മൂന്നാറിലെ തോട്ടം മേഖലയിൽ നാമമാത്രമായ കൂലിക്ക് തൊഴിലെടുക്കേണ്ടിവന്ന വനിതകൾ കൂലി കൂട്ടി ചോദിച്ചും അടിസ്ഥാന സൌകര്യങ്ങൾക്കായും പെമ്പിളെ ഒരുമെ എന്നപേരിൽ സമരം നടത്തുന്നു. സമരം ദിവസങ്ങൾ പിന്നിട്ടു. മൂന്നാറിലെ തേയില തോട്ടങ്ങൾ സ്തംഭിച്ചു. പല നേതാക്കളും ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൂന്നാറിലേക്ക് ചുരം കയറാനൊരുങ്ങി. എന്നാൽ ആരും ഇങ്ങോട്ട് വരേണ്ടെന്ന് സമരം ചെയ്യുന്ന സ്ത്രീകൾ ഒറ്റനിലപാടെടുത്തു. മന്ത്രിമാരടക്കം പ്രതിസന്ധിയിലായി. എന്നാൽ ഒരു ദിവസം അയാൾ അങ്ങോട്ടേക്ക് വരുമെന്ന് പറഞ്ഞു. ആവേശത്തോടെ അദ്ദേഹത്തെ വരവേൽക്കാൻ, അദ്ദേഹത്തെ മാത്രം വരവേൽക്കാൻ, ആ സമരരത്നങ്ങൾ തയ്യാറായി. അയാളെ കാത്ത് ഒരു കസേര സമരക്കാർക്കിടയിൽ തയ്യാറായി. പതിനൊന്ന് മണിയോടെ ചുരം കയറി അദ്ദേഹമെത്തി. ആ കസേരയിൽ ഇരിപ്പുറപ്പിച്ചു. സമരത്തിന് തീരുമാനമാകാതെ എണീക്കില്ലെന്ന് ഒറ്റ പ്രഖ്യാപനമായിരുന്നു പിന്നീട്. പിന്നെ കണ്ടത് കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും വലിയ കുത്തിയിരിപ്പ് സമരമായിരുന്നു. വിഎസ് എന്ന് ചുരുക്കാക്ഷരത്തിൽ അറിയപ്പെട്ടിരുന്ന സാക്ഷാൽ വിഎസ് അച്യുതാനന്ദനായിരുന്നു ആ സമരാവേശത്തിൻറെ പേര്.
വിഎസിൻറെ നടുറോഡിലെ കുത്തിയിരിപ്പ് രാത്രിവരെ നീണ്ടു. തണുപ്പിനെ അവഗണിച്ച്, കരിക്ക് കുടിച്ച് സഖാവ് ഇരുന്നു. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി വനിത ശിശുക്ഷേമമന്ത്രി ജയലക്ഷ്മിയെ അങ്ങോട്ടേക്ക് പറഞ്ഞയച്ചു. വിഎസിന് മുന്നിൽ നിലത്ത് റോഡിലിരുന്നു മന്ത്രി. വിഎസിന് ചുറ്റുമായി മുദ്രാവാക്യവുമായി ആയിരക്കണക്കിന് തൊഴിലാളികളും .
മൂന്നാറിലെ സിപിഎമ്മിൻറെ തന്നെ പ്രബലരായ തോട്ടം തൊഴിലാളി നേതാക്കളെ മൊത്തം അകറ്റിനിർത്തിയപ്പോഴാണ് പ്രതിപക്ഷനേതാവായിരുന്ന വിഎസിന് പെമ്പിളെ ഒരുമെ സ്വീകരിച്ചത്. അതെന്തുകൊണ്ടെന്ന് നേതാക്കളോട് ചോദിച്ചപ്പോൾ കിട്ടിയ മറുപടിയിങ്ങനെ -
വിഎസ് എങ്കൾക്ക് ഉയിര്. അവുങ്ക വന്താൽ എങ്കളുക്ക് നീതി കെടക്കും...
അവരുടെ പ്രതീക്ഷ തെറ്റിയില്ല. അത്രനാളും മുഖം തിരിച്ച സർക്കാർ കൊച്ചിയിൽ സമവായ ചർച്ച വിളിച്ചു. ആവശ്യങ്ങൾ അംഗീകരിച്ചു. ഏറ്റവും സമാധാനപരമായി ദിവസങ്ങൾ നീണ്ടുനിന്ന പെൺമ്പിളൈ ഒരുമെ സമരം ഒത്തുതീർപ്പായി. മാന്യമായ വേതനം തോട്ടം തൊഴിലാളിക്ക് ലഭിച്ചു.
കേരളത്തിലെ തോട്ടം തൊഴിലാളികൾക്ക് മാത്രമായിരുന്നില്ല, സ്വകാര്യ ആശുപത്രികളിൽ ചൂഷണത്തിന് വിധേയരായിരുന്ന നഴ്സുമാർക്കടക്കം വിഎസ് പ്രതീക്ഷയായിരുന്നു. വിഎസ് ഇടപെട്ടാൽ, ഒരു സമരരംഗത്തേക്ക് വിഎസ് വരുന്നുവെന്ന് കേട്ടാൽ മാത്രം മതി ആ സമരം വിജയിച്ചുവെന്ന് ഉറപ്പിക്കാൻ. വിഎസ് ഇടപ്പെട്ടാൽ വിജയം കാണാതെ അദ്ദേഹം പിൻമാറില്ല. അതുകൊണ്ടാണ് സമരത്തിൻറെ നായകനെന്ന് വിഎസിനെ ഏവരും വിശേഷിപ്പിച്ചത്.
പുറമേയ്ക്ക് കാർക്കശ്യക്കാരനായ കമ്മ്യൂണിസ്റ്റായിരുന്നു വിഎസ്. പാർട്ടിയുടെ സംഘടനസംവിധാനത്തെ ചലിപ്പിച്ച ഏറ്റവും കർക്കശക്കാരനാരായിരുന്നുവെന്ന് ചോദിച്ചാൽ ആദ്യത്തെ പേര് വിഎസിൻറെയായിരിക്കും. കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ചോരാതെ, ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് പാർട്ടിക്കും ജനങ്ങൾക്കുമായി ജീവിച്ച് മരിച്ച സഖാവ്.
കുട്ടിക്കാലത്ത് തന്നെ അമ്മയേയും അച്ചനേയും നഷ്ടപ്പെട്ട് ജീവിതത്തിൻറെ ഇരുട്ടിലേക്ക് എടുത്തെറിയപ്പെട്ടിട്ടും തളരാതെ പോരാടി കയറിയയാളാണ് വിഎസ്. പുന്നപ്ര വയലാർ സമരത്തിനിടെ പൊലീസ് പിടിയിലായി പൊലീസിൻറെ ക്രൂര മർദ്ദനത്തിന് ഇരയായിട്ടും തളർന്നില്ല.
തിരുവിതാംകൂറില്‍ ഭരണപരിഷ്‌കാരത്തിന് വേണ്ടി നടന്ന നിവര്‍ത്തന പ്രക്ഷോഭമാണ് വി.എസിലെ രാഷ്ട്രീയക്കാരനെ കേരളത്തിന് സമ്മാനിച്ചത്. പ്രക്ഷോഭത്തിന്റെ ഭാഗമായി അദ്ദേഹം 1938-ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ അംഗമായി. പിന്നീട് തൊഴിലാളി സംഘടനകളിലേക്കും പുരോഗമന പ്രസ്ഥാനങ്ങളിലേക്കും തന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കിയ വി.എസ്. 1940-ലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാകുന്നത്. സഖാവ് പി.കൃഷ്ണപിള്ളയാണ് വി.എസിന്റെ രാഷ്ട്രീയഗുരു. അദ്ദേഹമാണ് വിഎസിലെ രാഷ്ട്രീയക്കാരനെ കണ്ടെത്തിയത്. കർഷക തൊഴിലാളികക്കിടയിലും കയർ തൊഴിലാളികൾക്കിടയിലും പ്രവർത്തിക്കാനും ചൂഷണത്തിനെതിരെ അവരെ സംഘടിപ്പിക്കാനും വിഎസിനെ ചുമതലപ്പെടുത്തിയത് പി കൃഷ്ണപിള്ളയാണ്.
അദ്ദേഹത്തിന്റെ ജീവിതത്തിലെ തന്നെ നാഴികക്കല്ലായ സമരമാണ് 1946-ല്‍ നടന്ന പുന്നപ്ര-വയലാര്‍ പ്രക്ഷോഭം. ഇത് അദ്ദേഹത്തെ പാര്‍ട്ടിയുടെ നേതൃതലത്തിലേക്ക് എത്താന്‍ സഹായിച്ചിട്ടുണ്ട്.
1957-ല്‍ കേരളത്തില്‍ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലെത്തുമ്പോള്‍ പാര്‍ട്ടി സംസ്ഥാന സമിതി അംഗമായിരുന്നു വി.എസ്. ആ സമിതിയിലെ ഒമ്പത് അംഗങ്ങളില്‍ ഏറ്റവും ഒടുവിലെ വ്യക്തിയാണ് വി.എസ് അച്യുതാനന്ദന്‍. സിപിഐയുടെ വലതുനയങ്ങളിൽ പ്രതിഷേധിച്ച് ദേശിയ കൌൺസിലിൽ നിന്ന് ഇറങ്ങിവന്ന് സിപിഎം എന്ന പാർട്ടി രൂപീകരിച്ച 32 പേരിലെ അവസാനക്കാരനും 101 ആം വയസിൽ വിട പറഞ്ഞ വിഎസ് തന്നെയായിരുന്നു.
സംഘടനയുടെ കർക്കശ ചട്ടക്കൂടിൽ ഒതുങ്ങിയും ഒതുങ്ങാതെയും വിഎസ് നടത്തിയ പോരാട്ടങ്ങൾ തന്നെയാണ് അദ്ദേഹത്തെ ജനങ്ങളുടെ പ്രിയങ്കര നേതാവാക്കിമാറ്റിയത്. ആലപ്പുഴയിലെ വെട്ടിനിരത്തൽ സമരം മുതൽ മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കലായാലും സ്ത്രീപീഡകർക്കും അഴിമതിക്കാർക്കുമെതിരായ സന്ധിയില്ലാ പോരാട്ടമായാലും വിഎസ് തൻറെ നിലപാടുകളും ശരികളും ഉയർത്തിപ്പിടിച്ചു.
വിഎസിൻറെ വെട്ടിനിരത്തൽ സമരത്തെ പലരും തെറ്റായാണ് വിലിയിരുത്തിയത്. നഷ്ടത്തിലായ നെൽ കർഷകർ നെൽവയൽ നികത്തി വാഴവെക്കുന്നതിനെ എതിർത്ത് മാധ്യമങ്ങളടക്കം രംഗത്തെത്തി. എന്നാൽ വിഎസ് അന്ന് നടത്തിയ സമരമായിരുന്നു ശരിയെന്ന് പിന്നീട് കാലം തെളിയിച്ചു. കർഷക തൊഴിലാളികളെ സംഘടിപ്പിച്ച് അവരുടെ ഉന്നമനത്തിനായി പ്രവർത്തിച്ച ഒരു സഖാവിനെങ്ങനെ ആ തൊഴിലിടങ്ങൾ ഇല്ലാതാക്കുന്നത് കണ്ടുനിൽക്കാനാവും. നെൽപ്പാടങ്ങളും തണ്ണീർ തടങ്ങളും ഇല്ലാതാക്കപ്പെട്ടതോടെ പ്രകൃതിയുടെ നാശത്തിലേക്കാണ് വഴിതുറന്നത്. അന്ന് വിഎസ് നടത്തിയ സമരത്തിൻറെ തുടർച്ച തന്നെയായിരുന്നു അദ്ദേഹത്തിൻറെ സർക്കാർ അധികാരത്തിലേറിയപ്പോൾ നടപ്പിലാക്കിയ തണ്ണീർതട സംരക്ഷണ നിയമം. കാലത്തിന് മുന്നേ വിഎസ്സിൻറെ കണ്ണ് സഞ്ചരിച്ചുവെന്നതിൻറെ തെളിവായി വേണം ഇതിനെ കാണാൻ.
സ്മാർട്ട് സിറ്റി പദ്ധതി നടപ്പാക്കാനായി യു.ഡി.എഫ് സർക്കാർ കരാർ ഒപ്പിട്ടപ്പോഴും വിഎസ് പ്രതിഷേധവുമായി രംഗത്തെത്തി. വികസന വിരോധിയായി വിഎസ് ചാപ്പകുത്തപ്പെട്ടു. എന്നാൽ സർക്കാരിൻറെ ഭൂമി ഫ്രീ ആയി വിട്ടുനൽകുന്നതിനേയും അടുത്തുള്ള ഇൻഫോ പാർക്കിനെ സ്മാർട്ട് സിറ്റിയുടെ ഭാഗമാക്കുന്നതിനേയുമായിരുന്നു വിഎസ് എതിർത്തത്. പദ്ധതി അൽപം വൈകിയെങ്കിലും സംസ്ഥാനത്തിൻറെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ടും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചും പദ്ധതി നടത്താനായി എന്നത് അദ്ദേഹത്തിൻറെ നേട്ടം തന്നെയാണ്.
പ്രകൃതി സംരക്ഷണത്തിന് വിഎസ് മുന്നിട്ടിറങ്ങിയപ്പോൾ സംരക്ഷിക്കപ്പെട്ടത് തണ്ണീർതടങ്ങൾ മാത്രമല്ല, മതികെട്ടാനും മൂന്നാറും കാതികൂടവും ചിലവന്നൂരുമെല്ലാമാണ്. പരിസ്ഥിതിയെ നശിപ്പിക്കുന്നത് ഇരിക്കുന്ന കൊമ്പ് വെട്ടിമുറിക്കലാണ് എന്ന് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ടായിരുന്നു.
പലപ്പോഴും പാർട്ടിയും അദ്ദേഹവും ഇക്കാര്യത്തിൽ രണ്ട് തട്ടിലായിരുന്നുവെന്നത് വസ്തുതയുമാണ്. പാർട്ടിയുടെ അനുമതിക്ക് പോലും കാത്തുനിൽക്കാതെ അദ്ദേഹം പലപ്പോഴും വിഷയങ്ങളിൽ ഇടപെട്ടത്.
പലപ്പോഴും പാർട്ടിയെ പ്രതിസന്ധിയിലാക്കിയവയായിരുന്നു അദ്ദേഹത്തിൻറെ ഇത്തരം പ്രവൃത്തികൾ. നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പ് ദിവസത്തിൽ ടിപിയുടെ വീട്ടിലേക്ക് അദ്ദേഹം നടത്തിയ സന്ദർശനം മറ്റൊരു ദിവസത്തിലാകാമായിരുന്നുവെന്ന് കരുതുന്നവരുണ്ട്. എന്നാൽ ശക്തമായ ഒരു സന്ദേശത്തിന്, യഥാർത്ഥ കമ്മ്യൂണിസ്റ്റ് ആ കെലയ്ക്ക് ഒപ്പമല്ലെന്ന സന്ദേശം ഉറക്കെ പ്രഖ്യാപിക്കാൻ, ആദർശത്തിൻറെ പേരിൽ പാർട്ടി വിട്ടവൻ അല്ല കുലംകുത്തി. മറിച്ച് ആമാശയ രാഷ്ട്രീയത്തിനായി പാർട്ടിവിട്ടവനാണ് കുലംകുത്തിയെന്ന് പ്രഖ്യാപിക്കാൻ, രക്തസാക്ഷി തന്നെയാണ് കൊല്ലപ്പെട്ട ഏതൊരു കമ്മ്യൂണിസ്റ്റുമെന്നും ഉറക്കെ പ്രഖ്യാപിക്കാൻ ഉചിതമായ വേറൊരു ദിവസം ഇല്ലെന്ന് വിഎസ് കരുതിയിരിക്കണം.
കയ്യേറ്റക്കാർക്കെതിരെ നടപടിയെടുത്തതിന് എക്കാലത്തും പഴി കേട്ട മുഖ്യമന്ത്രിയാണ് അദ്ദേഹം. സ്വന്തം പാർട്ടി സഖാക്കൾതന്നെ ഒറ്റപ്പെടുത്തിയിട്ടും അദ്ദേഹം കുലുങ്ങിയില്ല. മൂന്നാറിലെ വൻകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ അദ്ദേഹം നിയോഗിച്ച ഉദ്യോഗസ്ഥർക്കെതിരെ വിമർശനം പാർട്ടി തന്നെ ഉയർത്തിയപ്പോൾ പൂച്ച എലിയെ പിടിക്കുന്നുണ്ടോ എന്ന് മാത്രം നോക്കിയാൽ മതിയെന്നായിരുന്നു അദ്ദേഹത്തിൻറെ മറുപടി.
വിഎസ് നടത്തിയ പോരാട്ടങ്ങൾ പാർട്ടിക്കകത്തും പുറത്തുമായി നിരവധിയാണ്. പാർട്ടിക്കകത്ത് പാർട്ടി നയങ്ങളിൽ നിന്ന് വ്യതിചലിക്കുമ്പോൾ തന്നെയെല്ലാം വിഎസ് ശബ്ദമുയർത്തി. പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനെതിരെ അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ പലപ്പോഴും അച്ചടക്കനടപടികളിലേക്ക് വരെ നീണ്ടു. ഒരുപക്ഷെ സിപിഎമ്മിൻറെ ചരിത്രത്തിൽ ഇത്രയധികം നടപടി നേരിട്ട മറ്റൊരു നേതാവും ഉണ്ടാകില്ല. ഇത് എല്ലാം പാർട്ടിക്കകത്തെ വിഭാഗീയതയായി ചിത്രീകരിക്കപ്പെട്ടു. എന്നാൽ പാർട്ടിക്കകത്തെ ഉൾപാർട്ടി ജനാധിപത്യത്തിൻറെ ഭാഗമായി മാത്രമേ വിഎസ് അതിനെ കണ്ടിട്ടുള്ളു. താൻ രക്തം നൽകിയും വിയർപ്പൊഴുക്കിയും പടുത്തുയർത്തിയ പ്രസ്താനം വഴിമാറി സഞ്ചരിക്കുന്നുവെന്ന് അദ്ദേഹത്തിന് എപ്പോഴെല്ലാം തോന്നിയോ അപ്പോഴെല്ലാം വടിയെടുത്തുവെന്നാണ് അദ്ദേഹത്തിൻറെ ഭാഗം. ഇതിന് അദ്ദേഹത്തിന് ക്യാപിറ്റൽ പണീഷ്മെൻറ് വിധിച്ച യുവ സഖാവ് വരെ പാർട്ടിയിൽ ഉണ്ടായിരുന്നു. എന്നിട്ടും ആ യുവ സഖാവിനെ വിജയിപ്പിക്കാൻ വരെ അദ്ദേഹം പ്രസംഗിച്ചുവെന്നതാണ് അദ്ദേഹത്തിൻറെ മഹത്വം.
101 വർഷത്തെ സാർത്ഥക സമര ജീവിതം അവസാനിപ്പിച്ച് വി എസ് മടങ്ങുമ്പോൾ ഒരു യുഗത്തിൻറെ തന്ന് അന്ത്യമാണ് കുറിക്കപ്പെടുന്നത്. ഒരു ചരിത്രത്തിൻറെ അന്ത്യമാണ് അത്. പലതലമുറകളെ രാഷ്ട്രീയം പഠിപ്പിച്ച് , അവകാശങ്ങൾക്കായി പോരാടാൻ സമരസജ്ജരാക്കിയാണ് അദ്ദേഹം മടങ്ങുന്നത്. അതിൻറെ തെളിവായിരുന്നു 29 മണിക്കൂർ പിന്നിട്ട വിലാപയാത്രയും ആലപ്പുഴയിലെ മൂന്നിടത്തെ പൊതുദർശനത്തിൻറെ സമയക്രമമെല്ലാം തെറ്റിച്ച് കനത്ത മഴയെ വെല്ലുവിളിച്ച് ഒരു നോക്ക് കാണാനായി, അന്ത്യാഭിവാദ്യം അർപ്പിക്കാനായി രാഷ്ട്രീയഭേദമന്യേ ഒഴുകിയെത്തിയ ജനലക്ഷങ്ങൾ..
കണ്ണേ കരളേ വിഎസ്സേ എന്ന് തൊണ്ടപൊട്ടി അവർ വിളിച്ചത് കർക്കശക്കാരനായ, ജനകീയനായ ആ സഖാവിനോടുള്ള സ്നേഹമായിരുന്നു. ഒരുപക്ഷെ ഇനിയാർക്കും കിട്ടിയേക്കാനിടയില്ലാത്ത യാത്രാമൊഴി ചൊല്ലൽ...