ഒരു നഗരത്തെ അറിയണമെങ്കിൽ തിരക്കൊഴിഞ്ഞ ആ നഗരത്തിലൂടെ ഇറങ്ങി നടക്കണം. പ്രഭാത നടത്തമായോ
അത്താഴത്തിനുശേഷമുള്ള നടത്തത്തിലൂടെയോ
നഗരത്തിൻറെ ഭാഗമാകണം. എന്നാലെ ആ നഗരത്തെ അടുത്തറിയൂ. അപ്പോഴെ യഥാർത്ഥ നഗരത്തെ കാണാനാവൂ. തിരക്കിലേക്ക് നഗരമിറങ്ങുമുമ്പ് തന്നെ. സഞ്ചാരിയായും മറ്റും പലയിടത്ത് ചെന്നപ്പോഴും അതിരാവിലെയോ
രാത്രിയിലോ നഗരത്തെ കാണാൻ നടക്കാനിറങ്ങിയിരുന്നു. ശ്രീനഗറിനെ അറിയണമെങ്കിലും
ഇറങ്ങി നടക്കണം. സൂര്യനുണരുമുമ്പേ നഗരത്തെ കാണണം. തലേന്നാളത്തെ അവശിഷ്ടങ്ങൾ
പേറിയുള്ള നഗരത്തെ അറിയണം. ചെറിയചായക്കടയിലിരുന്ന ചൂടാറാത്ത ചായ ഊതി ഊതി
കുടിക്കണം. ചുറ്റുമുള്ള നഗരത്തെ, മനുഷ്യരെ അടുത്തുകാണണം.
രാംബാഗിലെ ഹോട്ടലിലേക്ക് പോകുമ്പോൾ തന്നെ
കാഴ്ച്ചയിലുടക്കിയതാണ് ഝലത്തിന് കുറുകെയുള്ള മരപ്പാലം. സീറോ ബ്രിഡ്ജ് എന്നാണ് ആ
പാലത്തിൻറെ പേര്. കാലത്ത് നടക്കാനിറങ്ങാൻ പറ്റിയസ്ഥലമെന്ന് കണ്ടമാത്രയിലേ മനസിൽ
കുറിച്ചിട്ടു.
സീറോ ബ്രിഡ്ജ്.
ഝലം നദിക്ക് കുറുകെ മരത്തിൽ തീർത്ത അതിമനോഹരമായ
പാലം. ഇരുകരകളേയും ബന്ധിപ്പിക്കുന്ന വെറുമൊരുപാലം മാത്രമല്ല സീറോ ബ്രിഡ്ജ്.
മറിച്ച് സായാഹ്നങ്ങൾ ചെലവിടാനുള്ള ഒരു പാർക്ക് തന്നെയാണ് സീറോ ബ്രിഡ്ജ്.
ഇരിപ്പിടങ്ങളും ചെറിയകടകളുമെല്ലാം സീറോ ബ്രിഡ്ജിലുണ്ട്. മാത്രവുമല്ല, പാലത്തിലെ
വിളക്കുകാലുകളിലെല്ലാം തൂങ്ങികിടക്കുന്ന
ചെടിചട്ടികൾ...
ശ്രീനഗറിലെ രാജ്ബാഗ് ടൌണിൽ തന്നെയാണ് സീറോ ബ്രിഡ്ജ്
സ്ഥിതിചെയ്യുന്നത്. രാവിലേയും വൈകുന്നേരവും നിരവധി പേരാണ് സീറോ ബ്രിഡ്ജിൽ നടക്കാനായും
കൂട്ടുകാർക്കൊപ്പം സമയം ചിലവഴിക്കാനുമായും എത്തുന്നത്.
കശ്മീർ സന്ദർശനത്തിൻറെ രണ്ടാം ദിവസം അതിരാവിലെ
തന്നെ നോബിളും ഞാനും നടക്കാനിറങ്ങി. ലക്ഷ്യം സീറോ ബ്രിഡ്ജ് തന്നെ. ഹോട്ടലിൽ നിന്ന്
നടക്കാനുള്ള ദൂരമേയുള്ളു. ഏകദേശം 400 മീറ്റർമാത്രം. സൂര്യൻ ഉദിക്കാനൊരുങ്ങുന്നതേയുള്ളു.
ചെറിയ പുലർകാല തണുപ്പുണ്ട്, ചെറിയ മഞ്ഞും. നഗരത്തിലെ പാതകൾ സജീവമായി
തുടങ്ങിയിട്ടില്ല. പക്ഷെ അതിരാവിലെ തന്നെ നഗരം വൃത്തിയാക്കാനായി കോർപറേഷൻ
ജീവനക്കാർ സജീവമായിക്കഴിഞ്ഞു. റോഡുകൾ അടിച്ചുവൃത്തിയാക്കുന്നവർ, മാലിന്യം
വാരുന്നവർ... നീണ്ട ചൂലും കൊണ്ട് റോഡിലെ മാലിന്യങ്ങളും പൊടികളുമെല്ലാം
അടിച്ചുമാറ്റുന്നു. തള്ളിക്കൊണ്ടുവരുന്ന വണ്ടിയിലേക്ക് കോരിയിടുന്നു. ഹോട്ടൽ
മാലിന്യങ്ങളും ആശുപത്രിമാലിന്യങ്ങളുമെല്ലാം വാരിക്കൂട്ടി ലോറിയിലാക്കുന്നു മറ്റുചിലർ.
ഒരു നഗരത്തെ മനോഹരിയാക്കുന്നവർ ശരിക്കും ഇവരല്ലേ. നമ്മൾ വൃത്തിക്കേടാക്കി സ്ഥലം
വിടുമ്പോൾ പിന്നെയും നമുക്ക് വൃത്തിക്കേടാക്കാനായി, വിരുന്നെത്തുന്നവർക്ക് മനം
മടുപ്പിക്കാതെ കണ്ടാസ്വദിക്കാൻ നഗരത്തെ സുന്ദരിയാക്കുന്ന ഇവരല്ലെ ശരിക്കും
നഗരത്തിൻറെ കാവലാൾ.
സമീപത്ത് കൂടി കടന്നുപോയപ്പോൾ അടിച്ചുവാരൽ
തൽക്കാലം നിർത്തി. പൊടിയടിച്ച് നമുക്ക് അസ്വസ്ഥതയുണ്ടാക്കാതിരിക്കാൻ അവർ
പ്രത്യേകം ശ്രദ്ധിച്ചു. തൊട്ടടുത്തെത്തിയപ്പോൾ ഷാളുകൊണ്ട് പാതിമറച്ച മുഖമുയർത്തി
അവർ ചിരിച്ചു. ഖുദാഫിസ് പറഞ്ഞ് നടന്നു. നന്ദിയും വീണ്ടുകാണാമെന്നാണ് ഖുദാഫിസ് എന്ന
കശ്മീരിവാക്കിൻറെ അർത്ഥം. ബാംഗ്ലൂരിലെ പഠനകാലത്ത് കശ്മീരിയായ പഴയ സീനിയർ
പഠിപ്പിച്ചു തന്ന വാക്കാണ്. കേൾക്കുമ്പോഴും പറയുമ്പോഴും ഒരു ഭംഗിയും കൌതുകവും തോന്നുന്ന
ഒരു വാക്ക്. ഫിർദൌസിനോടും ലിയാഖത്തിനോടും അവസരം കിട്ടുമ്പോഴൊക്കെ
എടുത്തുപയോഗിച്ചിട്ടുണ്ട് ഖുദാഫിസ് എന്നപദം.
നടന്ന് സീറോ ബ്രിഡിജിൻറെ ഗെയ്റ്റിലെത്തി.
ബ്രിഡ്ജിൻറെ വലിയ കവാടം തുറന്നിട്ടില്ല. ഞങ്ങളെ കടന്നുപോയ ചേട്ടൻ സൈഡിലെ ചെറിയ
ഗെയിറ്റ് തള്ളിതുറന്നു. സ്ഥിരം പ്രഭാതസവാരിക്കാരനാണ് ചേട്ടനെന്നുതോന്നുന്നു.
അകത്തുകയറിയ ചേട്ടൻ വലിയ ഗെയിറ്റും തുറന്നിട്ട് വ്യായാമം ആരംഭിച്ചു. അകത്തുകയറിയ
ഞങ്ങൾക്ക് നല്ല ആശ്ചര്യം പകരുന്നതായിരുന്നു പാലത്തിലെ കാഴ്ച്ചകൾ. അകലെ നിന്ന്
കണ്ടതുപോലെയല്ല. നല്ലകൊത്തുപണികൾ കൊണ്ട് അതിമനോഹരിയാണ് സീറോ ബ്രിഡ്ജ്.
പതിറ്റാണ്ടിൻറെ പഴക്കമുണ്ട് സീറോ ബ്രിഡിജിന്. പക്ഷെ ഇപ്പോഴത്തേത് പുതിയതാണ്.
പഴയപാലം കേടുവന്നുപോയതോടെ ഒരു വർഷം മുമ്പാണ് ഇപ്പോൾ കാണുന്നപാലം പണിതത്. മുൻ
മുഖ്യമന്ത്രി മുഫ്ത്തി മുഹമ്മദ് സയ്യീദിൻറെ ഓർമയ്ക്കായാണ് ഈ പുതിയ പാലം
സമർപ്പിച്ചിരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പുണ്ടായ വെള്ളപ്പൊക്കത്തിലാണെന്ന്
തോന്നുന്നു പഴയ സീറോ ബ്രിഡ്ജ് തകർന്ന് പോയത്. നല്ല വീതിയുണ്ട് പാലത്തിന്.
അങ്ങിങ്ങായി നിറയെ മരത്തിൻറെ ബെഞ്ചുകൾ. കൂടാരം പോലെ കെട്ടിയ വിശ്രമകേന്ദ്രങ്ങൾ,
ചെറിയ റെസ്റ്റോറൻറുകൾ...
ഹൌസ് ബോട്ട് തീരത്തെ മരകുറ്റികളോട് വലിച്ചുകെട്ടിയിരിക്കുന്നത്. ഇവ പക്ഷെ സഞ്ചാരികളെ കാത്ത് കിടക്കുന്ന ഹൌസ് ബോട്ടുകളല്ല, മറിച്ച് വീടുകളാണ്. മക്കളും പേരമക്കളുമായി നിരവധി പേർ കഴിയുന്ന വീടുകൾ, ഓളപരപ്പിൽ ആടിക്കളിക്കുന്ന കായൽ വീടുകൾ. കറൻറും ടിവിയും വാഷിങ്മെഷിനുമെല്ലാമുണ്ട് ഈ കായൽ വീടുകളിൽ. ഇത്തരം വീടുകൾ വെക്കാൻ സ്ഥലത്തിൻറെ ആവശ്യമില്ലയെന്നൊരു ഗുണമുണ്ട്. ഹൌസ് ബോട്ട് വാങി വീടാക്കിമാറ്റാൻ പക്ഷെ വലിയചിലവുണ്ട്. ലക്ഷങ്ങൾ വിലയുണ്ട് ഹൌസ് ബോട്ടിന്. ചിലർ പഴയത് വാങ്ങുമ്പോൾ മറ്റ് ചിലർ പുതിയ ഹൌസ് ബോട്ട് നിർമിക്കുന്നു. എന്നിട്ട് അതിൻറെ ഒരു ഭാഗം താമസിക്കാനുള്ള വീടായും ഒരുഭാഗം സഞ്ചാരികൾക്കായും മാറ്റിവെക്കുന്നു. താമസത്തിനൊപ്പം വരുമാനമാർഗവുമാകുമത്. രാവിലെതന്നെ ഹൌസ് ബോട്ടിലെ അന്തേവാസികൾ ഉണർന്നിരിക്കുന്നു. ഉണർന്നെണീറ്റശേഷം പുറത്തുവന്ന് കയറുകൾ ഒന്നുകൂടെ വലിച്ച് മുറുക്കികെട്ടും. വെള്ളത്തിൻറെ അളവ് കൂടുന്നതിനും കുറയുന്നതിനുമനുസരിച്ച് കയറിൻറെ കെട്ടിലും മറ്റം വരുത്തും.
ഹൌസ് ബോട്ടിൻറെ കൌതുകകാഴ്ച്ചയിലേക്ക് പടിയിറങ്ങി
രണ്ട് വിദേശികൾ ക്യമറയും തൂക്കിയിറങ്ങി. അവരെ സന്തോഷത്തോടെ സ്വീകരിച്ചു ബോട്ടിൻറെ
കയറുകെട്ടികൊണ്ടിരുന്ന മധ്യവയസ്ക്കൻ. അതിഥികളെ ചായകൊടുത്തു സ്വീകരിച്ച് നല്ല
ആതിഥേയയായി വീട്ടമ്മ. ബോട്ടിനകത്ത് കയറി പുറത്തെ തുറന്ന ജാലകത്തിനരികൽ വന്ന്
ചായയും കുടിച്ച് കായലും കണ്ട് ഫോട്ടോയുമെടുത്താണ് ഇരുവരും മടങ്ങിയത്.
ഹൌസ് ബോട്ടിൻറെ വക്കത്തിരുന്ന് ചൂണ്ടയിടുന്നുണ്ട്
ചിലർ. മറ്റുചിലർ ചെറുവഞ്ചിയിൽ എന്തെല്ലാമോ അടുക്കിവെക്കുന്നു. കച്ചവടത്തിനുള്ള
സാധനങ്ങളാകണം. ഇതിനിടയിൽ നദിയിൽ നിന്ന് വാരിയ മണലുമായി ഒരു വലിയ വള്ളവും
പാലത്തിനടിയിലൂടെ തുഴഞ്ഞുപോയി. ഇവിടെ സർക്കാർ തന്നെയാണ് നദിയിലെ മണൽ വാരുന്നത്.
നമ്മുടെ നാട്ടിലെ പോലെ നദികളെ കൊല്ലാകൊലചെയ്യുന്ന മണൽ വാരലിവിടെയില്ല.
ആവശ്യത്തിനുള്ളത് മാത്രം വാരും. നദികൾ സംരക്ഷിക്കപെടേണ്ടവയാണ്, അവ ജീവൻറെ
നിലനിൽപ്പിന് അത്യാവശ്യമാണെന്ന ഉത്തമബോധ്യം കശ്മീരികൾക്കുണ്ട്. ഝലം നദിയുടെ
സംരക്ഷണത്തിലൂടെയും ദാൽ തടാകത്തിൻറെ സംരക്ഷണത്തിലൂടെയും അവരത് നമ്മുക്ക്
കാട്ടിതരുന്നുണ്ട്.
അൽപനേരം ഝലനദിയുടെ കാഴ്ച്ചകൾ ആസ്വദിച്ച് മെല്ലെ
എഴുന്നേറ്റു. അപ്പോഴേക്കും നിരവധി പേർ നടക്കാനായി എത്തിയിരുന്നു. സ്ക്കൂൾ
വിദ്യാർത്ഥികളടക്കമുള്ള നിരവധി പേർ പാലത്തിലൂടെ മറുകരയിലേക്ക് കൂട്ടമായി
നടന്നുനീങ്ങുന്നു. നദിയുടെ മറുകരയിൽ ഒരു ഇറിഗേഷൻ
പദ്ധതിയുടെ ഭാഗമായുള്ള ഷട്ടറുകൾ
ഉണ്ട്. പാലം കടന്ന് മറുകരയിലേക്ക് എത്തി. വീതിയേറിയ റോഡ്. റോഡരികിലാണ് കശ്മീരിലെ
പ്രബലപാർട്ടിയായ നാഷണൽ കോൺഫറൻസിൻറെ ശ്രീനഗറിലെ പ്രധാന ആസ്ഥാനം. കനത്തസുരക്ഷയാണ്
സംസ്ഥാനം ഭരിച്ചിരുന്ന, ഇപ്പോൾ പ്രതിപക്ഷത്തിലുള്ള നാഷണൽ കോൺഫറൻസിൻറെ സംസ്ഥാനസമിതി
ഓഫീസ്. അകത്തേക്ക് കടക്കണമെങ്കിൽ നമ്മുടെ നാട്ടിലെ തിയ്യേറ്ററുകളിലെ ടിക്കറ്റ്
കൌണ്ടറുപോലെ ഒരു ചെറിയ ഇടനാഴിയിലൂടെ കടന്നുപോകണം. കമ്പിവേലിയും മറ്റും കൊണ്ട്
കനത്തസുരക്ഷയാണ് ഈ ഇടനാഴിക്ക് പോലും. സധാജാഗരൂകരായി പട്ടാളക്കാർ നിറതോക്കുമായി
കാവൽ നിൽക്കുന്നു. കനത്തസുരക്ഷയിൽ നാഷണൽ കോൺഫറൻസിൻറെ പാർട്ടി പതാക ഉയരത്തിൽ പാറി
പറക്കുന്നു. ജമ്മു ആൻറ് കശ്മീരിൻറെ രാഷ്ട്രീയചിത്രത്തിൽ നാഷണൽ കോൺഫറൻസിനുള്ള പങ്ക്
ഏറെവലുതാണ്. കശ്മീരിൻറെ ഗർജിക്കുന്ന സിംഹമെന്നറിയപ്പെടുന്ന ഷെയ്ഖ് അബ്ദുള്ള രൂപം
നൽകിയ ഈ പാർട്ടി രൂപമെടുത്തത് സ്വാതന്ത്ര്യത്തിനും പതിറ്റാണ്ട് മുമ്പാണ്. പ്രത്യേക
ഭരണഘടനാപദവിയുള്ള കശ്മീരിൻറെ ആദ്യ പ്രധാനമന്ത്രിയായിരുന്നു ഷെയ്ഖ് അബ്ദുള്ള.
(സ്വാതന്ത്ര്യത്തിനുശേഷം പ്രത്യേക ധാരണപ്രകാരം ഇന്ത്യയുടെ ഭാഗമായ കശ്മീരിന് ആദ്യം
മുഖ്യമന്ത്രി പദമായിരുന്നില്ല, മറിച്ച് പ്രധാനമന്ത്രി പദവിയായിരുന്നു. 75 മുതലാണ്
പ്രധാനമന്ത്രിക്ക് പകരം മുഖ്യമന്ത്രി സ്ഥാനം കശ്മീരിൽ വന്നത്. അന്നും ഷെയ്ഖ്
അബ്ദുള്ള മുഖ്യമന്ത്രി പദവിയിലെത്തി, മരണം വരേയും ആ പദവിയിൽ അദ്ദേഹം തുടർന്നു) അദ്ദേഹത്തിൻറെ
കാലശേഷം മകനായ ഫാറൂഖ് അബ്ദുള്ളയും കൊച്ചുമകൻ ഒമർ അബ്ദുള്ളയുമാണ് പാർട്ടിയെ
നയിക്കുന്നത്. ഫാറൂഖ് അബ്ദുള്ള നിലവിൽ ലോക് സഭ അംഗവും ഒമർ നിമസഭാ അംഗവുമാണ്. ഇരുവരും
കശ്മീരിൻറെ മുഖ്യമന്ത്രിപദവിയും അലങ്കിരിച്ചിരുന്നു.
വീതിയേറിയ റോഡിൻറെ മറ്റേ അറ്റത്ത് പട്ടാളത്തിൻറെ
ചെക്ക് പോസ്റ്റാണ്. സിആർപിഎഫ് ജവാൻമാർ കടന്നുപോകുന്ന മുഴുവൻ വാഹനങ്ങളും
പരിശോധിക്കുന്നുണ്ട്. ചെക്ക് പോസ്റ്റ് കടന്നുപോകുന്നവരേയും സസൂക്ഷ്മം
നിരീക്ഷിക്കുന്നു. ചെക്ക് പോസ്റ്റിന് സമീപത്ത് തന്നെ പട്ടാളക്കാർക്ക്
താമസിക്കാനുള്ള ചെറിയ മുറിയും ഉണ്ട്. ഞങ്ങൾ കടന്നുപോകുമ്പോഴും എകെ 47 മായി കാവൽ
നിൽക്കുന്ന പട്ടാളക്കാർ ഞങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടായിരുന്നുവെങ്കിലും
ചോദ്യം ചെയ്യലോ പരിശോധനയോ ഉണ്ടായില്ല. കുറച്ചുനേരം അവിടെ ചുറ്റിതിരിഞ്ഞ് നിന്നശേഷം
മടങ്ങി.
സീറോ ബ്രിഡ്ജിൻറെ സമീപത്തെ തൻവീറിൻറെ ചെറിയ
ചായക്കട സജീവമായി കഴിഞ്ഞു. രാവിലത്തെ നടത്തത്തിനും വ്യായമത്തിനും ശേഷം
ചായക്കുടിക്കാനെത്തിയവരും ജോലിക്കായി പോകുന്നവരുമെല്ലാം കാലത്തെ ചായക്കായി കാത്ത്
നിൽക്കുന്നു. ചെറിയ സ്വെറ്ററിട്ടിട്ടുണ്ട് തൻവീർ. തണുപ്പ്
കാലമെത്തിയിട്ടില്ലെങ്കിലും ജീവിതത്തിൻറെ ഭാഗമായിരിക്കുന്നു ഇവർക്ക് സ്വെറ്റർ.
ഇഞ്ചിയിട്ട നല്ല രണ്ട് ചായ തന്നു തൻവീർ. മെല്ലെ
തിരക്ക് ഒഴിഞ്ഞുതുടങ്ങി. എത്രതിരക്കാണെങ്കിലും ഓരോരുത്തരുക്കും പ്രത്യേകം
പ്രത്യേകം ചായവെച്ചുകൊടുക്കും തൻവീർ. അധികം സംസാരിക്കില്ല തൻവീർ. ചോദിക്കുന്നതിന്
മാത്രം മറുപടി പറയുന്ന ഒരു പ്രകൃതം. പരിചയമില്ലാത്തവരോട് പൊതുവെ കശ്മീരികൾ
ഇങ്ങനെയാണ്. ജീവിതം അവരെ പഠിപ്പിച്ച പാഠങ്ങളിലൊന്നാണിത്. ആരെ വിശ്വസിക്കണമെന്ന്,
ആരെ അവിശ്വസിക്കണമെന്ന് യാതൊരുവിധ രൂപവുമില്ലാതാക്കിയ ഇവരുടെ കഴിഞ്ഞകാല ജീവിതം
പകർന്നുനൽകിയ വലിയ പാഠം.
തൻവീറിൻറെ കടയിൽ ചായയും ബിസ്ക്റ്റും പിന്നെ സിഗരറ്റും
മാത്രമാണ് വിൽപനയ്ക്കുള്ളത്. ഫോർ സ്ക്വയർ എന്ന ബ്രാൻറ് സിഗരറ്റ് മാത്രം. പണ്ട് നയൻ
മോംഗിയയും വിനോദ് കാംബ്ലിയുമെല്ലാം ബാറ്റിൽ ഒട്ടിച്ചിരുന്ന പരസ്യത്തിലൂടെ മാത്രം
പരിചിതമായ പേര്. അതൊരു സിഗരറ്റിൻറെ പേരാണെന്ന് പക്ഷെ നോബിൾ അറിഞ്ഞത് ഇപ്പോൾ
മാത്രമായിരുന്നുവത്രേ, ബാറ്റ് നിർമാതാക്കളുടെ കമ്പനിപേരാണ് ഫോർ
സ്ക്വയറെന്നായിരുന്നു അവൻറെ തെറ്റിദ്ധാരണ.
കടയിൽ ഞങ്ങൾക്ക് പുറമെ ഇപ്പോൾ മറ്റ് രണ്ട്
പേർകൂടി ഉണ്ട്. അവരുടെ കയ്യിൽ ഒരു പ്രത്യേകതരം മരത്തിൻറെ യന്ത്രം. കൈക്കൊണ്ട് കോട്ടൺ
നെയ്യുന്നതിനുള്ള യന്ത്രമാണത്രേ. ആദ്യമായാണ് അത്തരമൊരുയന്ത്രം ഞാൻ കാണുന്നത്.
കശ്മീരി വശമില്ലാത്തത്കൊണ്ട് അതിൻറെ പ്രവർത്തനം ചോദിച്ച് മനസിലാക്കാനായില്ല. (പിന്നീടൊരിക്കൽ
ആ യന്ത്രം ഉപയോഗിച്ച് കോട്ടൺ നെയ്യുന്ന വീഡിയോ നോബിൾ അയച്ചുതന്നു.) ഇപ്പോഴും
ഇത്തരം യന്ത്രങ്ങളുമായി പണിയെടുക്കുന്നവർ ഉണ്ടെന്നത് കൌതുകത്തിനപ്പുറം അവരുടെ
ജീവിതത്തെ കുറിച്ചും ഓർമിപ്പിക്കുന്നുണ്ട്. നമ്മുടെ നാട്ടിലെ നെയ്ത്തുകാർ സഹകരണസംഘങ്ങളായുമെല്ലാം
പ്രവർത്തിച്ചിട്ടും ദുരിതകയത്തിൽ തുടരുമ്പോൾ ഇങ്ങനെ അസംഘടിതരായ ഇവരുടെ ജീവിതം
എങ്ങനെയായിരിക്കുമെന്നചിന്ത ശേഷിക്കുന്നു. പ്രത്യേകിച്ച് ബ്രാൻറഡ്
വസ്ത്രങ്ങൾക്കുപിന്നാലെ ഞാനും നിങ്ങളുമെല്ലാം സഞ്ചരിക്കുമ്പോൾ ഇത്തരം തൊഴിലാളികളുടെ
കാര്യം എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതല്ലേ?
അതിനിടെ ഞങ്ങൾക്കുള്ള ചായ തയ്യാറാക്കി രണ്ടുചെറിയ
ഗ്ലാസിലാക്കി ഞങ്ങൾക്കുനേരെ നീട്ടി തൻവീർ. ഒപ്പം രണ്ട് ബിസ്കറ്റുകളും.
തൻവീർ ചായയിൽ ഇഞ്ചിമാത്രമല്ല കറുകപട്ടയും
ഇടുന്നുണ്ട്. ഒരു പ്രത്യേകരുചിയാണ് ആ ചായക്ക്. കണ്ടാൽ നല്ല കടുപ്പം തോന്നും. പക്ഷെ
കുടിക്കുമ്പോൾ അത്ര കടുപ്പമല്ല. ലൈറ്റ് ചായ മാത്രം കുടിക്കുന്ന എനിക്ക് പക്ഷെ കടും
വർണത്തിലുള്ള ചായകണ്ടപ്പോൾ ചെറിയ ആശങ്കതോന്നിയെങ്കിലും കുടിച്ചപ്പോൾ ആ
ആശങ്കയെല്ലാം മാറി. നല്ല ചായ നൽകിയ തൻവീറിനോട് നന്ദി പറഞ്ഞ് അന്നത്തെ പ്രഭാത
നടത്തം അവസാനിപ്പിച്ച് ഹോട്ടലിലേക്ക് നടന്നു.
സീറോ ബ്രിഡ്ജിലപ്പോഴും തിരക്ക് ഏറികൊണ്ടിരുന്നു.
കലപിലകൂട്ടി കടന്നുപോകുന്ന വിദ്യാർത്ഥികൾ, ജോലിക്ക് തിരക്കിട്ടോടുന്ന ജോലിക്കാർ,
വ്യായമം തുടരുന്ന സൈനികരടക്കമുള്ളവർ....
പാലത്തിനപ്പുറത്ത് വൃത്തിയാക്കിയിട്ട നഗരത്തിൽ കച്ചവടക്കാരും
സാധാരണക്കാരമെല്ലാം സജീവമായി. കടകൾ തുറന്നുവരുന്നു. സൈനികവാഹനങ്ങളും നിറതോക്കുകളേന്തിയ
സുരക്ഷാജിവനക്കാരും നിരത്ത് കീഴടക്കിക്കഴിഞ്ഞു. സുരക്ഷയുടെ അരക്ഷിതാവസ്ഥയിൽ ശ്രീനഗർ
തിരക്കേറിയ മറ്റൊരുദിവസത്തിലേക്ക് പ്രവേശിക്കാൻ തുടങ്ങി...
(തുടരും)
മുൻ ഭാഗങ്ങൾ വായിക്കാം
ഭൂമിയിലെ പറുദീസയിലേക്ക് - പാർട്ട് 1
മുഗളൻറെ തോട്ടങ്ങളും ചിനാറിൻറെ തണലും... ഭാഗം 2
ഷിക്കാരകളുടെ സ്വന്തം ദാൽ, സഞ്ചാരികളുടേയും... ഭാഗം 3
മുൻ ഭാഗങ്ങൾ വായിക്കാം
ഭൂമിയിലെ പറുദീസയിലേക്ക് - പാർട്ട് 1
മുഗളൻറെ തോട്ടങ്ങളും ചിനാറിൻറെ തണലും... ഭാഗം 2
ഷിക്കാരകളുടെ സ്വന്തം ദാൽ, സഞ്ചാരികളുടേയും... ഭാഗം 3