ഇന്നലത്തെ വാര്‍ത്തയിലും
കശ്മീരിന്‍റെ ദൈന്യമുഖം നിറഞ്ഞുനിന്നു
നിലയ്ക്കാത്ത രോദനങ്ങളും
വെടിയൊച്ചകളും
അവളുടെ അന്തരീക്ഷത്തില്‍
മാറ്റൊലികൊണ്ടേയിരിക്കുന്നു
'ഭൂമിയിലെ പറുദീസ'യിലിപ്പോള്‍
ദേവന്‍മാരുടെ സാനിധ്യമില്ല
ദേവാംഗനകളുടെ നൃത്തവുമില്ല.
ഇന്നിവിടം സാത്താന്‍റെ ഇടത്താവളം മാത്രം
കശ്മീരിലെ മഞ്ഞിനും പനീര്‍പൂവിനും
ഇപ്പോള്‍ ചോരയുടെ നിറവും മണവും മാത്രം.
ഒരിക്കല്‍, ദാലിന്‍റെ തീരത്ത്
ഷിക്കാരകളെ കാത്തുകിടന്ന
സഞ്ചാരികളുണ്ടായിരുന്നു.
എന്നാലിന്ന് ബന്ധുക്കളെ കാത്തുകിടക്കുന്ന
അഴിഞ്ഞുനാറിയ മൃതദേഹങ്ങള്‍ മാത്രം.
"......എന്ന് പേരുള്ള യുവാവിനെ കാണ്‍മാനില്ല"
കശ്മീരിലെ പത്രങ്ങളും റേഡിയോയും ആവര്‍ത്തിക്കുന്നു.
മാറ്റം പേരുകളില്‍ മാത്രം
ഒടുവിലവനും താഴ്വരയിലേതെങ്കിലും
തണുത്തുറഞ്ഞ നദിയിലെ
ഓളങ്ങളിലുലഞ്ഞുലഞ്ഞ് ഒരു
പൊങ്ങുതടിയായി തീരമണയും
എങ്കിലും, ഇവര്‍ പ്രതീക്ഷയിലാണ്.
കശ്മീരിന്‍റെ മഞ്ഞിന്
വെളുത്തനിറം തിരികെവരുമെന്ന്
പനീര്‍പൂക്കള്‍ വീണ്ടും സുഗന്ധം പരത്തുമെന്ന്
ജഹാംഗീറിന്‍റെ പൂന്തോട്ടങ്ങളില്‍
വസന്തം തിരികെയണയുമെന്ന്
കശ്മീരിനുമേല്‍
വെള്ളരിപ്രാവുകള്‍ പറന്നുനടക്കുമെന്ന്
വരാനിരിക്കുന്ന തലമുറകള്‍
മരണത്തിനുപകരം ജീവിതത്തെകുറിച്ച്
സ്വപ്നങ്ങള്‍ നെയ്യുമെന്ന്...
No comments:
Post a Comment