Wednesday, 6 March 2024

ജൻമശൈലത്തിൻറെ കൊടുമുടിയിൽ....

രാവിലെ മൂന്നരയോടെ തന്നെ ക്യാമ്പിലെ വിളക്കുകൾ തെളിഞ്ഞു.

പുറത്ത് നിന്ന് ഉച്ചത്തിൽ പാട്ട് കേൾക്കാം, ക്യാൻറീനിലെ തൊഴിലാളികൾ ഭക്ഷണം ഉണ്ടാക്കാൻ തുടങ്ങിയതാണ്.

അഞ്ച് മണിയോടെതന്നെ ഡോർമെട്രിയിൽ നിന്ന് ഓരോരുത്തരായി പുറത്തേക്ക് ഇറങ്ങി

പ്രഭാതകർമങ്ങൾ പൂർത്തിയാക്കി വേണം മലകയറാൻ. 

കുളിച്ചെത്തിയവരിൽ പലരും നെറ്റിയിൽ വലിയ ഭസ്മകുറിയെല്ലാം ചാർത്തിയിരിക്കുന്നു.

തമിഴ്നാട്ടിൽ നിന്നുള്ളവരാണ് അവർ.

അവർ വെറും സഞ്ചാരികളല്ല, വിശ്വാസികളാണ്.  

അവർക്ക് അഗസ്ത്യനെ തൊഴുന്നത് വിശ്വാസത്തിൻറെ ഭാഗമാണ്.

ശബരിമലയ്ക്ക് വ്രതമെടുത്ത് പോകുന്നത് പോലെ അഗസ്ത്യാർകൂടത്തിലേക്കും വ്രതമെടുത്താണ് അവരുടെ വരവ്

മുമ്പ് അഗസ്ത്യാർമലയിൽ പൂജ നടത്താനെല്ലാം അനുവദിച്ചിരുന്നുവത്രേ,ഇപ്പോൾ അതില്ല. 


ഭാഗ്യത്തിന് രാവിലെ രാത്രിയിലേത് പോലെ വലിയ കാറ്റില്ല. 

ആകാശം പക്ഷേ അപ്പോഴും കോട പുതച്ച് കിടക്കുന്നു. 

ബേസ് ക്യാമ്പിൽ നിന്ന് തെളിഞ്ഞ കാലാവസ്ഥയിൽ അഗസ്ത്യാർകൂടം കാണാവുന്നതാണ്,

കയറിപോകുന്ന വഴിയുമെല്ലാം നന്നായി തെളിഞ്ഞ് കാണാം.

എന്നാൽ ഇന്ന് അതല്ല സ്ഥിതി. 

ഇന്ന് മലകയറാൻ പ്രയാസം കാണില്ല, എന്നാൽ മുകളിലെത്തുമ്പോൾ എന്തായിരിക്കും അവസ്ഥയെന്ന് പറയാനാവില്ല

അപ്രതീക്ഷിതമായി മാറുമെന്നതാണ് മലമുകളിലെ കാലാവസ്ഥയുടെ സ്വഭാവം

ഫോറസ്റ്റ് റേഞ്ചർ അനൂപിൻറെയാണ് മുന്നറിയിപ്പ്.

ഇന്ന് പ്രശ്നമുണ്ടാകാൻ സാധ്യതയില്ലെന്ന് സ്വയം ആശ്വസിപ്പിച്ചു തയ്യാറായി.

തലേന്ന് രാത്രിതന്നെ രണ്ട് പേർക്കുള്ള ബ്രേക്ക് ഫാസ്റ്റിനുള്ള കൂപ്പൺ വാങ്ങിവെച്ചിരുന്നു

പാഴ്സലായാണ് ബ്രേക്ക്ഫാസ്റ്റ് തരുക. 

കാട്ടിൽ നിന്ന് തന്നെ പറിച്ചെടുക്കുന്ന നീണ്ട ഇലയിൽ പൊതിഞ്ഞ പാക്കറ്റുകൾ

ഒരുപൊതി അവിടെ ഇരുന്ന് തന്നെ കഴിച്ചു. മറ്റേത് ബാഗിൽ എടുത്ത് വെച്ചു

അഗസ്ത്യാർകൂടത്തേക്കുള്ള യാത്രയിൽ ലഗേജുകൾ കഴിവതും കുറച്ച് വേണം എടുക്കാൻ

കഴിഞ്ഞദിവസത്തേത് പോലെയല്ല ഇനിയത്തെ കയറ്റം

എട്ട് കിലോമീറ്ററാണ് അതിരുമലയിൽ നിന്ന് അഗസ്ത്യാർകൂടത്തിലേക്കുള്ളത്.


ഏഴ്മണിയോടെ തന്നെ ചെറുസംഘങ്ങളായി ആളുകൾ മലകയാറാൻ ആരംഭിച്ചു.

ഏഴരയോടെ ഞങ്ങളും മലകയാറാൻ തുടങ്ങി.

ആദ്യം കാട് കയറണം. 

കഴിഞ്ഞദിവസം നടന്ന അതേ കാടിൻറെ മറ്റൊരുവശത്തേക്കാണ് ഇന്നത്തെ യാത്ര.

കാടിൻറെ ഉൾകാമ്പിലേക്കാണ് ആദ്യയാത്ര

നാടുകാണിയെന്നാണ് ആദിവാസികൾ ഈ പ്രദേശത്തെ വിളിക്കുന്നത്

നാടുകാണിയിലൂടെ നടക്കുമ്പോൾ ചെറിയ ചെറിയ അമ്പലങ്ങൾ കാണാം.

നാട്ടിലെ അമ്പലങ്ങൾ പോലെ പടുത്ത് കെട്ടിയവയല്ല, മറിച്ച് ഒരു മരത്തിൻറെ ചുവട്ടിൽ വെറും കല്ലുകൾ

ആ കല്ലുകൾക്ക് കറുപ്പിലും വെളുപ്പിലുമെല്ലാമുള്ള ഉടയാടകളും ഭസ്മവും കുങ്കുമവും മഞ്ഞളുമെല്ലാം പൂശിയിരിക്കുന്നു

എന്നും വിളക്കുകൊളുത്താറുണ്ടെന്ന് തോന്നുന്നു.

ഇവയൊന്നും വെറും കല്ലുകളല്ല, ഓരോരോ മൂർത്തികളാണ്. 

മൂർത്തിയെ വന്ദിച്ച്, തൊട്ടുമുമ്പിലെ പാത്രത്തിലിരുന്ന ഭസ്മം തൊട്ട് മലകയറി.

കൂട്ടത്തിൽ സിദ്ധവൈദ്യം ചെയ്യുന്ന ഡോക്ടർമാരുമുണ്ട്.

അവരിലൊരാൾ, തിരുവനന്തപുരത്ത് നിന്ന് തന്നെയുള്ള ആദർശ് ഇത് പതിനൊന്നാം തവണയാണ് അഗസ്ത്യാർകൂടം കയറുന്നത്

മലകയറ്റത്തിന് നിരോധനമുണ്ടായിരുന്ന കാലത്ത് ഗുരുക്കൻമാർക്കൊപ്പം മറ്റൊരുകാട്ടുവഴിയിലൂടെ ആയിരുന്നുവത്രേ യാത്ര

ഔഷധോദ്യാനത്തിൽ നിന്ന് മരുന്ന് ശേഖരിക്കാനും അതേകുറിച്ച് പഠിക്കാനും ഒപ്പം ഗുരുവിനെ വന്ദിക്കാനുമായിരുന്നു യാത്ര

വഴി നീളെ ഔഷധങ്ങളെ കുറിച്ചും മറ്റുമായിരുന്നു ആദർശ് സംസാരിച്ചത്.

കീഴാർനെല്ലിയുടെ പലതരത്തിലുള്ള വകഭേദങ്ങൾ ആദർശ് കാട്ടിതന്നു.

കാട് കയറി കുന്നുകളുടെ മുകളിലേക്ക് എത്തുമ്പോൾ ചുറ്റുമുള്ള കാഴ്ച്ചകളും മാറിതുടങ്ങി

ചോലവനത്തിലെ ഇടതൂർന്ന് നിൽക്കുന്ന മരങ്ങൾക്ക് പകരം പൂവിട്ട്  നിൽക്കുന്ന കുറ്റച്ചെടികൾ

കാട്ട് പൂവുകൾക്ക് ഭംഗിയേറെയാണ് 

മഞ്ഞുതുള്ളികളിൽ കുളിച്ച് നിൽക്കുന്ന പൂക്കളുടെ കാഴ്ച്ച ആരേയും ഉൻമേഷവാൻമാരാക്കും.

നേരം ഒമ്പത് ആയിട്ടും സൂര്യൻ മറനീക്കി പുറത്തുവന്നിട്ടില്ല.

സാധാരണനിലയിൽ വെയിൽകൊണ്ട് ക്ഷീണിക്കേണ്ട സമയമായിരിക്കുന്നു. 

ദൂരം പകുതിയോട് അടുത്തപ്പോൾ ആണ് ആദ്യത്തെ അരുവി കാണുന്നത്

വലിയ പാറകെട്ടിൽ നിന്ന് ഒഴുകിയെത്തുന്ന ഉറവ തീർത്ത അരുവിയാണത്.

അതിന് തൊട്ടുതാഴെ വലിയ ഒരു വെള്ളച്ചാട്ടവും.

കടുത്ത കോടമഞ്ഞിൽ പക്ഷെ വഴിപോലും കൃത്യമായി കാണുന്നില്ല

അതുകൊണ്ട് തന്നെ മലയും പാറയുമെന്നും തന്നെ കാഴ്ച്ചയിലില്ല.

മഞ്ഞ് നിറയുന്നതിനൊപ്പം തന്നെ ശക്തമായകാറ്റും വീശുന്നു.

പൊങ്കാലപാറ എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്.

മുമ്പ് ആളുകൾ ഇവിടെ ദേവിക്ക് പൊങ്കാലയിടുമായിരുന്നു. 

എന്നാലിപ്പോൾ അതിനെല്ലാം നിയന്ത്രണമുണ്ട്.

പൊങ്കാലപാറയിലെ അരുവിയിൽ നിന്ന് കുപ്പിയിൽ വെള്ളം ശേഖരിച്ച് നടത്തം തുടർന്നു

ഇന്ന് അധികം വിശ്രമിക്കാൻ സമയമില്ല

12 മണിക്ക് മുമ്പ് അഗസ്ത്യാർകൂടം കയറണം. അല്ലെങ്കിൽ അങ്ങോട്ട് പ്രവേശനമില്ല

ആളുകൾ വേഗത്തിൽ മലകയറുന്നു.

വിശ്രമം ഇനി അഗസ്ത്യനെ കണ്ടശേഷം മാത്രം.

പാറയിൽ മാർക്ക് ചെയ്തിരിക്കുന്ന ദിശാസൂചികകൾ നോക്കി മലകയറി.

ദുർഘടമാണ് മുന്നിലെ വഴികൾ

കുത്തനെയുള്ള കയറ്റം, നനഞ്ഞ് ചെളിപുരണ്ട് കിടക്കുന്ന വഴികൾ

ഇളകിയതും അല്ലാത്തതുമായ ഉരുണ്ട് പാറകൾ

നേരിയ, ഒരാൾക്ക് കഷ്ടിച്ച് കടന്നുപോകാൻ മാത്രം പാകത്തിലുള്ള ഇടവഴികൾ

വഴികൾക്ക് ഇരുപുറവും വെളിച്ചം കടന്നെത്തിയിട്ടില്ലാത്ത കാട്.

കാട്ടിനുള്ളിൽ നിന്ന് ചിലപ്പോൾ ഇലകൾ ഇളകുന്ന ശബ്ദം കേൾക്കാം

മൃഗങ്ങളാവാം, വിഷപാമ്പുകളുമാവാം.

മനുഷ്യൻറെ കാൽപെരുമാറ്റം കേൾക്കുമ്പോൾ കാട്ടിനുള്ളിലേക്ക് വലിയുന്നതാവാം, അല്ലെങ്കിൽ പതുങ്ങുന്നതുമാവാം

ഇവയെല്ലാം അവഗണിച്ച് മനുഷ്യർ മലകയറുന്നു

രണ്ട് പാറയുടെ ഇടുക്കിലൂടെ വേണം മുകളിലേക്ക് കയറാൻ

പിടിച്ച് കയറാൻ വടം കെട്ടിയിട്ടുണ്ട്.

അതിൽ പിടിക്കാതെ കയറൽ അത്ര പ്രായോഗികമല്ല, കയർ പിടിച്ച്, ഊന്നുവടിയും ചുമന്ന് നടക്കുന്നതും ശ്രമകരമാണ്.

അതും താണ്ടി മുകളിലെത്തുമ്പോൾ പിന്നെയും കാട്. 

മലയിറങ്ങുന്നവരോട് ഇനിയെത്ര ദൂരം ശേഷിക്കുന്നുവെന്ന് ചോദിച്ച് ആശ്വാസത്തിനുള്ള വഴികണ്ടെത്തുകയാണ് പലരും

ഒന്നരകിലോമീറ്റർ, ഒരു കിലോമീറ്റർ എന്നിങ്ങനെ മലയിറങ്ങുന്നവർ ഊഹകണക്ക് പറയും

ആശ്വാസം അത്രയല്ലേ ഇനിയുള്ളുവെന്ന് യാത്രികർ.

പക്ഷെ പിന്നെയും നടന്ന് നടന്ന് ഒന്നും ഒന്നരയുമെല്ലാം വെറും പൊയ്ദൂരമായിരുന്നുവെന്ന് തിരിച്ചറിയും

അപ്പോഴും മുഖങ്ങളിൽ നിരാശയില്ല,മറിച്ച്   ഇത്രയും പിന്നിട്ടതിൻറെ സന്തോഷം മാത്രം

കാട് പിന്നിട്ട് എത്തുന്നത് മലമുകളിലേക്കാണ്

ഇതുവരെ വന്നത് പോലെയല്ല ഇനി

അഗസ്ത്യൻറെ അടുത്തേക്ക് ഇനി ദൂരം കുറവാണ്

പക്ഷെ അത് രണ്ട് മലകൾ കയറി വേണം

നടന്ന് അല്ല, കയറിൽ പിടിച്ച് തൂങ്ങി മലചവിട്ടണം

ഇടയ്ക്കിടെ വലിയ കെട്ടുകൾ ഇട്ട വലിയ വടം മുകളിൽ നിന്ന് താഴേക്ക് തൂക്കിയിട്ടിരിക്കുന്നു

ശക്തമായ കാറ്റിനേയും പാറയുടെ നനവിനേയും വെല്ലുവിളിച്ച് വേണം മലകയറാൻ.

ശക്തമായ കാറ്റിലും തണുപ്പിലും മലകയറൽ കഠിനമാണ്.

പക്ഷെ അതിസാഹസികതയൊന്നും ഒരു യാത്രയുടേയും ഭംഗി ഇല്ലാതാക്കില്ല

അത് യാത്രയുടെ സൌന്ദര്യവും ആവേശവും കൂട്ടുകയേ ഉള്ളു

കയറിൽ തൂങ്ങി താഴേക്കും മുകളിലേക്കും ആളുകൾ ഇടവിട്ട് കയറുന്നു.

അപ്പോഴും മുകളിൽ നിന്നോ താഴേ നിന്നോ ആളുകൾ റോപ്പിൽ വരുന്നത് കാണാൻ ആകാത്തത്രയും മഞ്ഞ്.

ഒരു റോപ് കഴിയുമ്പോൾ തന്നെ അടുത്ത മലകയറാനുള്ള റോപ്പ് മുന്നിൽ തെളിയുന്നു.

ക്ഷീണിക്കാതെ തൻറെ ടേൺ കാത്ത് നിന്ന് എല്ലാവരും ഒന്നൊന്നായി മലകയറി.

മൂന്ന് വലിയ പാറയാണ് ഇങ്ങനെ കയറിൽ തൂങ്ങി കയറിയത്.

മൂന്നാമത്തെ പാറയും കീഴടക്കി സ്വൽപം മല നടന്ന് കയറുമ്പോൾ കാറ്റ് അതിൻറെ ഏറ്റവും പാരമ്യത്തിലെത്തുന്നു

മഞ്ഞ് വീണ് തലയും മുഖവും ശരീരവുമെല്ലാം മഞ്ഞിൻകണങ്ങളാൽ മൂടപ്പെടുന്നു

കാറ്റിനെ വെല്ലുവിളിച്ച് ആ മലയും കീഴടക്കിയെത്തുമ്പോൾ മുന്നിൽ അഗസ്ത്യൻ.

കാറ്റും മഞ്ഞും ആസ്വദിച്ച് അഗസ്ത്യൻറെ പ്രതിമയ്ക്ക് മുന്നിൽ ശരസ് നമിക്കുമ്പോൾ ഈ യാത്ര പൂർണമാകുന്നു...

കാറ്റിലും മഞ്ഞിലും അഗസ്ത്യരുടെ മുന്നിൽ പ്രാർത്ഥനയോടെ ഇരിക്കുന്ന വിശ്വാസികൾ

അഗസ്ത്യരുടെ ക്ഷേത്രത്തിലേക്ക് ആരും അതിക്രമിച്ച് കയറുന്നില്ലെന്ന് ഉറപ്പുവരുത്തുന്ന വാച്ചർ ഷിബു

ചെരിപ്പിടാതെ വിശ്വാസത്തിൻറെ ഭാഗമായി മലകയറിയ അമ്പത് പിന്നിട്ട ട്രിച്ചി സ്വദേശി അരുൾമൊഴി

പ്രായ്തിൻറെ അവശതകളെയെല്ലാം മറികടന്ന് മല കയറിയതിൻറെ ആവേശത്തിൽ ചിരിക്കുന്ന തൃശ്ശൂരിലെ ചേച്ചിമാർ

മലയുടെ മറുവശത്ത് കാറ്റ് കുറഞ്ഞ ഭാഗത്ത് കാഴ്ച്ചകൾ പരതുന്ന സഞ്ചാരികൾ

മലമുകളിൽ മലർന്ന് കിടന്ന് അതിവേഗത്തിൽ കടന്നുപോകുന്ന മേഘങ്ങളെ നോക്കി ആവേശത്തോടെ അലറുന്നവർ

പടങ്ങൾ പകർത്തുന്നവർ

കാലാവസ്ഥ തെളിയാത്തത് കൊണ്ടുവമാത്രം നഷ്ടമായ കാടിൻറേയും നാടിൻറേയും മലമുകളിലെ ദൃശ്യഭംഗിയെ കുറിച്ച് സങ്കടപ്പെടുന്നവർ

തിരിച്ചിറങ്ങാൻ മനസ് സമ്മതിക്കാതെ വിഷമിച്ചിരിക്കുന്നവർ

ഇനിയെന്ന് തിരികെ വീണ്ടുമിവിടെയിങ്ങനെ എന്നചോദ്യത്തിന് ഉത്തരം തേടുന്നവർ

ഭക്തിയിൽ അഗസ്ത്യനെ കണ്ട് പുണ്യം തേടിയെന്ന് ആശ്വാസം പൂണ്ട വിശ്വാസികൾ....

അഗസ്ത്യമലയിൽ ഞാൻ കണ്ടമനുഷ്യരെല്ലാവരും സന്തുഷ്ടരാണ്

ഞാനെന്ന ഭാവമില്ലാതെ ഈ കാട്ടിലും മലയിലും നമ്മളാണ് ഉള്ളത്, നമ്മളെല്ലാം തുല്യരാണ് എന്ന് സ്വയം തിരിച്ചറിയുന്നവർ...

ഇനി മടക്കമാണ്, 

മനസിലെ ഭാരമിറക്കിയല്ല, യാത്രയുടെ സൌന്ദര്യവും ആവേശവും നെഞ്ചിൽ നിറച്ചുവെച്ച്. 

ചൂണ്ടിലപ്പോഴും അഗസ്ത്യഹൃദയത്തിലെ വരികൾ ഉച്ചത്തിൽ നിറയുന്നു...


...........

ആദ്യഭാഗം ഇവിടെ വായിക്കാം

യാത്ര തീരുന്നില്ല..... 

1 comment: