Tuesday, 8 May 2018

നാടിന്‍റെ കരുതലായി ആ വീടൊരുങ്ങട്ടെ...


വീട്
അതൊരുസ്വപ്നമാണ് പലര്ക്കും.
കരുതലിന്റെ, സ്നേഹത്തിന്റെ, സുരക്ഷയുടെ നാല് ചുവരുകള്‍ക്കുള്ളിലെ ജീവിതം
ചിലര്ക്കത് സ്വപ്നങ്ങളില് അവശേഷിക്കുന്നു, പ്ലാനായും എലിവേഷനായും എസ്റ്റിമേറ്റായും ചിലരുടെ മേശവലപ്പിനുള്ളില്  രേഖാചിത്രങ്ങളായും ത്രിമാനചിത്രങ്ങളായും മറ്റ് ചിലതും വിശ്രമിക്കുന്നുണ്ടാകും

പെരുന്പാവൂരില് നിയമവിദ്യാര്ത്ഥിനിയായ ജിഷ കൊല്ലപ്പെട്ടശേഷം 2016 ലെ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചിരിക്കുന്നസമയം. ഓഫീസില് വൈകുന്നേരം അടുത്തദിവസം ചെയ്യേണ്ട തിരഞ്ഞെടുപ്പ് വാര്ത്തയുടെ പ്ലാനിങ്ങിലായിരുന്നു.  വി ഡി സതീശന്റെ പ്രചാരണം കവര്ചെയ്യാനായിരുന്നു പ്ലാന്. ഏതോ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായി ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് ക്യാമറാമാനായ അപ്സല് രാജ് ഒരു വാര്ത്തയുടെ കാര്യമാണെന്ന് പറഞ്ഞ് ഫോണുമായി വന്നത്. ആദ്യത്തെ ഫോണ്‍കഴിഞ്ഞശേഷം തിരിച്ചുവിളിച്ചു. അങ്ങേത്തലക്കല് അപ്സല് രാജിന്റെ സുഹൃത്തായ ജയന്.


വൈപ്പിനിലെ നെടുങ്ങാട് ഒരു ചേച്ചിയും പെണ്മക്കളും ഒരു പാടത്ത് താമസിക്കുന്നുണ്ട്. ഭയങ്കര കഷ്ടമാണ് കാര്യം. എന്തെങ്കിലും ചെയ്യാന് പറ്റ്വാണേല് നന്നായിരിക്കും. ഇതായിരുന്നു ജയന് പറഞ്ഞത്. മീന് പിടിക്കുന്നതിന്റെ ഇടയിലാണ് ജയന് അവരെ യാദൃശ്ചികമായി കണ്ടത്. താമസിക്കുന്ന അതേ പൊക്കാളിപാടത്ത് ചീനവലയിട്ട് മീന്‍പിടിച്ചാണ് അവരുടെ ജീവിതം.
പിറ്റേന്ന് വി ഡി സതീശന്റെ പ്രചാരണത്തിന് പോകുമ്പോള് അത് വഴിചെല്ലാമെന്നേറ്റു. ആദ്യം ഒരു ഹ്യൂമന് ഇന്ററസ്റ്റ് സ്റ്റോറി എന്ന് മാത്രമാണ് തോന്നിയത്. തിരഞ്ഞെടുപ്പ് വാര്ത്തകള്ക്കിടെയില് ഒരു ലൈറ്റ് സ്റ്റോറി, അത്രമാത്രം.

പിറ്റേന്ന് രാവിലെ അപ്സല് രാജുമൊത്ത് വൈപ്പിനിലെ നെടുങ്ങാടിലേക്ക് പോയി. അരമണിക്കൂറിനുള്ളില്‍ ഷൂട്ട് തീര്‍ക്കണമെന്നായിരുന്നു അപ്സലിന് നല്‍കിയ നിര്‍ദേശം. വി ഡി സതീശന്‍രെ തിരഞ്ഞെടുപ്പ് പ്രചാരണമാണ് ഇന്നത്തെ പ്രധാനഷൂട്ടെന്ന് അപ്സലിനെ ഓര്‍മിപ്പിച്ചിരുന്നു.
പറഞ്ഞത്പോലെ ജയന് സ്ഥലത്തുണ്ടായിരുന്നു. നേരെ ജയന് മിന് പിടിക്കുകയായിരുന്ന സ്ഥലത്ത് പോയി. പാടത്ത് നിന്ന് കയറി വേഷം മാറി ജയനെത്തി. പിന്നെ ജയനുപിന്നാലെ നടന്നു.

പൊക്കാളിപാടത്തിന്‍റെ അരിക് ചേര്‍ന്ന് വേണം അങ്ങോട്ട്പോകാന്. വഴിയില് ഒരുവീടുണ്ട്. പിന്നെ ഒരു വെള്ളം കടത്തിവിടാനായി മരം കൊണ്ട് നിര്മിച്ച ഒരു ചെറിയ ബണ്ട്. ഇവിടെ എത്തുന്പോഴേ ആ വീട് കാണാം. വെള്ളം നിറഞ്ഞ പൊക്കാളിപാടത്തെ മരവീട്. മതിലിനും പാടത്തിനുമിടയിലെ നേരിയ ഒരു ഗ്യാപ്പിലൂടെവേണം വീടിലേക്കെത്താന്. കൃത്യമായ വഴിയൊന്നുമില്ല.

ജയന്‍ കാട്ടിയ വഴിയിലൂടെ നടന്ന് ആ പൊക്കാളിപാടത്തെത്തിയപ്പോള്‍ ഞാനും അപ്സല്‍രാജും എബിയും കണ്ടത് ദയനീയചിത്രമാണ്. നേരത്തെ പറഞ്ഞ അരമണിക്കൂറെന്ന നിബന്ധന മായച്ചുകളയാനാണ് ആദ്യം തന്നെ അപ്സലിനോട് ആവശ്യപ്പെട്ടത്. സതീശന്‍റെ പ്രചാരണമെടുത്തില്ലെങ്കിലും വേണ്ടില്ല, ഇതാണ് ഇനി നമ്മുടെ ഒന്നാമത്തെ വാര്‍ത്തയെന്ന് ഉറപ്പിച്ചിരുന്നു.  
ഞങ്ങള്‍ കണ്ടദൃശ്യമിങ്ങനെ

.....പൊക്കാളിപാടത്തിന് നടുവിലായി വെള്ളത്തില്‍ കുറേ മരകുറ്റികള്. അതിനുമുകളില്‍ മരപലക തട്ടടിച്ച് പ്ലാസ്റ്റിക്ക് ഷീറ്റുകളും  ഫ്ലക്സുകളും കൊണ്ട് മറച്ച് കെട്ടിയ ഒരു വീട്. വീടെന്നോ കൂരയെന്നോ അതിനെ വിശേഷിപ്പിക്കാമോയെന്നത് ഇന്നും അറിയില്ല. അത്രയേറെ ദയനീയമാണ് ആ നിര്‍മിതി.
ഇതിലാണ് സുമയെന്ന ഒരമ്മ കഴിയുന്നത്. ഒറ്റക്കല്ല, പ്രായപൂര്‍ത്തിയായ മൂന്ന് പെണ്‍മക്കളെ നെഞ്ചോട് ചേര്‍ത്ത്, ഭീതിപെയ്യുന്ന രാത്രിയും പകലുമെല്ലാം ഈ വെള്ളത്തിന് നടുവില്‍...
സ്മാര്‍ട്ട് സിറ്റിയും മെട്രോയുമെല്ലാം കൊച്ചിയുടെ അടയാളമായി മാറുന്പോള്‍ നഗരത്തിനുപുറത്ത് ഇപ്പോഴും ഇത്തരം വീടുകളില്‍  അന്തിയുറങ്ങുന്ന പാവങ്ങളിപ്പോഴുമുണ്ടെന്നത് വേദനാജനകമാണ്. 

ഒട്ടും സുരക്ഷിതമല്ല അന്യന്റെ പൊക്കാളിപാടത്ത് തെങ്ങിന് തടിയില് കെട്ടിപ്പൊക്കി, മരപ്പലകകൊണ്ട് തട്ടടിച്ച്, പ്ലാസ്റ്റിക്ക് ഷീറ്റുകളും തുണിയും കൊണ്ട് മറച്ച ഈ വീട്. വീട്ടില്‍ ശൌച്യാലയം ‌എന്നൊന്നുണ്ടോയെന്ന് ചോദിച്ചാല്‍ ഇല്ലെന്നും ഉണ്ടെന്നും പറയാം. തറയിലെ മരപ്പലകയില്‍ തുളയിട്ട് ഇവിടെയാണ് ഈ 4 സ്ത്രീകളും പ്രാഥമികകൃത്യങ്ങള്‍ പോലും നിര്‍വഹിക്കുന്നത്. നമ്മുടെ സംസ്ഥാനത്ത് ശൌച്യാലയങ്ങളില്ലാത്ത വീടുകളില്ലെന്ന് സര്‍ക്കാരും രാഷ്ട്രീയകേരളവും ഘോരഘോരം പ്രസംഗിക്കുന്പോള്‍ തന്നെയാണ് ഇതും. മഴക്കാലമാകുന്പോള്‍ പാടത്തെ വെള്ളമുയര്‍ന്ന് തട്ടടിച്ച മരപലകയും കടന്ന് വീട്ടിനുള്ളില്‍ പടരും. ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാകുന്ന ദിനങ്ങള്‍...

ഞങ്ങളെത്തുന്പോള്‍ സുമചേച്ചിമാത്രമായിരുന്നു വീട്ടില്‍. വെള്ളമെടുക്കാനായി പോയ രണ്ടാമത്തെ മകള്‍ അല്‍പം കഴിഞ്ഞ് കുടവുമായെത്തി. സംസാരിച്ചിരിക്കവെ ചെറുതോണിയ തുഴഞ്ഞ് ഇളയമകള്‍ ആരതിയുമെത്തി. കഴിഞ്ഞദിവസം വൈകുന്നേരം വിരിച്ചുകെട്ടിയ വലനോക്കാന്‍ പോയതായിരുന്നു പ്ലസ് ടു വിദ്യാര്‍ത്ഥിയായ ആരതി.

പീഡനം സഹിക്കവയ്യാതെയാണ് സുമ മക്കളുമൊത്ത് 8 വര്‍ഷം മുന്പ് ഭര്‍തൃവീട്ടില്‍ നിന്ന് ഇറങ്ങിയത്. ഇപ്പോള്‍ അമ്മാവന്‍റെ സംരക്ഷണയില്‍ കഴിയുന്ന ഈ കുടുംബം ആദ്യം തൊട്ടപ്പുറത്തെ വാടകവീട്ടിലായിരുന്നു താമസം. പിന്നീട് വാടകക്കൂട്ടിയതോടെ ഒട്ടും സുരക്ഷിതമല്ലാത്ത വീ്ട്ടിലേക്ക് താമസം മാറ്റേണ്ടിവന്നു. ഇങ്ങനെ വെള്ളത്തിനുനടുവില്‍ താമസിക്കുന്നതില്‍
മുമ്പ് പേടിതോന്നിയിരുന്നുവെങ്കിലും പിന്നീട് ഇവര്‍ക്കത് ശീലമായി.
ബാറ്ററി ഉപയോഗിച്ച് തെളിയിക്കുന്ന ചെറുവെളിച്ചത്തില്‍ പഠനവും രാത്രിയും തള്ളിനീക്കും. വീടിനോട് ചേര്‍ന്ന് പാടത്തേക്ക് ഇറക്കിസ്ഥാപിച്ച ചീനവലയുപയോഗിച്ച് രാവിലെ പിടിക്കുന്ന മത്സ്യമാണ് ഏകവരുമാനമാര്‍ഗം. രാവിലെ സ്ക്കൂളിലും കോളേജിലും പോകുന്നതിന് മുമ്പ് മക്കളായ രമ്യയും ആതിരയും ഇങ്ങനെ പിടിച്ചുകിട്ടുന്ന മത്സ്യം മാര്‍ക്കറ്റില്‍ കൊണ്ടുപോയി വില്‍ക്കും. അതിന്ശേഷമാണ് പഠിക്കാനായി പോകുന്നത്.

പെരുന്പാവൂരിലെ ജിഷയുടെ മരണത്തോടെ ഏറെ ഭീതിയിലാണ് ഇവരിപ്പോള്‍.
അകത്തും പുറത്തും ആധിയോടെ കഴിയുന്ന ആ അമ്മയുടേയും മക്കളുടേയും മുഖം മനസില്‍ നിന്ന് ഒരിക്കലും മാഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പിന്‍റെ നിശബ്ധപ്രചാരണദിവസമാണ് വാര്‍ത്ത ചാനലില്‍ പ്രക്ഷേപണം ചെയ്തത്. ആ ദിവസത്തിന്‍റെ  പ്രത്യേകതയൊന്നുകൊണ്ടുമാത്രം അധികമാരും ശ്രദ്ധിക്കാതെ പോകുമായിരുന്നു ആ വാര്‍ത്ത. തിരഞ്ഞെടുപ്പ് കോലാഹലത്തിന്‍റെ ഇടയില്‍ ഒട്ടും ചര്‍ച്ചയാകാതെ സുമചേച്ചിയുടേയും മക്കളുടേയും വാര്‍ത്ത എങ്ങുമെത്താതെ പോയതിന്‍റെ വേദന ആ ദിവസംമുഴുവനും ഞാനും അപ്സല്‍രാജ് പങ്കുവെക്കുകയും ചെയ്തു. സഹായവുമായി ആരെങ്കിലും വരുമെന്ന പ്രതീക്ഷ അസ്തമിച്ചുവോയെന്ന് ആശങ്കപ്പെട്ടു.

പിറ്റേദിവസം രാവിലെ ഉണര്‍ന്നത് ഒരു ഫോണ്‍ കോളിനെ തുടര്‍ന്നാണ്. ഖത്തറില്‍ നിന്ന് ഒരു സുഹൈല്‍. പരിചയമല്ലാത്ത നമ്പറായതിനാലും ഉറക്കം വിട്ടൊഴിയാത്തതിനാലും രണ്ടാം തവണയും വിളിച്ചപ്പോഴാണ് കോള്‍ എടുത്തത്. ബാംഗ്ലൂരില്‍ ഞാന്‍ പഠിച്ച അതേകോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നുവെന്നും ഒപ്പം പഠിച്ച പ്രജിത്തിന്‍റെ റൂം മേറ്റ് ആയിരുന്നുവെന്നും പറഞ്ഞപ്പോള്‍ സൌഹൃദം പങ്കുവെക്കാനുള്ള കോള്‍ ആയിരിക്കുമെന്നാണ് ആദ്യം കരുതിയത്. വാര്‍ത്തകള്‍ കാണാറുണ്ടെന്നായിരുന്നു ആദ്യം സുഹൈല്‍ പറഞ്ഞത്. പിന്നീടാണ് കാര്യത്തിലേക്ക് കടന്നത്. ഇന്നലത്തെ വാര്‍ത്തകണ്ടാണ് വിളിച്ചത്. അവരെ സഹായിക്കണമെന്നുണ്ട്, എന്ത് ചെയ്യാമെന്നായിരുന്നു സുഹൈലിന്‍റെ ചോദ്യം. അവരുടെ അവസ്ഥ വിശദീകരിച്ചു. ഖത്തറിലെ കൂട്ടുകാരുടെ സഹായത്തോടെ സ്ഥലം വാങ്ങിനല്‍കാമെന്നാണ് ആലോചന.
പിന്നീടും പലതവണ സുഹൈല്‍ ബന്ധപ്പെട്ടു. കാര്യങ്ങള്‍
തിരക്കികൊണ്ടേയിരുന്നു. കാരുണ്യം എന്നപേരില്‍ സുമചേച്ചിയേയും മക്കളേയും സഹായിക്കാനായി ഒരു വാട്സ്അപ്പ് ഗ്രൂപ്പും തുടങ്ങി. പലകുറി ബിജുവും സുഹൈലും നാട്ടില്‍ വന്ന് കാര്യങ്ങള്‍ നീക്കി.
പിന്നെ ബിയോണ്ട് ദ ഹെഡ് ലൈനില്‍ ഒന്നുകൂടി വിശദമായി സുമചേച്ചിയുടെ കഥ പുരം ലോകത്തെ അറിയിച്ചു. തിരഞ്ഞെടുപ്പിന്‍റെ തിരക്കെല്ലാം ഒഴിഞ്ഞപ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ഉണര്‍ന്നുതുടങ്ങി. തഹസില്‍ദാര്‍ക്ക് കാര്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കി കളക്ടര്‍. എംഎല്‍എ എസ് ശര്‍മയടക്കം സുമയ്ക്കും കുടുംബത്തിനും സഹായം വാഗ്ദാനം ചെയ്തു.

മാസങ്ങള്‍ക്ക് ശേഷം സുമചേച്ചിയുടെ ആഗ്രഹംപോലെ തൊട്ടടുത്ത് തന്നെ 4 സെന്‍റ് ഭൂമി വാങ്ങി നല്‍കി ഖത്തറിലെ ഇനിയും നേരില്‍ കണ്ടിട്ടില്ലാത്ത ആ നല്ല സുഹൃത്തുക്കള്‍. (പലകുറി നാട്ടില്‍ വന്നിട്ടും സുഹൈലിനേയും ബിജുവിനേയുമൊന്നും ഇന്നും കാണാന്‍ പറ്റിയിട്ടില്ല). സ്ഥലം വാങ്ങിയശേഷവും വീട് നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.
വീട് നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം കൊടുത്തു അബ്ദുള്‍ കയ്യൂം എന്നയാളെത്തി. നാട്ടുകാരുടേയും പഞ്ചായത്തിന്‍റേയുമെല്ലാം പിന്തുണയോടെ ഒടുവില്‍ ആ വീടിന്‍റെ നിര്മാണം ആരംഭിച്ചിരിക്കുന്നു. കഴിഞ്ഞദിവസം രാവിലെ ആ വലിയ സ്വപ്നത്തിന് ആദ് കല്ല് ഇട്ടിരിക്കുന്നു.  ‌ഈ ഓണം സുമചേച്ചിക്കും മക്കള്‍ക്കും കരയിലെ സ്വന്തം വീട്ടിലെ ആദ്യഓണമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.


ഇതിനിടെയില്‍ വൈപ്പിനിലെ ഈ അമ്മയുടെ വാര്‍‍ത്തയ്ക്ക് സംസ്ഥാനസര്‍ക്കാരിന്‍റെ മികച്ച കറന്‍റ് അഫയേഴ്സ് പ്രോഗ്രാമിനുള്ള അവാര്‍ഡ് ലഭിച്ചു. പക്ഷെ അതിനേക്കാള്‍‍ വലിയ അവാര്‍ഡാണ് സുഹൈലും കയ്യൂമും കൂട്ടരും നല്‍കിയത്. ഇതിനേക്കാള് വലുതായി മറ്റൊരു പുരസ്ക്കാരമുണ്ടെന്ന് തോന്നുന്നില്ല.

കൊച്ചിയില്‍ നിന്ന് മടങ്ങുന്നതിന് മുന്പ് പിന്നെയും പലതവണ സുമചേച്ചിയുടെ വീട് തേടി ഞാനും അപ്സലും പോയി. കാണുന്പോളെല്ലാം വലിയ സന്തോഷത്തിലായിരുന്നു സുമചേച്ചി. ചെല്ലുന്പോളെല്ലാം ഒരു വലിയ സഞ്ചിയില്‍ കരിമീനും ചെമ്മീനുമെല്ലാം എടുത്തുതരും. പകരം പണം വാങ്ങാന്‍ വിസമ്മതിക്കും . നിര്‍ബന്ധത്തിന് വഴങ്ങി ഒടുവില്‍ നനഞ്ഞകണ്ണുമായി പണം വാങ്ങാന്‍ സമ്മതിക്കും. വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിക്കും, കഴിക്കാതെ മടങ്ങുന്നതില്‍ പരിഭവിക്കും. നിറയെ ചായയും ശീതളപാനിയയവും കടയില്‍ നിന്ന് വരുത്തിച്ച് നല്‍കും. കൊച്ചിയില്‍ നിന്ന് സ്ഥലം മാറി ഡല്‍ഹിക്ക് പോരുന്നതിന് മുന്പായി കൊച്ചിയില്‍ നിന്ന് ചെയ്യാനായി കരുതിവെച്ചതും സുമചേച്ചിയുടെ വീടെന്ന സ്വപ്നത്തെ കുറിച്ചായിരുന്നു. അപ്സലുമൊത്ത് തന്നെ വീണ്ടും പോയി. പുതുതായി വാങ്ങിയ നാല് സെന്‍റില്‍ നിന്ന് ആതിര പാട്ടുപാടി. അമ്മയുടെ സ്നേഹത്തെ പറ്റി, ജീവിതത്തെ പറ്റി.... 

ജയനെ പിന്നീട് കാണാനായില്ല. ഫോണില്‍മാത്രം സംസാരിച്ചു പലകുറി.
പലകുറി ആലോചിച്ചിട്ടുണ്ട്, ജയന്‍ അന്ന് കീറിയ വല നന്നാക്കാനായി ആ വഴി പോയില്ലായിരുന്നുവെങ്കില്‍, തിരഞ്ഞെടുപ്പിന്‍റെ തിരക്കില്‍ വൈപ്പിനിലെ നെടുങ്ങാടിലെ ആ പൊക്കാളിപാടത്തെ ദുരിതകാഴ്ച്ച കാണാന്‍ ഞങ്ങള്‍ പോയില്ലായിരുന്നെങ്കില്‍ ഇന്നും ഒരുപക്ഷെ എല്ലാ സര്‍ക്കാര്‍ രേഖകള്‍ക്കുംപുറത്ത്, ഭീതിയുടെ നീഴലൊഴിയാതെ ആ അമ്മ ഇപ്പോഴും അന്യന്‍റെ ഔദാര്യത്തില്‍ ആ പൊക്കാളിപാടത്തെ വെള്ളത്തിനുടുവില്‍  ആ പെണ്‍മക്കളെ നെഞ്ചോട് ചേര്‍ത്ത് കിടക്കുമായിരുന്നില്ലേയെന്ന്...

ജയന്‍  ആരുടേയും കണ്ണില്‍ പെടാതെ ഇന്നും മാറി നില്‍ക്കുകയാണ്. ആ ചെറുപ്പക്കാരനാണ് ശരിക്കും ആ അമ്മയുടേയും മക്കളുടേയും രക്ഷകനായത്. അവര്‍ നേരില്‍ കണ്ടദൈവം. ബാക്കിയെല്ലാവരും നിമിത്തങ്ങള്‍മാത്രമാണ്.
കഴിഞ്ഞദിവസം വീടിന്‍റെ കല്ലിടല്‍ ചടങ്ങിന് പോയപ്പോളും ആ അമ്മ അന്ന് അവിചാരിതമായി ആ വഴിക്കെത്തിയ ജയനെ ഓര്‍മിച്ചു, നന്ദിപറ‍ഞ്ഞു.

നേരത്തെ പറഞ്ഞത്പോലെ ഒരു പ്ലാനും എലിവേഷനും എസ്റ്റിമേറ്റുമെല്ലാം എന്റെ മേശവലപ്പിലും ഇരിക്കാന് തുടങ്ങിയിട്ട് വര്ഷം ആറായി. സ്വപ്നത്തിലെ ആ വിടീനേക്കാള് പക്ഷെ വലിയ സൌന്ദര്യമുണ്ട് സുമചേച്ചിയുടെ വീടിന്. കാരണം അതില് നാടിന്റെ മൊത്തം സ്നേഹമുണ്ട്, നന്‍മ വറ്റാത്ത അജ്ഞാതരായ നിരവധി പേരുടെ കരുതലുണ്ട്....





No comments:

Post a Comment