Friday, 18 March 2011

ഒരു പോലീസ് പീഢനത്തിന്‍റെ കഥ


മൂന്ന് പതിറ്റാണ്ടോളം പഴക്കമുള്ള ഒരു സംഭവകഥയാണ് ഇത്. അടിയന്തരാവസ്ഥാകാലത്തും അതിനുശേഷവും  ഏറെ ചര്‍ച്ചചെയ്യപ്പെട്ട പോലീസ് പീഢനത്തിന്‍റെ മറ്റൊരു കഥ, അധികാരമുള്ളവനും കയ്യൂക്കുള്ളവനും ചേര്‍ന്ന് സാധാരണക്കാരനെ തല്ലിചതച്ച കഥയാണ് ഇത്. മലയാളികള്‍ക്ക് ഏറെ പരിചിതരാണ് ഈ സംഭവകഥയിലെ വില്ലന്‍മാരും. അടിയന്തരാവസ്ഥകാലത്ത് യുവാക്കളുടെ പേടിസ്വപ്നമായിരുന്ന പുലിക്കോടന്‍ നാരായണനാണ് ഇതിലേയും മുഖ്യവില്ലന്‍. സഖാവ് വര്‍ഗീസ് വധകേസിലെ കുറ്റക്കാരെ നാല് പതിറ്റാണ്ടിന് ശേഷം നിയമത്തിന് മുന്നില്‍ എത്തിയതുപോലെ ഈ പോലീസ് ക്രൂരതയിലെ കുറ്റക്കാരും നീണ്ടകാത്തിരിപ്പിനൊടുവില്‍ നിയമത്തിന് മുന്നിലെത്തുകയാണ്.

സംഭവം ഇങ്ങനെ....

1983 മെയ് മാസം 20 -ാം തിയ്യതി. പന്തല്ലൂര്‍ ടൗണിലെ കുഞ്ഞികണ്ണന്‍ ടെക്സ്റ്റൈല്‍സിനുമുന്നില്‍ മെറ്റഡോര്‍ വാനില്‍ വന്ന് ഭാര്യാപിതാവിന്‍റെ സുഹൃത്തായ പുലികോടന്‍ നാരായണനും സംഘവും വന്നിറങ്ങുമ്പോള്‍ ജയരാജന് അതില്‍ അസ്വഭാവികമായി ഒന്നും തോന്നിയില്ല. ബുദ്ധിവികാസമില്ലാത്ത ഭാര്യയുമായുള്ള ബന്ധത്തിലെ താളപിഴ സംസാരിച്ച് പരിഹരിക്കാനായി ഭാര്യാപിതാവിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് തങ്ങള്‍ എത്തിയതെന്ന് പുലിക്കോടന്‍ പറഞ്ഞപ്പോള്‍ മറിച്ച് ചിന്തിക്കാന്‍ ജയരാജനും ആയില്ല. അടിയന്തരാവസ്ഥ കാലത്തെ മലബാറിലെ ചെറുപ്പക്കാരുടെ പേടിസ്വപ്നമായിരുന്നു പുലിക്കോടന്‍ നാരായണന്‍ എന്ന പോലീസുകാരന്‍. ചെറുപ്പക്കാരുടെ മുടിമുറിക്കാന്‍ ലൈസെന്‍സെടുത്ത പുലിക്കോടന്‍റെ പേര് ഇന്നും പേടിയോടെ മാത്രമേ പലര്‍ക്കും ഓര്‍ക്കാന്‍ പറ്റു. കടയിലുന്ന് സംസാരിക്കേണ്ട വീട്ടിലിരുന്നാകാം എന്ന് പറഞ്ഞപ്പോള്‍ തന്‍റെ കടയിലെ തയ്യല്‍ക്കാരനായ കാളിയ പെരുമാളിനേയും ജയരാജന്‍ കൂട്ടി വാനില്‍ കയറി. വെറും 25 മീറ്റര്‍ മാത്രം അകലെയുള്ള വീട്ടിലേക്ക് പോകാനായി അന്ന് കണ്ണൂര്‍ സിഐ ആയിരുന്ന പുലിക്കോടനും തലശ്ശേരി സിഐ ആയിരുന്ന ശ്രീസുഗനും മറ്റ് രണ്ട് പോലീസുകാരും വാനില്‍ കയറാന്‍ ആവശ്യപ്പെട്ടപ്പോഴും ജയരാജന്‍റെ മനസില്‍ പ്രശ്നങ്ങള്‍ പറഞ്ഞ് പരിഹരിക്കാനാണ് എത്തിയതെന്ന വിശ്വസമായിരുന്നു. പക്ഷെ വീടെത്തിയിട്ടും വാന്‍ നിര്‍ത്താതെ മുന്നോട്ട് പോയപ്പോള്‍ ചോദ്യം ചെയ്യാന്‍ ശ്രമിച്ച ജയരാജനെ പുലിക്കോടന്‍ തലക്ക് അടിച്ചു, പിന്നാലെ കാളിയ പെരുമാളിനേ ശ്രീസുഗനും മര്‍ദ്ദിക്കാന്‍ തുടങ്ങി. 28 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ആ സംഭവം ഇപ്പോഴും കണ്ണുനിറയാതെ ഓര്‍ക്കാന്‍ ജയരാജിന് ആകില്ല.

സംഭവത്തിലേക്ക് നയിച്ച ജയരാജന്‍റെ കുടുംബപ്രശ്നം ഇങ്ങനെ.
ബുദ്ധിവൈകല്യം ഉള്ളകാര്യം മറച്ച് വെച്ച് മകളെ ജയരാജനെ കൊണ്ട വിവാഹം കഴിപ്പിക്കുകയായിരുന്നു കണ്ണൂര്‍ തലശ്ശേരി സ്വദേശി സി.ടി ഭാസ്ക്കരന്‍      . ഭാര്യയുടെ അസുഖത്തെ കുറിച്ചറിഞ്ഞ് ചോദിച്ചപ്പോള്‍ കൃത്യമായ മറുപടി നല്‍കാതെ ഭാര്യാപിതാവ് കുറേകാലം ജയരാജനെ കളിപ്പിച്ചു. രണ്ട് വര്‍ഷത്തോളം സഹിച്ച് ജീവിച്ച് ഒടുവില്‍ സഹിക്കവയ്യാതെയായപ്പോള്‍ വിവാഹമോചനം ആവശ്യപ്പെട്ട് ജയരാജന്‍ ഭാര്യ റീനയെ അവളുടെ വീട്ടില്‍ കൊണ്ടുചെന്നാക്കി. ഇത് സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ പറഞ്ഞ് തീര്‍ക്കാനാണ് പുലിക്കോടനും സംഘവും പന്തല്ലൂരില്‍ ജയരാജനെ തേടിയെത്തിയത്.

ഇരുവരേയും തട്ടികാണ്ട് പോയ സംഘം നേരെ പോയത് ഊട്ടിയിലേക്കാണ്. അവിടെ  ബാങ്കിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന റീനയുടെ 25 പവന്‍ സ്വര്‍ണവും പുലിക്കോടനും സംഘവും ഭീഷണിപ്പെടുത്തി കൈക്കലാക്കി. പിന്നീട് രാത്രിയോടെ  തിരിച്ച് പന്തല്ലൂരില്‍ എത്തിയ പുലിക്കോടനും സംഘവും ജയരാജിനോട് കടയില്‍ നിന്ന് അന്നത്തെ കളക്ഷനും ഒരു ലക്ഷം രൂപയുടെ ചെക്കും നല്‍കാന്‍ ആവശ്യപ്പെട്ടു. പന്തല്ലൂരില്‍ എത്തിയപ്പോഴേക്കും ജയരാജിനേയും കാളിയപെരുമാളിനേയും കാണാതായി തിരച്ചില്‍ തുടങ്ങിയ നാട്ടുകാര്‍ പകല്‍മുഴുവന്‍ നീണ്ട തിരച്ചിലിനൊടുവില്‍ പരാതിയുമായി സ്റ്റേഷനിലും എത്തിയിരുന്നു. ഇതിനിടെയാണ് പുലിക്കോടനും സംഘവും രാത്രി വീണ്ടും കടയുടെ മുന്നിലെത്തിയത്. നാട്ടുകാര്‍ വാന്‍ വളഞ്ഞ് ജയരാജിനേയും കാളിയ പെരുമാളിനേയും മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു. അപകടം മണത്ത പുലിക്കോടന്‍ ആളുകളെ ഇടിച്ചുതെറിപ്പിച്ച് വാഹനം മുന്നോട് എടുക്കാന്‍ ഡ്രൈവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നാട്ടുകാര്‍ വാഹനം തടയാന്‍ ശ്രമിച്ചെങ്കിലും രണ്ടുപോരെ ഇടിച്ച് തെറിപ്പിച്ച് വാഹനം മുന്നോട്ട് പോയി. വാനിനെ ലോറിയിലും ജീപ്പിലുമായി പിന്തുടര്‍ന്ന നാട്ടുകാര്‍ തമിഴ്നാട് അതിര്‍ത്തിയായ ചോലാടിയിലെ ചെക്പോസ്റ്റില്‍ വച്ച് വാന്‍ തടഞ്ഞുനിര്‍ത്തി ജയരാജിനേയും കാളിയപെരുമാളിനേയും ബലമായി മോചിപ്പിച്ചു. തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ പുലിക്കോടനടക്കം നിരവധിപേര്‍ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ചേരമ്പാടിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപെട്ടെങ്കിലും ഫയര്‍ഫോഴ്സിലെ ചിലരെ സ്വാധീനിച്ച് രാത്രിക്ക് രാമാനം പുലിക്കോടനും സംഘവും ആംബുലന്‍സില്‍ ഒളിച്ചുകടന്നു.

അന്നത്തെ മര്‍ദ്ദനത്തില്‍ തലച്ചോറിന് കാര്യമായ പരിക്കേറ്റ ജയരാജ് പിന്നീട് ദീര്‍ഘകാലം ചികിത്സയിലായിരുന്നു. തന്‍റെ മുതലാളി വിലക്കിയതിനാല്‍ മാത്രമാണ് താന്‍ മര്‍ദ്ദനമേറ്റിട്ടും രക്ഷപ്പെടാന്‍ അവസരമുണ്ടായിരുന്നിട്ടും അതിന് മുതിരാതിരുന്നതെന്ന് ടൈലര്‍ കാളിയപെരുമാള്‍ പറയുന്നു. ദിവസം മുഴുവന്‍ നീണ്ടുനിന്ന മര്‍ദ്ദനത്തിനിടെ തങ്ങള്‍ ജീവനോടെ ഇത് പറയാന്‍ ഉണ്ടാകുമെന്ന് ഇരുവരും കരുതിയിരുന്നില്ല.

വര്‍ഷങ്ങള്‍ നീണ്ട കോടതി വ്യവഹാരങ്ങളായിരുന്നു പിന്നീട്. ഗൂഡലൂര്‍ കോടതി, ഊട്ടി സെഷന്‍സ് കോടതി, കേരള ഹൈക്കോടതി, മദ്രാസ് ഹൈക്കോടതി, സുപ്രീം കോടതി അങ്ങനെ കോടതികള്‍ പലതും കയറിയിറങ്ങി ജയരാജനും കാളയപെരുമാളുമൊക്കെ. ഇതിനിടെയിലും ശക്തരായ പുലിക്കോടനും ശ്രീസുഗനും അധികാരമുപയോഗിച്ച് ജയരാജന്‍റെ വീട്ടുകാരേയും ഇടയ്ക്കിടെ ഉപദ്രവിച്ച് കൊണ്ടേയിരുന്നു.  കേരളപോലീസ് തമിഴ്നാട്ടില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തുകയായിരുന്നുവന്ന് സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിയ ദേവാല സി ഐ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട്  സമര്‍പ്പിച്ചു. എന്നാല്‍ കേരളത്തിലെ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തന്നെ തമിഴ്നാട് സര്‍ക്കാരുമായി ചേര്‍ന്ന് ഈ കേസ് ഉപേക്ഷിക്കാനും ഒരുഘട്ടത്തില്‍ ധാരണയിലെത്തി. എന്നാല്‍ കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന ഹൈക്കോടതി വിധിയാണ് ജയരാജന് പിന്നീട് പിടിവള്ളിയായത്.

ഒടുവില്‍ 27 വര്‍ഷങ്ങള്‍ക്ക് ശേഷം കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപെട്ടെങ്കിലും ഇതുവരേയും പ്രതികളായ പുലിക്കോടനും ശ്രീസുഗനും മറ്റ് 3 പോലീസുകാര്‍ക്കും കോടതി സമന്‍സ് അയച്ചിട്ടില്ല. ഇതും ഇവരുടെ സ്വാധീനത്തിന്‍റെ ഫലമാണെന്ന് ഇവര്‍ സംശയിക്കുന്നു. ഇതിനെതിരെ ഊട്ടി സെഷന്‍സ്കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലാണ് വാദിഭാഗം.

ഊട്ടിയിലെ ബാങ്ക് ലോക്കറില്‍ നിന്ന് കൈവശപ്പെടുത്തിയ സ്വര്‍ണം സംഘര്‍ഷത്തിനിടെ ആരോ തട്ടിയെടുത്തുവെന്നാണ് പുലിക്കോടന്‍റെ വാദം, എന്നാല്‍ അതിപ്പോഴും പുലിക്കോടന്‍റെ കയ്യിലുണ്ടെന്ന് ജയരാജന്‍ പറയുന്നു.

ജയരാജന്‍റെ വക്കാലത്തെടുത്ത പ്രശസ്ത അഭിഭാഷകന്‍ ടി പി  കേളു നമ്പ്യാരേയും കേസിന്‍റെ ഒരുഘട്ടത്തില്‍ പ്രതികള്‍ സ്വാധീനിച്ചുവത്രേ. ജയരാജിന് ക്രൂരമായ മര്‍ദ്ദനമേറ്റതിന്‍റെ ഫലമായാണ് തലച്ചോറിന് കാര്യമായ പരിക്ക് പറ്റിയതെന്ന മെഡിക്കല്‍ സര്‍ട്ടീഫിക്കറ്റ് ഇദ്ദേഹത്തെ സ്വാധീനിച്ച് പ്രതികള്‍ കൈക്കലാക്കിയെന്ന് ജയരാജ്  പറയുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ട് മടക്കി ആവശ്യപ്പെട്ടപ്പോള്‍ അതിന്‍റെ ആവശ്യമില്ലെന്നും അത് കളഞ്ഞുപോയെന്നുമായിരുന്നത്രേ കേളു നമ്പ്യാരുടെ മറുപടി. ഈ മെഡിക്കല്‍ റിപ്പോര്‍ട്ട് കോടതിയില്‍ വക്കീല്‍ ഹാജരാക്കിയില്ല എന്നുമാത്രമല്ല, ലക്ഷങ്ങള്‍ വക്കീല്‍ ഫീസായി കൈപ്പറ്റിയശേഷം വക്കീല്‍  വൈകാതെ തന്നെ വക്കാലത്ത് ഒഴിയുകയും ചെയ്തു...!!!
പണവും കയ്യൂക്കുമുള്ളവന്‍ എങ്ങനെ കേസുകള്‍ അട്ടിമറിക്കുന്നുവെന്നതിന്‍റെ ദൃഷ്ടാന്തമാണിത്.
സമീപകാലചരിത്രം....

ശ്രീസുഗനിപ്പോള്‍ ഉത്തരമേഖല വിജിലന്‍സ് എസ് പി യാണ്. കേസിലെ മറ്റ് പ്രതികളായ രവീന്ദ്രനും സുകുമാരനും പോലീസ് സര്‍വ്വീസില്‍ നിന്ന് വിരമിച്ചു . എസ് പി യായി സര്‍വ്വീസില്‍ നിന്ന് വിരമിച്ച പുലിക്കോടനിപ്പോള്‍ ആത്മീയതയുടെ പാതയിലാണ്.  ജയരാജനാകട്ടെ അന്നത്തെ മര്‍ദ്ദനം ഏല്‍പ്പിച്ച രോഗങ്ങളില്‍ നിന്ന് മെല്ലെ കരകയറുന്നു. പണ്ടുണ്ടായിരുന്ന കച്ചവടസ്ഥാപനങ്ങളും സ്ഥലങ്ങളുമെല്ലാം വിറ്റ് കേസുനടത്തി എല്ലാം നഷ്ടമായ ജയരാജനിപ്പോള്‍ പന്തല്ലൂരില്‍ ചെറിയ ഒരു തുണിക്കടയുമായി കഴിയുന്നു.  ഇപ്പോഴും കേരളത്തിലേക്ക് വരാന്‍ ജയരാജിന് പേടിയാണ്.  പ്രായമേറെയായ കാളിയപെരുമാള്‍ ഇപ്പോള്‍ സ്വന്തമായി തയ്യല്‍കടയിട്ട്  ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നു.

വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടെങ്കിലും നക്സല്‍ വര്‍ഗ്ഗീസ് കേസിലുണ്ടായതുപോലെ തങ്ങള്‍ക്കും നീതി ലഭിക്കുമെന്ന വിശ്വാസത്തിലാണ് ജയരാജനും കാളിയപെരുമാളുമെല്ലാം. നീതിദേവതയുടെ കണ്ണ് എല്ലാകാലത്തും അടച്ചുവെയ്ക്കാന്‍ ആര്‍ക്കും ആവില്ലെന്ന് ഇവര്‍ ഉറച്ച് വിശ്വസിക്കുന്നു.
കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്ന് നമുക്കും പ്രതീക്ഷിക്കാം.....

No comments:

Post a Comment