Thursday, 24 December 2020

അവളിപ്പോഴും ഐസിയുവിന് മുന്നിലിരുന്ന് കരയുകയാവണം....

സമീപ സംസ്ഥാനങ്ങളായ പഞ്ചാബിലും ഹരിയാനയിലുമെല്ലാം കര്‍ഷകര്‍ കൊയ്‌ത്തൊഴിഞ്ഞ പാടങ്ങളില്‍ കറ്റയ്ക്ക് തീയിട്ടതിന്റെ പുകയും ഇന്ദ്രപ്രസ്ഥത്തെ പൊതിഞ്ഞിരിക്കുന്ന ഓക്ടോബര്‍ മാസം. ഡല്‍ഹി പതിയെ തണപ്പിന്റെ മേലങ്കി അണിയാന്‍ തുടങ്ങിയിരിക്കുന്നു. രാത്രിയില്‍ വഴിതെറ്റിയെന്നപോലെ പെയ്ത മഴ അന്തരീക്ഷത്തിലെ പൊടിപടലങ്ങളെ ചെറുതായി ഒന്നു ഒതുക്കിയെങ്കിലും വിഷപുക ശ്വാസകോശങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. 

ടിവി ഓഫ് ചെയ്തു. അരിച്ചിറങ്ങുന്ന തണുപ്പില്‍ നിന്ന് രക്ഷതേടി മെല്ലെ പുതപ്പിനടിയിലേക്ക് ഒതുങ്ങി. മൊബൈല്‍ ഹെഡ്‌സെറ്റ് ചെവിയില്‍ തിരുകി. ഓഎന്‍വിയും മധുസൂദനന്‍ നായരും മുരുകന്‍ കാട്ടാക്കടയുമെല്ലാം കവിത ചൊല്ലുന്നു. ഉറക്കം ഇനിയും അകലെയാണ്. പതിവ് പോലെ നേരമേറും വരെ കവിത കേള്‍ക്കുക തന്നെ ശരണം. വാട്‌സ് അപ്പ് തുറന്നു എല്ലാവരുടേയും ഗുഡ് നൈറ്റ് മെസേജിന് മറുപടി പറഞ്ഞില്ലേ എന്ന് നോക്കി. ഇല്ല, ആര്‍ക്കും റിപ്ലൈ കൊടുക്കാന്‍ ഇനി ബാക്കിയില്ല. ചില ഗ്രൂപ്പുകളില്‍ എന്തോക്കെയോ ആരെല്ലാമോ പറയുന്നു. ചിലത് ചൊറിയല്‍ മാത്രമാണ്. ഒട്ടും താല്‍പര്യമില്ലാത്ത വിഷയങ്ങള്‍. രാത്രിയില്‍ മദ്യപിച്ച് കഴിഞ്ഞാല്‍ ചിലര്‍ അങ്ങനെയാണ്. വെറുതെ ആരെയെങ്കിലും തെറിപറഞ്ഞ് ചൊറിഞ്ഞുകൊണ്ടേയിരിക്കും. വാട്‌സ് അപ്പ് അടച്ച് മൊബൈല്‍ മാറ്റി വെച്ചു.

ഡല്‍ഹിയിലെത്തിയിട്ട് 6 മാസങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഡല്‍ഹിയുടെ ചൂടും ചൂരും ഇപ്പോള്‍ തണുപ്പും അടുത്തറിയുന്നു. നിരത്തില്‍, മെട്രോയുടെ താഴെ ഈ തണുപ്പത്തും ആയിരങ്ങള്‍ ഉണ്ട്. ചവറും കമ്പുമെല്ലാം കൂട്ടിയിട്ടിച്ച് തണുപ്പകറ്റാന്‍ ശ്രമിക്കുന്നവര്‍. സെക്കിള്‍ റിക്ഷയില്‍ ചുരുണ്ട് കിടന്ന് ഉറങ്ങുന്നവര്‍. പലയിടത്ത് നിന്നായി ജീവിക്കാന്‍ എത്തിയവര്‍.  രാജ്യതലസ്ഥാനവും കേരളത്തിലെ ഒരു നഗരവും തമ്മിലെന്താണ് വ്യത്യാസം. എല്ലായിടത്തും ജീവിക്കാനായി മറ്റിടങ്ങളില്‍ നിന്ന് ഒഴുകിയെത്തുന്നവരെകൊണ്ട് നിറയുന്നു. പക്ഷെ കേരളത്തില്‍ ഇങ്ങനെ നിരത്തിലുറങ്ങുന്നവര്‍ വളരെ കുറവാണ്, ഒരുപക്ഷെ ഇല്ലെന്നതാണ് വ്യത്യാസം. മറ്റ് നഗരങ്ങളില്‍ എങ്ങനെയായിരിക്കും മറ്റ് രാജ്യ തലസ്ഥാനങ്ങള്‍ ഇതുപോലെയായിരിക്കുമോ... ചിന്തകളില്‍ ഡല്‍ഹിയും കേരളവുമെല്ലാം നിറയുന്നത് ഈ രാത്രിയുടെ മാത്രം പ്രത്യേകതയല്ല. വന്നിറങ്ങിയ നാള്‍ മുതല്‍ അതങ്ങനെയാണ്. മറ്റൊന്നും ചിന്തിക്കാനോ പറയാനോ ഇല്ലെന്നതിലാകാണം.

 ചിന്തകളുടെ നൂല് പൊട്ടിച്ചാണ് ആ ഫോണ്‍ വിളിയെത്തിയത്. കേരളത്തിലെ വടക്കേയറ്റത്ത് നിന്ന്. വിളികളും സന്ദേശങ്ങളുമെല്ലാ അപൂര്‍വ്വം മാത്രമായ ആ നമ്പറില്‍ നിന്ന് ഈ നേരത്ത് എന്താണ് ഒരു കോള്‍ എന്ന് ചിന്തിച്ചു.
 'എന്താണ് പതിവില്ലാതെ ഒരു വിളി.' 
'വിളിക്കണം എന്ന് തോന്നി. എന്തേ വിളിക്കാന്‍ പാടില്ലേ.' പതിവ് മറുപടി. 
പക്ഷെ മുമ്പത്തെ പോലെയല്ല, ശബ്ദത്തിന് അല്‍പം ഇടര്‍ച്ചപോലെ. 
 'എന്ത് പറ്റി. ശബ്ദം വല്ലാതെയുണ്ടല്ലോ.'
 'ആശുപത്രിയിലാ. അച്ചന് പെട്ടെന്ന് വയ്യാതായി. ഐ സി യുവിലാണ്. അത് പറയാന്‍ വിളിച്ചതാ.' 
 അച്ചനെ കുറിച്ചായി പിന്നെ സംസാരം. അച്ചനെ കുറിച്ച് പറയുമ്പോള്‍ അവള്‍ക്ക് നൂറു നാവാണ്. ആവേശം കയറും. എന്നും അച്ചന്റെ ഉമ്മ കിട്ടാതെ, അച്ചന്‍ ഊണ് വാരിക്കൊടുക്കാതെ അവളുറങ്ങാറില്ല. എപ്പോഴും അതിനവളെ കളിയാക്കാറുണ്ട്. കുറേ നേരം സംസാരിച്ചു. എപ്പോഴത്തേയും പോലെ സിനിമയെ കുറിച്ചോ പുസ്തകങ്ങളെ കുറിച്ചോ ഒന്നും പറഞ്ഞില്ല. അച്ചന്‍ മാത്രമായിരുന്നു വിഷയം.
 'നാളെ കുട്ടിക്ക് ഓഫീസ് പോകണ്ടേ...പോയി കിടന്ന് ഉറങ്ങിക്കോ'യെന്ന് പറഞ്ഞ് അവള്‍തന്നെ ഫോണ്‍ കട്ട് ചെയ്തു. സാരമില്ലെന്ന് പറഞ്ഞെങ്കിലും അവള്‍ കൂട്ടാക്കിയില്ല. അല്ലെങ്കില്‍ രാവ് പുലരുവേളം മൂളിക്കൊണ്ട്, ഒന്നും തിരിച്ച് പറയാതെ ഒരു കള്‍വിക്കാരനായി ഞാന്‍ ഇരിക്കുമെന്ന് അവള്‍ക്ക് തോന്നിക്കാണണം. 
google image

പിന്നെയും കുറേ നേരം ഉറങ്ങാതെ അവളെ കുറിച്ചും അച്ചനെകുറിച്ചുമെല്ലാം ഓര്‍ത്തു. അച്ചനും മകളും തമ്മിലുള്ള സ്‌നേഹബന്ധമെന്നത് എത്രമാത്രം അന്‍പാര്‍ന്നതാണെന്ന്, ഏത് സ്‌നേഹബന്ധത്തേക്കാളും വലുതാണ് അതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അവളെ ആശ്വസിപ്പിക്കാന്‍ എന്തൊക്കെയോ മെസേജ് അയച്ചു. പിന്നെ എപ്പോഴോ ഉറങ്ങി. 
 രാവിലെ ഉണര്‍ന്നപ്പോള്‍ തന്നെ അവള്‍ക്ക് മെസേജ് അയച്ചു. അച്ചന് വലിയ മാറ്റമൊന്നുമില്ല. ഇടക്ക് വിളിക്കാമെന്ന് പറഞ്ഞ് വേഗത്തില്‍ റെഡിയായി ഓഫീസിലേക്ക്. ഇടയ്ക്കിടയ്ക്ക് മെസേജ് അയച്ചു രോഗവിവരം അന്വേഷിച്ചുകൊണ്ടേയിരുന്നു. 
പതിവുപോലെ രാത്രിയേറെ വൈകിയാണ് ഓഫീസില്‍ നിന്നിറങ്ങിയത്. നേരത്തെയിറങ്ങിയിട്ട് പ്രത്യേകിച്ച് ഒന്നും തന്നെ ചെയ്യാനില്ല. അതിനാല്‍ തന്നെ ദിവസത്തിലെ ഭൂരിഭാഗം മണിക്കൂറും ഓഫീസിനത്ത് തന്നെയാണ്. വീട്ടിലെത്തി ദോശയുണ്ടാക്കി കഴിച്ചശേഷം അവള്‍ക്ക് മെസേജ് അയച്ചു. കുറവില്ലെന്ന ഒറ്റവരി സന്ദേശം. 
കഴിച്ചശേഷം മുമ്പ് പകുതി വായിച്ച് നിര്‍ത്തിയ പുസ്തകമെടുത്തു. കര്‍ഫ്യൂഡ് നൈറ്റ് എന്ന കശ്മീരിനെ കുറിച്ചുള്ള പുസ്തകം. കശ്മീരിലെ സുഹൃത്ത് ഫിര്‍ദൗസ് ഹസനാണ് ഈ പുസ്തകം നിര്‍ദേശിച്ചത്. കശ്മീരിലെ സാധാരണക്കാരന്റെ ജീവിതമെന്താണെന്ന്, സര്‍ക്കാരുകള്‍ എങ്ങനെ അവരെ നേരിടുന്നുവെന്നതിന്റെ നേര്‍ചിത്രമാണ് പുസ്തകം വിവരിക്കുന്നത്. പെട്ടെന്നാണ് ഫോണ്‍ ചിലച്ചത്. അവളാണ്. 
 'എന്നോട് എന്തെങ്കിലും പറഞ്ഞോണ്ടിരിക്കാമോ ....' കരഞ്ഞുകൊണ്ടാണ് ഇത്തവണ അവളുടെ ഒറ്റചോദ്യം. 
ആദ്യം അമ്പരന്നു. ഇനി അച്ചനെന്തെങ്കിലും... മനസില്‍ എക്‌സ്‌പെക്റ്റ് ദ അണ്‍ എക്‌സപ്ക്റ്റഡ് എന്ന് പറഞ്ഞു മെല്ലെ ചോദിച്ചു. 
'എന്തുപറ്റിയെഡാ..' 
കരച്ചിലായിരുന്നു മറുപടി. 
'അച്ചന്‍ ക്രിട്ടിക്കലാണ്. ഏത് നിമിഷവും അത് സംഭവിക്കും...' 
അവള്‍ ഐസിയുവിന് പുറത്തിരുന്നാണ് വിളിക്കുന്നത്. 
 'അച്ചന്‍ പോകുന്ന സമയത്ത് എനിക്ക് ആ ചിന്തമാറ്റാന്‍ വേറെ വഴിയില്ല. വേറെ ആരെയും വിളിക്കാനും തോന്നിയില്ല....' 
എന്ത് പറയണമെന്നറിയാതെ തരിച്ചിരുന്നു. അവളെ ആശ്വസിപ്പിക്കാന്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. അവളൊന്നിനോടും പ്രതികരിച്ചില്ല. അവളുടെ കരച്ചില്‍ മാത്രം കേള്‍ക്കാം. ചേച്ചിയെ കുറിച്ചും അമ്മയെ കുറിച്ചുമെല്ലാമുള്ള ചോദ്യത്തിനും കരച്ചില് മാത്രമായിരുന്നു മറുപടി... കുറച്ചുനേരം വ്യര്‍ത്ഥമായി എന്തെല്ലാമോ പറഞ്ഞു. 
 പത്ത് മിനുട്ട് പോലും തികച്ചില്ല... 
അവ്യക്തമായി ആരോ വന്ന് എന്തോ പറയുന്നത് കേട്ടു. 
നേഴ്‌സായിരുന്നു. എല്ലാം കഴിഞ്ഞു... 
'പോയി....' അതുംപറഞ്ഞ് അവള്‍ പൊട്ടികരഞ്ഞു. 
എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ ഞാനുമിരുന്നു. 
ബാക്കി കാര്യങ്ങള്‍ നോക്കട്ടെയെന്ന് പറഞ്ഞ് കുറച്ചുകഴിഞ്ഞ് കോള്‍ അവള്‍ തന്നെ കട്ട് ചെയ്തു. 
പിന്നെയും മണിക്കൂറുകള്‍ ഭിത്തിയില്‍ ചാരി ഞാനിരുന്നു. തേങ്ങിതേങ്ങിയുള്ള അവളുടെ കരച്ചിലപ്പോഴും കാതില്‍ നിറഞ്ഞുകൊണ്ടേയിരുന്നു. 

വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇപ്പോഴും ഇടയ്ക്കിടയ്ക്ക് അച്ചനെ കുറിച്ച് അവള്‍ പറയും. അച്ചനോട് മടങ്ങിവരാന്‍ പറഞ്ഞ്  സ്റ്റാറ്റസ് ഇടും. അച്ചന് പകരം ഇപ്പോള്‍ അമ്മ ചോറ് വാരി നല്‍കും. അപ്പോഴും അച്ചന്‍ വാരിതന്നിരുന്നെങ്കിലെന്നവള്‍ സങ്കടപ്പെടും... 

വേദനകളുടെ പലരാത്രികളിലൂടെ കടന്ന് പോയിട്ടുണ്ടെങ്കിലും ആ രാത്രി പോലൊന്ന് പിന്നെയുണ്ടായിട്ടില്ല. പലപ്പോഴും തോന്നാറുണ്ട്, ആ രാത്രി അവസാനിച്ചിട്ടില്ലെന്ന്, അവളിപ്പോഴും ആ ഐസിയുവിന് മുന്നിലെ സ്റ്റീല്‍ കസേരയിലിരുന്ന്  കരഞ്ഞുകൊണ്ടേയിരിക്കയാണെന്ന്....

(241220)