നെറ്റിയില്‍ ചന്ദനവും ചാര്‍ത്തി
പ്രായത്തെ തോല്‍പിക്കുന്ന ഊര്‍ജ്ജസ്വലതയോടെ
ഊന്നുവടിയും ഊന്നിവന്ന് അതിഥികളെ സല്‍ക്കരിക്കുന്ന
വെള്ളാരം കണ്ണുകളുള്ള ഒരു സുന്ദരി മുത്തശ്ശി....
ഇത് നാട്ടിന്‍പുറത്തെ ഏതെങ്കിലുമൊരു വീട്ടില്‍ നിന്നുള്ള കാഴ്ച്ചയല്ല
വയനാട് തിരുനെല്ലി കാട്ടിനുള്ളില്‍ നിന്നുള്ളതാണ്
ഈ വേറിട്ടകാഴ്ച്ച..!തിരുനെല്ലി കാട്ടില്‍ ഏകദേശം രണ്ട് കിലോമീറ്ററോളം
ഉള്ളിലായാണ് അറുപത്തിയഞ്ച് പിന്നിട്ട അവ്വ മുത്തശ്ശിയുടെ താമസം
ആനയും കാട്ടുപോത്തും മാനുമെല്ലാം സ്വൈര്യമായി
വിഹരിക്കുന്ന കാട്ടുപാതയിലൂടെ വേണം അവ്വയുടെ വീട്ടിലെത്താന്‍
കാട്ടുമൃഗങ്ങള്‍ ദാഹം തീര്‍ക്കാനെത്തുന്ന ചെറിയ കുളവും
ചെറിയ കാട്ടരുവിയും ആനത്താരിയും ആനപിണ്ടിയും എല്ലാം കണ്ട്
കാനനത്തിന്‍റെ ഭംഗി ആവോളം നുകര്‍ന്നായിരുന്നു
അവ്വാമുത്തശ്ശിയെ തേടിയുള്ള യാത്ര
ഞങ്ങളെത്തിയപ്പോള്‍ പാചകമെല്ലാംകഴിഞ്ഞ്
ഒരു ചെറിയവിശ്രമത്തിലായിരുന്നു മുത്തശ്ശി
ഞങ്ങളുടെ ശബ്ദം കേട്ട് പുറത്തെത്തിയ മുത്തശ്ശി ഏറെ സന്തുഷവതിയായിപ്രായത്തിന്റെ തളര്‍ച്ചെയാന്നും ആ മുത്തശ്ശിയെ അശേഷം ബാധിച്ചിട്ടില്ല.
ഞങ്ങള്‍ക്കിരിക്കാന്‍ പുല്‍പായയുംകൊണ്ട്
ഊന്നുവടിയും ഊന്നിയെത്തിയ അവ്വാ മുത്തശ്ശിയുടെ മുഖത്ത്
വല്ലാത്ത സന്തോഷം നിഴലിച്ചിരുന്നു
പുറത്തുവന്ന അവ്വാ മുത്തശ്ശി പിന്നെ വിശേഷങ്ങളും പരിഭവങ്ങളും പറച്ചിലായി
ചാര്‍ജ് തീര്‍ന്ന ടോര്‍ച്ചിനും ക്ലോക്കിനുമെല്ലാം പുതുജീവന്‍ പകര്‍ന്ന്
അവ്വ ഞങ്ങളെകൊണ്ട് പുതിയ ബാറ്ററി ഇടിയിച്ചു
എന്തിനാണ് ടോര്‍ച്ചെന്ന ഞങ്ങളുടെ ചോദ്യത്തിന്
ഉരുളയ്ക്ക് ഉപ്പേരിയെന്നപോലെയായിരുന്നു അവ്വയുടെ മറുപടി
“ നിങ്ങളെന്തിനാ ഷൂട്ട് ചെയ്യാന്‍ ലൈറ്റ് ഇടുന്നേ...?”
ശരിയാണ് വന്യമൃഗങ്ങള്‍ ഇറങ്ങുന്ന കൊടുംങ്കാടിനുള്ളില്‍
തനിച്ച് താമസിക്കുന്ന അവ്വയ്ക്ക് ശരിക്കും ടോര്‍ച്ച് അത്യാവശ്യമാണ്.
ഈ കൊടുംങ്കാടില്‍ ഒറ്റക്ക് താമസിക്കുമ്പോള്‍
എന്താണ് അവ്വയുടെ നേരം പോക്ക് എന്നറിയണ്ടേ?
അവ്വയ്ക്ക് ഒരു റേഡിയോ ഉണ്ട്
ആ റേഡിയോയിലൂടെ ഒഴുകിവരുന്ന സംഗീതം തന്നെ
കന്നഡ ഗാനങ്ങളും ഹിന്ദി ഗാനങ്ങളും മലയാളം ഗാനങ്ങളുമെല്ലാം
അവ്വക്ക് ഏറെ പ്രിയംങ്കരമാണ്.
ജീവിതത്തില്‍ ഇതുവരേയും 3 സിനിമകള്‍ മാത്രമാണ് അവ്വ കണ്ടിട്ടുള്ളത്
എന്നിരുന്നാലും ഒട്ടുമിക്ക ഗാനങ്ങളും അവ്വക്ക് ഹൃദിസ്ഥമാണ്.
നന്നായി പാട്ട് പാടുകയും ചെയ്യും ഈ മുത്തശ്ശി.
നാടിനേക്കാള്‍ അവ്വക്കിഷ്ടം കാട് തന്നെയാണ്.
കാട്ടിലെ ഓരോ മൃഗവും അവ്വയുടെ കൂട്ടുകാരാണ്
ഒറ്റയാന്‍ ഗണേശനും കുറുമ്പന്‍ കാട്ടുപോത്തുമെല്ലാം....
പലപ്പോഴും രാത്രികാലങ്ങളില്‍ കാടിളക്കിവരുന്ന കാട്ട് കൊമ്പന്‍മാരൊന്നും
ഇതുവരേയും അവ്വയുടെ ചെറിയ വീടിനെ മുട്ടിനോവിക്കുകകൂടി ചെയ്തിട്ടില്ല.
കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി അവ്വ ഈ കാട്ടിലെ ഏകാന്തവാസം തുടങ്ങിയിട്ട്
വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടകില്‍ നിന്ന് തിരുനെല്ലികാട്ടിലെ
ഒരു വനപാലകന്‍ മംഗലം ചെയ്തു കൊണ്ടുവന്നതാണ് ലക്ഷ്മിയെന്ന അവ്വയെ
നാട്ടിലെത്തിയപ്പോഴാണ് തന്‍റെ ഭര്‍ത്താവിന് മറ്റൊരുഭാര്യയും കുട്ടികളുമുള്ള കാര്യം
അവ്വ അറിയുന്നത്
അതോടെ ആരേയും ശല്യം ചെയ്യാതെ കാടിനുനടുവില്‍ താമസമാക്കിയതാണ് അവ്വ.
കൊടുംങ്കാടിനുനടുവില്‍ അവ്വയ്ക്ക് 95 സെന്‍റ് സ്ഥലമുണ്ട് സ്വന്തമായി.
കാടിറങ്ങാന്‍ നിരവധിപേര്‍ അവ്വയോട് ഉപദേശിച്ചുവെങ്കിലും അവ്വ സമ്മതിക്കില്ല
തന്‍റെ ഭര്‍ത്താവ് മരിച്ചിടത്ത് തന്നെ മരിക്കണമെന്ന ആഗ്രഹമാണ്
ഈ വയസാം കാലത്തും അവ്വമുത്തശ്ശി കാടിറങ്ങാതെ കഴിയുന്നത്.
ഇടയ്ക്കിടയ്ക്ക് കാടിറങ്ങി അവ്വ നാട്ടിലെത്തും
അത് ഫോറസ്റ്റാകരെ കാണാന്‍ വേണ്ടിയാണ്.
പിന്നെ അവ്വക്ക് പുറം ലോകവുമായുള്ള ബന്ധം മൊബൈല്‍ ഫോണ്‍ വഴിയാണ്.
കാട്ടില്‍ തനിച്ച് കഴിയുന്ന അവ്വയുമായി ബന്ധപ്പെടാന്‍വേണ്ടി
വില്ലേജ് അധികൃതരാണ് അവ്വക്ക് മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയത്.
പിന്നെ, മൊബൈല്‍ കമ്പനിക്കാര്‍ ഇടക്കിടക്ക് വിളിച്ച് ശല്യം ചെയ്യുന്നുവെന്ന പരാതിയുമുണ്ട്
'ഒന്ന് അമര്‍ത്തു ഇന്ന പാട്ട് സെലക്ട് ചെയ്യു'വെന്ന് പറഞ്ഞുള്ള വിളികളെ
അവ്വാക്ക് വല്ലാത്ത വെറുപ്പാണ്, കാരണം വേറൊന്നുമല്ല
അറിയാതെ ഞെക്കി കാശ് കുറേ പോയത്രേ....
അവ്വയുടെ കാര്യങ്ങള്‍ മുഴുവന്‍ ഇപ്പോള്‍ നോക്കുന്നത് ഫോറസ്റ്റ് കാരാണ്.
ആഴ്ച്ചയില്‍ രണ്ട്തവണ ഫോറസ്റ്റുകാര്‍ കാട്ടില്‍ ചെന്ന് അവ്വയെ കാണും
വിവരങ്ങള്‍ അന്വേഷിക്കും
മരുന്നും മറ്റ് വീട്ടുസാധനങ്ങളും കൊണ്ടുകൊടുക്കും.
എങ്കിലും കാണുമ്പോളൊക്കെ അവ്വ പരിഭവം പറയും
സാറ് ഇന്നലെ വന്നില്ല, ഞാന്‍ ജീവിച്ചിരിപ്പുണ്ടോ എന്നറിയാന്‍ സാറന്‍മാര്‍ക്ക്
താല്‍പര്യമില്ല എന്നൊക്കെ.....
പിന്നെ കാലിനും കൈക്കും വയ്യ, ആശുപത്രിയില്‍ പോണം എന്നൊക്കെ പറയും
എന്നാല്‍ അഡ്മിറ്റാകണമെന്നു പറഞ്ഞാല്‍ സമ്മതമല്ല
എങ്ങനാ വീട് അടച്ചിടുന്നേ എന്നാണ് അവ്വയുടെ സങ്കടം...
സംസാരത്തിനിടെ ഉമ്മറപടിയില്‍ അറിയാതെ ഞാന്‍ ഇരുന്നപ്പോള്‍
ഉമ്മറപടിയില്‍ ഇരിക്കരുതെന്ന് ഉപദേശിച്ച അവ്വ അതിന്‍റെ പിന്നിലെ കഥ യും പറഞ്ഞുതന്നു.
യാത്രപറഞ്ഞിറങ്ങുമ്പോള്‍ ഞങ്ങള്‍ക്ക് പാട്ട് പാടിതരാനും അവ്വ മറന്നില്ല.
ഒടുവില്‍ യാത്രപറഞ്ഞിറങ്ങുമ്പോള്‍ അടുത്തആരെയോ വിട്ടുപിരിയുന്ന വേദന
നെഞ്ചിനകത്ത് ഉരുണ്ടുകൂടുന്നത് ഞങ്ങള്‍ അറിയുകയായിരുന്നു.
വീണ്ടും ആനയിറങ്ങുന്ന കാട്ടുവഴിയും കാട്ടരുവിയുമെല്ലാം പിന്നിട്ട് കാടിറക്കംമനസില് അപ്പോഴും ചിരിക്കുന്ന അവ്വാ മുത്തശ്ശിയുടെ മുഖം മായാതെ, മറയാതെ....