Sunday, 22 March 2009

എനിക്ക് ഒരു വോട്ട്...,പ്ലീസ്.....

സീറ്റിനായി നടത്തിയ കടിപിടി പോലെതന്നെ രസകരമാണ് വോട്ട് തെണ്ടലും
ചിലരുടെ വോട്ട് തേടല്‍ ഏറെ കൗതുകമുണര്‍ത്തുന്നതാണ്
പണ്ട് പറഞ്ഞവ വെള്ളംചേര്‍ക്കാതെ വിഴുങ്ങുന്നതും
കടിച്ച് പറിക്കാന്‍ചെന്നവനെ കെട്ടിപിടിച്ച് മുത്തുന്നതും
വര്‍ഷങ്ങളായി അറിയാത്തഅയല്‍ക്കാരനെ
ഒരു നിമിഷംകൊണ്ട് അറിയുന്നതും
വെയിലേറ്റപ്പോള്‍ വിപ്ലവവീര്യം മറന്ന്
കുത്തകവിഷപാനിയം കുടിക്കുന്നതും
വെയിലേറ്റാല്‍ കറക്കുമോ എന്നുപേടിച്ച് പേടിച്ച് മാത്രം
വോട്ടറെ തേടി എത്തുന്നതുമായ നിരവധി സ്ഥാനാര്‍ത്ഥികള്‍
അങ്ങനെ....അങ്ങനെ ....
കൗതുകകരമായ കാഴ്ച്ചകള്‍ ഏറെയാണ്.

സഭകള്‍ ബ്ലേഡ്കമ്പനികളാണെന്നും
പിതാക്കന്‍മാര്‍ മാര്‍വാടികളാണെന്നുമെല്ലാം
ഘോരംഘോരം പ്രസംഗിച്ച് കുട്ടിസഖാക്കളെ കോരിത്തരിപ്പിച്ച
സിന്ധു ജോയിയുടെ വോട്ട് തേടലില്‍
നര്‍മത്തിന്‍റെ ,നാണം കെടലിന്‍റെ മുഹൂര്‍ത്തങ്ങള്‍ ഏറെയാണ്.
എസ് എഫ് ഐയുടെ ധീരവനിത
എറണാകുളം മണ്ഡലത്തില്‍‍ ആദ്യം വോട്ട് ചോദിച്ചെത്തിയത്
പള്ളികളിലും അരമനകളിലും കന്യാസ്ത്രീമഠങ്ങളിലുമായിരുന്നു.
താന്‍ തള്ളിപറഞ്ഞ, വെല്ലുവിളിച്ചവരുടെ മുന്നില്‍
ദയാവായ്പ്പും തേടി വരേണ്ടിവരുമെന്ന്
സ്വപ്നത്തില്‍ പോലും സിന്ധു കരുതിക്കാണില്ല.
കെസിബിസി ആസ്ഥാനത്ത്
ആലത്തറ അച്ചന്‍റെ പ്രതികരണങ്ങള്‍ക്ക് മുന്നില്‍
ചമ്മി,പതറിനിന്നത് ജീവിതത്തിലൊരിക്കലും സിന്ധുമറക്കാനിടയില്ല.

അച്ചനുമുന്നില്‍ ചമ്മിയതും
എന്നോ കൃസ്തുവിനെ സ്തുതിച്ച് പാടിയപാട്ട്
ആരോ ഗൂഡാലോചനയുടെ ഭാഗമായി യൂ ടൂബിലിട്ടതും
ഇവയെല്ലാം ചേര്‍ത്ത് സിണ്ടിക്കേറ്റ് മാധ്യമങ്ങള്‍
കഥ ചമയ്ക്കുകയും ചെയ്ത് കൂടി ആയപ്പോള്‍
സിന്ധുവിന് പുതുപ്പള്ളിയുടെ ഓര്‍മ
തികട്ടിവന്നു...!

തൊട്ടുപിന്നാലെ ദാ വരുന്നു ദാഹം തീര്‍ക്കുന്ന ചിത്രം
ഹൊ! മനുഷ്യന് ദാഹമകറ്റാനും സമ്മതിക്കില്ലേ ഈ സണ്ടിക്കേറ്റുകള്‍...?
എന്നും തള്ളിപറഞ്ഞ, പറയുന്ന
നിരന്തരപോരാട്ടം നടത്തുന്ന
കൊക്കോകോളയുടെ ഫാന്‍റയും കുടിച്ച്
വോട്ട് ചോദിച്ച് സിന്ധുവീണ്ടും തരംഗം സൃഷ്ടിച്ചു.

എറണാകുളത്തെ വോട്ട് തേടല്‍
ഏതൊരുസമരമുഖത്തേക്കാളും വലിയസമരമാണെന്ന്
പാവം ധീരസഖാവ് ഇപ്പോഴാണ് മനസിലാക്കിയത്...!

എങ്കിലും സഖാക്കളെ നമുക്ക് വിളിക്കാം
അഭിവാദ്യങ്ങള്‍
അഭിവാദ്യങ്ങള്‍
ധീരസഖാവിന് അഭിവാദ്യങ്ങള്‍
നൂറു ചുകപ്പന്‍ അഭിവാദ്യങ്ങള്‍.....


No comments:

Post a Comment