പഹാഡ് ഗഞ്ചിലെ റെക്സ് ഹോട്ടലിലാണ് താൽക്കാലിക
താമസം. ആർ കെ ആശ്രമം മെട്രോ സ്റ്റേഷനുസമീപത്ത്. ഹോട്ടലിന് നേരെ മുന്നിൽ ഒരു
ബാറാണ്. ഗ്രീൻ ചില്ലീസ്. കളർ ഗ്ലാസുകളും ലൈറ്റുകളും കൊണ്ട് അലങ്കരിച്ച ഒരു ലൈവ്
മ്യൂസിക്ക് ബാർ. എൻറെ 115 ആം നമ്പർ മുറിയും ബാറിന് നേരെ മുന്നിലാണ്. രാത്രിയിൽ
ബാറിൽ നിന്നുള്ള പഞ്ചാബി സംഗീതവും വെസ്റ്റേൺ മ്യൂസിക്കും കേൾക്കാം. ഡാൻസ് ഫ്ലോറും
ഉണ്ടെന്ന് തോന്നുന്നു. സർദാർജിമാരാണ് ഏറെയും ആ ബാറിലെ കസ്റ്റമേഴ്സ്
എന്നുതോന്നുന്നു. ബാറിലെ സംഗീതവും ബഹളവുമെല്ലാം കേട്ടപ്പോൾ ഡിഫൻസ് കോഴ്സ് കാലത്തെ
ആർമിയുടെ ഡിജെ പാർട്ടികളും ആട്ടവും മനസിലേക്ക് ഓടിവന്നു. സിലിഗുരിയിലും സിക്കീമിലുമെല്ലാം
എത്രയെത്ര ബറാഖാനകൾ... ഏറെ വൈകിയും പാട്ടിനൊപ്പം ആടിതിമിർത്ത രാത്രികൾ...ആഘോഷങ്ങൾ...
രാത്രിയിൽ ഭക്ഷണം കഴിക്കാനായി വേണമെങ്കിൽ കേരള
ഹോട്ടൽ അടുത്ത് തന്നെ ഉണ്ടെന്ന് പറഞ്ഞുതന്നത് ഹോട്ടലിലെ മാനേജരായ രഞ്ജിത്താണ്.
എറണാകുളം കാക്കനാട് സ്വദേശിയാണ് രഞ്ജിത്ത്. വർഷങ്ങളായി ഡൽഹിയിൽ ഹോട്ടൽ നടത്തുന്നു.
പഹാഡ് ഗഞ്ചിലെ മാർക്കറ്റിലൂടെ 10 മിനുട്ട്
നടക്കണം കേരള ഹോട്ടലിലെത്താൻ. തിരക്കേറിയ മാർക്കറ്റ്. റോഡിന് വീതിയുണ്ടെങ്കിലും
സർക്കാസുകാരൻറെ മെയ് വഴക്കമുണ്ടെങ്കിലേ നടക്കാൻ പറ്റു. റോഡിൽ നിറയെ
കച്ചവടക്കാരാണ്. അതിനിടയിലൂടെ ലക്കും ലഗാനുമില്ലാതെ ഓടികൊണ്ടേയിരിക്കുന്ന
വാഹനങ്ങളും സൈക്കിൾ റിക്ഷകളും വേറെ. ഉന്തുവണ്ടിയിലും ചെറിയ കടകളിലും മാത്രമല്ല
റോഡിൽ തുണിവിരിച്ചും മറ്റും കച്ചവടം നടത്തുന്നവരും നിരവധി. പക്ഷെ ഒരു
വ്യത്യാസമുണ്ട്. വേണമെങ്കിൽ വാങ്ങിയാൽ മതി. നമ്മുടെ നാട്ടിലെ പോലെ
വിളിച്ചുപറയലൊന്നുമില്ല. പഴക്കച്ചവടക്കാരും പലഹാരകച്ചവടക്കാരും അടുക്കളയിലേക്ക്
വേണ്ട ചെറിയ ചെറിയ വസ്തുക്കളുടെ വിൽപ്പനക്കാരുമെല്ലാമുണ്ട്. മിക്കയിടത്തും ലൈവ്
ജിലേബി നിർമാതാക്കൾ. വാങ്ങാനെത്തുന്നവരും നിരവധി. പഹാഡ് ഗഞ്ചിലെ ഈ മാർക്കറ്റിൽ
ലെതർ ബാഗുകളുടെ കട ധാരാളമുണ്ട്. വിദേശികളും സ്വദേശികളുമടക്കം നിരവധി പേർ ബസാറിലൂടെ
എന്തൊക്കെയോ തിരക്കി നടക്കുന്നു.
വഴിയിൽ മദൻ എന്ന കോഫി ഷോപ്പിന് മുന്നിൽ
വലിയതിരക്ക്. വിദേശികളാണ് ഭൂരിഭാഗവും. കോഫിയും കബാബുമായി അവർ വഴിയരികിലെ
ബെഞ്ചിലിരിക്കുന്നു. ദേഹം മുഴുവൻ റ്റാറ്റു പതിച്ച് ഹിപ്പികളെ പോലെ ജഢകയറിയ മുടിയും
വസ്ത്രധാരണവുമായി നിരവധി പേർ. വിരലുകൾക്കിടയിൽ പുകയുന്ന സിഗരറ്റും കയ്യിൽ കോഫി
മഗ്ഗും. പുറമേ നിന്ന് നോക്കുമ്പോൾ തന്നെ അത്രകണ്ട് വൃത്തി തോന്നാത്ത ഈ കടയിലേക്ക്
വിദേശികളെ ആകർഷിക്കുന്നതെന്താകും ? പുറത്ത് കിടക്കുന്ന രണ്ട് ടേബിളിലും ആളുകളുണ്ട്.
പോരാത്തതിന് സീറ്റൊഴിയുന്നതും കാത്ത് നിൽക്കുന്ന വേറെയും ചിലർ.എന്തായാലും അവിടുത്ത
കോഫി ഒരിക്കൽ ടേസ്റ്റ് ചെയ്യണം.
റോഡരികിലെ ചാട്ട് സെൻററിലെത്തിയ ഭക്ഷണപ്രേമികളോട്
എന്തോ തമാശയും പറഞ്ഞിരിക്കുകയാണ് സർദ്ദാർജി. വേറെ ആരും പാനിപൂരിയും ഗോലിഗപ്പയുമെല്ലാം
കഴിക്കാനെത്തിയിട്ടില്ല. അതിൻറെ ആശങ്കയൊന്നുമില്ലാതെ തമാശയും പറഞ്ഞ് ആസ്വദിച്ച്
ചിരിക്കുകയാണ് സർദാർജി. തൊട്ടപ്പുറത്തെ പഴകച്ചവടക്കാരനും വലിയ
ഭാവമാറ്റമൊന്നുമില്ല. ചിലരാകട്ടെ കടകൾ മെല്ലെ അടച്ചുതുടങ്ങി.
കാഴ്ച്ചകളും കണ്ട് പക്ഷെ മതിമറന്ന് നടക്കാൻ
പറ്റില്ല. എപ്പോഴും ഒരു പിടിച്ചുപറിക്കാരനെ ഡൽഹിയിലെ നിരത്തുകളിൽ കരുതിയിരിക്കണം. മൊബൈലോ
വിലപ്പെട്ട മറ്റെന്തെങ്കിലുമോ അപഹരിക്കാനായി എപ്പോൾ വേണമെങ്കിലും അവർ എത്താം.
അതിനാൽ തന്നെ വലിയ കരുതലോടെയാണ് കാഴ്ച്ചകൾ ആസ്വദിക്കുന്നതും നടക്കുന്നതും.
പോരാത്തതിന് ഭാഷയും വലിയ വശമില്ല.
കേരള ഹോട്ടലിലെത്തി ചപ്പാത്തിയും മീൻകറിയും
കഴിച്ചു. പേരിൽ മാത്രമാണ് കേരളമുള്ളത്. ഹോട്ടൽ നടത്തുന്നത് തമിഴ്നാട്ടുകാരാണ്. ഭക്ഷത്തിൻറെ
രൂചിയും തനി തമിഴ് രുചി കലർത്തിയ ഉത്തരേന്ത്യനും.
സർദാർജിയുടെ ചാട്ട് സെൻററിൽ ഇപ്പോൾ തിരക്ക് ആയിതുടങ്ങി.
ഇടറോഡുകളിലെ ബാറുകളിലേക്ക് ആളുകളെത്തുന്നു. മിക്കതിലും ലൈവ് മ്യൂസിക്കമുണ്ട്.
ഡാൻസ് ബാറുകളാണെന്ന് തോന്നുന്നു. പിന്നെ ഹാപ്പി അവറും. ഒരു പെഗ്ഗ് വാങ്ങിയാൽ
ഒരെണ്ണം ഫ്രീ, 50 ശതമാനം ഓഫ് തുടങ്ങി നിരവധി ഓഫറുകളുണ്ട് ഹാപ്പി അവറിൽ. ഇതെങ്ങാനും
നമ്മുടെ കേരളത്തിലായിരുന്നെങ്കിൽ തൃശ്ശൂർ പൂരത്തിൻറെ തിരക്കൊന്നും ഒരു
തിരക്കല്ലെന്ന് നമ്മൾ പറഞ്ഞേനേ..!!!
തിരക്കിലൂടെ ഇങ്ങനെ നടക്കുമ്പോളാണ് റോഡരികിലെ
ബോംബെ കുൽഫി
കച്ചവടക്കാരനെ കണ്ടത്. കുട്ടിക്കാലത്ത് ധാരാളം കഴിച്ചിട്ടുണ്ട്.
പിന്നീട് നാട്ടിൽ അങ്ങനെ ബോംബെ കുൽഫി കച്ചവടക്കാരെ കണ്ടിട്ടില്ല. നീളത്തിൽ ഒരു
കമ്പിൽ കോർത്തെടുത്ത മധുരമൂറുന്ന കുൽഫി. നല്ല മധുരമുള്ള കുൽഫിയുടെ ഓർമ നാവിൽ
വെള്ളമൂറിച്ചു. വാങ്ങി കഴിക്കാൻ കൊതിതോന്നിയെങ്കിലും ആദ്യം നിയന്ത്രിച്ചു.
നീണ്ടനാളത്തെ അസുഖത്തിനുശേഷം ഡൽഹിയിലെ ഇത്തരം ഭക്ഷണങ്ങൾ എത്രമാത്രം ആരോഗ്യത്തെ
ബാധിക്കുമെന്ന ആശങ്ക ശക്തമായിരുന്നു. അവസാനം ആരോഗ്യസംരക്ഷണബോധത്തെ കൊതി
പരാജയപ്പെടുത്തി. ത്രികോണത്തിൻറെ ഷേപ്പിലുള്ള ട്രേകളിൽ നിരവധി കുൽഫികൾ എന്നെപോലെ
കൊതിമൂത്ത് എത്തുന്നവരെ കാത്തിരിക്കുന്നു. 20 രൂപയാണ് വില. കുൽഫിയും നുണഞ്ഞ്
ഗൃഹാതുരസ്മരണകളുംപേറി തിരികെ ഹോട്ടൽ മുറിയിലേക്ക് നടന്നു.
മദൻ കഫേയിലെ തിരക്കിന് ഇപ്പോഴും ശമനമില്ല. ഡാൻസ്
ബാറുകളിൽ നിന്നുള്ള സംഗീതം ഉച്ചത്തിലായിതുടങ്ങി. ബാറിലേക്ക് യുവാക്കളും കപ്പിൾസും
വന്നും പോയുമിരിക്കുന്നു. വഴിയരികിൽ അപ്പോഴും ജിലേബികൾ എണ്ണയിൽ കിടന്ന് തിളക്കുകയാണ്.
👍
ReplyDeleteInteresting..
ReplyDelete