Friday, 14 June 2019

Solitude

കണ്ണുകളിൽ ഉറക്കം കനംതൂങ്ങി നിന്നിട്ടും ഉറങ്ങാനാവാതെ മാസങ്ങൾ. വേദനയും ഉത്കണ്ഠയും ഒറ്റപ്പെടലുമെല്ലാം ഒരുപോലെ ഞെരിക്കുമ്പോൾ എങ്ങനെ സ്വസ്ഥമായിരിക്കാനാവും?
അസഹനീയമായ വേദനയുമായി നടന്ന ഒരു വർഷം, കഷായവും ഗുളികയും തൈലവും ഉഴിച്ചിലും പിഴിച്ചിലുമെല്ലാമായി പിന്നെയും ഒരു വർഷത്തോളം. ഇരിക്കാനും നടക്കാനും കിടക്കാനും കഴിയാതെ പോയ വർഷങ്ങൾ.
ഒരിക്കലും പ്രതീക്ഷിച്ചതല്ല.

ഒറ്റപ്പെടൽ എന്നത് അതിന്റെ പൂർണ അർത്ഥത്തിൽ തിരിച്ചറിഞ്ഞ കാലമാണ് കടന്നു പോകുന്നത്.  ആരൊടെങ്കിലും ഒന്നു സംസാരിക്കാനായി ഫോണിലെ കോണ്ടാക്റ്റ് ലിസ്റ്റ് തപ്പിയിരുന്ന നിരവധി ദിവസങ്ങളുണ്ട്. വാട്സ് അപ്പിലെ ഗ്രൂപ്പുകളിലും സുഹൃത്തുക്കൾക്കും ഹായ് അയച്ച് നോക്കിയിരുന്നിട്ടുണ്ട്. ആരെങ്കിലും ഒന്ന് തിരിച്ച് ഹായ് പറഞ്ഞിരുന്നെങ്കിലെന്നാഗ്രഹിച്ച്. പക്ഷെ സന്ദേശങ്ങൾക്കുപോലും പലപ്പോഴും മറുപടി ഇല്ലാതായി.

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പലതും മനസിലാക്കി, പലരേയും ശരിക്കും അടുത്തറിഞ്ഞു. ബന്ധങ്ങൾ എന്നതും സൗഹൃദം എന്നതും എന്താണെന്നും എന്തായിരുന്നുവെന്നും അനുഭവിച്ചറിഞ്ഞു. ഒപ്പം ഉണ്ടാകുമെന്ന് വിശ്വസിച്ച
വലിയ അടുപ്പക്കാർ പലരും മെല്ലെ നടന്നകന്നു. വർഷങ്ങളുടെ പഴക്കമുള്ള സൗഹൃദങ്ങളും പഴങ്കഥയായി. ഔപചാരിതയ്ക്ക് പോലും എങ്ങനെയുണ്ട് എന്നന്വേഷിക്കാൻ പലരും മറന്നു പോയി. തിരക്കായിരിക്കാം.

ഒഴിഞ്ഞു നിന്നവരേക്കാൾ അവസരം മുതലെടുത്ത ചിലരും ഉണ്ടായിരുന്നു.  മുന്നിൽ ചിരിച്ച് കാട്ടി പിന്നിൽ നിന്ന് കുത്തിയ നാരദൻമാർ. ഒരാൾ വീഴുമ്പോഴാണല്ലോ ചവിട്ടാൻ സുഖം. കഥകളും കുത്തിതിരിപ്പുകളും കൊണ്ട് പകർന്നാടിയ കുറേ കത്തിവേഷങ്ങൾ.

അപ്പോഴും ചിലരുണ്ടായി. കൈവിരലിലെണ്ണി പേര് പറയാവുന്ന അത്രയും ചിലർ. ഒന്നും പ്രതീക്ഷിക്കാതെ ഒപ്പം നടക്കാനും താങ്ങി നിർത്താനും ചേർത്തു പിടിക്കാനും. ഫ്രസ്ട്രേഷൻ മുഴുവൻ അവരുടെ നേരെ തീർത്തിട്ടും മുറുക്കെ പിടിച്ചവർ.
അവരാണിപ്പോഴത്തെ ഊർജ്ജം.

പഴയതുപോലെ തന്നെ തിരിച്ചെത്തുമെന്ന് പറയാനാവില്ല. പക്ഷെ ശ്രമിച്ചു കൊണ്ടേയിരിക്കും. വെറുതെ അങ്ങനെ കീഴടങ്ങനാവില്ലാലോ.

(130619)

Wednesday, 12 June 2019

Are you with them?


ലണ്ടനിൽ നിന്നുള്ള ഈ ചിത്രം ഈയിടെ ഫെയ്സ് ബുക്കിൽ കണാനിടയായി. പാലത്തിനു മുകളിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ പിന്തിരിപ്പിച്ച് ചേർത്ത് പിടിക്കുന്ന കുറേ മനുഷ്യരുടെ ചിത്രം. നന്മ മരിച്ചിട്ടില്ലെന്നോ മറ്റോ ആയിരുന്നു ആ ചിത്രത്തിന് അടികുറുപ്പ് നൽകിയിരുന്നത്.
എന്തുകൊണ്ടാണ് ഒരാൾ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു പോകുന്നത് എന്ന് ഈ ചിത്രം കണ്ടപ്പോൾ വീണ്ടും ആലോചിച്ചു. ആത്മഹത്യ ചെയ്യുന്നവർ, ചെയ്യാൻ ശ്രമിക്കുന്നവർ ഭീരുക്കളാണ് എന്ന പതിവ് ക്ലീഷേ വാദവും ഓർത്തു. സത്യത്തിൽ ആത്മഹത്യയിൽ അഭയം പ്രാപിക്കുന്നവൻ ഭീരുവൊന്നുമല്ല. അസാമാന്യ ധൈര്യശാലി തന്നെയാണ്. രണ്ട് വൈരുധ്യമേറിയ, പ്രലോഭനങ്ങൾ നിറഞ്ഞ പ്രഭാതത്തിനു നടുവിലാണ് ആ നിമിഷം അവനപ്പോൾ. ആത്മഹത്യ ചെയ്താൽ തീരുന്ന ദുരിതം, ചെയ്യാതിരുന്നാൽ തുടരുന്ന ജീവിതം. ഒരു പക്ഷെ നിറമുള്ളതാവാം ആ ജീവിതം, അല്ലെങ്കിൽ പഴയതുപോലെ ദുരിത പൂർണം. ഒരു ചൂതാട്ടമാണ് അവന് ആ നിമിഷം. ആ നിമിഷത്തെ അതിജീവിക്കൽ - രണ്ട് തരത്തിലും - വലിയ കടമ്പയാണ്. മരിക്കാനായാലും ജീവിക്കാനായാലും
'തെറ്റായ' ചിന്തയുടെ ആ നിമിഷത്തെ സമ്മർദ്ദത്തെ അവൻ അതിജീവിക്കുന്നില്ലെ.
എന്തിനേയും അതിജീവിക്കുന്നവർ കരുത്തരെന്നല്ലേ. അപ്പോൾ അവനെങ്ങനെ ഭീരുവാകും?
ഇനി മരണശേഷം അവനെ ഭീരുമെന്ന് വിളിക്കുന്നവർ ജീവിച്ചിരിക്കുമ്പോൾ അവനെ ധീരനാക്കാൻ, കൈ പിടിച്ച് ഒപ്പമുണ്ടെന്ന് പറയാൻ ശ്രമിച്ചിട്ടുണ്ടാക്കുമോ? ഉണ്ടായിരിക്കണമെന്നില്ല. പല കാരണങ്ങളാൽ അവർക്കതിന് സാധിച്ചിരിക്കില്ല.

ആത്മഹത്യ ചെയ്ത കുറേ അടുത്ത സുഹൃത്തുക്കളുണ്ട്, ആത്മഹത്യ ചെയ്യാൻ ശ്രമിച്ച് ഒന്നിലേറെ തവണ പരാജയപ്പെട്ട സുഹൃത്തുക്കളുമുണ്ട്.
ഇവരിൽ പലരേയും കുറിച്ച് കൂട്ടുകാർ പറയുന്നത് കേട്ടിട്ടുണ്ട്, അവനൊന്നും പറഞ്ഞില്ല, ഉള്ളിൽ കൊണ്ടുനടന്നു എന്നൊക്കെ. പലപ്പോഴും തെളിഞ്ഞും മറഞ്ഞുമെല്ലാം ഇവരെല്ലാം പറയുന്നുണ്ട്. മനസിലാക്കാൻ ശ്രമിക്കാത്തത്, മനസിലായാലും ഇല്ലെന്ന് നടിക്കുന്നത് ഒപ്പമുള്ളവർ തന്നെയാണ്. ചിരിച്ചും അർമാദിച്ചും നടന്നല്ല ഇവരാരും കയറിൻകുരിക്കിലും ഗുളികയുടെ കയ്പിലുമെല്ലാം ജീവൻ സമർപ്പിച്ച് മടങ്ങിയത്. വിഷാദത്തിന്റെ, ഒറ്റപ്പെടലിന്റെ, അവഗണനയുടെയെല്ലാം കയത്തിൽ മുങ്ങി താഴ്ന്നാണ്.

വിഷാദരോഗികളുടെ എണ്ണം പെരുകുന്നുവെന്നാണ് പഠനങ്ങൾ. പല കാരണങ്ങളാലാണ് പലരും വിഷാദരോഗികൾ ആകുന്നത്. കുട്ടിക്കാലം മുതൽ അനുഭവിക്കുന്ന ഒറ്റപ്പെടൽ, ഒന്നും ആയി തിരുന്നില്ലെന്ന തോന്നൽ, അവഗണന, അപകർഷതബോധം, താൻ ചേർത്തു പിടിക്കുന്നവർ തന്നെ ചേർത്ത് പിടിക്കുന്നില്ല എന്ന ഭയം, സമൂഹം അടിച്ചേൽപ്പിക്കുന്ന സമ്മർദ്ദം, കളിയാക്കൽ,...അങ്ങനെ പലതും ആകാം കാരണം. ചെറിയ ചെറിയ മൂഡ് സ്വിങ്ങുകളിൽ തുടങ്ങി ഇത് വലിയ വിഷാദത്തിലേക്ക് വ്യക്തിയെ കൊണ്ടെത്തിക്കും.
ഇവിടെ ഇവരെ എത്ര പേർക്ക് തിരിച്ചറിയാനാവുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും ഇവരുടെ അതിജീവനം. തിരിച്ചറിയാതെ പോയാൽ, അവരെ അവഗണിച്ചു പോയാൽ അതിജീവനം എന്നത് അവർക്ക് സാധ്യമല്ലാതായി തീരും. നമുക്കൊന്നും സംഭവിക്കില്ലായിരിക്കാം, ഒരു ഫെയ്സ് ബുക്ക് പോസ്റ്റ്, വാട്സപ്പ് സ്റ്റാറ്റസ്, ഡി.പി. അത്രയേ ഉണ്ടാകമായിരിക്കു. പക്ഷെ അവർക്കത് അങ്ങനെയല്ലാലോ. കാണേണ്ട നിരവധി പ്രഭാതങ്ങൾ, നമുക്കൊപ്പമുള്ള ആഘോഷങ്ങൾ അങ്ങനെ പലതും അവർക്ക് അന്യമാക്കുന്നില്ലെ?

അൽഷിമേഷ്സ് രോഗം പോലെയാണ് വിഷാദ രോഗത്തിനുമുള്ള ചികിത്സയെന്ന് തോന്നിയിട്ടുണ്ട്. രോഗിക്ക് മാത്രമല്ല, കൂടെയുള്ളവർക്കും വേണം ചികിത്സ. ഒരിടത്ത് ഓർമകളാണ് അയാൾക്ക് നഷ്ടമാവുന്നതെങ്കിൽ മറ്റൊരിടത്ത് സ്വന്തം ചിന്തയുടെ നിയന്ത്രണങ്ങളാണ് നഷ്ടമാവുന്നത്.
കൂടെയിരിക്കുക, അവരെ കേൾക്കുക. കൈവിടാതിരിക്കുക.