രണ്ടായിരത്തിന്റെ തുടക്കത്തിലും മധ്യത്തിലുമെല്ലാം ബാംഗ്ലൂരിൽ -ഇന്നത്തെ ബംഗളൂരുവിൽ- ഉണ്ടായിരുന്നവരുടെ പ്രിയപ്പെട്ട മാളായിരുന്നു കോരമംഗലയിലെ ഫോറം മാൾ. എല്ലാവരുടേയും മീറ്റിങ് പോയിന്റ്. നമ്മുടെ കൊച്ചിയിലെ ലുലു മാൾ പോലെതന്നെ. എത്തിപ്പെടാൻ എളുപ്പം. എല്ലായിപ്പോഴും ഫോറം മാൾ നിറഞ്ഞുകിടന്നു. ഫോറത്തിന്റെ ഓട്ടോമാറ്റിക്ക് വാതിൽ ആളുകൾ വരുന്നതനുസരിച്ച് തുറന്നുകൊണ്ടേയിരിക്കും. ചിലപ്പോൾ ആളനക്കമില്ലാതെ അടയാൻ തുടങ്ങുമ്പോഴാകും സെൻസറിന്റെ പരിധിയിലേക്ക് ആരെങ്കിലും കടന്നുവരിക. എപ്പോഴെങ്കിലും പകൽ സമയത്ത് ആ ഡോർ ഒന്ന് അടഞ്ഞ് വിശ്രമിക്കുമോയെന്ന് പലപ്പോഴും ആശ്ചര്യപ്പെട്ടിട്ടുണ്ട്. അത്രമാത്രമാണ് തിരക്ക്. അകത്ത് മാത്രമല്ല, പുറത്ത് അരഭിത്തിയിലും ബെഞ്ചിലുമെല്ലാം ആളുകൾ - യുവാക്കൾ- നിരന്നിരുന്നു. രണ്ട് പ്രധാനറോഡിലേക്കാണ് ഫോറത്തിന്റെ വാതിൽ തുറക്കുന്നത്. അതിനാൽ തന്നെ ട്രാഫിക്ക് ബ്ലോക്കും ധാരാളം.
കെഎഫ്സി, ലാന്റ് മാർക്ക്, മക്ഡൊണാൾഡ്, ആരോസ്, വുഡ്ലാന്റ് തുടങ്ങി മൾട്ടി നാഷണൽ ബ്രാൻഡഡ് സ്ഥാപനങ്ങളെല്ലാം ഫോറത്തിലുണ്ടായിരുന്നു. പിവിആർ തിയ്യേറ്ററും ഫോറത്തിലാണ് തുടങ്ങിയത്. പാർക്കുകൾ പോലെ തന്നെ ബാംഗ്ലൂരിലെ പ്രണയങ്ങൾക്കും സൗഹൃദങ്ങൾക്കും ഫോറവും തണലേകി.
ബാംഗ്ലൂരിൽ പഠിക്കാനെത്തുന്നതിന് മുമ്പ് തന്നെ ഫോറം മാളിനെ കുറിച്ച് കേട്ടിരുന്നു. ബാംഗ്ലൂരിൽ ടൂറിന് പോകുന്നവരുടെ ബക്കറ്റ് ലിസ്റ്റിൽ ഒരെണ്ണം ലാൽ ബാഗിനൊപ്പം തന്നെ ഫോറവും ഉൾപ്പെട്ടിരുന്നു. ബാംഗ്ലൂരിലെത്തിയ ആദ്യനാളുകളിൽ - ഏതാണ്ട് ഒരുമാസത്തോളം- താമസിച്ചിരുന്നത് കോരമംഗലയിലെ നാഷണൽ ഗെയിംസ് സ്റ്റേഡിയം കോംപ്ലക്സിലെ സുഹൃത്തിന്റെ ഫ്ലാറ്റിലായിരുന്നു. അന്ന് ഏതാണ്ട് മിക്ക വൈകുന്നേരങ്ങളിലും നടക്കാനിറങ്ങി അവസാനം എത്തിപ്പെട്ടിരുന്നത് ഫോറത്തിലായിരുന്നു. തൃശ്ശൂരിലെ അന്നത്തെ വലിയ മാളായ സിറ്റി സെന്റർ കണ്ട് ബാംഗ്ലൂരിലെ ഫോറം കണ്ടപ്പോൾ ആശ്ചര്യമായിരുന്നു. എപ്പോഴും തിരക്ക്. വെറുതെയെങ്കിലും മാളിനകത്ത് ചുറ്റികറങ്ങും. ലാന്റ് മാർക്കിലെ പുസ്തകശാലയിലും സൂപ്പർ മാർക്കറ്റിലുമെല്ലാം തെണ്ടിതിരിഞ്ഞ് ഒരു സ്ക്കൂപ്പ് ഐസ് ക്രീമും വാങ്ങി എല്ലാവരും കൂടി തിരികെ നടക്കും. പോകുംവഴിക്ക് കബാബ് കടയിൽ കയറി ഫുഡും കഴിക്കും. നാഷണൽ ഗെയിംസ് കോംപ്ലക്സിൽ നിന്ന് പിന്നെ നേരെ നാഗ്വാരയിൽ വീടെടുത്ത് മാറിയതോടെ ഫോറം പോക്ക് അവസാനിച്ചു. അതോടെ ഫോറത്തിലേക്കുള്ള പോക്കും കുറഞ്ഞു. കുറഞ്ഞു എന്നല്ല, ഇല്ലാതായി എന്ന് തന്നെ പറയണം. പിന്നെ കോഴ്സിന്റെ അവസാനവർഷത്തിൽ താമസം വീണ്ടും ഫോറത്തിൽ നിന്ന് നടന്ന് പോകാവുന്ന അകലത്തിലേക്ക് മാറി.
ഫോറം മാൾ ഓർമകളുടെ കൂടാരമാണ് പലർക്കും. ബാംഗ്ലൂരിൽ പഠിച്ചവർക്ക്, ജോലി ചെയ്തവർക്ക്, കറങ്ങാനായി എത്തിയവർക്ക്...അങ്ങനെ പലർക്കും ജീവിതത്തിന്റെ തന്നെ ഭാഗമായിരുന്നിരിക്കും ഫോറമെന്നുറപ്പ്. ആദ്യമായി ഒരു സുഹൃത്തിനെ കണ്ടത്, പ്രണയിനിയുമായി ആദ്യമായി സിനിമയ്ക്ക് പോയത്, അല്ലെങ്കിൽ ഗിഫ്റ്റ് വാങ്ങാനായി പോയത്, ഭക്ഷണം കഴിക്കാൻ പോയത്...അങ്ങനെയങ്ങനെ...
ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഏതാനും ദിവസങ്ങൾ -കൃത്യമായി പറഞ്ഞാൽ മൂന്ന് ദിവസം- അത് ഫോറവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. മാർച്ച് മാസത്തിലെ രണ്ടാമത്തെ ആഴ്ച്ചയിലെ മൂന്ന് ദിവസങ്ങൾ. ആ ദിനങ്ങളിലെ സായന്തനങ്ങൾ ചിലവിട്ടത് ഫോറത്തിലാണ്. ലാന്റ് മാർക്കിലും അതിനകത്തെ പുസ്തകശാലയിൽ. ചിലവിട്ടത് ഒന്നോ രണ്ടോ മണിക്കൂറുകൾ മാത്രമാണെങ്കിലും ജീവിതത്തിന്റെ വലിയൊരുഭാഗമാണ് അവിടെ ചിലവിട്ടതെന്ന് തന്നെ പറയാം. സംസാരിക്കാനും കൂടെ ചിരിക്കാനും ആശ്വസിപ്പിക്കാനും കളിപറയാനുമെല്ലാം ഇഷ്ടമേറിയ ആളൊപ്പമുള്ളപ്പോൾ അവർക്കൊപ്പം ചിലവിടുന്ന നിമിഷങ്ങൾക്ക് പോലും ദൈർഘ്യമേറെയായി തോന്നും. നേരം മതിയായില്ലെന്ന് മനസ് എത്ര പറഞ്ഞാലും. ശിഷ്ടകാലത്തേക്കുള്ള ഓർമകളാണ് ആ നിമിഷങ്ങളെല്ലാം സമ്മാനിക്കുക.
വൈകുന്നേരം കോളേജ് വിട്ട് ഇറങ്ങുമ്പോൾ എവിടെ പോയിരിക്കണമെന്നായിരുന്നു കൺഫ്യൂഷൻ. പെട്ടെന്ന് മടങ്ങണമായിരുന്നു. അടുത്ത് ഫോറമായതിനാലായിരുന്നു ആദ്യദിവസം അങ്ങോട്ട് കയറിയത്. ആദ്യം കണ്ട ഓട്ടോ കയറി നേരെ ഫോറത്തിലേക്ക്. അന്ന് ഫോറത്തിന് പുറത്തെ ബെഞ്ചിലിരുന്ന് കുറേ സംസാരിച്ചു. അന്നാദ്യമായിട്ടായിരുന്നു തനിച്ച് കാണുന്നത്. അതിനാൽ തന്നെ അതിന്റെ എല്ലാ എക്സൈറ്റ്മെന്റ്. ഒരുമണിക്കൂർ നേരം അന്ന് ഫോറത്തിൽ കറങ്ങി. പിന്നെ മടങ്ങി.
അടുത്തദിവസം എവിടേക്ക് എന്നചോദ്യത്തിനും മറ്റൊരു സ്ഥലം കണ്ടെത്താനാവാത്തതിനാൽ ഫോറത്തിലേക്ക് തന്നെ. പതിവ് പോലെ കാഴ്ച്ചകൾ, തിരക്ക്, അതിനിടയിൽ ഫോറത്തിന്റെ അകത്ത് നടന്നിരുന്ന ചെറിയ കോണ്ടസ്റ്റ് എല്ലാം കണ്ട് കഥയും പറഞ്ഞ് ഒരു ഐസ്ക്രീമും കഴിച്ച് മടങ്ങി.
മൂന്നാം ദിവസം പക്ഷെ സംശയമില്ലായിരുന്നു നേരെ ഫോറത്തിലേക്ക് തന്നെ എന്നതിൽ. പതിവിലും കൂടുതൽ സമയം അന്ന് ഫോറത്തിൽ ചിലവഴിച്ചു. ലാന്റ്മാർക്കിലെ പുസ്തകശാലിയിലായിരുന്നു മുഴുവനും. പുസ്തകങ്ങൾ നോക്കിയും പുസ്തകങ്ങളെ കുറിച്ച് സംസാരിച്ചും. മടങ്ങുമ്പോൾ ഒരു പുസ്തകം ഒപ്പിട്ട് സമ്മാനിച്ചത് ഇന്നും നിധിപോലെ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. വിശേഷങ്ങൾ പറഞ്ഞ്, കൈകൊരുത്ത്, ഐസ്ക്രീമും കഴിച്ച് ഓരോ നിമിഷവും ആസ്വദിച്ച് ജീവിതത്തിലെ ഏറ്റവും മനോഹരമായ മൂന്നാമത്തെ ദിവസം. രാത്രി 830 കഴിഞ്ഞായിരുന്നു മടങ്ങുന്നതിനെ കുറിച്ച് ആലോചിച്ചത് തന്നെ.
പെട്ടെന്ന് പെയ്ത മഴയത്ത് ഓട്ടോയ്ക്കായി ഏറെനേരം കാത്ത് നിക്കേണ്ടിവന്നു. ട്രാഫിക്ക് ബ്ലോക്കും താണ്ടി മഴയത്ത് അവളെ ഡ്രോപ്പ് ചെയ്ത് മടങ്ങുമ്പോൾ സമയം ഏതാണ്ട് 930 ആയി. ചാറ്റൽ മഴ അപ്പോഴും പൊടിയുന്നുണ്ടായിരുന്നു. തെരുവ് വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ അവൾ നടന്ന് നീങ്ങുന്നത് നോക്കി കുറച്ചുനേരം നിന്നു. ആ കാഴ്ച്ചയ്ക്കും അടുത്ത കൂടിക്കാഴ്ച്ചയ്ക്കും ഇടയിലെ ഇടവേള നീണ്ട പതിനാറ് വർഷങ്ങളാവുമെന്ന് അന്ന് അറിഞ്ഞിരുന്നില്ല....
പിന്നീട് ഇങ്ങോട്ട് ഫോറം മാളിൽ വർഷത്തിലൊരിക്കൽ പോകാറുണ്ട്. ബാംഗ്ലൂരിലേക്കുള്ള പലമടക്കയാത്രയും ഫോറത്തിലേക്കും ഓർമകളിലേക്കുമുള്ള മടക്കങ്ങളായിരുന്നു. ലാന്റ് മാർക്കിൽ കയറി ഓർമയ്ക്കായി വല്ലതും വാങ്ങും. ചിലപ്പോൾ ഒരു പുസ്തകം, അതല്ലെങ്കിൽ ഒരു പേന.
എന്തിനാണ് ഇപ്പോൾ ഫോറത്തെ കുറിച്ച് പറയാനെന്നാവും.
കഴിഞ്ഞദിവസം അവിചാരിതമായി ശ്രദ്ധയിൽ പെട്ട ഒരു വാർത്തയാണ് ഫോറത്തെ കുറിച്ച് എഴുതാൻ പ്രേരിപ്പിച്ചത്. ഫോറം മാൾ ഇനി ഇല്ല. ഉടമസ്ഥരായ പ്രസ്റ്റിജ് ഗ്രൂപ്പ് അത് വിറ്റു. നെക്സസ് ഗ്രൂപ്പ് ആണ് പുതിയ ഉടമകൾ. ഉടമസ്ഥത സ്വന്തമാക്കിയതിന് പിന്നാലെ കഴിഞ്ഞദിവസം ഫോറത്തിന്റെ പേര് മാറ്റി. നെക്സസ് മാൾ എന്നാണ് പുതിയ പേര്.
പേര് മാറിയാലും ഫോറം സമ്മാനിച്ച ഓർമകൾ മാറുന്നില്ല. സമ്മാനിച്ച സന്തോഷത്തിനും വേദനയ്ക്കും അറുതിയാവുന്നില്ല. ഫോറം നിറയെ ഓർമകളാണ്. ഒരിക്കലും അടയാത്ത ഇരുവാതിലുകളിലൂടെയും അതിന്റെ സുഗന്ധം പുറത്തേക്ക് പ്രവഹിച്ചുകൊണ്ടേയിരിക്കും.