Tuesday, 5 March 2024

നാരായബിന്ദുവിൽ അഗസ്ത്യനെ കാണാൻ...

കാട്ടിലേക്കുള്ള ഓരോ യാത്രയ്ക്കും അതിൻറേതായ ഭംഗിയുണ്ട്. വേരുകൊണ്ടും ശിഖരങ്ങൾകൊണ്ടും പരസ്പരം പുണർന്ന് നിൽക്കുന്ന മരങ്ങൾ. പലവർണത്തിൽ, പലരൂപത്തിൽ തളിരണിഞ്ഞുനിൽക്കുന്ന ചെടികൾ. 

ഉരുൾപൊട്ടലിലും മലവെള്ളപാച്ചിലിലും വന്നടിഞ്ഞ ഉരുളൻ കല്ലുകൾ നിരന്ന് സ്വയംരൂപംകൊണ്ട പാതകൾ. 

പാറയിടുക്കുകളിലൂടെ ഒഴുകിയെത്തുന്ന തെളിനീരുറവകൾ, ചെറുവെള്ളച്ചാട്ടങ്ങൾ, കാട്ടരുവികൾ...

അവിചാരിതമായി, മറ്റൊരാൾക്ക് പകരക്കാരാനായാണ് അഗസ്ത്യാർകൂടം നടന്ന് കയറാനുള്ള വഴി തുറന്നത്. 

അഗസ്ത്യനെ തേടിയുള്ള യാത്ര മധുസൂദനൻ നായരുടെ 'രാമ രഘുരാമ' എന്ന് തുടങ്ങുന്ന അഗസ്ത്യഹൃദയം കവിതയിലൂടെ കുട്ടിക്കാലത്തെ അറിഞ്ഞതാണ്. മലകയറി അഗസ്ത്യനെ തേടിയുള്ള യാത്രയെ, അഗസ്ത്യനെ, ആ മലനിരയെ വരികളിലൂടെ കവി വരച്ചിട്ടത് അന്നേ മനസിൽ പതിഞ്ഞതാണ്.

സപ്തർഷികളിൽ പ്രമുഖനായ അഗസ്ത്യർ തപസിരുന്ന മലയിലേക്ക് പുണ്യം തേടിയും ഔഷധങ്ങൾ തേടിയും വരുന്നവർ നിരവധിയാണ്.

ഔഷധസസ്യങ്ങളുടെ ഉദ്യാനവുമാണ് അഗസ്ത്യാർമല. അപൂർവ്വങ്ങളായ ഔഷധസസ്യങ്ങളുടേയും ജീവജാലങ്ങളുടേയും വീട്.  

അതിരാവിലെ നഗരം ഉണരും മുമ്പേ ബോണക്കാട്ടിലേക്ക് യാത്രതിരിക്കുമ്പോൾ മനസിൽ നിറയെ വഴിയളന്ന്, വെയിലിന് മുന്നേ കാടും പുൽമൈതാനവുമെല്ലാം താണ്ടുന്നതായിരുന്നു.

ഒരു മനോഹരയാത്രയുടെ തുടക്കമെന്ന ചിന്തയും സന്തോഷവും മനസിൽ നിറഞ്ഞു.

വഴുവന്തോളിൽ നിന്ന് ഹെയർപിൻ വളവുകൾ ഒന്നൊന്നായി തിരിഞ്ഞും വളഞ്ഞും പുളഞ്ഞും ബോണക്കാടേക്ക് ചുരം കയറിയപ്പോൾ പുറത്ത് നനുത്ത കാറ്റ് വീശിക്കൊണ്ടിരുന്നു.

മുകളിലെത്തുമ്പോൾ താഴെ വളവുകൾ പിന്നിട്ട് ഇരച്ച്, കിതച്ച് കയറി വരുന്ന സർക്കാർ ബസ്.

അതിൽ നിറയെ നാരായ ബിന്ദുവിലെ അഗസ്ത്യനെ മാത്രം ധ്യാനിച്ചിരിക്കുന്നവർ...

ബോണക്കാട് എസ്റ്റേറ്റിന് സമീപത്തെ ചെറുകടയിൽ നിന്ന് പ്രാതൽ കഴിക്കുമ്പോൾ ബസ്സിൽ നിന്നിറങ്ങിയവർ നടന്നെത്തി.

ചെറുസംഘമായും ഒറ്റയ്ക്കുമെത്തിചേർന്നവർ പിന്നെ ഒറ്റ കൂട്ടമായി ഫോറസ്റ്റ് സ്റ്റേഷനിലേക്കുള്ള ആൾക്കൂട്ടത്തിൽ ലയിച്ചു.

അകാശം തെളിഞ്ഞതെങ്കിലും അതിശക്തമായ കാറ്റിൽ മരങ്ങൾ ചാഞ്ഞുലയുന്നത് തെല്ല് ആശങ്ക ഉയർത്തി.

ഇരുപത് പേരടങ്ങുന്ന ചെറുസംഘങ്ങളായാണ് മലമുകളിലേക്കുള്ള യാത്ര. ഓരോ സംഘത്തിനും ഓരോ ഗൈഡുകൾ.

തൊട്ടടുത്തെ സെറ്റിൽമെൻറ് കോളനിയിലെ ആദിവാസി വിഭാഗത്തിൽ നിന്നുള്ളവരാണ് ഗൈഡുകളായി ഒപ്പം ചേരുന്നത്.

രേഖകൾ പരിശോധിച്ച് നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി കടത്തിവിടുമ്പോൾ സമയം ഒമ്പതര കഴിഞ്ഞു.

കാട്ടിലേക്കുള്ള പാത, അഗസ്ത്യമലയിലേക്കുള്ള പാത ഇതാ മുന്നിൽ തുറന്നിരിക്കുന്നു.

ഇനി കാടിൻറെ വന്യതയിലേക്കാണ് വശ്യതയിലേക്കാണ് ഓരോ കാൽവെപ്പും.

തലയ്ക്ക് മീതെ പൊള്ളുന്ന വെയിൽ, ചുറ്റിലുമുള്ള മരശിഖരങ്ങളെ ശക്തമായി ഉലച്ച് വീശുന്ന ശക്തമായ കാറ്റ്... 

കിളികളുടെ ആരവം, ചീവീടിൻറെ കരച്ചിലുകൾ, ഇലകൾ ഇളകുന്ന ശബ്ദം...

കാടിൻറെ ഉള്ളിലേക്കുള്ള ഓരോ അടിയും ഹൃദയത്തോട് ചേർന്നുനിൽക്കുന്നവയാണ്.

കൈപിടിച്ച്, കഥകൾ പറഞ്ഞ്, കാടിലലിഞ്ഞ്, ഊന്നുവടിയൂന്നി കാട്ടുവഴിതാണ്ടുമ്പോൾ

വഴിയരികിൽ പാറകെട്ടിന് ഇടയിലൂടെ ഊർന്നൊഴുകിയെത്തുന്ന ഉറവകൾ..

ഓരോ രണ്ട് കിലോമീറ്റർ പിന്നീടുമ്പോഴും ഫോറസ്റ്റിൻറെ ചെറിയ റസ്റ്റിങ് സെൻററുകളും വാച്ച് ടവറുകളും കാണാം

രണ്ട് മീറ്ററോളം വീതിയിൽ ചുറ്റും ട്രഞ്ച് അടിച്ച് മരത്തിൻറെ കൊമ്പ് കൊണ്ടുമാത്രം സ്ഥാപിച്ച് നേരിയ പാലം മാത്രമാണ് അപ്പുറത്തേക്ക് കടക്കാനുള്ള മാർഗം.

ഇലകളിലും പൂക്കളിലുമെല്ലാം വിസ്മയങ്ങൾ ഒളിപ്പിച്ചുവെച്ചിട്ടുണ്ട് ഓരോ കാടും, ഒപ്പം അപകടവും. 

വിഷപാമ്പുകൾ, ആനയും കരടിയുമടക്കമുള്ള വന്യമൃഗങ്ങൾ,

കുത്തനെയുള്ള ചരിവുകളിൽ കാലൊന്ന് തെറ്റിയാൽ പിന്നെ തിരിച്ചുകയറാൻ വല്ലാതെ പണിപ്പെടേണ്ടിവരും

ഇടയിൽ പരപ്പാർന്നും ചിലയിടങ്ങളിൽ പാറകൾ നിറഞ്ഞ് ചെങ്കുത്തായ കയറ്റവും ഇറക്കവും.

താണ്ടിയുള്ള യാത്രയിൽ കണ്ണിന് കുളിർമയാണ് ഒരു കുഞ്ഞുപൊട്ടിൻറെ മുതൽ വലുപ്പമുള്ള വിവിധ വർണത്തിലുള്ള കാട്ടുപൂക്കൾ

കൂട്ടത്തിൽ ഒറ്റ ചെടികൊണ്ട് ഒരുവനം തന്നെ തീർത്ത പിങ്ക് പൂക്കൾ നിറഞ്ഞ കുറ്റിച്ചെടികൾ

അവ മഞ്ഞയും ചുവപ്പും പച്ചയും നിറത്തിലുള്ള ഒരു ചോലവനത്തിന് താഴെ കാഴ്ച്ചയുടെ മറ്റൊരു കാട് തീർക്കുന്നു.

ഇലകളിൽ പോലും കാഴ്ച്ചയുടെ വസന്തം തീർത്തവയാണ് ചോലവനങ്ങൾ

ശിശിരകാലത്തിൻറെ തിരുശേഷിപ്പായി ഇലപൊഴിഞ്ഞ് ശിഖരങ്ങൾ മാത്രമായി നിൽക്കുന്ന മരങ്ങൾ മറ്റൊരു വസന്തത്തിൻെറ വരവും കാത്തുള്ള നിൽപ്പാണ്.

യാത്രയിൽ ഒഴുക്കുവെള്ളത്തിൻറെ അരിക് പറ്റി നടക്കവെ ചറുതും വലുതുമായ വെള്ളച്ചാട്ടങ്ങൾ..

കടുത്ത വെയിലിലും പക്ഷെ എത്തിച്ചേരാനുള്ള ഇടത്തെ കുറിച്ചുള്ള ചിന്ത ക്ഷീണമെല്ലാം പമ്പകടത്തും

കാട്ടരുവിയുടെ തീരത്ത് ഒഴുകിയകലുന്ന ജലത്തിൽ കാൽ നാട്ടി അൽപം വിശ്രമം.

ഇനിയും അതിരുമലയിലെ ബേസ് ക്യാമ്പിലേക്ക് ദൂരം ഏറെയുണ്ട്.

ഇവിടെ,നാല് കിലോമീറ്റർ പിന്നിടുമ്പോൾ, ആദ്യത്തെ ഗൈഡിൻറെ ജോലി അവസാനിക്കുന്നു

ഞങ്ങളെ സുരക്ഷിതമായി ആദ്യഘട്ടം പൂർത്തിയാക്കി എത്തിച്ച ചാരിതാർത്ഥ്യത്തോടെ കവിൻ യാത്രപറഞ്ഞ് കവിൻ പാറപ്പുറത്ത് വിശ്രമിക്കാനിരുന്നു.

ഈ വിശ്രമം താൽക്കാലികം മാത്രമാണ്, മലയിറങ്ങുന്ന മറ്റൊരു സംഘത്തെ തിരികെ എത്തിക്കണം.


കുറച്ചുനേരം വിശ്രമിച്ചശേഷം വീണ്ടും മലകയറ്റമാരംഭിച്ചു

വെയിൽ കനക്കുംമുമ്പ് പുൽമൈതാനം കടക്കണം.

കത്തിനിൽക്കുന്ന സൂര്യന് കീഴിൽ ഏറ്റവും കഠിനവമാവുന്നതും ഈ ഭാഗമാണ്.

പിന്നെയും കാടിൻറെ ഭംഗി അസ്വദിച്ച്, കൂട്ടുകാരിയുമൊത്ത് ചിരിയും ചിന്തയും പങ്കുവെച്ച് നടത്തം തുടർന്നു.

ദൂരം പകുതി പിന്നിട്ടപ്പോൾ വീണ്ടും അരുവി.

അവിടെ യാത്രക്കാർ തണുത്ത, കാട്ടരുവിയിൽ ഇറങ്ങി ശരീരം തണുപ്പിക്കുന്നു

കയ്യിൽ കരുതിയ ഭക്ഷണം പങ്കിട്ട് കഴിച്ചു. അൽപനേരം പാറപുറത്ത് അരുവിയിലേക്ക് കാൽനീട്ടി വിശ്രമം.

തലയ്ക്ക് മേലെ ഇലപൊഴിഞ്ഞ മരശിഖരങ്ങൾക്കും മീതെ വേഗത്തിൽ പാഞ്ഞൊഴിയുന്ന മേഘപാടങ്ങൾ

വിരൽ തുമ്പിൽ സ്നേഹത്തിൻറെ ചൂട്, പാദത്തിൽ പ്രകൃതിയുടെ തണുപ്പ്....

നേരം രണ്ടരകഴിഞ്ഞു.

സൂര്യൻ കത്തിജ്വലിച്ച് തലയ്ക്ക് മീതെ തന്നെ.

ഇനി മൂന്ന് കിലോമീറ്ററോളം നടക്കേണ്ടത് പുൽമേടിലൂടെയാണ്.

മൊട്ടക്കുന്നിനുമേൽ പരന്ന് കിടക്കുന്ന തീറ്റപ്പുൽപോലെ അഗ്രം മൂർച്ചയേറിയ പുല്ലുകൾ.

അതിനിടെയിൽ അങ്ങിങ്ങായി പല്ലുകൊഴിഞ്ഞ മോണപോലത്തെ ശിഖരങ്ങൾ വിരിച്ച് മരങ്ങൾ.

പേരിന് പോലും തണലില്ലാത്ത പാതയാണ് മുന്നിൽ.

ഇത്രയും നേരം പിന്നിട്ടതിന് വിഭിന്നമായി ഇനി പാറക്കെട്ടുകളില്ല, മറിച്ച് ഇളകിയ മണ്ണും ചരലുംമാത്രം. 

ഫോറസ്റ്റിൻറ ക്യാമ്പിൽ കയറി ഭാണ്ഡക്കെട്ടിറക്കിവെച്ചു.

വെയിൽ ഒന്നുതാഴ്ന്നാകാം ബാക്കികയറ്റം.

അവിടെ അപ്പോൾ തന്നെ കുറച്ചുപേർ വെയിൽകായുന്നുണ്ട്.

പൊരിവെയിൽ ഒന്നു താഴ്ന്ന് ശേഷിക്കുന്ന യാത്രയ്ക്ക് മുമ്പായി കരുതിയ ബാക്കി ഭക്ഷണവും കഴിച്ചു.

മൊബൈൽ ഫോണുകൾക്ക് നെറ്റുവർക്കില്ലെന്നതിനാൽ തന്നെ കാടിൻറെ മിടിപ്പിനും വിരൽതുമ്പിലെ സ്നേഹത്തിനും മാത്രം സ്വയം സമർപ്പിച്ച മണിക്കൂറുകൾ...

വെയിൽ ഒന്നു ശമിച്ചപ്പോൾ പിന്നെയും കയറ്റം.

മൊട്ടക്കുന്നിന് മുകളിൽ സൂര്യൻ പൊള്ളിക്കുന്നു.

വല്ലപ്പോഴും വീശുന്ന കാറ്റ്പോലും ചൂടിന് ആശ്വാസം പകർന്നില്ല.

പുൽമേട് പിന്നിട്ട് വീണ്ടും കാടിൻറെ ഉള്ളിലേക്ക് 

താഴത്തെ ക്യമ്പിൽ വെച്ച് പരിചയപ്പെട്ട പ്രവീണും രഞ്ജിനിയും ആൻസിയും ആര്യനും കൂടെ ചേർന്നു.

വിശേഷങ്ങൾ പറഞ്ഞും പരസ്പരം അറിഞ്ഞും നടത്തം തുടർന്നു

ദുർഘടമായ കയറ്റമാണ് ഇനിയങ്ങോട്ട്.

ബേസ് ക്യാമ്പിലേക്കുള്ള യാത്രയ്ക്കിടെ ഏറ്റവും ദുർഘടം പിടിച്ച ഭാഗവും ഇതാണ്.

കാടിൻറെ ഉള്ളിലേയ്ക്ക് കടന്നപ്പോൾ മുന്നിൽ ആന പിണ്ഡം

അധികം പഴക്കമില്ല, ഏറിയാൽ ഒന്നോ രണ്ടോ ദിവസത്തെ പഴക്കം മാത്രം

കാടിൻറെ ചൂരിനൊപ്പം ആനയുടെ ചൂരിന് മൂക്ക് പരതി

ഇല്ലിമുളകളും അരുവികളും നിറയെയുള്ള ആ കാട്ടിനുള്ളിൽ മരങ്ങൾക്കിടയിൽ എവിടെയോ അവൻ/അവൾ ഒളിച്ചിരിപ്പുണ്ടാകാം.

വയനാട്ടിലെ കാടുകൾ കയറിയപ്പോൾ പലപ്പോഴും ആനയെ അധികദൂരത്തിലല്ലാതെ കണ്ടിട്ടുണ്ട്  

അശാന്തമായും ശാന്തമായും മസ്തകം കുലുക്കി നീൽക്കുന്ന ആനകളെ. 


നേരം നാലര മണി കഴിഞ്ഞിരിക്കുന്നു.

ഈ കാട് കടന്നാൽ അതിരുമലയിലെ ബേസ് ക്യാമ്പിലെത്തും.

കാടിൻറെ നിറം മാറിതുടങ്ങി.

അരിച്ചരിച്ചിറങ്ങുന്ന സൂര്യവെളിച്ചം താഴ്ന്നുതുടങ്ങി

കുത്തനെയുള്ള കയറ്റം പലരേയും ക്ഷീണിപ്പിച്ചു.

കയ്യിൽ കരുതിയ എനർജി ബാറുകളും ഡ്രൈഫ്രൂട്സുമെല്ലാം പകർന്ന ഊർജത്തിൽ ഏന്തി നടന്നു.

കയറ്റം കഴിഞ്ഞ് നിരപ്പായ ഒരിടത്ത് കാറ്റത്ത് വീണ മരത്തിനുമുകളിൽ പലരും വിശ്രമിക്കുന്നു.

പുതിയ യാത്രികരെ പരിചയപ്പെടാനുള്ള സമയം കൂടിയാണ് ഈ ചെറു ഇടവേളകൾ

അയൽവാസിയായ മുഖ്താദിറിനെയും പങ്കാളി രചനയേയും പരിചയപ്പെട്ടത്. അപ്പോഴാണ്. ഇവിടെനിന്ന് അവരും ഒപ്പം ചേർന്നു.

രണ്ട് പേരിൽ നിന്ന് എട്ടുപേരിലേക്ക് യാത്രാ സംഘം വളർന്നു.

യാത്രകളുടെ ഭംഗി ഇത്തരം പുതിയ പരിചയപ്പെടലുകൾ കൂടി ചേരുന്നതാണ്.

എട്ടു മണിക്കൂറോളം നീണ്ട നടത്തത്തിനൊടുവിൽ അഞ്ചരയോടെ ആദ്യദിവസത്തെ യാത്ര അവസാനിക്കുകയായി.

ആദ്യദിനം പിന്നിട്ടത് പതിനാല് കിലോമീറ്ററോളം.

ക്യാമ്പിലെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി നേരെ ക്യാൻറിനിലേക്ക്

ചൂടു ചുക്കുകാപ്പി - ഗോത്രവിഭാഗത്തിൻറെ സ്വന്തം രൂചികൂട്ടിൽ തയ്യാറാക്കിയ - കുടിച്ച് വിശ്രമം.

ഇനി കുളിക്കണം.

ക്യാമ്പിന് അധികം അകലെയല്ലാതെ ഒരു അരുവിയുണ്ട്.

അവിടെ പോയി ഒന്നുമുങ്ങി കുളിക്കാനുള്ള ഓട്ടമായി പിന്നെ.

ആറ് മണിവരെ മാത്രമാണ് ട്രഞ്ച് ചാടികടന്നുള്ള ആ അരുവിയിലേക്ക് പ്രവേശനം.

ഇരുട്ടായാൽ കരടിയിറങ്ങും, ചിലപ്പോൾ ആനയും.

നടന്നു വന്നശേഷം കാട്ടരുവിയുടെ തണുപ്പിൽ ഒന്നു മുങ്ങിനിവർന്നപ്പോൾ ക്ഷീണമെല്ലാം ക്ഷണനേരംകൊണ്ട് മാറി. 

പ്രകൃതിയുടെ മറ്റൊരു അത്ഭുതമാണത്.

ഇരുൾ പരന്നുതുടങ്ങിയപ്പോഴേക്കും കാറ്റിനും ശക്തി കൂടാൻ തുടങ്ങി, തണുപ്പും.

രാത്രിയിൽ കഞ്ഞിയും പപ്പടവും പയറുമാണ് ഭക്ഷണം.

ആദിവാസി സെറ്റിൽമെൻറ് കോളനിയിലുള്ളവരാണ് ഭക്ഷണമൊരുക്കുന്നത്.

താഴെ നിന്ന് തലചുമടായാണ് സാധനങ്ങൾ എത്തിക്കുന്നത്.

അത് സാധാരണയുള്ള വഴിക്ക് പകരം ആറര കിലോമീറ്റർ മാത്രം ദൂരമുള്ള അതീവ ദുർഘടമായ മറ്റൊരു വഴിയിലൂടെ.  

പത്ത് കിലോ സാധനം മുകളിലെത്തിക്കാൻ 950 രൂപയാണ് കൂലി.

അങ്ങനെ തലചുമടായി എത്തിച്ച കമ്പിയും ഇരുമ്പ് ഷീറ്റുമെല്ലാം ഉപയോഗിച്ചാണ് അതിരുമല ക്യാമ്പ് നിർമിച്ചത്.

രാവിലെ 7 മണിക്ക് തന്നെ പ്രാതൽ കഴിച്ച് മലകയറണം

ഉച്ചക്ക് 12 മണിവരെ മാത്രമേ മുകളിൽ പ്രവേശനം അനുവദിക്കു.

12 ന് എല്ലാവരേയും മുകളിൽ നിന്ന് താഴേക്കിറക്കും.

മുകളിലെ കാലാവസ്ഥ മോശമായതിനാൽ ഭൂരിഭാഗം പേർക്കും അന്ന് പാതിയിൽ യാത്ര അവസാനിപ്പിക്കേണ്ടി വന്നിരുന്നു.

നാളെ കാലത്തെ കാലാവസ്ഥ എന്താകുമെന്ന ആശങ്ക പരസ്പരം പങ്കിട്ടു.

ചുറ്റിലും കോടമഞ്ഞ് പുതപ്പ് തീർക്കുമ്പോൾ ഇരുമ്പ് ബെഞ്ചിൽ ഇരുന്ന് ഞങ്ങൾ സൌഹൃദത്തിൻറെ ചൂട് പങ്കിട്ടു.

ഒമ്പത് മണിക്ക് ക്യാമ്പിലെ വിളക്കണച്ചപ്പോൾ എല്ലാവരും ഡോർമെട്രികളിലേക്ക്.

രാത്രിയിൽ ഇടയ്ക്ക് പടക്കം പൊട്ടുന്ന ശബ്ദം കേൾക്കാം.  

കരടിയെ ഭയപ്പെടുത്തി തുരത്തുന്നതാണ്.  

രാത്രിയിൽ ശക്തമായി വീശിയ കാറ്റിൽ ഡോർമെട്രിയുടെ മേൽക്കൂര പല തവണ വലിയ ശബ്ദമുണ്ടാക്കി ഭയം വിതറി.

നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്ത് കൂടുക്കൂട്ടിയ മേഘങ്ങൾ കാറ്റിനൊപ്പം അപ്പോഴും അതിവേഗത്തിൽ മറഞ്ഞുകൊണ്ടേയിരുന്നു...

......

തീരുന്നില്ല,....

4 comments:

  1. എഴുത്തിനും,കാടിലൂടെ പോണതിന്റെ സുഖണ്ട് ❣️❣️❣️

    ReplyDelete