പകലിന് പതിവിലും കൂടുതൽ ചൂടുണ്ട്
ഒരില പോലും അനങ്ങുന്നില്ല
എന്നിട്ടും ഞാൻ ജനാല തുറന്നിട്ട്
പുറത്തേക്ക് കണ്ണെറിഞ്ഞ്
മുറിയിൽ ഇരിക്കുകയാണ്
ചുടു കാറ്റെങ്കിലും വരും എന്ന പ്രതീക്ഷയോടെ
ലോകം ഇപ്പൊൾ പ്രതീക്ഷയിൽ മാത്രം കഴിയുന്ന കുറെ പേരുടെ താഴ് വാരം ആയിരിക്കുന്നു
അത്രമേൽ വേഗത്തിൽ ഓടിയവരെ
ഒച്ചനങ്ങുന്നതിലും വേഗകുറവിൽ
ജീവിക്കാൻ പഠിപ്പിച്ചിരിക്കുന്നു കൊറോണകാലം. പണത്തിനും പ്രശസ്തിക്കും നിങ്ങളെ സഹായിക്കാൻ ആകില്ലെന്ന് മനുഷ്യൻ അനുഭവിച്ച് അറിയുന്നു. ആയിരങ്ങൾ ഒഴുകി എത്തേണ്ടുന്ന എത്രയെത്ര മരണങ്ങൾ, വിവാഹങ്ങൾ, ആഘോഷങ്ങൾ…
ഒന്നും ആരും ഒത്തുകൂടാതെ, അന്ത്യയാത്ര ചൊല്ലാതെ, സ്വീകരിക്കാൻ അരും ഇല്ലാതെ, സന്തോഷത്തിൽ പങ്കുചേരാൻ ആരും വരാതെ, ഒറ്റക്ക് ആയിപോയ നിസഹായരുടെ വലിയ താഴ്‌വാരം.
എല്ലാം ഒന്ന് അവസാനിച്ച് വീണ്ടും കൂടിച്ചേർന്ന് ആഘോഷിച്ച്, ആശ്വസിപ്പിച്ച് കൂടുതൽ വേഗത്തിൽ ഓടിത്തുടങ്ങും എന്ന പ്രതീക്ഷയിൽ കഴിയുന്ന പാവം മനുഷ്യർ…
പക്ഷേ ആശങ്ക ഒഴിയാറായിട്ടില്ല. Lockdown കാലത്തിനു ശേഷം ഇൗ ലോകം എത്രമാത്രം വിഷാദ ലോകം ആയി മാറും എന്നതാണ്. ജോലി ഇല്ലാതെ, വരുമാനം ഇല്ലാതെ, ലോൺ അടക്കാൻ ആകാതെ, വാടക കൊടുക്കാൻ വകയില്ലാതെ, എന്തിന് ഭക്ഷണത്തിന് പോലും കയിൽ പണം ഇല്ലാതെ പോകുന്ന എത്രായിരം പേരുണ്ടാകും. അന്നന്നത്തെ അന്നത്തിനു ഉള്ളത് അന്നന്ന് സമ്പാദിച്ചു ജീവിച്ചിരുന്ന പാവങ്ങൾ ആണ് ഏറെ പണിപെടുക. അവർക്ക് പണി ഉണ്ടാകണം എങ്കിൽ തൊഴിൽ നൽകാൻ ചിലവാക്കാൻ മറ്റുള്ളവരുടെ കയിൽ പണം വേണം. അത് എത്രപേർ കാണും? വൻകിട കമ്പനികളിൽ ജോലി എടുക്കുന്നവരുടെ കാര്യവും വ്യത്യസ്തമല്ല. ഇതിനോടകം തന്നെ പല കമ്പനികളും പൂട്ടിപോയി കഴിഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന ക്വാർട്ടർ ഏതാണ്ട് മൊത്തമായും ഈ സാമ്പത്തിക വർഷത്തിന്റെ അദ്യ ക്വാർട്ടർ പൂർണമായും നഷ്ടത്തിൽ പോയ കമ്പനികൾക്ക് കരകയറാൻ പല തീരുമാനങ്ങളും എടുകേണ്ടി വരും. അതിൽ ആദ്യത്തേത് ശമ്പളം വെട്ടിക്കുറയ്ക്കൽ, ജീവനക്കാരെ കുറക്കുക എന്നത് തന്നെ ആകും. അതവർ ചെയ്തത് തുടങ്ങി കഴിഞ്ഞു. വലിയ salary ഉള്ള അവരിൽ ഭൂരിഭാഗവും വലിയ തുക ബാങ്കിൽ വായ്‌പ എടുത്തവരാണ്. ഭവന വായ്പ മുതൽ വാഹന വായ്പ വരെ. അതെല്ലാം എങ്ങനെ തിരിച്ചടക്കും എന്നതിന്റെ ആശങ്ക അവരിൽ ഭീകരം ആയിട്ടുണ്ട്. അപ്പൊൾ പിന്നെ സാധാരണക്കാരുടെ അവസ്ഥ പറയേണ്ടതുണ്ടോ…
വിഷാദ രോഗവും സാമ്പത്തിക പ്രതിസന്ധിയും മനുഷ്യനെ കടുത്ത തീരുമാനങ്ങൾ എടുക്കുന്നതിൽ വരെ എത്തിച്ചേക്കാം. 2008 ലെ ലോക സാമ്പത്തിക മാന്ദ്യത്തിന്റെ തിക്തഫലം അനുഭവിച്ച നിരവധി പേരാണ് ലോകത്ത് ആത്മഹത്യ ചെയ്തത്. ഒരുപക്ഷേ കൊറോണ കാലം കടന്നു പോയ ശേഷം ലോകത്ത് ആത്മഹത്യകളുടെ എണ്ണം ഭീകരമായി പെരുകും എന്നാണ് ഭയകേണ്ടത്. കൊറോണ ബാധിച്ച് മരിച്ചവരുടെ കണക്കുകൾ നമ്മൾ അനുനിമിഷം അറിഞ്ഞു കൊണ്ട് ഇരിക്കും. പക്ഷേ കൊറോണയെ തോൾപിച്ചിട്ടും ജീവിതത്തിൽ തോറ്റുപോയി ഇങ്ങനെ ജീവൻ സ്വയം അവസാനിപ്പിക്കുന്ന വരുടെ എണ്ണം ആരറിയാൻ.. ?
കൊറോണ ഭീതി ഒഴിഞ്ഞെന്ന് കരുതി ആശ്വാസം കൊള്ളുമ്പോൾ ഇൗ പുതിയ സാഹചര്യം എങ്ങനെ നാം നേരിടണം എന്നും ആലോചിക്കണം.