ശ്രീനഗറിലെ കാഴ്ച്ചകളിലേക്കാണ് ആദ്യം.
മുഗളൻറെ പൂന്തോട്ടങ്ങളും ദാൽ തടാകവും ഝലം നദിയും
അതിരിടുന്ന ശ്രീനഗർ. വാർത്തകളിൽ ടൂറിസത്തേക്കാൾ തീവ്രവാദി ആക്രമണങ്ങളാൽ ഇടം നേടിയ
സ്ഥലനാമം.

നിങ്ങളുടെ മനസിൽ കശ്മീരിലേക്ക് വരുമ്പോൾ
എന്തായിരുന്നു വികാരം?
ഒട്ടും ശങ്കിക്കാതെ പേടിയെന്ന് നോബിൾ.
90 കളുടെ അവസാനം മുതൽ കശ്മീർ അശാന്തിയുടെ
താഴ്വരയാണ്. ഒരിക്കലും നിലച്ചിട്ടില്ലാത്ത വെടിയൊച്ചകൾ, സ്ഫോടനങ്ങൾ,കൊലപാതകങ്ങൾ, മനുഷ്യാവകാശലംഘനങ്ങൾ....
47 ലെ വിഭജനവും അതിനുശേഷം ഇന്ത്യയുടെ ഭാഗമായി
നിന്നതിൻറേയും ബാക്കിപത്രമാണ് ഈ അശാന്തി.
ഓരോദിവസവും കശ്മീരിൻറെ പുലരി പിറന്നിരുന്നത് പല
വീടുകളിൽ നിന്നുള്ള പൊട്ടിക്കരച്ചിലുകളോടെയായിരുന്നു. എന്നും ആരെങ്കിലുമൊക്കെ
കശ്മീരിൽ കൊല്ലപ്പെട്ടുകൊണ്ടിരുന്നു. ചിലപ്പോൾ സൈന്യത്തിൻറെ വെടിയേറ്റ്,
അല്ലെങ്കിൽ തീവ്രവാദികളുടെ വെടിയേറ്റ്... ഝലം നദിയുടെ ഏതെങ്കിലും തീരത്ത് വെടിയുണ്ടയേറ്റ്
തുളഞ്ഞ്, രക്തത്തിൽ കുളിച്ച ശവശരീരങ്ങൾ നിത്യകാഴ്ച്ചകളായിരുന്നു. മരിച്ചവരുടെ പേരുകൾക്ക്
മാത്രമായിരുന്നു മാറ്റം, മരണകാരണങ്ങൾക്കില്ലായിരുന്നു.
ദിവസങ്ങൾ പഴക്കമുള്ള അജ്ഞാതയുവാക്കളുടെ ജഡങ്ങൾ
ഝലത്തിൻറേയും ദാലിൻറേയും തീരത്ത് അടിഞ്ഞുകൂടുന്നത് ഇപ്പോൾ പഴയത്പോലെ
നിത്യകാഴ്ച്ചയല്ല. പക്ഷെ കശ്മീരിലെ പ്രശ്നങ്ങൾ മാത്രം അവസാനിച്ചില്ല. ഝലത്തിലൂടെ
ഒഴുകിപോയ വെള്ളത്തിനൊപ്പം കശ്മീർ ജനതയുടെ മനസ് ഒഴുകിപോയില്ല, മറിച്ച് ഇന്ത്യൻ
സർക്കാരിൻറെ നിലപാടുകൾക്കെതിരെ അവർ കൂടുതൽ മുഖം കടുപ്പിച്ചു. അല്ലെങ്കിൽ രാജ്യം
അവരോട് സ്വീകരിച്ച രാഷ്ട്രീയനിലപാടുകൾ അവരെ അകറ്റിക്കളഞ്ഞു. അതിനാൽ തന്നെ സൈനികരെ
കാണുമ്പോൾ പലപ്പോഴും കശ്മീരികൾ മുഖം തിരിക്കും, പ്രതിഷേധിക്കും. അനന്ത്നാഗിലും
ബന്ദിപ്പോരിലും അവർ സൈന്യത്തിന് നേരെ കല്ലെറിയും.
ഈ ചിത്രങ്ങളൊക്കെ മതി ശരാശരി മനുഷ്യനെ കശ്മീരിനെ
ഭയത്തോടെ കാണാൻ. കശ്മീരിലേക്ക് തിരിക്കുംമുമ്പ് ആയിരംവട്ടം ചിന്തിപ്പിക്കാൻ.
നോബിളിൻറെ മറുപടിയിൽ മെഹ്റാജിന് അത്ഭുതം
തോന്നിയില്ല. എന്നാൽ ഇതൊന്നുമല്ല കശ്മീരും കശ്മീരികളുമെന്ന് എല്ലാകശ്മീരികളെ പോലെ
മെഹ്റാജും പറഞ്ഞു, ഒരുപക്ഷെ അത് കേൾക്കുന്നവൻ ഉൾക്കെള്ളാനിടയില്ലെന്ന
തോന്നലോടെതന്നെയാകാം മെഹ്റാജ് ഇതെല്ലാം പറയുന്നത്. കശ്മീരെന്തെന്ന് മടങ്ങും മുമ്പ്
നിങ്ങൾ മനസിലാക്കുമെന്ന് പറയുമ്പോൾ മെഹ്റാജിൻറെ കണ്ണിൽ വലിയ
പ്രതീക്ഷയുണ്ടായിരുന്നു.
തെക്കേയിന്ത്യക്കാരെ, പ്രത്യേകിച്ച് കേരളീയരെ,
കശ്മീരികൾക്ക് വലിയ കാര്യമാണ്. മെഹ്റാജ് ആവർത്തിച്ചുകൊണ്ടിരുന്നു. അതേസമയം
ഹിന്ദിക്കാരെ – ഉത്തരേന്ത്യക്കാരെ – തീരെ ഇഷ്ടമല്ല. കാരണമുണ്ട്. തെക്കേയിന്ത്യയിൽ
നിന്നെത്തുന്നവർ, പ്രത്യേകിച്ച് കേരളത്തിൽ നിന്നുള്ളവർക്ക് വിവരമുണ്ട്,
വിദ്യാഭ്യാസമുണ്ട്. അതിനാൽ തന്നെ പ്രശ്നവും കാര്യങ്ങളും മനസിലാക്കാൻ, ഉൾക്കൊള്ളാൻ
അവർ തയ്യാറാകും. എന്നാൽ ഉത്തരേന്ത്യക്കാരങ്ങനെയല്ല. ദേശിയതയുടെ പേരിൽ എന്ത്
കള്ളവും പ്രചരിപ്പിക്കുന്നവരാണ് അവർ. ദേശിയചാനലുകളാണ് കശ്മീർ പ്രശ്നത്തെ
വളച്ചൊടിച്ച് കശ്മീരികളെ ദേശദ്രോഹികളാക്കി മുദ്രകുത്തുന്നതെന്നാണ് മെഹ്റാജ്
പറയുന്നത്. മെഹ്റാജിന് മാത്രമല്ല ഈ അഭിപ്രായമെന്ന് പിന്നീടുള്ള ദിവസങ്ങളിൽ
മനസിലായി. ഒരളവ് വരെ ശരിയാണ്. കശ്മീരിലെ ചെറിയ പ്രതിഷേധങ്ങൾ പോലും വലിയ
വാർത്തയാക്കുന്ന ദേശിയമാധ്യമങ്ങൾ പക്ഷെ ഇവരുടെ യഥാർത്ഥ വിഷയത്തെ ഉയർത്തിക്കാട്ടുന്നില്ല.
എന്തുകൊണ്ട് ഇവർക്ക് ഇത്തരത്തിൽ പ്രതികരിക്കേണ്ടിവരുന്നു, അല്ലെങ്കിൽ
എന്തുകൊണ്ട് ഇവരിൽ നഷ്ടമായ വിശ്വാസം തിരികെ കൊണ്ടുവരാൻ ആകുന്നില്ലയെന്നത്
ചർച്ചയാകേണ്ടതാണ്.
വണ്ടി മെല്ലെ ശ്രീനഗറിൻറെ പ്രധാനടൌണായ ലാൽ ചൌക്ക്
പിന്നിട്ട് മുന്നോട്ട് നീങ്ങുകയാണ്. പ്രതാപ് പാർക്കിനരികിലേക്കാണ് യാത്ര. അവിടെ
ഫിർദൌസ് കാത്ത് നിൽപ്പുണ്ട്. പ്രതാപ് പാർക്കിൻറെ ഒരുവശത്താണ് കശ്മീരിലെ ഒട്ടുമിക്ക
പത്രങ്ങളുടേയും ഓഫീസുകൾ. ഉറുദുവിലും ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള പത്രങ്ങൾ.
പ്രതാപ് പാർക്കിന് മുന്നിലെ ഒരു ചിനാർ മരത്തിൻറെ
തണലിൽ കാർ നിർത്തി കാത്തുനിന്നു. ഫിർദോസിന് നൽകാനായി ഒരു സമ്മാനം കയ്യിൽ
കരുതിയിട്ടുണ്ട്. ചകിരിനാരുകൊണ്ടുണ്ടാക്കിയ ഒരു ആന. ഒരു ചിനാർ ഇലകൂടി കയ്യിൽ
കരുതി. കേരളത്തിൻറേയും കശ്മീരിൻറേയും ചിന്നങ്ങളാകട്ടെ ഈ ഫിർദൌസിനുള്ള ജൻമദിനസമ്മാനം.
ഫിർദൌസിൻറെ വരവും കാത്ത് കുറച്ച് നേരം കാത്ത്
നിൽക്കേണ്ടിവന്നു. എത്തിയ ഉ ടനെ പതിവ്
ആലിംഗനം, ഹാപ്പി ബർത്തിഡെ ആശംസകൾ നേർന്ന് ഞങ്ങൾ സ്വീകരിച്ചപ്പോൾ സന്തോഷം. സമ്മാനം
വാങ്ങി പിറന്നാൾ ഒരിക്കലും ആഘോഷിച്ചിട്ടില്ലെന്നകാര്യം ഫിർദൌസ് പങ്കുവെച്ചു.

വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് ചിനാറിൻറെ തണലിൽ
അൽപനേരം.
പ്രതിരോധമന്ത്രാലയം മാധ്യമപ്രവർത്തകർക്കായി
പ്രതിവർഷം നടത്തുന്ന ഡിഫൻസ് കറസ്പോൻറ്സ് കോഴ്സിൽ വെച്ചാണ് ഫിർദൌസുമായുള്ള സൌഹൃദം
ആരംഭിച്ചത്. അന്നുമുതൽ നല്ല സുഹൃത്താണ് ഫിർദൌസ്. നന്നായി മലയാള സിനിമകളും തമിഴ്
സിനിമകളും ആസ്വദിക്കുന്ന ഫിർദൌസ് മലയാള പാട്ടുകളും തമിഴ് പാട്ടുകളും പാടും. ദുൽഖറിൻറേയും
പാർവതിയുടേയും കടുത്ത ആരാധകനുമാണ് കക്ഷി. ചാർളി സിനിമ കണ്ട് ഇരുവരുടേയും നമ്പർ
വാങ്ങി മെസേജ് അയച്ചിട്ട് ഇരുവരും മറുപടി നൽകിയില്ലെന്ന ചെറിയസങ്കടമുണ്ട്
ഫിർദൌസിന്. ചാർലിയിലെ പാട്ടും പാടിയാണ് മിക്കപ്പോഴും നടപ്പ്.
അകലെ ഒരു മലചൂണ്ടികാട്ടി ആദ്യം നഗരത്തിൻറെ
വിദൂരകാഴ്ച്ച കണ്ടാവാം തുടക്കമെന്ന് ഫിർദൌസിൻറെ ക്ഷണം. വലിയ മലയുടെ മുകളിൽ ഒരു
കോട്ട. അവിടെ നിന്നാൽ ശ്രീനഗർ ടൌണിൻറെ ആകാശക്കാഴ്ച്ച കാണാമത്രേ.
പോകുന്നവഴിക്കാണ് ദാൽ തടാകം. ദാൽ തടാകത്തെ ചുറ്റി
വണ്ടി നീങ്ങി. ദാലിലേക്ക് വരണം. വെയിൽകാഞ്ഞ് ദാലിലെ ഷിക്കാരയിൽ മയങ്ങണം. ദാലിൻറെ
കാഴ്ച്ചകളിലേക്ക് പിന്നീട് വരാം.
കാഴ്ച്ചകൾക്കൊപ്പം ദേശത്തിൻറെ രൂചികളുംകൂടി
ആസ്വദിക്കാനുള്ളതാണ് ഓരോ യാത്രയും. ഒരു പ്രദേശത്തിൻറെ കാഴ്ച്ചകൾക്കൊപ്പം
സംസ്ക്കാരവും രുചിയും അറിയുമ്പോളേ യാത്രകൾ പൂർണമാകൂ. കശ്മീരിൻറെ സ്പെഷ്യൽ വിഭവങ്ങൾ
രുചിച്ചേമടങ്ങാവൂവെന്ന് എന്നെപോലെ ഫിർദൌസിനും നിർബന്ധമാണ്. റാണി ജ്യൂസ് മുതൽ
കശ്മീർ വസ്വാൻവരെ നീണ്ടനിരതന്നെയുണ്ട് നാവിൽ വെള്ളമൂറിക്കാനായി.


പാരി മഹലിന് മുകളിൽ നിന്ന് നോക്കിയാൽ ദൂരെ ദാൽ
തടാകവും ശ്രീനഗർ നഗരവും കാണാം. ചെറുപൊട്ടുകൾ പോലെ ഷിക്കാരകൾ, ചെറിയ തുരുത്തുകൾ.
ദൂരെ ഝലം നദി ഒരു നേർത്തരേഖപോലെ ഒഴുകുന്നു. അകലെ കശ്മീരിന് അതിരിട്ട് മലനിരകൾ....
നല്ലവെയിലുണ്ടായിരുന്നെങ്കിലും കുറേനേരം
കാഴ്ച്ചകൾ കണ്ട് പൊളിഞ്ഞ കൊട്ടയുടെ മുകളിൽ ഇരുന്നു.
ഇനി ജഹാംഗീറിൻറെ തൂങ്ങികിടക്കുന്നതോട്ടത്തിലേക്ക്.
തട്ടുതട്ടായി നിർമിച്ചിരിക്കുന്ന പൂന്തോട്ടം. തട്ടുതട്ടായി നിർമിച്ചതിനാലാണ് ദൂരേ
നിന്ന് നോക്കുമ്പോൾ തൂങ്ങികിടക്കുന്നപൂന്തോട്ടമായി അനുഭവപ്പെടുന്നത്. മുഗുളൻറെ
നിർമാണത്തിൻറെ ഭംഗിയും വൈദഗ്ധ്യവുമാണ് കശ്മീരിലെ ഓരോ പൂന്തോട്ടവും. മലമുകളിൽ
നിന്ന് ഒഴുകിവരുന്ന നീരുറവകളുടെ ഗതിമാറ്റാതെ, ആ നീരുറവകൾ പൂന്തോട്ടത്തിന് മനോഹാരിത
പകരുന്നരീതിയിൽ ഫലപ്രദമായി ഉപയോഗിച്ചിരിക്കുന്നു. ആ
നീരുറവയിലെ തെളിനീരിൽ മുഖവും
കാലുമെല്ലാം കഴുകുന്ന സഞ്ചാരികൾ. ആദ്യം അതൊരുആചാരമാണെന്ന് തെറ്റിദ്ധരിച്ചു.
അങ്ങനെ തെറ്റിദ്ധരിച്ച് ‘ആചാരം’ അനുഷ്ടിക്കുന്ന സഞ്ചാരികളും കൂട്ടത്തിൽ
ഉണ്ടാകാം. ഞങ്ങളും കയ്യും കാലും മുഖവും കഴുകി. നല്ല തണുപ്പ്. മലമുകളിൽ നിന്ന്
ഒഴുകിവരുന്ന തെളിനീര്, ഭൂമിയിലെ ഏറ്റവും ശുദ്ധമായ വെള്ളമാണിത്. ഒരു മിനറൽ
വെള്ളത്തിനും അവകാശപ്പെടാനാകാത്ത പരിശുദ്ധി.
പൂന്തോട്ടങ്ങളുടെ നഗരമായ ബാംഗ്ലൂരിൽ പോലും
ഇത്രയും മനോഹരങ്ങളായ തോട്ടങ്ങളുണ്ടാകില്ല, അത്രകണ്ട് മനോഹരമാണ്. വിവിധതരം
പൂക്കളുടെ സാന്നിധ്യം മാത്രമല്ല, കശ്മീരിലെ തോട്ടങ്ങളെ ആകർഷകമാക്കുന്നത്. മറിച്ച്
വൃത്തിയാണ്. ആ തോട്ടങ്ങൾ പരിചരിക്കുന്നരീതി മാതൃകയാക്കണം. എവിടെയും
പ്ലാസ്റ്റിക്കുകളോ ചപ്പുചവറുകളോ വലിച്ചെറിഞ്ഞതായി കാണാനാവില്ല. കാണാൻ വരുന്ന
സഞ്ചാരിയും മലിനമാക്കുന്നില്ലെന്നതും ശുചിയായി സൂക്ഷിക്കാൻ സഹായിക്കുന്നുണ്ട്.
നമ്മുടെ നാട്ടിലെ പല ടൂറിസ്റ്റ് കേന്ദ്രങ്ങളുടേയും അവസ്ഥ വെറുതെയെങ്കിലും
മനസിലേക്ക് വന്നു.
പൂന്തോട്ടത്തിലെ ചിന്നാർ മരങ്ങൾക്കുതാഴെ നീട്ടിവിരിച്ച
പായയിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്ന കശ്മീരികൾ. മരത്തണലിൽ കിടന്നുറങ്ങുന്നവർ, പ്രണയം
പങ്കിടുന്നവർ, വെള്ളത്തിൽ കളിക്കുന്ന കുട്ടികൾ, മൊബൈലിലെ സെൽഫി ഫ്രെയിമിലേക്ക്
ഒത്തുചേരുന്ന കൂട്ടുകാർ, പേരമരത്തിലും പിയേഴ്സ് മരത്തിലും കല്ലെറിയുന്നവർ....
ജഹാംഗീറിനറെ പൂന്തോട്ടത്തിന് ചുറ്റും നിറപ്പകിട്ടാർന്ന കാഴ്ച്ചകളാണ്.
കുറച്ചുസമയം ചിനാർ മരത്തിൻറെ തണലേറ്റ് കിടന്നു.
നല്ല വെയിലത്തും ചിനാറിൻറെ താഴെ നല്ല തണുപ്പാണ്. ഉച്ചമയക്കത്തിന് ഏറ്റവും
അനുയോജ്യമായയിടം. കാഴ്ച്ചകൾ ആസ്വദിച്ചും ഫോട്ടോയെടുത്തും ഞങ്ങൾ
മടങ്ങിവരുമ്പോളേക്കും ദൂരെ ഒരു ചിനാറിൻറെ കീഴിൽ കിടന്ന് മെഹ്റാജ് മയക്കമായിരുന്നു...
(തുടരും)
ആദ്യഭാഗം ഇവിടെ വായിക്കാം
https://neelambarikku.blogspot.in/2017/09/blog-post.html?m=1
(തുടരും)
ആദ്യഭാഗം ഇവിടെ വായിക്കാം
https://neelambarikku.blogspot.in/2017/09/blog-post.html?m=1