Monday, 27 July 2015

കാടല്ലാതാകുന്ന ഏലമല'കാടുകള്' ....



കസ്തൂരിരംഗൻ റിപ്പോർട്ടിൻറെ  അടിസ്ഥാനത്തിൽ  സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശങ്ങൾ സംബന്ധിച്ച് കേന്ദ്രത്തിന് റിപ്പോർട്ട് നൽകുന്നത് സമ്പന്ധിച്ച തർക്കം  അവസാനിച്ചെന്ന് സർക്കാർ അവകാശപ്പെടുമ്പോൾ അത് വലിയ പ്രതിസന്ധിയിലേക്കാണ് സംസ്ഥാനത്തെ പരിസ്ഥിതി സംരക്ഷണത്തെ കൊണ്ടുചെന്നെത്തിക്കുക. പശ്ചിമഘട്ട സംരക്ഷണമെന്നതിന്റെ പേരില് സര്ക്കാര് സ്വീകരിച്ചിരിക്കുന്ന നടപടി കോടതി വ്യവഹാരങ്ങളിലേക്കും
പശ്ചിമഘട്ട സംരക്ഷണത്തെ അട്ടിമറിക്കുന്നതിലേക്കും നയിക്കും.


ചില വസ്തുതകളിലേക്ക്

1. പരിസ്ഥിതി സംരക്ഷണനിയമത്തിലെ 3-ാം വകുപ്പ് അനുസരിച്ചും സംരക്ഷചട്ടത്തിലെ 5(3) ഉപവകുപ്പ് പ്രകാരം വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്നതിന് മാത്രമാണ് പരിസ്ഥിതിലോല പ്രദേശങ്ങളിൽ  വിലക്ക്
ഏർപ്പെടുത്തിയിട്ടുള്ളത്. കൃഷിക്ക് യാതൊരുവിധ നിയന്ത്രണവും പരിസ്ഥിതിലോല പ്രദേശങ്ങളിൽ ഏര്പ്പെടുത്തിയിട്ടില്ല. എന്നാൽ  ഇക്കാര്യം മറച്ചുവെച്ചാണ് നിലവിലെ പ്രതിഷേധങ്ങളും സര്ക്കാരിൻറെ തീരുമാനവും.



2. ഇത് സംബന്ധിച്ച് 2014 മാർച്ച് 10 ന്  കേന്ദ്രം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിൽ   മറ്റ് സംസ്ഥാനങ്ങളെല്ലാം പരിസ്ഥിതിലോല മേഖലയിൽ പെടുന്ന വില്ലേജുകളുടേയും ജില്ലകളുടേയുമെല്ലാം മാപ്പ് പ്രസിദ്ധീകരിച്ചപ്പോൾ കേരളം  അത് പ്രസിദ്ധീകരിച്ചില്ല, മറിച്ച് കേരള ബയോഡൈവേഴ്സിറ്റിയുടെ വെബ്സൈറ്റിൽ  മാപ്പ് ഉണ്ടെന്നാണ് കരട് വിജ്ഞാപനത്തിൽ  പറയുന്നത്. എന്നാൽ  നാമമാത്രമായ പ്രദേശത്തിന്റെ മാപ്പ് മാത്രം പ്രിസിദ്ധീകരിച്ച സൈറ്റിൽ ചെന്നാൽ,  വൈബ്സൈറ്റ് അണ്ടര് കണ്സട്രക്ഷന് എന്ന സന്ദേശമാണ് അന്നും ഇന്നും കാണാൻ സാധിക്കുക. കരട് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില് പരാതികളുണ്ടെങ്കിൽ  ജനങ്ങൾക്ക്  പരാതി നൽകാനായി ഇത്തരത്തിൽ  വിശദാംശങ്ങൾ വ്യക്തമാക്കിയിരിക്കണമെന്നാണ് ചട്ടം. എന്നാൽ കേരളം ഇത് പരസ്യമായി തന്നെ ലംഘിച്ചു.

സൈറ്റ് കാണുക.

http://keralabiodiversity.org/index.php?option=com_content&view=article&id=204&Itemid=229

3. എലമലക്കാടുകൾ  വനമാണെന്ന വിജ്ഞാപനവും കോടതി വിധികളുമെല്ലാം അട്ടിമറിച്ചാണ് സി.എച്ച്. ആർ  വനഭൂമിയല്ല, മറിച്ച് റവന്യൂ ഭൂമിയാണെന്ന് സര്ക്കാർ  ഇപ്പോൾ  നിലപാടെടുത്തിരിക്കുന്നത്. 334 സ്ക്വയർ  മൈലാണ്
(ഏകദേശം 2,10,000 ഏക്കർ) സംസ്ഥാനത്തെ സി.എച്ച്. ആർ പ്രദേശം. തിരുവിതാംകൂർ മഹാരാജാവ് 1897 ലാണ് ഈ പ്രദേശത്തെ സംരക്ഷിത വനഭൂമിയായി പ്രഖ്യാപിച്ച് വിജ്ഞാപനമിറക്കിയത്. മലകൾക്കിടയിൽ സ്ഥിതിചെയ്യുന്ന ഏലമലക്കാടുകൾ വനഭൂമിയായി നിലനിർത്തേണ്ടത് ആപ്രദേശത്തെ പരിസ്ഥിതി  സന്തുലനത്തിന് അനിവാര്യമായതുകൊണ്ടാണ് അത്തരത്തിൽ വിജ്ഞാപനം ഇറക്കിയത്. പെരിയാറിന്റെ വൃഷ്ടിപ്രദേശമായ ഇവിടം  വന്യജീവികളുടെ സ്വൈര്യവിഹാരത്തിന്റെ പ്രദേശമാണെന്നതുംകൂടി കണക്കിലെടുത്തായിരുന്നു നടപടി.

4. 1957 ലെ ഭൂ സംരക്ഷണ നിയമപ്രകാരം സർക്കാർ  ഭൂമി കയ്യേറുന്നവർക്ക് ചുമത്തിയിരുന്ന പിഴ കുറവായിരുന്നു എന്നതിനാല് തന്നെ കയ്യേറ്റക്കാർക്ക് വനഭൂമി കയ്യേറാനുള്ള ധൈര്യവും കൂടി. 200 രൂപമാത്രമായിരുന്നു പിഴ.
ഇത്തരത്തിൽ കയ്യേറിയ ഭൂമി 1961 ലെ ഏല പാട്ട നിയമപ്രകാരം (cardamom lease rules) കൈവശം വെക്കാനുള്ള പാട്ടം ലഭിക്കുകയും ചെയ്തു.

5. 1980 ലെ വനനിയമപ്രകാരം ഏലം കൃഷിയെന്നത് വനേതര പ്രവൃത്തിയാണെന്നും വനഭൂമി ഏലതോട്ടമായി മാറ്റുന്നതിന് കേന്ദ്ര സർക്കാരിൻറെ മുൻകൂർ അനുമതി വേണമെന്നും വ്യവസ്ഥയായി. ഒപ്പം തന്നെ വനഭൂമി പാട്ടത്തിന് നല്കുന്നതിനും കേന്ദ്രത്തിന്റെ മുൻകൂർ  അനുമതി വാങ്ങുകയും വേണം.

6. ഇതോടെ 1961 ലെ cardamom lease rules പ്രകാരം ഏലം കൃഷിക്കായി  പാട്ടത്തിന് വനഭൂമി  കൃഷിക്കാർ മറ്റ് ആവശ്യങ്ങൾക്കായി  മറിച്ച് വിറ്റത് നിയവിരുദ്ധമായി തീർന്നു. എന്നാൽ വന സംരക്ഷണ നിയമം നിലവിൽ
വന്നിട്ടും കയ്യേറ്റം നിർലോഭം തുടർന്നുകൊണ്ടോയിരുന്നു. വനഭൂമി തരം മാറ്റാനും ഉദ്യോഗസ്ഥരടക്കമുള്ളവർ അനുമതി നൽകുകയും  ചെയ്തു. പലകയ്യേറ്റങ്ങളും ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നിയമപരമാക്കി നൽകി.

7. 1993 ല് എകെ ആന്റണി സര്ക്കാർ ഏലമലക്കാട്ടിലെ കയ്യേറ്റക്കാർക്ക് പട്ടയം നൽകാൻ  തീരുമാനിച്ചു. 1.1.1977 വരെയുള്ള കയ്യേറ്റങ്ങൾക്ക്  സാധൂകരണം കൊടുത്തുകൊണ്ട് കേരള ലാന്റ് അസൈന്മെന്റ് സ്പെഷ്യൽ റൂൾസ് 1993 പ്രകാരം വനഭൂമി പതിച്ചുനൽകി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി തേടികൊണ്ടാണ് 1.1.1977 വരെയുള്ള കയ്യേറ്റങ്ങൾ സ്ഥിതീകരിച്ചുകൊണ്ട് പട്ടയം നല്കിയത്. നിലവിൽ കൃഷി ചെയ്തുകൊണ്ടിരുന്നവരുടെ  കുടുംബത്തിന്  പരമാവധി 4 ഏക്കറായി നിജപ്പെടുത്തി പതിച്ചുനൽകി. ഇതിനായി 50,000 ഏക്കർ വനഭൂമിയാണ് കേന്ദ്രം സി എച്ച് ആറിൽ വിട്ടുകൊടുത്തത്. പ്രദേശത്ത് കുടിയിറക്ക് ഇനി സാധ്യമല്ലെന്ന് ചൂണ്ടികാട്ടിയായിരുന്നു നടപടി. റവന്യൂ വകുപ്പും വനംവകുപ്പും സംയുക്തമായി നടത്തിയ സർവേയുടെ അടിസ്ഥാനത്തിലായിരുന്നു ഭൂമി പതിച്ചുനൽകൽ. ജോയന്റ് സർവേയുടെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കുന്ന പട്ടികയിന്മേൽ പരാതിയുള്ളവർ 7 ദിവസത്തിനകം പരാതി സമർപ്പിക്കണമെന്നും ഇത് 15 ദിവസത്തിനുള്ളിൽ തീർപ്പാക്കണമെന്നും  ഇത് സംബന്ധിച്ച ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

8. കയ്യേറ്റങ്ങൾ പിന്നെയും വ്യാപകമായതോടെ വിവിധ പരിസ്ഥിതി സംഘടനകൾ  കോടതികളെ സമീപിച്ചു. സുപ്രീംകോടതി വനഭൂമി പതിച്ച് നല്കിയത് അംഗീകരിച്ച് ഇനിമേലിൽ കയ്യേറ്റങ്ങൾ ഉണ്ടാകുന്നില്ലെന്നും ശേഷിക്കുന്ന വനം സംരക്ഷിക്കുന്നത് ഉറപ്പുവരുത്തണമെന്നും സർക്കാരിനോട് നിർദേശിച്ചു.  മന്ത്രിയുടെ ബന്ധുക്കളും എംപിയും രാഷ്ട്രീയരംഗത്തുള്ള വരുമെല്ലാം ചേർന്നാണ് വനഭൂമി കയ്യേറിയിട്ടുള്ളതെന്ന് ഡിജിപി തന്നെ സുപ്രീംകോടതിയില് സത്യവാങ് മൂലം സമർപ്പിക്കുകയും ചെയ്തു.

9. ഏലമലക്കാടുകൾ വനഭൂമിയാണെന്ന് ഇതിനിടെ നിരവധി തവണ സർക്കാർ കോടതിയിൽ സത്യവാങ് മൂലം സമർപ്പിക്കുകയും ചെയ്തു. സുപ്രീംകോടതി ഉന്നതാധികാരസമിതി മൂന്ന് തവണയായി ഏലമലക്കാടുകൾ സന്ദർശിച്ച്
നടത്തിയ പരിശോധനയിലും ഇത് സംരക്ഷിത വനഭൂമിയാണെന്ന് കണ്ടെത്തി. നിരവധി വിധികളിലൂടെ ഏലമലക്കാടുകൾ വനഭൂമിയാണെന്ന് സുപ്രീംകോടതിയടക്കമുള്ള നീതിന്യായസ്ഥാപനങ്ങളും ഇതിനോടകം വ്യക്തമാക്കിയതാണ്.

10. ഇതെല്ലാം മറികടന്നുകൊണ്ടാണ് ഉമ്മന് ചാണ്ടി സർക്കാരിപ്പോൾ ഏലമലക്കാടുകൾ വനമല്ല, മറിച്ച് റവന്യൂ ഭൂമിയാണെന്ന് അവകാശപ്പെട്ട് കയ്യേറി കൃഷിചെയ്യുന്നവർക്ക്  പ്രത്യേക സർവേ നമ്പർ നൽകാൻ തീരുമാനിച്ചിരിക്കുന്നത്.  ഇതിലൂടെ സർക്കാർ മറച്ചുപിടിക്കുന്നത്
കേന്ദ്രത്തിന്റെ അനുമതിയില്ലാതെ വനഭൂമി പതിച്ച് നല്കാനാവില്ല എന്ന യാഥാർത്ഥ്യവും  വനഭൂമിയാണെന്ന് സുപ്രീംകോടതിയുടെ വിധിയുമണ്. നിരവധി നിയമനടപടിയിലേക്ക് ഇത് നീങ്ങുമെന്നുറപ്പ്,

11. രണ്ട് ദിവസം കൊണ്ട് സർവേ നടത്തി 119 വില്ലേജുകളിലേയും പരിസ്ഥിതി ലോല മേഖലകൾ കണ്ടെത്തുമെന്നാണ് സര്ക്കാരിന്റെ നിലപാട്. അത് ഏറെ അപ്രായോഗികമാണ്. പത്ത് സെന്റ് സ്ഥലം പോലും അളന്ന് തിട്ടപെടുത്താന്
ചുരുങ്ങിയത് അരദിവസമെങ്കിലും വേണ്ടിവരുമെന്നിരിക്കെയാണ് രണ്ട് ദിവസം കൊണ്ട് ആയിരക്കണക്കിന് ഏക്കർ ഭൂമി അളന്ന് തിട്ടപെടുത്തുമെന്ന് സർക്കാരിൻറെ അവകാശവാദം. ഇത് പ്രഹസനമാണെന്നതിനും ശുദ്ധതട്ടിപ്പാണെന്നതിനും വേറെ തെളിവിൻറെ ആവശ്യമില്ല.

12. പരിസ്ഥിതി ലോല മേഖലകളെ തരംതിരിക്കാനായി സർക്കാർ രൂപീകരിക്കുന്ന 6 അംഗ സമിതിയിൽ പഞ്ചായത്ത് പ്രസിഡന്റൊഴികെയുള്ള 5 പേർ - വില്ലേജ് ഓഫീസർ, കൃഷി ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി, സർവേ
ഉദ്യോഗസ്ഥൻ, വനം വകുപ് റേഞ്ച് ഓഫീസർ / ഡെപ്യൂട്ടി റേഞ്ച് ഓഫീസർ - സർക്കാർ  ഉദ്യോഗസ്ഥരാണ്. വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാനിടയുള്ള സർവേ നടത്താൻ ചുമതലപ്പെട്ട താഴേകിടയിലുള്ള ഈ ഉദ്യോഗസ്ഥർക്ക്  വലിയ സമർദ്ദമുണ്ടാകാൻ സാധ്യതയുണ്ടെന്നത് കാണാതിരിക്കാനാവില്ല. മാത്രവുമല്ല, വനംവകുപ്പിന്റെ മാപ്പ് പൂർണമായും തള്ളികളഞ്ഞ സാഹചര്യത്തിൽ റേഞ്ച് ഓഫീസർ / ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എന്നിവർക്ക്  കാര്യമായി ഒന്നും ചെയ്യാനുമുണ്ടാകില്ല.

13. വനഭൂമിയിലെ കൃഷ സ്ഥലങ്ങൾ റവന്യൂ ഭൂമിയായി തീരുന്പോമ്പോൾ വനത്തിലെ ജൈവസമ്പത്തിനേയും അത് ദോഷകരമായി ബാധിക്കും. വനം ഇല്ലാതാകുന്നത് പുഴകളേയും വനത്തിലെ സസ്യസമ്പത്തിനേയും വന്യമൃഗങ്ങളുടെ  ആവാസ വ്യവസ്ഥയേയും തന്നെ അട്ടിമറിക്കും. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള നിരന്തരപോരാട്ടത്തിലേക്ക് അത് വഴിവെക്കുമെന്നുറപ്പ്. ഏതെങ്കിലും ഒരു മൃഗം ഇല്ലാതാകുന്നത് മറ്റ് മൃഗങ്ങളുടേയും നിലനിൽപ്പിനെ വരെ ബാധിക്കും.

14. സ്വകാര്യവ്യക്തികൾക്ക് വനഭൂമി പതിച്ച് നൽകുന്നതോടെ പരിസ്ഥിതിക്ക് കോട്ടം തട്ടുന്നപ്രവർത്തനങ്ങൾക്ക്  കൃഷിഭൂമി കൈമാറ്റം ചെയ്യപെടാനും സർക്കാരിൻറെ  പുതിയ നീക്കം വഴിവെക്കും. വലിയ ഷോപ്പിങ് കോംപ്ലക്സുകൾ, ചുവപ്പ് വിഭാഗത്തിൽ  പെട്ട വ്യവസായങ്ങൾ, ഖനനം ഉൾപ്പടെയുള്ളവയ്ക്ക്  ഈ ഭൂമി കൈമാറുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതാണ് സർക്കാരിൻറെ പുതിയ നീക്കമെന്നത് പറയാതെ വയ്യ.

15. കർഷകനെ സംരക്ഷിക്കാനെന്ന വ്യാജേനയുള്ള ഈ നടപടി ഭാവിയിൽ കർഷകർക്ക്  തന്നെ ദോഷം ചെയ്യുമെന്നുറപ്പ്. കർഷകരേക്കാളേറെ  കയ്യേറ്റക്കരാണ് സർക്കാരിൻറെ  നടപടിയിലൂടെ നേട്ടം കൊയ്യുന്നത്. വോട്ട് ബാങ്ക് മാത്രം ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന രാഷ്ട്രീയകക്ഷികളൊന്നുംതന്നെ ഇതിന് പിന്നിലെ പ്രശ്നങ്ങൾ  ജനങ്ങളെ അറിയിക്കാനോ ശക്തമായ നിലപാട് സ്വീകരിക്കാനോ തയ്യാറാകുന്നുമില്ല.

16. താൽക്കാലിക രാഷ്ട്രീയപ്രതിസന്ധിയിൽ നിന്ന് കരകയറുകയെന്നത് മാത്രമാണ് ഉമ്മന് ചാണ്ടി സർക്കാർ   നിലവിൽ ലക്ഷ്യം വെക്കുന്നത്. ഏലമലക്കാടുകൾ വനഭൂമിയല്ലെന്നും റവന്യൂഭൂമി മാത്രമാണെന്നും പറഞ്ഞ് തൽക്കാലം തടിയൂരുന്ന സർക്കാരിന് പക്ഷെ നിയമനടപടികളിൽ നേട്ടം കൊയ്യാനാകില്ല. വനഭൂമിയാണ് ഇതെന്ന് നേരത്തെ വ്യക്തമാക്കിയ സർക്കാരിന്  ഇതങ്ങനെ ഇപ്പോൾ റവന്യൂ ഭൂമിയാകുന്നുവെന്നത് തെളിയിക്കാനാവില്ല, മാത്രവുമല്ല, കേന്ദ്രത്തിൻറെ മുൻകൂർ അനുമതിയില്ലാതെ എങ്ങനെ വനഭൂമി പതിച്ചുനൽകുമെന്നും വ്യക്താക്കേണ്ടതുണ്ട്. ചുരുക്കത്തിൽ നിലവിൽ താല്ക്കാലികമായി രക്ഷപെടുന്ന സർക്കാരിന് വരും വര്ഷങ്ങളിൽ കോടതി കയറി ഇറങ്ങാനെ നേരം കാണു . ഒപ്പം പട്ടയം  ലഭിച്ചെന്ന് കരുതുന്ന കർഷകനും കയ്യേറ്റക്കാർക്കും  അത് നഷ്ടപ്പെടുന്ന സ്ഥിതിയും സംജാതമാകും.  ഉമ്മൻ ചാണ്ടി സർക്കാരായിരിക്കില്ല ഭാവിയിൽ കോടതി കയറി ഇറങ്ങേണ്ടിവരിക, മറിച്ച വരാനിരിക്കുന്ന സർക്കാരുകൾക്കാവും അതിനുള്ള വിധി.

17. പശ്ചിമഘട്ടത്തെ സംരക്ഷിക്കാനായി രൂപം കൊണ്ട ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടും  അതെങ്ങനെ നടപ്പിലാക്കണമെന്ന് പഠിച്ച കസ്തൂരി രംഗൻറേയും അതിൻമേലുള്ള  ഉമ്മൻ വി ഉമ്മൻ സമിതിയുടേയുമെല്ലാം റിപ്പോർട്ടികളുടെ അടിസ്ഥാനത്തിൽ സർക്കാർ സ്വീകരിച്ചിരിക്കുന്ന നിലപാട് പശ്ചിമഘട്ട സംരക്ഷണത്തെ അട്ടിമറിക്കുകയാണ് ഫലത്തിൽ ചെയ്യുക.

സർക്കാരുകൾ നിലകൊള്ളേണ്ടത് കയ്യേറ്റക്കാർക്ക് വേണ്ടിയല്ല, ജനങ്ങൾക്ക് വേണ്ടിയാകണം. ജനനന്മയ്ക്ക് വേണ്ടിയാകണം.  പരിസ്ഥിതിക്ക് വേണ്ടിയാകണം.

ഓർക്കുക, ഈ ഭൂമി നാം കടം കൊണ്ടതാണ്, അടുത്ത തലമുറയിൽ നിന്ന്, കേടുപാടുകളില്ലാതെ അവർക്കിത് കൈമാറണം. അവരാണ് ഈ ഭൂമിയുടെ അവകാശികൾ.

ഇനിയും കാട് കയ്യേറാൻ കൂട്ട് നിന്നാൽ ആനകൾ സർക്കാറിൻറെ മുദ്രയിൽ മാത്രമായി അവശേഷിക്കുമെന്നത് മറക്കരുത് നിങ്ങൾ

No comments:

Post a Comment