Thursday, 21 April 2011

മരണത്തിലേക്കുള്ള ദൂരമെത്രയാണ്...?


   # #
വേട്ടനായ്ക്കളുടെ ശൗര്യത്തോടെ 
ചിലര്‍ നമ്മെ ആക്രമിക്കും
ചിലര്‍  കൗശലക്കാരനായ കുറുക്കനായി 
 പിന്തുടരും
മദയാനകളെ പോലെയാണ്  ഓര്‍മകള്‍,  
നമ്മെ തുരത്തികൊണ്ടേയിരിക്കും
മോക്ഷം ഏത് പാപനാശിനിയിലാണ് 
പതിയിരിക്കുന്നത്...?

 # # 

  # #

ദിശതെറ്റിയെത്തിയ 
ഒരു നനുത്തകാറ്റ്
എന്‍റെ തൂലികതുമ്പിലെ
അവസാനതുള്ളി സ്നേഹാക്ഷരവും
അപഹരിച്ചെങ്ങോ
മൂളിപറന്നുപോയി...   
  # #

# #
മരണത്തിലേക്കുള്ള ദൂരമെത്രയാണ്...?
ഒരു ചാണ്‍കയറിന്‍റെ നീളമോ..?
ഒരു റോഡിന്‍റെ വീതിയോ...?
അതോ സമാന്തരമായ റെയില്‍പാളത്തിന്‍റെ നീളമോ...?
അതോ ഒരു വിഷകുപ്പിയുടെ  അളവോ...?
ഞാന്‍ അളക്കാന്‍തുടങ്ങട്ടെ...
# #


Thursday, 14 April 2011

ജനാധിപത്യത്തിലേക്കുള്ള വഴിമധ്യേ...

                    
13-ാം കേരള നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഇന്നലെ (ഏപ്രില്‍ 13 ന്) കഴിഞ്ഞു
പതിവിലും കുറവ് ദിനങ്ങള്‍ മാത്രമാണ് ഇത്തവണ  പ്രചാരണത്തിനായി ലഭിച്ചത്.
അതുകൊണ്ട് തന്നെ ഇത്തവണ പൊതുജനത്തിന്
അധികം സഹിക്കേണ്ടിവന്നില്ല എന്ന് കരുതരുത്
ഇത്തവണയാണ് പൊതുജനം ഏറെ സഹിച്ചത് എന്നതാണ് സത്യം

പ്രചാരണം ഒന്നാം റൗണ്ട്


പ്രതീക്ഷിച്ചിരുന്ന തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിയെങ്കിലും
സ്ഥാനാര്‍ത്ഥി നിര്‍ണയവും സീറ്റ് വീതം വെക്കലുമെല്ലാം പതിവുപോലെതന്നെ
അടിയും ഇടിയും തെറിവിളിയും പരാതിപറയലും വെല്ലുവിളിയുമെല്ലാം കഴിഞ്ഞ്
 നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാനമണിക്കൂറിലാണ്
യുഡിഎഫിലെ സീറ്റ് ചര്‍ച്ച ധാരണയിലെത്തിയത്
എന്നാല്‍ എല്‍ഡിഎഫില്‍ ആദ്യം ചിലചീറ്റലൊക്കെയുണ്ടായെങ്കിലും എല്ലാം ഭദ്രം.

അവിയലുപോലെ പലതരത്തിലുള്ള പാര്‍ട്ടികള്‍ ഉള്ള യുഡിഎഫില്‍ കാര്യങ്ങല്‍ മന്ദഗതിയിലായതിന് ആരെയും കുറ്റം പറയാനാവില്ല
അഞ്ച് അപ്പം കൊണ്ട് ആയിരം പേരെ ഊട്ടിയയേശുവൊന്നുമല്ലാലോ പിപി തങ്കച്ചന്‍
അതുകൊണ്ടാണ് 140 അപ്പം 13 പേര്‍ക്കായി വീതംവെക്കാന്‍ ബുദ്ധിമുട്ടിയത്
25 ചോദിച്ചവന് 15 ഉം 12 ചോദിച്ചവന് 6 നല്‍കി വിശപ്പടക്കേണ്ടിവന്നു
ഒടുവില്‍ പ്രചാരണത്തിന്‍റെ ആദ്യറൗണ്ട് അവസാനിച്ചു

പ്രചാരണം രണ്ടാം റൗണ്ട്

സ്ഥാനാര്‍ത്ഥി നിര്‍ണയമെന്ന രണ്ടാം റൗണ്ട് പ്രചാരണത്തിനിറങ്ങിയപ്പോള്‍
സിപിഎമ്മില്‍ കലാപകൊടി
അടിമൂത്തെന്ന് മാത്രമല്ല, നാട്ടുകാരും അണികളും തെരുവിലിറങ്ങി
കയ്യില്‍ ഓട്ടകാലണയുമായി വോട്ട് തെണ്ടാനിറങ്ങിയ ഇടതിന് കൈനിറയെ സ്വപ്നത്തിന്‍റെ പൂച്ചെണ്ട് സമ്മാനിച്ച വയോവൃദ്ധനെ കാഴ്ച്ചക്കാരനാക്കി വോട്ടിനിറങ്ങാമെന്നായി സിപിഎം
അണികളുണ്ടോ അടങ്ങിയിരിക്കുന്നു
ചരിത്രം ആവര്‍ത്തിച്ചു, 2006 ല്‍ ഒരിക്കല്‍കൂടി.
ജനവികാരത്തില്‍ കേഡര്‍പാര്‍ടി ആടിയുലഞ്ഞു.
വീണ്ടും പിബി പുനര്‍ചിന്തനം നടത്തി.
അനാരോഗ്യകാരനെന്നും പ്രായാധിക്യമെന്നും  പാര്‍ട്ടി ആദ്യം  പറഞ്ഞത് വിഴുങ്ങി
വേലിക്കകത്ത് ശങ്കരന്‍ അച്ച്യുതാനന്ദന്‍ മലമ്പുഴയില്‍
കോണ്‍ഗ്രസ് സ്വപ്നങ്ങള്‍ക്ക് കുറുകെ വീണ്ടും ഡാം പണിതു.

അണികള്‍ തെരുവിലിറങ്ങിയെങ്കിലും ഇടതിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായെങ്കിലും
കോണ്‍ഗ്രസില്‍ പ്രശന്ങ്ങള്‍ക്ക് പഞ്ഞമുണ്ടായില്ല
ഉമ്മന്‍റെ ലിസ്റ്റും ചെന്നിയുടെ ലിസ്റ്റും മുരളി-പത്മജ സിംഹങ്ങളുടെ ലിസ്റ്റും
യൂത്തന്‍മാരുടെ ലിസ്റ്റുമെല്ലാം ചേര്‍ന്ന് അഴകൊഴസാമ്പാറായി
ഒരുവിതം ഒതുക്കാമെന്ന് വെച്ചപ്പോഴാണ് രാഹുല്‍ ബ്രിഗേഡ് രംഗത്തെത്തിയത്
കേട്ടിട്ടുപോലുമില്ലാത്ത കുറേ പേരുകളുമായി സീറ്റിനായി രാഹുലെത്തി,
ഒടുവില്‍ മനസില്ലാമനസോടെ കേരളത്തില്‍ നിന്നുപോയ വമ്പന്‍മാര്‍ പത്തിതാഴ്ത്തിമടങ്ങി
പക്ഷെ മടങ്ങിവന്നപ്പോളാ മനസിലായേ പല പഴയ തലയും ഉരുണ്ടെന്ന്...
സീറ്റ് ഇല്ലാതെ പോയവരില്‍ വമ്പന്‍മാര്‍ ഏറെയാണ്..ഹസ്സന്‍ മുതല്‍ വീതംവെപ്പുകാരന്‍ വരെ
പിന്നെ കുറേ പേര്‍ വിമതരായി രംഗത്തേക്ക്,ഒടുവില്‍ പിന്നാമ്പുറത്തുടെ അടുത്തമുന്നണിയിലേക്ക്, പലരും അവിടെ സ്ഥാനാര്‍ത്ഥികളുമായി

പ്രചാരണം മൂന്നാം റൗണ്ട്

മൂന്നാം ഘട്ടത്തിന്‍റെ തുടക്കം ഹെലികോപ്ടര്‍ യാത്രയിലൂടെയാണ്.
140 മണ്ഡലങ്ങളും കയറിയിറങി പ്രസംഗിക്കണ്ടേ
ചുരുങ്ങിയസമയം കൊണ്ട് എങ്ങനെ ഓടിയെത്തും?
ചിലര്‍ ഹെലികോപ്ടറില്‍ പറന്നിറങ്ങി
ഹെലി പാട് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയുമായി
അതും വിവാദമാക്കി ചില കാളവണ്ടിയുഗക്കാര്‍

യുഡിഎഫിനെ കുളിരണിയിക്കാന്‍ ഐസ്ക്രീമും മുക്കികൊല്ലാന്‍ ഇടമലയാര്‍ ഡാമും
വഴുക്കിവീഴ്ത്താന്‍ പാമോയിലിനുമൊക്കെയായി അച്ചുമാമ കളം നിറഞ്ഞ് കളിച്ചപ്പോള്‍
യുഡിഎഫിന് കച്ചിതുരുമ്പായി അച്ചുമാമയുടെ സീമന്തപുത്രനെതിരെയുള്ള ആരോപണം
പിന്നെ ശശിയുടെ തലോടല്‍ അസുഖവും
പക്ഷെ അതും ക്ലച്ച് പിടിക്കാതെയായതോടെ അച്ചുമാമയെ അങ്ങ്
നിഷ്ക്കാസനം ചെയ്യാമെന്നായി തീരുമാനം

കോണ്‍ഗ്രസിനെ പ്രതിരോധിക്കാന്‍ ദില്ലിയില്‍ നിന്ന് സാക്ഷാല്‍  പ്രതിരോധമന്ത്രി തന്നെ എത്തി
എന്നും രാവിലെ ഇറങ്ങുമ്പോള്‍ ശബ്ദതാരാവലി എടുത്ത് കാറില്‍ വെക്കും
യാത്രക്കിടെ പിന്നെ പരതലാണ്
അച്ചുവിനെ വിശേഷിപ്പിക്കാന്‍ നല്ല വാക്ക് വേണം
അങ്ങനെ എന്നും ഓരോ വാക്കുമായി പ്രസ്ക്ലബുകളില്‍ കയറിയിറങ്ങും
ഇരട്ടമുഖക്കാരന്‍, , കുംഭകര്‍ണന്‍, പ്രതികാരദാഹി...ഹൊ അങ്ങനെയെന്തെല്ലാം പദങ്ങള്‍
അന്തപ്പന്‍ മൂന്നാം വട്ട പ്രചാരണത്തിനിടെ പഠിച്ചു...!!!!
ഒപ്പം പാവം മലയാളിയും

കല്ലുവെച്ച നുണകളും മൂന്നാം റൗണ്ടിന്‍റെ പ്രത്യേകതയാണ്
വയനാട്ടിലെ കര്‍ഷക ആത്മഹത്യ തടഞ്ഞത് കോണ്‍ഗ്രസാണെന്ന് അന്തപ്പനും മുല്ലപ്പള്ളിയുമെല്ലാം വയനാട്ടില്‍ തന്നെ വന്ന് പറഞ്ഞത് ഇടതന്‍മാര്‍ക്ക്
ചങ്കില്‍ തറക്കുന്നതായിപോയി.
യുപിഎ സര്‍ക്കാരിന്‍റെ ഭരണനേട്ടമാണ് കര്‍ഷക ആത്മഹത്യ തടഞ്ഞത് എന്ന വീമ്പിളക്കല്‍
പിറ്റേദിനം തന്നെ അന്തപ്പന് തിരുത്തിയപ്പോഴും ചങ്കില്‍ തറച്ചും
പക്ഷെ ഇത്തവണ ചങ്ക് തകര്‍ന്നത് വലതന്‍മാരുടെയാണെന്ന് മാത്രം

തൊഴിലുറപ്പ് പദ്ധതി ഒന്നാം യൂപിഎ യുടെയാണോ അതോ രണ്ടാം യുപിഎ സര്‍ക്കാരിന്‍റെയാണോ എന്ന സംശയം ഇപ്പോഴും കോണ്‍ഗ്രസ് നേതൃത്വത്തിന് മാറിയിട്ടില്ല
വിദര്‍ഭയിലെ കര്‍ഷക ആത്മഹത്യയും ശതകോടികളുടെ അഴിമതികഥയും
കോണ്‍ഗ്രസിന് ഓര്‍മയില്ല
അതാരെങ്കിലും ചോദിച്ചാല്‍ നേതാക്കള്‍ക്ക് അല്‍ഷിമേഴ്സാണെന്ന സത്യം
പൊതുജനം തിരിച്ചറിയും

ദേശിയതലത്തില്‍ നിന്ന് ഇറക്കുമതിചെയ്ത കുറേ നേതാക്കളും
സംസ്ഥാനത്ത് മൂന്നാം വട്ടത്തിനെത്തി
താരങ്ങള്‍ മന്‍മോഹനും സോണിയയും രാഹുലും കാരാട്ടും തന്നെ
പിന്നെയും കുറേ പേര്‍ തുക്കടാസായിപ്പായി എത്തി
യുഡിഎഫിന്‍റെ പ്രചാരണത്തിന് വന്ന് സിപിഎമ്മിനെ തെറിവിളിച്ച്
ഒടുവില്‍ എല്‍ഡിഎഫിന് വോട്ടും ചോദിച്ച് സോണിയാജി കളം വിട്ടു
സംസ്ഥാനത്തെ കുറിച്ച് ഒരു ചുക്കും അറിയാത്തത്കൊണ്ട്
കേന്ദ്രപദ്ധതികളുടെ പേരുപറഞ്ഞ് മന്‍മോഹന്‍ കളം വിട്ടു
പിന്നെ അമൂല്‍ ബേബിയാണ്താരമായത്
ഹോട്ടല്‍ നാടകവും കൂട്ടിയെ സ്റ്റേജിലേക്ക് വിളിച്ച് കുശലാന്വേഷണ നാടകമെല്ലാം ഇത്തവണയും ഭംഗിയായി അരങ്ങേറി.
പിന്നെ താരത്തിന്‍റെ  ഹെലികോപ്ടര്‍ നോമിനികളുടെ മണ്ഡലം തേടിമാത്രമേ പറന്നുള്ളു.
പിന്നെ പരസ്യമായ ഒരു രഹസ്യം
താരങ്ങളുടെ പരിപാടികള്‍ക്ക് സാക്ഷ്യം വഹിച്ചത് പലപ്പോഴും കാലികസേരകളാണ്
നാടകം കണ്ട് മടുത്ത നാട്ടുകാര്‍ വെയില്‍കൊള്ളാതെ വീട്ടിലിരുന്നുവെന്ന് സാരം

പ്രമുഖതാരങ്ങലുടെ പരിപാടിക്ക് ആളെകൂട്ടാന്‍ വാഹനങ്ങളുമായി സംഘാടകര്‍ ഓടിയപ്പോഴും ഒരു കിളവന്‍റെ പരിപാടിക്ക് വെറുതെ ആളൊഴുകുകയായിരുന്നു
ഇക്കാര്യം അറിയാതെയാണ് അമൂല്‍ ബേബി അദ്ദേഹത്തെ കിളവനെന്ന് വിശേഷിപ്പിച്ചത്
പോരെ പൂരം
കവിതചൊല്ലി നാണംകെടുത്തികളഞ്ഞു അമ്മാവന്‍
തൊട്ടപ്പുറത്ത് തമിഴന്‍റെ മണ്ണിലെത്തിയ ഭാവി വാഗ്ദാനം വീല്‍ചെയറിലിരിക്കുന്ന
അമ്മാവന്‍റെ പ്രായം തിരക്കാതിരുന്നത് ഭാഗ്യം
അല്ലേല്‍ തമിഴന്‍റെ ചൂട്കവിതരൂപത്തിലായിരിക്കില്ലാരുന്നു അറിയുക

കുറേ വാക്കുവിഴുങ്ങികളെ കണ്ടതും ഇതേ മൂന്നാം റൗണ്ടില്‍ തന്നെയാണ്
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ്കാലത്ത് മകനെ ജയിപ്പിക്കാന്‍ പറഞ്ഞതെല്ലാം നുണയാണെന്ന് ഇപ്പോള്‍ ഓടിനടന്ന് പറയുകയാണ് ഒരു പഴയ സോഷ്യലിസ്റ്റ്
സമസ്താപരാദങ്ങളും പൊറുത്ത് മാപ്പാക്കി മകനെ ഇത്തവണയും ജയിപ്പിക്കണേയെന്നാണ് വലതുപക്ഷത്തെ സോഷ്യലിസ്റ്റ് പടയാളിയുടെ യാചന
പലതും വിഴുങ്ങിയും പാതി മുണുങ്ങിയും സംസാരിക്കുന്ന പിജെ ജോസഫും കുട്ട്യോളും
വീരന്‍റെ വഴിയെതന്നെയായിരുന്നു ഇത്തവണ
പക്ഷെ ഒരു വ്യത്യാസം, പഴയപാപികളായ ഞങ്ങളെ ജയിപ്പിക്കണേയെന്നാണ് അപേക്ഷ

മികച്ച അഭിനേതാവിനുള്ള മത്സരവും പൊടിപൊടിച്ചു
അക്കരപച്ചതേടി മറുമുന്നണിചാടിയവരും സംരക്ഷണം തേടി മറുകണ്ടം ചാടിയവരും തകര്‍ത്ത് അഭിനയിച്ചതും മൂന്നാം റൗണ്ടില്‍ തന്നെ

സിപിഎമ്മില്‍ സ്ത്രീകള്‍ക്ക് സംരക്ഷണം ലഭിക്കുന്നില്ലെന്നാരോപിച്ച്
പീഢിതനായ കുഞ്ഞാലികുട്ടിയുള്ള യുഡിഎഫിലേക്ക് ചോക്കേറിയ സിന്ധു ജോയി,
പ്രയത്നിച്ച സീറ്റ് നിഷേധിച്ചതില്‍ ഇടത് സ്വതന്ത്രയായിമാറിയ യുത്ത്കാരി ജയ ഡാളി..
അഭിനേതാക്കള്‍ അങ്ങനെ ഏറെ പേരുണ്ട്
ഗ്രനൈഡ് ഏറ് കൊണ്ടിട്ടും അടികൊണ്ടിട്ടും തളരാതിരുന്ന സിന്ധു ജോയി
മുട്ട കണ്ടപ്പോള്‍, ക്ഷമിക്കണം, കൊണ്ടപ്പോള്‍ ബോധരഹിതയായി നിലംപതിച്ചു

(പാവം പഴയ യുഡിഎഫ് സര്‍ക്കാര്‍
ഈ പഴയ തീപ്പൊരി നേതാവിനെ വീഴ്ത്താന്‍ എന്തിനാവെറുതെ വിലയേറിയ ഗ്രനൈഡ് പണ്ട് വേസ്റ്റാക്കിയേ....വിലകുറഞ്ഞ മുട്ടയെറിഞ്ഞാല്‍ പോരായിരുന്നോ?
അതും ചീഞ്ഞമുട്ട ഫ്രീയായിട്ട് മാര്‍ക്കറ്റില്‍ കിട്ടുമ്പോള്‍....ഹൊ കഷ്ടം തന്നെ ഈ യുഡിഎഫിന്‍റെ കാര്യം…)

എന്തായാലും നാടകം അവസാനിക്കുമ്പോള്‍ ഏറ്റവും വലിയനടിക്കുള്ള അവാര്‍ഡ്
സിന്ധു ജോയിക്ക് തന്നെ
സത്യത്തില്‍ സിന്ധു ഇപ്പോഴാ  ജോയി ആയത്....

ഇനി ഈ റൗണ്ടിലെ ഏറ്റവും വലിയ തമാശയിലേക്ക്

വേദി പാലക്കാട് പ്രസ് ക്ലബ്
നായകന്‍ വിഎസ് അച്ച്യുതാനന്ദന്‍
ലതിക സുഭാഷെന്ന തന്‍റെ എതിരാളിയോട് ഒരുപോരാളിക്ക് ചോര്‍ന്നവിധം തന്നെ
അച്ചുമാമ വാക്കോങ്ങി
ലതികയുടെ പ്രശസ്തിയെകുറിച്ചുള്ള സംശയം തീര്‍ക്കുകയായിരുന്നു വിഎസ്
ശരീരഭാഷയും ശാരീരവുമെല്ലാം ചേര്‍ന്നപ്പോള്‍ അത് ദ്വയാംഗപ്രയോഗമായി
പിന്നെ വാദങ്ങളായി, പ്രതിവാദങ്ങളായി
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി അയപ്പായി
കേസുകൊടുക്കലായി
സ്ത്രീത്വത്തെ അപമാനിച്ചെന്ന വിലാപമായി
വലതുപക്ഷ സ്ത്രീജനങ്ങള്‍ ആര്‍ത്തലച്ചു, ഇടതുചേര്‍ന്ന സ്ത്രീജനങ്ങള്‍ പ്രതിരോധം തീര്‍ത്തു
ഒടുവില്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി കീറി കുപ്പയിലിട്ടു
പ്രശസ്തയെന്ന് പറയുന്നത് ഗുണമല്ലേ എന്നായി കമ്മീഷന്‍
വിഎസ്സിനെതിരെ വാളോങ്ങിയവര്‍ പക്ഷെ വിഎസ് പറഞ്ഞത് നേരെന്ന് പറഞ്ഞ
വെള്ളാപള്ളിയെന്ന സദായനേതാവിനെ വെറുതെവിട്ടു
മൈന്‍റ് ചെയ്യണ്ടായെന്നുകരുതിയല്ല,
മറിച്ച് sndp യുടെ വോട്ട് ബാങ്കിലേക്കുള്ള നോട്ടമായിരുന്നു അത്,

കൊട്ടികലാശം അടികലാശമായി മാറിയപ്പോള്‍
തലപൊളിഞ്ഞത് മന്ത്രിമാരടക്കമുള്ളവര്‍ക്കാണ്
മറുപക്ഷക്കാര്‍ ഐസ്ക്രീം നുണഞ്ഞതും
റോഡ്ഷോയുടെ അനുമതിയുമെല്ലാം അടിക്ഷണിച്ചുവരുത്തി.

അവസാന റൗണ്ട്
ഒടുവില്‍ തെരഞ്ഞെടുപ്പ് ദിനം ഇതിന്‍റെ ബാക്കിപത്രമായി നല്ല അടിപ്രതീക്ഷിച്ച
എല്ലാവര്‍ക്കും നിരാശപെടാനായിരുന്നു വിധി.
കണ്ണൂരിലേക്കെത്തിയ കേന്ദ്രസേന ഇത്തവണ ബാരക്കിലിരുന്നു,
പ്രകൃതി സൗന്ദര്യം ആസ്വദിച്ച് മടങ്ങി
ബോംബേറും കല്ലേറും ബൂത്ത് പിടുത്തവുമില്ലാതെ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞു
വാചകമടിച്ച് നാട്ടുകാരെ പേടിപ്പിച്ച മുല്ലപ്പള്ളിക്കും ഉമ്മനുമെല്ലാം
ഇനി തലയില്‍ മുണ്ടിട്ട് നടക്കാം,
അല്ലാതെ വെറുതെ നാട്ടുകാരെ പേടിപ്പിച്ചതിന് മാപ്പ് പറയാന്‍പറ്റില്ലാലോ...

ഇനി അവകാശവാദങ്ങളുടെ ഘോഷയാത്ര.
ഏറിയതും കുറഞ്ഞതുമായ വോട്ടിങ് ശതമാനത്തില്‍ കണ്ണുംനട്ട്
മുന്നണികള്‍ മനക്കോട്ട കെട്ടുന്നനാളുകളാണ് ഇനിയുള്ള 30 ദിനങ്ങള്‍.
മനക്കോട്ടകെട്ടി വാഴട്ടെ നേതാക്കള്‍
ആരുടെ കോട്ടയാകും തകരുക എന്ന് കാത്തിരുന്ന് കാണാം.

Saturday, 9 April 2011

അവസാനആയുധത്തിന്‍റെ മുനയും ഒടിയുമ്പോള്‍

എതിര്‍സ്ഥാനാര്‍ത്ഥിക്കെതിരെ നടത്തിയ പരാമര്‍ശത്തിന്‍റെ പേരില്‍ vs നെതിരെ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതി തള്ളി
vs ന്‍റെ പരാമര്‍ശം ചട്ടലംഘനമല്ലെന്ന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍
vs നെ വിജയിച്ചശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കുമെന്ന് സ്വപ്നം കണ്ട കോണ്‍ഗ്രസ്കാര്‍ ആകെ വെട്ടിലായി
എന്തായാലും ലതിക സുഭാഷ് രക്ഷപ്പെട്ടു, അധികം ആരും അറിയപ്പെടാതിരുന്ന അവരിപ്പോള്‍ സംസ്ഥാനമൊട്ടുക്ക് പ്രസിദ്ധയായി...
(കുപ്രസിദ്ധയോ എന്നചോദ്യം അവശേഷിക്കുന്നു)
പക്ഷെ, ഒരു സംശയം ബാക്കിനില്‍ക്കുന്നു ഇപ്പോഴും
vs പറഞ്ഞതില്‍ നേരുണ്ടെന്ന് തുറന്നടിച്ച വെള്ളാപ്പള്ളിക്കെതിരെ എന്തേ ലതികയും കൂട്ടരും വാളെടുക്കാത്തേ....?
sndp വോട്ട് വിലപ്പെട്ടതാണല്ലോ, ല്ലേ കോണ്‍ഗ്രസ്കാരേ.....???