നീലാംബരി...

നീലാംമ്പരി..,
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം
എന്‍റെ തൂലികതുമ്പില്‍ നിന്ന് നിന്നെ തിരഞ്ഞ് കുറച്ച് വിശേഷങ്ങള്‍

നീണ്ട ഇടവേളയ്ക്കിടെ ഞാന്‍ മൂന്ന് മഹാനഗരങ്ങളുടെ മടിത്തട്ടില്‍ അന്തിയുറങ്ങി
ബാംഗ്ലൂരും തിരുവനന്തപുരവും പിന്നിട്ട് ഇപ്പോള്‍ കൊച്ചിയില്‍‍.
അതിലൊന്നില്‍ അലഞ്ഞ് തിരിയുമ്പോഴാണല്ലോഅവസാനമായി ഞാന്‍‍ നിനക്ക് എഴുതിയത്
ഇക്കഴിഞ്ഞ ജനുവരിയില്‍ ഞാന്‍ അനന്തപുരി വിട്ടു
ഇപ്പോള്‍ നീ ചിന്തിക്കുന്നുണ്ടാകും
ചേക്കേറിയതേ നീയറിഞ്ഞില്ലാലോ എന്ന്...!
അറിയിച്ചില്ല,അതിന് ക്ഷമാപണവും ഇല്ല.
ഇപ്പോള്‍ നാളെയുടെ ഐടി നഗരത്തില്‍.
ഇവിടേയും വിശേഷങ്ങള്‍ ഒത്തിരിയുണ്ട്.
എഴുതാനും പറയാനും...

ആദ്യം കൊച്ചിയിലെ എന്‍റെ ആവാസസ്ഥലത്തെ കുറിച്ച് പറയാം
(അനന്തപുരിയിലെ വിശേഷങ്ങളെകുറിച്ച് പിന്നീട് ഒരിക്കല്‍ പറയാം...)

തൊട്ടടുത്ത വീടിന്‍റെ മതില്‍കെട്ടിനകത്ത്
തലയുയര്‍ത്തി നില്‍ക്കുന്ന
മൂവാണ്ടന്‍ മാവില്‍ നിറയെ പച്ചമാങ്ങകള്‍കുലകുലയായി നില്‍ക്കുന്നു.
ഒരു പൂവാലന്‍‍ അണ്ണാറക്കണ്ണന്‍ ചില്ലകളിലൂടെ ഓടി
ഓരോ കുലയും അക്ഷമനായി പരിശോധിക്കുന്നു
'എന്താ ഇവയിനിയും പഴുക്കാത്തത്' എന്നസങ്കടത്തോടെയാണ് അവന്‍റെ പരിശോധന

മതില്‍ക്കെട്ടിനപ്പുറത്ത് ഒരു അമ്മക്കിളികൂട്
നിരാശ്രയരുമായ ഒരുകൂട്ടം അമ്മമാര്‍ക്ക്അഭയവും ആശ്രയവുമായിഒരു വൃദ്ധസദനം
അന്തേവാസികളില്‍ മിക്കവരും എഴുപത് പിന്നിട്ടവര്‍
മക്കള്‍ ഉപേക്ഷിച്ചതിനാലോ, മക്കള്‍ വിദേശത്തായതുകൊണ്ടോ,
ഉറ്റവരെ നഷ്ടമായതുകൊണ്ടോ
എന്തോ ജീവിതയാത്രയില്‍ ഒറ്റപ്പെട്ടുപോയവര്‍....
ഒറ്റപെടലിന്‍റെ വേദന ഇവിടെയും അവര്‍ക്ക് അനുഭവപ്പെടുന്നുണ്ടാകുമോ?
അറിയില്ല.
അവരുടെ മുഖത്തെ നിസഹായത/നിര്‍വികാരതയില്‍ നിന്ന് ഒന്നും തന്നെ വായിച്ചെടുക്കാനാവുന്നില്ല

മതില്‍ക്കെട്ടിനോട് ചേര്‍ന്ന് ഒരു നാരകമുണ്ട്.
നിറയെ നാരങ്ങയുമായി,
നിരവധി ചെറുകിളികള്‍ക്ക് തണലേകിഒരു നാരകം....
കാലത്ത് ആ കുഞ്ഞുകിളികളുടെ കരച്ചിലോ/ ചിരിയോ
(വേര്‍തിരിച്ചറിയാന്‍ പറ്റിയിട്ടില്ല)
കേട്ടാണ് മിക്കവാറും ഉണരാറ്
ഒപ്പം അമ്മക്കിളികളുടെ വസ്ത്രം കല്ലില്‍തല്ലി അലക്കുന്ന ശബ്ദവും..
പ്രധാനറോഡില്‍ നിന്ന് ഉള്‍വലിഞ്ഞാണ് എന്നതിനാല്‍‍വാഹനങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദം ഇല്ല

ഇടയ്ക്ക് അമ്മക്കിളികൂടിലെ അമ്മമാര്‍ക്ക്
ആരോ ബൈബിള്‍ വചനം ചൊല്ലിക്കൊടുക്കുന്നത് വ്യക്തമായി കേള്‍ക്കാം
ദൈവത്തെക്കുറിച്ച്, പാപപുണ്യങ്ങളെ കുറിച്ച്
ആരോ വാതോരാതെ പറഞ്ഞുകൊണ്ടേയിരിക്കുന്നു....
(വിശേഷങ്ങള്‍ അവസാനിക്കുന്നില്ല....)

Comments

Post a Comment