Monday, 28 October 2013

മഹാബലിപുരത്തെ വിസ്മയശിലകൾ

ചിലയാത്രകള്‍ നമ്മെ ഇരുത്തി ചിന്തിപ്പിച്ചുകളയും
എന്തുകൊണ്ട് വൈകിയെന്നത് മാത്രമല്ല, എന്തിനായിരുന്നു ആ യാത്രയെന്നും
ജീവിതയാത്ര തന്നെ മാറ്റിമറിച്ച യാത്രയായിരുന്നു മഹാബലിപുരത്തേക്കുള്ള യാത്രഒറ്റതിരിഞ്ഞുള്ള യാത്രകള്ക്ക് അന്ത്യചുംബനം പകര്ന്ന യാത്ര

മഹാബലിപുരം
മലയാളിക്ക് വലിയ പ്രിയം തോന്നുന്നപേരാണ്
നമ്മുടെ മഹാബലി തമ്പുരാന്‍റെ പേരിലുള്ള നാട്
പക്ഷെ മഹാബലിയുമായി വല്ല ബന്ധവുമുണ്ടോ മഹാബലിപുരത്തിന്?യാതൊരുവിധ ബന്ധവുമില്ല എന്നായിരുന്നു ധാരണ
എന്നാല് കാര്യങ്ങള് അങ്ങനെയല്ലെന്ന് മനസിലാക്കിച്ച ഒരു കഥ പിന്നീട്കേട്ടു.
അത് പിന്നാലെ പറയാം.

കടല്‍തീരത്തിനോട് ചേര്‍ന്ന് കൊത്തുപണികളോടുകൂടിയ വലിയപാറക്കെട്ടുകള്‍
പുരാവസ്തുവകുപ്പിനാല്‍ സംരക്ഷിക്കപ്പെട്ട്,
യുനസ്കോയുടെ പൈതൃകപട്ടികയില്‍ ഇടം നേടിയ കടല്‍ തീരക്ഷേത്രം
നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് മഹാബലിപുരത്തെ കാഴ്ചകള്ക്ക്
മറ്റുളവന് ഇത് മഹാബലിപുരമാണ്
എന്നാല്‍ തമിഴന് ഇത് മാമലപുരമാണ്.

ചെന്നൈയില്‍ നിന്ന് നാല് മണിക്കൂറിലേറെയെടുത്തു മഹാബലിപുരത്തെത്താന്‍.
രാജീവ്‌ ഗാന്‌ധി ശാലൈ എന്നു പേരുമാറിയ ഒ. എം. ആര്‍. റോഡ്‌ ഈസ്‌റ്റ്‌ കോസ്‌റ്റ്‌ റോഡില്‍ ചെന്ന്‌ മുന്നോട്ടു പോകുമ്പോള്‍ ചെന്നൈയുടെ ഐ.ടി. കോറിഡോറായി മാറുന്നു.
വീതിയേറിയ റോഡിന്‌ ഇരുവശവും രാജ്യാന്തര പ്രശസ്‌തിയുള്ള ഐ.ടി. കമ്പനികള്‍.
അതിനാല് തന്നെ ബസ്സിലും തിരക്കേറെ
റോഡിലെ ഒട്ടുമിക്ക വാഹനങ്ങളും യുവസോഫ്റ്റ് വെയര് എഞ്ചീനയര്‍മാരുടേതാണ്
ഓരോകമ്പനികളും ജീവനക്കാര്‍ക്ക് സ്വന്തം കാറുമായി വരുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി
പബ്ലിക്ക് ട്രാന്‍സ്പോര്‍ട്ട് സൗകര്യം ഒരുക്കുകയായിരുന്നുവെങ്കില്‍ റോഡിലെ ഗതാഗതകുരുക്കും ഒരളവുവരെ പരിസ്ഥിതിമലിനീകരണവും ഒഴിവാക്കാമായിരുന്നു.
കമ്പനികളുടെ കോര്പറേറ്റ് സോഷ്യല് റെസ്പോണ്സിബിലിറ്റിയില്
ഇതും ഇടം പിടിക്കണം.
രാത്രിമുഴുവന്‍ നീണ്ട യാത്രയുടെ ആലസ്യത്തില്‍ മെല്ലെ ഉറക്കത്തിലേക്ക് വഴിമാറി.
ഏകദേശം 2 മണി ആയിക്കാണും മാമലപുരമെന്ന മഹാബലിപുരത്തെത്തുമ്പോള്.
പൊള്ളിക്കുന്ന വെയില്.
പ്രതീക്ഷിച്ച തിരക്കൊന്നുമില്ല ആ ചെറിയ പട്ടണത്തില്
ചെറിയ ബസ് സ്റ്റാന്റ്, ഹോട്ടലുകള്.
പൂക്കടകളും കല്ലില് കൊത്തിയ ശില്പങ്ങളും രൂപങ്ങളും വില്ക്കുന്ന കുറേ കടകള്, പിന്നെ കടലിലെ ശംഖും ചിപ്പിയുമെല്ലാം വില്ക്കുന്ന കടകളും
തീര്ന്നു മഹാബലിപുരത്തെ ഷോപ്പിങ് കാഴ്ച്ചകള്.

ഇനി മഹാബലിപുരമെന്ന പേരിനുപിന്നിലെ കഥ പറയാം.
മാമലപുരമെങ്ങനെ മഹാബലിപുരവുമാകുന്നുവെന്ന കഥ
അതിന് പുരാണത്തിലേക്ക് തിരിഞ്ഞുനടക്കണം.

യുഗങ്ങളുടെയെല്ലാം തുടക്കം കുറിച്ച കൃതയുഗ കാലം. ഹിരണ്യകശിപു എന്ന അസുര ചക്രവര്‍ത്തിയെ നരസിംഹാവതാരമെടുത്ത്‌ വധിച്ച്‌ മഹാവിഷ്‌ണു പുത്രന്‍ പ്രഹ്‌ളാദനെ രാജ്യമേല്‍പ്പിച്ചു. പ്രഹ്‌ളാദന്റെയും പുത്രനായിരുന്ന മഹാബലിയുടെ നഗരമായിരുന്നത്രെഇവിടം. ( ഏതു മഹാബലിയെന്നൊന്നും ചോദിക്കരുത്. നമ്മുടെ മഹാബലി തന്നെ. പക്ഷെ, ഇതു കഥയാണ്‌. കഥയില്‍ ചോദ്യമില്ല.) മഹാബലിക്കു ശേഷവും ഈ വംശം ശ്രീരാമാവതാരകാലത്തെ ത്രേതായുഗവും ശ്രീകൃഷ്‌ണാവതാരകാലമായ ദ്വാപരയുഗവും കടന്നെത്തിയപ്പോഴാണ്‌ ബാണാസുരന്റെ ഭരണകാലമെത്തിയത്‌. ശ്രീകൃഷ്‌ണന്റെ മകന്‍ അനിരുദ്ധനെ തടവിലാക്കി ഈ അസുരചക്രവര്‍ത്തി. യുദ്ധത്തിന്‌ ശ്രീകൃഷ്‌ണന്‍ യാദവപ്പടയുമായി എത്തിയപ്പോള്‍ ബാണപ്പടയെ നയിക്കാന്‍ നിയുക്തനായത്‌ സാക്ഷാല്‍ പരമശിവനായിരുന്നത്രെ. അക്കാലത്താണ്‌ ആദ്യമായി കടല്‍ കല്‍മലയെ വിഴുങ്ങാനെത്തിയത്‌. ആകാശത്തോളം ഉയര്‍ന്ന തിരകളില്‍ നഗരമാകെ ഒലിച്ചു പോയെന്നും കരിങ്കല്ലുകൊണ്ടുള്ള വന്‍മല മാത്രം ശേഷിച്ചുവെന്നും ബാക്കികഥ. പുരാണത്തിലെ ഒരു സുനാമികഥ....
(കേട്ടറിവ് മാത്രമാണ്...)


ഇത്തവണനേരത്തെ തന്നെ മുറി ബുക്ക് ചെയ്തിരുന്നു.
തീരത്തിനടുത്ത് തന്നെയായിരുന്നു ഹോട്ടല്.
കുളിച്ച് ഫ്രഷ് ആയി ഉച്ചഭക്ഷണവും കഴിച്ച് ഒന്നുമയങ്ങി.

4 മണിക്ക് അലാറം വെച്ചിരുന്നെങ്കിലും ഉണരാന് ഏറെ വൈകി.
കടലിന്റെ തീരത്തെ പുരാണത്തിലെ സുനാമിയ്ടിച്ച അവശിഷ്ടങ്ങള് കാണാന്
എത്തുമ്പോളോക്കും സൂര്യന് കടലില് മറയാന് തുടങ്ങിയിരുന്നു
എന്നിട്ടും തീരക്ഷേത്രത്തില് തിരക്കിന് കുറവില്ല, മാത്രവുമല്ല, തീരത്തെ ആ കരിങ്കല് ക്ഷേത്രം ഏറെ സുന്ദരമായിരിക്കുന്നു.

കടലിന്റെ കരള്‍ പോലൊരു ഇടമായിരുന്നു കാലങ്ങള്‍ക്കും മുന്‍പേ മഹാബലിപുരം. തിരകള്‍ കൊണ്ട്‌ തഴുകിയും കടല്‍ക്കാറ്റു കൊണ്ട്‌ തലോടിയും കാത്തു സൂക്ഷിച്ച കരിങ്കല്‍മല അടയാളക്കൊടി പാറിച്ചിരുന്ന ഇടം.നൂറ്റാണ്ടുകള്‍ക്ക്‌ മുന്‍പ്‌ കടല്‍മല എന്നായിരുന്നുഈ തീരത്തിന്‌ പേര്‌. പക്ഷെ, അതൊക്കെ പല്ലവരാജവംശത്തിന്റെ പതാക മാനംമുട്ടെ ഉയര്‍ത്തിയ മഹേന്ദ്രവര്‍മ്മന്റെ കാലത്തിനും മുന്‍പത്തെ കഥ. കടലിന്റെ കല്‍മലയെ കലാപ്രതിഭയുടെ കരുത്തിലൂടെ വഴക്കിയെടുക്കുകയായിരുന്നു മഹേന്ദ്രവര്‍മ്മന്‍. കല്ലില്‍ ശില്‍പ്പങ്ങള് വിരിഞ്ഞത്‌ അക്കാലത്താണ്‌. കഥകളില്‍ കടല്‍മലയില്‍കൂടുതല് തവണ കാല്‍ പതിപ്പിച്ചത്‌ മഹാവിഷ്‌ണുവായിരുന്നതിനാലാവാം ചരിത്രത്തിന്റെ തുടക്കം മുതല്‍ക്കേ വൈഷ്‌ണവരുടെ പുണ്യസ്‌ഥലമെന്ന ഖ്യാതിയും മഹാബലിപുരത്തിന് കൈവന്നത്.

1798 ല്‍ മഹാബലിപുരത്തെപ്പറ്റി കേട്ടറിഞ്ഞ്‌ ആവേശത്തോടെ എത്തിയതാണ് ബ്രിട്ടീഷ് സഞ്ചാരിയായ ജെ ഗോള്‍ഡിഹാം. അദ്ദേഹത്തിന്റെ ലേഖനങ്ങളാണ് പലര്ക്കും മഹാബലിപുരത്തേക്കുള്ള വഴിതെളിച്ചത്.
ഗോള്ഡിഹാമിന്റെ ലേഖനം വായിച്ചെത്തിയ പ്രശസ്ത ചരിത്രാന്വേഷിയായ ഗ്രഹാം ഹാന്കോക്കിന് പക്ഷെ 7 ശിവക്ഷേത്രങ്ങളില് ഒരെണ്ണം മാത്രമേ കാണാനായുള്ളു.
പഴയകാലത്തെ സുനാമിയില് കടല് അവളുടെ ആഴങ്ങളിലേക്ക് കൂട്ടികൊണ്ടുപോയിരുന്നു മഹാബലിപുരത്തെ കാഴ്ചകള്.

കടലെടുത്തുപോയ ശേഷിക്കുന്ന ക്ഷേത്രങ്ങളും ശില്പ്പങ്ങളും കണ്ടെത്താതെ മടങ്ങാന് ചരിത്രാന്വേഷിയായ ഹാന്കോക്കിന് മനസുവന്നില്ല. ഇംഗ്‌ളണ്ടിലെ സയന്റിഫിക്‌ എക്‌സ്‌പ്‌ളൊറേഷന്‍ സൊസൈറ്റിയേയും ഇന്ത്യയിലെ നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഒഫ്‌ ഓഷ്യനോഗ്രഫിയെയും കൂട്ടുപിടിച്ച് അദ്ദേഹം പഴയകാല പെരുമ തേടിയിറങ്ങി. കടല് കരള് തുറന്ന് കാണിച്ചപ്പോള് ഫലം കരയില് നിന്ന് 7 കിലോമീറ്ററകലെ കടലിനടിയിലെ മഹാബലിപുരത്തെ കണ്ടെത്തി.

ഒരുകാലത്ത് പല്ലവരുടെ അഭിമാനസ്‌തംഭമായിരുന്നു ഇവിടം.
തൊട്ടടുത്തുള്ള കാഞ്ചീപുരമായിരുന്നു പല്ലവ രാജാക്കന്‍മാരുടെ തലസ്‌ഥാനം. എന്നിട്ടും ആകാശത്തോളം ഉയര്‍ന്നു നില്‍ക്കുന്ന കല്‍മലയുടെ അഭൗമഭംഗിയില്‍ വംശത്തിന്റെ കീര്‍ത്തി നിലനിര്‍ത്താന്‍ അവര്‍ തീരുമാനിച്ചു. എ. ഡി. 600 മുതല്‍ 630 വരെ രാജ്യം ഭരിച്ച മഹേന്ദ്രവര്‍മ്മനാണ്‌ മഹാബലിപുരത്തെ ശില്‍പ്പങ്ങളുടെ വേദിയാക്കി മാറ്റാന്‍ തുടങ്ങിയത്‌. അദ്ദേഹത്തിനു ശേഷം മകന്‍ നരസിംഹവര്‍മ്മനായിരുന്നു ഈ സ്വപ്‌നത്തിന് പൂര്‍ണ്ണത നല്‍കിയത്. ഗുസ്‌തി വീരന്‍ കൂടിയായിരുന്ന നരസിംഹവര്‍മ്മന്റെ വിളിപ്പേരായിരുന്നു മാമല്ലന്‍. മഹാബലിപുരം മാമലപുരം എന്ന്‌ അറിയപ്പെടാന്‍ തുടങ്ങിയതും അക്കാലം മുതലാണ്‌.

ആ നാളുകളിലും കടല്‍ സംഹാര ഭാവവുമായി ആര്‍ത്തിരമ്പിയെത്തിയ കഥകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഒറ്റക്കല്‍ പാളിയില്‍ കൊത്തിയെടുത്ത്‌ സൂര്യപ്രകാശത്തില്‍ വെട്ടിത്തിളങ്ങി നില്‍ക്കുന്ന നഗരത്തിന്റെ പ്രൗഡിയും ഭംഗിയും ദേവരാജാവായ ഇന്ദ്രനില്‍ അസൂയ ജനിപ്പിച്ചത്രെ. സ്വര്‍ഗലോകത്തെ വെല്ലുന്ന ഒരിടം ഭൂമിയില്‍ വേണ്ട എന്ന ആജ്‌ഞ കടലിന്റെ ദേവനായ വരുണനാണ്‌ ഇന്ദ്രന്‍ നല്‍കിയത്‌. വരുണന്‍ തിരമാലകള്‍ കൊണ്ട്‌ നഗരത്തെ കവര്‍ന്നെടുത്തു എന്നാണ്‌ ഐതീഹ്യം.

ടൂറിസം ഡിപ്പാര്ട്ട്മെന്റിന്റെ ഓഫീസില് നിന്ന് ടിക്കറ്റെടുത്ത് വേഗത്തില് നടന്നു. കയ്യിലെ വീഡിയോ ക്യാമറയില് ദൃശ്യങ്ങള് പകര്ത്തി. 6 മണിവരേയെ ക്ഷേത്രപരിസരത്തേക്ക് പ്രവേശനമുള്ളു. ഉണരാന് വൈകിയതിനാല് കാഴ്ചകള് ആസ്വദിക്കാനുള്ള സമയവും ഹ്രസ്വമാണ്.
സായാഹ്നസൂര്യന്റെ പ്രഭയില് കുളിച്ച് തൊട്ടുമുന്നില് തീരക്ഷേത്രം. ചരിത്രത്തിലും ഐതീഹ്യത്തിലുമെല്ലാം നിറഞ്ഞ 7 ക്ഷേത്രങ്ങളില് ഇന്ന് ബാക്കിനില്ക്കുന്നത് ഇത് മാത്രം. ഓരോ കാഴ്ച്ചയും വിസ്മയമാക്കി ചരിത്രത്തിന്റെ തിരുശേഷിപ്പായി ഇത് അവശേഷിക്കുന്നു.
ദ്വാരപാലകന്‍, നന്തി, അപൂര്‍വമായി മാത്രം കാണുന്ന ജലശയന രൂപത്തിലുള്ള വിഷ്‌ണു വിഗ്രഹം. ഗരുഡന്റെ പുറത്തേറി ഗജേന്ദ്രരക്ഷയ്‌ക്കെത്തുന്ന മറ്റൊരു രൂപം. നരസിംഹാവതാരം, ദുര്‍ഗ.. ഭക്തിയേക്കാള്‍ കൊത്തുപണിയുടെശ്രീകോവിലാണ് ഈതീരക്ഷേത്രം

നേരം ഇരുട്ടിതുടങ്ങി. ഗാര്ഡുമാര് ക്ഷേത്രത്തിലെ അവസാനസന്ദര്ശകനേയും പുറത്തേക്കാക്കി. ഗെയിറ്റടച്ചു.
ഇനി കടല്തീരത്തിരുന്നു തീരക്ഷേത്രത്തിന്റെ വിദൂരഭംഗി ആസ്വദിക്കാം.
കടല്തീരത്തേക്കുള്ള വഴിനീളെ ചെറിയ ചെറിയ കച്ചവടക്കാരുണട്.
കല്ലിലും ശംഖിലുമെല്ലാം കൊരുത്ത മാലയും വളയും രൂപങ്ങളുമെല്ലാം വില്പനയക്കായി നിരന്നിരിക്കുന്നു
സഞ്ചാരികളെ കാത്ത് തൊപ്പിയും ടീ ഷര്ട്ടും കുടയുമെല്ലാം വേറെയും.

കടല്തീരത്തെ മണലിലിരുന്ന് തീരക്ഷേത്രത്തിന്റെ വിദൂരദൃശ്യം ആസ്വദിച്ചു.
കടപ്പുറത്തുമുണ്ട് കല്ലില് കൊത്തിയ ചിലരൂപങ്ങള്. അവയ്ക്കുചുറ്റു കുട്ടികള് മണലില് വീടുണ്ടാക്കി കളിക്കുന്നു.
ചൂണ്ടലും കൊറിച്ച് എത്രനേരം അങ്ങനെ ഇരുന്നെന്ന് ഓര്മയില്ല.


മഹാബലിപുരത്ത് കാണാന് കല്ലിലെ വിസ്മയങ്ങല് ഇനിയുമേറെയുണ്ട്. രാവിലെ നേരത്തെ കാഴ്ച്ചകളുടെ , കൊത്തുപണികളുടെ വിസമയങ്ങള് തേടിയിറങ്ങി.
അര്‍ജുന തപസ്‌, പഞ്ചരഥ, മലമുകളിലെ ഗുഹാക്ഷേത്രങ്ങള്,
ലൈറ്റ് ഹൌസ്.....
പലതും പാണ്ഡവ കഥയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ത്രിലോകങ്ങളിലെ സര്‍വരൂപങ്ങളും അണിനിരക്കുന്ന കാന്‍വാസ്‌ എന്ന സങ്കല്‍പ്പമായിരിക്കണം അര്‍ജുന തപസിന്റെ സൃഷ്ടിക്ക് പിന്നില്‍. തപസു ചെയ്യുന്ന അര്‍ജുനനു മുന്നില്‍ പരമശിവനെ കാണാന്‍ ത്രിലോകങ്ങളിലെ സര്‍വചരാചരങ്ങളും അണിനിരക്കുന്നതായാണ്‌ ശില്പം.

പാണ്‌ഡവ കഥ തന്നെയാണ്‌ പഞ്ചരഥയ്ക്കും ആധാരം.
ദ്രൌപതിക്ക് കൊടുത്തിരിക്കുന്ന രഥത്തിന്റെ അധിപ ദുര്ഗയും നാഥന് ശിവനുമാണ്. നകുല സഹദേവന്‍മാരും രഥത്തിലുണ്ട്.

വടക്കുഭാഗത്ത്‌ ഉയര്‍ന്നു നില്‍ക്കുന്നമലമുകളിലെ ഗുഹാക്ഷേത്രങ്ങളാണ് മഹാബലിപുരത്തിന്റെ ഹൃദയമെന്ന് പറയാം.  മഹിഷാസുരമര്‍ദ്ദിനി ഗുഹയാണ്‌ ഇവിടുത്തെ വിശേഷകാഴ്‌ചകളിലൊന്ന്‌. മഹിഷാസുരനും ദുര്‍ഗാദേവിയും തമ്മിലുള്ള യുദ്ധരംഗമാണ്‌ ഇവിടെ കൊത്തിവെച്ചിരിക്കുന്നത്‌. ആദിശേഷനു മുകളില്‍ യോഗനിദ്രാ ഭാവത്തിലുള്ള മഹാവിഷ്‌ണു, സോമസ്‌കന്ദ, നന്തി... കണ്ണുകള്‍ക്ക്‌ വിശ്രമിക്കാന്‍ ഇടം നല്‍കാതെ വിസ്‌മയകാഴ്‌ചകള്‍.

മഹിഷാസുരമര്‍ദ്ദിനി ഗുഹയുടെ മുകള്‍ ഭാഗത്തുള്ള ഗോപുരമായിരുന്നു പ്രാചീന കാലത്തെ ലൈറ്റ്‌ഹൗസ്‌. ദൂരത്ത്‌ നിന്നുള്ള കപ്പലുകള്‍ക്ക്‌ വഴികാട്ടിയായി ഇവിടെ ദീപം ജ്വലിച്ചു നിന്നിരുന്നു. പാറയില് കൊത്തിയിട്ടുള്ള ചെറിയ പടികള്‍ ശ്രദ്ധയോടെ കയറി മുകളിലെത്തിയാല് മഹാബലിപുരത്തിന്റെ ആകാശകാഴ്ചകള് കാണാം.
ഞങ്ങള് കയറുമ്പോള് തമിഴ്നാട്ടിലെ ഏതൊ സ്ക്കൂളിലെ കൊച്ചുകുട്ടികളും ഉണ്ടായിരുന്നു. കഥകള് പറഞ്ഞും കണ്ടവിസമയത്തിന്റെ അമ്പരപ്പിലുംഇനിയും കാണാന് ഏറെയുണ്ടെന്ന പ്രതീക്ഷ കൈവിടാതെയും
കുട്ടികള് പടികള് കയറികൊണ്ടേയിരിക്കുന്നു.

മുകളില് കയറി നിന്നാല് വിദൂരത്തില് തീരക്ഷേത്രം കാണാം. ചില റിസോട്ടുകളുടെ ചാരുകസേരകള് കടല് തീരത്ത് നിരന്നു കിടക്കുന്നു. അങ്ങ് ദൂരെ കടലില് മീന്പിടുത്ത ബോട്ടുകള് മത്സ്യത്തെ തിരയുന്നതും അവ്യക്തമായി കാണാം. തൊട്ടടുത്തായി പുതിയ ലൈറ്റ് ഹൌസും കാണാം.

വിദൂരകാഴ്‌ചയില്‍ മതിമയങ്ങി ഇറങ്ങി വന്നാല്‍ വരാഹ ഗുഹ, കൃഷ്‌ണമണ്‌ഡപം എന്നിങ്ങനെ ഇനിയും കാഴ്ച്ചയുടെവേറെയും വാതായനങ്ങളുണ്ട്‌. ധര്‍മ്മരാജ മണ്‌ഡപം, ആദിവരാഹ ക്ഷേത്രം, കാനേരി മണ്‌ഡപം, കോടിക്കല്‍ മണ്‌ഡപം, സപ്‌തമാതൃക്കള്‍, മുകുന്ദക്ഷേത്രം....വിസ്മയകാഴ്ച്ചകളുടെ കൊത്തുപണി നീളുന്നു.

കല്‍പ്രതിമകള്‍ക്കു പേരുകേട്ടിടമാണിവിടം.
മഹാബലിപുരത്ത് ഏറെയും കല്ലില് കവിതവിരിയിക്കുന്നവരുടെ കടകളാണ്.
ശില്പികളുടെ നീണ്ടനിരയുണ്ട്.
കൊത്തുപണികളുടെ മായാലോകത്ത് ഇവരില്ലെങ്കില് പിന്നെയാരുണ്ടാവാന്?
കയ്യില് ഉളിയും ചുറ്റികയുമേന്തി ഇവര് കല്ലില് ഒളിഞ്ഞിരിക്കുന്ന രൂപങ്ങള്ക്ക് ജീവന് പകരുന്നു.
ചുരുങ്ങിയ വിലയില്‍തന്നെ ശില്‍പ്പഭംഗി നിറഞ്ഞ ഈ കല്‍പ്രതിമകള്‍ ലഭിക്കും. വിലപേശലില്‍ വൈദഗ്‌ധ്യമുണ്ടെങ്കിലും വീണ്ടും ലാഭിക്കാം.

മഹാബലിപുരത്തെ കാഴ്‌ചകള്‍ ബാക്കിയാവുകയാണ്‌.
കണ്ടുകണ്ട്‌ ഇനിയും വല്ലതും വിട്ടുപോയിട്ടുണ്ടോ എന്നസംശയം അപ്പോഴും ബാക്കി.
ഇതല്ലാതെ മഹാബലിപുരത്ത് കാണാനായി ഇനിയെന്തുണ്ട് വേറെയെന്ന് ബ്രോഷറില് തിരഞ്ഞപ്പോളാണ് അറിഞ്ഞത്.
മഹാബലിപുരത്തെ ഉത്സവം ജനുവരിയിലാണെന്ന്.
ഇവിടുത്തെ ഡാന്‍സ്‌ ഫെസ്‌റ്റിവലിന്റെ കാലമാണ്‌ അത്‌. പൊങ്കലിനോടനുബന്‌ധിച്ചാണ്‌ ഉത്‌സവം.
ഭരതനാട്യവും കുച്ചിപ്പുടിയും നമ്മുടെ കഥകളി വരെയായി എല്ലാ ക്‌ളാസിക്കല്‍ കലകളുടെയും ഉത്‌സവ കാലമാണത്‌.

­­­­­അടുത്തമാസം വന്നാല് മതിയായിരുന്നുവെന്ന് മനസില് അറിയാതെ പറഞ്ഞുപോയി.
പക്ഷെ നേരത്തെ വന്നതില് ഒട്ടുംനഷ്ടബോധമില്ല.
കടലെടുക്കാത്ത മായകാഴ്ച്ചകള് കാണാനായി ഇനിയും മാമലപുരത്തേക്ക്വരുമെന്ന് മനസിലുറപ്പിച്ചു.
പുതിയകാലത്തിന്റെ കണ്ണുകള്ക്കായി ഇതെങ്കിലും ബാക്കിവെച്ചതിന് വരുണനോട് നന്ദി പറഞ്ഞ്, ശേഷിക്കുന്നവ അപഹരിച്ചെടുക്കാന് നിര്ദേശം നല്കിയ ഇന്ദ്രനെ ശപിച്ച് മടക്കമായി.
തമിഴ്നാടിന്റെ എല്ലാസൌന്ദര്യവും ആവാഹിച്ചെടുത്ത മറ്റൊരു ചരിത്ര നഗരത്തിലേക്ക്, ചരിത്രകാഴ്ച്ചയിലേക്ക് .....


Sunday, 20 October 2013

നവതിയുടെ നിറവിൽ ജനനായകൻ

സഖാവ് വിഎസ്‌
പോരാട്ടമെന്നത് പാർട്ടിയിലെ അധികാരമുറപ്പിക്കലല്ലെന്നും പാർട്ടിയെന്നത് സ്വകാര്യസ്വത്തല്ലെന്നും വ്യക്തമാക്കിതന്ന ചുരുക്കംചില കമ്മ്യൂണിസ്റ്റ് നേതാക്കളിലൊരാൾ.
വിഎസിന്റെത് മാധ്യമങ്ങളും ഉപചാപകവൃന്ദവും ഉണ്ടാക്കിയ പ്രതച്ഛായയാണെന്ന വിമർശനം ഉന്നയിക്കുന്നവർതന്നെയാണ് അദ്ദേഹത്തെ ഏറെ ഭയക്കുന്നത്
വിഎസ്സിന്റെ ഏറ്റവും വലിയ ശത്രുക്കൾപോലും ജനഹിതത്തിന്റെ നേരമെത്തുമ്പോൾ വിഎസ്സിന്റെ പടം വെച്ച് പോസ്റ്ററടിക്കുന്നത് വിഎസ് എന്ന ജനനായകന്റെ കരുത്തറിയിന്നതുകൊണ്ട് തന്നെയാണ്
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 144 മണ്ഡലത്തിലും നിറഞ്ഞുനിന്ന ചത്രം വിഎസ്സിന്റേത് മാത്രമായിരുന്നു
പിണറായിയും ഉമ്മനും രമേശുമെല്ലാം മാണിയും കുഞ്ഞാലിയുമെല്ലാം എത്രയോ പിന്നിൽ
കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ജനനായകർ അത്ര സാധാരണമല്ല
നായനാരും എകെജിയുമെല്ലാം ജനനായകരായപ്പോൾ പിൻഗാമികളോ ഒപ്പം നിൽക്കാനോ ആകാതെപോയവരാണ് ഭൂരിഭാഗവും
എന്നാൽ നായനാർക്കുമുകളിൽ, എകെജിക്കൊപ്പം തന്നെയാണ് ഈ പുനപ്രസമരസേനാനിയുടെ സ്ഥാനം
പാർട്ടിയുടേത് നേരായവഴിയല്ലെന്ന തിരിച്ചറിവ് സഖാവിനുണ്ട്
പക്ഷെ കേന്ദ്രത്തിലെ അധികാരമോഹികളായ നേതാക്കൾക്ക് അത് തുറന്ന് സമ്മതിക്കാനാവില്ല, കാരണം കസേരയുറപ്പിക്കാൻ വിഎസ്സിനേക്കാൾ അവർക്കാവശ്യം മറിപക്ഷത്തെയാണ്
ബംഗാളായി ഒരുപക്ഷെ കേരളം മാറില്ലായിരിക്കാം, പക്ഷെ ശക്തമായ മുന്നറിയിപ്പ് നൽകാൻ മലയാളിക്കറിയാം
അതുകൊണ്ട് മാത്രമാണ് വിഎസ്സിനെ ശാസിച്ച് നേതൃത്വം തൃപ്തിയടയുന്നത്
മതിക്കെട്ടാനും മൂന്നാറും മെല്ലാം ഓടിചാടി കയറുന്ന ഈ മനുഷ്യന്
90 ന്റെ പഴക്കമല്ല, ചെറുപ്പമാണുള്ളത്....


Saturday, 19 October 2013

പാഠം 1: കോമരം

(50 വർഷങ്ങൾക്ക് ശേഷമുള്ള കേരളത്തിലെ സാമൂഹ്യപാഠം പുസ്തകത്തിൽ നിന്ന്)

               പാഠം 1: കോമരം

നമ്മുടെ നാടിന്റെ സംസ്ക്കാരവും വിശ്വാസവുമായി ഇടപഴകികിടക്കുന്ന ഒന്നാണ് കോമരം. വെളിച്ചപ്പാടെന്ന് നാട്ടിൻപുറങ്ങളി അറിയപ്പെടുന്ന കോമരം ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടാണ് കാണപ്പെടുന്നത്. ദേവിയുടെ പ്രതിരൂപമാണെന്ന് വിശ്വസിക്കപ്പെടുന്ന കോമരങ്ങളിലൂടെയാണത്രേ ദേവിയുടെ കൽപനക വിശ്വാസികളിലേക്ക് എത്തുന്നത്.

   കോമരം ഉറഞ്ഞുതുള്ളിയാണ് ദേവിയുടെ അരുൾപാടുക വിശ്വാസികളോട് പങ്കുവെക്കുന്നത്. ഉറഞ്ഞുതുള്ളുന്ന കോമരത്തിന്റെ കയ്യി വലിയ വാളും ചിലമ്പും കാണും. അരയി മണികെട്ടിയ അരപ്പട്ടയും കെട്ടിയിരിക്കും. സാധാരണ ചെമ്പട്ടുടുത്താണ് കോമരങ്ങ കാണപ്പെടാറ്. ചിലപ്പോഴൊക്കെ വെള്ളവസ്ത്രമായിരിക്കും വേഷം. മുടി നീട്ടി വളർത്തിയ കോമരങ്ങൾ ഉറഞ്ഞുതുള്ളുമ്പോ കയ്യിലെ വാളുകൊണ്ട് സ്വയം നെറ്റിയിലും തലയിലുമെല്ലാം വെട്ടിമുറിവേൽപ്പിക്കും. മുറിവിന്മേ മഞ്ഞപ്പൊടിയാണ് മരുന്നായി ഇടുക. ചോരയൊലിപ്പിച്ച് കണ്ണുക തുറിപ്പിച്ച് ഉറഞ്ഞുതുള്ളുന്ന കോമരങ്ങ  വിശ്വാകൾക്കിടയി ഏറെ ആദരവും വിശ്വാസവും ആർജിച്ചിരുന്നു. 

   കേരളത്തി ജീവിച്ചിരുന്ന കോമരങ്ങളി ഏറ്റവും പ്രശസ്ത ഒഞ്ചിയത്തെ ടി.പി ചന്ദ്രശേഖരനായിരുന്നു എന്നാണ് നമ്മുടെ കേരളത്തിന്റെ ഇടത് വലത് ചരിത്രം പറയുന്നത്. കേമരങ്ങളെ പോലെ ചുവപ്പിനെ നെഞ്ചോട് ചേർത്ത ടി.പി എന്ന ചുരുക്കപേരുകാരനാണ് സ്വയം വെട്ടിമുറിച്ച് മുറുകെ പിടിച്ച വിശ്വാസത്തെ കാത്തത്. ആർ.എം.പി എന്ന അമ്പലത്തിലെ കോമരമായിരുന്നു ടി.പി. 2012 മെയ് നാലിന് 51 തവണയാണ് ടി.പി സ്വയം വെട്ടിമുറിച്ചത്. കമ്മ്യൂണിസമെന്ന സാർവ്വലൗകികാശയത്തിനായി നിലകൊണ്ട ടി.പി എന്ന യഥാർത്ഥ കോമരത്തിന് ഒഞ്ചിയത്ത് ഏറെ അണികളും വിശ്വാസികളേയും കണ്ടെത്താനായി.

   51 കറുത്തവെട്ടി ആരും മഞ്ഞപ്പൊടി വിതറിയില്ല. പകരം ചതിയുടെ, നീതികേടിന്റെ മായപ്പൊടി വിതറി. ടിപിയുടെ വെട്ടുകളെ വിറ്റ് വോട്ടും കാശും പേരും പ്രശ്സ്തിയും നേടിയ വലതുതട്ടിലെ ചേകവന്മാരും ഇടതിന്റെ ചോരതിളപ്പും ഒരുപോലെ ചതിയുടെ, ചരിത്രത്തിന്റെ പുതിയ വാതായനങ്ങ തുറന്നു. അങ്ങനെ കോടതിമുറികളി സാക്ഷികളുടെ കൂട്ടമൊഴിമാറ്റം. സമരാങ്കണത്തി നിന്ന് പടകളുടെ പിന്നിറക്കം, അങ്ങനെ കമ്മ്യൂണിസ്റ്റ്കാരനായിരുന്ന, വിപ്ലവകാരിയായിരുന്ന ടി.പി കേരളത്തിലെ പ്രശസ്തനായ കോമരമായി.


   51 വെട്ടിന്റെ ആഴം വെട്ടുകൊണ്ടവനേക്കാ വെട്ടിയവനാണല്ലോ നിശ്ചയം.....