Monday, 23 March 2009

പിസി ചരിതം അഥവാ പാലാഴിമഥനം

തെരഞ്ഞെടുപ്പ് കാലം വാഗ്ദാനങ്ങളുടെമാത്രമല്ല,
ആരോപണ പ്രത്യാരോപണങ്ങളുടെ കൂടി കാലമാണ്
ആരോപണകലയുടെ പുതിയപൊതിയഴിച്ചത്
സാക്ഷാല്‍ പിസി തോമസ് തന്നെയാണ്
പിസി ആകുമ്പോള്‍ എതിരാളി എന്തായാലും രാഷ്ട്രീയഗുരുതന്നെയാകുമെന്നത് ഉറപ്പ്.
തന്‍റെ രാഷ്ട്രീയഗുരുവും ശക്തനായ എതിരാളിയുമായ
കെഎം മാണിക്കെതിരെ
'പാലാഴി' കടഞ്ഞായിരുന്നു പിസിയുടെ രംഗപ്രവേശം
'പലാഴി'യുടെ പേരില്‍ കറന്നെടുത്ത പാലൊക്കെ
പലിശസഹിതം തിരിച്ചുനല്‍കിയില്ലെങ്കില്‍
കോട്ടയത്തെ മകന്‍റെ വോട്ട് കോട്ടയില്‍ ഓട്ടവീഴ്ത്തുമെന്നായിരുന്നു പിസിയുടെ ഭീഷണി.
വേണ്ടിവന്നാല്‍ മത്സരിക്കാനും തയ്യാര്‍
പിസിയുടെ അമ്പ് ശരിക്കും മാണിയുടെ ചങ്കില്‍ തറച്ചുകയറി
മാണി സാറ് മദമിളകിയ ആനയെപോലെയായി
'പാലാഴി' എന്ന് കേട്ടാലെ മാണി സാറിപ്പോള്‍ ഞെട്ടും
പിന്നെ "എല്ലാം അടഞ്ഞഅദ്ധ്യായം" എന്നങ്ങ് കാച്ചും, പന്നെ മിണ്ടില്ല!
പണ്ട് ശത്രുപാളയത്തിലായരുന്നപ്പോള്‍ ചര്‍ദ്ധിച്ചതൊക്കെ വിഴുങ്ങി
പിസി ജോര്‍ജാണ് 'പാലാഴി'യിലെ
വിഷം കുടിച്ച് മാണിസാറിനെ രക്ഷിക്കാനായി 'നീലകണ്ഠ'നായി അവത‍രിച്ചത് .
പണ്ട് 'പാലാഴി' കറക്കാനായി മാണിസാറിനെ നിയമസഭയ്ക്കകത്തും പുറത്തും
കയറാക്കിയ പിസി ജോര്‍ജിനെന്താ
അല്‍ഷിമേഴ്സ് ബാധിച്ചോ എന്ന ആശങ്കയിലാണ് പാവം ജനമിപ്പോള്‍.

അതിലും കഷ്ടമാണ് എല്‍ഡിഎഫിന്‍റെ കാര്യം.
മാണിസാറിനെ അടിച്ചോടിക്കാന്‍ വടി എറിഞ്ഞുകൊടുത്തിട്ടും
അത് ഒന്നുയര്‍ത്താന്‍പോലും എല്‍ഡിഎഫിന് ഒരു പേടി പോലെ...!
വിശിഷ്യാ പിജെ ജോസഫിന്.
മാത്രവുമല്ല, പിജെ അടിക്കാനോങ്ങിയത് തോമസനെ...!!!!
സ്വന്തം ചെയര്‍മാന്‍റെ നിലപാട് പിസിയെ അമ്പരപ്പെടുത്തിക്കളഞ്ഞു.
അമ്പരപ്പ് പിന്നീട് തിരിച്ചറിവായി,
തിരിച്ചറിവ് ഉടനെ വാശിക്ക് വഴിമാറി.
വാശിയോടെ, വീറോടെ പ്രഖ്യാപിച്ചു
പുതിയപാര്‍ട്ടി രൂപീകരിക്കും.
അതും യഥാര്‍ത്ഥ കേരളാകോണ്‍ഗ്രസ്...!!

മുന്നോട്ടങ്ങനെ മുന്നോട്ട്
വളരും തോറും പിളര്‍ന്നും
അടുക്കും തോറും പിളര്‍ത്തിയും
കേരളകോണ്‍ഗ്രസ് മുന്നോട്ട്.....!!!!

Sunday, 22 March 2009

എനിക്ക് ഒരു വോട്ട്...,പ്ലീസ്.....

സീറ്റിനായി നടത്തിയ കടിപിടി പോലെതന്നെ രസകരമാണ് വോട്ട് തെണ്ടലും
ചിലരുടെ വോട്ട് തേടല്‍ ഏറെ കൗതുകമുണര്‍ത്തുന്നതാണ്
പണ്ട് പറഞ്ഞവ വെള്ളംചേര്‍ക്കാതെ വിഴുങ്ങുന്നതും
കടിച്ച് പറിക്കാന്‍ചെന്നവനെ കെട്ടിപിടിച്ച് മുത്തുന്നതും
വര്‍ഷങ്ങളായി അറിയാത്തഅയല്‍ക്കാരനെ
ഒരു നിമിഷംകൊണ്ട് അറിയുന്നതും
വെയിലേറ്റപ്പോള്‍ വിപ്ലവവീര്യം മറന്ന്
കുത്തകവിഷപാനിയം കുടിക്കുന്നതും
വെയിലേറ്റാല്‍ കറക്കുമോ എന്നുപേടിച്ച് പേടിച്ച് മാത്രം
വോട്ടറെ തേടി എത്തുന്നതുമായ നിരവധി സ്ഥാനാര്‍ത്ഥികള്‍
അങ്ങനെ....അങ്ങനെ ....
കൗതുകകരമായ കാഴ്ച്ചകള്‍ ഏറെയാണ്.

സഭകള്‍ ബ്ലേഡ്കമ്പനികളാണെന്നും
പിതാക്കന്‍മാര്‍ മാര്‍വാടികളാണെന്നുമെല്ലാം
ഘോരംഘോരം പ്രസംഗിച്ച് കുട്ടിസഖാക്കളെ കോരിത്തരിപ്പിച്ച
സിന്ധു ജോയിയുടെ വോട്ട് തേടലില്‍
നര്‍മത്തിന്‍റെ ,നാണം കെടലിന്‍റെ മുഹൂര്‍ത്തങ്ങള്‍ ഏറെയാണ്.
എസ് എഫ് ഐയുടെ ധീരവനിത
എറണാകുളം മണ്ഡലത്തില്‍‍ ആദ്യം വോട്ട് ചോദിച്ചെത്തിയത്
പള്ളികളിലും അരമനകളിലും കന്യാസ്ത്രീമഠങ്ങളിലുമായിരുന്നു.
താന്‍ തള്ളിപറഞ്ഞ, വെല്ലുവിളിച്ചവരുടെ മുന്നില്‍
ദയാവായ്പ്പും തേടി വരേണ്ടിവരുമെന്ന്
സ്വപ്നത്തില്‍ പോലും സിന്ധു കരുതിക്കാണില്ല.
കെസിബിസി ആസ്ഥാനത്ത്
ആലത്തറ അച്ചന്‍റെ പ്രതികരണങ്ങള്‍ക്ക് മുന്നില്‍
ചമ്മി,പതറിനിന്നത് ജീവിതത്തിലൊരിക്കലും സിന്ധുമറക്കാനിടയില്ല.

അച്ചനുമുന്നില്‍ ചമ്മിയതും
എന്നോ കൃസ്തുവിനെ സ്തുതിച്ച് പാടിയപാട്ട്
ആരോ ഗൂഡാലോചനയുടെ ഭാഗമായി യൂ ടൂബിലിട്ടതും
ഇവയെല്ലാം ചേര്‍ത്ത് സിണ്ടിക്കേറ്റ് മാധ്യമങ്ങള്‍
കഥ ചമയ്ക്കുകയും ചെയ്ത് കൂടി ആയപ്പോള്‍
സിന്ധുവിന് പുതുപ്പള്ളിയുടെ ഓര്‍മ
തികട്ടിവന്നു...!

തൊട്ടുപിന്നാലെ ദാ വരുന്നു ദാഹം തീര്‍ക്കുന്ന ചിത്രം
ഹൊ! മനുഷ്യന് ദാഹമകറ്റാനും സമ്മതിക്കില്ലേ ഈ സണ്ടിക്കേറ്റുകള്‍...?
എന്നും തള്ളിപറഞ്ഞ, പറയുന്ന
നിരന്തരപോരാട്ടം നടത്തുന്ന
കൊക്കോകോളയുടെ ഫാന്‍റയും കുടിച്ച്
വോട്ട് ചോദിച്ച് സിന്ധുവീണ്ടും തരംഗം സൃഷ്ടിച്ചു.

എറണാകുളത്തെ വോട്ട് തേടല്‍
ഏതൊരുസമരമുഖത്തേക്കാളും വലിയസമരമാണെന്ന്
പാവം ധീരസഖാവ് ഇപ്പോഴാണ് മനസിലാക്കിയത്...!

എങ്കിലും സഖാക്കളെ നമുക്ക് വിളിക്കാം
അഭിവാദ്യങ്ങള്‍
അഭിവാദ്യങ്ങള്‍
ധീരസഖാവിന് അഭിവാദ്യങ്ങള്‍
നൂറു ചുകപ്പന്‍ അഭിവാദ്യങ്ങള്‍.....


Thursday, 19 March 2009

തുടരുന്ന രാഷ്ട്രീയ തമാശ...

ഇടത് വശത്തെ കോട്ടയില്‍ മാത്രമല്ല കോമഡി ഷോ അരങ്ങേറുന്നത്
വലത്പക്ഷത്തെ തിയ്യേറ്ററുകളിലും ഇപ്പോള്‍ കൂടുതല്‍ കയ്യടി നേടുന്നത് കോമഡി സിനിമയാണ്
സ്ഥാനാര്‍ത്ഥിയാവാന്‍ മോഹിച്ച് പുതിയ ജുബയും തയ്പ്പിച്ച്
വടക്ക് നിന്ന് തെക്കോട്ടെത്തിയ വടക്കനും കിട്ടി പൊതിരെ തല്ല്
യൂത്ത് കോണ്‍ഗ്രസ് വക അടി 16
കോലം കത്തിക്കല്‍ 4
തെറിവിളി പലവിധം
തെറിവിളിച്ചവനെ വടക്കന്‍ സാര്‍ അപ്പോഴേ ചെവിക്ക് പിടിച്ച് പുറത്തിട്ടു
അതും ആറ് വര്‍ഷത്തേക്ക്
ഭാഗ്യം! അടുത്ത തെരഞ്ഞെടുപ്പ് കഴിഞ്ഞേ ഇനി
തെറി വിളിക്കാന്‍ ഇനി അവന് യോഗമുള്ളു
അടുത്തതവണയും തനിക്ക് ധൈര്യത്തോടെ തെക്കോട്ടെടുക്കാം
അങ്ങനിരിക്കും വടക്കനോട് കളിച്ചാല്‍!
ഹൊ, സമാധാനമായി എന്നുകരതിയപ്പോഴാണ് അടുത്ത കുരിശ്
നാല് കവല പ്രസംഗം നടത്താന്‍ തനിക്കറിയില്ലെന്ന്
നടത്തിയാല്‍ കെട്ടിവച്ച കാശ് പോകുമെന്ന്
ആദ്യം കരുതി ഇവനേയും പുറത്താക്കാം
ആറ് വര്‍ഷത്തേക്കല്ല, ആയുഷ്ക്കാലത്തേക്ക്
പിന്നീടാ അറിഞ്ഞത്
അഴീകോടിന് കോണ്‍ഗ്രസില്‍ അംഗത്വമില്ലെന്ന്
മെത്രാന്‍മാരുടെ കാലുകയ്യുംപിടിച്ച്
ഏഐസിസി ആസ്ഥാനത്തും ടിവി ചാനലുകളിലും കേറിയിറങ്ങിയും
ഒരു വിധം ഒപ്പിച്ചെടുത്ത സീറ്റാ
അപ്പോഴാ ഈ പുതിയ 'പഴയ' താരം
എന്ത്ചെയ്യാനാ ? കാലക്കേട്
ഉടന്‍ തീരുമാനിച്ചു
സംസ്ഥാനത്തെ എല്ലാ മണ്ഡലത്തിലും കേറി പ്രസംഗിക്കും
എന്നാല്‍ മത്സരിക്കില്ല.
സമാധാനം!
പറഞ്ഞത് തൃശ്ശൂര്കാര് മാത്രമല്ല
ഒപ്പം തൂശ്ശൂര് സീറ്റ് മോഹിക്കുന്ന കൂട്ടുകാരും...


ഇതിനിടെയാണ്
'പഴയ തീവ്രവാദി' സിദ്ദിഖിനെ
പുറം കാലുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന്
എടുത്തെറിഞ്ഞത്.
പകരം 'ടാലന്‍റ് ഹണ്ട് റിയാലിറ്റി ഷോ'യിലെ വിജയി
ലിജു പുതിയ വണ്ടിക്കാരനായി.

ഉമ്മച്ചനുണ്ടോ വിടുന്നു
ഉടന്‍ കേറി ഉടക്കി
ദേ കിടക്കുന്നു ലിജു താഴെ...
ഡ്രൈവര്‍ സീറ്റില്‍ ഇരുന്ന് ഒന്ന് സ്വപ്നം കണ്ട്
മയങ്ങിയതേയുള്ളു
ഉണര്‍ന്നപ്പോള്‍ മൂഷിക സ്ത്രീ.......

തെരഞ്ഞെടുപ്പിന് തിരകഥ രചിച്ചുകൊണ്ട്
മറ്റ് കേന്ദ്രങ്ങളും സജീവമാണ്
സഭകള്‍ എന്നും മറ്റും പേര് വിളിക്കും
ആര് സ്ഥാനാര്‍ത്ഥിയാവണം എന്നൊക്കെ
ഇപ്പോള്‍ തീരുമാനിക്കുന്നത് ഇവിടെയാണ്
എല്ലാം പറയാതെ പറയുക
'റീഡ് ബിറ്റ്വീന്‍ ലൈന്‍സ്' എന്നതാണ് ഇവരുടെ നയം.
കക്ഷിരാഷ്ട്രീയമില്ലെങ്കിലും കക്ഷികള്‍ക്കായി
ഫാക്സ് സന്ദേശം അയക്കും
ശിപാര്‍ശ ചെയ്യും, ലേഖനം വായിക്കും
അത്രയേ ചെയ്യു.
ഇതൊന്നും ശരിയല്ലെന്ന് വിതയത്തില്‍ പിതാവ് ഉപദേശിക്കും
എങ്കിലും അഭിപ്രായസ്വാതന്ത്ര്യമില്ലേ...?
ശരിയാണ്, തടയരുത്
അത് ഭരണഘടനാലംഘനമാവും...!
സൂക്ഷിക്കുക.

Tuesday, 17 March 2009

ഇലക്ഷന്‍ സ്റ്റണ്ട്

ഇന്ത്യയിപ്പോള്‍ തെരഞ്ഞെടുപ്പിന്‍റെ ചൂടിലാണ്
അഞ്ച് ഘട്ടങ്ങളിലായി നടക്കുന്ന ജനാധിപത്യപ്രക്രിയ
തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള ശ്രമത്തിലാണ് ഓരോ പാര്‍ട്ടിക്കാരും
എല്ലാവരും ഇപ്പോള്‍ സീറ്റ് ചര്‍ച്ചകളിലും
സഖ്യമുണ്ടാക്കാന്‍ മറ്റുള്ളവരെ ചാക്കിടാനുമുള്ള ശ്രമത്തിലാണ്.
നേതാക്കള്‍ക്ക് ചായയും ഉഴുന്നുവടയും വാങ്ങിക്കൊടുത്ത്
അലഞ്ഞ് തിരിയുന്ന സീറ്റുമോഹികളും
പാര്‍ട്ടികേന്ദ്രങ്ങളിലെ സ്ഥിരം കാഴ്ച്ചയാണ്
കേരളത്തിലാണേല്‍ അതിനേക്കാള്‍ പൊടുപൂരം
കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെ
വെറും ചടങ്ങിന് മാത്രം സ്ഥാനാര്‍ത്ഥിയെ
നിര്‍ത്തിയിരുന്ന ഒരു മണ്ഡലത്തിനായി
സിപിഎമ്മും സിപിഐയും പിടിവലിയാണ്
അല്ല, കടിപിടിതന്നെ കൂടുകയാണ്
പൊന്നാനി ആരുടേതാണ്,
ആര് സ്വതന്ത്രനാകണം,
ആര് ആ പേര് ആദ്യം ഉച്ചരിക്കണം
ഇതൊക്കെയാണ് ബുജികളായ സഖാക്കളുടെ
ഇപ്പോഴത്തെ ചിന്താവിഷയം
കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് വരെ
എല്‍ഡിഎഫിന് അത്താണി നല്‍കാത്ത
സീറ്റില്‍ ഒടുവില്‍ അത്താണിവന്നതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്.
അതും ഒരത്താണിയല്ല,
രണ്ടത്താണിയാണ് വന്നത്
രണ്ടത്താണിയില്‍ തട്ടി ഉയര്‍ന്നതും രണ്ട് പ്രശ്നങ്ങളാണ്.
ഒന്ന്. പൊന്നാനി ആരുടേത്?
രണ്ട്. തങ്ങളുടെ സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ വല്ല്യേട്ടന് ആര് അധികാരം നല്‍കി?
പ്രശ്നങ്ങള് മുറുകി, അഴിക്കാന്‍ പറ്റാത്ത കുരുക്കായിമാറി.
പരുഷമായ വാക്കുകള്‍ ഉച്ചരിച്ചും
പഴയകാലത്തെ ഓര്‍മിപ്പിച്ചും കൊണ്ട് ആശാനും
ചരിത്രത്തിലെ ഓര്‍മപിശക് തിരുത്തി പിണറായി സഖാവും കേര്‍ത്തു.
ഇസ്മായിലും മദനിയും രണ്ടറ്റത്തും മൂര്‍ച്ചകൂട്ടാനായി കൂട്ടിനെത്തി.
ഇതിനിടയില്‍ സമവായത്തിന് ശ്രമിച്ച പിസി യും കടന്നപ്പിള്ളിയും
ഗതിയും പരഗതിയുമില്ലാതെ വലഞ്ഞു.
തീരുന്നില്ല നാടകം കളി
പൊന്നാനിയില്‍ പോയി തൊപ്പിയിടാന്‍ സമ്മതിച്ചില്ലെങ്കില്‍
മുന്നണി വിട്ട് സംസ്ഥാനത്ത് ഒറ്റക്ക് വോട്ട് തെണ്ടുമെന്ന് പറഞ്ഞുകളഞ്ഞു ആശാന്‍

കേട്ടപാതി കേള്‍ക്കാത്ത പാതി
അണികള്‍ ചുമരായ ചുമരെല്ലാം വെള്ളപൂശി
ചിലര്‍ കസേര പ്രതീക്ഷിച്ച്
ഖദര്‍ ഷര്‍ട്ടുകള്‍ അലക്കിവെളുപ്പിച്ചു
സമാധാനകാംക്ഷികള്‍ കേന്ദ്രത്തിലുള്ളത് കൊണ്ട്
ഇരുകൂട്ടര്‍ക്കും അടിപിടി കൂടി പരിശീലിക്കാം.
അവരിടപെട്ട് രംഗം ശാന്തമാക്കും, കട്ടായം
ഇടപെട്ടു, ഇല്ല ഇടപെട്ടില്ല
ദാ തീര്‍ന്നു പ്രശ്നം, ഇല്ല...ഇപ്പൊ തീരും...
ഇനിയിപ്പൊ വയനാട് ആയാലുംമതി എന്നാണ് സിപിഐയുടെ നിലപാട് !
അങ്ങനെ പോകുന്നു കാര്യങ്ങള്‍...
വല്ല്യേട്ടന്‍റെ അടികൊണ്ടത് ആശാനും കൂട്ടര്‍ക്കും മാത്രമല്ല.
കോഴിക്കോട്ടെ നെല്‍കതിരേന്തിയ സ്ത്രീകള്‍ക്കും കിട്ടി മുട്ടനടി.
കോഴിക്കോടില്‍ നിന്ന് കെട്ടുെകെട്ടി വയനാട്ടിലേക്ക് ഓടികൊള്ളാനായിരുന്നു
വല്ല്യേട്ടന്‍റെ കല്‍പ്പന
ഓടുന്നേല്‍ മന്ത്രിയുമായെന്നായി വീരനും കൂട്ടരും
പിന്നെയും ചര്‍ച്ച, ചായകുടി, ചര്‍ച്ച
നോ രക്ഷ...
ശങ്കരന്‍ തെങ്ങില്‍ തന്നെ
നേരത്തെ ഓടിയ അണ്ണന്‍ പാതിയില്‍
തിരിഞ്ഞോടിയ കഥ വീരനറിയാമെന്ന് വല്ല്യേട്ടന് ഉറപ്പ്!
പക്ഷേ, മാത്യൂ കിടിലം കക്ഷിയാ...
രാജിയും കൊടുത്ത് അച്ചായന്‍ രാത്രിയിലെ കെഎസ്ആര്‍ടിസി ബസ്സിന് തന്നെ
തിരുവല്ലയ്ക്ക് മടങ്ങി.

Saturday, 14 March 2009

നീലാംബരി...

നീലാംമ്പരി..,
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം
എന്‍റെ തൂലികതുമ്പില്‍ നിന്ന് നിന്നെ തിരഞ്ഞ് കുറച്ച് വിശേഷങ്ങള്‍

നീണ്ട ഇടവേളയ്ക്കിടെ ഞാന്‍ മൂന്ന് മഹാനഗരങ്ങളുടെ മടിത്തട്ടില്‍ അന്തിയുറങ്ങി
ബാംഗ്ലൂരും തിരുവനന്തപുരവും പിന്നിട്ട് ഇപ്പോള്‍ കൊച്ചിയില്‍‍.
അതിലൊന്നില്‍ അലഞ്ഞ് തിരിയുമ്പോഴാണല്ലോഅവസാനമായി ഞാന്‍‍ നിനക്ക് എഴുതിയത്
ഇക്കഴിഞ്ഞ ജനുവരിയില്‍ ഞാന്‍ അനന്തപുരി വിട്ടു
ഇപ്പോള്‍ നീ ചിന്തിക്കുന്നുണ്ടാകും
ചേക്കേറിയതേ നീയറിഞ്ഞില്ലാലോ എന്ന്...!
അറിയിച്ചില്ല,അതിന് ക്ഷമാപണവും ഇല്ല.
ഇപ്പോള്‍ നാളെയുടെ ഐടി നഗരത്തില്‍.
ഇവിടേയും വിശേഷങ്ങള്‍ ഒത്തിരിയുണ്ട്.
എഴുതാനും പറയാനും...

ആദ്യം കൊച്ചിയിലെ എന്‍റെ ആവാസസ്ഥലത്തെ കുറിച്ച് പറയാം
(അനന്തപുരിയിലെ വിശേഷങ്ങളെകുറിച്ച് പിന്നീട് ഒരിക്കല്‍ പറയാം...)

തൊട്ടടുത്ത വീടിന്‍റെ മതില്‍കെട്ടിനകത്ത്
തലയുയര്‍ത്തി നില്‍ക്കുന്ന
മൂവാണ്ടന്‍ മാവില്‍ നിറയെ പച്ചമാങ്ങകള്‍കുലകുലയായി നില്‍ക്കുന്നു.
ഒരു പൂവാലന്‍‍ അണ്ണാറക്കണ്ണന്‍ ചില്ലകളിലൂടെ ഓടി
ഓരോ കുലയും അക്ഷമനായി പരിശോധിക്കുന്നു
'എന്താ ഇവയിനിയും പഴുക്കാത്തത്' എന്നസങ്കടത്തോടെയാണ് അവന്‍റെ പരിശോധന

മതില്‍ക്കെട്ടിനപ്പുറത്ത് ഒരു അമ്മക്കിളികൂട്
നിരാശ്രയരുമായ ഒരുകൂട്ടം അമ്മമാര്‍ക്ക്അഭയവും ആശ്രയവുമായിഒരു വൃദ്ധസദനം
അന്തേവാസികളില്‍ മിക്കവരും എഴുപത് പിന്നിട്ടവര്‍
മക്കള്‍ ഉപേക്ഷിച്ചതിനാലോ, മക്കള്‍ വിദേശത്തായതുകൊണ്ടോ,
ഉറ്റവരെ നഷ്ടമായതുകൊണ്ടോ
എന്തോ ജീവിതയാത്രയില്‍ ഒറ്റപ്പെട്ടുപോയവര്‍....
ഒറ്റപെടലിന്‍റെ വേദന ഇവിടെയും അവര്‍ക്ക് അനുഭവപ്പെടുന്നുണ്ടാകുമോ?
അറിയില്ല.
അവരുടെ മുഖത്തെ നിസഹായത/നിര്‍വികാരതയില്‍ നിന്ന് ഒന്നും തന്നെ വായിച്ചെടുക്കാനാവുന്നില്ല

മതില്‍ക്കെട്ടിനോട് ചേര്‍ന്ന് ഒരു നാരകമുണ്ട്.
നിറയെ നാരങ്ങയുമായി,
നിരവധി ചെറുകിളികള്‍ക്ക് തണലേകിഒരു നാരകം....
കാലത്ത് ആ കുഞ്ഞുകിളികളുടെ കരച്ചിലോ/ ചിരിയോ
(വേര്‍തിരിച്ചറിയാന്‍ പറ്റിയിട്ടില്ല)
കേട്ടാണ് മിക്കവാറും ഉണരാറ്
ഒപ്പം അമ്മക്കിളികളുടെ വസ്ത്രം കല്ലില്‍തല്ലി അലക്കുന്ന ശബ്ദവും..
പ്രധാനറോഡില്‍ നിന്ന് ഉള്‍വലിഞ്ഞാണ് എന്നതിനാല്‍‍വാഹനങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദം ഇല്ല

ഇടയ്ക്ക് അമ്മക്കിളികൂടിലെ അമ്മമാര്‍ക്ക്
ആരോ ബൈബിള്‍ വചനം ചൊല്ലിക്കൊടുക്കുന്നത് വ്യക്തമായി കേള്‍ക്കാം
ദൈവത്തെക്കുറിച്ച്, പാപപുണ്യങ്ങളെ കുറിച്ച്
ആരോ വാതോരാതെ പറഞ്ഞുകൊണ്ടേയിരിക്കുന്നു....
(വിശേഷങ്ങള്‍ അവസാനിക്കുന്നില്ല....)

Thursday, 12 March 2009

ആമുഖം

നീലാംബരിക്കായി
ഞാന്‍ കുറിക്കുന്നവാക്കുകളും വിശേഷങ്ങളുമാണിത്
ഞാന്‍ കണ്ടകാഴ്ച്ചകള്‍
ഞാന്‍ അനുഭവിച്ചറിഞ്ഞ സത്യങഅങള്‍
വായിച്ചറിഞ്ഞ അക്ഷരക്കൂട്ടുകള്‍....
അങ്ങനെ എല്ലാം....എല്ലാം.....
ഞാനെന്‍റെ നീലാംമ്പരിയുമായി പങ്കുവെയ്ക്കുകയാണ്
നിങ്ങള്‍ ഒരുപക്ഷെ സംശയിക്കുന്നുണ്ടാകും
ആരാണീ നീലാംമ്പരിയെന്ന്
ശരിയല്ലേ...?
പറയാം
എന്‍റെ കൂട്ടുകാരി
കഴിഞ്ഞ കുറേ കാലങ്ങളായി
അവളെന്‍റെ നിഴലായി, നിനവായി, സ്വരമായി
എന്നെ പിന്തുടരുന്നു
അവള്‍ സുന്ദരിയാണോ വിരൂപിയാണോ എന്നൊന്നും എനിക്ക് നിശ്ച്ചയമില്ല
പക്ഷെ, ഒന്നറിയാം.
അവള്‍ നല്ലൊരു കൂട്ടുകാരിയാണെന്ന്
അവളുമായി ഞാന്‍ എന്‍റെ ചിന്തകള്‍
പങ്കിടാന്‍ ആഗ്രഹിക്കു്നുവെന്ന്....