Monday, 21 September 2009

ആഘോഷമാകുന്ന മരണങ്ങള്‍

മരണങ്ങള്‍ എങ്ങനെയാണ് ആഘോഷമാകുക...?
ഒരുപക്ഷെ ശീര്‍ഷകം കണ്ടപ്പോള്‍ നിങ്ങളുടെ മനസിലേക്ക്
ആദ്യം ഓടിയെത്തിയത് ഈ ചോദ്യമായിരിക്കാം.
ആരും ഒന്ന് ചിന്തിച്ച്പോകും.
ശരിയാണ്, മരണം ഒരിക്കലും ഒരു ആഘോഷമല്ല.
മരണം മാത്രമല്ല, വേദനപകരുന്ന ഒന്നും ആഘോഷമല്ല.
പിന്നെ...?

കഴിഞ്ഞകുറച്ച് നാളുകളായി നമ്മുടെ കൈരളിക്ക് നഷ്ടത്തിന്‍റെ നാളുകളായിരുന്നു.
പ്രശസ്തരായ നിരവധി എഴുത്തുകാരേയും സിനിമാതാരങ്ങളേയും രാഷ്ട്രീയകാരേയുമാണ്
മലയാളത്തിന് പൊഴിഞ്ഞ് വീണദിനങ്ങളിലായി നഷ്ടമായത്.
അപ്രശസ്തരായ നിരവധി പേര്‍ വേറെയും...

എന്നാല്‍, ഇപ്പോള്‍ എല്ലാമരണങ്ങളുമല്ലെങ്കിലും
ചിലതെങ്കിലും ഒരു ആഘോഷമാണ്.
മരിക്കുന്നത് സാസ്ക്കാരികനേതാക്കന്‍മാരോ
രാഷ്ട്രിയനേതാക്കളോ ആണെങ്കില്‍
അത് തീര്‍ച്ചയായും ആഘോഷം തന്നെയാണ്, സംശയമില്ല.
നമ്മുടെ ചാനലുകളും സാംസ്ക്കാരികവകുപ്പുംചേര്‍ന്ന്
അവ ആഘോഷമാക്കുകയാണ്.

സംശയമുള്ളവര്‍ ചാനലുകാരോട് ഒന്നുചോദിച്ച് നോക്കു.
ഉത്തരം അവര്‍ തരും.
അതുമല്ലെങ്കില്‍ സാംസ്ക്കാരിക വകുപ്പിനോട് ചോദിക്കു.
ഒരു പ്രമുഖന്‍ മരിച്ചാല്‍ ആ മരണം എങ്ങനെ ആഘോഷമാക്കാം എന്നതാണ്
എല്ലാവരുടേയും ചിന്ത.

മരിച്ചത് കലാകാരനാണെങ്കില്‍ ഭൗത്കശരീരവും വഹിച്ചുള്ള
വിലാപയാത്ര ഒരു സാംസ്ക്കാരികഘോഷയാത്രയാക്കിമാറ്റാന്‍
സാസ്ക്കാരികവകുപ്പ് റെഡി.
ചടങ്ങുകള്‍ക്ക് മോഡികൂട്ടാന്‍ ഔദ്യോഗികബഹുമതിയും ഉണ്ടാകും.

ഭൗതികശരീരം കുളിപ്പിച്ച് പൊതുദര്‍ശനത്തിനുവെയക്കുന്നത് വരെയുള്ള കാര്യങ്ങളും
സംസ്ക്കാരവും ചാനലുകള്‍ക്ക് വിട്ടേക്കുക.
മൂന്നും നാലും ക്യാമറകളുമായി അത് ലൈവ് ആഘോഷമാക്കാന്‍ അവര്‍ റെഡി.
ഇനിയുമുണ്ട് താരങ്ങള്‍.
പരേതന്‍റെ കുട്ടിക്കാലം മുതല്‍ മരണംവരെ
ഓര്‍മയിലേക്ക് ഊളിയിട്ട് കണ്ണീര്‍ പൊഴിച്ച്
കഥപറയാനായി ക്യമറകള്‍ക്കുമുന്നില്‍ തിരക്ക്കൂട്ടുന്നവര്‍...

ഇവയെല്ലാം മരണത്തിന്‍റെ ആഘോഷിക്കേണ്ടവശങ്ങളാണ്.
അതെ, എല്ലാം ആഘോഷമാകുന്ന ഈ പുതിയകാലത്ത്
മരണവും ആഘോഷം തന്നെ.

അല്ലെങ്കില്‍ തന്നെ നമ്മള്‍ മാത്രമല്ലേ
മരണത്തെ കരഞ്ഞ്കൊണ്ട് വരവേല്‍ക്കുന്നത്?
തമിഴന്‍ പാട്ടും കൂത്തുമായല്ലേ മൃതദേഹത്തെ
ചുടലപറമ്പിലേക്ക് എടുക്കുന്നത്.
സായിപ്പന്‍മാര്‍ ഷാംപെയിനും വൈനും കുടിച്ചും തിന്നുമാണ്
വീടുതേടിയെത്തുന്നമരണത്തെ ആഘോഷിക്കുന്നത്..
നമുക്കും ആഘോഷിക്കാം,
ഓരോ മരണത്തേയും....


കുറിപ്പ്:- നേരത്തെ യാത്രയായ പ്രമുഖരെല്ലാം മണ്ടന്‍മാരാ അല്ലേ..
നേരത്തെ മരിച്ചത്കൊണ്ടല്ലേ സാംസ്ക്കാരികവിലാപയാത്രയും
ലൈവ് കവറേജുമെല്ലാം അവര്‍ക്ക് നഷ്ടമായേ....!!!!