Search This Blog

Saturday, 30 June 2012

കൂരമ്പിലെ മധുരം

ഒരു
 കണ്ണുനീര്‍തുള്ളികൊണ്ടെന്‍റെ  പാപങ്ങള്‍
കഴുകികളയാമെന്ന് ഞാന്‍ വ്യാമോഹിക്കുന്നില്ല.
യാമത്തിനപ്പുറം പുലരിയെന്നത് പ്രപഞ്ചസത്യം
കയറ്റിത്തിനപ്പുറം ഇറക്കമെന്നത് പ്രകൃതിനിയമം.
ഏറ്റുപറച്ചിലാണ് പാപപരിഹാരം എന്നതേത് കാട്ടുനീതി?

കൂരമ്പില്‍ പുരട്ടിയ മധുരമാണ് ‍ഞാന്‍ നിനക്ക്
അമ്പ് ആഴത്തില്‍ തുളച്ച് കയറുമ്പോളും
വേദന മധുരസമാനം.

ജയിച്ച് മടങ്ങാന്‍ പോരാളിയായല്ല വന്നത്
അതിനാല്‍ തലകുനിച്ച് മടക്കമാകാം
വീരോചിതമായല്ല

മാപ്പിരക്കില്ല ഞാന്‍
നിന്‍റെ പ്രാണന്‍പകുത്തെടുത്ത കുറ്റത്തിന്.

ചിലതിനുത്തരം മരണമാണ്
സ്വയം വരിക്കുന്ന നിശബ്ദത.
സ്നേഹത്തിന് കൂലി സ്നേഹമല്ല
മറിച്ച് മരണമാണ്.

ഒന്നറിയുക,
അവസാനമായി, ഞാന്‍ നിന്നെ പ്രണയിച്ചിരുന്നു,
പ്രണയിക്കുന്നു


############


Wednesday, 20 June 2012

ആരാണ് സദാചാരഗൂണ്ടകളെ സദാചാര'പൊലീസാ'ക്കുന്നത്?


ആണും പെണ്ണും എന്നത് മനുഷ്യര്‍ക്കിടയിലെ രണ്ട് വര്‍ഗ്ഗങ്ങള്‍മാത്രമല്ല, മനുഷ്യരാശിയെ നിലനിര്‍ത്തുന്നതിന് വേണ്ടവരാണ്. പുരുഷന്‍റെ വാരിയെല്ലില്‍ നിന്നാണ് ദൈവം സ്ത്രീയെ സൃഷ്ടിച്ചതെന്നാണ് ബൈബിള്‍ പറയുന്നത്. ആദ്യനാരിയായ (?) ഹവ്വ പ്രഥമപുരുഷനായ ആദാമിന്‍റെ വാരിയെല്ലില്‍ നിന്നാണ് പിറവിയെടുത്തത് എന്നാണ് വിശ്വാസം. ഇവര്‍ പരസ്പരം ഇടപഴകേണ്ടവരാണ്. സ്വന്തം വാരിയെല്ലില്‍ നിന്ന് പിറവികൊണ്ട സ്ത്രീയുമായി ഒരു പുരുഷന്  സഭ്യമായ രീതിയില്‍ തീര്‍ച്ചയായും ഇടപഴകാം. അവര്‍ക്കിടയിലെ സഭ്യതയുടെ അതിര്‍വരമ്പും ബന്ധത്തിന്‍റെ തീവ്രതയും അവര്‍തന്നെയാണ് നിശ്ചയിക്കേണ്ട്ത്. അത് അവരുടെ മാത്രം കാര്യമാണ്. അതിനുള്ള മൗലികാവകാശം അവര്‍ക്കുണ്ട് എന്നത് തര്‍ക്കമില്ലാത്തതാണ്. ഇത് ഏത് മതവിശ്വാസത്തില്‍പെട്ടവരായിരുന്നാലും ഇന്ത്യന്‍ ഭരണഘടന ഈ മൗലികാവകാശം ഉറപ്പുനല്‍കുന്നുണ്ട്. പക്ഷെ ഇന്ന് സമൂഹത്തില്‍ ഒരു പുരുഷന്‍ ഏത് മതത്തില്‍പെട്ട പെണ്ണിനോട് എങ്ങനെ എവിടെവെച്ച് ഇടപഴകണമെന്ന്, സംസാരിക്കണമെന്ന് നിശ്ചയിക്കാന്‍ ചിലര്‍ എത്തിയതാണ് കേരളസമൂഹം ഇപ്പോള്‍ നേരിടുന്ന വെല്ലുവിളി.
ഇന്ന് കേരളത്തില് ഏറെ ചര്ച്ചചെയ്യുന്ന ഒന്നാണ് സദാചാര പൊലീസ് എന്നത്. ആണും പെണ്ണും സംസാരിച്ചാല് നമ്മുടെ നാട്ടില് അത് സദാചാരവിരുദ്ധമാണ്. അതിനെ ചോദ്യംചെയ്യാനും വിചാരണ നടത്താനും ശിക്ഷവിധിക്കാനും ഇന്ന് നമ്മുടെ കൊച്ചുകേരളത്തില് ഒരു പ്രത്യേകസംഘം വേഷമിട്ടിറങ്ങിയിട്ടുണ്ട്. സദാചാരപൊലീസ് എന്ന് തെല്ല് അഭിമാനപൂര്‍വം മാധ്യമങ്ങളും സമൂഹവും അവരെ വിളിക്കുന്നു.
പൊലീസ് എന്നാല് നീതിപാലകരാണ്, നാട്ടില് നീതി നടപ്പിലാക്കപെടുന്നുവെന്ന് ഉറപ്പാക്കുന്നവര്. (പലപ്പോളും അല്ലെങ്കിലും അവര് അങ്ങനെയാണ്.) എന്നാല് ന്യായവും നീതിയും കയ്യിലെടുക്കുന്നവരെ പൊലീസ് എന്ന് വിളിക്കാറില്ല, വിളിക്കാനാവില്ല. അത് സ്വയരക്ഷയ്ക്ക് വേണ്ടിയാണെങ്കിലും അവര് പൊലീസല്ല. മറിച്ച് ക്രിമിനലുകളാണ്, ഗൂണ്ടകളാണ്.
കാക്കനാട് ഐടി സ്ഥാപനത്തില് ജോലീചെയ്യുന്ന മഞ്ചേരി സ്വദേശിനിയായ തെസ്നി ബാനു എന്ന പെണ്കുട്ടി രാത്രിയില് കൂട്ടുകാരനൊപ്പം ബൈക്കില് യാത്രചെയ്തപ്പോളണ് ഈ സദാചാര പൊലീസിന്റെ മുഖം ആദ്യമായി മലയാളി കണ്ടത്. ബൈക്കില് യാത്രചെയ്തവരെ ചോദ്യം ചെയ്ത ഓട്ടോയിലെത്തിയ സദാചാരന്മാരുടെ മര്‍ദ്ദനത്തിനിരയായ ആ പെണ്കുട്ടിയുടെ പരാതിയിന്‍മേല്‍ കേസെടുക്കാന്‍ നമ്മുടെ പൊലീസിന് രണ്ടുദിവസത്തോളം വേണ്ടിവന്നുവെന്നത് നമ്മുടെ സാംസ്ക്കാരിക മുഖത്തിന് കിട്ടിയ അടിതന്നെയാണ്.
പിന്നെ കോഴിക്കോട് കൊടിയത്തൂരില്‍ ഷഹീദ് ബാവ എന്ന യുവാവിനെ ഇതേ വര്ഗത്തില്പെട്ട സദാചാരന്മാര് തല്ലികൊന്നു. ഒരു സ്ത്രീയുമായി അവിഹിതബന്ധമുണ്ടായിരുന്നു എന്നതാണ് യുവാവിനെ തല്ലികൊല്ലാനുള്ള ന്യായം.
പിന്നെ കാസര്ക്കോട് നിന്ന് നിരവധി സംഭവങ്ങള്. കാസര്കോട് യഥാര്ത്ഥ പൊലീസിനുപോലും വ്യാജപൊലീസുകാരുടെ അടിയേല്ക്കേണ്ടിവന്നു. കാരണം സിംപള്. പരിചയക്കാരിയായ സ്ത്രീയുമായി ഒന്നുകുശലം പറഞ്ഞു.
കായംകുളത്ത് വിജിത്ത് എന്ന പതിനെട്ടുകാരന് മര്‍ദ്ദനമേറ്റത് പര്‍ദ്ദ ധരിച്ച പെണ്‍കുട്ടിയെ നോക്കിയെന്നാരോപിച്ചാണ്.
അന്യമതത്തില്പെട്ട ( വിശിഷ്യാ മുസ്ലീം മതം) പെണ്കുട്ടിയുമായി പുരുഷവര്‍ഗത്തില്‍ പിറന്ന ഒരുവന്‍ സംസാരിച്ചാല് അല്ലെങ്കില്‍ ഒന്നുനോക്കിപോയാല്‍ മേല് പറഞ്ഞ പെണ്‍കുട്ടിയുടെ മതത്തിലെ നന്‍മയുടെ നിറകുടങ്ങളായ സംഘം ഇറങ്ങുകയായി. സംഘം ചേര്ന്ന് മര്ദ്ദിച്ചുകളയും. വേണ്ടിവന്നാല് കൊന്നും കളയും. കാരണം സദാചാരമെന്നത് ദൈവത്തെപോലെ പവിത്രമാണ്. അത് സ്വയം പാലിച്ചില്ലെങ്കിലും മറ്റുള്ളവന് പാലിച്ചേമതിയാകു. അല്ലെങ്കില്‍ പാലിപ്പിക്കും.
കായംകുളത്ത് വിജീഷിനെ മര്‍ദ്ദിക്കുന്ന ദൃശ്യം
ആരാണ് ഈ ഗൂണ്ടാസംഘത്തെ മാന്യതവത്ക്കരിച്ച് സദാചാരപൊലീസ് എന്ന് പേരിട്ടത് ?  പൊലീസ് എന്നാല് നിയമം കാക്കാന് നിയോഗിക്കപ്പെട്ടവരാണ്. അവര് സ്വയം അവരോധിക്കപെട്ടവരല്ല, നിയമം കൊണ്ട്, ശരിയായ മാര്ഗത്തിലൂടെ രൂപം കൊണ്ട സേനയാണ് പൊലീസ്. എന്നാല് നിയമം സ്വന്തമിഷ്ടപ്രകാരം കൈയ്യിലെടുക്കുന്ന ഒരു വിഭാഗം തെമ്മാടികളെ എങ്ങനെയാണ് പൊലീസ് എന്ന് വിശേഷിപ്പിക്കാനാവുക? ആരാണ് അവരെ രാജ്യത്തെ സദാചാരം നോക്കാന് ചുമതലപ്പെടുത്തിയത്? ഏത് നിയമസംഹിതയാണ് അവര്ക്ക് അതിനുള്ള അധികാരം നല്കിയത്?  
സദാചാരം എന്നത് എങ്ങനെയാണ് നിര് വചിക്കപ്പെട്ടിരിക്കുന്നത് എന്ന് ഒന്നു പരിശോധിക്കപെടേണ്ടതുണ്ട്. സദാചാരം എന്നത് ഒരാളെ മാത്രം ബാധിക്കുന്ന ഒന്നല്ല എന്നത് സത്യം തന്നെ. പക്ഷെ എതിര് ലിംഗത്തില് പെട്ട ഒരു സ്ത്രീയുമായി സംസാരിക്കുന്നതും ഇടപഴകുന്നതും തീര്ത്തും അവരുടെമാത്രം സ്വകാര്യതയാണ്.വ്യക്തികളുടെ സ്വകാര്യതയും സ്വാതന്ത്യ്രത്തിലും ഇടപെടാന് ആര്ക്കാണ് അധികാരമുള്ളത്?  പ്രായപൂര്ത്തിയായ ഏതൊരാള്ക്കും പ്രായപൂര്ത്തിയായ മറ്റൊരാളുമായി (അവനുമായി അല്ലെങ്കില് അവളുമായി) സ്വതന്ത്രമായി പെരുമാറാനുള്ള അവകാശം ഉണ്ട്. അത് ഹനിക്കുന്നവനെ സദാചാര പൊലീസ് എന്ന് വിളിച്ച് മാന്യവത്ക്കരിക്കുന്നത് തീര്ത്തും അംഗീകരിക്കാനാവാത്ത ഒന്നാണ്. എങ്ങനെയാണ് ഒരു സംഘം ഗൂണ്ടകളെ സദാചാര പൊലീസ് എന്ന് വിശേഷിപ്പിക്കാന് സംസ്ക്കാരിക കേരളത്തിലെ മാധ്യമങ്ങള്ക്ക് കഴിയുന്നത്? സദാചാര പൊലീസ് എന്നതിനുപകരം സദാചാര ഗൂണ്ടകള് അല്ലെങ്കില് സദാചാര തെമ്മാടികള് എന്നല്ലെ അവരെ വിളിക്കേണ്ടത്?  തെമ്മാടിത്തം കാണിക്കുന്നവരെയെല്ലാം പൊലീസ് എന്ന് പേരിട്ട് വിളിക്കാന് തുടങ്ങിയാല് നാളെ ക്വട്ടേഷന് സംഘങ്ങളേയും പൊലീസ് എന്ന് വിളിക്കേണ്ടി വരില്ലേ? മാധ്യമങ്ങളും സാസ്ക്കാരിക നേതൃത്വവും ഇത് പരിശോധിക്കുമെന്ന് വിശ്വസിക്കാം.
പാക്കിസ്ഥാനിലും അഫഗാനിസ്ഥാനിലും നിലനില്‍ക്കുന്ന താലിബാന്‍ സംസ്ക്കാരമാണ് ഇതിനുപിന്നിലെന്ന് പകല്‍പോലെ വ്യക്തമാണ്. ജനാധിപത്യവ്യവസ്ഥിതി നിലനില്‍ക്കുന്ന നമ്മുടെ നാട്ടിലെ നിയമങ്ങളും ശരീയത്ത് നിയമത്തിനനുസരിച്ച് മാറ്റിയേപറ്റുവെന്ന നിര്‍ബന്ധബുദ്ധി ഇക്കൂട്ടര്‍ക്ക് ഉള്ളതായി നാമുക്ക് കാണാം. ശരീരമാസകലം പൊതിയുന്ന വസ്ത്രം ധരിച്ചില്ലെങ്കില്‍, പരപുരുഷനോട് സംസാരിച്ചാല്‍, അനിസ്ലാമികമെന്ന് അവര്‍ മുദ്രകുത്തിയ കലകളുടേയും സംഗീതത്തിന്‍റേയും മറ്റും ഭാഗമായാല്‍, ശരീയത്ത്  നിയമങ്ങളെ ചോദ്യം ചെയ്താല്‍ മൃഗീയമായി കൊല്ലുന്ന ഈ താലിബാന്‍ സംസ്ക്കാരം നമ്മുടെ നാട്ടിലേക്കും മെല്ലെ വ്യാപിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ഈ സദാചാര ഗൂണ്ടായിസം എന്ന്  സംശയിക്കേണ്ടിയിരിക്കുന്നു.

എങ്ങനെയാണ് സദാചാരഗൂണ്ടയാവാന് ചെറുപ്പക്കാര്ക്ക് ധൈര്യം വരുന്നത്, അല്ലെങ്കില്‍ എങ്ങനെയാണ് ഒരുവന്‍ സദാചാരഗൂണ്ടയാവുന്നത് എന്നത് കൂടി പരിശേധിക്കപെടേണ്ടതുണ്ട്. സദാചാരതെമ്മാടികളിലെ സംഘാഗങ്ങളുടെ പ്രായം പരിശോധിച്ചാല് ഒരുകാര്യം വ്യക്തമാകും. എല്ലാവരും 17 നും 23 നും ഇടയില് മാത്രം പ്രായമുള്ള പിള്ളേരാണ്.  മോഡേണായി വസ്ത്രം ധരിച്ച് ഫാഷനബിള് ആയി താടിയും മുടിയും വെട്ടി സണ്ഗ്ലാസും വെച്ച് ബൈക്കുകളിലും കാറിലുമെല്ലാം സംഘം ചേര്ന്ന് കറങ്ങിനടക്കുന്ന തെമ്മാടികൂട്ടം തന്നെയാണ് ഇവരെല്ലാം എന്നത് പരിശോധിച്ചാല് ആര്ക്കും വ്യക്തമാകും. ഒരു പണിക്കും പോകാതെ രാവിലെ വേഷം കെട്ടിയിറങ്ങുന്ന ഈ തെമ്മാടികള്ക്ക് എവിടെനിന്നാണ് കറങ്ങിനടക്കാനും വിപണിയില് ഇറങ്ങുന്ന ഏറ്റവും പുതിയ മൊബൈലുകള് വാങ്ങാനുമൊക്കെ പണമെന്നത് ആരും അന്വേഷിക്കുന്നുണ്ടാവില്ല. ഒരുപക്ഷെ വീട്ടുകാരുപോലും. നമ്മുടെ നാട്ടിലേക്ക് തീവ്രവാദത്തിനുവേണ്ടിയും മറ്റുമായി ഒഴുകിയെത്തുന്ന പണം തന്നെയാണോ ഇവരുടെ കയ്യിലുമെത്തുന്നത് എന്ന് പരിശോധിക്കപെടേണ്ടതുണ്ട്. കള്ള നോട്ടുകള് വ്യാപകമായി നമ്മുടെ നാട്ടിലേക്ക് വിദേശത്ത് നിന്ന് ഒഴുകിവരുന്നത് എവിടെയെല്ലാമാണ് ചിലവാക്കപെടുന്നത് എന്നതും പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. റിയല് എസ്റ്റേറ്റില്മാത്രമാണ് ഇത്തരം പണം വിനിയോഗിക്കപെടുന്നത് എന്നതായിരുന്നു ഒരുകാലത്തെ ധാരണ. അത് മാറ്റാറായിരിക്കുന്നു. ഒരു പണിയും എടുക്കാതെ തെണ്ടിതിരിഞ്ഞുനടക്കുന്ന ഇത്തരം തെമ്മാടികളെ വേഗത്തില് ഏത് ഹീനപ്രവൃത്തിക്കും ഉപയോഗിക്കാമെന്നതിനാല് തന്നെ രാഷ്ട്രവിരുദ്ധശക്തികളുടെ കയ്യിലെ ഏറ്റവും വലിയ ആയുധവുമാകുന്നുമുണ്ട് മേല്‍ പറഞ്ഞ വിഭാഗം.
പരപ്പനങ്ങാടിയിലെ സദാചാരഗൂണ്ടായിസം

എന്തുകൊണ്ട് ഇത്തരം സദാചാരഗുണ്ടകള്‍ ഇവിടെ സജീവമായി അല്ലെങ്കില്‍ ഉണ്ടായി എന്നത്കൂടി പഠനവിഷയമാക്കേണ്ടതാണ്. കേരളത്തില്‍ ലൈഗിംകഅരാജകത്വം ഏറെ നിലനിന്നിരുന്നത് ക്ഷുഭിതയൗവ്വനത്തിന്‍റെ കാലമായ എഴുപതുകളിലാണെന്നാണ് പലരും പറഞ്ഞ് കേട്ടിരുന്നത്. കലാലയങ്ങള്‍ അന്ന് പ്രണയത്തിന്‍റെ കേന്ദ്രങ്ങളായിരുന്നു, മിശ്രവിവാഹങ്ങള്‍ നമ്മുടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ ഉണ്ടായതും അതേകാലഘട്ടത്തിലാണെന്നും കാണാം. അന്നും മതങ്ങള്‍ അതിന്‍റെ താവ്രമായരീതിയില്‍ തന്നെ നിലനിന്നിരുന്നില്ലേ? സമുദായങ്ങള്‍ യാഥാസ്ഥിതികമായിരുന്നില്ലേ? പക്ഷെ അന്നൊന്നും തന്നെ ഏതെങ്കിലും പെണ്‍കുട്ടിയോട് സംസാരിച്ചതിന്‍റേയോ വിവാഹം ചെയ്തതിന്‍റേയോ പേരില്‍ ആര്‍ക്കും അങ്ങനെ വിചാരണനേരിടേണ്ടിവന്നിട്ടില്ല, കൊടിയമര്‍ദ്ദനം നടന്നിട്ടുമില്ല, തല്ലികൊന്നിട്ടുമില്ല. മുസ്ലീം സമൂഹത്തിനിടയിലേക്ക് കാറ്റും വെളിച്ചവും കയറിചെല്ലാത്തതിനാല്‍ തന്നെ പെണ്‍കുട്ടികളെ പഠനത്തിനോ മറ്റ് പൊതുയിടങ്ങളിലേക്കോ ഇറക്കുവാന്‍തന്നെ മടിച്ചിരുന്നകാലമാണെന്നതുകൂടി ഓര്‍ക്കുക. അന്നൊന്നും തന്നെ ആ സമൂഹത്തില്‍ നിന്ന് തീവ്രവാദനിലപാടുകളുമായി ചെറുപ്പക്കാര്‍ ഉണ്ടായിട്ടില്ല, സദാചാരഗുണ്ടായിസത്തിനും ആരും മെനക്കെട്ടിരുന്നില്ല. അന്നെല്ലാം നമ്മുടെ നാട്ടില്‍ മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നതിനും സെക്യൂലറിസത്തിന്‍റെ ആവശ്യകതയെകുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കാനുമായി പുരോഗമനസംഘടനകള്‍ ഉണ്ടായിരുന്നുവെന്നതാണ് സത്യം. വിശിഷ്യാഇടത് പുരോഗമന സംഘടനകള്‍. ഇന്ന് ഇടത് സംഘടനകള്‍ ജനങ്ങളില്‍ നിന്ന് അകലുന്നതുകൊണ്ടാണോ പുതിയ പുരോഗമന (മതാധിഷ്ടിത) സംഘടനകള്‍ സജീവമാകുകയും മതപരമായ സദാചാരത്തിനപ്പുറമുള്ളതെല്ലാം പാപമാണെന്ന സന്ദേശം യുവാക്കള്‍ക്കിടയിലേക്ക്  കുത്തിവെയ്ക്കുകയും ചെയ്യുന്നത്? ഇക്കാര്യം പരിശോധനയക്കും പഠനത്തിനും വിധേയമാക്കേണ്ടതുണ്ട്.

Thursday, 24 May 2012

നമ്മുടെ സിനിമകള്‍


സിനിമകളെ കുറിച്ച് ഞാന്‍ എന്‍റെ ബ്ലോഗില്‍ ഇതുവരേയും എഴുതിയിട്ടില്ല. കാരണം കുറേ കാലങ്ങളായി വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമ എന്നതരത്തിലാണ് തിയ്യേറ്ററില്‍ പോയുള്ള എന്‍റെ സിനിമ ആസ്വാദനം. നല്ല സിനിമകള്‍ ഇല്ലാത്തത് കൊണ്ട് മാത്രമാണ് അതെന്ന് ആരും തെറ്റിധരിക്കരുത്. നേരമില്ലാത്തത് തന്നെയാണ് പ്രധാനപ്രശ്നം. പിന്നെ നേരമുള്ളപ്പോള്‍ മനസ് ഒരു സിനിമയെ ഉള്‍ക്കൊള്ളാന്‍ പറ്റുന്ന അവസ്ഥയിലായിരിക്കില്ല. അത്രമാത്രം
കഴിഞ്ഞ 3 വര്‍ഷത്തിനിടെ ഞാന്‍ തിയ്യേറ്ററില്‍ പോയി കണ്ടത് 10 ല്‍ താഴെ സിനിമകള്‍ മാത്രമാണ്. മുമ്പ് എല്ലാ സിനിമകളും മുടങ്ങാതെ റിലീസിന്‍റെ അടുത്തദിവസങ്ങളില്‍ തന്നെ പോയികണ്ടിരുന്ന എനിക്കെങ്ങനെ ഇങ്ങനെ മാറാനായി എന്ന് ഞാന്‍ പലപ്പോഴും സ്വയം ആശ്ചര്യപ്പെട്ടിട്ടുണ്ട്. ആദ്യഘട്ടങ്ങളില്‍ സിനിമയുടെ നിലവാരതകര്‍ച്ചതന്നെയായിരുന്നു പ്രധാനമായുമ വില്ലനായത്. പിന്നെ മലയാളത്തിലും അന്യഭാഷകളിലുമൊക്കെ പരീക്ഷണ സിനിമകള്‍ വന്നപ്പോള്‍ അവയില്‍ പലതും കാണണമെന്ന് മനസുകൊണ്ട് ആഗ്രഹിച്ചിരുന്നതുമാണ്. പക്ഷെ സാധിച്ചില്ല. ഇപ്പോള്‍ എന്തുകൊണ്ട് ഈ കുറിപ്പ് എന്നാകും? സിനിമകൊട്ടകളില്‍ നിന്ന് അകന്ന് കഴിഞ്ഞിരുന്ന കാലത്ത് മനസിലേക്ക് ഓടികയറിയ ചിലചിന്തകളാണ് ഇതിനുപിന്നില്‍. പലതും നേരത്തെതന്നെ പലരും പങ്കുവെച്ചതാണ് എന്നറിയാം.

നിരവധി അന്യഭാഷാ ചിത്രങ്ങള്‍ കാണുന്നകൂട്ടത്തിലാണ് ഞാന്‍, പ്രത്യേകിച്ചും തമിഴ് ചിത്രങ്ങള്‍. തമിഴ് ചിത്രങ്ങളില്‍ മൊത്തം വയലന്‍സാണെന്ന് പൊതുവേ എല്ലാവരും നിരീക്ഷിച്ചിട്ടുള്ളതാണ്. അക്കാര്യം സത്യവുമാണ്. തമിഴന് അല്ലെങ്കില്‍ മലയാളത്തിന് പുറത്തുള്ള സിനിമാപ്രേക്ഷകന് സനിമിയെന്നാല്‍ ഒരു കംപ്ലീറ്റ് എന്‍റര്‍ടെയിനര് തന്നെയാണ്. ജീവിതത്തിലെ അടിസ്ഥാനപ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടാനുള്ള ഒരു മാധ്യമമാണ് അവന് സിനിമ. അവിടെ അവന് അവന്‍റെ നൊമ്പരപ്പെടുത്തുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങളെ കാണണ്ട. മറിച്ച് കാണേണ്ടത് അടിയും തൊഴിയും പാട്ടും കൂത്തുമൊക്കെയാണ്. മനുഷ്യപറ്റില്ലാത്ത നായകന്‍മാരാണ് അവരുടെ വീരപുരുഷന്‍മാര്‍ (മനുഷ്യപറ്റില്ലാത്തത് എന്നതുകൊണ്ടുദ്ദേശിച്ചത്. 100 ഗുണ്ടകളെ ഒറ്റക്ക് നേരിടുമ്പോളും ഒരടിപേലും സ്വന്തം ശരീരത്തില്‍ സ്വീകരിക്കാത്തവനാണ് അവിടത്തെ നായകന്‍മാര്‍, മത്രമല്ല 100 ഗുണ്ടകളേയും അടിച്ച് ശരിപ്പെടുത്തികാണും എന്നതാണ്). ജീവിതത്തിന്‍റെ പ്രശ്നങ്ങളില്‍ നിന്ന് ഒരാശ്വാസം തേടി തിയ്യേറ്റകളിലെത്തുമ്പോള്‍ അവിടേയും സങ്കടകഥ തന്നെയാണെങ്കില്‍ അവനെങ്ങനാ സ്വസ്ഥത കിട്ടുന്നത്? അപ്പോള്‍ അവന് പറ്റാത്തത് അഭ്രപാളിയില്‍ നായകന്‍ ചെയ്യുമ്പോള്‍ അവനത് ആസ്വദിക്കുന്നു. അത്രമാത്രം.

ഇത് സിനിമയുടെ മാത്രം കാര്യമല്ല. തമിഴ് സീരിയലുകളും അങ്ങനെതന്നെയാണ്. നായകനേക്കാള് തമിഴ് സീരിയലുകളില്‍ വില്ലന്‍മാര്‍ക്കാണ് ആരാധകര്‍. സീരിയലിലും കാണാം വടിവാളും തോക്കും അനുചരന്‍മാരുമായെല്ലാം തല്ലാനും കുത്താനും നടക്കുന്ന കഥാപാത്രങ്ങളെ. വയലന്‍സില്ലെങ്കില്‍ ഇത്തരം സീരിയലുകള്‍ക്കും തമിഴകത്ത് പിടിച്ച് നില്‍ക്കാനാവില്ല.

തമിഴ് സിനിമകളുടെ ഈ അവസ്ഥയ്ക്ക് കാലമേറെയായെങ്കിലും ഒരു മാറ്റവും ഉണ്ടായിട്ടില്ല.

മലയളാത്തിലാണെങ്കില്‍ സ്ഥിതി വളരെ വ്യത്യസ്ഥമാണ്. ഇവിടെ പ്രേക്ഷകനെ കരയിപ്പിക്കലാണ് പ്രധാനഹോബി. വയനാസംസ്ക്കാരം മറ്റുള്ളവരേക്കാള്‍ കൂടുതലായതുകൊണ്ടാകും ഇവിടെ നല്ല കഥകളില്ലെങ്കില്‍ കാര്യങ്ങള്‍ ആകെ തകിടം മറിയും. നല്ല കഥകള്‍ എന്നുപറഞ്ഞാല്‍ അതില്‍ ജീവിതമുണ്ടാകണം, അപ്പോള്‍ സങ്കടം മസ്റ്റ്. അത് കൂടുതലായി ഉള്‍പ്പെടുത്തിയാല്‍ പ്രേക്ഷകന്‍ നന്നായി അംഗീകരിക്കും. ഇതായിരുന്നു കുറച്ച് കാലം മുമ്പ് വരെയുള്ള അവസ്ഥ. എന്നാലിന്ന് അത് മാറിയിരിക്കുന്നു. ന്യൂജനറേഷന്‍ സിനിമകള്‍ എന്ന പുതിയതലമുറ സിനിമകളെയാണ് ഇപ്പോള്‍ പ്രേക്ഷകന് വേണ്ടത്. എന്ത് തട്ടിപ്പ് സിനിമയെടുത്താലും അതില്‍ ചുടുചുംബനമോ കിടപ്പറ സീനോ ഉള്‍പ്പെടുത്തിയാല്‍ മതി പടം പുതുതലമുറയുടേതായി. ഒപ്പം സ്ത്രീകളുമൊത്തുള്ള കള്ളുകുടിയും കോഫി ഡേ ചാറ്റും സമം ചേര്‍ക്കണമെന്നുമാത്രം. കഥ എന്ത് കൂതറയായാലും അഭിനേതാക്കള്‍ അ‍ഞ്ചാം ക്ലാസില്‍ നാടകം അവതരിപ്പിക്കുന്നവരുടെ നിലവാരത്തിലുള്ളവരാണെങ്കിലും ഒരു പ്രശ്നവുമില്ല. യൂത്തന്‍മാരെ പിടിച്ചിരുത്താന്‍ ചൂടന്‍ രംഗങ്ങള്‍ക്കും തട്ടുപൊളിപ്പന്‍ റോക്ക് സംഗീതത്തിനും സാധിക്കും. കഥാ തന്തുവും പാത്രാവതരണവുമൊന്നും അവര്‍ക്കൊരുപ്രശ്നവുമല്ല.

ഇതിനിടയിലും നല്ല സിനിമകള്‍ ഉണ്ടാകുന്നുണ്ട്. ട്രാഫിക്ക്, പ്രണയം,ഭ്രമരം, പ്രാഞ്ചിയേട്ടന്‍, ഗ്രാന്‍റ് മാസ്റ്റര്‍ പോലുള്ള മികച്ച ചിത്രങ്ങള്‍ ഈ കാലയളവില്‍ തന്നെയാണ് ഉണ്ടായത് എന്നുമറക്കുന്നില്ല. കാര്യമായി ഒരു സന്ദേശവും പങ്കുവെക്കാനില്ലായിരുന്നുവെങ്കിലും ഇന്ത്യന്‍ റുപ്പിയും സാള്‍ട്ട് ആന്റ് പെപ്പറും മികച്ച പടങ്ങള്തന്നെയാണ്. സംശയമില്ല.

ഏകശിലയെന്ന തരത്തിലായിരുന്നു കുറേകാലമായി മലയാള സിനിമ. എന്നാലിപ്പോള്‍ അവയ്ക്കെല്ലാം മാറ്റംവന്നിരിക്കുകയാണ്. ബഹുശിലാതത്വമാണ് ഇപ്പോള്‍ മലയാളത്തിലും. നേരത്തെ ഹിന്ദിചിത്രങ്ങളിയാരുന്നു ഈ തതന്ത്രം വ്യാപകമായി പ്രയോഗിക്കപ്പെട്ടിരുന്നത്. മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ ഒരുക്കുന്നതിന് പിന്നിലുള്ളത് കച്ചവടതന്ത്രം തന്നെയാണ്. എല്ലാതാരങ്ങള്‍ക്കുമുള്ള ഫാന്‍സ് അസോസിയേഷന്‍മാത്രം വിചാരിച്ചാല്‍ സിനിമ കൂതറയാണെങ്കിലും  മുടക്കുമുതല്‍ തിരിച്ചുപിടിക്കാമല്ലോ? അതാകണം കാര്യമായി ഒന്നും ചെയ്യാനില്ലെങ്കിലും ഒന്നിലധികം നായകന്‍മാര്‍ ഒരുമിച്ച് അണിനിരക്കുന്നത്. മള്‍ട്ടിസ്റ്റാര്‍ ച്ത്രങ്ങളില്‍ അഭിനയിക്കാന്‍ സ്ഥിരം നായകന്‍മാരാണ് എന്നതും കൂടി ഓര്‍ക്കുക.

വിദേശ ഭാഷാ സിനിമകളില്‍ നിന്ന് വള്ളിപുള്ളി വെട്ടാതെ അടിച്ചുമാറ്റിയ മലയാളത്തിലെ സമീപകാല ഹിറ്റുകളെ കുറിച്ച് മൗനം അവലംബിക്കുന്നത് മനപൂര്‍വ്വമാണ്. കാരണം വിദേശത്ത് അങ്ങനെയുള്ള സിനിമകള്‍ ഉണ്ടായിരുന്നുവെന്നത് ഭൂരിഭാഗത്തിന് മനസിലാക്കി തന്നത് ആ മോഷ്ടാക്കളല്ലേ? (വെറുമൊരു മോഷ്ടാവായ എന്നെ നിങ്ങള്‍ കള്ളനെന്നു വിളിച്ചില്ലോ എന്ന് പണ്ടൊരു കവി ചോദിച്ചതുകൊണ്ട് മാത്രം കള്ളനെന്നുവിളിച്ച് അവരെ ആക്ഷേപിക്കുന്നില്ല). അതിന് അവരോട് നന്ദിമാത്രം രേഖപ്പെടുത്തുന്നു.

സിനിമകള്‍ വിജയിച്ചാലും ഇല്ലെങ്കിലും മിക്ക വെള്ളിയാഴ്ച്ചയും ഒരു പടമെങ്കിലും നമ്മള്‍ പ്രേക്ഷകരെ തേടിയെത്തുന്നുണ്ട്. കഥയെന്തായാലും പുതുതലമുറ പടമെന്ന ലേബലൊട്ടിച്ചാല്‍ ഇവിടെ പലതും നടക്കുമെന്ന അവസ്ഥ തിരിച്ചറിയുന്നുണ്ട് നമ്മുടെ വിഖ്യാതരായ പല സംവിധായകരുമെന്നതാണ് സത്യം.
.................................
NB:
ഇതെന്‍റെ മാത്രം വിചാരങ്ങളാണ്. വിയോജനകുറിപ്പുകള്‍ രേഖപ്പെടുത്താം. സെന്‍സര്‍ ചെയ്യില്ല