തഞ്ചാവൂര്‍
ക്ഷേത്രങ്ങളുടെ സ്വന്തം നഗരം
ഒന്നര പതിറ്റാണ്ട് മനസ്സില്‍ താലോലിച്ച സ്വപ്നം സാക്ഷാത്ക്കരിക്കലായിരുന്നു എനിക്ക് ഈ ക്ഷേത്രനഗരിയിലേക്കുള്ള യാത്ര
ചെറിയഏതോ ക്ലാസില്‍ പഠിച്ച മുണ്ടശ്ശേരിമാഷുടെ ലേഖനം
അന്നേ എന്‍റെ മനസില്‍ തഞ്ചാവൂരിനെ വരച്ചിട്ടിരുന്നു.
പുലര്‍ച്ചെ 1.40 ന് പാലക്കാട് നിന്ന് ടീ ഗാര്‍ഡന്‍ എക്സ്പ്രസില്‍ കയറുമ്പോള്‍ മനസില്‍ നിറഞ്ഞ് നിന്നിരുന്നത്
ഓര്‍മയില്‍ നിന്ന് മാഞ്ഞുതുടങ്ങിയ പഴയ ആ പാഠഭാഗത്തിലെ വാക്കുകളും വിവരണവുമായിരുന്നു.
ട്രയിന്‍ ടിക്കറ്റ് അവസാനനിമിഷവും കണ്‍ഫോം അകാത്തതിലെ ആകുലതയേയും
കിട്ടിയ ചെറിയഇടത്തില്‍ അഡ്ജസ്റ്റ് ചെയ്ത് യാത്രചെയ്യുന്നതിന്‍റെ വിഷമവും
എല്ലാം ഒരുസുഖമുള്ള നൊമ്പരത്തിന് വഴിമാറുന്നത് ഞാനറിഞ്ഞു
കാരണം തഞ്ചാവൂര്‍ സമ്മാനിച്ചേക്കാവുന്ന മായാകാഴ്ച്ചകളെ നേരത്തെ കാണുന്ന തിരിക്കിലായിരുന്നു മനസ്സ്.
നേരം പുലര്‍ന്നപ്പോള്‍ മുതല്‍ റെയില്‍പാതയുടെ ഇരുഭാഗത്തുമുള്ള പാടശേഖരങ്ങളിലേക്ക് കണ്ണും നട്ടിരിക്കുകയായിരുന്നു ഞാന്‍.
കണ്ണെത്താതദൂരത്തോളം പരന്നുകിടക്കുന്ന തമിഴ്നാടിന്‍റെ നെല്ലറ.
അതിരാവിലെതന്നെ കര്‍ഷകര്‍ പാടത്തെത്തിക്കഴിഞ്ഞു.
നെല്‍ പാടങ്ങള്‍ വിളവെടുപ്പ് കഴിഞ്ഞെങ്കിലും ഒഴിച്ചിടാന്‍ തമിഴന് മടിയാണെന്ന് തോന്നുന്നു
പാടങ്ങളില്‍ പച്ചക്കറിയും കടലയുമെല്ലാം നട്ടിരിക്കുന്നു
ചിലയിടങ്ങളില്‍ ചോളവും
രാവിലെ തന്നെ വിത്ത് വിതക്കുന്നകര്‍ഷകകുടുംബവും
വെള്ളം തേവുന്നവരും നിലം ഉഴുതുമറിക്കുന്നവരുമെല്ലാം സജീവം
എന്നാല്‍ പണ്ടത്തെപോല കാളകളല്ല നിലം ഉഴുതുമറിക്കുന്നത്
മനുഷ്യനും മൃഗവുമെല്ലാം യന്ത്രങ്ങള്‍ക്ക് വഴിമാറിയിരിക്കുന്നു.
രാവിലെ 9 മണിയോടെ തീവണ്ടി തഞ്ചാവൂരിലെത്തി.
റെയില്‍വേസ്റ്റേഷന് പുറത്ത് സുഹൃത്ത് പ്രകാശ് എത്തിയിരുന്നു
തമിഴന്‍റെ സ്വന്തം വാഹനമായ ടി വി എസ് എക്സ് എലുമായി.
തമിഴന്‍റെ സ്വന്തം വാഹനമെന്ന് ഇതിനെ വിശേഷിപ്പിക്കുന്നത് ഒരിക്കലും തെറ്റല്ല
തമിഴ്നാടിന്‍റെ ഏത് മുക്കിലും കാണാം പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ ഈ കൊച്ചുചകടത്തെ....
കേരളീയര്‍ക്ക് ഒരുകാലത്ത് എം 80 എങ്ങനെയായിരുന്നുവോ
അതുപോലെയാണ് തമിഴന് tvs xl
നാം പുതിയമോഡല്‍ വാഹനം വന്നപ്പോള്‍ m 80 യെ തഴഞ്ഞെങ്കിലും തമിഴന് മാറ്റമില്ല.
അന്നും ഇന്നും എന്നുമവന്‍ tvs xl നുമേല്‍ തന്നെയാത്ര തുടരുന്നു...
റെയില്‍വേസ്റ്റേഷനില്‍ നിന്ന് പുറത്ത് വന്നപ്പോളാണ് ഒന്നുമനസിലാക്കിയത്
തഞ്ചാവൂരും ഏറെ മാറിയിരിക്കുന്നു
വലിയ നഗരമായി വളര്‍ന്നിരിക്കുന്നു.
എങ്ങും വാഹനങ്ങളുടെ ഇരമ്പിയുള്ള പായല്‍
അപ്പോഴാണ് ഞാനൊന്ന് തിരിച്ചറിഞ്ഞത്
പാടശേഖരങ്ങളില്‍ ഞാന്‍കണ്ട യന്ത്രവത്ക്കരണം തഞ്ചാവൂരിന്‍റെ
മുഴുവന്‍ മാറ്റത്തിന്‍റേയും മുന്നറിയിപ്പാണെന്ന്.
തഞ്ചാവൂരിലെ ബ്രാഹ്മണകുടുംബാംഗമാണ് പ്രാകാശന്‍
കൊച്ചിയിലെ ഒരു പ്രമുഖമാധ്യമത്തിന്‍റെ ന്യൂസ് ഫോട്ടോഗ്രാഫറും
കൊച്ചിയിലുള്ള കാലത്തെ പ്രകാശിനോട് പറഞ്ഞിരുന്നതാണ്
തഞ്ചാവൂരിലേക്ക് പോകാനുള്ള ആഗ്രഹം.
ഒടുവില്‍ അത് യാഥാര്‍ത്ഥ്യമായിരിക്കുന്നു.
കുടുംബത്തിലെ ഒരു സ്വകാര്യചടങ്ങിന് തഞ്ചാവൂരിലേക്ക് പോകുമ്പോള്‍
പ്രാകശന്‍ എന്നെയും കൂട്ടുകയായിരുന്നു.
ഞങ്ങള്‍ പ്രാകശിന്‍റെ വീട്ടിലെത്തുമ്പോള്‍ അവിടെ ബന്ധുക്കളുടെ ബഹളമായിരുന്നു.
വീട്ടിലെ ചടങ്ങിനെത്തിയവരായിരുനു എല്ലാവരും
പിന്നെ കുളികഴിഞ്ഞ് ഞാനും പ്രകാശും ക്യാമറയും തൂക്കി ഇറങ്ങി
നേരെ പോയത് തമിഴ്പത്രമായ ദിനമലറിന്‍റെ ഓഫീസിലേക്ക്
|
പ്രകാശന്‍ |
അവിടെ ദിനമലറിന്‍റെ മാര്‍ക്കറ്റിങ് ഹെഡ് മുത്തുകുമാരനെ കാണ്ടു.തഞ്ചാവൂരിലെ കാഴ്ച്ചകളെ കുറിച്ചും അവിടങ്ങളിലേക്കുള്ള ദൂരത്തേയും കുറിച്ച് അന്വേഷിക്കാനാണ് മുത്തുകുമാരനെ കാണാന്‍ചെന്നത്
മുത്തുകുമാരനും പറയാനുള്ളത് തഞ്ചാവൂരിന്‍റെ ക്ഷേത്രമഹിമയെകുറിച്ചാണ്
തഞ്ചാവൂരിലെ ക്ഷേത്രങ്ങളുടെ മഹിമ ഏറെ പറഞ്ഞുതന്നു മുത്തുകുമാരന്‍
മുത്തുകുമാരനൊപ്പം ഓരോ കാപ്പിയും കുടിച്ച് ഞാനും പ്രാകാശനും ഇറങ്ങി.
നേരെ തഞ്ചാവൂരിലെ പ്രശസ്തമായ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയത്തിലേക്ക്
തഞ്ചാവൂരിലെ കാഴ്ച്ചകളുടെ കെട്ട് മുന്നില്‍ അഴിയുകയായി
|
മ്യൂസിയം |
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശിലകള്‍, തഞ്ചാവൂരിന്‍റെ വിവിധഭാഗങ്ങളില്‍ നിന്ന് ഖനനം ചെയ്തെടുത്ത ശില്‍പങ്ങള്‍, പാത്രങ്ങള്‍, നാണയങ്ങള്‍...
അങ്ങനെ ചരിത്രത്തിന്‍റെ കയ്യൊപ്പുകള്‍ പേറുന്ന നിരവധി കാഴ്ച്ചവസ്തുക്കള്‍
മൂസിയമായി മാറിയകെട്ടിടത്തിനുമുണ്ട് ഒരു ചരിത്രം പറയുവാന്‍
പണ്ട് ചോളവംശത്തില്‍പെട്ട രാജാവിന്‍റെ കൊട്ടാരമായിരുന്നു ഈ മ്യൂസിയം
കൊട്ടാരത്തിലെ കൊത്തുപണികള്‍ ഇതിന് സാക്ഷ്യം പറയുന്നു.
കൊട്ടാരത്തിനോട് ചേര്‍ന്നുതന്നെയാണ് രാജാവിന്‍റെ സപത്നിമാരുടെ അന്തപുരവും
അന്തപുരത്തിന്‍റെ തലയുയര്‍ത്തിനില്‍ക്കുന്ന ഗോപുരം ഇന്ന് കമിതാക്കളുടെ കേന്ദ്രമാണ്
ചരിത്രത്തിന്‍റെ തിരുശേഷിപ്പ് കാണാന്‍ എത്തുന്നവരേക്കാള്‍ അന്തപുരത്തിന്‍റെ
ഇടനാഴിയിലെത്തുന്നത് ഇണപ്രാവുകളാവാന്‍ കൊതിക്കുന്ന പ്രണയിതാക്കളാണ്
ഒന്നു രണ്ട് ഇണക്കുരുവികളെ മൂസിയത്തിനുമുകളില്‍ നിന്ന് കണിച്ചുതരുമ്പോള്‍
മനസ്സിലൂടെ ഓടിപോയത് “കഷ്ടം” എന്നമലയാള വാചകമാണ്.
കൊട്ടാരത്തിന്‍റെ, ഇന്നത്തെ മൂസിയത്തിന്‍റെ, ഗോപുരത്തിലേക്ക് കയറുവാന്‍
ചെറിയ ഗോവണിയുണ്ട്.
കഷ്ടിച്ച് ഒരാള്‍ക്ക് കടന്നുപോകുവാന്‍ മാത്രം കഴിയുന്ന ഗോവണി.
ഓരോ നിലയും കയറിപോകുമ്പോഴും കാണാന്‍ നിരവധി കാഴ്ച്ചകള്‍ ഈ കൊട്ടാരപ്പുറത്തുണ്ട്. തിമിംഗലത്തിന്‍റെ അസ്ഥികൂടവും, ഭിത്തിയില്‍ കൊത്തിയിരിക്കുന്ന താമരയും
പിന്നെ ജാലകത്തിലൂടെ പുറത്തേക്കുനോക്കുമ്പോള്‍ കാട്പിടിച്ച് കിടക്കുന്ന
ഒരു പഴയക്ഷേത്രവും കാണാം.
മുകളിലത്തെ നിലയിലയില്‍ എത്തിയപ്പോള്‍ തഞ്ചാവൂരിന്‍റെ യശസ് വാനോളമെത്തിച്ച ബൃഹദീശ്വരക്ഷേത്രം കണ്ടു
1000 വര്‍ഷത്തിന്‍റെ ചരിത്രവും തലയെടുപ്പുംപേറി നില്‍ക്കുന്നു ബൃഹദീശ്വരന്‍
കൊട്ടാരക്കെട്ടിലെ ചരിത്രകാഴ്ച്ചകള്‍ കണ്ട് പുറത്തിറങ്ങിയപ്പോള്‍
വശത്തായി ഒരു വലിയ പ്രതിമ, കറ്റയുമായി പോകുന്ന കര്‍ഷകന്‍റേത്
തഞ്ചാവൂരിന്‍റെ സ്വന്തം പ്രതിമായാണെന്ന് പ്രകാശന്‍ പറഞ്ഞുതന്നു
|
ക്ഷീണിച്ച കര്‍ഷകന്‍-ഫോട്ടോ പ്രകാശന്‍ |
കര്‍ഷകന്‍റെ സ്വന്തം ഭൂമികയായ തഞ്ചാവൂരിന് ചേരുന്ന ചിഹ്നംതന്നെപിന്നാലെ തനിക്ക് പ്രതിമയുടെ കീഴില്‍ നിന്ന് ലഭിച്ച ഒരു മികച്ച ഫോട്ടോയുടെ കഥയും പ്രകാശന്‍ പറഞ്ഞു
പ്രതിമയ്ക്ക താഴെകിടന്ന് മയങ്ങുകയായിരുന്ന ഒരുകര്‍ഷകന്‍റെ പടം ക്യാമറയിലേക്ക് പകര്‍ത്തിയ കഥ
പിന്നീട് ആ പടം “കര്‍ഷകപ്രതിമയ്ക്ക് താഴെ ക്ഷീണിച്ച കര്‍ഷകന്‍” എന്നതലക്കെട്ടോടെ ഹിന്ദു അടക്കമുള്ള പത്രത്തില്‍ അച്ചടിച്ചുവന്നു.
കൊട്ടാരത്തിന് നേരെ മുന്നിലാണ് തമിഴ്നാടിന്‍റെ സ്വന്തം കരകൗശലവസ്തുക്കള്‍
വില്‍ക്കുന്ന കട
അങ്ങോട്ടേക്ക് കയറുമ്പോഴേ നമ്മെ സ്വീകരിക്കുനാരിക്കുന്നത്
തഞ്ചാവൂര്‍ പാട്ടിയും താത്തയുമാണ്
അറിയില്ലേ ഒന്നുതൊട്ടാല്‍ തലയാട്ടിക്കൊണ്ടേയിരിക്കുന്ന കുടവയറന്‍ പട്ടരേയും
മുറുക്കാന്‍ ഇടിച്ചുകൊണ്ടിരിക്കുന്ന അമ്മൂമയേയും...?
|
തഞ്ചാവൂര്‍ പാട്ടിയും താത്തയും |
ആ പ്രതിമകളുടെ ചുവടുപിടിച്ച് നിരവധിയുണ്ടായെങ്കിലും ഇവയെ വെല്ലാന്‍ ഒന്നിനുമാവില്ല..
ഇനി തഞ്ചാവൂരിന്‍റെ തിരക്കിലേക്ക്
തഞ്ചാവൂര്‍ മാര്‍ക്കറ്റില്‍ എപ്പോളും തിരക്കാണ്.
നഗരത്തിന്‍റെ നടുവില്‍തന്നെയാണ് തഞ്ചാവൂരിലെ മാര്‍ക്കറ്റ്
നിരവധി ഭാഗങ്ങളായി വേര്‍തിരിച്ചിരിക്കുകയാണ് മാര്‍ക്കറ്റ്
മാര്‍ക്കറ്റിലേക്ക് കയറിചെല്ലുമ്പോളേ നമ്മെ വരവേല്‍ക്കുന്നത്
പൂക്കളും പൂജാസാധനങ്ങളും വില്‍ക്കുന്ന കടകളാണ്
ക്ഷേത്രനഗരിയില്‍ ഇവയ്ക്കാണ് ഏറ്റവും കൂടുതല്‍ ആവശ്യക്കാര്‍.
മാര്‍ക്കറ്റിന്‍റെ ഒരു ഭാഗത്ത് പച്ചക്കറിക്കായിമാത്രമുള്ള കടകള്‍
മറ്റൊരുഭാഗത്ത് ബേക്കറിസാധനങ്ങള്‍
പിന്നെ നെയ്യും മോരും തൈരുമെല്ലാം വില്‍ക്കുന്ന കടകള്‍
മാര്‍ക്കറ്റിങ്ങിന്‍റെ ചിലമൂലകളില്‍ സംഭാരവുമായും
ഭക്ഷണപൊതിയുമായി ഇരിക്കുന്നവരേയും കാണാം...
മാര്‍ക്കറ്റിലെ കാഴ്ച്ചകള്‍ കണ്ട്തീര്‍ന്നപ്പോളേക്കും സമയം ഒന്നരകഴിഞ്ഞിരുന്നു.
ഇനി നേരെവീട്ടിലേക്ക്, ഉച്ചഭക്ഷണം കഴിഞ്ഞ് ഒരുചെറിയമയക്കം
ഉച്ചമയക്കത്തിന് ശേഷം മൂന്ന് മണിയോടെ ബൃഹദീശ്വരക്ഷേത്രം കാണാന്‍ പോകാനായിരുന്നു പദ്ധതി.
എന്നാല്‍ ഉറക്കമെഴുന്നേറ്റപ്പോഴേക്കും നേരം 5 ആയി.
പിന്നെ ബൃഹദീശ്വരനെ കാണാനുള്ള തത്രപ്പാട്.....
.
വാനോളം തലയുയര്‍ത്തി നില്‍ക്കുന്ന ബൃഹദീശ്വരന്‍റെ മുന്നില്‍
തലകുനിച്ച് വിനീതനായി അല്ലാതെ ആര്‍ക്കും നില്‍ക്കാനാവില്ല.
കഴിഞ്ഞ ആയിരം വര്‍ഷമായി ചരിത്രത്തിന്‍റെ പ്രയാണം കണ്ടും കേട്ടും ബൃഹദീശ്വരന്‍ ഇങ്ങനെ നില്‍ക്കുന്നു.
തമിഴന്‍ പെരിയകോവിലെന്ന് അഭിമാനത്തോടെ വിളിക്കുന്ന ഈ ശിലാവിസ്മയം
|
ബൃഹദീശ്വരക്ഷേത്രം |
ആര്‍ക്കും സമ്മാനിക്കുക ആനന്ദവും അത്ഭുതവുമാണ്.
കരിങ്കല്ലിന്‍റെ കാഠിന്യത്തെ മനകണക്കുകൊണ്ടും കഴിവുകൊണ്ടും സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ കീഴടക്കിയ വിശ്വപെരുന്തച്ചന്‍മാരെ മനസ്സാവണങ്ങാതെ
ബൃഹദീശ്വരന്‍റെ സന്നിധിയിലേക്ക് പാദമൂന്നുന്നത് അനാദരവാണ്.
കളിമണ്ണില്‍ ശില്‍പം തീര്‍ക്കുന്ന ലാഘവത്തോടെ കരിങ്കല്ലിനെ ശില്‍പമാക്കി മാറ്റിയ തച്ചന്‍മാര്‍ക്ക് മുന്നില്‍, അവരുടെ അറിവിന് മുന്നില്‍
ആധുനികകാലത്തെ സാങ്കേതികവിദഗ്ധര്‍ പോലും ഒന്നുമല്ല,.
ദ്രാവിഡ ശില്‍പബോധത്തിന്‍റെ ഉത്തമമാതൃകയായ പെരിയകോവിലിനെ
അത്ഭുതം നിറഞ്ഞകണ്ണുകൊണ്ടെ ഏതൊരുവനും നോക്കികാണാനാവു.
|
കേരളാന്തകന്‍ വാതില്‍ |
തെക്കന്‍കേരളത്തിലേക്കുള്ള രാജരാജചോളന്‍റെ പടയോട്ടത്തിന്‍റെ ഓര്‍മപുതുക്കി നില്‍ക്കുന്ന കേരളാന്തകന്‍ വാതില്‍ കടന്ന് പെരിയകോവിലേക്ക് പ്രവേശിക്കുമ്പോള്‍ തുടങ്ങുകയാണ് അത്ഭുതങ്ങളുടെ,
കാഴ്ച്ചകളുടെ മായാപ്രപഞ്ചം
തഞ്ചാവൂരിന്‍റെ മണ്ണിലൊരിടത്തും കരിങ്കല്ലിന്‍റെ നേരിയസാനിധ്യംപോലും ഇല്ല
നദീസാമിപ്യംകൊണ്ട് ഭദ്രയെന്നും നിരപ്പായ സ്ഥലമായതിനാല്‍ സുപദ്മയെന്നും പേരുള്ള മണ്ണാണ് ഇത്.
മൃദുവായപശിമമണ്ണ് നിറഞ്ഞപ്രദേശം
ഇവിടേക്ക് കാതങ്ങള്‍ക്കപ്പുറത്തുള്ള പെരമ്പലൂരിലേയും തിരുവെരുമ്പൂരിലേയും പാറമടകളില്‍ നിന്നാണ് രാജരാജചോളന്‍റെ സ്ഥപതികളും തച്ചന്‍മാരും കല്ലുകളെത്തിച്ചത്.
അതും ക്രെയിനും കപ്പിയുമൊന്നുമില്ലാത്ത അതിപുരാതനകാലത്ത്...!!!
എങ്ങനെയാണ് ആധുനികഎഞ്ചിനീയറിങ്ങിനെ ആശ്ചര്യപ്പെടുത്തുംവിധം
അന്നത്തെ തച്ചന്‍മാര്‍ സുന്ദരശില്‍പങ്ങളും മറ്റും കൊത്തി ഈ ക്ഷേത്രസമുച്ചയം കെട്ടിപടുത്തത്?
കഥകളും മറ്റും പലതുണ്ടെങ്കിലും ചോദ്യങ്ങള്‍ക്ക് ഇന്നും കൃത്യമായഉത്തരമില്ല
|
പുരാലിഖിതം |
ക്ഷേത്രഭിത്തികളിലെ പുരാലിഖിതങ്ങള്‍ക്കും ഇതിന്‍റെ നിര്‍മാണരഹസ്യം വെളുപ്പെടുത്താനുമായിട്ടില്ല.
ഇനി ബൃഹദീശ്വരക്ഷേത്രത്തിന്‍റെ ചരിത്രത്തിലേക്ക്
ഒന്‍പതാം നൂറ്റാണ്ടിലാണ് ചോളരാജവംശം ആരംഭിച്ചത്.
ചോളവംശത്തിലെ പ്രഗത്ഭനായ
രാജരാജചോളനാണ് പത്താം നൂറ്റാണ്ടില്‍ തഞ്ചാവൂര്‍ കേന്ദ്രമാക്കി
ചോളവംശത്തെ ശക്തി പുനസ്ഥാപിച്ചത് എന്ന് ചരിത്രം രേഖപ്പെടുത്തുന്നു.
ആ രാജരാജചോളന്‍റെ വെന്നികൊടിയുടെ അടയാളമാണ് ബൃഹദീശ്വരക്ഷേത്രം
അരുണ്‍മൊഴിവര്‍മന്‍ എന്നായിരുന്നു രാജരാജചോളന്‍റെ യഥാര്‍ത്ഥപേര്.
തിരുവനന്തപുരം വരെ പടനയിച്ചെത്തിയ രാജരാജചോളന്‍ മറ്റ് ദ്രാവിഡദേശങ്ങളും ശ്രീലങ്കയും മാലിദ്വീപും കീഴടക്കി.
ആ വിജയങ്ങളുടെ നിത്യസ്മാരകമായാണത്രെ ആ പെരുമാള്‍ ഈ ക്ഷേത്രം നിര്‍മിച്ചത്
1003 ലാണ് ബൃഹദീശ്വരക്ഷേത്രത്തിന്‍റെ നിര്‍മാണം ആരംഭിച്ചത്
40,000 ടണ്‍ കരിങ്കല്ല് ഉപയോഗിച്ചായിരുന്നു നിര്‍മാണമെന്ന് കണക്കുകള്‍.
7 വര്‍ഷം നീണ്ട നിര്‍മാണപ്രവര്‍ത്തനത്തിനൊടുവില്‍ 1010 ല്‍ പൂര്‍ത്തിയാക്കി.
അതായത് കൃത്യം 1000 വര്‍ഷം മുമ്പ്..
ഗംഭീരമായ പ്രവേശനകവാടവും ചുറ്റുമതിലുകളും ചുറ്റുമണ്ഡപവും മണിമണ്ഡപവും മഹാലിംഗപ്രതിഷ്ടയും ഉത്തുംഗവിമാനവുമല്ലാം അടങ്ങുന്ന ക്ഷേത്രസമുച്ചയമാണ് ബ്രഹദീശ്വരം
പെരുവുടയാര്‍ കോവിലെന്നും രാജരാജേശ്വരമെന്നും മറുപേരുകള്‍ ഉണ്ട് ഇതിന്.
കവാടം കടന്നെത്തുമ്പോള്‍ തന്നെ ശിവലിംഗത്തിന് അഭിമുഖമായി നില്‍ക്കുന്ന നന്ദിയെകാണാം.
ഞങ്ങള്‍ചെന്നത് പ്രദേഷദിനത്തിലായതിനാല്‍ നന്ദിക്ക് പാലഭിഷേകം നടക്കുകയായിരുന്നു
വിശേഷദിവസങ്ങളില്‍ മാത്രമാണത്രേ ഈ പ്രത്യേകവഴിപാട് നടത്തുക.
നന്ദിയെ പ്രതിഷ്ടിച്ചിരിക്കുന്ന മണ്ഡപത്തിനുമുന്നില്‍ ഭക്തരുടെ വലിയതിരക്കാണ്.
ഒരോ കുടം പാലം നന്ദിക്കുമോല്‍ അഭിഷേകംചെയ്യുമ്പോള്‍
ഭക്തര്‍ കയ്യിലെ പേപ്പറില്‍ “ഓം നമ ശിവായ” എന്നെഴുതുകയാണ്.
നന്ദിയുടെ പാലഭിഷേകം കഴിഞ്ഞശേഷം മാത്രമായിരുന്നു ശിവനെ വണങ്ങാന്‍ അനുമതി,
ഞാനും പ്രകാശനും ക്ഷേത്രത്തിനുചുറ്റും ഫോട്ടോയും വീഡിയോയും പകര്‍ത്തി കാഴച്ചകളും ആസ്വദിച്ചു നടന്നു.
ക്ഷേത്രത്തിലെത്തിയ ഒരു ജാപ്പനീസ് സംഘം അമ്പലത്തിന്‍റെ വശത്ത് നിന്ന് ശിവസ്തുതി പാടാന്‍ തുടങ്ങിയത് ഞങ്ങളെ വല്ലാതെ അത്ഭുതപ്പെടുത്തി
ശിവസ്തുതി പാടിയശേഷം ക്യമാറയുമായി നടക്കുന്നത് കണ്ടുകൊണ്ടാവണം
അവര്‍ വന്നെ ഞങ്ങളെ പരിചയപ്പെട്ടു
ജപ്പാനില്‍ നിന്നുള്ള യോഗാ വിദ്യാര്‍ത്ഥികളും അദ്ധ്യാപകനുമാണ്.
കഴിഞ്ഞദിവസം കൊച്ചിയില്‍ വച്ച് ദലൈ ലാമയുമായി സംസാരിക്കാന്‍ ആയതിന്‍റെ സന്തോഷത്തിലായിരുന്നു സംഘം
ഞങ്ങള്‍ക്കൊപ്പം നിന്ന് ഫോട്ടോയുമെടുത്തശേഷമാണ് സംഘം മടങ്ങിയത്.
നിരവധി വിശേഷണങ്ങള്‍ക്ക് അര്‍ഹമാണ് ഈ മഹാക്ഷേത്രം
യുനസ്കോയുടെ ലോകപൈതൃകപട്ടികയില്‍ ഇടംനേടിയകേന്ദ്രം
പൂര്‍ണമായും കരിങ്കല്ലില്‍ പണിതീര്‍ത്ത ലോകത്തിലെ ആദ്യത്തെ ക്ഷേത്രം
|
ബൃഹദീശ്വരം - ഒരു രാത്രിക്കാഴ്ച്ച |
ലോകത്തിലെ ഏറ്റവും വലിയവിമാനം (ക്ഷേത്രഗോപുരം) ബൃഹദീശ്വരന്‍റേതാണ്
പടിഞ്ഞാറ് നിന്ന് കിഴക്കോട് നേര്‍ രേഖയില്‍ വരുന്ന 3 സമചതുരങ്ങളാണ്
ബൃഹദീശ്വരക്ഷേത്രത്തിന്‍റേത്.
കിഴക്കേചതുരത്തിലായി പ്രവേശനകാവടവും മധ്യചതുരത്തില്‍ നന്ദിയും
പടിഞ്ഞാറേയറ്റത്തുള്ള സമചതുരത്തിലായി ക്ഷേത്രവും
അതിന്‍റെ മധ്യഭാഗത്തായി ശിവലിംഗവും സ്ഥിതിചെയ്യുന്നു.
അതിനുമീതേയാണ് ആകാശത്തേക്കുയരുന്ന ഗോപുരം .
ഏകദേശം 4 മീറ്ററോളം ഉയരമുണ്ട് ശിവലിംഗത്തിന്
നര്‍മദതാഴ്വരയില്‍ നിന്നാണത്രേ ശിവലിംഗത്തിനുള്ള ശില
രാജരാജചോളന്‍ കൊണ്ടുവന്നത്.
ക്ഷേത്രകവാടത്തേകാള്‍ വലിയ ലിംഗം സ്ഥാപിച്ചശേഷമായിരുന്നുവത്രേ ചുമരുകളും ഗോപുരവുമെല്ലാം പണിതത്.
ശ്രീകോവിലിന് മുകളിലായാണ് ദ്രാവിഡശില്‍പചാരുതയുടെ ഉദാത്തഉദാഹരണമായ വിമാനം നിലകൊള്ളുന്നത്.
13 നിലകളുണ്ട് ഈ ഉത്തുംഗവിമാനത്തിന്
59.40 മീറ്റര്‍ നീളമുള്ള വിമാനത്തിന്‍റെ മുകള്‍ഭാഗം വൃത്താകൃതിയിലാണ്..
വിമാനത്തിന്‍റെ ഒന്നാം നിലയില്‍ ഇരുട്ടുനിറഞ്ഞ ഇടനാഴിയില്‍
നാട്യശാസ്ത്രത്തിലെ 108 കരണങ്ങളില്‍ 81 എണ്ണം കൊത്തിയിവെച്ചിട്ടുണ്ട് എന്ന് വായിച്ചറിഞ്ഞിട്ടുണ്ട്
ശേഷിക്കുന്നവ കൊത്തുന്നതിനായി കല്‍പാളികള്‍ ഒഴിച്ചിട്ടിട്ടുമുണ്ടത്രേ..
വിമാനത്തിന്‍റെ ഉള്‍ഭാഗം പൊള്ളയാണ്
നിശബ്ദതയും ഇരുട്ടും കട്ടപിടിച്ചിരിക്കുന്ന ആ ഭിത്തിയില്‍ ഏത്ശബ്ദവും
|
ലേകത്തിലെ ഏറ്റവും വലിയക്ഷേത്രഗോപുരമാണ് ബൃഹദീശ്വരക്ഷേത്രത്തിലേത് |
വ്യത്യസ്തകോണുകളില്‍ തട്ടി സംഗീതമായി പ്രതിധ്വനിക്കും...!!!!!
ബ്രഹ്മരന്ധ്രമെന്ന ആ ഉള്‍ക്കുഴലിനെ 13 -ാമത്തെ നിലയില്‍
ഒരു കൂറ്റന് ആണിക്കല്ല് കൊണ്ട് അടച്ചിരിക്കുന്നു.
ആറാം നിലമുതല്‍ വിമാനത്തിന്‍റെ വ്യാപ്തി കുറച്ച് കൊണ്ടുവന്നാണ്
പെരുന്തച്ചന്‍മാര്‍ ഗോപുരത്തിന്‍റെ മുകള്‍ഭാഗം വൃത്താകൃതിയിലാക്കിയത്.
വിമാനത്തിന്‍റെ മുകളറ്റത്ത് രാജരാജചോളന്‍ സ്ഥാപിച്ച സ്വര്‍ണപൊതിഞ്ഞ കലശം ഇന്നില്ല
പില്‍ക്കാലത്തെ അധിനിവേശക്കാര്‍ അത് കൊണ്ടുപോയി
പിന്നീട് ചെമ്പ് കൊണ്ടചുള്ള കലശമാണ് സ്ഥാപിച്ചത്
ശിവലിംഗത്തേക്കാള്‍ 15 ഇരട്ടിവലിപ്പമുണ്ട് ഈ വിമാനത്തിന്
ബൃഹദീശ്വരം എന്നും അതിന്‍റെ പ്രൗഢയില്‍ നിലനിന്നിരുന്നില്ല
അധിനിവേശക്കാര്‍ പലപ്പോഴായി ബൃഹദീശ്വരനെ കയ്യടക്കിവെച്ചപ്പോള്‍ ബൃഹദീശ്വരന്‍റെ കണ്ടകശനിയും ആരംഭിച്ചു.
ഫ്രഞ്ച്, ബ്രിട്ടീഷ് ശക്തികള്‍ തഞ്ചാവൂര്‍ കയ്യടക്കിവെച്ചപ്പോള്‍
ക്ഷേത്രത്തിന്‍റെ പതനം ആരംഭിച്ചു
ക്ഷേത്രത്തെ ആയുധപ്പുരയാക്കിയ ബ്രിട്ടീഷുകാര്‍ പീരങ്കി ഉപയോഗിച്ച് പലഭാഗങ്ങളും മണ്ഡപങ്ങളും വെടിവെച്ച് തകര്‍ത്തിരുന്നു
തിരുച്ചിറപ്പള്ളിയിലെ പ്രസിദ്ധമായ കല്ലണ കെട്ടിയതും ക്ഷേത്രമതിലും മണ്ഡപങ്ങളും പൊളിച്ചായിരുന്നു
ഇരുപതാംനൂറ്റാണ്ടിന്‍റെ ആദ്യദശകങ്ങളില്‍ നാശാവസ്ഥയിലായ ക്ഷേത്രം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലായതോടയൊണ്
ഇന്നത്തെ അവസ്ഥയിലേക്ക് എത്തിയത്.
പില്‍ക്കാലത്ത് ബൃഹദേശ്വരന്‍റെ മാതൃകയില്‍ രാജരാജചോളന്‍റെ മകന്‍ രാജേന്ദ്രചോളന്‍ ഗംഗൈക്കൊണ്ടചോളപുരത്തും ഒരു ക്ഷേത്രവും പണിതു.
വളരെ വിചിത്രമായ മറ്റൊന്നുകൂടി ബൃഹദീശ്വരത്ത് വച്ച് കണ്ടു
പൂജയ്ക്ക് ശേഷം ശിവലിംഗവും ചുമന്ന് ഒരു നഗരപ്രദക്ഷണം
നഗരപ്രദക്ഷിണം എന്നുപറഞ്ഞാല്‍ ബൃഹദീശ്വരക്ഷേത്രത്തിന് പുറത്തെ കച്ചവടക്കാര്‍ക്കിടയില്‍ വരെ പോവും
ഇതിലെ ഏറ്റവും വലിയ സവിശേഷത എന്തെന്നാല്‍ വിഗ്രഹം ചുമന്നുകൊണ്ടുപോവുന്നത് നമ്മുടെ നാട്ടിലെപോലെ ശാന്തിക്കാരല്ല,
മറിച്ച് നാട്ടുകാരാണ്.
ഇവിടെ തൊട്ടുകൂടായ്മയുമില്ല അശുദ്ധിയുമില്ല
ക്ഷേത്രത്തില്‍ തൊഴുത് “പത്തുരൂപ പ്രസാദവും” വാങ്ങി പുറത്ത് വന്നു.
ഈ പത്തുരൂപ പ്രസാദം എന്താണെന്നല്ലേ?
10 രൂപ തരുന്ന ഭക്തന് പൂജാരിനല്‍കുന്ന ഒരു പാക്കറ്റ് ഭസ്മവും പൂവും
ഇവ പോലും സ്പോണ്‍സേഡാണ്
പ്രകാശന്‍ അപ്പോളാണ് ഒരു കാര്യം ചൂണ്ടികാണിച്ചത്
അവര്‍ ചൊല്ലുന്നത് മന്ത്രമല്ല, മറിച്ച് “പത്തുരൂപ പ്രസാദം....പത്തുരൂപ പ്രസാദം”എന്നാണെന്ന്...!!!
രാത്രി ഏറെ വൈകുംവരെയും ബൃഹദീശ്വരന്‍റെ മുന്നില്‍ ഭക്തരുടെ നിരയാണ്
ക്ഷേത്രത്തിലെ പുല്‍തകിടിയിലുമുണ്ട് നിരവധിപേര്‍
കുട്ടികള്‍ പുല്‍തകിടിയില്‍ ഓടിനടക്കുന്നു, കളിക്കുന്നു
പക്ഷെ, ഏറെ അരോചകമായി തോന്നിയചിലതും ഇവിടെകാണാം
ക്ഷേത്രത്തിലിരുന്ന് ഭക്ഷണം കഴിച്ച് അവശിഷ്ടം അവിടെതന്നെ ഉപേക്ഷിക്കുന്നവര്‍
ഇത് നിയന്ത്രിക്കാന്‍ യാതൊരുവിധ സംവിധാനവും ഇല്ലഎന്നത് വേദനാജനകം തന്നെ.
ബൃഹദീശ്വരനോട് യാത്രപറഞ്ഞിറങ്ങിയത് ബൃഹദീശ്വരനില്‍ ഇനിയും കാണാനിരിക്കുന്ന വിസ്മയങ്ങള്‍ പിന്നീട് ഒരിക്കല്‍ കാണാമെന്ന പ്രതീക്ഷയിലാണ്...
രണ്ടാം ദിവസം തിരുക്കടയൂര്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്താനായിരുന്നു പദ്ധതി
തഞ്ചാവൂരില്‍ നിന്ന് തിരുക്കടയൂരിലേക്ക് 60 കിലോമീറ്റര്‍ ദൂരമുള്ളതായി
നേരത്തെ തന്നെ ചോദിച്ചറിഞ്ഞിരുന്നു.
അതിനാല്‍ തന്നെ രാവിലെ നേരത്തെ പുറപ്പെട്ടു.
കുംഭകോണത്ത് ചെന്നിട്ടുവേണം തിരുക്കടയൂരിലേക്ക് പോകാന്‍
തഞ്ചാവൂരില്‍നിന്ന് ഒന്നരമണിക്കൂര്‍ നേരത്തെയാത്രയുണ്ടായിരുന്നു കുംഭകോണത്തേക്ക്
അവിടെചെന്ന് തിരുക്കടയൂരിലേക്കുള്ള ബസ്സ് അന്വേഷിച്ചപ്പോഴാണ്
സത്യാവസ്ഥ അറിഞ്ഞത്.
തിരുക്കടയൂരിലേക്ക് കുംഭകോണത്ത് നിന്ന് മാത്രം 72 കിലോമീറ്റര്‍ ദൂരം!!!
പോവുകയാണെങ്കില്‍ വൈകുന്നേരത്തെ ട്രയിനിന്‍റെ സമയത്ത് തിരിച്ചെത്താന്‍ കഴിയില്ല
അതിനാല്‍ ഇനിയെന്ത് എന്ന ആശങ്കയിലായി ഞാനും പ്രകാശനും
സമീപത്തെ പ്രധാനസ്ഥലങ്ങളെല്ലാം വളരെ ദൂരയാണെന്ന് ബസ്സ് സ്റ്റാന്‍ഡിലെ പോലീസ്കാരില്‍ നിന്ന് മനസിലാക്കി
ഒടുവില്‍ കുംഭകോണത്തെ അമ്പലങ്ങളില്‍ കയറി ഇറങ്ങാമെന്നതീരുമാനത്തിലെത്തി
അതിനായി ബസ്സ് സ്റ്റാന്‍റില്‍ നിന്ന് പുറത്തേക്കിറങ്ങിയപ്പോളാണ്
സൂര്യനാര്‍ കോവിലിലേക്കുള്ള സൈന്‍ ബോര്‍ഡ് ശ്രദ്ധയില്‍പെട്ടത്
കുംഭകോണത്ത് നിന്ന് സൂര്യനാര്‍ കോവിലിലേക്ക് വെറും 18 കിലോമീറ്റര്‍ മാത്രം
സൂര്യനാര്‍ കോവിലിനെ കുറിച്ച് ഏറെ കേട്ടിരുന്നു
ഇന്ത്യയില്‍ ആകെ രണ്ട് അമ്പലം മാത്രമാണ് സൂര്യഭഗവാനായി ഉള്ളത്
ഒന്ന് കോണാര്‍ക്കിലെ സൂര്യക്ഷേത്രവും മറ്റേത് കുംഭകോണത്തേതും
ബസ്സുകിട്ടി സൂര്യനാര്‍ കോവിലിലെത്തുമ്പോളേക്കും സമയം 12.30 ആയിരുന്നു
ബസ്സ് സ്റ്റാന്‍ഡില്‍ വച്ച് വഴിചോദിച്ച ടാക്സി ഡ്രൈവര്‍ പറഞ്ഞിരുന്നു
അമ്പലം 1 മണിയോടെ അടയ്ക്കുമെന്ന്
|
സൂര്യനാര്‍ കോവില്‍ |
അവിടെയെത്തുമ്പോള്‍ എന്തോ പൂജ നടക്കുകയായിരുന്നു
കുറച്ചുനേരം അമ്പലത്തിനുചുറ്റും കറങ്ങികണ്ടു
നവഗ്രഹങ്ങളെ ഒരു മണ്ഡപത്തില്‍ ഒതുക്കി ചുറ്റുവേലികൊണ്ടും മറ്റുംകെട്ടി സൂക്ഷിച്ചിരിക്കുന്ന അമ്പലങ്ങള്‍ മാത്രമേ ഞാന്‍ കണ്ടിരുന്നുള്ളു
എന്നാല്‍ സൂര്യനാര്‍ കോവിലില്‍ എത്തിയപ്പോള്‍ സ്ഥിതിമാറി
ഇവിടെ എല്ലാ ഗ്രഹങ്ങള്‍ക്കും വെവ്വേറെ അമ്പലങ്ങള്‍
സൂര്യന് ചുറ്റും കറങ്ങികൊണ്ടിരിക്കുന്ന ഗ്രഹങ്ങള്‍ക്കും നക്ഷത്രത്തിനും ഇരിക്കാന്‍ സൂര്യനു ചുറ്റുമായി സ്വന്തമായി ഇരിപ്പിടം
ദ്രാവിഡസംസ്ക്കാരത്തിലൂന്നിയുള്ള കൊത്തുപണികള്‍ തന്നെയാണ് സൂര്യനാര്‍ കോവിലിലെ മൂന്ന് നിലയുള്ള കമാനത്തിലുമുള്ളത്
എ ഡി 1078 മുതല്‍ 1120 വരെ ചോളരാജവംശത്തില്‍ ഭരണം നടത്തിയ
മുതല്‍ കുലോത്തമനാണ് ഈ ക്ഷേത്രം നിര്‍മിച്ചത്
ഇത് ക്ഷേത്രത്തിലെ കല്‍ഭിത്തിയില്‍ രേഖപ്പെടുത്തയിരിക്കുന്നുണ്ട്
എന്നാല്‍ ക്ഷേത്രത്തിന്‍റെ നിര്‍മ്മാണം എന്ന് തുടങ്ങിയെന്നോ എന്ന് പൂര്‍ത്തിയാക്കിയെന്നോ ഇതുവരേയും കണ്ടെത്തിയിട്ടില്ല.
അകത്ത് കയറി സൂര്യഭഗവാനെ കാണാനായി ക്യൂവില്‍ ഞങ്ങള്‍ നിന്നു
ക്യൂവില്‍ നില്‍ക്കുന്നവരെല്ലാം തന്നെ പ്രായമായവരായിരുന്നു
അതിനിടയില്‍ ക്യൂവില്‍ നിന്ന തെലുങ്കന്‍
അമ്പലത്തില്‍ പ്രദക്ഷിണം വെക്കുന്നപ്രായമായവര്‍ നിങ്ങളുടെ കൂട്ടത്തിലുള്ളവരാണോ എന്ന് തിരക്കി
അല്ലെന്ന് പറഞ്ഞപ്പോള്‍ അവരില്‍ നിന്ന് ലഭിച്ച പ്രതികരണം അല്‍പം അമ്പരപ്പിക്കുന്നതും ചിരിപ്പിക്കുന്നതുമായിരുന്നു
പിന്നെ ഇത്ര ചെറുപ്പത്തിലേ എന്തിനാണ് നിങ്ങള്‍ സൂര്യഭഗവാനെ വണങ്ങാന്‍ വിന്നിരിക്കുന്നത്?
അത്രമാത്രം പാപം ചെയ്തുകഴിഞ്ഞുവോ എന്നായി അവര്‍..!!!
പ്രായമായവര്‍ക്ക് മാത്രമാണോ സൂര്യഭഗവാനെ കാണേണ്ടത് എന്നൊന്നും എനിക്കറിയില്ല.
അവര്‍ തമാശയായി ചോദിച്ചതായാലും അല്ലെങ്കിലും ഞങ്ങള്‍ അത് ആസ്വദിച്ചു,
ഒരു ചെറിയ തമാശയായി.
|
മംഗളവാദ്യം |
അമ്പലത്തില്‍ വച്ച് വിചിത്രമായ ഒരു വാദ്യോപകരണവും കണ്ടു
ഒരു ചെറിയപെരുമ്പറയും 2 മണികളും, കൊട്ടാന്‍ രണ്ട് വടിയും
പക്ഷെ ഇത് പ്രവര്‍ത്തിപ്പിക്കുന്നത് ഒരു മോട്ടോര്‍ ഉപയോഗിച്ചാണ് എന്നുമാത്രം
"മംഗളവാദ്യം" എന്നാണ് അതിന്‍റെ പേര്
ക്ഷേത്രത്തതില്‍ പ്രത്യേകപൂജനടക്കുമ്പോള്‍ പ്രവര്‍ത്തിപ്പിക്കാനാണത്രേ അത്.
അമ്പലത്തിലെ ദര്‍ശനത്തിനുശേഷം ഞങ്ങള്‍ പുറത്തിറങ്ങി
അമ്പലത്തിന്‍റെ ചിത്രം എടുക്കാന്‍ അനുമതിചോദിച്ചു
മീഡിയക്കാരാണെന്ന് അറിഞ്ഞപ്പോള്‍ അമ്പലത്തിന്‍റെ സൂക്ഷിപ്പുകാര്‍ക്കും സന്തോഷം
അമ്പലത്തിന്‍റെ കഥയും ചരിത്രവും പറഞ്ഞുതരാന്‍ ഒരു സഹായിയേയും കൂടെവിട്ടുതന്നു
അതിനിടെയില്‍ സിഡ്നിയില്‍ താമസമാക്കിയ ഒരു അയ്യങ്കാര്‍ വന്നു
അമ്പലത്തിന്‍റെ പടമെടുക്കുന്നത് ലാഭമുണ്ടാക്കാനാണെന്നും
ഇത് ദൈവത്തിന്‍റെ തേജസ് കുറയാന്‍ ഇടയാക്കുമെന്നുമൊക്കെപറഞ്ഞു വാദിച്ചു
തമാശയാണെന്ന് ആദ്യം കരുതിയെങ്കിലും ഇഷ്ടന്‍ വളരെ സീരിയസാണെന്ന് അറിഞ്ഞപ്പോള്‍ നന്നായി തന്നെ പ്രതികരിക്കേണ്ടിവന്നു.
ക്ഷേത്രത്തിന്‍റെ നടത്തിപ്പ് ചുമതല രാഷ്ട്രീയപാര്‍ട്ടികള്‍ കയ്യടക്കുന്നുവെന്നും
അമ്പലങ്ങളെ ലാഭമുണ്ടാക്കാനായി ആളുകള്‍ ഉപയോഗിക്കുകയാണെന്നുമായി പിന്നെ പേരുഓര്‍മിക്കാത്ത ആ ബ്രാഹ്മണന്‍.
ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായം ഭക്തിവ്യവസായമാണെന്ന്
സിഡ്നിയില്‍ ഡോക്ടറായി ജോലിചെയ്യുന്ന പാവം അറിയുന്നില്ലെന്ന് തോന്നുന്നു!!!
പിന്നെ അമ്പലത്തില്‍ നിന്ന് പുറത്തിറങ്ങി
കൊണാര്‍ക്കിനുപുറത്തെ ഏക സൂര്യക്ഷേത്രത്തിലേക്ക് അപ്പോഴും നിരവധി വിശ്വാസികള്‍ എത്തികൊണ്ടേയിരിക്കുന്നു
എന്നാല്‍ ഇത്രയേറെ പ്രാധാന്യമുള്ള ക്ഷേത്രത്തിന്‍റെ ചുറ്റുവട്ടം തീരെ വികസിച്ചിട്ടില്ല.
ഇപ്പോളും വികസനം എത്തിയിട്ടില്ലാത്ത ഒരു ചെറിയ ഗ്രാമം
വിശ്വാസത്തിന്‍റെ വ്യവസായികസാധ്യത ഇവര്‍ ഇതുവരേയും തിരിഞ്ഞറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു
ഭാഗ്യം..!
തഞ്ചാവൂരിലെ യാത്ര അതിന്‍റെ അവസാനമണിക്കൂറുകളിലേക്ക് കടക്കുന്നത് ഞാനറിഞ്ഞു
വീട്ടിലെത്തുമ്പോള്‍ സമയം 4 കഴിഞ്ഞു
ഇനി ട്രയിന്‍ കയറാന്‍ ചിലമണിക്കൂറുകള്‍ മാത്രം ബാക്കി
6 മണി ആയതോടെ ഞങ്ങള്‍ ഇറങ്ങി
പാട്ടിയോടും താത്തയോടുമെല്ലാം നന്ദിയും യാത്രയും പറഞ്ഞ്
ഇനിയും വരുമെന്ന് ബൃഹദീശ്വരന് മൗനമായി വാക്കുംനല്‍കി.....
സമയം തെറ്റിക്കാതെ കൂകി കിതച്ചെത്തിയ ടീ ഗാര്‍ഡനില്‍ കയറി മടക്കമായി
സമയം സന്ധ്യയായതിനാല്‍ നെല്‍പ്പാടങ്ങളിലെ കര്‍ഷകരും വീടണഞ്ഞിരിക്കുന്നു
ക്ഷേത്രനഗരിയില്‍ ഞാന്‍ കണ്ടകാഴ്ച്ചകളെ മനസ്സില്‍ താലോലിച്ച്, കാണാന്‍ ആവാതെപോയവയെ വേദനയോടെ ഓര്‍ത്ത് ഞാന്‍ എന്‍റെ ബര്‍ത്തിലേക്ക് കയറി
പിന്നെ മയക്കത്തിലേക്കും ....