Saturday, 27 August 2011

ദുരിതത്തിലെങ്കിലും ജീവനോടെ...


    
.....തൊടിയിലെ മരകൊമ്പില്‍ ഒരുമുഴംകയറില്‍ തൂങ്ങി കിടന്നാടുന്ന മനുഷ്യശരീരം. താഴെ അലമുറയിട്ട് കരയുന്ന മക്കള്‍, ബോധരഹിതായായി വീടിന്‍റെ അകത്തളത്തില്‍  ഭാര്യ, അന്ധാളിച്ച് എന്ത് ചെയ്യണമെന്നറിയാതെ ചുറ്റം കൂട്ടംകൂടിനില്‍ക്കുന്ന ബന്ധുക്കള്‍. എല്ലാത്തിനും മൂകസാക്ഷിയായി വിളകരിഞ്ഞ കൃഷിയിടവും.....”
ചിലയിടങ്ങളില്‍ ചിത്രം മാറുന്നു, കയറിനുപകരം വിഷകുപ്പിയാകുന്നു മാധ്യമം., ബാക്കിയെല്ലാം സമാനം. ഭാരത ജനസംഖ്യയുടെ 70 ശതമാനം വരുന്ന കര്‍ഷകന് റബറും കുരുമുളകും നെല്ലും ഇഞ്ചിയുമെല്ലാം ഒരുപോലെ മരണകെണിയൊരുക്കിയപ്പോള്‍ പതിനായിരങ്ങളാണ് കാലപുരിയില്‍ അഭയം കണ്ടെത്തിയത്.
രണ്ടായിരത്തിന്‍റെ തുടക്കം മുതലിങ്ങോട്ട് ഈ ചിത്രം ഏറെകാലം നമ്മുടെ ടെലിവിഷന്‍ ചാനലുകളിലും മറ്റ് പത്രമാധ്യമങ്ങളിലും മാറാതെ നിന്നിരുന്നു.
ഇന്ത്യയില്‍ മുഴുവനും ഒരുകാലത്ത് ഉയര്‍ന്നുകേട്ട വലിയവിലാപമായിരുന്നു നമ്മുടെ കര്‍ഷകന്‍റെത്. വിദര്‍ഭയും വയനാടുമെല്ലാം ഭാരതത്തിന്‍റെ കണ്ണീര്‍പുഴയായി ഒഴുകിയപ്പോള്‍ അതില്‍ ഒലിച്ചുപോയവരും കലക്കവെള്ളത്തില്‍ മീന്‍‍പിടിച്ചവരുമെല്ലാം നിരവധിയാണ്. സ്വാര്‍ത്ഥലാഭത്തിനായി, വിലനിര്‍ണയിക്കാനാവാത്ത ബാലറ്റ്പേപ്പറില്‍ കണ്ണുംവെച്ച് കര്‍ഷകന്‍റെ ആത്മഹത്യയെ, അവന്‍റെ കുടുംബത്തിന്‍റെ നഷ്ടത്തെ സ്വന്തം വീട്ടിലെ ദു:ഖമായി കണ്ട് ഓടിനടന്ന രാഷ്ട്രീയക്കാര്‍ മുതല്‍ സാമൂഹ്യപ്രവര്‍ത്തകര്‍വരെ നീളുന്നു ആ നിര.
കടംകൊണ്ട ഭൂമിയില്‍ കടം വാങ്ങിയപണത്തിന് കൃഷിയിറക്കിയപ്പോള്‍ നല്ല ജീവിതം മാത്രമല്ല കര്‍ഷകന്‍ സ്വപ്നം കണ്ടത്. ഭാരതപൈതൃകത്തിന്‍റെ, ചരിത്രത്തിന്‍റെ ഭാഗമായ, കാര്‍ഷികവൃത്തിയുടെ ഭാഗമായിപ്രവര്‍ത്തിക്കാന്‍ കഴിയുന്നത് വലിയഭാഗ്യമായാണ് ഇവര്‍ കണ്ടത്. അന്യന് ഭക്ഷിക്കാന്‍ സ്വന്തംവിയര്‍പ്പ് ഒഴുക്കിയ ഒരു വലിയവിഭാഗം ജനത. അന്യനായി വിയര്‍പ്പൊഴുക്കിയപ്പോള്‍ ഒരിക്കലും മനസ് പിടഞ്ഞിട്ടില്ലാത്ത, സങ്കടപ്പെട്ടിട്ടില്ലാത്ത നല്ലവരായ മനുഷ്യര്‍.
എന്നാല്‍ ഈ നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ഇവര്‍ക്ക് കാലിടറി. പലയിടത്തും പലകാരണങ്ങള്‍. കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവും കാലാവസ്ഥയും ആഗോളവത്കരണവുമെല്ലാം കര്‍ഷകന്‍റെ നടുവൊടിച്ചു. തക്കംപാര്‍ത്തിരുന്ന നമ്മുടെ സ്വന്തം രാഷ്ട്രീയകാരാകട്ടെ മുതലകണ്ണൂരുമൊഴുക്കി വണ്ടികയറി. ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി രാഹുല്‍ജി വിദര്‍ഭയിലെ കലാവതിയെ നോക്കി കണ്ണീരൊഴുക്കി. ലോക്സഭയില്‍ കലാവതിയുടെ പേരുപറഞ്ഞ് രാഹുല്‍ നടത്തിയ പ്രസംഗം ലോക്സഭയിലെ അംഗങ്ങളെ മാത്രമല്ല ചിരിപ്പിച്ചത്, പുറത്ത് പൊതുജനമെന്ന കഴുതകളും ചിരിച്ചുപോയി. പ്രസംഗത്തിലെ കോമഡികേട്ടല്ല, മറിച്ച് സത്യാവസ്ഥഅറിയുന്നത്കൊണ്ടാണെന്ന് മാത്രം. കോണ്‍ഗ്രസിന്‍റെ പഴയസര്‍ക്കാര്‍ നടപ്പിലാക്കിയ ആഗോളവത്കരണനയങ്ങളുടെ ശേഷിപ്പായിരുന്നു കര്‍ഷകനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന സത്യം അംഗീകരിക്കാതെ വയ്യ. പാവം കര്‍ഷകന്‍ പാട്ടത്തിനെടുത്തതും അല്ലാത്തതുമായ ഭൂമിയില്‍ വിയര്‍പ്പ് വിളയാക്കി മാറ്റികൊണ്ടിരുന്നപ്പോള്‍ കൊണ്ടുവന്ന നവലിബറല്‍ നയം ദഹിക്കാനാവുന്നതിനുമപ്പുറമായിരുന്നു. വിപണി മറ്റുള്ളവര്‍ക്കുമായി തുറന്നുകൊടുത്തപ്പോള്‍ പ്രളയംപോലെ എത്തിയ വിലകുറഞ്ഞ വിദേശഉത്പന്നങ്ങള്‍ തന്‍റെ വിയര്‍പ്പിന് വിലയില്ലാതാക്കിയെന്ന സത്യം വേദനയോടെപോലും കര്‍ഷകന് ഉള്‍ക്കൊള്ളാനായില്ല. കടമെടുത്ത് വീണ്ടും വിപണിയോട് മത്സരിച്ചെങ്കിലും പരാജയമടയാനായിരുന്നു അവന്‍റെ വിധി. ഒടുവില്‍ ഒരുമുഴം കയറിലും വിഷത്തുള്ളികളിലുമായി സ്വന്തം ജീവനൊടുക്കിയപ്പോള്‍ ഇരുട്ടിലായത് അവന്‍റെ മാത്രം കുടുംബമായിരുന്നു.
പാതിയില്‍ ഇരുളടഞ്ഞുപോയ കര്‍ഷകന്‍റെ വീട്ടില്‍ സഹായഹസ്തങ്ങളുമായി എത്തിയത് രാഹുല്‍ജിയുടെ കോണ്‍ഗ്രസ്മാത്രമല്ല, ഇടതുപക്ഷവും, വിശിഷ്യ ഇടതുപക്ഷത്തിലെ വല്ല്യേട്ടനായ സിപിഎമ്മും.
നമുക്ക് വയനാട്ടിലേക്ക് വരാം. ആയിരത്തിഅഞ്ഞൂറോളം കര്‍ഷകര്‍ വയനാട്ടില്‍ ആത്മഹത്യചെയ്തുവെന്നാണ് അനൗദ്യേഗികകണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ആത്മഹത്യചെയ്ത കര്‍ഷകരുടെ എണ്ണം 500 ല്‍ താഴെമാത്രമാണ്.
ആ ദിനങ്ങളില്‍ രാഷ്ട്രീയ നേതൃത്വവും കേന്ദ്രസംഘങ്ങളുമെല്ലാം കര്‍ഷകന്‍റെ വീട്ടിലെ നിത്യസന്ദര്‍ശകരായിരുന്നു. എന്നും പുലരി പിറന്നിരുന്നത് കര്‍ഷകന്‍റെ വീട്ടിലും കൃഷിയിടത്തിലുമായി സന്ദര്‍ശനത്തിനും പഠനത്തിനുമായി എത്തിയിരുന്ന സംഘങ്ങളുടെ വരവോടെയായിരുന്നു. കര്‍ഷകആത്മഹത്യകള്‍ തുടര്‍കഥയായപ്പോള്‍ വലിയരാഷ്ട്രീയ വിവാദങ്ങള്‍ക്കുമാണ് അത് തിരികൊളുത്തിയത്. ആത്മഹത്യചെയ്ത കര്‍ഷകന്‍റെ വീട്ടിലേക്ക് രാഷ്ട്രീയനേതാക്കളുടെ പ്രവാഹമായിരുന്നു.  കര്‍ഷകന്‍റെ കുടുബത്തിന്‍റെ ദുഖത്തില്‍ പങ്കുചേര്‍ന്ന് ഓടിയണഞ്ഞനേതാക്കളുടെ എണ്ണം എണ്ണിതീര്‍ക്കാനാവില്ല. 2006 ലെ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെ മുഖ്യതെരഞ്ഞെടുപ്പ് വിഷയവും വയനാട്ടിലെ കര്‍‍ഷകആത്മഹത്യതന്നെയായിരുന്നു. ഇടതുപക്ഷം ശക്തമായി തന്നെ കര്‍ഷകന്‍റെ ശബ്ദമായപ്പോള്‍ ചരിത്രത്തിലാദ്യമായി വയനാട് എന്ന വലതുകോട്ട ഇടതിന്‍റെ കരവലയിത്തിലായി. കര്‍ഷക ആത്മഹത്യ നടമാടിയ പുല്‍പ്പള്ളിയും മുള്ളന്‍കൊല്ലിയുമെല്ലാം ശക്തമായി തന്നെ പ്രതികരിച്ചു. പുതുതായി അധികാരത്തിലേറിയ ഇടതുസര്‍ക്കാര്‍ കര്‍ഷകടാശ്വാസകമ്മീഷനെ നിയമിച്ചു.  കടം കയറി ആത്മഹത്യചെയ്ത കര്‍ഷകന്‍റെ കടം എഴുതിതള്ളാനായി. ഇതേ ലക്ഷ്യം വച്ചുകൊണ്ട കേന്ദ്രസര്‍ക്കാരും കര്‍ഷകകടാശ്വാസകമ്മീഷന് രൂപം നല്‍കി. വിദര്‍ഭ പാക്കേജ്, കുട്ടനാട് പാക്കേജ്, വയനാട് പാക്കേജ്, ഇടുക്കി പാക്കേജ് തുടങ്ങി നിരവധി പദ്ധതികള്‍ക്കും കേന്ദ്രം രൂപം നല്‍കി. വിദര്‍ഭ പാക്കേജില്‍ ഉള്‍പ്പെടുത്തി സബ്സിഡി നിരക്കില്‍ പശുവിനെ വിതരണം ചെയ്തും മറ്റും കര്‍ഷകന്‍റെ കുടുംബത്തെ സഹായിച്ചു. കടാശ്വാസകമ്മീഷന്‍ വഴി ബാങ്കില്‍ നിന്നെടുത്ത കടം 25000 രൂപവരെ സര്‍ക്കാര്‍ എഴുതിതള്ളി. അങ്ങനെ നിരവധി പദ്ധതികള്‍. കര്‍ഷകന്‍റെ കുടുംബത്തെ തങ്ങള്‍ സഹായിച്ചുവെന്ന് സംസ്ഥാനം ഭരിച്ച ഇടതും കേന്ദ്രം ഭരിച്ച വലതും ഒരുപോലെ അവകാശവാദം ഉന്നയിച്ചു. സംസ്ഥാനത്തിന്‍റെ കടാശ്വാസകമ്മീഷന്‍ തട്ടിപ്പാണെന്നും കേന്ദ്രമാണ് കൂടുതല്‍ തുകചെലവഴിച്ചതെന്നും കോണ്‍ഗ്രസും സംസ്ഥാനത്തിന്‍റെ പരിമിതമായ ബജറ്റുപയോഗിച്ച് സംസ്ഥാനത്തെ കടാശ്വാസകമ്മീഷന്‍ നന്നായി തന്നെ സഹായിച്ചുവെന്നും കണക്കുകള്‍ നിരത്തി ഇടതും പ്രതിരോധിച്ചു. അങ്ങനെ അടുത്തതെരഞ്ഞെടുപ്പും വന്നെത്തി.
വീണ്ടുമൊരു നിയമസഭതെരഞ്ഞെടുപ്പുകാലത്താണ് ആത്മഹത്യചെയ്ത കര്‍ഷകകുടുംബങ്ങളുടെ നിലവിലെ അവസ്ഥയെന്തെന്ന് അന്വേഷിച്ചിറങ്ങിയത്. സര്‍ക്കാരിന്‍റെ കടാശ്വാസം, കേന്ദ്രത്തിന്‍റെ വിവിധ മോഡല്‍ പദ്ധതികള്‍ എത്രമാത്രം ഇവരെ  സഹായിച്ചു? ഇവരുടെ ജീവിതം ഇപ്പോള്‍ എങ്ങനെ? സഹായവാഗ്ദാനങ്ങളുമായി ഇപ്പോളും രാഷ്ട്രീയക്കാരുടെ പ്രവാഹം ഉണ്ടോ? അന്വേഷിച്ചു, പലരേയും നേരില്‍ കണ്ടു, അടുത്തറിഞ്ഞു.
ചില കുടുംബങ്ങളെ, ആത്മഹത്യയില്‍ അഭയം തേടിയ അവരുടെ വീട്ടിന്‍റെ അത്താണിയായിരുന്ന കര്‍ഷകനെ ഉള്‍പ്പെടെ, പരിചയപ്പെടാം.  


പുഴക്കരയില്‍ തോമസ് .
94 ല്‍ മികച്ച കര്‍ഷകനുള്ള മുള്ളന്‍കൊല്ലി പഞ്ചായത്തിന്‍റെ  കര്‍ഷകശ്രീ അവാര്‍ഡ് നേടിയ  മാതൃകാകര്‍ഷകനാണ് പുഴക്കരയില്‍ തോമസ്.
ഭാര്യ വിജി, ഒരു മകന്‍ ആല്‍ബി, മകള്‍  ആഷ്ലി. ഇതാണ് തോമസിന്‍റെ കുടുംബം.   
കുരുമുളക് കൃഷി ചെയ്ത് ജീവിതം കരുപ്പിടിപിച്ച നല്ല കര്‍ഷകന്‍ മാത്രമായിരുന്നില്ല തോമസ്, കുടുംബത്തെ ഏറെ സ്നേഹിച്ചിരുന്ന ഗൃഹനാഥനായിരുന്നു തോമസ്. മക്കളെന്നാല്‍  ജീവന്‍റെ ജീവനും.
1.62 ഏക്കര്‍ ഭൂമിയുണ്ടായിരുന്നു തോമസിന്. 94 ല്‍ മികച്ച കര്‍ഷകനുള്ള കര്‍ഷകശ്രീ അവാര്‍ഡ് കരസ്ഥമാക്കിയ തോമസിന് പിന്നെ അധികനാള്‍ പിടിച്ചുനില്‍ക്കാനായില്ല. 2000 ത്തിലെ കൊടിയവരള്‍ച്ചയും പിന്നെ വിലതകര്‍ച്ചയും തോമസിനെ കടക്കെണിയിലെത്തിച്ചു. ഭൂമി പണയപ്പെടുത്തി ബാങ്കില്‍ നിന്നും വട്ടപലിശക്കും പണം കടമെടുത്തും തനിക്കറിയാവുന്ന ജോലി തോമസ് ചെയ്തുകൊണ്ടേയിരുന്നു. എന്നെങ്കിലും തന്‍റെ വിയര്‍പ്പിന് വിലതിരികെ ലഭിക്കുമെന്ന് തോമസ് സ്വപനം കണ്ടു. കൃഷി വീണ്ടും വീണ്ടും തകര്‍ച്ചയിലേക്ക് പോയികൊണ്ടേയിരുന്നു. പിന്നെയും പണം പലിശയ്ക്കെടുത്ത് തോമസ് പിടിച്ചുനില്‍ക്കാന്‍ അവസാനത്തെ അടവും പയറ്റിനോക്കി. പക്ഷെ, പലിശ കയറി തലക്കുമുകളിലെത്തിയപ്പോള്‍ കൃഷി സ്ഥലം കുറേശ്ശെയായി പലിശക്കാര്‍ കയ്യടക്കി. ഒടുവില്‍ 2006 ല്‍ തോമസും അതേ വഴി തെരഞ്ഞെടുത്തു. ഒരു മുഴം കയറില്‍   മെയ് 15 ല്‍ 44-ാം വയസില്‍ ആ യുവകര്‍‍ഷകന്‍‍‍  ജീവനൊടുക്കി.
തോമസ് തന്‍റെ കുടുംബത്തിനായി അവശേഷിപ്പിച്ചത്  ഇപ്പോള്‍ 42 സെന്‍റ് സ്ഥലവും ഒരു പണിതീരാത്ത വീടും  ലക്ഷങ്ങളുടെ കടവുമായിരുന്നു.  കടം എങ്ങനെ വീട്ടണമെന്നോ കുട്ടികളെ എങ്ങനെ വളര്‍ത്തണമെന്നോ അറിയാതെ വിജി നട്ടം തിരിഞ്ഞു. ആത്മഹത്യചെയ്ത കര്‍ഷകന്‍റെ കുടുംബത്തിന് സര്‍ക്കാരിന്‍റെ ധനസഹായമായി ലഭിച്ചത് 50,000 രൂപയായിരുന്നു. അ്തുകൊണ്ട് എങ്ങനെ ലക്ഷങ്ങളുടെ കടം തീര്‍ക്കുമെന്ന് വിജിക്ക് ഒരു രൂപവുമില്ലായിരുന്നു.  കടാശ്വാസകമ്മീഷന്‍ വഴി മുള്ളന്‍കൊല്ലി ഗ്രാമീണ ബാങ്കിലെ കടം തീര്‍ക്കാനായി. പക്ഷെ പിന്നെയും പലിശയ്ക്കെടുത്ത ലക്ഷത്തിന്‍റെ കടം ബാക്കിനില്‍ക്കുന്നു, അതിനേക്കാള്‍ വലിയ ചോദ്യചിഹ്നമായി ഇനിയുള്ള ജീവിതം എങ്ങനെ മുന്നോട്ട്കൊണ്ടുപോകുമെന്നതും.
വിദര്‍ഭ പാക്കേജില്‍ ഉള്‍പ്പെടുത്തി 60,000 രൂപ വിലവരുന്ന രണ്ടു പശുക്കളെ ലഭിച്ചത് മാത്രമാണ് വിജിക്ക് ലഭിച്ച ആനുകൂല്യം. 30,000 രൂപ വിലവരുന്ന പശുക്കളെ 50% സബ്സിഡി നിരക്കിലാണ് വിജിക്ക് സര്‍ക്കാര്‍ നല്‍കിയത്. ആ പശുക്കളെ വളര്‍ത്തി ഉപജീവനം നടത്തുക, ഭാവി കരുപ്പിടിപ്പിക്കുക, ഇതായിരുന്നു സര്‍ക്കാരിന്‍റെ സന്ദേശം.
എന്നാല്‍ വൈക്കോലിനും പിണ്ണാക്കിനും വില നാള്‍ക്കുനാള്‍ കുതിച്ചുകയറിയതും പാലിന് നല്ല വില ലഭിക്കാതെ ആയതും അവശേഷിച്ച കൃഷിയിടത്തില്‍ നിന്ന് കാര്യമായ വരുമാനമില്ലാതെയായതും വിജിയുടെ സ്വപ്നങ്ങളുടെ മേല്‍ കരിനിഴല്‍ വീഴ്ത്തി. മക്കളുടെ പഠിത്തവും കുടുംബവും മന്നോട്ട് കൊണ്ടുപോകാന്‍ വിജിക്ക് വീണ്ടും കടം വാങ്ങേണ്ടി വന്നു. അയല്‍ക്കൂട്ടത്തില്‍ നിന്നും ബാങ്കില്‍ നിന്നുമായി വീണ്ടും കടങ്ങള്‍. ഒടുവില്‍ മകളെ നഴ്സിങിന് പഠിപ്പിക്കാനായി രണ്ടര ലക്ഷം രൂപ വിദ്യാഭ്യാസവായ്പ്പയും എടുത്തു വിജി. ഇനി ബാങ്കുകാരുടെ ഒരു ക്രൂരതയെകുറിച്ച് പറയാം. തോമസ് വീടിന്‍റെ ആധാരം പണയപ്പെടുത്തിയായിരുന്നു ലോണ്‍ എടുത്തത്. എന്നാല്‍ ലോണ്‍ തുക കടാശ്വാസകമ്മീഷന്‍ വഴി തിരിച്ചടച്ചെങ്കിലും ഇതുവരേയും തോമസിന്‍റെ ആധാരം ബാങ്കുകാര്‍ വിജിക്ക് തിരികെ നല്‍കിയിരുന്നില്ല. പലപ്പോഴും അന്വേഷിച്ചെങ്കിലും ആധാരം ബാങ്കുകാര്‍ മടക്കിനല്‍കിയില്ല.                                                                    
ഇനി നമുക്ക് കുര്യച്ചനെന്ന പഴയകര്‍ഷകനെ പിരിചയപ്പെടാം.
1.2 ഏക്കര്‍ ഭൂമിയില്‍ കുരുമുളകും ഇഞ്ചിയും വാഴയും റബറും കൃഷിചെയ്തി നല്ലനിലയില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്ന പാടിച്ചിറയിലെ മികച്ച കുടിയേറ്റകര്‍ഷകരില്‍ ഒരാള്‍. 2000 ലെ കടുത്തവരള്‍ച്ചയില്‍ കൊടി (കുരുമുളക് വള്ളി) കരിഞ്ഞുതുടങ്ങിയതെടയാണ് കുര്യച്ചന്‍റെ കാര്‍ഷികജീവിതത്തില്‍ കരിനിഴല്‍ പരന്നുതുടങ്ങിയത്. പിന്നെ റബറിന്‍റെയും കുരുമുളകിന്‍റെയും വിലതകര്‍ച്ചയും ഇഞ്ചികൃഷി നഷ്ടത്തില്‍ കലാശിച്ചതും വീഴ്ച്ചയുടെ വേഗം കൂട്ടി, പിന്നെ പിടിച്ചുനില്‍ക്കാന്‍ ബാങ്കില്‍ നിന്നും വട്ടപലിശകാരന്‍റെ കയ്യില്‍നിന്നുമെല്ലാം കടം വാങ്ങി. എന്നെങ്കിലും കൃഷി മെച്ചമാകുമെന്നും കടങ്ങള്‍ തിരിച്ചടക്കാമെന്നും കുര്യച്ചന്‍ വ്യാമോഹിച്ചു. വീടിന്‍റെ ആധാരം പണയപ്പെടുത്തി പെരിക്കല്ലൂര്‍ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് 2.89 ലക്ഷം രൂപ, പെരിക്കല്ലൂര്‍ കനറാ ബാങ്കില്‍ നിന്ന് 25,000 രൂപ, വ്യാപാരി വ്യവസായി ബാങ്കില്‍ നിന്ന് 15,000 രൂപ, പിന്നെ 3 ലക്ഷത്തോളം രൂപ ബ്ലേഡില്‍ നിന്നുമായി കുര്യച്ചന്‍ കടമെടുത്ത് കൃഷിയില്‍ വിശ്വാസമര്‍പ്പിച്ചു. പക്ഷെ വിധി കുര്യച്ചന് എതിരായിരുന്നു. കടവും പലിശയും പെരുകിയതല്ലാതെ ഒന്നും സംഭവിച്ചില്ല. ഒടുവില്‍ 2002 സെപ്തംബര്‍ 9 ന് രാവിലെ ഭാര്യ ഗ്രേസിയെന്ന ഏലിയാമയോടും ഏകമകന്‍ ജോസിനോടുമൊപ്പം പ്രാതല്‍ കഴിച്ച് വാഴതോട്ടത്തിലേക്കിറങ്ങിയ കുര്യച്ചന്‍ പിന്നെ മടങ്ങിയില്ല, കയ്യില്‍ കരുതിയ വിഷകുപ്പിയിലെ വിഷം കൊക്കോകോളയില്‍ കലക്കി കുടിച്ച് കുര്യച്ചന്‍ കടങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായി...
കുര്യച്ചന് ആത്മഹത്യചെയ്തുവെന്ന് വിശ്വസിക്കാന്‍ നാട്ടുകാര്‍ക്ക് സാധിച്ചിരുന്നില്ല. അതിന് കാരണവുമുണ്ട്. കടം കയറി ചെമ്പക്കര തങ്കച്ചന്‍ എന്നകര്‍ഷകന്‍ 2 വര്‍ഷം മുമ്പ് ആത്മഹത്യചെയ്തപ്പോള്‍ ചടങ്ങുകള്‍ നടത്താനും മുന്നില്‍ ഉണ്ടായിരുന്നു കുര്യന്‍. കടം കയറി ആത്മഹത്യചെയ്തതിനെതിരെ ശക്തമായി വിമര്‍ശിച്ചിരുന്ന കുര്യന്‍ ഫ്യുരിഡാന്‍ കഴിച്ച് വാഴതോട്ടത്തില്‍ മരിച്ച് കിടക്കുന്നെന്ന വാര്‍ത്ത നാട്ടുകാര്‍ക്ക് ഞെട്ടലോടെയാണ് കേട്ടത്.
ഏല്യാമയ്ക്കും മകന്‍ ജോസിനും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇപ്പോഴും ഒന്നും വിശ്വസിക്കാനായിട്ടില്ല. ഇത്രയും വലിയകടം കുര്യച്ചനുണ്ടെന്നും കൃഷി നഷ്ടത്തിലാണെന്നും ഇവര്‍ക്ക് അറിയില്ലായിരുന്നു, ബാങ്കില്‍ നിന്ന് ജപ്തിനോട്ടീസ് വന്നപ്പോള്‍ മാത്രമാണ് വീടിന്‍റെ ആധാരം പണയപ്പെടുത്തി കുര്യച്ചന്‍ വായ്പയെടുത്തകാര്യമേ ബന്ധുക്കളറിഞ്ഞത്. പിന്നെ വീട്ടിലേക്ക് കടക്കാരുടെ ഒഴുക്കായിരുന്നു. സര്‍ക്കാരിന്‍റെ 50,000 രൂപ ധനസഹായം കൊണ്ട് ബ്ലേഡുകാരെ ചെറുതായി ഒതുക്കി. കടാശ്വാസകമ്മീഷന്‍റെ 25,000 കൊണ്ട് കനറാബാങ്കിലെ കടം തീര്‍ത്തു. പക്ഷെ ജപ്തിനേരിടുന്ന വീട് രക്ഷിക്കാന്‍ ഒരു വഴിയും ഏല്യാമയുടെ മുന്നില്‍ തെളിഞ്ഞില്ല. പിന്നെ ബന്ധുകള്‍ ബാങ്കിലെ തുകയടച്ച് വീട് ജപ്തിയില്‍ നിന്ന് രക്ഷപ്പെടുത്തി, ഇപ്പോള്‍ വീടിന്‍റെ ആധാരം ബന്ധുക്കളുടെ കയ്യിലാണ്, പണം തിരികെ നല്‍കുമ്പോള്‍ ആധാരം തിരികെ ലഭിക്കും. പക്ഷെ പണം എവിടെ?
പലിശക്ക് ആരില്‍ നിന്നൊക്കെയാണ് കുര്യച്ചന്‍ കടമെടുത്തത് എന്നോ എത്രയാണെന്നോ ഇപ്പോളും ഏല്യാമയ്ക്ക് അറിയില്ല. , പലരും പണം തിരികെചോദിച്ച് വരുന്നു പ്രശ്നമുണ്ടാക്കുന്നു. അവര്‍ക്കുമുന്നില്‍ എന്ത് മറുപടിപറയണമെന്നറിയാതെ, അവധി പറയാനാവാതെ ഏലിയാമ കുഴങ്ങുകയാണ്.

ജോസിനെ ബന്ധുക്കളില്‍ നിന്ന് കടം വാങ്ങി പഠിപ്പിച്ചു. ജോസിപ്പോള്‍ റായ്പൂരില്‍ നഴ്സായി ജോലിചെയ്യുന്നു. ശമ്പളം പറയത്തകതൊന്നുമില്ല, 3000 രൂപമാത്രം. ബ്ലഡിലെ കടവും വ്യാപാരി വ്യവസായി ബാങ്കില്‍ നിന്ന് എടുത്തകടവും ഇതുവരേയും തീര്‍ന്നിട്ടില്ല. 15,000 രൂപ എടുത്തത് ഇപ്പോള്‍ പലിശയും പലിശയുടെ പലിശയുമായി 50,000 കടന്നിരിക്കുന്നു ബാങ്കില്‍ നിന്ന് ഇപ്പോഴും നോട്ടീസ് വന്നുകൊണ്ടേയിരിക്കുന്നു. വിദര്‍ഭ പാക്കേജില്‍ ലഭിച്ച ഏക പശുവിനെ വളര്‍ത്തി അതില്‍ നിന്ന് ലഭിക്കുന്ന തുച്ചവരുമാനത്തില്‍ നിന്ന് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന ഏലിയാമയക്ക് എങ്ങനെ കടങ്ങള്‍ തീര്‍ക്കുമെന്ന് ഒരു നിശ്ചയവുമില്ല. ലഭിക്കുന്ന തുച്ചമായ വരുമാനത്തില്‍ നിന്ന് പശുവിന്‍റെ അടവും കടവും അടച്ചുതീര്‍ക്കണം, ഒപ്പം സ്വന്തം ജീവിതചിലവും കണ്ടെത്തണം. പിന്നെ ബന്ധുക്കളുടെ കയ്യിലുള്ള വീടിന്‍റെ ആധാരം തിരിച്ചെടുക്കണം...ഏലായിമയുടെ സ്വപ്നങ്ങള്‍‍ നീളുന്നു
ചെമ്പക്കര തങ്കച്ചന്‍.
മൂവാറ്റുപുഴയില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടിയേറ്റകര്‍ഷകനായി ഭാഗ്യം തേടിയെത്തിയതാണ് തങ്കച്ചന്‍ മുള്ളന്‍കൊല്ലിയിലെ പാടിച്ചിറയില്‍. ഭാര്യയും 2 ആണ്‍മക്കളുമായി കൃഷി ചെയ്തു ജീവിതം സന്തോഷത്തോടെ മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു തങ്കച്ചന്‍. സ്വന്തമായി കൃഷിസ്ഥലമില്ലാത്തതിനാല്‍ പാട്ടത്തിനെടുത്ത ഭൂമിയിലായിരുന്നു തങ്കച്ചന്‍റെ കൃഷി. കുരുമുളകും ഇ‍ഞ്ചിയുമായിരുന്നു പ്രധാനകൃഷി. എന്നാല്‍ കാലാവസ്ഥവ്യതിയാനവും വിലയിടിവും രാസവളങ്ങളുടെ വിലകയറ്റവും തങ്കച്ചനെ കടക്കെണിയിലാക്കി. സ്വന്തമായി കൃഷിസ്ഥലമില്ലാത്തതിനാല്‍ ബാങ്കുകള്‍ തങ്കച്ചന് വായ്പ അനുവദിച്ചില്ല. കൃഷി നിലനിര്‍ത്താനായി പിന്നെ പോംവഴി നാട്ടിലെ ബ്ലേഡ് മാഫിയമാത്രമായിരുന്നു. പലപ്പോഴായി തങ്കച്ചന്‍ കടം വാങ്ങിയത് പലിശയും പലിശയുടെ പലിശയുമായി ഒരു ലക്ഷത്തി അറുപതിനായിരം രൂപയായി. നില്‍ക്കകള്ളിയില്ലാതെ വന്നതോടെ തങ്കച്ചന്‍ 2000 മാര്‍ച്ച് 17 ന് മരണത്തിലഭയം തേടി. ഭാര്യ ആനിയേയും മക്കളേയും തനിച്ചാക്കി പോകുമ്പോള്‍ വരുത്തിവെച്ച കടം അവരെങ്ങനെ തീര്‍ക്കുമെന്ന്, അവരെങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകുമെന്ന് തങ്കച്ചന്‍ ഓര്‍ത്തുകാണില്ല.
സര്‍ക്കാര്‍ നല്‍കിയ 50,000 രൂപയുടെ ധനസഹായം മാത്രമായിരുന്നു ആനിക്കും കുടുംബത്തിനും ലഭിച്ചത്. ബാങ്കില്‍ കടമില്ലെന്നകാരണത്താല്‍ കടാശ്വാസകമ്മീഷന്‍ ആനിയുടെ കുടുംബത്തിന്‍റെ കടം എഴുതിതള്ളാന്‍ തയ്യാറായില്ല. പലിശയ്ക്കെടുത്ത കടത്തിന് സര്‍ക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുക്കില്ല. പിന്നെ എങ്ങനെ കടം തീര്‍ക്കുമെന്നറിയാതെ വലഞ്ഞ ആനിക്ക് പിന്നെ വിദര്‍ഭ പാക്കേജില്‍ നിന്ന് സര്‍ക്കാര്‍ ഒരു പശുവിനെ നല്‍കി. പാലിന് വിലയില്ലാത്ത കാലത്ത്, പിണ്ണാക്കിനും വൈക്കോലിനുമെല്ലാം വിലകുതിച്ചുകയറികൊണ്ടിരിക്കുന്നകാലത്ത് ഒരു പശുവിനെ വെച്ച് എങ്ങനെ ഒരു കുടുംബത്തെ പോറ്റുമെന്ന് ആനിക്ക് യാതൊരുവിധ നിശ്ചയവുമില്ലായിരുന്നു. ഇടയ്ക്കിടെ കടക്കാര്‍ വന്ന് ശല്യം ചെയ്തുകൊണ്ടിരുന്നപ്പോള്‍ പലപ്പോഴും തങ്കച്ചന്‍റെ വഴി തിരഞ്ഞെടുത്താലോയെന്ന് ആനി ചിന്തിച്ചുപോയി. പിന്നെ മക്കളെ ഓര്‍ത്തുമാത്രം ആനി പിടിച്ചുനില്‍ക്കുകയായിരുന്നു ആനി. ഇതിനിടെ അയല്‍ക്കൂട്ടങ്ങളില്‍ നിന്ന് പണം കടം വാങ്ങി മക്കളുടെ പഠനവും മറ്റും മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു ആനി. അയല്‍ക്കൂട്ടത്തിലെ കടം തിരിച്ചടവ് തെറ്റിയപ്പോള്‍ അയല്‍ക്കൂട്ടക്കാരും വീട്ടിലേക്ക് തിരെഞ്ഞെത്തിതുടങ്ങി. പിന്നെ വഴിയില്‍ തടയലായി. ഒടുവില്‍ വിദര്‍ഭ പാക്കേജ് വഴി ലഭിച്ച പശുവിനെ അയല്‍ക്കൂട്ടക്കാര്‍ പലവട്ടം അഴിച്ചു കാണ്ടുംപോയി. അതോടെ ആനിയുടെ കുടുംബവും പലവട്ടം പട്ടിണിയിലായി. ഇപ്പോള്‍ മൂത്തമകന് വിദേശത്ത് ലഭിച്ച ചെറിയജോലിയില്‍ നിന്നുള്ള തുച്ചമായ വരുമാനത്തിന്‍റെയും മറ്റുവീടുകളില്‍ പണിക്കുപോയി സമ്പാദിക്കുന്ന ചെറിയപണവും കൊണ്ട് കുടുംബം പുലര്‍ത്തുകയാണ് ആനി. രണ്ടാമത്തെ മകന്‍ പാതിയില്‍ നിന്നുപോയ പഠനം ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുന്നു. എന്നാലും ആനിയുടെ കണ്ണിലെ കണ്ണീരും മനസിലെ ആധിയും മാറിയിട്ടില്ല. ഇപ്പോളും ലക്ഷങ്ങളുടെ കടം ആനിയുടെ കുടുംബത്തിന്‍റെ തലയ്ക്ക് മീതെ വളരുകയാണ്. പലിശയായി, പലിശയുടെ പലിശയായി...
..................
ഇബ്രാഹിം,
ചെറിയ കൂരയില്‍ തങ്കച്ചന്‍റെ അയല്‍പക്കത്ത് പ്രായപൂര്‍ത്തിയായ മൂന്ന് പെണ്‍മക്കള്‍ക്കും ഭാര്യ റഹിയാനത്തിനുമൊത്ത് കുഞ്ഞുകുട്ടി പരാധീനതകളുമായി കഴിഞ്ഞുകൂടിയ പാവം മനുഷ്യന്‍. പലപണിയും എടുത്ത് കുടുംബത്തെ പോറ്റാന്‍ ഏറെ കഷ്ടപ്പെട്ട ഇബ്രാഹിം കുടകിലെ ഒരു സുഹൃത്തുമൊത്താണ് കുടകില്‍ പാട്ടത്തിനെടുത്ത് ഭൂമിയില്‍ ഇ‍ഞ്ചികൃഷിതുടങ്ങിയത്. ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ പെരിക്കല്ലൂരിലെ വട്ടപലിശക്കാരനായ ജോസില്‍ നിന്ന് കടംവാങ്ങി തുടങ്ങിയ പങ്ക് കച്ചവടം പക്ഷെ ഇബ്രാഹിമിനെ നഷ്ടത്തിന്‍റെ പടുകുഴിയിലേക്കാണ് തള്ളിയിട്ടത്. പിടിച്ചുനില്‍ക്കാനാവാതെ ഇബ്രാഹിമും 2005 ഒക്ടോബറ്‍ 3 ന് തങ്കച്ചന്‍റേയും തോമസിന്‍റേയും കുര്യന്‍റേയുമെല്ലാം വഴി പിന്തുടര്‍ന്നു. ഭാര്യയും മക്കളും വീട്ടിലില്ലാത്ത ഒരു ദിവസം ഒരു ചാണ്‍ കയറില്‍ ഇബ്രാഹിം തന്‍റെ ജീവനും ഒപ്പം കടവും തീര്‍ത്തു....
പിന്നെ റഹിയാനത്ത് ഏറെ ബുദ്ധിമുട്ടി. ഒരു വശത്ത് കടക്കാരുടെ ശല്യം, മറുവശത്ത് കെട്ടുപ്രായമായ മൂന്ന് പെണ്‍മക്കള്‍. ജീവിതത്തെ ഏറെ വെറുത്തനാളുകളായിരുന്നു അവയെന്ന് റഹിയാനത്ത് പറയും. അടുത്തവീട്ടിന്‍റെ അടുക്കളയിലും പിന്നാമ്പുറത്തുമായിരുന്നു തുടര്‍ന്ന് ഈ ഉമ്മയുടേയും മക്കളുടേയും ജീവിതം. കിട്ടിയതുച്ചമായ പണം സ്വരുക്കൂട്ടി കടം കുറേശ്ശെ തീര്‍ക്കാനുള്ള ശ്രമമായിരുന്നു പിന്നീട്. അതിനിടയില്‍ മൂന്ന് മക്കളേയും റഹിയാനത്ത് കെട്ടിച്ചയച്ചു. സര്‍ക്കാരില്‍ നിന്ന് ലഭിച്ച അമ്പതിനായിരത്തിന്‍റെ ധനസഹായമല്ലാതെ ഒന്നും തന്നെ റഹിയാനത്തിന് ലഭിച്ചില്ല. പലിശയ്ക്കെടുത്ത പണത്തിന് സര്‍ക്കാര്‍ ഒരിക്കലും ഉത്തരവാദിയാകുന്നില്ലല്ലോ. ഇനിയുമുണ്ട് പലിശക്കരാന് നല്‍കാന്‍ 50000 രൂപയുടെ കടം ബാക്കി. സാധാരണ വട്ടപലിശക്കാരന്‍ കാണിക്കാത്ത കാരുണ്യം പെരിക്കല്ലൂര്‍ ജോസ് ഇബ്രാഹിമിന്‍റെ കുടുംബത്തോട് കാണിച്ചു. ഒരുപക്ഷെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പോലും കാണിക്കാത്ത കാരുണ്യം, പലിശ പൂര്‍ണമായും ഒഴിവാക്കികൊടുത്തു. പള്ളിയില്‍ ചോറുവെച്ചുകൊടുത്താണ് റഹിയാനത്ത് കുടുംബത്തെ ഇപ്പോള്‍ പോറ്റുന്നത്. ഇനി ഒരു പെണ്‍കുട്ടിയെ കൂടി വിവാഹം ചെയ്തുകൊടുക്കാനുണ്ട് റഹിയാനത്തിന്, അവളും ബാപ്പവരുത്തിവെച്ച കടം തീര്‍ക്കാനായി വീടുപണിക്ക് പോവുകയാണിപ്പോള്‍.
കടം കയറിയകാര്യമോ കൃഷി നശിച്ചകാര്യമോ ഇബ്രാഹിം കുടുംബത്തെ അറിയിച്ചിരുന്നില്ല. ഒടുവില്‍ കയറില്‍ സ്വയം കുരുക്കുന്നതിന് മുമ്പ് റഹിയാനത്തിനും മക്കള്‍ക്കുമായി എഴുതിവെച്ച കത്തിലൂടെയാണ് എല്ലാവരും എല്ലാം അറിഞ്ഞത്. കടത്തിന്‍റെ കാര്യം പറഞ്ഞിരുന്നുവെങ്കില്‍ എങ്ങനെയെങ്കിലും തീര്‍ക്കാമായിരുന്നില്ലേ, എന്തിനാണ് കടുംകൈചെയ്തത് എന്നാണ് റഹിയാനത്തിന് ഇബ്രാഹിമിനോട് ചോദിക്കാനുള്ളത്. എന്നിരുന്നാലും കടം വരുത്തിവെച്ചതിന് റഹിയാനത്തിനോ മക്കള്‍ക്കോ ബാപ്പയോട് പരിഭമില്ല, തങ്ങളെ ഏറെ സ്നേഹിച്ചിരുന്ന ബാപ്പ തങ്ങളെ സംരക്ഷിക്കാന്‍ വേണ്ടിമാത്രമാണ് കടം വാങ്ങി കൃഷി നടത്തിയതെന്ന് ഇവര്‍ക്കറിയാം.. ഇപ്പോഴും ബാപ്പയെ ഇവര്‍ ഏറെ സ്നേഹിക്കുന്നു...

      ആത്മഹത്യയില്‍ അഭയം തേടിയ മികച്ചകര്‍ഷകരില്‍ ചിലര്‍മാത്രമാണ് തങ്കച്ചനുനം തോമസും കുര്യച്ചനും ഇബ്രാഹിമുമെല്ലാം. ഇവരെല്ലാം കര്‍ഷകനാവുന്നതില്‍ അഭിമാനം കൊണ്ടവരാണ്, കടം തലയ്ക്ക് മീതെ വളര്‍ന്നപ്പോളും കൃഷിയെ തള്ളിപറയാതെ കൃഷിയില്‍ വിശ്വാസം അര്‍പ്പിച്ചവരാണ്. ഇവരെ തകര്‍ത്തത് കൃഷിയല്ല, മറിച്ച് നയങ്ങളും കാലാവസ്ഥയുമാണ്. മറ്റുള്ളവനെ ഊട്ടാന്‍ സ്വയം കടക്കാരനായി സ്വന്തം ജീവന്‍ ബലികഴിപ്പിച്ചവനാണ് അവന്‍. സ്വന്തം സുഖം തേടിയാണ് അവന്‍ ജീവിച്ചതെങ്കില്‍ അവന് നഷ്ടത്തിലേക്ക് കൂപ്പുകുത്തിതുടങ്ങുമ്പോളെ കരകയറാന്‍ ശ്രമിക്കാമായിരുന്നു. അവന് അവന്‍റെ കുടുംബത്തെ വേദനയില്‍ നിന്ന് രക്ഷപ്പെടുത്താമായിരുന്നു. പക്ഷെ അത് ചിന്തിക്കാതെ മറ്റുള്ളവന്‍റെ വിശപ്പകറ്റാനായി മരണത്തെ ഇരന്നുവാങ്ങിയ അവനോട് സമൂഹം എങ്ങനെ പെരുമാറിയെന്നത് ചിന്തിക്കേണ്ടതുണ്ട്. സമൂഹം എന്നതില്‍ അവന്‍റെ അയല്‍ക്കാരനും ബന്ധുക്കളും രാഷ്ട്രീയക്കാരനും സര്‍ക്കാരും എല്ലാം പെടും. മരണം വിതച്ച് കാര്‍ഷികമേഖലയില്‍ കാലന്‍ ഓട്നടന്നകാലത്ത് ഇവരുടെ വീടുകളില്‍ ആശ്വാസത്തിന്‍റെ വാക്കുകളുമായി ഓടിയണഞ്ഞവര്‍ ഏറെയാണ്. സര്‍ക്കാരിന്‍റെ പഠനസംഘങ്ങളും ഖദറണിഞ്ഞ രാഷ്ട്രീയനേതാക്കളും മനുഷ്യാവകാശപ്രവര്‍ത്തകരും സാമുഹിക-സാംസ്കാരികപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും എന്നുവേണ്ട എല്ലാതലത്തിലേയും ജനങ്ങള്‍ ഒഴുകിയെത്തി. ധനസഹായങ്ങളുടെയും പദ്ധതികലുടേയും പ്രഖ്യാപനമഹാമഹങ്ങള്‍. പക്ഷെ ഇവയ്ക്കൊന്നും ഒരു തെരഞ്ഞെടുപ്പിന്‍റെ കാലാവധിക്കപ്പുറം ആയുസുണ്ടായില്ലെന്നുമാത്രം. ഇക്കാര്യത്തില്‍ ഇടതു-വലതു രാഷ്ട്രീയകക്ഷികള്‍ക്ക് ഒരേ പങ്കാണുള്ളത്. മരണം സംഭവിച്ചപ്പോള്‍ ഓടിയണഞ്ഞ രാഷ്ട്രീയക്കാരും സാമൂഹികപ്രവര്‍ത്തകരും മനുഷ്യാവകാശപ്രവര്‍ത്തകരും പിന്നെ ഇവരെ തിരിഞ്ഞുനോക്കിയിട്ടില്ല. ഇവരുടെ കുടുംബം എങ്ങനെ ജീവിക്കുന്നു, അന്നന്നത്തെ അന്നത്തിന് ഇവരെന്തുചെയ്യുന്നുവെന്നോ വാഗ്ദാനം ചെയ്ത സഹായങ്ങള്‍ ഇവര്‍ക്ക് ലഭിച്ചുവോ എന്നൊന്നും ആരും പിന്നെ തിരക്കിയില്ല. ദൈവത്തിന്‍റെ കാരുണ്യത്താല്‍, സുമനസുകളുടെ കാരുണ്യത്താല്‍ ഇവരിപ്പോഴും കടത്തിന്‍റെ നടുവിലെങ്കിലും ബുദ്ധിമുട്ടി ജീവിക്കുന്നകാര്യം ആരും അറിയുന്നില്ല. ജീവിതത്തിന്‍റെ രണ്ടറ്റം മുട്ടിക്കാന്‍ ഏറെ കഷ്ടപ്പെടുന്ന ഇവരെ തേടി, സുഖവിവരങ്ങള്‍ അന്വേഷിക്കാന്‍ ഒരു നേതാവും പിന്നീട് വന്നിട്ടില്ല.
ആത്മഹത്യചെയ്ത തോമസിന്‍റെ ഭാര്യ വിജിയുടെ വാക്കുകള്‍ കടമെടുത്താല്‍, ഇനിയും മരിച്ചുപോയ കര്‍ഷകന്‍റേ പേരില്‍ ആര് വോട്ടിടാനാണ്? വോട്ടിന് സാധ്യതയില്ലാലോ, പിന്നെ എന്തിനാ ഇനിയും തിരഞ്ഞ്വരുന്നേ....?
ശരിയാണ്, ബാലറ്റ് പെട്ടിക്ക് കനംകൂട്ടാന്‍ പറ്റില്ലെങ്കില്‍ രാഷ്ട്രീയക്കാര്‍ക്കെന്തിനാണ് മരിച്ചവരും മരിക്കാതെ ജീവിക്കുന്നവരുമെല്ലാം...? വിവാദങ്ങള്‍ക്ക് സ്ക്കോപില്ലെങ്കിലെന്തിനാണ് മാധ്യമങ്ങള്‍ക്കും സാമൂഹ്യപ്രവര്‍ത്തകര്‍ക്കും മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കുമെല്ലാം ഈ കുടുംബങ്ങളുടെ ദൈന്യത....?