തിനുശേഷം പിന്നെ പഠിക്കണമെങ്കില്‍ പുറംലോകത്ത് പോകണം. അങ്ങനെപോയാല്‍ തന്നെ ബന്ധുവിന്‍റെയോ മറ്റോ വീട്ടില്‍ താമസിച്ച് വേണം പഠിക്കാന്‍. ആരും സ്വന്തം മക്കളെപോലെ ബന്ധുവിന്‍റെ ആയാലും മക്കളെ നോക്കില്ലെന്നതിനാല്‍ പലരും ഇവിടെനിന്ന് പുറത്ത്പോയി പഠിക്കാന്‍ മടിക്കുന്നു.
ഇനി കല്ല്യാണകാര്യം. കാട്ടിന്‍റെ നടുക്കില്‍ വന്യജീവികളുടെ ശല്യം സഹിച്ച് കഴിയുന്നിടത്തേക്ക് പെണ്ണുകൊടുക്കാനും പെണ്ണെടുക്കാനും ആരും തയ്യാറാകില്ല. അതിനാല്‍ തന്നെ ഈ ഗ്രാമങ്ങളില്‍ അവിവാഹിതരായ പെണ്‍കുട്ടികളുടെ എണ്ണം ഏറെയാണ്.
ഇത്തരം പ്രശ്നങ്ങള‍്‍കൊണ്ട്തന്നെ നൂല്‍പ്പുഴ പഞ്ചായത്തിലെ കുറിച്ച്യാട്, കൊട്ടങ്കര , അരകുഞ്ചി തുടങ്ങിയ ഗ്രാമങ്ങളില്‍ നിന്ന് നിരവധിപേരാണ് വീടും കൃഷിയു ഉപേക്ഷിച്ച് പാലായനം ചെയ്തത്. മക്കളുടെ ഭാവിയും സ്വന്തം സുരക്ഷയും ആര്‍ക്കാണ് ഒഴിവാക്കാനാവുക.?
നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യുടെ സ്വയം സന്നദ്ധപുനരധിവാസ പദ്ധതിപ്രകാരമാണ് ഇപ്പോള്‍ വീണ്ടും ഇവരുടെ പുറം ലോകത്തേക്കുള്ള യാത്രക്ക് വഴിയൊരുങ്ങുകയാണ്. പദ്ധതിയില്‍ രണ്ട് ഓപ്ഷനുകളാണ് ഉള്ളത്. 10 ലക്ഷം രൂപ വാങ്ങി സ്വയം ഒഴിഞ്ഞ് പോകുന്നതാണ് ഒന്നാമത്തേത്. പ്രായപൂര്‍ത്തിയായ ആണ്‍മക്കളേയും കല്ല്യാണം കഴിഞ്ഞിട്ടില്ലാത്ത പെണ്‍കുട്ടികളേയും അംഗവൈകല്യം ബാധിച്ചവരേയും വിധവകളേയും ഒരു യോഗ്യതകുടുംബമായി കണക്കാക്കും. 1335 കുടുംബങ്ങളിലായി 2485 യോഗ്യതകുടുംബമാണ് ഉള്ളത്. സ്ഥലം, വീട്, മറ്റുപ്രാഥമിക സൗകര്യങ്ങള്‍ എന്നിവ ഉറപ്പ് വരുത്തുന്നതാണ് രണ്ടാമത്തെ പാക്കേജ്. ഉത്തരേന്ത്യന്‍ മാനദണ്ഡം കണക്കാക്കിയാണ് പദ്ധതി തയ്യാറാക്കിയത് എന്നപരിമിതിയുണ്ടെങ്കിലും ഗതികെട്ട കര്‍ഷകര്‍ പദ്ധതിയെ അനുകൂലിച്ചിരിക്കുകയാണ്. കഴിഞ്ഞമൂന്ന് വര്‍ഷത്തിനിടയില്‍ ഭൂമിയുടേയും കെട്ടിടനിര്‍മാണ സാമഗ്രികളുടേയും വിലകൂടിയിട്ടുണ്ടെങ്കിലും 10 ലക്ഷം രൂപയില്‍ യാതൊരുവിധ വര്‍ദ്ധനവും നടപ്പിലാക്കിയിട്ടില്ല. റോക്കറ്റ് വേഗതയില്‍ ഭൂമിയുടെ വില വര്‍ദ്ധിക്കുന്ന വയനാടില്‍ പദ്ധതി ഉടന്‍നടപ്പാക്കിയില്ലെങ്കില്‍ കിടപ്പാടം എന്ന സ്വപ്നം തന്നെ അസാദ്ധ്യമാകുമെന്ന് ഇവര്‍ ഭയപ്പെടുന്നു. ആകെയുള്ള യോഗ്യതാകുടുംബങ്ങളില്‍ 2038 കുടുംബങ്ങള്‍ ആദ്യത്തെ ഓപ്ഷനും 447 കുടുംബങ്ങള്‍ രണ്ടാമത്തെ ഓപ്ഷനും തിരഞ്ഞെടുത്തിട്ടുണ്ട്..
KFRI ന്‍റെ റിപ്പോര്‍ട്ട് പ്രകാരം വന്യജീവികേന്ദത്തിനുള്ളിലെ മൊത്തം കൈവശമുള്ള 3304.22 ഏക്കര്‍ ഭൂമിയില്‍ 1700.97 ഏക്കര്‍ കൈവശഭൂമി പദ്ധതിനടപ്പായാല്‍ വനഭൂമിയായി മാറും. ഇത് ഈ സ്കീമിന്‍റെ മേന്‍മയാണ്. വനത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന സ്ഥാനം, മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷത്തിന്‍റെ രൂക്ഷത, വനത്തിന് കൂടുതലായി ലഭിക്കുന്ന ഭൂവിസ്തൃതി, സ്വയം സന്നദ്ധരായവരുടെ ശതമാനം ഇവ മാനദണ്ഡമാക്കിയാണ് ഗ്രാമങ്ങള്‍ തിരഞ്ഞെടുത്തത്. കുറിച്ച്യാട് റേഞ്ചിലെ കോളൂര്‍, കുറിച്ച്യാട്, അമ്മവയല്‍, എന്നീഗ്രാമങ്ങളും മുത്തങ്ങ റേഞ്ചിലെ പങ്കളം, കോളോട്, ചെട്ടിയാലത്തൂര്‍, ഗ്രാമങ്ങളും തോല്‍പ്പെട്ടി റേഞ്ചിലെ നരമാന്തിക്കൊല്ലി, ഈശ്വരന്‍കൊല്ലി ഗ്രാമങ്ങളുമാണ് ആദ്യഘട്ടപുനരധിവാസത്തിന് തെരഞ്ഞെടുത്തിട്ടുള്ളത്.
സമാധാനത്തോടെ ജീവിക്കാന്‍.
വളര്‍ന്നുവരുന്ന തലമുറയെങ്കിലും കാട്ടാനയുടേയോ പുലിയുടേയോ ആക്രമണം പേടിക്കാതെ
നന്നായി പഠിച്ച്, നല്ല നിലയില്‍ വിവാഹം ചെയ്ത് കഴിയണമെന്നത്.
ഇങ്ങനെ ഏതൊരുമനുഷ്യനേയും പോലെ ആഗ്രഹിക്കാന്‍ ഇവര്‍ക്കും അവകാശമുണ്ട്.
കാട് സംരക്ഷിക്കണം, വന്യമൃഗങ്ങളെ സംരക്ഷിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന
ഭരണകൂടം പക്ഷെ, ഇത്രനാളും ഇവരുടെ ആഗ്രഹത്തിന് ചെവികൊടുത്തിട്ടില്ല,
ഇനിയും വൈകിച്ചാല്‍ അത് ഇവരുടെ മാത്രമല്ല, വന്യമൃഗങ്ങളുടെപോലും
സ്വസ്തമായി ജീവിക്കാനുള്ള അവകാശത്തെയാണ് ഇല്ലാതാക്കുന്നത്.