ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ പൂനെയിൽ നിന്നാണ്
വിമാനത്തിലെ അടുത്ത സീറ്റിൽ ആ സ്ത്രീ വന്നിരുന്നത്. മകനുമൊത്ത്. വേഷത്തിലും
രൂപത്തിലുമെല്ലാം തനി വടക്കേ ഇന്ത്യക്കാരി.
കൊച്ചിയിൽ നിന്ന് പൂനെവരെ വേറെ രണ്ടുപേർ
അടുത്തിരുന്നെങ്കിലും ശ്രദ്ധിക്കേണ്ട സാഹചര്യം ഉണ്ടായില്ല. പക്ഷെ ഇവർ വന്നപ്പോൾ
മുതൽ ഇവരെ ശ്രദ്ധിക്കാൻ കാരണമുണ്ട്. വിമാനത്തിലേറിയശേഷവും ചെറിയ ആശങ്ക അവരുടെ
മുഖത്തുണ്ടായിരുന്നു.
ഇത് സ്പൈസ് 184 ഫ്ലൈറ്റ് തന്നെയല്ലേ എന്ന് ചോദിച്ചാണ്
അവർ സംസാരിച്ച് തുടങ്ങിയത്. അതേ എന്ന് പറഞ്ഞപ്പോളാണ് അവരുടെ മുഖത്ത് ആശ്വാസം
നിഴലിച്ചത്. മിക്കപ്പോഴും തീവണ്ടിയിലേക്ക് ഓടികയറിയശേഷം എറണാകുളത്തേക്കുള്ള
തീവണ്ടിതന്നെയല്ലേയെന്ന് സഹയാത്രക്കാരോട് ചോദിച്ചിരുന്നത് പെട്ടെന്ന് ഓർമവന്നു.
രേണു അതാണ് അവരുടെ പേര്. മകൻ അർണബ്,
രണ്ടരവയസ്സുകാരൻ.
രവിമേനോൻ രചിച്ച പൂർണേന്ദുമുഖി എന്ന പുസ്തകം വായിച്ചിരിക്കുകയായിരുന്നു ഞാൻ.
മെല്ലെ വിമാനം നീങ്ങിതുടങ്ങിയപ്പോളാണ് വീണ്ടും അവരെ ശ്രദ്ധിച്ചത്. മകൻറെ ഓരോ
നീക്കവും മൊബൈലിൽ പകർത്തുന്നു. വീഡീയോ എടുക്കുന്നു. അർണബിൻറെ ആദ്യ
വിമാനയാത്രയാണെന്നു തോന്നി. പിന്നെ യാത്രയ്ക്കിടെ സംസാരിച്ചു. ഡൽഹി സ്വദേശിയാണ്
രേണു. പൂനെ യൂണിവേഴ്സിറ്റിയിലെ മാനേജ്മെൻറ് ഫാക്കൽറ്റി. ഞാൻ വായിക്കുന്നത് ഏത്
ഭാഷയാണെന്ന് ചോദിച്ചായിരുന്നു സംസാരം ആരംഭിച്ചത്. തമിഴ് ആണോയെന്നായിരുന്നു സംശയം.
സിനിമയും വായനയുമായി നടക്കുന്ന യൂണിവേഴ്സിറ്റിയിലെ ദക്ഷിണേന്ത്യക്കാരായ അധ്യാപകരെ
കുറിച്ചുമെല്ലാം രേണു സംസാരിച്ചു. പിന്നെ കന്നഡയും തെലുങ്കും തമ്മിലുള്ള
സാദൃശ്യത്തെകുറിച്ചായി. മാധ്യമപ്രവർത്തകനാണെന്നു പറഞ്ഞപ്പോൾ ഡൽഹിയിലെ
മാധ്യമസ്ഥാപനങ്ങളുടെ ഓഫീസുകൾ കണ്ടിട്ടുണ്ടെന്നതല്ലാതെ ആ മേഖലയുമായി
വലിയബന്ധമൊന്നുമില്ലെന്ന് പറഞ്ഞ് രേണു ചിരിച്ചു.
അപ്പോഴേക്കും അർണബ് ഉറക്കാമായികഴിഞ്ഞു. അപ്പോഴും
രേണു പടം എടുത്തു. അർണബിൻറെ ആദ്യവിമാനയാത്രയല്ലയിരുന്നു. അമ്മയ്ക്കൊപ്പം ഡൽഹി
പൂനെ വിമാനയാത്ര നിരവധിയായി കുഞ്ഞ് അർണബ് നടത്തുന്നു. എന്നാലും ആദ്യമായി
പറക്കുന്നതിൻറെ ആശ്ചര്യവും കൌതുകവുമായിരുന്നു ആ കുഞ്ഞുമുഖത്ത്. എന്നാലും മകൻ നടത്തുന്ന
ഓരോ യാത്രയും ആ അമ്മ രേഖപ്പെടുത്തി സൂക്ഷിക്കുന്നുണ്ട്.
അപ്പോൾ ഞാനോർത്തത് എൻറെ കുട്ടിക്കാലത്തെ
എത്രപടങ്ങൾ ഉണ്ടെന്നാണ്. ആകെ ഒരെണ്ണം മാത്രം. അന്നൊക്കെ മൊബൈൽ ക്യാമറകൾ
ഇല്ലാത്തതിൻറെ നഷ്ടം. ഫിലീമിൽ പടമെടുത്ത് അത് ഡെവലെപ്പ് ചെയ്ത് എടുത്ത്
സൂക്ഷിക്കുന്നത് ചിലവേറിയതുമായിരുന്നല്ലോ. ഇന്ന് സ്ഥിതിമാറി. എന്തായാലും കുഞ്ഞ്
അർണബിന് വലുതാകുമ്പോൾ കാണാൻ അവൻറെ ആയിരക്കണക്കിന് പടങ്ങൾ ഉണ്ടാകും. പടങ്ങൾ കണ്ട്
സന്തോഷിക്കാനും ചമ്മലോടെ അയ്യേ..ഇങ്ങനെയൊക്കെ ഞാനന്ന് ചെയ്ത്വോ എന്നൊക്കെ
ആശ്ചര്യപ്പെടാനുമെല്ലാമായി രേഖപ്പെടുത്തുന്ന നിമിഷങ്ങൾ....
സംസാരം ഒടുവിൽ ഡൽഹിയിലേയും പൂനെയിലേയും
കൊച്ചിയിലേയും ബാംഗ്ലൂരിലേയുമെല്ലാം കാലാവസ്ഥയെകുറിച്ചായി. ചൂടുകാരണം
വീട്ടിലെത്തിയാലും പുറത്ത് ഇറങ്ങില്ല. വീട്ടിലെ കൂളറിൻറെ
തണുപ്പിൽ ഇരിക്കും. അന്തരീക്ഷമലിനീകരണം നമ്മളെ എത്രമാത്രം സ്വന്തം വീട്ടിലെ ചുമരിനകത്ത്
അവധിദിവസങ്ങളിലും അടച്ചിടുന്നുവെന്നുവെന്നതിന് തെളിവായിരുന്നു രേണുവിൻറെ വാക്കുകൾ.
പരിസ്ഥിതിയെ കുറിച്ച് സംസാരിച്ചിരിക്കുമ്പോളാണ്
വിമാനം യമുനയുടെ മുകളിലൂടെ പറന്നു തുടങ്ങിയത്. യമുന നദിയും അക്ഷർധാം
ക്ഷേത്രവുമെല്ലാം ചൂണ്ടികാണിച്ചുതന്നു രേണു. മലിനമായ പുണ്യനദിയെന്ന് യമുനയെ ഞാൻ
വിശേഷിപ്പിച്ചപ്പോൾ രേണു പൊട്ടിച്ചിരിച്ചു. അത് സത്യമാണെന്ന് തലകുലുക്കി.
പുറത്ത് ചൂട് 39 ഡിഗ്രിയാണെന്ന ഫ്ലൈറ്റിലെ
അനൌൺസ്മെൻറ് കേട്ടപ്പോൾ എൻറെ മുഖത്തെ അസ്വസ്ഥത വായിച്ചറിഞ്ഞാകണം രേണു പറഞ്ഞു,
ഇതൊക്കെ കുറവ്. ഒരു മാസം കൂടികഴിയട്ടെ 45 ഒക്കെ കടക്കും. ഇനിയത് തണുപ്പാണെങ്കിൽ
ചിലയിടത്ത് പൂജ്യം ഡിഗ്രിവരെയാകും. ആസ്വദിക്കാനും അനുഭവിക്കാനും സമയമുണ്ടല്ലോയെന്നും
പറഞ്ഞ് ആശംസയും പറഞ്ഞാണ് രേണുവും കുഞ്ഞ് അർണബും യാത്രപറഞ്ഞത്.
ഡൽഹിയിലെ ആദ്യസൌഹൃദമായി ഇതിനെ കാണാം. ചാനലിൻറെ
പേരെഴുതിയെടുത്തിട്ട് ടിവിയിൽ കണ്ടോളാമെന്നൊക്കെ പറഞ്ഞാണ് യാത്രയായതെങ്കിലും ഇനി
ഒരിക്കലും കാണാനിടയില്ലെന്നുറപ്പാണ്. യാത്രകൾക്കിടയിലെ ചില സഹയാത്രികർ നമ്മെ
ചിന്തിപ്പിച്ചുകളയും. പരിസ്ഥിതിയെകുറിച്ചുമാത്രമല്ല രേണു ചിന്തിപ്പിച്ചത്,
കുഞ്ഞുങ്ങളെ കുറിച്ചുമാണ്, അവരുടെ സന്തോഷത്തെകുറിച്ചാണ്. അവർക്കുവേണ്ടി നാം കരുതിവെക്കുന്ന അവരുടെ നിമിഷങ്ങളാണ്....
(ഡൽഹിയിലേക്കുള്ള ഔദ്യോഗികയാത്ര 25.04.17)
Good writing. When the story progresses i expected a tragic story about renu and her son. ��
ReplyDeleteഅടിപൊളി
ReplyDeleteCarry on Comrade... expecting more nd more write-ups
ReplyDelete