Wednesday, 30 December 2009

ഒറ്റയടിപാതയില്‍ ഇനി തനിച്ച്...

ശത്രുക്കള്‍ ഇരുളില്‍
മറഞ്ഞിരിക്കുന്നുവെന്നാണ്
പൊതുവേ പറയാറ്
എന്നാല്‍, എനിക്ക് തോന്നുന്നു
പകല്‍ വെളിച്ചത്തില്‍ പോലും
നമുക്കുചുറ്റും നമ്മുടെ ശത്രുക്കള്‍
ചിരിച്ച്കൊണ്ട് തന്നെ
നില്‍ക്കുന്നുവെന്ന്
കഴുത്തറക്കാന്‍ ഇരുതലമൂര്‍ച്ചയുള്ള
കഠാരയുമായി അവരുണ്ട്
നമ്മുടെ ഓരോ ചലനവും നിരീക്ഷിച്ച്.
അനുഭവം പകരുന്ന അറിവ്
അത് വലുതാണ്

..........................


നിഴലിനേക്കാള്‍ വലിയൊരു
ശത്രുവില്ല
മരണത്തേക്കാള്‍ വലിയൊരു
മിത്രവും

...............


റെയില്‍പാളങ്ങള്‍ പോലെ
സമാന്തരരേഖയായി സഞ്ചരിക്കുന്ന രണ്ട്പേര്‍
എന്നെങ്കിലും എവിടെയെങ്കിലും വച്ച്
കൂട്ടുമുട്ടി ഒന്നായി ചേരുമെന്ന്
പ്രതീക്ഷിക്കുന്ന ഒരാള്‍
ഒരിക്കലും അത് സംഭവിക്കില്ലെന്ന്
വിശ്വസിക്കുന്ന മറ്റൊരാള്‍
ഇവര്‍ക്കിടിയല്‍ എന്നും സ്നേഹം നിലനില്‍ക്കുന്നു
പരസ്പരം പിണങ്ങിയും ഇണങ്ങിയും ബോറടിപ്പിച്ചും
കഥകള്‍ പറഞ്ഞും രണ്ട് കേള്‍വിക്കാരെ പോലെ
സമാന്തരമായി.....


....................


ജീവിതയാത്രയില്‍
ഒട്ടനവധി പേരെ നാം കാണുന്നു
നിരവധിപേരെ നാം പരിചയപ്പെടുന്നു
പലരുമായി നാം ഇടപെടുന്നു
ആത്മബന്ധം പുലര്‍ത്തുന്നു
ചിലര്‍ നമ്മുടെ ഹൃദയത്തെ സ്പര്‍ശിക്കുന്നു
മറ്റ് ചിലരാകട്ടെ എന്നും എപ്പോഴും അകലം പാലിക്കുന്നു
ഒടുവില്‍ അകന്നുനിന്നവരും അടുത്തുനിന്നവരുമെല്ലാം
പടിയിറങ്ങുന്നു
പലരും ഒന്നും മിണ്ടാതെ, വേദനിപ്പിച്ച്
ഭംഗിവാക്കായിപോലും ഒരു യാത്രപറയാതെ
അവരെ എന്‍റെ ഹൃദയത്തില്‍ സൂക്ഷിച്ചതിന്
ആരോടും ഞാന്‍ വാടക ചോദിച്ചതേയില്ലല്ലോ...?
എന്നിട്ടും...എന്തേ അവര്‍ ഒരു യാത്രപോലും പറയാതെ....
Sunday, 27 December 2009

കലാലയമുറ്റത്തേക്ക് ഒരു മടക്കയാത്ര...

പണ്ട് യാത്രചെയ്തിരുന്ന വഴികളിലൂടെ ഒരിക്കല്‍കൂടി യാത്രചെയ്യുക
അത് പഴയകാലത്തേയ്ക്ക് നമ്മെ കൈപിടിച്ച് നടത്തും
ഒപ്പം ഓര്‍മകളെ പൊടിതട്ടിയെടുക്കും....

അത്തരത്തിലൊരുയാത്രയായിരുന്നു ബാംഗ്ലൂരിലേക്കുള്ള മടക്കയാത്ര
ബാംഗ്ലൂരിലെ പഴയകലാലയത്തിലേക്ക് ..എ എം സി യിലേക്കുള്ള യാത്ര....

ബാംഗ്ലൂര്‍ നഗരത്തിലെ ബണ്ണേര്‍ഘട്ട റോഡിലൂടെ സഞ്ചരിച്ചപ്പോള്‍
4 വര്‍ഷം പിന്നോട്ട് സഞ്ചരിക്കുകയായിരുന്നു മനസ്സ്

വജ്ര ബസ്സിന്‍റെ (എസി ലോഫ്ലോര്‍ ബസ്സ് ) സുഖശീതളിമയില്‍
ചാരിക്കിടന്ന് യാത്രതുടങ്ങുമ്പോള്‍
പഴയ ട്രാഫിക്ക് ബ്ലോക്കിനെ ഭയന്നിരുന്നു
വികസനത്തിന്‍റെ കോണ്‍ക്രീറ്റ് കെട്ടിടങ്ങളും ജെസിബി കരങ്ങളും കയ്യേറിയിട്ടില്ലാത്ത
ശാന്തമായ പഴയ ഗ്രാമഭംഗിയെ മനസ്സില്‍ താലോലിച്ചിരുന്നു...
എന്നാല്‍ ബസ്സോടിതുടങ്ങിയപ്പോള്‍ എല്ലാം മാറുകയായിരുന്നു
മനസിലെ പഴയ ചിത്രങ്ങള്‍ മാത്രമല്ല,
ഹുലിമാവും കല്‍ക്കരേയും ഹണിവെല്ലും ഗൊട്ടിഗരെയുമെല്ലാം....

അന്ന് , 4 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ട്രാഫിക്ക് ജാമിന് പേരെടുത്ത
ബണ്ണേര്‍ഘട്ട റോഡല്ല ഇപ്പോഴത്തേത്
സിറ്റിക്കുപുറത്തെ ചേരിപ്രദേശം ഇന്ന് ഹൈടെക്കായിരിക്കുന്നു
നിരവധി ദരിദ്രകുടിലുകളും ഒഴിഞ്ഞ വെളിമ്പ്രദേശങ്ങളുടേയും സ്ഥാനമിപ്പോള്‍
മള്‍ട്ടി മില്ലെനിയം ബിസിനസ് കൊയ്യുന്ന വാണീജ്യമന്ദിരങ്ങള്‍ കയ്യടക്കിയിരിക്കുന്നു
പഴയപൊട്ടിപൊളിഞ്ഞ റോഡ് സുന്ദരനായിരിക്കുന്നു
ബി എം ടി സിയുടെ പാട്ടചകടങ്ങളും സ്വകാര്യബസ്സുകളും മാത്രം ഓടിയിരുന്ന
ബണ്ണേര്‍ഘട്ടയിലേക്ക് ഇപ്പോള്‍ എസി ലോ ഫ്ലോറുകളുടെ പ്രവാഹമാണ്
ചുരുക്കത്തില്‍ ബണ്ണേര്‍ഘട്ടയും കാലത്തിനൊത്ത് കോലം മാറി,
അല്ലെങ്കില്‍ മാറ്റി.
എല്ലാത്തിനും സാക്ഷിയായി മീനാക്ഷി അമ്മന്‍ കോവില്‍ അതേപടിയുണ്ട്.

ബണ്ണേര്‍ഘട്ടയോട് അടുക്കുമ്പോഴുള്ള ഇടതൂര്‍ന്ന അക്വേഷ്യകാടിനും മാറ്റം വന്നിട്ടില്ല
ഒരുപക്ഷെ, ബണ്ണേര്‍ഘട്ട ദേശിയോദ്യാനമായതുകൊണ്ട്മാത്രമായിരിക്കാം
അവയുടെ ആയുസിനാരും കോടാലി വെയ്ക്കാത്തത്
ആ അക്വോഷ്യമരങ്ങള്‍ക്കിടയില്‍ പക്ഷെ,
ബണ്ണേര്‍ഘട്ടയിലെ പഴയയാത്രകളില്‍
കണ്ടിരുന്ന അന്തേവാസികളെ കണ്ടില്ല
വഴിയിലൂടെ കടന്നുപോയിരുന്നവരെ പേടിപ്പിച്ചും സന്തോഷിപ്പിച്ചും കഴിഞ്ഞിരുന്ന
കുരങ്ങന്‍മാരെ....

എ എം സിയും ഏറെ മാറിയിരിക്കുന്നു
പഴയവിദ്യാര്‍ത്ഥിയായ ഞങ്ങളെ കണ്ടപ്പോള്‍ ആ കലാലയത്തിന് മനസിലായികാണില്ല
നിരവധി പേര്‍ ഇങ്ങനെ വന്നുപോയതല്ലേ...
കൈകോര്‍ത്തപോലെ നിന്നിരുന്ന പഴയ 3 കെട്ടിടങ്ങള്‍ക്കുപകരം നീണ്ട ഒറ്റക്കെട്ടിടം
അതും വര്‍ണചില്ലുകള്‍ പാകി സുന്ദരിയായി
മുറ്റത്ത് നിന്നിരുന്ന ചെറിമരങ്ങല്‍ പാടെ പുല്‍ത്തകിടിക്കും വാട്ടര്‍ ഫൗണ്ടൈനും
വഴിമാറികഴിഞ്ഞു
ഒപ്പം ആ പഴയ മുയല്‍കൂടും മുയലുകളും....

എ എം സിയിലേക്ക് കാലെടുത്തുവെക്കുമ്പോള്‍
മുന്നില്‍ എം എസ് കമ്മ്യൂണിക്കേഴനിലെ പഴയസഹപാഠികള്‍ കാത്തുനില്‍ക്കുന്നപോലെ...
അഭിഷേക് മത്തായി, ഷൈനി, ദേബശ്രീ ചൗദരി, സോമാനന്ദ....
മനസ് വല്ലാതെ അവരെ മിസ് ചെയ്യുന്നു....
പലരും പലവഴിക്കായിരിക്കുന്നു
സാങ്കേതികവിദ്യയുടെ വികാസം മാത്രമാണ് ഇപ്പോഴും ഇവരെയൊക്കെ
കയ്യെത്തും ദൂരത്ത് നിര്‍ത്തുന്നത്.

കൂട്ടത്തില്‍ ഒരുകാര്യം കൂടി
ഞങ്ങള്‍ ഇവിടെനിന്ന് അഭ്യസിച്ച എം എസ് കമ്മ്യൂണിക്കേഴന്‍ ഇപ്പോള്‍ എ എം സിയിലേയില്ല...!!!

എ എം സിയില്‍ ഒരിക്കലും മിസ് ചെയ്യാനാകാത്ത ഒന്നുണ്ട്.
ക്യാന്‍റീന്‍...!!!
ഞങ്ങളുടെ ക്ലാസ് മുറി, ലോകം എല്ലാം ....
എല്ലാം ഈ "കൂറ' ക്യാന്‍റീന്‍ ആയിരുന്നു
കോളേജിന്‍റെ മാറ്റമൊന്നും ഒരുതരത്തിലും ക്യാന്‍റീന് സംഭവിച്ചിട്ടില്ല...!
ക്യാന്‍റീനില്‍ ഇരുന്ന് ഹാരിസിനൊപ്പം
ഒരിക്കല്‍കൂടി, അവസാനമായി, ഒരു കപ്പ് ചായകുടിച്ചപ്പോള്‍
മനസ്സില്‍ അനുഭവപ്പെട്ട വികാരം എന്താണ്...?
വായിച്ചെടുക്കാന്‍ ഇപ്പോഴും ആകുന്നില്ല
എത്ര ഇഴചേര്‍ത്ത് നെയ്താലും പൊട്ടിപോകുന്ന
നിരവധി ഓര്‍മകളുണ്ട് ഈ ക്യാന്‍റീന് നല്‍കാന്‍
ജീവിതത്തില്‍ ആദ്യമായി പ്രണയത്തിന്‍റെ സുഖവും
നഷ്ടപെടലിന്‍റെ നൊമ്പരവും ആസ്വദിച്ചതും
അനുഭവിച്ചതും ഈ ക്യാന്‍റീനില്‍ വച്ചായിരുന്നില്ലേ....
കൂട്ടുകാര്‍ക്കൊപ്പം നിരവധി ബര്‍ത്ത്ഡേ പാര്‍ട്ടികള്‍...
പെണ്‍പിള്ളാരെ കൂട്ടം ചേര്‍ന്ന് കമന്‍റടിച്ചത്....
ടീച്ചര്‍മാരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത്....
കൂട്ടുകാരുടെ പാത്രത്തില്‍ കയ്യിട്ടുവാരിയത്....
ജസ്ബീറുമൊത്തുള്ള ചൂടേറിയ രാഷ്ട്രീയ സംവാദങ്ങള്‍....
അങ്ങനെ ഓര്‍മയുടെ കൂമ്പാരം മനസ്സില്‍ ഉയരുന്നു....

ഒടുവില്‍ ക്യാന്‍റീനോട് യാത്രപറഞ്ഞിരിക്കുമ്പോള്‍
ഹാരിസ് പറഞ്ഞ വാക്കുകള്‍
" എത്ര മുഷിപ്പനാണെങ്കിലും
ക്യാമ്പസിലേക്കുള്ള മടക്കം,
അത് വല്ലാത്ത ഗൃഹാതുരത്വം നല്‍കുന്നതാണ്..."

എ എം സി സമ്മാനിച്ച ഓരോ നിമിഷവും
ഹൃദയത്തിന്‍റെ മടിത്തട്ടില്‍ ഇന്നും മായാതെ നില്‍ക്കുന്നുണ്ട്..
നൊസ്റ്റാള്‍ജിക്ക് ആയ ആ ഓര്‍മകള്‍ കാലം കാര്‍മേഘങ്ങള്‍കൊണ്ട്
മൂടാതിരിക്കട്ടെ......Sunday, 8 November 2009

മാപ്പ് ലക്ഷ്മി...മാപ്പ്....

2009 സെപ്തംബര്‍ 14 ന്, തിങ്കളാഴ്ച്ച കാലത്ത് 8 മണിക്കാണ്
പെരുമ്പാവൂരിനടുത്തെ ഇരിങ്ങോള്‍ കാവിലെ ലക്ഷ്മി എന്ന ആന ചരിഞ്ഞത്.
വയസ് 70 നും 80 നുമിടയില്‍ (കൃത്യമായി ഉറപ്പില്ല)
1988 ല്‍ കട്ടപ്പനയില്‍ നിന്ന് കൊണ്ടുവന്ന നാട്ടുകാര്‍ നടയ്ക്കിരുത്തിയതാണ് ലക്ഷ്മിയെ.
നാട്ടുകാരുടെ പൊന്നോമനയായിരുന്നു ലക്ഷ്മി.
ഉച്ചക്കും വൈകീട്ടും സ്ക്കൂള്‍ വിട്ടെത്തുന്ന കുട്ടികളുടെ കളിക്കൂട്ടുകാരി.
ഇതൊക്കെയാണെങ്കിലും മനുഷ്യന്‍ മനുഷ്യന്‍ തന്നെയാണല്ലോ...!
ലക്ഷ്മി ചരിഞ്ഞത് നാട്ടുകാര്‍ക്കെല്ലാം വല്ലാത്തവിഷമം സമ്മാനിച്ചാണ്.
എന്നാല്‍ മരണശേഷം സംസ്ക്കരിക്കാന്‍ ഒരുങ്ങിയപ്പോഴാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്.
ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ ആനയെ വനത്തില്‍
സംസ്ക്കരിക്കാന്‍ അനുവദിക്കില്ലെന്ന് ഡിഎഫ്ഓ നിര്‍ബന്ധം പിടിച്ചു.
തുടര്‍ന്ന് വനംമന്ത്രി ബിനോയ് വിശ്വം, ദേവസ്വം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി തുടങ്ങിയ ജനപ്രതിനിധികല്‍ ഇടപെട്ടെങ്കിലും പ്രശ്നപരിഹാരമായില്ല.
ആന തങ്ങളുടേതാണെന്ന് എഴുതിനല്‍കാമെന്ന് ദേവസ്വം കമ്മീഷണര്‍.
പോരെന്ന് വനം വകുപ്പ്.
മൂവാറ്റുപുഴയിലെ ഒരു സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ്
സാധാരണ ചരിഞ്ഞ ആനകളെ മറവ് ചെയ്യാറ്.
എന്നാല്‍ ഈയിടെ ഇവിടെ മറവുചെയ്ത ആനയ്ക്ക്
ആന്ത്രാക്സ് രോഗം ഉണ്ടായിരുന്നുവെന്ന അഭ്യൂഹത്തെതുടര്‍ന്ന് നാട്ടുകാര്‍ എതിര്‍ത്തിരുന്നു,
ഇതോടെ ഇവിടെയും മറവുചെയ്യാന്‍ വയ്യാത്ത അവസ്ഥയായിരു്ന്നു.
തുടര്‍ന്ന് പാലക്കാട്ടെ മംഗലം ഡാമിനടുത്തുള്ള ഒരു സ്വകാര്യവ്യക്തിയുടെ സ്ഥലത്ത്
ആനയെ സംസ്ക്കാരിക്കാന്‍ ധാരണയായി.
രാത്രി 12 മണിയോടെ ലോറിയില്‍ ആനയേയും കയറ്റി നാട്ടുകാര്‍ ഊണും ഉറക്കവും ഉപേക്ഷിച്ച് അവിടെയെത്തി. പക്ഷെ, നാട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടെന്ന് പറഞ്ഞ് പോലീസ് ആ നീക്കവും തടഞ്ഞു.

പിന്നെ വീണ്ടും ഇരിങ്ങോലിലേക്ക്.
കാവില്‍ സംസ്ക്കരിക്കാമെന്ന് തീരുമാനത്തിലാണ് നാട്ടുകാര്‍ ഇരിങ്ങോളിലേക്ക് തിരിച്ചുകൊണ്ടുവന്നത്.
എന്നാല്‍ നാട്ടുകാരില്‍ ചിലര്‍ കാവില്‍വച്ച് പോസ്റ്റ്മാര്‍ട്ടം ചെയ്യുന്നതിനെ എതിര്‍ത്തതോടെ വീണ്ടും വഴിമുട്ടി.
പോസ്റ്റ്മോര്‍ട്ടം നടത്താതെ മറവ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഫോറസ്റ്റുകാര്‍.
ഒടുവില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമായതിനെതുടര്‍ന്ന്
മലയാറ്റൂരിനടുത്തെ പെരുന്തോട് വനത്തില്‍ സ്ഥലം അനുവദിക്കാമെന്നായി വനംവകുപ്പ് .
പ്രശ്നങ്ങള്‍ ഇനിയും അവസാനിക്കുന്നില്ല.
ആദ്യം വെള്ള പേപ്പറില്‍ എഴുതി ഒപ്പിട്ട് നല്‍കിയാല്‍മതിയെന്നു പറഞ്ഞ ഫോറസ്റ്റുകാര്‍
പിന്നെ മുദ്രപത്രത്തില്‍ എഴുതി തരണമെന്ന് ആവശ്യപ്പെട്ടു.
വനത്തിന് നടുവില്‍ എവിടെനിന്ന് കിട്ടാനാണ് മുദ്രപത്രമെന്ന ചോദ്യത്തിന് ഫോറസ്റ്റ് കാര്‍ക്ക് മറുപടിയില്ല.
ഒടുവില്‍ ആ കടമ്പയും ഒരുവിധം കടന്നു.
സംസ്ക്കരിക്കാന്‍ കാടിനുനടുവില്‍ സ്ഥലമായി.

എന്നാല്‍ കാട്ടില്‍ കിലോമീറ്ററുകളുള്ളില്‍ ഫോറസ്റ്റുകാര്‍ ആദ്യം നല്‍കിയ സ്ഥലം
പാറകല്ലുകള്‍ നിറഞ്ഞതായത് വീണ്ടും പ്രതിഷേധത്തിനിടയാക്കി.
മൂന്നിടങ്ങളില്‍ മാറിമാറി കുഴിച്ച ശേഷമാണ് മറവുചെയ്യാന്‍ പറ്റുന്ന സ്ഥലം കണ്ടെത്താന്‍ ആയത്.
ഒരുഘട്ടത്തില്‍ ഫോറസ്റ്റുകാരുടെ പെരുമാറ്റത്തില്‍ മനം മടുത്ത്
ആനയെ കാട്ടില്‍ ഉപേക്ഷിച്ച് മടങ്ങാനും നാട്ടുകാര്‍ ശ്രമിച്ചു.
ഒടുവില്‍ നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഉച്ചക്ക് 2 മണിയോടെയാണ് പോസ്റ്റ്മോര്‍ട്ടം നടത്തി
ലക്ഷ്മിയെ മറവ് ചെയ്തത്.
അതും ചരിഞ്ഞ് 30 മണിക്കൂറുകള്‍ പിന്നിട്ടശേഷം....!

മിണ്ടാപ്രാണികളോട് ക്രൂരതകാട്ടി രസിക്കുന്ന ചിലരെകുറിച്ച് കേട്ടിട്ടുണ്ട്,
പത്രതാളുകളില്‍ വായിച്ചിട്ടുമുണ്ട്.
എന്നാല്‍ ജീവനില്ലാത്ത ഒരു മിണ്ടാപ്രാണിയോട്
ഇത്തരത്തില്‍ പെരുമാറിയതിന് ആരെയാണ് നാം പഴിക്കേണ്ടത്?
നമ്മിലെ വറ്റിയ മനുഷ്യത്വത്തെയോ...?
അതോ ഒരുകൂട്ടം ഉദ്യോഗസ്ഥവൃന്ദത്തെയോ...?
അതുമല്ലെങ്കില്‍ ആചാരങ്ങളുടെ പേരില്‍ ആ പാവത്തെ ദ്രോഹിച്ച് നമ്മളെതന്നെയോ?
അതും അമ്മയില്‍ നിന്ന് വേര്‍പെടുത്തി ഉപയോഗിച്ച ഒരുപാവത്തിനോട്...
മാപ്പ് ലക്ഷ്മി...മാപ്പ്....

പ്രതീക്ഷ

ഇന്നലത്തെ വാര്‍ത്തയിലും
കശ്മീരിന്‍റെ ദൈന്യമുഖം നിറഞ്ഞുനിന്നു
നിലയ്ക്കാത്ത രോദനങ്ങളും
വെടിയൊച്ചകളും
അവളുടെ അന്തരീക്ഷത്തില്‍
മാറ്റൊലികൊണ്ടേയിരിക്കുന്നു
'ഭൂമിയിലെ പറുദീസ'യിലിപ്പോള്‍
ദേവന്‍മാരുടെ സാനിധ്യമില്ല
ദേവാംഗനകളുടെ നൃത്തവുമില്ല.
ഇന്നിവിടം സാത്താന്‍റെ ഇടത്താവളം മാത്രം
കശ്മീരിലെ മഞ്ഞിനും പനീര്‍പൂവിനും
ഇപ്പോള്‍ ചോരയുടെ നിറവും മണവും മാത്രം.
ഒരിക്കല്‍, ദാലിന്‍റെ തീരത്ത്
ഷിക്കാരകളെ കാത്തുകിടന്ന
സഞ്ചാരികളുണ്ടായിരുന്നു.
എന്നാലിന്ന് ബന്ധുക്കളെ കാത്തുകിടക്കുന്ന
അഴിഞ്ഞുനാറിയ മൃതദേഹങ്ങള്‍ മാത്രം.
"......എന്ന് പേരുള്ള യുവാവിനെ കാണ്‍മാനില്ല"
കശ്മീരിലെ പത്രങ്ങളും റേഡിയോയും ആവര്‍ത്തിക്കുന്നു.
മാറ്റം പേരുകളില്‍ മാത്രം
ഒടുവിലവനും താഴ്വരയിലേതെങ്കിലും
തണുത്തുറഞ്ഞ നദിയിലെ
ഓളങ്ങളിലുലഞ്ഞുലഞ്ഞ് ഒരു
പൊങ്ങുതടിയായി തീരമണയും

എങ്കിലും, ഇവര്‍ പ്രതീക്ഷയിലാണ്.
കശ്മീരിന്‍റെ മഞ്ഞിന്
വെളുത്തനിറം തിരികെവരുമെന്ന്
പനീര്‍പൂക്കള്‍ വീണ്ടും സുഗന്ധം പരത്തുമെന്ന്
ജഹാംഗീറിന്‍റെ പൂന്തോട്ടങ്ങളില്‍
വസന്തം തിരികെയണയുമെന്ന്
കശ്മീരിനുമേല്‍
വെള്ളരിപ്രാവുകള്‍ പറന്നുനടക്കുമെന്ന്
വരാനിരിക്കുന്ന തലമുറകള്‍
മരണത്തിനുപകരം ജീവിതത്തെകുറിച്ച്
സ്വപ്നങ്ങള്‍ നെയ്യുമെന്ന്...


നമുക്കിടയില്‍ ....

നമുക്കിടയില്‍
ഒരോര്‍മ്മയുടെ
നിഴല്‍പാടുണ്ട്...


മൊഴിയാതെപോയ
വാക്കുകളുടെ
മാറ്റൊലിയുണ്ട്...


ദര്‍ശിക്കാതെപോയ
വേദനകളുടെ(കാഴ്ച്ചകളുടെ)
മായാത്തവര്‍ണങ്ങളുണ്ട്...


അറിയാതെപോയ
ദുരന്തങ്ങളുടെ
ആര്‍ത്തനാദങ്ങളുണ്ട്....


ഉടഞ്ഞുമണ്ണടിഞ്ഞുപോയ
മണ്‍പാത്രങ്ങളുടെ
തുടിതാളമുണ്ട്...


എഴുതാതെപോയ
കവിതയുടെ
അര്‍ത്ഥതലങ്ങളുണ്ട്...


തെളിയാതെപോയ
സ്വപ്നങ്ങളുടെ
മാധുര്യമുണ്ട്...


പറയാതെപോയ
പ്രണയത്തിന്‍റെ
നഖപാടുകളുണ്ട്...


അതിലുമുപരിയായി
നമുക്കിടയില്‍
'ഞാനും' 'നീ'യുമുണ്ട്...

Tuesday, 6 October 2009

മനുഷ്യത്വമില്ലാതെ മലയാളികള്‍

സെപ്തംബര്‍ 30
സ്ഥലം തേക്കടി തടാകം
സമയം 5 മണികഴിഞ്ഞിരിക്കുന്നു

ഇത്രയും വായിച്ചപ്പോഴേക്കും ഞാന്‍ എന്തിനെകുറിച്ചാണ്
പറയാന്‍ പോകുന്നത് എന്ന് മനസിലായിരിക്കുമല്ലോ
അതേ, നാടിനെ നടക്കിയ ആ മഹാദുരന്തത്തെകുറിച്ച് തന്നെ

അപകടത്തിന്‍റെ കാര്യവും മരണകയത്തില്‍ മുങ്ങിയവരുടേയും എണ്ണത്തിലും
അവ്യക്തത തുടരുകയാണിപ്പോളും

ദുരന്തഭൂമിയില്‍ നിന്ന് 3 ദിവസം തുടര്‍ച്ചയായി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഞാനുള്‍പ്പടെയുള്ള മാധ്യമപ്രവര്‍ത്തകരിലും അതിലുമുപരി ഓരോ മനുഷ്യന്‍റേയും മനസില്‍
ഏറെ ചോദ്യങ്ങള്‍ അവശേഷിപ്പിച്ചാണ് കെടിഡിസിയുടെ ജലകന്യക
തേക്കടി തടാകത്തിലേക്ക് മറിഞ്ഞത്
നമ്മുടെ നാടിന്‍റെ -ദൈവത്തിന്‍റെ സ്വന്തം നാടിന്‍റെ - സൗന്ദര്യം
ആസ്വദിക്കാനെത്തുന്നവര്‍ക്ക് നാമെന്ത് വിലയാണ് കല്‍പിക്കുന്നത് എന്ന ചോദ്യം
നമ്മുടെ വിനോദസഞ്ചാരമേഖല വില്‍പ്പന ചരക്ക്മാത്രമാക്കാനുള്ളതാണോ എന്നചോദ്യം
ദുരന്തങ്ങളില്‍ നിന്ന് നാമെന്നാണ് പാഠം പഠിക്കുകയെന്ന ചോദ്യം
ചോദ്യങ്ങള്‍ നിരവധിയുണ്ട്
എന്നാല്‍ ഉത്തരമാണ് ഇല്ലാത്തത്- അഥവാ കണ്ടെത്തേണ്ടത്

ഒരു സാധാരണമനുഷ്യന്‍ എന്നനിലയില്‍ എനിക്ക്
ഇവയേക്കാളേറെ ഉത്തരം കിട്ടേണ്ടിയിരുന്ന ഒരു ചോദ്യമുണ്ടായിരുന്നു.
മലയാളിക്ക് മനസാക്ഷി എന്നഒന്നില്ലേയെന്നത്?
ഇതിന് പ്രത്യേകിച്ച് ഒരു കാരണമുണ്ട്.
തണൂത്ത് മരവിച്ച മൃതദേഹങ്ങള്‍ ഒന്നൊന്നായി ആശുപത്രിയിലെത്തിക്കുമ്പോള്‍
ചുറ്റും ഓടികൂടിയിരുന്ന മനുഷ്യരില്‍ പലരും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവരായിരുന്നില്ല.
അപകടത്തില്‍പെട്ടവരെ സങ്കടത്തോടെ അവസാനമായി ഒരുനോക്ക് കാണാന്‍ ഓടിയെത്തിയവരുമായിരുന്നില്ല.
ഒരുപക്ഷെ, ടെലിവിഷന്‍ ദൃശ്യങ്ങളില്‍ നിങ്ങളും ഇക്കാര്യം ശ്രദ്ധിച്ചുകാണും.
ഓടിയണഞ്ഞവരുടെയെല്ലാം കയ്യില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നു.
വിവരങ്ങള്‍ അപ്പോഴയ്ക്കപ്പോള്‍ മറ്റുള്ളവരെ അറിയിക്കാനായിരുന്നില്ല അവ.
മറിച്ച് തണുത്ത് വെറുങ്ങലിച്ച ആ ഹതഭാഗ്യരുടെ ദൃശ്യങ്ങള്‍ പകര്‍ത്താനായിരുന്നു.
എന്നിട്ട് അവനോക്കി രസിക്കുക...

അപകടം നടന്ന മണകവലയില്‍ നിന്ന് ഓരോ ബോട്ടും കരയിലേക്ക് എത്തുമ്പോള്‍ ആകാഷയോടെ ഓടികൂടിയവരില്‍ അപകടത്തില്‍ പെട്ടവരുടെ ബന്ധുക്കളും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നവരും മാത്രമായിരുന്നില്ല,
ഇത്തരം മനസാക്ഷിരഹിതരും ഉണ്ടായിരുന്നു.

മൃതദേഹം പ്രതീക്ഷിച്ച് നിന്ന ഇത്തരക്കാരുടെ മുന്നിലേക്ക് ബോട്ടില്‍ വന്നത് മന്ത്രിമാരാണെന്നറിഞ്ഞപ്പോള്‍
ചെ, മന്ത്രിയാണോ വന്നത് എന്ന് സങ്കടപ്പെട്ടവരും നിരവധി.

എത്രമാത്രം മനുഷ്യത്വരഹിതമായിരുന്നു അവയെന്ന് അത് കാണുന്നവനുമാത്രമേ അറിയൂ.
ഇത്രക്ക് മനസാക്ഷിയില്ലാത്തവനാണോ മലയാളി????
ഇതാണോ നാം കൊട്ടിഘോഷിക്കുന്ന മലയാള തനിമയും മര്യാദയുമെല്ലാം???
കഷ്ടം...


Monday, 21 September 2009

ആഘോഷമാകുന്ന മരണങ്ങള്‍

മരണങ്ങള്‍ എങ്ങനെയാണ് ആഘോഷമാകുക...?
ഒരുപക്ഷെ ശീര്‍ഷകം കണ്ടപ്പോള്‍ നിങ്ങളുടെ മനസിലേക്ക്
ആദ്യം ഓടിയെത്തിയത് ഈ ചോദ്യമായിരിക്കാം.
ആരും ഒന്ന് ചിന്തിച്ച്പോകും.
ശരിയാണ്, മരണം ഒരിക്കലും ഒരു ആഘോഷമല്ല.
മരണം മാത്രമല്ല, വേദനപകരുന്ന ഒന്നും ആഘോഷമല്ല.
പിന്നെ...?

കഴിഞ്ഞകുറച്ച് നാളുകളായി നമ്മുടെ കൈരളിക്ക് നഷ്ടത്തിന്‍റെ നാളുകളായിരുന്നു.
പ്രശസ്തരായ നിരവധി എഴുത്തുകാരേയും സിനിമാതാരങ്ങളേയും രാഷ്ട്രീയകാരേയുമാണ്
മലയാളത്തിന് പൊഴിഞ്ഞ് വീണദിനങ്ങളിലായി നഷ്ടമായത്.
അപ്രശസ്തരായ നിരവധി പേര്‍ വേറെയും...

എന്നാല്‍, ഇപ്പോള്‍ എല്ലാമരണങ്ങളുമല്ലെങ്കിലും
ചിലതെങ്കിലും ഒരു ആഘോഷമാണ്.
മരിക്കുന്നത് സാസ്ക്കാരികനേതാക്കന്‍മാരോ
രാഷ്ട്രിയനേതാക്കളോ ആണെങ്കില്‍
അത് തീര്‍ച്ചയായും ആഘോഷം തന്നെയാണ്, സംശയമില്ല.
നമ്മുടെ ചാനലുകളും സാംസ്ക്കാരികവകുപ്പുംചേര്‍ന്ന്
അവ ആഘോഷമാക്കുകയാണ്.

സംശയമുള്ളവര്‍ ചാനലുകാരോട് ഒന്നുചോദിച്ച് നോക്കു.
ഉത്തരം അവര്‍ തരും.
അതുമല്ലെങ്കില്‍ സാംസ്ക്കാരിക വകുപ്പിനോട് ചോദിക്കു.
ഒരു പ്രമുഖന്‍ മരിച്ചാല്‍ ആ മരണം എങ്ങനെ ആഘോഷമാക്കാം എന്നതാണ്
എല്ലാവരുടേയും ചിന്ത.

മരിച്ചത് കലാകാരനാണെങ്കില്‍ ഭൗത്കശരീരവും വഹിച്ചുള്ള
വിലാപയാത്ര ഒരു സാംസ്ക്കാരികഘോഷയാത്രയാക്കിമാറ്റാന്‍
സാസ്ക്കാരികവകുപ്പ് റെഡി.
ചടങ്ങുകള്‍ക്ക് മോഡികൂട്ടാന്‍ ഔദ്യോഗികബഹുമതിയും ഉണ്ടാകും.

ഭൗതികശരീരം കുളിപ്പിച്ച് പൊതുദര്‍ശനത്തിനുവെയക്കുന്നത് വരെയുള്ള കാര്യങ്ങളും
സംസ്ക്കാരവും ചാനലുകള്‍ക്ക് വിട്ടേക്കുക.
മൂന്നും നാലും ക്യാമറകളുമായി അത് ലൈവ് ആഘോഷമാക്കാന്‍ അവര്‍ റെഡി.
ഇനിയുമുണ്ട് താരങ്ങള്‍.
പരേതന്‍റെ കുട്ടിക്കാലം മുതല്‍ മരണംവരെ
ഓര്‍മയിലേക്ക് ഊളിയിട്ട് കണ്ണീര്‍ പൊഴിച്ച്
കഥപറയാനായി ക്യമറകള്‍ക്കുമുന്നില്‍ തിരക്ക്കൂട്ടുന്നവര്‍...

ഇവയെല്ലാം മരണത്തിന്‍റെ ആഘോഷിക്കേണ്ടവശങ്ങളാണ്.
അതെ, എല്ലാം ആഘോഷമാകുന്ന ഈ പുതിയകാലത്ത്
മരണവും ആഘോഷം തന്നെ.

അല്ലെങ്കില്‍ തന്നെ നമ്മള്‍ മാത്രമല്ലേ
മരണത്തെ കരഞ്ഞ്കൊണ്ട് വരവേല്‍ക്കുന്നത്?
തമിഴന്‍ പാട്ടും കൂത്തുമായല്ലേ മൃതദേഹത്തെ
ചുടലപറമ്പിലേക്ക് എടുക്കുന്നത്.
സായിപ്പന്‍മാര്‍ ഷാംപെയിനും വൈനും കുടിച്ചും തിന്നുമാണ്
വീടുതേടിയെത്തുന്നമരണത്തെ ആഘോഷിക്കുന്നത്..
നമുക്കും ആഘോഷിക്കാം,
ഓരോ മരണത്തേയും....


കുറിപ്പ്:- നേരത്തെ യാത്രയായ പ്രമുഖരെല്ലാം മണ്ടന്‍മാരാ അല്ലേ..
നേരത്തെ മരിച്ചത്കൊണ്ടല്ലേ സാംസ്ക്കാരികവിലാപയാത്രയും
ലൈവ് കവറേജുമെല്ലാം അവര്‍ക്ക് നഷ്ടമായേ....!!!!


Wednesday, 17 June 2009

വേര്‍പാടിന്‍റെ നൊമ്പരം

മരണത്തെ എത്രപ്രണയിക്കുന്നവനായാലും ശരി
ചിലപ്പോഴെങ്കിലും വെറുക്കാത്തവരുണ്ടാവില്ല.
ചില മരണങ്ങള്‍ നമ്മെ ഞെട്ടിപ്പിക്കുന്നുവെങ്കില്‍‍
ചിലവ ആശ്വാസമേകുന്നു
നിനച്ചിരിക്കാതെ പ്രിയപ്പെട്ട ഒരാള്‍
അകാരണമായി നമ്മോടു യാത്രപോലും പറയാതെ
പടിയിറങ്ങുമ്പോള്‍ അത് ഏറെ ദുഖിപ്പിക്കുന്നവയാണ്.
അത്തരത്തിലൊന്ന് കഴിഞ്ഞ മാസം അവസാനം
എന്നെയും തേടിയെത്തി
ജീവിതത്തിലാദ്യമായി ഒരു പിടി മണ്ണ് ഞാന്‍
വാരിയിട്ടത് വേദനയോടെ മാത്രമേ എന്നും സ്മരിക്കാനാവൂ.
മരണം എന്‍റെ സ്വകാര്യദുഖമായിരുന്നുവെങ്കില്‍
മാധവികുട്ടിയുടെ , കമലാദാസിന്‍റെ , കമലാസുരയ്യയുടെ
അതിലുമപ്പുറം ആമിയുടെ വേര്‍പാട്
അത് മലയാളത്തെ സ്നേഹിക്കുന്നവന്‍റെ ദുഖമാണ്.
മലയാളത്തിന്‍റെ നീലാംബരി എന്നന്നേയ്ക്കുമായി
നഷ്ടപ്പെട്ടത് നമ്മെ ഏറെ മൗനിയാക്കുന്നു
ഒരിക്കലും ദുര്‍‍ബലയായി ആശുപത്രിക്കിടക്കയില്‍
കിടക്കരുത് എന്ന് ആഗ്രഹിച്ചിരുന്ന,ശഠിച്ചിരുന്ന
മലയാളത്തിന്‍റെ വിപ്ലവകാരിയായ ആ എഴുത്തുകാരിക്ക്
ഈ വേര്‍പാട് ഒരു ആശ്വാസമാണ്.
മൂന്ന് ഭാഷയില്‍ സംസാരിക്കുകയും രണ്ട് ഭാഷയില്‍ എഴുതുകയും
ഒരു ഭാഷയില്‍ സ്വപ്നം കാണുകയും ചെയ്തിരുന്ന മാധവിക്കുട്ടി
ഇനിയൊരു നീര്‍മാതളം കൂടി പൂക്കുന്നത് കാണാന്‍ വരില്ല
വേണ്ട, മനുഷ്യനെ മനസിലാക്കാന്‍ ആവാത്ത
മനുഷ്യരും ഉള്ള കൈരളിയുടെ മണ്ണില്‍
ഇനി നീര്‍മാതളം പൂക്കണ്ട.

പുന്നയൂര്‍കുളത്ത് കളിക്കൂട്ടുകാരിയായ
കാര്‍ത്തിയായിനി ടീച്ചറുമൊത്ത് കമല
ഓടി നടന്നിരുന്ന തൊടിയും പറമ്പുമെല്ലാം
ഇന്നും വലിയമാറ്റങ്ങളൊന്നുമില്ലാതെ
(കാലമേല്‍പ്പിച്ച അനിവാര്യമായ മാറ്റം മാത്രം ) അവിടെയുണ്ട്.
വിവാദങ്ങളിലേക്ക് വേഗത്തില്‍ ഇഴഞ്ഞുനീങ്ങിയ
പാമ്പിന്‍കാവും മാധവിക്കുട്ടിയുടെ സ്വന്തം
നീര്‍മാതളവുമെല്ലാം ഇപ്പോഴും അതുപോലെ
എന്നെങ്കിലും തങ്ങളുടെ കഥാകാരി ,
തങ്ങലെ കാണാന്‍ ഓടിയെത്തുമെന്ന പ്രതീക്ഷയില്‍...

അങ്ങനെ നല്ലവരായ ചിലര്‍കൂടി
കാലത്തിന്‍റെ തിരശ്ശീലയ്ക്കുപിന്നില്‍ മറഞ്ഞിരിക്കുന്നു
അല്ലെങ്കില്‍ നക്ഷത്രങ്ങളായി മുകളില്‍ നിന്ന്
നമ്മെ നോക്കി കണ്ണിറുക്കുന്നു

അല്ലെങ്കില്‍ തന്നെ മരണത്തെ എന്തിനാണ്
കുറ്റപ്പെടുത്തുന്നത് ?
മരണം ഒരു ഓര്‍മ്മപെടുത്തലല്ലേ
അടുത്തത് നിങ്ങളാവാം എന്ന ഓര്‍മപെടുത്തല്‍....

Thursday, 21 May 2009

വിലയില്ലാത്ത വോട്ടര്‍മാര്‍

ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ പലരും പല സമരമുറകളാണ് ഉപയോഗിക്കുന്നത്.
കുര്‍ബാനപ്പാറ- വീട്ടിമുഗള്‍ കോളനിക്കാര്‍ ഒടുവില്‍ പുതിയൊരുസമരമാര്‍ഗം സ്വീകരിച്ചു.
ജനാധിപത്യപ്രക്രിയയില്‍ നിന്ന് വിട്ടുനില്‍ക്കുക.
ഇത്തവണത്തെ പൊതുതെരഞ്ഞെടുപ്പില്‍ നിന്ന് മാത്രമല്ല, ഇനിയുള്ളവയില്‍ നിന്നും വിട്ടുനില്‍ക്കും.
പെരുമ്പാവൂര്‍ കുറുപ്പംപടിക്ക് സമീപമുള്ള വിനോദസഞ്ചാരകേന്ദ്രമായ
പാണിയേലി പോരിന് സമീപത്ത് യൂക്കാലി കാടിന് നടുവിലാണ് ഈ കോളനിക്കാര്‍ കഴിയുന്നത്.
കാട്ടിന് നടുവിലൂടെ ദുര്‍ഘടമായ പാതയിലൂടെ രണ്ട് കിലോമീറ്റര്‍ നടന്നുവേണം കോളനിയിലെത്താന്‍.
പാറക്കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെ ഉള്ളയാത്രയും കഴിഞ്ഞ്
കോളനിയിലെത്തുന്നവരെ കാത്തിരിക്കുന്നത് കൂടുതല്‍ ദുരിതങ്ങളുടെ ഭാണ്ഡക്കെട്ടാണ്.
നാല്‍പ്പതോളം കുടുംബങ്ങള്‍ താമസിക്കുന്ന ഇവിടെ വൈദ്യുതിയില്ല.
കുടിവെള്ളമില്ല, വഴിയുടെ കാര്യം ഇനിയും പറയേണ്ടതുമില്ലാലോ...!
മുപ്പത്തിയഞ്ച് വര്‍ഷത്തിലേറെയായി ഇവിടെ താമസിക്കുന്നവരെ
വാഗ്ദാനങ്ങള്‍ നല്‍കി പറ്റിച്ച മുന്നണിക്കാര്‍ നിരവധി.
അമ്പത് മീറ്റര്‍ അകലെവരെയുള്ള വൈദ്യുതിവെളിച്ചം
കോളനിയിലെത്തിക്കാന്‍ ഇവര്‍ മൂന്നരപതിറ്റാണ്ടായി കഷ്ടപ്പെടുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്താണ് വീടുകള്‍ വയറിങ്ങ് നടത്തിയാല്‍
വൈദ്യുതിയെന്ന പ്രഖ്യാപനം(വാഗ്ദാനം) ഇവര്‍ കേട്ടത്.
തങ്ങളുടെ വീടിനകത്തും തോമസ് ആല്‍വ എഡിസന്‍റെ
വൈദ്യുതിള്‍ബ് പ്രകാശിക്കും എന്നവര്‍ സ്വപ്നം കണ്ടു.
കടംവാങ്ങി അങ്ങനെ ആ 'ദുരാഗ്രഹികല്‍' വീട് വയറിങ്ങ് നടത്തി.
തെരഞ്ഞെടുപ്പില്‍ പ്രഖ്യാപനത്തിന് 'പച്ച'കുത്തി.
വിജയിച്ചപ്പോള്‍ വാഗ്ദാനത്തിന് 'ചുവപ്പ്' കുത്തി
രാഷ്ട്രീയക്കാരന്‍ കഴിച്ചിലായി.
ദുരിതനിവാരണത്തിനായി ഇവര്‍ കയറിയിറങ്ങാത്ത
കാര്യാലയങ്ങളില്ല, മുട്ടാത്ത വാതിലുകളില്ല.
വേനല്‍ക്കാലമായാല്‍ കോളനിയില്‍ വെള്ളമില്ല.
കിലോമീറ്ററുകള്‍ നടന്ന് , കാല്‍നടയായി ചുമന്നാണ്
പിന്നീട് കുടിവെള്ളമെത്തിക്കുന്നത്.
ചെറിയകുഞ്ഞുങ്ങളുള്ള അമ്മമാര്‍ക്ക്
വെള്ളവുമായി കൂരയണയുന്നതുവരെ മനസില്‍ ആധിയാണ്.
സന്ധ്യമയങ്ങിയാല്‍ ഇഴജെന്തുക്കള്‍ വിഹരിക്കുന്ന കാട്ടുപാതയിലൂടെയാണ്
കോളനിയിലെ കുട്ടികളുടെ സ്ക്കൂള്‍യാത്രയും.
കോളനിയുടെ ഒരുവശത്തെ പാത ടാര്‍ ചെയ്തിട്ടുണ്ട്.
എങ്കിലും കടയില്‍ പോകാനും അടിയന്ത്രഘട്ടത്തില്‍
ആശുപത്രിയില്‍ എത്താനും കോളനിക്കാര്‍ക്ക്
ഓട്ടോപോലും ഓടാത്ത ഈ കാനനപാതതന്നെ ശരണം.
തങ്ങളുടെ ഗതികേട് ആരോട് പറയാനെന്ന് ഇവര്‍ ചോദിക്കുമ്പോള്‍
ഏവര്‍ക്കും ഒന്ന് ഉത്തരംമുട്ടും.
ഉത്തരംനല്‍കേണ്ടവര്‍ കേട്ടഭാവം നടിക്കാതെയായതോടെ
ഇനി ചൂമ്ടുവിരലില്‍ മഷിപുരട്ടേണ്ടെന്ന് ഇവരും തീരുമാനിച്ചു.
നയം വ്ക്തമാക്കിയതോടെ ഇത്തവണ ഇവരെ തേടി
പൊന്നിന്‍റെ വിലയുള്ള വോട്ടിനായി
ഒരു മുന്നണിക്കാരും വന്നതുമില്ല.
കാര്യമില്ലെങ്കില്‍ എന്തിനാ കാടുകയറുന്നതെന്ന് തോന്നിക്കാണും.

അല്ലെങ്കിലും, വാഗ്ദാന്ങള്‍ കേട്ട് കോരിത്തരിച്ച്,
മറക്കാന്‍ അറിയാത്ത ഇവറ്റകളുടെ വോട്ട്
രാഷ്ട്രീയക്കാര്‍ക്ക് എന്തിന്, അല്ലേ....?

Saturday, 4 April 2009

വെട്ടലും തിരുത്തലും

വെട്ടിനിരത്തല്‍ നടക്കുന്നതെവിടെ എന്ന് ചോദിച്ചാല്‍
കേരളീയര്‍ക്ക് ഇത്രനാളും ഒരുത്തരമേ ഉണ്ടായിരുന്നുള്ളു
സിപിഎമ്മില്‍ എന്ന്
എന്നാല്‍ ഈ തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെ ചിലവോട്ടര്‍മാരെങ്കിലും
ഒന്നുമാറ്റി ചിന്തിച്ച് കാണണം.
കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ എന്തെല്ലാം മറിമായങ്ങളാണ് നടന്നത്!
എത്രവിദഗ്ധമായാണ് അവര്‍ അവസാനനിമിഷം
സ്റ്റുഡന്‍റിനുപകരം മാഷെ തിരുകികയറ്റിയത്.!!!
പാവം ഹൈബി, മോഹിച്ച്(മോഹിപ്പിച്ച്)വശംവദനായിരുന്നു
കുറേ അടികൊണ്ടിട്ടും ജയിലി‍ല്‍ പട്ടിണികിടന്നിട്ടും
ലീഡറേയും കൂട്ടരേയും ഒപ്പം ഒപ്പിച്ചിട്ടും ഒരു ഗുണവും കിട്ടിയില്ല.
സഭയാകെ സഭയൊക്കെ അയച്ച ഫാക്സും
വിളിച്ച ഫോണ്‍ കോളുകളുമൊക്കെ വേസ്റ്റ്
ഹൈബിയേക്കാള്‍ പരിചയസമ്പന്നനായ 'തിരുമ്മല്‍'ക്കാരനാണ് മാഷെന്ന്
പള്ളിക്കാര്‍ക്കും പട്ടക്കാര്‍ക്കും മനസിലായിട്ടില്ലെന്ന് തോന്നുന്നു.
പ്രിയങ്ക-സോണിയ ഗാന്ധിമാരാണ്
മാഷിന്‍റെ തിരുമലില്‍ വീണ് പോയത് എന്നാണ്
കോണ്‍ഗ്രസ് ക്യാമ്പുകളിലെ അടക്കംപറച്ചില്‍.
എന്തായാലും ഹൈബിയുടേയും സിദ്ദിഖിന്‍റെയും
മോഹങ്ങള്‍ അരിഞ്ഞ് കളയാന്‍ 'മാനദണ്ഡങ്ങള്‍'എന്ന വാളിന്
മൂര്‍ച്ചകൂട്ടികാത്ത് വച്ചിരുന്നു കോണ്‍ഗ്രസ് ഹൈക്കമാന്‍റ്.
മോഹഭംഗം സംഭവിച്ച കോണ്‍ഗ്രസുകാര്‍ ഇനിയുമുണ്ട്.
'പേയ്മെന്‍റ് സീറ്റ്' എന്ന വാക്ക് കേരളരാഷ്ട്രീയത്തിന് സമ്മാനിച്ച
രാജ് മോഹന്‍ ഉണ്ണിത്താനും ഇത്തവണ ഇരിക്കാനും നില്‍ക്കാനും സീറ്റ് കിട്ടിയില്ല.
കൊല്ലമില്ലേല്‍ വേറെ ഇല്ലം വേണ്ടെന്ന് രാജ്മോഹനങ്ങ് പ്രഖ്യാപിച്ചു
അതോടെ കോണ്‍ഗ്രസ് നേതൃത്വം ഹാപ്പിയുമായി, അളിയന്‍റെ എല്ലാവഴിയും അടഞ്ഞു.!!!
കോണ്‍ഗ്രസിലെ അടുത്ത നിര്‍'ഭാഗ്യ'വാന്‍ കോടോത്താണ്
നിരവധിതവണ സ്ഥാനാര്‍ത്ഥികുപ്പായം
തയ്പ്പിച്ച കോടോത്തിന് ഇത്തവണയും യോഗമില്ല.
ഉന്നംവെച്ച കാസര്‍കോട് സീറ്റ് കാക്കയെ പോലെ എത്തി നേതൃത്വം
ഷാനിമോള്‍ ഉസ്മാന് നല്‍കി കോണ്‍ഗ്രസിലെ ഏകമോളെ ആശ്വസിപ്പിച്ചു.
എന്നാല്‍ മോളങ്ങനെ ആശ്വസിക്കാന്‍ തയ്യാറായിരുന്നില്ല.
കാസര്‍കോട് പോയി തോല്‍ക്കാന്‍ തന്നെകിട്ടില്ല എന്ന് പറയാതെ പറഞ്ഞു.
അതോടെ ഷാഹിദ കമാലിന് ലോട്ടറികിട്ടി
ഷാഹിദയ്ക്ക് ലോട്ടറി അടിക്കുമോ എടുത്തകാശ് പോകുമോ?
കാത്തിരുന്നുകാണാം.

Monday, 23 March 2009

പിസി ചരിതം അഥവാ പാലാഴിമഥനം

തെരഞ്ഞെടുപ്പ് കാലം വാഗ്ദാനങ്ങളുടെമാത്രമല്ല,
ആരോപണ പ്രത്യാരോപണങ്ങളുടെ കൂടി കാലമാണ്
ആരോപണകലയുടെ പുതിയപൊതിയഴിച്ചത്
സാക്ഷാല്‍ പിസി തോമസ് തന്നെയാണ്
പിസി ആകുമ്പോള്‍ എതിരാളി എന്തായാലും രാഷ്ട്രീയഗുരുതന്നെയാകുമെന്നത് ഉറപ്പ്.
തന്‍റെ രാഷ്ട്രീയഗുരുവും ശക്തനായ എതിരാളിയുമായ
കെഎം മാണിക്കെതിരെ
'പാലാഴി' കടഞ്ഞായിരുന്നു പിസിയുടെ രംഗപ്രവേശം
'പലാഴി'യുടെ പേരില്‍ കറന്നെടുത്ത പാലൊക്കെ
പലിശസഹിതം തിരിച്ചുനല്‍കിയില്ലെങ്കില്‍
കോട്ടയത്തെ മകന്‍റെ വോട്ട് കോട്ടയില്‍ ഓട്ടവീഴ്ത്തുമെന്നായിരുന്നു പിസിയുടെ ഭീഷണി.
വേണ്ടിവന്നാല്‍ മത്സരിക്കാനും തയ്യാര്‍
പിസിയുടെ അമ്പ് ശരിക്കും മാണിയുടെ ചങ്കില്‍ തറച്ചുകയറി
മാണി സാറ് മദമിളകിയ ആനയെപോലെയായി
'പാലാഴി' എന്ന് കേട്ടാലെ മാണി സാറിപ്പോള്‍ ഞെട്ടും
പിന്നെ "എല്ലാം അടഞ്ഞഅദ്ധ്യായം" എന്നങ്ങ് കാച്ചും, പന്നെ മിണ്ടില്ല!
പണ്ട് ശത്രുപാളയത്തിലായരുന്നപ്പോള്‍ ചര്‍ദ്ധിച്ചതൊക്കെ വിഴുങ്ങി
പിസി ജോര്‍ജാണ് 'പാലാഴി'യിലെ
വിഷം കുടിച്ച് മാണിസാറിനെ രക്ഷിക്കാനായി 'നീലകണ്ഠ'നായി അവത‍രിച്ചത് .
പണ്ട് 'പാലാഴി' കറക്കാനായി മാണിസാറിനെ നിയമസഭയ്ക്കകത്തും പുറത്തും
കയറാക്കിയ പിസി ജോര്‍ജിനെന്താ
അല്‍ഷിമേഴ്സ് ബാധിച്ചോ എന്ന ആശങ്കയിലാണ് പാവം ജനമിപ്പോള്‍.

അതിലും കഷ്ടമാണ് എല്‍ഡിഎഫിന്‍റെ കാര്യം.
മാണിസാറിനെ അടിച്ചോടിക്കാന്‍ വടി എറിഞ്ഞുകൊടുത്തിട്ടും
അത് ഒന്നുയര്‍ത്താന്‍പോലും എല്‍ഡിഎഫിന് ഒരു പേടി പോലെ...!
വിശിഷ്യാ പിജെ ജോസഫിന്.
മാത്രവുമല്ല, പിജെ അടിക്കാനോങ്ങിയത് തോമസനെ...!!!!
സ്വന്തം ചെയര്‍മാന്‍റെ നിലപാട് പിസിയെ അമ്പരപ്പെടുത്തിക്കളഞ്ഞു.
അമ്പരപ്പ് പിന്നീട് തിരിച്ചറിവായി,
തിരിച്ചറിവ് ഉടനെ വാശിക്ക് വഴിമാറി.
വാശിയോടെ, വീറോടെ പ്രഖ്യാപിച്ചു
പുതിയപാര്‍ട്ടി രൂപീകരിക്കും.
അതും യഥാര്‍ത്ഥ കേരളാകോണ്‍ഗ്രസ്...!!

മുന്നോട്ടങ്ങനെ മുന്നോട്ട്
വളരും തോറും പിളര്‍ന്നും
അടുക്കും തോറും പിളര്‍ത്തിയും
കേരളകോണ്‍ഗ്രസ് മുന്നോട്ട്.....!!!!

Sunday, 22 March 2009

എനിക്ക് ഒരു വോട്ട്...,പ്ലീസ്.....

സീറ്റിനായി നടത്തിയ കടിപിടി പോലെതന്നെ രസകരമാണ് വോട്ട് തെണ്ടലും
ചിലരുടെ വോട്ട് തേടല്‍ ഏറെ കൗതുകമുണര്‍ത്തുന്നതാണ്
പണ്ട് പറഞ്ഞവ വെള്ളംചേര്‍ക്കാതെ വിഴുങ്ങുന്നതും
കടിച്ച് പറിക്കാന്‍ചെന്നവനെ കെട്ടിപിടിച്ച് മുത്തുന്നതും
വര്‍ഷങ്ങളായി അറിയാത്തഅയല്‍ക്കാരനെ
ഒരു നിമിഷംകൊണ്ട് അറിയുന്നതും
വെയിലേറ്റപ്പോള്‍ വിപ്ലവവീര്യം മറന്ന്
കുത്തകവിഷപാനിയം കുടിക്കുന്നതും
വെയിലേറ്റാല്‍ കറക്കുമോ എന്നുപേടിച്ച് പേടിച്ച് മാത്രം
വോട്ടറെ തേടി എത്തുന്നതുമായ നിരവധി സ്ഥാനാര്‍ത്ഥികള്‍
അങ്ങനെ....അങ്ങനെ ....
കൗതുകകരമായ കാഴ്ച്ചകള്‍ ഏറെയാണ്.

സഭകള്‍ ബ്ലേഡ്കമ്പനികളാണെന്നും
പിതാക്കന്‍മാര്‍ മാര്‍വാടികളാണെന്നുമെല്ലാം
ഘോരംഘോരം പ്രസംഗിച്ച് കുട്ടിസഖാക്കളെ കോരിത്തരിപ്പിച്ച
സിന്ധു ജോയിയുടെ വോട്ട് തേടലില്‍
നര്‍മത്തിന്‍റെ ,നാണം കെടലിന്‍റെ മുഹൂര്‍ത്തങ്ങള്‍ ഏറെയാണ്.
എസ് എഫ് ഐയുടെ ധീരവനിത
എറണാകുളം മണ്ഡലത്തില്‍‍ ആദ്യം വോട്ട് ചോദിച്ചെത്തിയത്
പള്ളികളിലും അരമനകളിലും കന്യാസ്ത്രീമഠങ്ങളിലുമായിരുന്നു.
താന്‍ തള്ളിപറഞ്ഞ, വെല്ലുവിളിച്ചവരുടെ മുന്നില്‍
ദയാവായ്പ്പും തേടി വരേണ്ടിവരുമെന്ന്
സ്വപ്നത്തില്‍ പോലും സിന്ധു കരുതിക്കാണില്ല.
കെസിബിസി ആസ്ഥാനത്ത്
ആലത്തറ അച്ചന്‍റെ പ്രതികരണങ്ങള്‍ക്ക് മുന്നില്‍
ചമ്മി,പതറിനിന്നത് ജീവിതത്തിലൊരിക്കലും സിന്ധുമറക്കാനിടയില്ല.

അച്ചനുമുന്നില്‍ ചമ്മിയതും
എന്നോ കൃസ്തുവിനെ സ്തുതിച്ച് പാടിയപാട്ട്
ആരോ ഗൂഡാലോചനയുടെ ഭാഗമായി യൂ ടൂബിലിട്ടതും
ഇവയെല്ലാം ചേര്‍ത്ത് സിണ്ടിക്കേറ്റ് മാധ്യമങ്ങള്‍
കഥ ചമയ്ക്കുകയും ചെയ്ത് കൂടി ആയപ്പോള്‍
സിന്ധുവിന് പുതുപ്പള്ളിയുടെ ഓര്‍മ
തികട്ടിവന്നു...!

തൊട്ടുപിന്നാലെ ദാ വരുന്നു ദാഹം തീര്‍ക്കുന്ന ചിത്രം
ഹൊ! മനുഷ്യന് ദാഹമകറ്റാനും സമ്മതിക്കില്ലേ ഈ സണ്ടിക്കേറ്റുകള്‍...?
എന്നും തള്ളിപറഞ്ഞ, പറയുന്ന
നിരന്തരപോരാട്ടം നടത്തുന്ന
കൊക്കോകോളയുടെ ഫാന്‍റയും കുടിച്ച്
വോട്ട് ചോദിച്ച് സിന്ധുവീണ്ടും തരംഗം സൃഷ്ടിച്ചു.

എറണാകുളത്തെ വോട്ട് തേടല്‍
ഏതൊരുസമരമുഖത്തേക്കാളും വലിയസമരമാണെന്ന്
പാവം ധീരസഖാവ് ഇപ്പോഴാണ് മനസിലാക്കിയത്...!

എങ്കിലും സഖാക്കളെ നമുക്ക് വിളിക്കാം
അഭിവാദ്യങ്ങള്‍
അഭിവാദ്യങ്ങള്‍
ധീരസഖാവിന് അഭിവാദ്യങ്ങള്‍
നൂറു ചുകപ്പന്‍ അഭിവാദ്യങ്ങള്‍.....


Thursday, 19 March 2009

തുടരുന്ന രാഷ്ട്രീയ തമാശ...

ഇടത് വശത്തെ കോട്ടയില്‍ മാത്രമല്ല കോമഡി ഷോ അരങ്ങേറുന്നത്
വലത്പക്ഷത്തെ തിയ്യേറ്ററുകളിലും ഇപ്പോള്‍ കൂടുതല്‍ കയ്യടി നേടുന്നത് കോമഡി സിനിമയാണ്
സ്ഥാനാര്‍ത്ഥിയാവാന്‍ മോഹിച്ച് പുതിയ ജുബയും തയ്പ്പിച്ച്
വടക്ക് നിന്ന് തെക്കോട്ടെത്തിയ വടക്കനും കിട്ടി പൊതിരെ തല്ല്
യൂത്ത് കോണ്‍ഗ്രസ് വക അടി 16
കോലം കത്തിക്കല്‍ 4
തെറിവിളി പലവിധം
തെറിവിളിച്ചവനെ വടക്കന്‍ സാര്‍ അപ്പോഴേ ചെവിക്ക് പിടിച്ച് പുറത്തിട്ടു
അതും ആറ് വര്‍ഷത്തേക്ക്
ഭാഗ്യം! അടുത്ത തെരഞ്ഞെടുപ്പ് കഴിഞ്ഞേ ഇനി
തെറി വിളിക്കാന്‍ ഇനി അവന് യോഗമുള്ളു
അടുത്തതവണയും തനിക്ക് ധൈര്യത്തോടെ തെക്കോട്ടെടുക്കാം
അങ്ങനിരിക്കും വടക്കനോട് കളിച്ചാല്‍!
ഹൊ, സമാധാനമായി എന്നുകരതിയപ്പോഴാണ് അടുത്ത കുരിശ്
നാല് കവല പ്രസംഗം നടത്താന്‍ തനിക്കറിയില്ലെന്ന്
നടത്തിയാല്‍ കെട്ടിവച്ച കാശ് പോകുമെന്ന്
ആദ്യം കരുതി ഇവനേയും പുറത്താക്കാം
ആറ് വര്‍ഷത്തേക്കല്ല, ആയുഷ്ക്കാലത്തേക്ക്
പിന്നീടാ അറിഞ്ഞത്
അഴീകോടിന് കോണ്‍ഗ്രസില്‍ അംഗത്വമില്ലെന്ന്
മെത്രാന്‍മാരുടെ കാലുകയ്യുംപിടിച്ച്
ഏഐസിസി ആസ്ഥാനത്തും ടിവി ചാനലുകളിലും കേറിയിറങ്ങിയും
ഒരു വിധം ഒപ്പിച്ചെടുത്ത സീറ്റാ
അപ്പോഴാ ഈ പുതിയ 'പഴയ' താരം
എന്ത്ചെയ്യാനാ ? കാലക്കേട്
ഉടന്‍ തീരുമാനിച്ചു
സംസ്ഥാനത്തെ എല്ലാ മണ്ഡലത്തിലും കേറി പ്രസംഗിക്കും
എന്നാല്‍ മത്സരിക്കില്ല.
സമാധാനം!
പറഞ്ഞത് തൃശ്ശൂര്കാര് മാത്രമല്ല
ഒപ്പം തൂശ്ശൂര് സീറ്റ് മോഹിക്കുന്ന കൂട്ടുകാരും...


ഇതിനിടെയാണ്
'പഴയ തീവ്രവാദി' സിദ്ദിഖിനെ
പുറം കാലുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന്
എടുത്തെറിഞ്ഞത്.
പകരം 'ടാലന്‍റ് ഹണ്ട് റിയാലിറ്റി ഷോ'യിലെ വിജയി
ലിജു പുതിയ വണ്ടിക്കാരനായി.

ഉമ്മച്ചനുണ്ടോ വിടുന്നു
ഉടന്‍ കേറി ഉടക്കി
ദേ കിടക്കുന്നു ലിജു താഴെ...
ഡ്രൈവര്‍ സീറ്റില്‍ ഇരുന്ന് ഒന്ന് സ്വപ്നം കണ്ട്
മയങ്ങിയതേയുള്ളു
ഉണര്‍ന്നപ്പോള്‍ മൂഷിക സ്ത്രീ.......

തെരഞ്ഞെടുപ്പിന് തിരകഥ രചിച്ചുകൊണ്ട്
മറ്റ് കേന്ദ്രങ്ങളും സജീവമാണ്
സഭകള്‍ എന്നും മറ്റും പേര് വിളിക്കും
ആര് സ്ഥാനാര്‍ത്ഥിയാവണം എന്നൊക്കെ
ഇപ്പോള്‍ തീരുമാനിക്കുന്നത് ഇവിടെയാണ്
എല്ലാം പറയാതെ പറയുക
'റീഡ് ബിറ്റ്വീന്‍ ലൈന്‍സ്' എന്നതാണ് ഇവരുടെ നയം.
കക്ഷിരാഷ്ട്രീയമില്ലെങ്കിലും കക്ഷികള്‍ക്കായി
ഫാക്സ് സന്ദേശം അയക്കും
ശിപാര്‍ശ ചെയ്യും, ലേഖനം വായിക്കും
അത്രയേ ചെയ്യു.
ഇതൊന്നും ശരിയല്ലെന്ന് വിതയത്തില്‍ പിതാവ് ഉപദേശിക്കും
എങ്കിലും അഭിപ്രായസ്വാതന്ത്ര്യമില്ലേ...?
ശരിയാണ്, തടയരുത്
അത് ഭരണഘടനാലംഘനമാവും...!
സൂക്ഷിക്കുക.

Tuesday, 17 March 2009

ഇലക്ഷന്‍ സ്റ്റണ്ട്

ഇന്ത്യയിപ്പോള്‍ തെരഞ്ഞെടുപ്പിന്‍റെ ചൂടിലാണ്
അഞ്ച് ഘട്ടങ്ങളിലായി നടക്കുന്ന ജനാധിപത്യപ്രക്രിയ
തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള ശ്രമത്തിലാണ് ഓരോ പാര്‍ട്ടിക്കാരും
എല്ലാവരും ഇപ്പോള്‍ സീറ്റ് ചര്‍ച്ചകളിലും
സഖ്യമുണ്ടാക്കാന്‍ മറ്റുള്ളവരെ ചാക്കിടാനുമുള്ള ശ്രമത്തിലാണ്.
നേതാക്കള്‍ക്ക് ചായയും ഉഴുന്നുവടയും വാങ്ങിക്കൊടുത്ത്
അലഞ്ഞ് തിരിയുന്ന സീറ്റുമോഹികളും
പാര്‍ട്ടികേന്ദ്രങ്ങളിലെ സ്ഥിരം കാഴ്ച്ചയാണ്
കേരളത്തിലാണേല്‍ അതിനേക്കാള്‍ പൊടുപൂരം
കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെ
വെറും ചടങ്ങിന് മാത്രം സ്ഥാനാര്‍ത്ഥിയെ
നിര്‍ത്തിയിരുന്ന ഒരു മണ്ഡലത്തിനായി
സിപിഎമ്മും സിപിഐയും പിടിവലിയാണ്
അല്ല, കടിപിടിതന്നെ കൂടുകയാണ്
പൊന്നാനി ആരുടേതാണ്,
ആര് സ്വതന്ത്രനാകണം,
ആര് ആ പേര് ആദ്യം ഉച്ചരിക്കണം
ഇതൊക്കെയാണ് ബുജികളായ സഖാക്കളുടെ
ഇപ്പോഴത്തെ ചിന്താവിഷയം
കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് വരെ
എല്‍ഡിഎഫിന് അത്താണി നല്‍കാത്ത
സീറ്റില്‍ ഒടുവില്‍ അത്താണിവന്നതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്.
അതും ഒരത്താണിയല്ല,
രണ്ടത്താണിയാണ് വന്നത്
രണ്ടത്താണിയില്‍ തട്ടി ഉയര്‍ന്നതും രണ്ട് പ്രശ്നങ്ങളാണ്.
ഒന്ന്. പൊന്നാനി ആരുടേത്?
രണ്ട്. തങ്ങളുടെ സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ വല്ല്യേട്ടന് ആര് അധികാരം നല്‍കി?
പ്രശ്നങ്ങള് മുറുകി, അഴിക്കാന്‍ പറ്റാത്ത കുരുക്കായിമാറി.
പരുഷമായ വാക്കുകള്‍ ഉച്ചരിച്ചും
പഴയകാലത്തെ ഓര്‍മിപ്പിച്ചും കൊണ്ട് ആശാനും
ചരിത്രത്തിലെ ഓര്‍മപിശക് തിരുത്തി പിണറായി സഖാവും കേര്‍ത്തു.
ഇസ്മായിലും മദനിയും രണ്ടറ്റത്തും മൂര്‍ച്ചകൂട്ടാനായി കൂട്ടിനെത്തി.
ഇതിനിടയില്‍ സമവായത്തിന് ശ്രമിച്ച പിസി യും കടന്നപ്പിള്ളിയും
ഗതിയും പരഗതിയുമില്ലാതെ വലഞ്ഞു.
തീരുന്നില്ല നാടകം കളി
പൊന്നാനിയില്‍ പോയി തൊപ്പിയിടാന്‍ സമ്മതിച്ചില്ലെങ്കില്‍
മുന്നണി വിട്ട് സംസ്ഥാനത്ത് ഒറ്റക്ക് വോട്ട് തെണ്ടുമെന്ന് പറഞ്ഞുകളഞ്ഞു ആശാന്‍

കേട്ടപാതി കേള്‍ക്കാത്ത പാതി
അണികള്‍ ചുമരായ ചുമരെല്ലാം വെള്ളപൂശി
ചിലര്‍ കസേര പ്രതീക്ഷിച്ച്
ഖദര്‍ ഷര്‍ട്ടുകള്‍ അലക്കിവെളുപ്പിച്ചു
സമാധാനകാംക്ഷികള്‍ കേന്ദ്രത്തിലുള്ളത് കൊണ്ട്
ഇരുകൂട്ടര്‍ക്കും അടിപിടി കൂടി പരിശീലിക്കാം.
അവരിടപെട്ട് രംഗം ശാന്തമാക്കും, കട്ടായം
ഇടപെട്ടു, ഇല്ല ഇടപെട്ടില്ല
ദാ തീര്‍ന്നു പ്രശ്നം, ഇല്ല...ഇപ്പൊ തീരും...
ഇനിയിപ്പൊ വയനാട് ആയാലുംമതി എന്നാണ് സിപിഐയുടെ നിലപാട് !
അങ്ങനെ പോകുന്നു കാര്യങ്ങള്‍...
വല്ല്യേട്ടന്‍റെ അടികൊണ്ടത് ആശാനും കൂട്ടര്‍ക്കും മാത്രമല്ല.
കോഴിക്കോട്ടെ നെല്‍കതിരേന്തിയ സ്ത്രീകള്‍ക്കും കിട്ടി മുട്ടനടി.
കോഴിക്കോടില്‍ നിന്ന് കെട്ടുെകെട്ടി വയനാട്ടിലേക്ക് ഓടികൊള്ളാനായിരുന്നു
വല്ല്യേട്ടന്‍റെ കല്‍പ്പന
ഓടുന്നേല്‍ മന്ത്രിയുമായെന്നായി വീരനും കൂട്ടരും
പിന്നെയും ചര്‍ച്ച, ചായകുടി, ചര്‍ച്ച
നോ രക്ഷ...
ശങ്കരന്‍ തെങ്ങില്‍ തന്നെ
നേരത്തെ ഓടിയ അണ്ണന്‍ പാതിയില്‍
തിരിഞ്ഞോടിയ കഥ വീരനറിയാമെന്ന് വല്ല്യേട്ടന് ഉറപ്പ്!
പക്ഷേ, മാത്യൂ കിടിലം കക്ഷിയാ...
രാജിയും കൊടുത്ത് അച്ചായന്‍ രാത്രിയിലെ കെഎസ്ആര്‍ടിസി ബസ്സിന് തന്നെ
തിരുവല്ലയ്ക്ക് മടങ്ങി.

Saturday, 14 March 2009

നീലാംബരി...

നീലാംമ്പരി..,
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം
എന്‍റെ തൂലികതുമ്പില്‍ നിന്ന് നിന്നെ തിരഞ്ഞ് കുറച്ച് വിശേഷങ്ങള്‍

നീണ്ട ഇടവേളയ്ക്കിടെ ഞാന്‍ മൂന്ന് മഹാനഗരങ്ങളുടെ മടിത്തട്ടില്‍ അന്തിയുറങ്ങി
ബാംഗ്ലൂരും തിരുവനന്തപുരവും പിന്നിട്ട് ഇപ്പോള്‍ കൊച്ചിയില്‍‍.
അതിലൊന്നില്‍ അലഞ്ഞ് തിരിയുമ്പോഴാണല്ലോഅവസാനമായി ഞാന്‍‍ നിനക്ക് എഴുതിയത്
ഇക്കഴിഞ്ഞ ജനുവരിയില്‍ ഞാന്‍ അനന്തപുരി വിട്ടു
ഇപ്പോള്‍ നീ ചിന്തിക്കുന്നുണ്ടാകും
ചേക്കേറിയതേ നീയറിഞ്ഞില്ലാലോ എന്ന്...!
അറിയിച്ചില്ല,അതിന് ക്ഷമാപണവും ഇല്ല.
ഇപ്പോള്‍ നാളെയുടെ ഐടി നഗരത്തില്‍.
ഇവിടേയും വിശേഷങ്ങള്‍ ഒത്തിരിയുണ്ട്.
എഴുതാനും പറയാനും...

ആദ്യം കൊച്ചിയിലെ എന്‍റെ ആവാസസ്ഥലത്തെ കുറിച്ച് പറയാം
(അനന്തപുരിയിലെ വിശേഷങ്ങളെകുറിച്ച് പിന്നീട് ഒരിക്കല്‍ പറയാം...)

തൊട്ടടുത്ത വീടിന്‍റെ മതില്‍കെട്ടിനകത്ത്
തലയുയര്‍ത്തി നില്‍ക്കുന്ന
മൂവാണ്ടന്‍ മാവില്‍ നിറയെ പച്ചമാങ്ങകള്‍കുലകുലയായി നില്‍ക്കുന്നു.
ഒരു പൂവാലന്‍‍ അണ്ണാറക്കണ്ണന്‍ ചില്ലകളിലൂടെ ഓടി
ഓരോ കുലയും അക്ഷമനായി പരിശോധിക്കുന്നു
'എന്താ ഇവയിനിയും പഴുക്കാത്തത്' എന്നസങ്കടത്തോടെയാണ് അവന്‍റെ പരിശോധന

മതില്‍ക്കെട്ടിനപ്പുറത്ത് ഒരു അമ്മക്കിളികൂട്
നിരാശ്രയരുമായ ഒരുകൂട്ടം അമ്മമാര്‍ക്ക്അഭയവും ആശ്രയവുമായിഒരു വൃദ്ധസദനം
അന്തേവാസികളില്‍ മിക്കവരും എഴുപത് പിന്നിട്ടവര്‍
മക്കള്‍ ഉപേക്ഷിച്ചതിനാലോ, മക്കള്‍ വിദേശത്തായതുകൊണ്ടോ,
ഉറ്റവരെ നഷ്ടമായതുകൊണ്ടോ
എന്തോ ജീവിതയാത്രയില്‍ ഒറ്റപ്പെട്ടുപോയവര്‍....
ഒറ്റപെടലിന്‍റെ വേദന ഇവിടെയും അവര്‍ക്ക് അനുഭവപ്പെടുന്നുണ്ടാകുമോ?
അറിയില്ല.
അവരുടെ മുഖത്തെ നിസഹായത/നിര്‍വികാരതയില്‍ നിന്ന് ഒന്നും തന്നെ വായിച്ചെടുക്കാനാവുന്നില്ല

മതില്‍ക്കെട്ടിനോട് ചേര്‍ന്ന് ഒരു നാരകമുണ്ട്.
നിറയെ നാരങ്ങയുമായി,
നിരവധി ചെറുകിളികള്‍ക്ക് തണലേകിഒരു നാരകം....
കാലത്ത് ആ കുഞ്ഞുകിളികളുടെ കരച്ചിലോ/ ചിരിയോ
(വേര്‍തിരിച്ചറിയാന്‍ പറ്റിയിട്ടില്ല)
കേട്ടാണ് മിക്കവാറും ഉണരാറ്
ഒപ്പം അമ്മക്കിളികളുടെ വസ്ത്രം കല്ലില്‍തല്ലി അലക്കുന്ന ശബ്ദവും..
പ്രധാനറോഡില്‍ നിന്ന് ഉള്‍വലിഞ്ഞാണ് എന്നതിനാല്‍‍വാഹനങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദം ഇല്ല

ഇടയ്ക്ക് അമ്മക്കിളികൂടിലെ അമ്മമാര്‍ക്ക്
ആരോ ബൈബിള്‍ വചനം ചൊല്ലിക്കൊടുക്കുന്നത് വ്യക്തമായി കേള്‍ക്കാം
ദൈവത്തെക്കുറിച്ച്, പാപപുണ്യങ്ങളെ കുറിച്ച്
ആരോ വാതോരാതെ പറഞ്ഞുകൊണ്ടേയിരിക്കുന്നു....
(വിശേഷങ്ങള്‍ അവസാനിക്കുന്നില്ല....)

Thursday, 12 March 2009

ആമുഖം

നീലാംബരിക്കായി
ഞാന്‍ കുറിക്കുന്നവാക്കുകളും വിശേഷങ്ങളുമാണിത്
ഞാന്‍ കണ്ടകാഴ്ച്ചകള്‍
ഞാന്‍ അനുഭവിച്ചറിഞ്ഞ സത്യങഅങള്‍
വായിച്ചറിഞ്ഞ അക്ഷരക്കൂട്ടുകള്‍....
അങ്ങനെ എല്ലാം....എല്ലാം.....
ഞാനെന്‍റെ നീലാംമ്പരിയുമായി പങ്കുവെയ്ക്കുകയാണ്
നിങ്ങള്‍ ഒരുപക്ഷെ സംശയിക്കുന്നുണ്ടാകും
ആരാണീ നീലാംമ്പരിയെന്ന്
ശരിയല്ലേ...?
പറയാം
എന്‍റെ കൂട്ടുകാരി
കഴിഞ്ഞ കുറേ കാലങ്ങളായി
അവളെന്‍റെ നിഴലായി, നിനവായി, സ്വരമായി
എന്നെ പിന്തുടരുന്നു
അവള്‍ സുന്ദരിയാണോ വിരൂപിയാണോ എന്നൊന്നും എനിക്ക് നിശ്ച്ചയമില്ല
പക്ഷെ, ഒന്നറിയാം.
അവള്‍ നല്ലൊരു കൂട്ടുകാരിയാണെന്ന്
അവളുമായി ഞാന്‍ എന്‍റെ ചിന്തകള്‍
പങ്കിടാന്‍ ആഗ്രഹിക്കു്നുവെന്ന്....