Monday, 7 June 2010

ഉടയുന്ന മണ്‍പാത്രങ്ങള്‍....

കളിമണ്‍ പാത്രങ്ങള്‍ ഒരിക്കല്‍ നമ്മുടെ അടുക്കളകളിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നായിരുന്നു. മത്സ്യകറിവെക്കുകയാണെങ്കില്‍ അത് മണ്‍കലത്തില്‍ വെക്കണമെന്ന് പഴയ ആളുകള്‍ പറയുമായിരുന്നു. എങ്കിലത്രേ അതിന്‍റെ രൂചി ലഭിക്കുവത്രേ, അത് അന്തകാലത്തിന്‍റെ കഥ.


കളിമണ്ണില്‍ കവിത രചിക്കുന്നവര്‍ക്ക് പക്ഷെ ഇന്ന് പറയാനുള്ളത് കണ്ണീരിന്‍റെ കഥയാണ്. നമ്മുടെയെല്ലാം അടുക്കളയില്‍ ഒരുകാലത്ത് കഞ്ഞി തിളച്ചിരുന്ന മണ്‍കലങ്ങളും കറിപാത്രങ്ങളുമെല്ലാം സ്റ്റീല്‍ പാത്രങ്ങള്‍ക്ക് വഴിമാറിയപ്പോള്‍ ദുരിതത്തിലായത് മണ്‍പാത്രനിര്‍മാണ തൊഴിലാളികളാണ്. ഒരിടവേളയ്ക്ക് ശേഷം മണ്‍പാത്രങ്ങള്‍ക്ക് വീണ്ടും ആവശ്യക്കാര്‍ ഉണ്ടായിതുടങ്ങിയതാണ്. പക്ഷെ, മണ്ണിന്‍റെ മാന്ത്രികതയില്‍ പിറവിയെടുക്കുന്ന മണ്‍പാത്രനിര്‍മാണത്തിന് ഭാവനയും കരവിരുതും മാത്രം പോര. അവശ്യസാമഗ്രികളായ കളിമണ്ണും വിറകും പുല്ലും വെള്ളവുമെല്ലാം ആവശ്യത്തിന് വേണം. നമ്മുടെ നാട്ടിലാണോ മണ്ണിനും വിറകിനുംമറ്റും ക്ഷാമമെന്ന് ചിലപ്പോള്‍ നാം ചോദിച്ചേക്കാം. എന്നാല്‍ ഇവയ്ക്കാണ് ഇന്ന് ഏറെ ക്ഷാമമെന്ന് കുമ്പാരന്‍മാര്‍ പറയുന്നു. വയനാട്ടിലെ കുമ്പാരന്‍മാര്‍ നേരത്തെ കല്‍പറ്റയില്‍ നിന്നാണ് മണ്ണ് എത്തിച്ചിരുന്നത്. എന്നാല്‍ ഇന്ന് ഇവിടെനിന്ന് മണ്ണ് ലഭിക്കാനില്ല, മാത്രവുമല്ല, പലയിടത്തുനിന്നും മണ്ണ് ഖനനംചെയ്ത് എടുക്കുന്നതിന് സറ്റേയും നിലനില്‍ക്കുന്നുണ്ട്. മണ്പാത്രനിര്‍മാണത്തിന് മണ്ണ് മാത്രമാണ് അസംസ്കൃതവസ്തു എന്നതിനാല്‍ മണ്ണ് ലഭിക്കാതെ ഒന്നും നടക്കില്ല. ഇതിനുപുറമേയാണ് മണ്ണിന്‍റെ വില. ഒരു ലോഡിന് 10000 ത്തിലേറെ രൂപയാണ് ഈടാക്കുന്നത്. എന്നാല്‍ അവശ്യവസ്തുക്കളുടെയും പണിക്കാരുടേയുംലഭ്യതകുറവ് പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്ന് ഇവര്‍ ചൂണ്ടികാട്ടുന്നു. ഇവയ്ക്കെല്ലാംപുറമേ, മഴക്കാലം കൂടിഎത്തിയതോടെ നിര്‍മാണം നടത്താനാവാത്ത അവസ്ഥയിലാണ് കുമ്പാരന്‍മാര്‍. നിര്‍മിച്ചമണ്‍കലങ്ങള്‍ വെയിലത്ത് വച്ച് ഉണക്കിയെടുത്തശേഷം വേണം ചൂളയില്‍ വെച്ച് വേവിച്ചെടുക്കാന്‍.
പുതുതലമുറയില്‍പെട്ടവര്‍ ഈ പണിക്ക് വരുന്നില്ലെന്ന് മുതിര്‍ന്നവര്‍ പറയുന്നു. ഒരുമാസംവരെ നീണ്ടഅധ്വാനത്തിന് ഒടുവില്‍ ലഭിക്കുന്ന കൂലി പ്രതിദിനം ഏകദേശം 150 രൂപമത്രമാണ്. അതേസമയം ദിവസകൂലിക്ക് പോവുകയാണെങ്കില്‍ ഇതിന്‍റെ ഇരട്ടിലഭിക്കും. മാത്രവുമല്ല, മണ്ണ് കുഴച്ച് കറങ്ങുന്ന അച്ചില്‍വച്ച് നിര്‍മിച്ച മണ്‍പാത്രങ്ങള്‍ ചൂളയില്‍ വെച്ച് വേണം വേവിച്ചെടുക്കാന്‍. അബദ്ധത്തില്‍ ചൂളയുടെ ചൂട് കൂടി ചൂളപൊട്ടിപോയാല്‍ എല്ലാം തീര്‍ന്നു. അതുവരെ അധ്വാനിച്ചതെല്ലാം വെറുതെയാകും. അതിനാല്‍ തന്നെ റിസ്ക്ക് എടുക്കാന്‍ ഇന്നത്തെ തലമുറതയ്യാറാകുന്നുമില്ല. എന്നാലും ചിലരുണ്ട്. തങ്ങളുടെ കുലതൊഴില്‍ നിര്‍ത്താന്‍ താല്‍പര്യമില്ലതെ എല്ലാം സഹിച്ച് മണ്ണില്‍ രൂപങ്ങളും പാത്രങ്ങളും ഉണ്ടാക്കുന്നവര്‍.
സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഇവരേയും ഇവരുടെ തൊഴിലിനേയും സംരക്ഷിക്കാന്‍ വേണ്ട കാര്യമായ പദ്ധതികള്‍ ഒന്നുമില്ല. പുതുതലമുറകൂടി മുഖം തിരിഞ്ഞ് നില്‍ക്കുന്നതോടെ തങ്ങളെ കുലതൊഴില്‍ പൊട്ടിപോയ മണ്‍കലം പോലെ തങ്ങളോട് കൂടി മണ്ണടിയുമെന്ന് മുതിര്‍ന്നവര്‍ ആശങ്കപ്പെടുന്നു.
പണ്ട് ഉണ്ടാക്കുന്ന കലങ്ങള്‍ കൊട്ടയില്‍ ചുമന്ന് വീട് വീടാന്തരം കയറി നടന്ന് വിറ്റിരുന്നുവെങ്കിലും ഇന്നത് അന്യമായികഴിഞ്ഞു. പകരം കടകള്‍ വഴിയാണ് ഇപ്പോള്‍ കച്ചവടം.മണ്‍പാത്രങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന വിലയും തുച്ചമാണെന്ന് ഇവര്‍പറയുന്നു. അധ്വാനത്തിന്‍റെ പകുതിപോലും വിലയായി മണ്‍പാത്രങ്ങള്‍ക്ക് നല്‍കാന്‍ ഉപഭോക്താവ് തയ്യാറാകുന്നില്ലെത്രേ. വിലകേള്‍ക്കുമ്പോള്‍ അത്രയും കൂടുതലോ എന്ന് ആശ്ചര്യപ്പെടുന്നവരാണ് ഭൂരിഭാഗവും. ഇവരോട് ഇവര്‍ക്ക് പറയാനുള്ളത് ഒന്ന് മാത്രം. ഇവ ഒരു കമ്മട്ടത്തില്‍ വാര്‍ത്തെടുക്കുന്നതല്ല. കൈകൊണ്ട് കഠിനാധ്വാനം ചെയ്ത് നിര്‍മിക്കുന്നതാണ്....