Search This Blog

Friday, 8 July 2011

സര്‍ക്കാര്‍ സ്ക്കൂളുകള്‍ക്ക് താഴിടുന്ന നമ്മുടെ സര്‍ക്കാര്‍...


            പാട്ടുപാടാനും കൂട്ടുകൂടാനും ക്ലാസില്‍മാത്രമല്ല, സക്കൂളില്‍ തന്നെ മൂന്നാം ക്ലാസുകാരന്‍ ആദിത്തിന് ആകെയുള്ളത് ടീച്ചര്‍ ബേബി ലത മാത്രമാണ്. 1885 ല്‍ ആരംഭിച്ച തലശ്ശേരി എരഞ്ഞോളി ഈസ്റ്റ് എല്‍പി സ്ക്കൂളില്‍ ഈ വര്‍ഷം ആകെയുള്ളത് കെകെ ആദിത്ത് മാത്രമാണ്. കാലത്ത് സ്ക്കൂളിന്‍റെ വാതില്‍ ടീച്ചര്‍ തുറന്നാല്‍ പിന്നെ മണിയടിക്കുന്നതും ആദിത്ത് തന്നെ. എരഞ്ഞോളി ഈസ്റ്റ് എല്‍പിക്ക് താഴ് വീഴാതെ ഈ വര്‍ഷം കാത്തത് ആദിത്താണ്. സംസ്ഥാനത്ത് ഒരുപക്ഷെ ഒരു വിദ്യാര്‍ത്ഥിമാത്രം പഠിക്കുന്ന ഏക സ്ക്കൂളും എരഞ്ഞോളി ഈസ്റ്റ് എല്‍പി ആയിരിക്കും.  സ്ക്കൂളിനോട് ചേര്‍ന്നുപ്രവര്‍ത്തിക്കുന്ന  അങ്കനവാടിയിലെ 10 കുട്ടികളാണ് ഇടവേളകളില്‍ ആദിത്തിന് കളിക്കാനും കഥപറയാനുമുള്ള കൂട്ടുകാര്‍. കഴിഞ്ഞവര്‍ഷം 12 വിദ്യാര്‍ത്ഥികളുണ്ടായിരുന്നു സ്ക്കൂളില്‍. നാലാം ക്ലാസിലെ 7 വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിനായി വെറെ സ്ക്കൂളിലേക്ക് പോയപ്പോള്‍ ബാക്കി വന്ന 5 ല്‍ നാലുപേര്‍ ടിസി വാങ്ങി പോയി. ഇവരില്‍ ഈ സ്ക്കൂളില്‍ നിന്ന് റിട്ടയര്‍ ചെയ്ത അദ്ധ്യാപകന്‍റെ മക്കളും പെടും. സമീപത്തുള്ള അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലേക്കാണ് ഇവര്‍ ചേക്കേറിയത്. ഒറ്റക്കിരുന്ന് പാഠം പടിക്കുന്നതിന്‍റെ സങ്കടമൊന്നും പക്ഷെ ആദിത്തിനില്ല. പഠിച്ചാലല്ലേ വളരൂ, പഠിച്ച് വലിയ പോലീസുകാരനാകണ്ടേ എന്നാണ് സങ്കടമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഈ മിടുക്കന്‍റെ മറുപടി.  

സ്ക്കൂളിലെ ഏക ടീച്ചറായ ബേബിലത 1985 ല്‍ ഈ സ്ക്കൂളിലെത്തുമ്പോള്‍ 100 ലേറെ വിദ്യാര്‍ത്ഥികളുണ്ടായിരുന്നു ഇവിടെ. ഇപ്പോള്‍ തനിച്ചായെങ്കിലും വിദ്യാര്‍ത്ഥിയായി ആദിത്ത് മാത്രമായെങ്കിലും ബേബി ലത ടീച്ചര്‍ക്ക് മടുത്തിട്ടൊന്നുമില്ല. ഒറ്റ വിദ്യാര്‍ത്ഥിയാണെങ്കിലും പഠിപ്പിക്കുന്നകാര്യത്തില്‍ ടീച്ചര്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറല്ല. പഠിപ്പിക്കുന്നതിനിടയില്‍ വേണം ടീച്ചര്‍ക്ക് ഓഫീസിലെ കാര്യവും പ്യൂണിന്‍റെ ജോലിയുമെല്ലാം നോക്കാന്‍. അടുത്തവര്‍ഷം കൂടി കഴിയുമ്പോള്‍ ഒട്ടുമിക്കതും ഈ സ്ക്കൂളിന് താഴ് വീഴും. അപ്പോള്‍ പിന്നെ താനെങ്ങോട്ട് എന്ന് ചോദ്യം ടീച്ചറെ അലട്ടുന്നുണ്ട്. ഇത് ബേബിലത ടീച്ചറുടെ മാത്രം നൊമ്പരമല്ല, സംസ്ഥാനത്ത് ഇത്തരത്തില്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന നിരവധി സക്കൂളുകളിലെ ടീച്ചര്‍മാരുടെ വ്യഥയാണ്.

            ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ സര്‍ക്കാര്‍ അധികാരത്തിലേറി അധികനാള്‍ കഴിയുമ്പോള്‍ തന്നെ ഈ സര്‍ക്കാരിന്‍റെ വിദ്യാഭ്യാസനയം എന്താണെന്ന് പൂര്‍ണമായും വ്യക്തമാക്കുന്ന തീരുമാനങ്ങള്‍ തന്നെയാണ് പുറത്ത് വന്നത്. ഇക്കാര്യത്തില്‍ ആര് അല്ലാ എന്ന് പറഞ്ഞാലും എതിര്‍ക്കാതിരിക്കാന്‍ സര്‍ക്കാരിന്‍റെ വക്താക്കള്‍ക്ക് മാത്രമേ കഴിയു. മടികുത്തിന് വല്ലാത്ത കനവും ആള്‍ബലവുമുള്ളവര്‍ക്ക് മുന്നില്‍ ഓച്ചാനിച്ചും വഴങ്ങിയും വണങ്ങിയും നില്‍ക്കുക. പൊതുവിദ്യാഭ്യാസമേഖലയേക്കാള്‍ പ്രിയവും പ്രിയങ്കരവും സ്വാശ്രയമാണെന്ന് പെരുമ്പറ കൊട്ടിപാടുക.  വിദ്യാലയങ്ങള്‍ കച്ചവടസ്ഥാപനങ്ങള്‍ ആക്കുകയെന്നതിന് വളം വെച്ചുകൊടുക്കുകയും ചെയ്യുക. ഇതാണ് തങ്ങളുടെ നയമെന്ന് സംശയത്തിന് ഇടനല്‍കാതെ തന്നെ സര്‍ക്കാര്‍ വ്യക്തമാക്കികഴിഞ്ഞതാണ്. നമ്മുടെ സര്‍ക്കാര്‍ സക്കൂളുകള്‍ നഷ്ടത്തിലോടുമ്പോള്‍ അവയ്ക്ക് താഴ് വീഴാതെ കാക്കേണ്ടത് സര്‍ക്കാരിന്‍റെ ബാധ്യതയും ഉത്തരവാദിത്ത്വവുമാണ്. എന്നാല്‍ തൊട്ടുമുമ്പത്തെ ഇടത് സര്‍ക്കാര്‍ നടപ്പാക്കാന്‍ വിസമ്മതിച്ച കാര്യങ്ങള്‍ക്ക് സമ്മതം ഒപ്പിട്ടുനല്‍കി സര്‍ക്കാര്‍ വിദ്യാലയങ്ങളെ തകര്‍ക്കാനുള്ള നീക്കമാണ് റബ്ബും കുഞ്ഞൂഞ്ഞുമെല്ലാം ചെയ്തത്, ഇത് വല്ലാത്ത ഒരു ചെയ്ത്തായിപോയെന്ന് ബുദ്ധിജീവികളും സാംസ്ക്കാരികനായകരും വിദ്യാഭ്യാസവിചക്ഷണന്‍മാരും കുഞ്ഞൂഞ്ഞിന്‍റേയും റബ്ബിന്‍റേയുമെല്ലാം ഇളം തലമുറക്കാരും അലമുറയിട്ടിട്ടൊന്നും കാര്യമില്ല. പുരോഗമനവാദികളായ കുട്ടികള്‍ തെരുവില്‍ കല്ലെറിഞ്ഞും കല്ലേറും തല്ലും വാങ്ങി തലപ്പൊട്ടിച്ചിട്ടൊന്നും ഒരു രക്ഷയുമില്ല. കുഞ്ഞുഞ്ഞും റബ്ബും പിടിച്ച മുയലിന് കൊമ്പ് മൂന്നല്ല, അഞ്ചാണ്.  തീരുമാനിച്ചാല്‍ തീരുമാനിച്ചത് നടപ്പാക്കാന്‍ ആര്‍ജ്ജവമുള്ളവരെ തന്നെയാണ് ഇത്തവണ ജനം ഭരണചക്രം ഏല്‍പിച്ചത്. അത് മറക്കണ്ട.
സ്വാശ്രയവിദ്യാഭ്യാസസ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തെ കുറിച്ചല്ല പറഞ്ഞുവരുന്നത്. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് ശവകുഴിതോണ്ടാന്‍ സിബിഎസ്ഇ – ഐസിഎസ്ഇ വിദ്യാലയങ്ങള്‍ക്ക് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള തീരുമാനത്തെ കുറിച്ചാണ്. കഴിഞ്ഞ 5 വര്‍ഷത്തിനിടെ സംസ്ഥാനത്ത് ഒറ്റ് സിബിഎസ്ഇ – ഐസിഎസ്ഇ വിദ്യാലയങ്ങള്‍ക്കും എന്‍ ഓ സി ഇടത് സര്‍ക്കാര്‍ നല്‍കാതിരുന്നത് ഒപ്പിടാന്‍ പേനയില്‍ മഷിയില്ലാഞ്ഞിട്ടോ വിദ്യാഭ്യാസ വ്യവസായത്തില്‍ കണ്ണുള്ള സമുദായക്കാര്‍ സര്‍ക്കാരിനെ വിറപ്പിക്കാഞ്ഞിട്ടോ അല്ല. മറിച്ച് അത് ന്യായമായ ഒരു നയത്തിന്‍റെ ഭാഗമായായിരുന്നു. പൊതുവിദ്യാഭ്യാസമേഖലയെ ശക്തിപ്പെടുത്തേണ്ടത് നാടിന്‍റേയും നാട്ടാരുടേയും നന്‍മയ്ക്ക് അത്യന്താപേക്ഷിതമാണെന്ന ചിന്ത, വിശ്വാസം.അതിന്‍റെ ഭാഗമായിരുന്നു ആ മാനിക്കപ്പെടേണ്ട തീരുമാനത്തിന് പിന്നില്‍. എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാരിന് പ്രതിബദ്ധത നാട്ടാരോടല്ല, മറിച്ച് അറിവിനെ പോലും കച്ചവടചരക്കായി കാണുന്ന ഒരു വിഭാഗത്തോടായി പൊയെന്നത് ആരുടെ തെറ്റ്? പല സര്‍ക്കാര്‍ സ്ക്കൂളുകളുടേയും പരിസരത്ത് ഇന്നലെ പെയ്ത മഴയ്ക്ക് മുളച്ച തകരയായി സിബിഎസ്ഇ – ഐസിഎസ്ഇ വിദ്യാലയങ്ങള്‍ ഉയര്‍ന്നപ്പോള്‍ തകര്‍ന്നത് സര്‍ക്കാരിന്‍റെ സാമൂഹിക പ്രതിബദ്ധതതന്നെയാണെന്നതില്‍ സംശയമില്ല. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ കുട്ടികളില്ലാതെ അടച്ചുപൂട്ടല്‍ ഭീഷണിയിലായപ്പോളാണ് ഇവയക്കുചുറ്റുമുള്ള അണ്‍ എയ്ഡഡ് മേഖലയിലും പിറന്ന സിബിഎസ്ഇ – ഐസിഎസ്ഇ വിദ്യാലയങ്ങള്‍ ലാഭത്തിന്‍റെ ബാലന്‍സ് ഷീറ്റുമായി ചിരിക്കുന്നത്.

നഷ്ടത്തിലായി കഷ്ടത്തിലായ എരഞ്ഞോളി ഈസ്റ്റ് എല്‍പി സ്ക്കൂളിന്‍റെ പടി നമുക്ക് ഒരിക്കല്‍ കൂടി ചവിട്ടാം.

2010 ല്‍ രണ്ട് അദ്ധ്യാപകര്‍ വിരമിച്ചതോടെയാണ് എരഞ്ഞോളി ഈസ്റ്റ എല്‍പി സ്ക്കുളിന്‍റെ കണ്ടകശനി തുടങ്ങിയത്. അനാദായകരമായ സ്ക്കൂളുകളുടെ പട്ടികയിലായതിനാല്‍ തന്നെ പുതിയ നിയമനത്തിന് അംഗീകാരം ലഭിച്ചില്ല. സ്ക്കൂളിന്‍റെ ചുറ്റുവട്ടത് നൂറുകണക്കിന് വീടുകളുണ്ടെങ്കിലും അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലേക്കാണ് എല്ലാവരും കുട്ടികളെ അയക്കുന്നത്. സമീപവാസികളെല്ലാം ആദ്യാക്ഷരം അഭ്യസിച്ചത് 130 വര്‍ഷത്തിലേറെ പഴക്കമുള്ള ഈ സ്ക്കൂളില്‍ തന്നെയാണ്. പക്ഷെ സ്ക്കൂള്‍ നിലനില്‍പ്പിനായി കഷ്ടപ്പെടുമ്പോള്‍ ഈ സ്ക്കൂളിനെ ആരം തിരിഞ്ഞുനോക്കുന്നില്ല. എല്ലാവര്‍ക്കും സമൂഹത്തില്‍ തങ്ങളുടെ സ്റ്റാറ്റസ് കാക്കാന്‍ മക്കളെ അണ്‍ എയിഡഡില്‍ അയച്ചേ മതിയാകു. അവിടെയിനി പഠിപ്പിത്തിരി മോശമായാലെന്താ? തങ്ങളുടെ സ്റ്റാറ്റസ് കുറയില്ലാലോ എന്നാണ് ഇത്തരക്കാരുടെ ചിന്ത. പ്രദേശത്ത് കൂടുതലായി സിബിഎസ്ഇ സ്ക്കൂളുകള്‍ തുറന്നതാണ് സക്കൂളിന്‍റെ കഷ്ടകാലത്തിന് വഴിവെച്ചതെന്ന് സ്ക്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളായ സമീപവാസികള്‍ തന്നെ തുറന്ന് സമ്മതിക്കും.   

എന്ത് തന്നെവന്നാലും തന്‍റെ മകനെ സ്ക്കൂളില്‍ നിന്ന് മാറ്റില്ലെന്നാണ് ആദിത്തിന്‍റെ ര്കഷിതാക്കളുടെ ഉറച്ച തീരുമാനം. തങ്ങള്‍ക്ക് അറിവിന്‍റെ ആദ്യാക്ഷരം പകര്‍ന്നുതന്നെ സ്ക്കൂളിന് അങ്ങനെ താഴ് വീഴാന്‍ അടുത്തവര്‍ഷവും അനുവദിക്കില്ലെന്ന് പറയുന്ന ആദിത്തിന്‍റെ അമ്മയക്ക് പക്ഷെ ഒരു സങ്കടമുണ്ട്. താന്‍ പഠിപ്പിക്കുന്ന അങ്കനവാടിയിലെ കൂട്ടികളാരും ഒന്നാം ക്ലാസില്‍ ചേരാന്‍  അടുത്തവര്‍ഷം ഇവിടേക്ക് വരില്ലെന്നതാണ്. എല്ലാവര്‍ക്കും ഇംഗ്ലീഷ് മീഡിയം സ്ക്കൂളിനോടാണത്രേ താല്‍പര്യം. ഭാഗ്യം ഒരാള്‍ക്കെങ്കിലും പഠിച്ച് സ്ക്കൂളിനോട് ഇപ്പോളും സ്നേഹം അവശേഷിക്കുന്നുണ്ടല്ലോ..!!

നല്ല കെട്ടിടവും കളിസ്ഥലവുമുള്ള എരഞ്ഞോളി ഈസ്റ്റ് എല്‍പി സ്ക്കൂളിന് എന്നന്നേക്കുമായി താഴ് വീഴാന്‍ ഇനി അധികകാലമെടുക്കില്ല. കൂടുതല്‍ സിബിഎസ്ഇ – ഐസിഎസ്ഇ സ്ക്കൂളുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ എന്‍ഓസി നല്‍കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ എരഞ്ഞോളി ഈസ്റ്റ് പോലുള്ള സര്‍ക്കാര്‍ സ്ക്കൂളുകള്‍ക്കൊന്നും നിലനില്‍ക്കാമെന്ന വ്യാമോഹവും ഇനി  വേണ്ട. പ്രത്യേകിച്ച് സര്‍ക്കാര്‍ നയം “വ്യക്തമായും” വ്യക്തമാക്കിയ സാഹചര്യത്തില്‍ .

Thursday, 21 April 2011

മരണത്തിലേക്കുള്ള ദൂരമെത്രയാണ്...?


   # #
വേട്ടനായ്ക്കളുടെ ശൗര്യത്തോടെ 
ചിലര്‍ നമ്മെ ആക്രമിക്കും
ചിലര്‍  കൗശലക്കാരനായ കുറുക്കനായി 
 പിന്തുടരും
മദയാനകളെ പോലെയാണ്  ഓര്‍മകള്‍,  
നമ്മെ തുരത്തികൊണ്ടേയിരിക്കും
മോക്ഷം ഏത് പാപനാശിനിയിലാണ് 
പതിയിരിക്കുന്നത്...?

 # # 

  # #

ദിശതെറ്റിയെത്തിയ 
ഒരു നനുത്തകാറ്റ്
എന്‍റെ തൂലികതുമ്പിലെ
അവസാനതുള്ളി സ്നേഹാക്ഷരവും
അപഹരിച്ചെങ്ങോ
മൂളിപറന്നുപോയി...   
  # #

# #
മരണത്തിലേക്കുള്ള ദൂരമെത്രയാണ്...?
ഒരു ചാണ്‍കയറിന്‍റെ നീളമോ..?
ഒരു റോഡിന്‍റെ വീതിയോ...?
അതോ സമാന്തരമായ റെയില്‍പാളത്തിന്‍റെ നീളമോ...?
അതോ ഒരു വിഷകുപ്പിയുടെ  അളവോ...?
ഞാന്‍ അളക്കാന്‍തുടങ്ങട്ടെ...
# #


Thursday, 14 April 2011

ജനാധിപത്യത്തിലേക്കുള്ള വഴിമധ്യേ...

                    
13-ാം കേരള നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഇന്നലെ (ഏപ്രില്‍ 13 ന്) കഴിഞ്ഞു
പതിവിലും കുറവ് ദിനങ്ങള്‍ മാത്രമാണ് ഇത്തവണ  പ്രചാരണത്തിനായി ലഭിച്ചത്.
അതുകൊണ്ട് തന്നെ ഇത്തവണ പൊതുജനത്തിന്
അധികം സഹിക്കേണ്ടിവന്നില്ല എന്ന് കരുതരുത്
ഇത്തവണയാണ് പൊതുജനം ഏറെ സഹിച്ചത് എന്നതാണ് സത്യം

പ്രചാരണം ഒന്നാം റൗണ്ട്


പ്രതീക്ഷിച്ചിരുന്ന തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിയെങ്കിലും
സ്ഥാനാര്‍ത്ഥി നിര്‍ണയവും സീറ്റ് വീതം വെക്കലുമെല്ലാം പതിവുപോലെതന്നെ
അടിയും ഇടിയും തെറിവിളിയും പരാതിപറയലും വെല്ലുവിളിയുമെല്ലാം കഴിഞ്ഞ്
 നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാനമണിക്കൂറിലാണ്
യുഡിഎഫിലെ സീറ്റ് ചര്‍ച്ച ധാരണയിലെത്തിയത്
എന്നാല്‍ എല്‍ഡിഎഫില്‍ ആദ്യം ചിലചീറ്റലൊക്കെയുണ്ടായെങ്കിലും എല്ലാം ഭദ്രം.

അവിയലുപോലെ പലതരത്തിലുള്ള പാര്‍ട്ടികള്‍ ഉള്ള യുഡിഎഫില്‍ കാര്യങ്ങല്‍ മന്ദഗതിയിലായതിന് ആരെയും കുറ്റം പറയാനാവില്ല
അഞ്ച് അപ്പം കൊണ്ട് ആയിരം പേരെ ഊട്ടിയയേശുവൊന്നുമല്ലാലോ പിപി തങ്കച്ചന്‍
അതുകൊണ്ടാണ് 140 അപ്പം 13 പേര്‍ക്കായി വീതംവെക്കാന്‍ ബുദ്ധിമുട്ടിയത്
25 ചോദിച്ചവന് 15 ഉം 12 ചോദിച്ചവന് 6 നല്‍കി വിശപ്പടക്കേണ്ടിവന്നു
ഒടുവില്‍ പ്രചാരണത്തിന്‍റെ ആദ്യറൗണ്ട് അവസാനിച്ചു

പ്രചാരണം രണ്ടാം റൗണ്ട്

സ്ഥാനാര്‍ത്ഥി നിര്‍ണയമെന്ന രണ്ടാം റൗണ്ട് പ്രചാരണത്തിനിറങ്ങിയപ്പോള്‍
സിപിഎമ്മില്‍ കലാപകൊടി
അടിമൂത്തെന്ന് മാത്രമല്ല, നാട്ടുകാരും അണികളും തെരുവിലിറങ്ങി
കയ്യില്‍ ഓട്ടകാലണയുമായി വോട്ട് തെണ്ടാനിറങ്ങിയ ഇടതിന് കൈനിറയെ സ്വപ്നത്തിന്‍റെ പൂച്ചെണ്ട് സമ്മാനിച്ച “വയോവൃദ്ധനെ” കാഴ്ച്ചക്കാരനാക്കി വോട്ടിനിറങ്ങാമെന്നായി സിപിഎം
അണികളുണ്ടോ അടങ്ങിയിരിക്കുന്നു
ചരിത്രം ആവര്‍ത്തിച്ചു, 2006 ല്‍ ഒരിക്കല്‍കൂടി.
ജനവികാരത്തില്‍ കേഡര്‍പാര്‍ടി ആടിയുലഞ്ഞു.
വീണ്ടും പിബി പുനര്‍ചിന്തനം നടത്തി.
അനാരോഗ്യകാരനെന്നും പ്രായാധിക്യമെന്നും  പാര്‍ട്ടി ആദ്യം  പറഞ്ഞത് വിഴുങ്ങി
വേലിക്കകത്ത് ശങ്കരന്‍ അച്ച്യുതാനന്ദന്‍ മലമ്പുഴയില്‍
കോണ്‍ഗ്രസ് സ്വപ്നങ്ങള്‍ക്ക് കുറുകെ വീണ്ടും ഡാം പണിതു.

അണികള്‍ തെരുവിലിറങ്ങിയെങ്കിലും ഇടതിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായെങ്കിലും
കോണ്‍ഗ്രസില്‍ പ്രശന്ങ്ങള്‍ക്ക് പഞ്ഞമുണ്ടായില്ല
ഉമ്മന്‍റെ ലിസ്റ്റും ചെന്നിയുടെ ലിസ്റ്റും മുരളി-പത്മജ സിംഹങ്ങളുടെ ലിസ്റ്റും
യൂത്തന്‍മാരുടെ ലിസ്റ്റുമെല്ലാം ചേര്‍ന്ന് അഴകൊഴസാമ്പാറായി
ഒരുവിതം ഒതുക്കാമെന്ന് വെച്ചപ്പോഴാണ് രാഹുല്‍ ബ്രിഗേഡ് രംഗത്തെത്തിയത്
കേട്ടിട്ടുപോലുമില്ലാത്ത കുറേ പേരുകളുമായി സീറ്റിനായി രാഹുലെത്തി,
ഒടുവില്‍ മനസില്ലാമനസോടെ കേരളത്തില്‍ നിന്നുപോയ വമ്പന്‍മാര്‍ പത്തിതാഴ്ത്തിമടങ്ങി
പക്ഷെ മടങ്ങിവന്നപ്പോളാ മനസിലായേ പല പഴയ തലയും ഉരുണ്ടെന്ന്...
സീറ്റ് ഇല്ലാതെ പോയവരില്‍ വമ്പന്‍മാര്‍ ഏറെയാണ്..ഹസ്സന്‍ മുതല്‍ വീതംവെപ്പുകാരന്‍ വരെ
പിന്നെ കുറേ പേര്‍ വിമതരായി രംഗത്തേക്ക്,ഒടുവില്‍ പിന്നാമ്പുറത്തുടെ അടുത്തമുന്നണിയിലേക്ക്, പലരും അവിടെ സ്ഥാനാര്‍ത്ഥികളുമായി

പ്രചാരണം മൂന്നാം റൗണ്ട്

മൂന്നാം ഘട്ടത്തിന്‍റെ തുടക്കം ഹെലികോപ്ടര്‍ യാത്രയിലൂടെയാണ്.
140 മണ്ഡലങ്ങളും കയറിയിറങി പ്രസംഗിക്കണ്ടേ
ചുരുങ്ങിയസമയം കൊണ്ട് എങ്ങനെ ഓടിയെത്തും?
ചിലര്‍ ഹെലികോപ്ടറില്‍ പറന്നിറങ്ങി
“ഹെലി ”പാട് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയുമായി
അതും വിവാദമാക്കി ചില കാളവണ്ടിയുഗക്കാര്‍

യുഡിഎഫിനെ കുളിരണിയിക്കാന്‍ ഐസ്ക്രീമും മുക്കികൊല്ലാന്‍ ഇടമലയാര്‍ ഡാമും
വഴുക്കിവീഴ്ത്താന്‍ പാമോയിലിനുമൊക്കെയായി അച്ചുമാമ കളം നിറഞ്ഞ് കളിച്ചപ്പോള്‍
യുഡിഎഫിന് കച്ചിതുരുമ്പായി അച്ചുമാമയുടെ സീമന്തപുത്രനെതിരെയുള്ള ആരോപണം
പിന്നെ ശശിയുടെ “തലോടല്‍ അസുഖവും”
പക്ഷെ അതും ക്ലച്ച് പിടിക്കാതെയായതോടെ അച്ചുമാമയെ അങ്ങ്
നിഷ്ക്കാസനം ചെയ്യാമെന്നായി തീരുമാനം

കോണ്‍ഗ്രസിനെ പ്രതിരോധിക്കാന്‍ ദില്ലിയില്‍ നിന്ന് സാക്ഷാല്‍  പ്രതിരോധമന്ത്രി തന്നെ എത്തി
എന്നും രാവിലെ ഇറങ്ങുമ്പോള്‍ ശബ്ദതാരാവലി എടുത്ത് കാറില്‍ വെക്കും
യാത്രക്കിടെ പിന്നെ പരതലാണ്
അച്ചുവിനെ വിശേഷിപ്പിക്കാന്‍ നല്ല വാക്ക് വേണം
അങ്ങനെ എന്നും ഓരോ വാക്കുമായി പ്രസ്ക്ലബുകളില്‍ കയറിയിറങ്ങും
“ഇരട്ടമുഖക്കാരന്‍, ”, ”കുംഭകര്‍ണന്‍”, ”പ്രതികാരദാഹി”...ഹൊ അങ്ങനെയെന്തെല്ലാം പദങ്ങള്‍
അന്തപ്പന്‍ മൂന്നാം വട്ട പ്രചാരണത്തിനിടെ പഠിച്ചു...!!!!
ഒപ്പം പാവം മലയാളിയും

കല്ലുവെച്ച നുണകളും മൂന്നാം റൗണ്ടിന്‍റെ പ്രത്യേകതയാണ്
വയനാട്ടിലെ കര്‍ഷക ആത്മഹത്യ തടഞ്ഞത് കോണ്‍ഗ്രസാണെന്ന് അന്തപ്പനും മുല്ലപ്പള്ളിയുമെല്ലാം വയനാട്ടില്‍ തന്നെ വന്ന് പറഞ്ഞത് ഇടതന്‍മാര്‍ക്ക്
ചങ്കില്‍ തറക്കുന്നതായിപോയി.
യുപിഎ സര്‍ക്കാരിന്‍റെ ഭരണനേട്ടമാണ് കര്‍ഷക ആത്മഹത്യ തടഞ്ഞത് എന്ന വീമ്പിളക്കല്‍
പിറ്റേദിനം തന്നെ അന്തപ്പന് തിരുത്തിയപ്പോഴും ചങ്കില്‍ തറച്ചും
പക്ഷെ ഇത്തവണ ചങ്ക് തകര്‍ന്നത് വലതന്‍മാരുടെയാണെന്ന് മാത്രം

തൊഴിലുറപ്പ് പദ്ധതി ഒന്നാം യൂപിഎ യുടെയാണോ അതോ രണ്ടാം യുപിഎ സര്‍ക്കാരിന്‍റെയാണോ എന്ന സംശയം ഇപ്പോഴും കോണ്‍ഗ്രസ് നേതൃത്വത്തിന് മാറിയിട്ടില്ല
വിദര്‍ഭയിലെ കര്‍ഷക ആത്മഹത്യയും ശതകോടികളുടെ അഴിമതികഥയും
കോണ്‍ഗ്രസിന് ഓര്‍മയില്ല
അതാരെങ്കിലും ചോദിച്ചാല്‍ നേതാക്കള്‍ക്ക് അല്‍ഷിമേഴ്സാണെന്ന സത്യം
പൊതുജനം തിരിച്ചറിയും

ദേശിയതലത്തില്‍ നിന്ന് ഇറക്കുമതിചെയ്ത കുറേ നേതാക്കളും
സംസ്ഥാനത്ത് മൂന്നാം വട്ടത്തിനെത്തി
താരങ്ങള്‍ മന്‍മോഹനും സോണിയയും രാഹുലും കാരാട്ടും തന്നെ
പിന്നെയും കുറേ പേര്‍ തുക്കടാസായിപ്പായി എത്തി
യുഡിഎഫിന്‍റെ പ്രചാരണത്തിന് വന്ന് സിപിഎമ്മിനെ തെറിവിളിച്ച്
ഒടുവില്‍ എല്‍ഡിഎഫിന് വോട്ടും ചോദിച്ച് സോണിയാജി കളം വിട്ടു
സംസ്ഥാനത്തെ കുറിച്ച് ഒരു ചുക്കും അറിയാത്തത്കൊണ്ട്
കേന്ദ്രപദ്ധതികളുടെ പേരുപറഞ്ഞ് മന്‍മോഹന്‍ കളം വിട്ടു
പിന്നെ “അമൂല്‍ ബേബിയാണ്”താരമായത്
ഹോട്ടല്‍ നാടകവും കൂട്ടിയെ സ്റ്റേജിലേക്ക് വിളിച്ച് കുശലാന്വേഷണ നാടകമെല്ലാം ഇത്തവണയും ഭംഗിയായി അരങ്ങേറി.
പിന്നെ താരത്തിന്‍റെ  ഹെലികോപ്ടര്‍ നോമിനികളുടെ മണ്ഡലം തേടിമാത്രമേ പറന്നുള്ളു.
പിന്നെ പരസ്യമായ ഒരു രഹസ്യം
താരങ്ങളുടെ പരിപാടികള്‍ക്ക് സാക്ഷ്യം വഹിച്ചത് പലപ്പോഴും കാലികസേരകളാണ്
നാടകം കണ്ട് മടുത്ത നാട്ടുകാര്‍ വെയില്‍കൊള്ളാതെ വീട്ടിലിരുന്നുവെന്ന് സാരം

പ്രമുഖതാരങ്ങലുടെ പരിപാടിക്ക് ആളെകൂട്ടാന്‍ വാഹനങ്ങളുമായി സംഘാടകര്‍ ഓടിയപ്പോഴും ഒരു കിളവന്‍റെ പരിപാടിക്ക് വെറുതെ ആളൊഴുകുകയായിരുന്നു
ഇക്കാര്യം അറിയാതെയാണ് അമൂല്‍ ബേബി അദ്ദേഹത്തെ കിളവനെന്ന് വിശേഷിപ്പിച്ചത്
പോരെ പൂരം
കവിതചൊല്ലി നാണംകെടുത്തികളഞ്ഞു അമ്മാവന്‍
തൊട്ടപ്പുറത്ത് തമിഴന്‍റെ മണ്ണിലെത്തിയ ഭാവി വാഗ്ദാനം വീല്‍ചെയറിലിരിക്കുന്ന
അമ്മാവന്‍റെ പ്രായം തിരക്കാതിരുന്നത് ഭാഗ്യം
അല്ലേല്‍ തമിഴന്‍റെ ചൂട്കവിതരൂപത്തിലായിരിക്കില്ലാരുന്നു അറിയുക

കുറേ വാക്കുവിഴുങ്ങികളെ കണ്ടതും ഇതേ മൂന്നാം റൗണ്ടില്‍ തന്നെയാണ്
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ്കാലത്ത് മകനെ ജയിപ്പിക്കാന്‍ പറഞ്ഞതെല്ലാം നുണയാണെന്ന് ഇപ്പോള്‍ ഓടിനടന്ന് പറയുകയാണ് ഒരു പഴയ സോഷ്യലിസ്റ്റ്
സമസ്താപരാദങ്ങളും പൊറുത്ത് മാപ്പാക്കി മകനെ ഇത്തവണയും ജയിപ്പിക്കണേയെന്നാണ് വലതുപക്ഷത്തെ സോഷ്യലിസ്റ്റ് പടയാളിയുടെ യാചന
പലതും വിഴുങ്ങിയും പാതി മുണുങ്ങിയും സംസാരിക്കുന്ന പിജെ ജോസഫും കുട്ട്യോളും
വീരന്‍റെ വഴിയെതന്നെയായിരുന്നു ഇത്തവണ
പക്ഷെ ഒരു വ്യത്യാസം, പഴയപാപികളായ ഞങ്ങളെ ജയിപ്പിക്കണേയെന്നാണ് അപേക്ഷ

മികച്ച അഭിനേതാവിനുള്ള മത്സരവും പൊടിപൊടിച്ചു
അക്കരപച്ചതേടി മറുമുന്നണിചാടിയവരും സംരക്ഷണം തേടി മറുകണ്ടം ചാടിയവരും തകര്‍ത്ത് അഭിനയിച്ചതും മൂന്നാം റൗണ്ടില്‍ തന്നെ

സിപിഎമ്മില്‍ സ്ത്രീകള്‍ക്ക് സംരക്ഷണം ലഭിക്കുന്നില്ലെന്നാരോപിച്ച്
“പീഢിതനായ” കുഞ്ഞാലികുട്ടിയുള്ള യുഡിഎഫിലേക്ക് ചോക്കേറിയ സിന്ധു ജോയി,
പ്രയത്നിച്ച സീറ്റ് നിഷേധിച്ചതില്‍ ഇടത് സ്വതന്ത്രയായിമാറിയ യുത്ത്കാരി ജയ ഡാളി..
അഭിനേതാക്കള്‍ അങ്ങനെ ഏറെ പേരുണ്ട്
ഗ്രനൈഡ് ഏറ് കൊണ്ടിട്ടും അടികൊണ്ടിട്ടും തളരാതിരുന്ന സിന്ധു ജോയി
മുട്ട കണ്ടപ്പോള്‍, ക്ഷമിക്കണം, കൊണ്ടപ്പോള്‍ ബോധരഹിതയായി നിലംപതിച്ചു

(പാവം പഴയ യുഡിഎഫ് സര്‍ക്കാര്‍
ഈ പഴയ തീപ്പൊരി നേതാവിനെ വീഴ്ത്താന്‍ എന്തിനാവെറുതെ വിലയേറിയ ഗ്രനൈഡ് പണ്ട് വേസ്റ്റാക്കിയേ....വിലകുറഞ്ഞ മുട്ടയെറിഞ്ഞാല്‍ പോരായിരുന്നോ?
അതും ചീഞ്ഞമുട്ട ഫ്രീയായിട്ട് മാര്‍ക്കറ്റില്‍ കിട്ടുമ്പോള്‍....ഹൊ കഷ്ടം തന്നെ ഈ യുഡിഎഫിന്‍റെ കാര്യം…)

എന്തായാലും നാടകം അവസാനിക്കുമ്പോള്‍ ഏറ്റവും വലിയനടിക്കുള്ള അവാര്‍ഡ്
സിന്ധു ജോയിക്ക് തന്നെ
സത്യത്തില്‍ സിന്ധു ഇപ്പോഴാ  “ജോയി”  ആയത്....

ഇനി ഈ റൗണ്ടിലെ ഏറ്റവും വലിയ തമാശയിലേക്ക്

വേദി പാലക്കാട് പ്രസ് ക്ലബ്
നായകന്‍ വിഎസ് അച്ച്യുതാനന്ദന്‍
ലതിക സുഭാഷെന്ന തന്‍റെ എതിരാളിയോട് ഒരുപോരാളിക്ക് ചോര്‍ന്നവിധം തന്നെ
അച്ചുമാമ വാക്കോങ്ങി
ലതികയുടെ പ്രശസ്തിയെകുറിച്ചുള്ള സംശയം തീര്‍ക്കുകയായിരുന്നു വിഎസ്
ശരീരഭാഷയും ശാരീരവുമെല്ലാം ചേര്‍ന്നപ്പോള്‍ അത് ദ്വയാംഗപ്രയോഗമായി
പിന്നെ വാദങ്ങളായി, പ്രതിവാദങ്ങളായി
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി അയപ്പായി
കേസുകൊടുക്കലായി
സ്ത്രീത്വത്തെ അപമാനിച്ചെന്ന വിലാപമായി
വലതുപക്ഷ സ്ത്രീജനങ്ങള്‍ ആര്‍ത്തലച്ചു, ഇടതുചേര്‍ന്ന സ്ത്രീജനങ്ങള്‍ പ്രതിരോധം തീര്‍ത്തു
ഒടുവില്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി കീറി കുപ്പയിലിട്ടു
പ്രശസ്തയെന്ന് പറയുന്നത് ഗുണമല്ലേ എന്നായി കമ്മീഷന്‍
വിഎസ്സിനെതിരെ വാളോങ്ങിയവര്‍ പക്ഷെ വിഎസ് പറഞ്ഞത് നേരെന്ന് പറഞ്ഞ
വെള്ളാപള്ളിയെന്ന സദായനേതാവിനെ വെറുതെവിട്ടു
മൈന്‍റ് ചെയ്യണ്ടായെന്നുകരുതിയല്ല,
മറിച്ച് sndp യുടെ വോട്ട് ബാങ്കിലേക്കുള്ള നോട്ടമായിരുന്നു അത്,

കൊട്ടികലാശം അടികലാശമായി മാറിയപ്പോള്‍
തലപൊളിഞ്ഞത് മന്ത്രിമാരടക്കമുള്ളവര്‍ക്കാണ്
മറുപക്ഷക്കാര്‍ ഐസ്ക്രീം നുണഞ്ഞതും
റോഡ്ഷോയുടെ അനുമതിയുമെല്ലാം അടിക്ഷണിച്ചുവരുത്തി.

അവസാന റൗണ്ട്
ഒടുവില്‍ തെരഞ്ഞെടുപ്പ് ദിനം ഇതിന്‍റെ ബാക്കിപത്രമായി നല്ല അടിപ്രതീക്ഷിച്ച
എല്ലാവര്‍ക്കും നിരാശപെടാനായിരുന്നു വിധി.
കണ്ണൂരിലേക്കെത്തിയ കേന്ദ്രസേന ഇത്തവണ ബാരക്കിലിരുന്നു,
പ്രകൃതി സൗന്ദര്യം ആസ്വദിച്ച് മടങ്ങി
ബോംബേറും കല്ലേറും ബൂത്ത് പിടുത്തവുമില്ലാതെ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞു
വാചകമടിച്ച് നാട്ടുകാരെ പേടിപ്പിച്ച മുല്ലപ്പള്ളിക്കും ഉമ്മനുമെല്ലാം
ഇനി തലയില്‍ മുണ്ടിട്ട് നടക്കാം,
അല്ലാതെ വെറുതെ നാട്ടുകാരെ പേടിപ്പിച്ചതിന് മാപ്പ് പറയാന്‍പറ്റില്ലാലോ...

ഇനി അവകാശവാദങ്ങളുടെ ഘോഷയാത്ര.
ഏറിയതും കുറഞ്ഞതുമായ വോട്ടിങ് ശതമാനത്തില്‍ കണ്ണുംനട്ട്
മുന്നണികള്‍ മനക്കോട്ട കെട്ടുന്നനാളുകളാണ് ഇനിയുള്ള 30 ദിനങ്ങള്‍.
മനക്കോട്ടകെട്ടി വാഴട്ടെ നേതാക്കള്‍
ആരുടെ കോട്ടയാകും തകരുക എന്ന് കാത്തിരുന്ന് കാണാം.