സിനിമകളെ കുറിച്ച് ഞാന്‍ എന്‍റെ ബ്ലോഗില്‍ ഇതുവരേയും എഴുതിയിട്ടില്ല. കാരണം
കുറേ കാലങ്ങളായി വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമ എന്നതരത്തിലാണ് തിയ്യേറ്ററില്‍
പോയുള്ള എന്‍റെ സിനിമ ആസ്വാദനം. നല്ല സിനിമകള്‍ ഇല്ലാത്തത് കൊണ്ട് മാത്രമാണ്
അതെന്ന് ആരും തെറ്റിധരിക്കരുത്. നേരമില്ലാത്തത് തന്നെയാണ് പ്രധാനപ്രശ്നം. പിന്നെ
നേരമുള്ളപ്പോള്‍ മനസ് ഒരു സിനിമയെ ഉള്‍ക്കൊള്ളാന്‍ പറ്റുന്ന
അവസ്ഥയിലായിരിക്കില്ല. അത്രമാത്രം
കഴിഞ്ഞ 3 വര്‍ഷത്തിനിടെ ഞാന്‍ തിയ്യേറ്ററില്‍ പോയി കണ്ടത് 10 ല്‍ താഴെ
സിനിമകള്‍ മാത്രമാണ്. മുമ്പ് എല്ലാ സിനിമകളും മുടങ്ങാതെ റിലീസിന്‍റെ അടുത്തദിവസങ്ങളില്‍
തന്നെ പോയികണ്ടിരുന്ന എനിക്കെങ്ങനെ ഇങ്ങനെ മാറാനായി എന്ന് ഞാന്‍ പലപ്പോഴും സ്വയം
ആശ്ചര്യപ്പെട്ടിട്ടുണ്ട്. ആദ്യഘട്ടങ്ങളില്‍ സിനിമയുടെ നിലവാരതകര്‍ച്ചതന്നെയായിരുന്നു
പ്രധാനമായുമ വില്ലനായത്. പിന്നെ മലയാളത്തിലും അന്യഭാഷകളിലുമൊക്കെ പരീക്ഷണ സിനിമകള്‍
വന്നപ്പോള്‍ അവയില്‍ പലതും കാണണമെന്ന് മനസുകൊണ്ട് ആഗ്രഹിച്ചിരുന്നതുമാണ്. പക്ഷെ
സാധിച്ചില്ല. ഇപ്പോള്‍ എന്തുകൊണ്ട് ഈ കുറിപ്പ് എന്നാകും? സിനിമകൊട്ടകളില്‍
നിന്ന് അകന്ന് കഴിഞ്ഞിരുന്ന കാലത്ത് മനസിലേക്ക് ഓടികയറിയ ചിലചിന്തകളാണ്
ഇതിനുപിന്നില്‍. പലതും നേരത്തെതന്നെ പലരും പങ്കുവെച്ചതാണ് എന്നറിയാം.
നിരവധി അന്യഭാഷാ ചിത്രങ്ങള്‍ കാണുന്നകൂട്ടത്തിലാണ് ഞാന്‍,
പ്രത്യേകിച്ചും തമിഴ് ചിത്രങ്ങള്‍. തമിഴ് ചിത്രങ്ങളില്‍ മൊത്തം വയലന്‍സാണെന്ന്
പൊതുവേ എല്ലാവരും നിരീക്ഷിച്ചിട്ടുള്ളതാണ്. അക്കാര്യം സത്യവുമാണ്. തമിഴന് അല്ലെങ്കില്‍
മലയാളത്തിന് പുറത്തുള്ള സിനിമാപ്രേക്ഷകന് സനിമിയെന്നാല്‍ ഒരു കംപ്ലീറ്റ് എന്‍റര്‍ടെയിനര്
തന്നെയാണ്. ജീവിതത്തിലെ അടിസ്ഥാനപ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടാനുള്ള ഒരു മാധ്യമമാണ്
അവന് സിനിമ. അവിടെ അവന് അവന്‍റെ നൊമ്പരപ്പെടുത്തുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങളെ
കാണണ്ട. മറിച്ച് കാണേണ്ടത് അടിയും തൊഴിയും പാട്ടും കൂത്തുമൊക്കെയാണ്. മനുഷ്യപറ്റില്ലാത്ത
നായകന്‍മാരാണ് അവരുടെ വീരപുരുഷന്‍മാര്‍ (മനുഷ്യപറ്റില്ലാത്തത് എന്നതുകൊണ്ടുദ്ദേശിച്ചത്.
100 ഗുണ്ടകളെ ഒറ്റക്ക് നേരിടുമ്പോളും ഒരടിപേലും സ്വന്തം ശരീരത്തില്‍
സ്വീകരിക്കാത്തവനാണ് അവിടത്തെ നായകന്‍മാര്‍, മത്രമല്ല 100 ഗുണ്ടകളേയും അടിച്ച്
ശരിപ്പെടുത്തികാണും എന്നതാണ്). ജീവിതത്തിന്‍റെ പ്രശ്നങ്ങളില്‍ നിന്ന് ഒരാശ്വാസം
തേടി തിയ്യേറ്റകളിലെത്തുമ്പോള്‍ അവിടേയും സങ്കടകഥ തന്നെയാണെങ്കില്‍ അവനെങ്ങനാ
സ്വസ്ഥത കിട്ടുന്നത്? അപ്പോള്‍ അവന് പറ്റാത്തത് അഭ്രപാളിയില്‍ നായകന്‍ ചെയ്യുമ്പോള്‍
അവനത് ആസ്വദിക്കുന്നു. അത്രമാത്രം.
ഇത് സിനിമയുടെ മാത്രം കാര്യമല്ല. തമിഴ് സീരിയലുകളും അങ്ങനെതന്നെയാണ്.
നായകനേക്കാള് തമിഴ് സീരിയലുകളില്‍ വില്ലന്‍മാര്‍ക്കാണ് ആരാധകര്‍. സീരിയലിലും കാണാം
വടിവാളും തോക്കും അനുചരന്‍മാരുമായെല്ലാം തല്ലാനും കുത്താനും നടക്കുന്ന
കഥാപാത്രങ്ങളെ. വയലന്‍സില്ലെങ്കില്‍ ഇത്തരം സീരിയലുകള്‍ക്കും തമിഴകത്ത് പിടിച്ച്
നില്‍ക്കാനാവില്ല.
തമിഴ് സിനിമകളുടെ ഈ അവസ്ഥയ്ക്ക് കാലമേറെയായെങ്കിലും ഒരു മാറ്റവും
ഉണ്ടായിട്ടില്ല.
മലയളാത്തിലാണെങ്കില്‍ സ്ഥിതി വളരെ വ്യത്യസ്ഥമാണ്. ഇവിടെ പ്രേക്ഷകനെ
കരയിപ്പിക്കലാണ് പ്രധാനഹോബി. വയനാസംസ്ക്കാരം മറ്റുള്ളവരേക്കാള്‍
കൂടുതലായതുകൊണ്ടാകും ഇവിടെ നല്ല കഥകളില്ലെങ്കില്‍ കാര്യങ്ങള്‍ ആകെ തകിടം മറിയും.
നല്ല കഥകള്‍ എന്നുപറഞ്ഞാല്‍ അതില്‍ ജീവിതമുണ്ടാകണം, അപ്പോള്‍ സങ്കടം മസ്റ്റ്. അത്
കൂടുതലായി ഉള്‍പ്പെടുത്തിയാല്‍ പ്രേക്ഷകന്‍ നന്നായി അംഗീകരിക്കും. ഇതായിരുന്നു
കുറച്ച് കാലം മുമ്പ് വരെയുള്ള അവസ്ഥ. എന്നാലിന്ന് അത് മാറിയിരിക്കുന്നു.
ന്യൂജനറേഷന്‍ സിനിമകള്‍ എന്ന പുതിയതലമുറ സിനിമകളെയാണ് ഇപ്പോള്‍ പ്രേക്ഷകന്
വേണ്ടത്. എന്ത് തട്ടിപ്പ് സിനിമയെടുത്താലും അതില്‍ ചുടുചുംബനമോ കിടപ്പറ സീനോ ഉള്‍പ്പെടുത്തിയാല്‍
മതി പടം പുതുതലമുറയുടേതായി. ഒപ്പം സ്ത്രീകളുമൊത്തുള്ള കള്ളുകുടിയും കോഫി ഡേ
ചാറ്റും സമം ചേര്‍ക്കണമെന്നുമാത്രം. കഥ എന്ത് കൂതറയായാലും അഭിനേതാക്കള്‍ അഞ്ചാം
ക്ലാസില്‍ നാടകം അവതരിപ്പിക്കുന്നവരുടെ നിലവാരത്തിലുള്ളവരാണെങ്കിലും ഒരു
പ്രശ്നവുമില്ല. യൂത്തന്‍മാരെ പിടിച്ചിരുത്താന്‍ ചൂടന്‍ രംഗങ്ങള്‍ക്കും തട്ടുപൊളിപ്പന്‍
റോക്ക് സംഗീതത്തിനും സാധിക്കും. കഥാ തന്തുവും പാത്രാവതരണവുമൊന്നും അവര്‍ക്കൊരുപ്രശ്നവുമല്ല.
ഇതിനിടയിലും നല്ല സിനിമകള്‍ ഉണ്ടാകുന്നുണ്ട്. ട്രാഫിക്ക്, പ്രണയം,ഭ്രമരം,
പ്രാഞ്ചിയേട്ടന്‍, ഗ്രാന്‍റ് മാസ്റ്റര്‍ പോലുള്ള മികച്ച ചിത്രങ്ങള്‍ ഈ കാലയളവില്‍
തന്നെയാണ് ഉണ്ടായത് എന്നുമറക്കുന്നില്ല. കാര്യമായി ഒരു സന്ദേശവും
പങ്കുവെക്കാനില്ലായിരുന്നുവെങ്കിലും ഇന്ത്യന്‍ റുപ്പിയും സാള്‍ട്ട് ആന്റ് പെപ്പറും
മികച്ച പടങ്ങള്തന്നെയാണ്. സംശയമില്ല.
ഏകശിലയെന്ന തരത്തിലായിരുന്നു കുറേകാലമായി മലയാള സിനിമ. എന്നാലിപ്പോള്‍
അവയ്ക്കെല്ലാം മാറ്റംവന്നിരിക്കുകയാണ്. ബഹുശിലാതത്വമാണ് ഇപ്പോള്‍ മലയാളത്തിലും.
നേരത്തെ ഹിന്ദിചിത്രങ്ങളിയാരുന്നു ഈ തതന്ത്രം വ്യാപകമായി
പ്രയോഗിക്കപ്പെട്ടിരുന്നത്. മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ ഒരുക്കുന്നതിന്
പിന്നിലുള്ളത് കച്ചവടതന്ത്രം തന്നെയാണ്. എല്ലാതാരങ്ങള്‍ക്കുമുള്ള ഫാന്‍സ്
അസോസിയേഷന്‍മാത്രം വിചാരിച്ചാല്‍ സിനിമ കൂതറയാണെങ്കിലും മുടക്കുമുതല്‍ തിരിച്ചുപിടിക്കാമല്ലോ? അതാകണം
കാര്യമായി ഒന്നും ചെയ്യാനില്ലെങ്കിലും ഒന്നിലധികം നായകന്‍മാര്‍ ഒരുമിച്ച്
അണിനിരക്കുന്നത്. മള്‍ട്ടിസ്റ്റാര്‍ ച്ത്രങ്ങളില്‍ അഭിനയിക്കാന്‍ സ്ഥിരം നായകന്‍മാരാണ്
എന്നതും കൂടി ഓര്‍ക്കുക.
വിദേശ ഭാഷാ സിനിമകളില്‍ നിന്ന് വള്ളിപുള്ളി വെട്ടാതെ അടിച്ചുമാറ്റിയ മലയാളത്തിലെ സമീപകാല
ഹിറ്റുകളെ കുറിച്ച് മൗനം അവലംബിക്കുന്നത് മനപൂര്‍വ്വമാണ്. കാരണം വിദേശത്ത്
അങ്ങനെയുള്ള സിനിമകള്‍ ഉണ്ടായിരുന്നുവെന്നത് ഭൂരിഭാഗത്തിന് മനസിലാക്കി തന്നത് ആ
മോഷ്ടാക്കളല്ലേ? (വെറുമൊരു മോഷ്ടാവായ എന്നെ നിങ്ങള്‍ കള്ളനെന്നു വിളിച്ചില്ലോ
എന്ന് പണ്ടൊരു കവി ചോദിച്ചതുകൊണ്ട് മാത്രം കള്ളനെന്നുവിളിച്ച് അവരെ
ആക്ഷേപിക്കുന്നില്ല). അതിന് അവരോട് നന്ദിമാത്രം രേഖപ്പെടുത്തുന്നു.
സിനിമകള്‍ വിജയിച്ചാലും ഇല്ലെങ്കിലും മിക്ക വെള്ളിയാഴ്ച്ചയും ഒരു പടമെങ്കിലും നമ്മള്‍
പ്രേക്ഷകരെ തേടിയെത്തുന്നുണ്ട്. കഥയെന്തായാലും പുതുതലമുറ പടമെന്ന ലേബലൊട്ടിച്ചാല്‍
ഇവിടെ പലതും നടക്കുമെന്ന അവസ്ഥ തിരിച്ചറിയുന്നുണ്ട് നമ്മുടെ വിഖ്യാതരായ പല
സംവിധായകരുമെന്നതാണ് സത്യം.
.................................
NB:
ഇതെന്‍റെ മാത്രം വിചാരങ്ങളാണ്.
വിയോജനകുറിപ്പുകള്‍ രേഖപ്പെടുത്താം. സെന്‍സര്‍ ചെയ്യില്ല