Saturday, 31 May 2014

കടല്കാറ്റേറ്റ് പുതുച്ചേരിയുടെ തീരത്ത്

പുതുച്ചേരി അഥവാ പോണ്ടിച്ചേരി.
ചരിത്രത്തിന്റേയും സംസ്ക്കാരത്തിന്റേയും മനോഹരികളായ ബീച്ചുകളുടേയും ആത്മീയകേന്ദ്രങ്ങളുടേയും ശില്പങ്ങളുടേയും ഷോപ്പിങ് വിസ്മയങ്ങളുടേയും മനം മയക്കുന്ന ഭക്ഷണപദാര്ത്ഥങ്ങളുടേയും മായികലോകം.

sea side
ബാംഗ്ലൂരിലെ പഠനകാലത്ത് ഒപ്പം താമസിച്ചിരുന്ന അഭയ്മുരളിയാണ്
പോണ്ടിയുടെ സൌന്ദര്യത്തെയും സംസ്ക്കാരത്തേയും എപ്പോഴും പറഞ്ഞ് പറഞ്ഞ് മനസിലൊരു സ്വപ്നനഗരമാക്കി പോണ്ടിച്ചേരിയെ മാറ്റിയത്.
വാരാന്ത്യങ്ങളിലെ അവധിദിനത്തില് അഭയ് ഇടയ്ക്കിടെ പോണ്ടിയിലേക്ക് വണ്ടികയറുമായിരുന്നു
പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില് പഠിച്ച അഭയ്ക്ക് ഏതൊരു നഗരത്തേക്കാളും ഗ്രാമത്തെക്കാളുമേറെ പോണ്ടിയെ ഇഷ്ടമായിരുന്നു.

വര്ഷങ്ങള്ക്കുശേഷം പോണ്ടിച്ചേരിയിലേക്ക് വണ്ടികയറുമ്പോള് അഭയ് വാക്കുകളിലൂടെയും ചിത്രങ്ങളിലൂടെയും വരച്ചിട്ട പോണ്ടിയായിരുന്നു മനസില്
എറണാകുളത്ത് നിന്ന് ബസ്സിലായിരുന്നു പോണ്ടിയിലേക്കുളള യാത്ര
Asia's biggest gandhi statue
ബസ് പോണ്ടിച്ചേരിയിലെ ഇന്ദിരാഗാന്ധി സ്റ്റാച്ച്യൂവിലെ ബസ് സ്റ്റാന്റിലെത്തുമ്പോള് സമയം പുലര്ച്ചെ 4 കഴിഞ്ഞിരുന്നു.
10 മിനുട്ട് നേരത്തെ ഓട്ടോയാത്രയ്ക്കൊടുവില് നേരത്തെ ബുക്ക്ചെയ്ത ഹോട്ടലിലെത്തി
അവരുടെ വെബ് സൈറ്റില് കാണിച്ചിരിക്കുന്ന ഹോട്ടലിന്റെ ചിത്രമായോ സൌകര്യങ്ങളുമായോ പുലബന്ധം പോലും നേരില്കാണുമ്പോള് ആ ഹോട്ടലിനില്ല
നേരം പുലര്ന്നപ്പോളാണ് മനസിലായത് ഹോട്ടല് നില്ക്കുന്നത് പോണ്ടിചേരിയുടെ മടിത്തട്ടിലാണെങ്കിലും ഫ്രഞ്ച് അധിനിവേശത്തിന്റെയോ സംസ്ക്കാരത്തിന്റേയോ ഒരു ലാഞ്ചനപോലുമില്ലാത്ത സ്ഥലമായിരുന്നു അത്.
students on their way to school in cycle riksha
പോണ്ടിച്ചേരി രണ്ടായി വിഭജിക്കപ്പെട്ടിട്ടുണ്ടെന്ന് അഭയ് പറഞ്ഞതിന്റെ പൊരുള് ഇപ്പോളാണ് മനസിലായത്
ഇത് ഡാര്ക്ക് സിറ്റി അഥവാ തമിഴ് ക്വാര്ട്ടര് എന്നറിയപ്പെടുന്ന പ്രദേശമാണ്.
1788 ല് പണികഴിപ്പിച്ച ഗ്രാന്റ് കനാല് കൊണ്ടാണ് ഇരു ക്വാര്ട്ടറിനേയും വേര്തിരിച്ചിരിക്കുന്നത്.  
കനാലിന്റെ പടിഞ്ഞാറ് വശം ഫ്രഞ്ച് ക്വാര്ട്ടര് അഥവാ വൈറ്റ് സിറ്റി എന്നറിയപ്പെടുന്നു, മറുവശമാണ് തമിഴ് ക്വാര്ട്ടര്
പക്ഷെ തെരുവുകളുടെ പേരില് ഈ വ്യത്യാസം കുറവാണ്
മിക്കതിനും ഫ്രഞ്ച് നാമധേയം തന്നെ.
  

പൂര്ണമായും ഫ്രഞ്ച് നിര്മിതിയാണ് ഈ തീരനഗരമെന്ന് പറയാനാവില്ല
old light house
സമീപകാലത്തെ ചിലപഠനങ്ങള് പോണ്ടിചേരിയിലെ വികസനത്തില് ഡച്ചുകാരുടെ പങ്കും കണ്ടെത്തിയിട്ടുണ്ട്. 1600 കളുടെ അവസാനങ്ങളില് ഡച്ചുകാരുടെ കൈവശമായിരുന്നു ഈ നഗരം.
ഇടക്കാലത്ത് ബ്രീട്ടീഷുകാരും പോണ്ടിച്ചേരിയെ കൈവശപ്പെടുത്തി. അവരുടെ അധിനിവേശം പോണ്ടിച്ചേരിയെന്ന നഗരത്തെ നശിപ്പിക്കുകയും ചെയ്തു. 4 വര്ഷം നീണ്ടുനിന്ന അധിനിവേശത്തിനൊടുവില് 1765 ല് ഫ്രാന്സിന് തന്നെ പോണ്ടിച്ചേരിയെ ബ്രിട്ടീഷുകാര് വിട്ടുനല്കി. അതിനുശേഷമാണ് ഇന്ന് കാണുന്ന പോണ്ടിച്ചേരിയിലേക്കുള്ള മാറ്റം ആരംഭിച്ചത്. കാലങ്ങളോളം നീണ്ടുനിന്ന നവീകരണത്തിനും നിര്മാണത്തിനുമൊടുവിലാണ് ഇന്നത്തെ പോണ്ടിച്ചേരിയെ ഫ്രഞ്ചുകാര് വാര്ത്തെടുത്തത്.
ഓവല് രൂപത്തില് ഗ്രിഡ് മാതൃകയിലാണ് നഗരത്തിന്റെ നിര്മിതി.

യൂറോപ്യന് ക്ലാസിക്ക് ശൈലിയിലുള്ളതാണ് ഫ്രഞ്ച് ക്വാര്ട്ടറിലെ കെട്ടിടങ്ങള്. മിക്കവയും ഫ്രാന്സിലെ നഗരകേന്ദ്രീകൃതരായ ഉപരിവര്ഗത്തിന്റെ വീടുകളുടെ സാമ്യതയിലുള്ളവ.
എന്നാല് തമിഴ് ക്വാര്ട്ടറിലാവട്ടെ തനി തമിഴ്നാടന് കെട്ടിടങ്ങളും.
പക്ഷെ ഫ്രഞ്ച് സംസ്ക്കാരത്തിന്റെ ചെറിയസ്വാധീനം ചിലകെട്ടിടങ്ങളില് ദൃശ്യമാണ്.

1674 മുതല്‍ 1954 വരെ  ഫ്രഞ്ചുകാരുടെ  പ്രധാന കോളനിയായിരുന്നു പോണ്ടിച്ചേരി.  മൂന്ന്  നൂറ്റാണ്ടോളം  തുടര്ച്ചായായി  പോണ്ടിച്ചേരി  ഭരിച്ച ഫ്രഞ്ചുകാര് പോണ്ടിച്ചേരിയ്ക്ക്  മഹാത്തായൊരു  സംസ്കാരവും പാരമ്പര്യവും  നല്കികൊണ്ടാണ് ഇവിടെ നിന്നും  തിരിച്ചു പോയത്‌.

അധിനിവേശ സംസ്കാരങ്ങളുടെ പ്രതാപം ഇപ്പോഴും നിലനിര്ത്തുന്ന നഗരങ്ങളില്ഒന്നാണ്പോണ്ടിച്ചേരി.
beyond the sea
ഫ്രഞ്ച്അധിനിവേശത്തിന്റെ പാരമ്പര്യവും പ്രൗഢിയും നഗരം ഇപ്പോഴും നിലനിര്ത്തി പോരുന്നു എന്നത്തന്നെയാണ് നഗരത്തിന്റെ ഏറ്റവും വലിയ സവിശേഷത.  
ഇവിടുത്തെ സംസ്കാരവും പാരമ്പര്യവും രൂപപ്പെടുന്നതില്ഫ്രഞ്ച്കൊളോണിയലിസത്തിന്റെ സ്വാധീനം വളരെ വലുതാണ്‌.

രാജ്യത്തെ മൂന്ന്സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന  നാല്തുറമുഖ പ്രവിശ്യകള്  ചേര്ന്നാണ്പോണ്ടിച്ചേരി കേന്ദ്രഭരണപ്രദേശം രൂപം കൊണ്ടിരിക്കുന്നത്‌.  
ആന്ധ്രപ്രദേശിലുള്ള  യാനം,  തമിഴ്നാടിന്റെ  കിഴക്കന്തീരത്തായുള്ള  പോണ്ടിച്ചേരി നഗരം,  കാരൈക്കല്‍,  കേരളത്തിന്റെ പടിഞ്ഞാറന്തീരത്തായുള്ള  മാഹി  എന്നിവ ചേരുന്നതാണ്  പോണ്ടിച്ചേരി .

വിനോദ സഞ്ചാരികള്എപ്പോഴും ആഗ്രഹിക്കുന്നത്വൈവിധ്യമാര്ന്ന അനുഭവങ്ങളും കാഴ്ചകളുമാണ്‌.
ഇക്കാര്യത്തില്പോണ്ടിച്ചേരി വളരെ മികച്ചു നില്ക്കുന്നു.
 നാല്മനോഹരങ്ങളായ ബീച്ചുകളാണ്പോണ്ടിച്ചേരിയുടെ ഏറ്റവും വലിയ സവിശേഷത.
പ്രോംനാഡെ ബീച്ച്‌, പാരഡൈസ്ബീച്ച്‌, സെറിനിറ്റി ബീച്ച്‌, ഓറോവില്ബീച്ച്എന്നീവയാണ് ബീച്ചുകള്‍.
പോണ്ടിച്ചേരിയിലെ  അരബിന്ദോ ആശ്രമമാണ്മറ്റൊരു  പ്രധാന ആകര്ഷണം.  


രാവിലെ പ്രാതലിനുശേഷം പോണ്ടിച്ചേരിയുടെ കാഴ്ച്ചകളിലേക്ക് ഇറങ്ങി നടന്നു
ഹോട്ടലില് നിന്ന് 3 കിലോമീറ്ററോളം ഉണ്ട് അരബിന്ദോ ആശ്രമത്തിലേക്കും ബീച്ചിലേക്കുമെല്ലാം
aurobindo ashram
ഓട്ടോയില് ആദ്യം അരബിന്ദോ ആശ്രമത്തിലേക്ക്
ചേതന് ഭഗതിന്റെ 2 സ്റ്റേറ്റ്സ് എന്ന നോവലില് ഏറെ വായിച്ചിട്ടുണ്ട് അരബിന്ദോ ആശ്രമത്തെകുറിച്ച്
ടൂറിസ്റ്റ് ഡെസ്റ്റിനേഷന് ആയതുകൊണ്ടാകണം ഓട്ടോ ചാര്ജ്ജ് അല്പം അധികമാണ്
ആശ്രമത്തിലെത്തിയപ്പോള് തന്നെ ആശ്രമത്തിന്പുറത്ത് ചെറുതല്ലാത്ത നിരകണ്ടു
വിശ്വാസികളുടേയും സന്ദര്ശകരുടേയും നിര
ചിത്രങ്ങള് പകര്ത്തുന്നതിനും മൊബൈലിനുമെല്ലാം കര്ശന നിയന്ത്രണമുണ്ട് ആശ്രമത്തില്
ആശ്രമത്തിന്റെ ശാന്തതയ്ക്കും ആത്മീയ അന്തരീക്ഷത്തിനും അത് വിഘാതമാകുമെന്നത് കൊണ്ട് തന്നെയാണ് നിയന്ത്രണം

ആശ്രമത്തിനകത്ത് അരബിന്ദോയുടെ പുസ്തകങ്ങളുടെ ലൈബ്രറിയുണ്ട്, വില്പ്പനയും.
ഒപ്പം ചെറിയ മ്യൂസിയവും.
അരബിന്ദോയുടെ പുസ്തകങ്ങള് വിവിധ ഭാഷകളിലേക്ക് തര്ജ്ജമചെയ്തിട്ടുണ്ട്
അവയുടെയെല്ലാം കോപ്പി ഈ പുസ്തകശാലയില് ലഭ്യമാണ്.
1926 ലാണ് ഈ ആശ്രമം പണികഴിപ്പിച്ചത്
അന്നുമുതല് ഇന്നുവരേയും ഇവിടേക്ക് സന്ദര്ശക പ്രവാഹമാണ്.
ആശ്രമത്തിലെത്തുന്ന സന്ദര്ശകര് മണിക്കൂറുകളോളമാണ് ആശ്രമത്തിനുള്ളിലുള്ള കുടീരത്തിന് സമീപം ധ്യാനത്തിലിരിക്കുന്നത്
മൌനമായി ഏതോ ശക്തിയോട് സംവദിക്കുകയാണ് പലരുമെന്ന് തോന്നിപോകും.
മണിക്കൂറുകളോളം ഞാനുമിരുന്നു അവരിലൊരാളായി
ആശ്രമത്തിന്റെ സ്വച്ഛതയില് കുറേ നേരമിരുന്നപ്പോള് മനസിന് വല്ലാത്ത ഭാരകുറവ് അനുഭവപ്പെടുംപോലെ.
eglise de notre dame des angles church

മണിക്കൂറുകളോളം അവിടെ ചിലവിട്ട് പുറത്തിറങ്ങിയപ്പോള് നല്ല വെയില്
ബീച്ചിലേക്ക് ഇപ്പോള് പോകാനാവില്ല
അത്രചൂടുണ്ട് വെയിലിന്
മെല്ലെ പോണ്ടിചേരിയുടെ ഫ്രഞ്ച് നാമധേയത്തിലുള്ള തെരുവുകളിലൂടെ അലഞ്ഞുതിരിഞ്ഞു.
റൂ ഡമാസിലൂടേയും റൂ ഡു ബസാര് സെന്റ് ലൌറന്റിലൂടെയും റൂ വിക്ടര് സിമോണലിലൂടെയുമെല്ലാം അലക്ഷ്യമായി നടന്നു.
ഈ തെരുവുകളുടെ വിവിധ ഭാഗങ്ങളിലാണല്ലോ ഫ്രഞ്ച് അധിനിവേശത്തിന്റേ അവശിഷ്ടങ്ങള് ഏറെയും കിടക്കുന്നത്.
നടന്ന് ആദ്യമെത്തിയത് കപ്പുച്ചിന് സന്ന്യാസിമാരുടെ പള്ളിയെന്നറിയപ്പെടുന്ന പ്രശസ്തമായ  ഇഗ്ലിസ് ഡെ നോട്ട്റെ ഡെയിം ഡെസ് ആഗ്നസ് ചര്ച്ചിലാണ്.

inside eglise de notre dame des angles church
1865 യൂറോപ്യന് ക്ലാസിക്കല് മാതൃകയില് പണിത ഈ പള്ളി ഫ്രഞ്ച് ചക്രവര്ത്തിയായിരുന്ന നെപ്പോളിയന് മൂന്നാമനാണത്രേ നാട്ടുകാര്ക്ക് സമ്മാനിച്ചത്.
പിങ്ക് വര്ണത്തിലുള്ള ഈ ചര്ച്ചിന് പിങ്ക് പള്ളിയെന്നാണ് നാട്ടുകാര് വിളിക്കുന്നത്.
ക്യാപ്സ് ചര്ച്ചെന്നും ഇത് അറിയപ്പെടുന്നു.
റൂ ഡമാസ് സ്ട്രീറ്റില് സ്ഥിതിചെയ്യുന്ന ഈ പള്ളിയില് ഇപ്പോഴും ഫ്രഞ്ചില് ആരാധന നടക്കുന്നുണ്ട്.

പിങ്ക് ചര്ച്ചിന് നേരെ മുമ്പിലാണ് ജോണ് ഓഫ് ആര്ക്കിന്റെ മാര്ബിളില് കൊത്തിയ ശില്പം സ്ഥിതിചെയ്യുന്നത്.
statue of jeanne  d'arc
യൌവനത്തില് തന്നെ ശത്രുക്കള് അഗ്നിക്കിരയാക്കിയ ആ രക്തസാക്ഷിയുടെ പ്രതിമയില് പേലും ആ ധീരത ദൃശ്യമാണ്.

ചര്ച്ചില് അല്പനേരം ചിലവിട്ടശേഷം മെല്ലെ ബീച്ചിലേക്ക്
നീണ്ട് നിവര്ന്ന് കിടക്കുന്ന ബീച്ചിന് സമാന്തരമായി അതിമനോഹരമായ റോഡ്.
ബീച്ചിന്റെ തീരത്ത് തന്നെയാണ് ഏഷ്യയിലെ ഏറ്റവും വലിയ ഗാന്ധി പ്രതിമ സ്ഥിതിചെയ്യുന്നത്.
8 ഗ്രാനൈറ്റ് കല്തൂണുകളുടെ നടുവിലായി വലിയ ഗാന്ധി
തൊട്ടരികില് തന്നെയുണ്ട് 4 ഗ്രാനൈറ്റ് കല്തൂണുകളുടെ മധ്യത്തിലായി നെഹ്റുവിന്റെ പ്രതിമയും
statue of dupleix 
പോണ്ടിച്ചേരിയില് നിന്ന് 70 കിലോമീറ്റര് അകലെയുള്ള ഗിഞ്ചിയില് നിന്നാണ് ഈ കല്തൂണുകള്ക്കുള്ള ഗ്രാനൈറ്റ് എത്തിച്ചത്.

ബീച്ച് റോഡിന്റെ സമീപത്ത് തന്നെയാണ് ഫ്രഞ്ച് ഗവര്ണറായിരുന്ന ഡുപ്ലിക്സിന്റെ കല്പ്രതിമയും സ്ഥിതിചെയ്യുന്നത്.
മൂന്ന് മീറ്ററോളം ഉയരമുള്ള ഡുപ്ലക്സിന്റെ പ്രതിമ ഫ്രഞ്ചുകാര്    പ്ലേസ് ഡു റിപബ്ലിക്കയിലാണ് സ്ഥാപിച്ചത്.
എന്നാല് കാലങ്ങള്ക്കുശേഷം ഇത് ബീച്ചിന്റെ തെക്കേ അറ്റത്തേക്ക് മാറ്റിസ്ഥാപിക്കുകയായിരുന്നു.

ഡുപ്ലിക്സിന്റെ പ്രതിമയും കടന്ന് മുന്നോട്ട്പോയാല് കടല്പാലം കാണാം
തൊട്ടരികില് തന്നെ തീരത്ത് നിരന്ന് കിടക്കുന്ന കട്ടമരങ്ങളും...
പാലത്തിനിടയില് ഫോട്ടോയെടുക്കുന്ന സഞ്ചാരികളുടെ നല്ല തിരക്കാണ്

സായന്തനമായതിനാല് തന്നെ കടല്തീരത്ത് ആളുകളുടെ കൂടുതലുമാണ്
കട്ടമരത്തിനരികിലും കടല്പാലത്തിലേക്കുള്ള വഴിയിലും വല നന്നാക്കുന്ന മുക്കവന്മാരും നിരവധിയാണ്
ഇടയിലൂടെ മസാല കടല വില്ക്കുന്നവരേയും കാണാം

 
മണ്ണില് തീര്ത്തതും അല്ലാത്തതുമായ നിരവധി കരകൌശലവസ്തുക്കളുടെ വില്പനയും പോണ്ടിയില് തകൃതിയാണ്
അത്തരം ചിലകടകളിലും കയറിയിറങ്ങി
ഏല്ലാത്തിനും ഫിക്സഡ് വിലയാണ്
വിലപേശല് ഒട്ടും അനുവദനീയമല്ല ഇവിടെ
മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങളില് നിന്ന് ഇതും പോണ്ടിയെ വ്യത്യസ്ഥയാക്കുന്നു
ശില്പങ്ങള്, സുഗന്ധലേപനങ്ങള്, വസ്ത്രങ്ങള്, വിളക്കുകള്
അങ്ങനെ പലതുമുണ്ട് പോണ്ടിയിലെ വില്പനശാലകളില്

ഇനിയുമുണ്ട് വിസ്മയമൊരുക്കുന്ന പോണ്ടികാഴ്ച്ചകള്
പ്രഭാതത്തിന്റെ നഗരമെന്നനറിയപ്പെടുന്ന ഓറോവില്ല  നഗരം
inside Le cafe
പാരമ്പര്യത്തിന്റെ മഹിമ വിളിച്ചോതുന്ന സ്മാരകങ്ങളും ശില്പങ്ങളും ഇവിടത്തെ പ്രത്യേകതയാണ്.

ഫ്രഞ്ച് യുദ്ധസ്മാരകം, പോണ്ടിച്ചേരി മ്യൂസിയം, ജവഹര് ടോയ് മ്യൂസിയം, ബോട്ടാണിക്കല് ഗാര്ഡന്, ഭാരതി ദാസന് മ്യൂസിയം, അങ്ങനെ പലതുമുണ്ട് പോണ്ടിയില് സന്ദര്ശകരെ രസിപ്പിക്കാനായി.

ഫ്രഞ്ച് തമിഴ് സംസ്ക്കാരങ്ങളുടെ സംയോജനം പോണ്ടിച്ചേരി നഗരത്തിലെ ഭക്ഷണവിഭവങ്ങളിലും ദൃശ്യമാണ്
ഭക്ഷണപ്രിയരേയും പോണ്ടി ത്രസിപ്പിക്കുമെന്നുറപ്പ്.
ഫ്രഞ്ച് വിഭവങ്ങള്ക്ക് പുറമെ തനി നാടന് തമിഴ്, കേരള വിഭവങ്ങളും ഹോട്ടലില് സുലഭമായി ലഭിക്കും.

ആഘോഷങ്ങളുടെ നഗരം കൂടിയാണ് പോണ്ടിച്ചേരി
ഓഗസ്റ്റില് ഫ്രഞ്ച് ഫുഡ് ഫെസ്റ്റിവല്, പിന്നെ
ഡിസംബറില് അന്തര്ദേശിയ യോഗ ഫെസ്റ്റിവല്
തൊട്ടുപിന്നാലെ ജനുവരിയില് ഷോപ്പിങ് ഫെസ്റ്റിവല് എന്നിങ്ങനെ നിരവധിയുണ്ട് പുതുച്ചേരിയിലെ ആഘോഷങ്ങള്

കാഴ്ചകളും കടല്കാറ്റും ആസ്വദിച്ച് നടന്ന് നേരം ഇരുട്ടിതുടങ്ങി
എന്നാലും ക്ഷീണം അറിയുന്നില്ല
പുതുച്ചേരിയിലെ കാഴ്ചകള് ഊര്ജം പകരുന്നതേയുള്ളു.
eve shot
ദിനാന്ത്യത്തിലും കടല്തീരത്തെ ലെ കഫെ റെസ്റ്റോറന്റില് നല്ല തിരക്കാണ്
വിദേശികളും സ്വദേശികളുമെല്ലാം ഒരുപോലെ റസ്റ്റോറന്റിലുണ്ട്.
ഏറെ കാത്ത് നിന്നശേഷമാണ് കടലിനഭിമുഖമായുള്ള ഒരു ടേബിള് ഒഴിഞ്ഞുകിട്ടിയത്
ചൂടോടെ ഒരു ചൂട് കോഫിയും സാന്റ് വിച്ചും രുചിച്ച്
കടലിന്റെ ഭാവവും നിറവും മാറുന്നത് ആസ്വദിച്ച് അല്പനേരം....