Friday 13 September 2024

സമരം, സിഗരറ്റ്, സഖാവ് സീതാറാം....

സിപിഎമ്മിൽ ഒരുപക്ഷെ വിഎസ് - പിണറായി തർക്കവും വിഭാഗീയതയുമൊന്നുമുണ്ടായിരുന്നില്ല എങ്കിൽ മറ്റേതൊരു സിപിഎം പിബി അംഗത്തേയും പോലെ മാത്രമേ ഒരുപക്ഷെ സീതാറാം യെച്ചൂരിയേയും ഒരു സാധാരണ മലയാളി ഓർക്കാനിടയുള്ളു. 

കാരണം വിഭാഗീയത മൂത്തിരുന്ന  സമയത്തെല്ലാം യെച്ചൂരിയെയാണ് വിഎസ് വിളിച്ചിരുന്നത്. യെച്ചൂരി വിഎസ്സിനേയും. 

അങ്ങനെ കേരളത്തിലെ പ്രത്യേയശാസ്ത്രമോ അല്ലാത്തതോ ആയ എല്ലാ തർക്കത്തിലും യെച്ചൂരിക്ക് പങ്കുവഹിക്കാനുണ്ടായി. 

പലപ്പോഴും ഒരു കമ്മ്യൂണിക്കേറ്ററുടെ അല്ലെങ്കിൽ ഒരു ഇടനിലക്കാരൻറെ.

എനറെ ഡൽഹി കാലത്തിന് മുമ്പേ യെച്ചൂരിയുമായി ഒരു ചെറിയ സൌഹൃദം ഉണ്ടാക്കാനായിട്ടുണ്ട്. 

പലപ്പോഴും കേരളത്തിൽ പലപരിപാടിക്ക് വന്നപ്പോഴും ജോലിയുടെ ഭാഗമായി കണ്ടിട്ടുണ്ട്. 

അനൌദ്യോഗികമായും ഔദ്യോഗികമായും അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ട്. 

ഒരിക്കൽ ഒരുമിച്ച് ഒരു യാത്രയും നടത്തി.പിന്നീട് ഡൽഹിയിലെത്തിയപ്പോഴും ഔദ്യോഗികമായുള്ള ബന്ധം തുടർന്നു.

ആദ്യമായി ദീർഘനേരം സംസാരിച്ചത് കൊച്ചിയിലെ ലേ മെരിഡിയൻ ഹോട്ടലിൽ വെച്ചാണ്. 

അന്ന് ഏതോ ഒരു പാർലമെൻററി സമിതിയുടെ ഭാഗമായി എത്തിയതായിരുന്നു യെച്ചൂരി. 

വിഭാഗീയത കത്തിനിൽക്കുന്ന കാലമായതിനാൽ തന്നെ വാർത്ത ലക്ഷ്യം വെച്ചായിരുന്നു കാണാൻ പോയത്. 

എന്തോ വാർത്തയിൽ പ്രതികരണം ചോദിച്ചു. എന്നാൽ ആദ്യം ചിരിച്ച് ഒഴിഞ്ഞുമാറാൻ നോക്കി. 

പിന്നീട് വീണ്ടും ചോദിച്ചപ്പോൾ ഞാൻ സമിതിയുടെ ഭാഗമായാണ് വന്നത്. 

അതിനാൽ ഇപ്പോൾ ഒന്നും പറയാനില്ല എന്നായി. 

വീണ്ടും മൈക്ക് നീട്ടിയപ്പോൾ വേണ്ടെന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചു.

ക്യാമറ മടക്കികൊള്ളാൻ പറഞ്ഞ് ഞാൻ മൈക്ക് പിൻവലിച്ചു. 

ഹോട്ടലിൻെറ പുറത്ത് തന്നെ നിന്ന് അപ്പോഴും എന്തോ പരതുകയായിരുന്നു യെച്ചൂരി. 

ഞാൻ സഖാവിനോടുള്ള ആദരവും സ്നേഹവും കാരണം അടുത്തേക്ക് ചെന്നു. 

പോക്കറ്റിൽ നിന്ന് സിഗരറ്റ് പാക്കറ്റ് എടുത്ത് എവിടെനിന്ന് വലിക്കാം എന്ന് ചോദിച്ചു.

ഞങ്ങൾ താഴേക്ക് പാർക്കിങിലേക്ക് നടന്നു. അപ്പോഴേക്കും സിഗരറ്റിന് തീകൊളുത്തിയിരുന്നു സഖാവ്.

എനിക്ക് നേരെയും പാക്കറ്റ് നീട്ടി. 

ഞാൻ വലിക്കില്ലെന്ന് പറഞ്ഞപ്പോൾ 'ഓ..ഡോണ്ട് യു' എന്ന് ആശ്ചര്യം നിറഞ്ഞ ചോദ്യം.

ഇല്ലെന്ന് ചിരിച്ചുകൊണ്ടുപറഞ്ഞപ്പോൾ 'ഗ്രേറ്റ്' എന്ന് ചിരിച്ചുകൊണ്ട് യെച്ചൂരിയുടെ പിരികം വളച്ചുള്ള മറുപടി.

അന്ന് വൈകുന്നേരം ചാനൽ ചർച്ചയിലെ അതിഥിയായിരുന്ന ലോറൻസ് സഖാവിനെ തിരികെ കൊണ്ടുചെന്നിറക്കിയത് ലേ മെരിഡിയനിലായിരുന്നു.

യെച്ചൂരിയെ കാണാൻ പോയതായിരുന്നു. കൂടെ ഞാനും കയറി. 

അന്ന് റൂമിൻെറ ഡോർ തുറന്ന് യെച്ചൂരി പുറത്ത് വന്നപ്പോൾ കയ്യിൽ പകുതിയൊഴിഞ്ഞ ഒരു മദ്യഗ്ലാസ്. 

അപ്പോഴും വിരലുകളുടെ ഇടയിൽ ഇരുന്ന് പുകയുന്ന മറ്റൊരു സിഗരറ്റ്...

പിന്നീട് പല പാർട്ടി പരിപാടികളിലും അദ്ദേഹത്തെ കണ്ടു, പ്രസംഗങ്ങൾ കേട്ടിരുന്നു, റിപ്പോർട്ട് ചെയ്തു.

വിശാഖപട്ടണം പാർട്ടി കോൺഗ്രസിന് മുമ്പ് ആലപ്പുഴയിൽ വിഎസ് ഇറങ്ങിപ്പോയ സംസ്ഥാനസമ്മേളനത്തിനിടെയിലും കണ്ടു.

വിശാഖപട്ടണത്ത് യെച്ചൂരിക്ക് പകരം എസ് ആർ പിയെ ജനറൽ സെക്രട്ടറിയാക്കാനുള്ള കൊണ്ടുപിടിച്ചുള്ള നീക്കങ്ങൾ അണിയറയിൽ നടക്കുന്നുവെന്ന വാർത്തകൾ വരുമ്പോഴെല്ലാം യെച്ചൂരി സെക്രട്ടറിയാവണേ എന്ന് ആഗ്രഹിച്ച് കാത്ത് നിന്നു.

ബ്രാഹ്മണ്യമല്ല, വർഗബോധമാണ് വലുതെന്ന് പണ്ടേ തിരിച്ചറിഞ്ഞ യെച്ചൂരി ഒടുവൽ ജനറൽ സെക്രട്ടറിയായി.

അന്ന് വീണ്ടും വിശ്വാസം തോന്നി, ഇനി ഈ പാർട്ടി രക്ഷപ്പെടുമെന്ന്.

ബംഗാളിൽ മുച്ചൂടും മുടിഞ്ഞ് നിൽക്കുന്ന പാർട്ടിയെ രക്ഷിച്ചെടുക്കാൻ യെച്ചൂരിയുടെ കയ്യിൽ മാന്ത്രികവിദ്യകൾ ഉണ്ടാകുമെന്ന് കരുതി.

പാർട്ടിയുടെ ഇരുമ്പ് ചട്ടകൂടിനുമപ്പുറം പ്രായോഗികതയുടെ തന്ത്രജ്ഞതയും കൈമുതലായുള്ള യെച്ചൂരി അസാധ്യമാണെന്ന് തോന്നിയ പലതും സാധ്യമാക്കിയെടുത്ത സഖാവാണ്.

ജെ എൻ യു വിദ്യാർത്ഥിയായിരിക്കവെ ഇന്ദിരയെ മുട്ടുകുത്തിച്ച തീപ്പൊരി.

നാൽപതാം വയസിൽ പിബിയിലെത്തി കണ്ടാൽ കടിച്ചുകീറുന്ന പ്രാദേശിക പാർട്ടികളെ ഒരുമിപ്പിച്ച് സഖ്യസർക്കാരുകൾ രൂപീകരിക്കാൻ തന്ത്രം മെനഞ്ഞവൻ.

അങ്ങനെയുള്ള സഖാവ് ആ മാന്ത്രികത സ്വന്തം പാർട്ടിയിലും പയറ്റാതിരിക്കില്ലെന്ന് പ്രതീക്ഷിച്ചു.

എന്നാൽ കേരളഘടകത്തിന് ശക്തിയേറെയുള്ള പാർട്ടിയെ എന്നും താൻ ആഗ്രഹിച്ചത് പോലെ നയിക്കാൻ യെച്ചൂരിക്ക് സാധിച്ചിട്ടില്ല

എന്നും എന്തെങ്കിലും തലവേദന കേരളത്തിലെ നേതാക്കൾ നൽകികൊണ്ടിരുന്നു.

മക്കളുടെ വഴിവിട്ട ബന്ധങ്ങളും ഇടപാടുകളും കൊണ്ടും കമ്മ്യൂണിസ്റ്റിന് നിരക്കാത്ത നയങ്ങളും ജീവിതചര്യകളും കൊണ്ടും എന്നും കേന്ദ്രനേതൃത്വത്തിന് കേരള സിപിഎം തലവേദന സൃഷ്ടിച്ചുകൊണ്ടേയിരുന്നു.

സെക്രട്ടറി ആയതിന് ശേഷം യെച്ചൂരിയെ പിന്നീട് കാണുന്നത് 2016 ലെ നിയമസഭ തിരഞ്ഞെടുപ്പ് കാലത്താണ്.

അന്ന് അദ്ദേഹത്തിൻറെ ഒരു ദിവസത്തെ പ്രചാരണത്തിനൊപ്പം മുഴുവൻ നേരവും പിന്തുടർന്നു.

അദ്ദേഹത്തിനൊപ്പം ഒരു തിരഞ്ഞെടുപ്പ് പ്രോഗ്രാം ചെയ്യാനായിരുന്നു ആ യാത്ര.

അദ്ദേഹത്തിൻറെ അഭിമുഖത്തിന് നേരത്തെ ശ്രമിച്ചെങ്കിലും തിരക്ക് കാരണം അനുമതി ആദ്യം ലഭിച്ചില്ല.

കുറേ ചോദിച്ചശേഷം യെച്ചൂരി വൈകുന്നേരം വൈപ്പിനിലെ പൊതുയോഗം കഴിഞ്ഞ ശേഷം സംസാരിക്കാമെന്ന് സമ്മതിച്ചു.

രാത്രി 7 മണിക്കായിരുന്നു വൈപ്പിനിലെ പൊതുപരിപാടി.

അത്കഴിഞ്ഞാൽ അന്നത്തെ അവസാനത്തെ പരിപാടി രാത്രി 9 ന് കാക്കനാടും.

ആ ഗ്യാപ്പിൽ പത്ത് മിനുട്ട് തരാമെന്നായി.

അങ്ങനെ വൈപ്പിനിലെ പൊതുപരിപാടി 7.30 ന് തീർത്ത് സഖാവ് കാക്കനാടേക്ക് പോകാനിറങ്ങി.

സ്റ്റേജിൽ നിന്ന് ഇറങ്ങിയ ശേഷം എന്നെ വിളിച്ചു.

"ക്യാൻ ഐ ട്രാവൽ വിത്ത് യു.."

ഞാൻ സമ്മതിച്ചു. 

അങ്ങനെ ഞാനും ക്യാമറാമാൻ മോനിഷും യെച്ചൂരിയും ഒപ്പം കെ ചന്ദ്രൻപിള്ള സഖാവും കാറിൽ കയറി.

കാറിൽ കയറിയ ശേഷമാണ് യെച്ചൂരി എന്തിനാണ് ഞങ്ങളുടെ കാറിൽ കയറിയത് എന്ന് പറഞ്ഞത്,

"ഐ വാണ്ട് ടു സ്മേക്ക്. ഐ ഡിഡിൻറ് സിൻസ് മോണിങ്.

ജസ്റ്റ് പാർക്ക് വെഹിക്കിൾ സംവേർ വീ കാൻ സ്മോക്ക്..."

കാറിൽ കേറിയ ഉടനെ ഫോൺ എടുത്ത് മിസ് കോൾ ലിസ്റ്റിലൂടെ കണ്ണോടിച്ചു.

ബംഗാളിൽ നിന്നുള്ള ബിമൻ ബസുവിൻറെ കോളിന് തിരിച്ചുവിളിച്ചു.

ബംഗാളിയിലായിരുന്നു സംസാരം.

ഫോൺ വെച്ചശേഷം ഞാൻ ബംഗാളിലെ കാര്യം ചോദിച്ചു.

"ദെ ആർ ട്രൈയിങ് ടു റീബിൽഡ് ദ പാർട്ടി. ഇറ്റ് മേ ടേക്ക് ടൈം... ആം ഹോപ്പ് ഫുൾ. ലെറ്റസ് സീ കോമറേഡ്..."

എത്ര ഭാഷയറിയാം എന്ന എൻറെ ചോദ്യത്തിന് പൊട്ടിചിരിയായിരുന്നു.

എന്നിട്ട് വിരലിലെണ്ണി പറഞ്ഞുതുടങ്ങി,

ബംഗാളി, തെലുഗു, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്.....

ഏകദേശം 9 ഓളം (അത്രയാണെന്നാണ് ഓർമ) ഭാഷകൾ കേട്ടാൽ മനസിലാകും എന്ന് പറഞ്ഞപ്പോൾ ഞാൻ ശരിക്കും അത്ഭുതപ്പെട്ടു

എങ്ങനെയാണ് ഇത്രയും ഭാഷകൾ പഠിച്ചതെന്ന് ചോദിച്ചപ്പോഴാണ് അതിന് പിന്നിലെ കഥ അദ്ദേഹം പറഞ്ഞത്.

ജെ എൻ യു വിൽ പഠിക്കുന്ന കാലത്ത് അവിടെ മറ്റൊരു പാർട്ടിയിലെ നേതാവ് ഈവനിങ് ലാങ്ഗ്വേജ് ക്ലാസിന് വരുമായിരുന്നത്രേ

അങ്ങനെ വിദേശഭാഷകൾ ആ നേതാവ് പഠിക്കാന വരുന്നത് കണ്ടിട്ടാണ് വിവിധ ഭാഷപഠിക്കാൻ താൽപര്യം തോന്നിയത്.

ആ നേതാവ് മറ്റാരുമായിരുന്നില്ല, 14 ഭാഷകൾ ആനായാസേന കൈകാര്യം ചെയ്തിരുന്ന നമ്മുടെ മുൻ പ്രധാനമന്ത്രി പിവി നരസിംഹ റാവു.

അദ്ദേഹമാണ് ഭാഷകളോട് യെച്ചൂരിയിൽ പ്രണയം ജനിപ്പിച്ചത്. 

സംസാരിക്കുന്നതിനിടെ അദ്ദേഹം ട്വിറ്ററിൽ വാർത്തകൾ ഓടിച്ച് നോക്കുകായിരുന്നു. 

സഖാവ് വിഎസ് സോഷ്യൽ മീഡിയയിൽ പ്രവേശിച്ച് ചുരുങ്ങിയ ദിവസം കൊണ്ട് താരമായ സമയമായിരുന്നു അത്.

വിഎസിനെ ഫോളോ ചെയ്യുന്നുണ്ടോയെന്ന് ചോദിച്ചു.

ഒരു പൊട്ടിച്ചിരി.

"ഹി ഈസ് നോട്ട് ഓൾഡ്, കോമ്രേഡ് വിഎസ് ഈസ് ആൾവെയിസ് യങ് ആൻറ് അപ്പ്ഡേറ്റഡ് ദാൻ അസ്."

വിഎസ് ഉമ്മൻ ചാണ്ടിക്കും ആൻറണിക്കുമെല്ലാം കണക്കിന് ഫെയ്സ്ബുക്ക് വഴി കൊടുക്കുന്ന മറുപടി വിവർത്തനം ചെയ്ത് കൊടുത്തപ്പോൾ യെച്ചൂരി സ്വയം മറന്ന് ചിരിച്ചു.

"ഹി ഈസ് എ സ്റ്റാൾവർട്ട്  "

അങ്ങനെ ഞങ്ങൾ വല്ലാർപാടം കണ്ടയിനർ റോഡിൽ നിർത്തി,

വണ്ടിയിൽ നിന്ന് ഇറങ്ങിയ യെച്ചൂരി ഒറ്റ നിൽപ്പിൽ വലിച്ച് തീർത്തത് 3 സിഗരറ്റ്.

സിഗരറ്റ് വലിച്ച് കഴിയും വരേയും ഞങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു.

ആ തിരഞ്ഞെടുപ്പിലെ സിപിഎമ്മിൻറെ സാധ്യതകളെ കുറിച്ചും സ്ഥാനാർത്ഥികളെ കുറിച്ചുമെല്ലാം.

പിന്നീട് കാറിലിരുന്ന് തന്നെ അഭിമുഖം പകർത്തി.

കാക്കനാട് എത്തുന്നതുവരേയും സഖാവ് ദീർഘമായി സംസാരിച്ചു.

പത്ത് മിനുട്ട് സംസാരിച്ച് ഇരുപതും ഇരുപത്തിയഞ്ചും കഴിഞ്ഞു. 

കാക്കനാട് എത്തുംമുമ്പേ വീണ്ടുമൊരു പുക. 

പൊതുയോഗവേദിയിൽ എത്തുമ്പോൾ അവിടെ നിറയെ പ്രവർത്തകരും അണികളും.

അവരെ അഭിസംബോധന ചെയ്ത് ജില്ലാസെക്രട്ടറി സംസാരിക്കുന്നു.

അതിനുശേഷം ഡൽഹിയിലെത്തിയശേഷം ഇടയ്ക്കിടെ എകെജി ഭവനിലെ പടിയിലും മുന്നിലും നിന്ന് പലകുറി സംസാരിച്ചു.

പാർട്ടി ഓഫീസിലേക്ക് കാറിൽ വന്നിറങ്ങിയാൽ കാവൽ നിൽക്കുന്ന പൊലീസുകാരൻ യെച്ചൂരിയെ ഒന്ന് വണങ്ങും, തിരിച്ച് യെച്ചൂരി അദ്ദേഹത്തിന് ഒരു സല്യൂട്ട് നൽകും.

ഒരുപക്ഷെ ഇന്ത്യയിലെ മറ്റൊരു രാഷ്ട്രീയനേതാവും നൽകാത്ത ഒന്നാവണം ആ സല്യൂട്ട്.

തൊഴിലാളികളെ - അത് ഭരണകൂടത്തിൻറെ മർദ്ദനോപകരണമായ പൊലീസ് ആയാലും പട്ടാളമായാലും - സമനായി കാണുന്ന കമ്മ്യൂണിസ്റ്റിൻറെ സല്യൂട്ട്.

ഹൈദരാബാദ് പാർട്ടി കോൺഗ്രസിന് മുന്നോടിയായി പിബിയിൽ ജനറൽ സെക്രട്ടറി അവതരിപ്പിച്ച രാഷ്ട്രീയകാര്യ റിപ്പോർട്ട് വലിയചർച്ചയായി.

റിപ്പോർട്ട് കൊൽക്കത്തയിൽ ചേർന്ന കേന്ദ്ര കമ്മിറ്റി പരിഗണിച്ചു, റിപ്പോർട്ട് പിബി തള്ളി.

അങ്ങനെ പിബിയിൽ ജനറൽ സെക്രട്ടറിയുടെ കോൺഗ്രസുമായുള്ള രാഷ്ട്രീയ സഹകരണമെന്ന നയം ന്യൂനപക്ഷമായി.

എന്നിട്ടും പക്ഷെ യെച്ചൂരിയിലെ പോരാളി വിട്ടില്ല.

സിസിക്ക് ശേഷമുള്ള വാർത്താസമ്മേളനത്തിൽ താങ്കളുടെ റിപ്പോർട്ട് പിബി തള്ളിയില്ലേ എന്ന് ചോദിച്ചു

അതിന് സിസി അല്ലല്ലോ, പാർട്ടി കോൺഗ്രസല്ലേ പാർട്ടിയുടെ വലിയ വേദി.

അവിടെ ഈ ന്യൂനപക്ഷ രേഖ ഞാൻ അവതരിപ്പിക്കും. അപ്പോൾ അറിയാം പാർട്ടിയുടെ പിന്തുണ ഏതിനാണെന്നായിരുന്നു ആത്മവിശ്വാസം ഒട്ടും ചോർന്നിട്ടില്ലാത്ത മറുപടി.

ഹൈദരാബാദിൽ വാദപ്രതിവാദങ്ങൾക്കും നീണ്ട ചർച്ചകൾക്കും ശേഷം അന്തിമവിജയം യെച്ചൂരിക്കായിരുന്നു.

നയം രഹസ്യവോട്ടിനിടാം എന്ന് ബംഗാൾ ഘടകം നിർദേശം വെച്ചതോടെ ശക്തമായി എതിർത്തിരുന്ന കേരളഘടകത്തിന് അടിതെറ്റി.

രഹസ്യവോട്ടെടുപ്പായിരുന്നെങ്കിൽ കേരളത്തിൽ നിന്നുള്ള ഭൂരിഭാഗം പേരും യെച്ചൂരിയുടെ ലൈൻ അനുകൂലിച്ച് വോട്ടിടുമായിരുന്നുവെന്ന് അന്നത്തെ സമ്മേളന പ്രതിനിധികൾ വ്യക്തിപരമായി പറഞ്ഞിരുന്നു.

ജനറൽ സെക്രട്ടറി തിരഞ്ഞെടുപ്പിൻറെ തൊട്ടതലേ ദിവസം തന്നെ പിബിയിലും കേന്ദ്രകമ്മിറ്റിയിലും കാരാട്ട് പക്ഷത്തിനുണ്ടായിരുന്ന ആധിപത്യം പൊളിഞ്ഞതിനറെ സൂചനകൾ ഞങ്ങൾക്ക് ലഭിച്ചിരുന്നു.

അന്ന് നേതാക്കൾ കാറിൽ കയറുന്ന ഇടത്ത് നിൽക്കുകയായിരുന്ന ഞാനും ന്യൂസ് 18 ലെ സതീഷ് കുമാറും ഒരു കാഴ്ച്ചയ്ക്ക് സാക്ഷ്യം വഹിച്ചു.

എന്നും കാരാട്ടിനൊപ്പം പോകുന്ന പല നേതാക്കൾ അവർക്കൊപ്പം വാഹനത്തിൽ കയറാതെ മാറിനിന്നു.

സീതാറാം വരട്ടെ എന്നായിരുന്നു ചോദിച്ചപ്പോൾ മറുപടി.

പിന്നീട് യെച്ചൂരിയുടെ കാറിലാണ് ആ പിബി അംഗങ്ങളും ഹോട്ടലിലേക്ക് പോയത്.

അതൊരു സൂചനയായിരുന്നു.

യെച്ചൂരി പാർട്ടിയിൽ ശക്തനായിരിക്കുന്നു എന്നതിൻറെ സൂചന.

അടുത്തദിവസം രണ്ടാം തവണയും യെച്ചൂരി പാർട്ടി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

രേഖ തള്ളിയിരുന്നുവെങ്കിൽ പാർട്ടിയിൽ നിന്ന് തന്നെ പുറത്തായേക്കാവുന്ന സഖാവ് അതാ അജയനായി മടങ്ങുന്നു.

എകെജി ഭവനിൽ വാർത്താസമ്മേളനത്തിന് വരുന്നതിനിടെ രണ്ട് സംഘപരിവാർ ഗുണ്ടകൾ യെച്ചൂരിയെ കയ്യേറ്റം ചെയ്യുന്നതിന് സാക്ഷിയായി.

അന്ന് ഗൂണ്ടകളെ പാർട്ടിപ്രവർത്തകരും മാധ്യമപ്രവർത്തകരും ചേർന്നാണ് പിടിച്ച് മാറ്റിയത്.

അതിന് ശേഷം ഒന്നും സംഭവിക്കാത്തത് പോലെ യെച്ചൂരി വാർത്താസമ്മേളനമുറിയിലേക്ക് നടന്നു.

"ഡോണ്ട് ബോദർ. ദേ കാൻ ഡു നത്തിങ്" എന്നായിരുന്നു കയ്യേറ്റത്തെകുറിച്ചുള്ള ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചത്.

നിർണായകമായ കേന്ദ്ര കമ്മിറ്റി യോഗങ്ങൾ കഴിഞ്ഞ് ഇറങ്ങിയാൽ യെച്ചൂരിയുടെ ഒരു നിൽപ്പുണ്ട് എകെജി ഭവൻറെ മൂന്നാം നിലയിലെ ജനാലയ്ക്കരികിൽ.

കയ്യിൽ പുകയുന്ന സിഗരറ്റുണ്ടാകും. 

ഒന്നെരിഞ്ഞടങ്ങുമ്പോൾ അടുത്തതിന് തീപകരും. 

അതങ്ങനെ ഊതി വലിച്ച് എന്തോ കാര്യമായി ആലോചിച്ചങ്ങനെ നിൽക്കും.

ഇനി ഡൽഹിയിലെത്തുമ്പോൾ എകെജി ഭവനിലെ ജാലകത്തിനരികിലെ ആ കാഴ്ച്ചയും ചിരിയും പോക്കറ്റിൽ കൈ ഇട്ടുള്ള നടപ്പും ഉണ്ടാകില്ല.

അത് വല്ലാതെ മിസ് ചെയ്യും.

അതിലുപരി എകെജി ഭവനിന്‍ മുന്നിൽ കാവൽ നിൽക്കുന്ന പോലീസുകാരന് സ്ഥിരം കിട്ടുന്ന ആ സല്യൂട്ടും...