Wednesday, 17 June 2009

വേര്‍പാടിന്‍റെ നൊമ്പരം

മരണത്തെ എത്രപ്രണയിക്കുന്നവനായാലും ശരി
ചിലപ്പോഴെങ്കിലും വെറുക്കാത്തവരുണ്ടാവില്ല.
ചില മരണങ്ങള്‍ നമ്മെ ഞെട്ടിപ്പിക്കുന്നുവെങ്കില്‍‍
ചിലവ ആശ്വാസമേകുന്നു
നിനച്ചിരിക്കാതെ പ്രിയപ്പെട്ട ഒരാള്‍
അകാരണമായി നമ്മോടു യാത്രപോലും പറയാതെ
പടിയിറങ്ങുമ്പോള്‍ അത് ഏറെ ദുഖിപ്പിക്കുന്നവയാണ്.
അത്തരത്തിലൊന്ന് കഴിഞ്ഞ മാസം അവസാനം
എന്നെയും തേടിയെത്തി
ജീവിതത്തിലാദ്യമായി ഒരു പിടി മണ്ണ് ഞാന്‍
വാരിയിട്ടത് വേദനയോടെ മാത്രമേ എന്നും സ്മരിക്കാനാവൂ.
മരണം എന്‍റെ സ്വകാര്യദുഖമായിരുന്നുവെങ്കില്‍
മാധവികുട്ടിയുടെ , കമലാദാസിന്‍റെ , കമലാസുരയ്യയുടെ
അതിലുമപ്പുറം ആമിയുടെ വേര്‍പാട്
അത് മലയാളത്തെ സ്നേഹിക്കുന്നവന്‍റെ ദുഖമാണ്.
മലയാളത്തിന്‍റെ നീലാംബരി എന്നന്നേയ്ക്കുമായി
നഷ്ടപ്പെട്ടത് നമ്മെ ഏറെ മൗനിയാക്കുന്നു
ഒരിക്കലും ദുര്‍‍ബലയായി ആശുപത്രിക്കിടക്കയില്‍
കിടക്കരുത് എന്ന് ആഗ്രഹിച്ചിരുന്ന,ശഠിച്ചിരുന്ന
മലയാളത്തിന്‍റെ വിപ്ലവകാരിയായ ആ എഴുത്തുകാരിക്ക്
ഈ വേര്‍പാട് ഒരു ആശ്വാസമാണ്.
മൂന്ന് ഭാഷയില്‍ സംസാരിക്കുകയും രണ്ട് ഭാഷയില്‍ എഴുതുകയും
ഒരു ഭാഷയില്‍ സ്വപ്നം കാണുകയും ചെയ്തിരുന്ന മാധവിക്കുട്ടി
ഇനിയൊരു നീര്‍മാതളം കൂടി പൂക്കുന്നത് കാണാന്‍ വരില്ല
വേണ്ട, മനുഷ്യനെ മനസിലാക്കാന്‍ ആവാത്ത
മനുഷ്യരും ഉള്ള കൈരളിയുടെ മണ്ണില്‍
ഇനി നീര്‍മാതളം പൂക്കണ്ട.

പുന്നയൂര്‍കുളത്ത് കളിക്കൂട്ടുകാരിയായ
കാര്‍ത്തിയായിനി ടീച്ചറുമൊത്ത് കമല
ഓടി നടന്നിരുന്ന തൊടിയും പറമ്പുമെല്ലാം
ഇന്നും വലിയമാറ്റങ്ങളൊന്നുമില്ലാതെ
(കാലമേല്‍പ്പിച്ച അനിവാര്യമായ മാറ്റം മാത്രം ) അവിടെയുണ്ട്.
വിവാദങ്ങളിലേക്ക് വേഗത്തില്‍ ഇഴഞ്ഞുനീങ്ങിയ
പാമ്പിന്‍കാവും മാധവിക്കുട്ടിയുടെ സ്വന്തം
നീര്‍മാതളവുമെല്ലാം ഇപ്പോഴും അതുപോലെ
എന്നെങ്കിലും തങ്ങളുടെ കഥാകാരി ,
തങ്ങലെ കാണാന്‍ ഓടിയെത്തുമെന്ന പ്രതീക്ഷയില്‍...

അങ്ങനെ നല്ലവരായ ചിലര്‍കൂടി
കാലത്തിന്‍റെ തിരശ്ശീലയ്ക്കുപിന്നില്‍ മറഞ്ഞിരിക്കുന്നു
അല്ലെങ്കില്‍ നക്ഷത്രങ്ങളായി മുകളില്‍ നിന്ന്
നമ്മെ നോക്കി കണ്ണിറുക്കുന്നു

അല്ലെങ്കില്‍ തന്നെ മരണത്തെ എന്തിനാണ്
കുറ്റപ്പെടുത്തുന്നത് ?
മരണം ഒരു ഓര്‍മ്മപെടുത്തലല്ലേ
അടുത്തത് നിങ്ങളാവാം എന്ന ഓര്‍മപെടുത്തല്‍....

4 comments:

  1. ആമിയെ ഓര്‍ക്കുന്നവരുടെ കൂട്ടത്തില്‍ ഞാനും...

    ReplyDelete
  2. are you behind this ? then i apprectiate it !!

    ReplyDelete
  3. നിറങ്ങളെയും... നിറചാര്‍ത്തുകളെയും പ്രണയിച്ച ആമി ...

    ഒടുവില്‍ വെള്ള പൊതിഞ്ഞ് ...പാളയത്തെ ... വേണ്ട ആ ഓര്മ -

    ചിത്രത്തിലേക്ക് തിരിഞ്ഞു നോക്കുന്നില്ല. ഓര്‍മകളില്‍ ഇന്നും

    ആമിക്ക് സപ്തവര്നമാണ് ...

    ReplyDelete