കുരീപുഴ ശ്രീകുമാറിൻറെ ഒരു കവിതയുണ്ട്. മനുഷ്യപ്രദർശനം എന്ന് പേരിൽ. പതിറ്റാണ്ടുകൾക്കപ്പുറം ഒരു എക്സിബിഷൻ സെൻററിൽ നടക്കുന്ന ഒരു പ്രദർശനമാണ് കവിതയുടെ പ്രമേയം. അവിടെ പ്രദർശനം സംഘടിപ്പിക്കുന്ന യന്ത്രമനുഷ്യരാണ്. പ്രദർശന വസ്തുക്കൾ ആകുന്നത് മനുഷ്യരും. എല്ലാം നമുക്ക് പ്രദർശന വസ്തുവാകുന്നതിലെ അപകടത്തെ കവിത വരച്ചിടുന്നുണ്ട്.
കേരളീയത്തിൻറെ ഭാഗമായി നടന്ന ആദിമം പ്രദർശനമാണ് കുരീപുഴ വർഷങ്ങൾക്ക് മുമ്പ് എഴുതിയ കവിതയെ വീണ്ടും ഓർമിപ്പിച്ചത്. കേരളത്തിൻറെ കലാരൂപങ്ങളേയും സാധ്യതകളേയുമെല്ലാം ലോകത്തിന് മുന്നിൽ അനാവരണം ചെയ്യുക എന്നതായിരുന്നു കേരളീയം ലക്ഷ്യമിട്ടത്. 30 ഓളം വേദികളിലായി കലയുടേയും സംവാദങ്ങളുടേയും രുചിവൈവിധ്യങ്ങളുമെല്ലാം കമാനമാണ് കേരളം തുറന്നിട്ടത്. കേരളം നിത്യവൃത്തിക്ക് വകയില്ലാതെ മുട്ടിൽ ഇഴയുമ്പോഴായിരുന്നു കോടികൾ ചിലവിട്ടുള്ള കേരളീയം. അതിൻറെ ആവശ്യമുണ്ടായിരുന്നോ എന്നത് മറ്റൊുവിഷയം. എന്തായാലും കേരളീയം തലസ്ഥാനത്തെ ജനത്തിന് ഒരാഴ്ച്ചത്തെ ഉത്സവമായിരുന്നു എന്നതിൽ തർക്കമില്ല, സർക്കാരിന് വലിയൊരു ഉത്സവം നന്നായി സംഘടിപ്പിച്ചതിൻറെ ആശ്വസവും അഭിമാനവും.
എന്നാൽ ആദിവാസികളുടെ കലകളേയും ജീവിതത്തേയും നഗരവാസികളുടെ മുന്നിൽ പച്ചയായി അവതരിപ്പിച്ച ആദിമം ഒരു അക്രമം തന്നെയാണ്. ആദിവാസികളെല്ലാം പച്ചിലയും മറ്റും ധരിച്ചാണ് ഇന്നും നടക്കുന്നത് എന്നാണോ നമ്മുടെ ഫോക്ലോർ അക്കാദമി കരുതിയിരിക്കുന്നത്. ആദിവാസികളുടെ ചരിത്രവും അവർ പണ്ട് താമസിച്ചിരുന്ന സാഹചര്യങ്ങളും കാണിക്കാനാണ് ഇത്തരത്തിലൊരു പ്രദർശനം സംഘടിപ്പിച്ചതെന്നാണ് ഫോക് ലോർ അക്കാദമിയുടെ വിശദീകരണം. അല്ലാതെ അവരെ പ്രദർശന വസ്തുവാക്കിയിട്ടില്ല.
ഗോത്രസംസ്കൃതിയുടെ നേരനുഭവം എന്ന വിശേഷണത്തോടെ കുടിലുകളും മറ്റും കെട്ടി അവരെ ലിവിങ് മ്യൂസിയം ആക്കിയത് പോലെ പഴയ നായർമാരുടേതടക്കമുള്ള മറ്റ് വിഭാഗങ്ങളുടേയും അവസ്ഥകാണിക്കാൻ ലൈവ് മ്യൂസിയം ഒരുക്കാതിരുന്നത്. എന്തേ മാറുമറക്കാതെയും മറ്റുമുള്ള വേഷവിധാനത്തിൽ അവരെയൊന്നും അണിനിരത്താതിരുന്നത്. അതെന്താ അവരുടെ ചരിത്രം നഗരജനത കാണണ്ടേ. അതോ ആ ചരിത്രം മറച്ചുവെയ്ക്കപെടേണ്ടതാണെന്നാണോ. ആദിവാസികൾ എന്നാൽ നല്ല വസ്ത്രംധരിക്കാത്ത, പച്ചിലയും മറ്റും കൊണ്ട് ശരീരം മറക്കുന്ന ജനവിഭാഗമാണ് ഇപ്പോഴും എന്നാണോ ഫോക് ലോർ അക്കാദമി കരുതിയിരിക്കുന്നത്. അതോ അവർക്ക് ആധുനിക മനുഷ്യൻറെ വസ്ത്രധാരണവും ജീവിത രീതികളും അന്യമാണെന്നാണോ അതോ പാടില്ലെന്നോ ആണോ കരുതിയിരിക്കുന്നത്. കാലം മാറിയത് ഫോക് ലോർ അക്കദമിക്കാർ അറിഞ്ഞില്ലെങ്കിൽ അത് മനസിലാക്കികൊടുക്കേണ്ട ബാധ്യത കമ്മ്യൂണിസ്റ്റ് സർക്കാരിനുണ്ട്. ആദിവാസികളെ പ്രദർശന വസ്തുവാക്കിയതിനെ മന്ത്രി കെ രാധാകൃഷ്ണൻ തള്ളിപറഞ്ഞിട്ടുണ്ട് എന്നത് ആശ്വാസമാണ്. ആശ്വാസം എന്നേ പറയാൻ പറ്റു. ഇനിയും ഇത് ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്താൻ തക്കനടപടിയും ഉണ്ടാകണം.
എന്ത്കൊണ്ടാണ് സംവരണം ഏഴ് പതിറ്റാണ്ട് കഴിഞ്ഞിട്ടും തുടരേണ്ടിവരുന്നത് എന്നതിനുള്ള ഉത്തരം കൂടിയാണ് ഇത്. സംവരണം ഏർപ്പെടുത്തിയത് നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ട്, ചൂഷണത്തിനും മറ്റും വിധേയരായ സമൂഹത്തെ മുഖ്യധാരയിലേക്ക് എത്തിക്കുന്നത് ലക്ഷ്യമിട്ടാണ്. സംവരണത്തിന് ആദ്യം നിശ്ചിതകാലാവധി നിശ്ചയിച്ചിട്ടും ആ കാലാവധി നീട്ടേണ്ടിവന്നത് നൂറ്റാണ്ടുകളോളം ചെയ്ത ചൂഷണം ഒരു നിശ്ചിതകാലംകൊണ്ട് മായ്ച്ചുകളയാനോ അതിൻറെ നഷഅടം നികത്താനോ ആവില്ലെന്നതിനാലാണ്. ഏഴ് പതിറ്റാണ്ട് പിനന്നിട്ടപ്പോൾ സാമൂഹികമായും സാംസ്ക്കാരികമായും ഏറെ മുന്നിൽ നിൽക്കുന്നു എന്ന് മേനി നടിക്കുന്ന കേരളത്തിലെ അവസ്ഥ ഇതാണ് (ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ) എങ്കിൽ മറ്റ് സംസ്ഥാനങ്ങളിലെ അവസ്ഥ - പ്രത്യേകിച്ചും ചാതുർവർണ്യത്തിലടിസ്ഥാനപ്പെടുത്തിയ ജാതി വ്യവസ്ഥിതി രൂക്ഷമായി നിലനിൽക്കുന്ന ഉത്തരേന്ത്യയിൽ - എന്തായിരിക്കും.
ആദിമം പ്രദർശനം കണ്ട കുഞ്ഞുങ്ങളെ ഇലകൊണ്ട് ശരീരം മറക്കുച്ച് ജീവിക്കുന്നവരല്ല ആദിവാസികൾ. അവർ നമ്മുടെ പ്രകൃതിയുമായി ഇഴചേർന്ന് ജീവിക്കുന്നവരാണ്. അവരും ഈ സമൂഹത്തിൻറെ ഭാഗമാണ്. അവർ ജീവിക്കുന്ന സാഹചര്യങ്ങൾ, അവരുടെ അനുഷ്ടാനങ്ങൾ, ആചാരങ്ങൾ എന്നത് മറ്റുള്ളവരുടേതിൽ നിന്ന് വ്യത്യസ്ഥമാകാം. അതിനർത്ഥം അവർ അപരിഷ്കൃതരാണ് എന്നല്ല. അവരിൽ നിന്ന് ലോകത്തിന് വഴികാട്ടികളായ, ലോകത്തെ നയിക്കുന്ന നിരവധിപേർ ഉയർന്നുവന്നിട്ടുണ്ട്. നമ്മുടെ രാഷ്ട്രപതി ദ്രൌപതി മർമുവും ഗോത്രവിഭാഗത്തിൽ നിന്നുള്ളതാണ്. അവർ പച്ചമനുഷ്യരാണ്, ആധുനികതയുടെ കാപട്യമൊന്നുമില്ലാത്ത പച്ചമനുഷ്യർ.
No comments:
Post a Comment