Friday, 19 March 2010

ഊട്ടികുളിര്‍ തേടി...

 ഊട്ടി എന്നഓമനപ്പേരില്‍ പ്രസിദ്ധമായ ഉദഗമണ്ഡലത്തില്‍
ആദ്യമായി വന്നിറങ്ങുമ്പോള്‍ നേരം പാതിരായായിരുന്നു
അതിനാല്‍തന്നെ പിന്നിട്ടവഴിയുടെ സൗന്ദര്യം ആസ്വദിക്കാനായില്ല.
അത് തെല്ലൊരു നഷ്ടബോധമായി മനസ്സില്‍ ഇപ്പോഴും  നിറയുന്നുണ്ട്.

ഊട്ടിയിലേക്ക് വണ്ടികയറുമ്പോള്‍ മനസില്‍
ഏറെ സൂക്ഷിച്ചിരുന്ന ചിലതുണ്ടായിരുന്നു
ഊട്ടികുളിരും പൈതൃക തീവണ്ടിയും പൈന്‍മരക്കാടുകളും
പിന്നെ മലയാളികള്‍ക്ക് ഏറെപ്രിയങ്കരരായജോജിയും നിശ്ചലുമെല്ലാം മനസ്സില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു....

നിരവധി ഹെയര്‍പിന്‍ വളവുകളും
വളഞ്ഞ് പുളഞ്ഞ് പോകുന്ന റോഡുകളുമെല്ലാം നേരില്‍ കാണാതെ വാഹനത്തിന്‍റെ ചലനങ്ങളില്‍  ‍നിന്ന് ഞാന്‍ വായിച്ചെടുക്കുകയായിരുന്നു.

ഊട്ടിയോട് അടുക്കുന്ന ഓരോനിമിഷവും ഊട്ടികുളിരെന്നെ
ഇപ്പോള്‍ പുണരുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു.
എന്നാല്‍ ഊട്ടികുളിര് നുകരാന്‍ ഏറെസമയമെടുത്തു.
അത് ഋതുഭേദങ്ങളില്‍ വന്ന മാറ്റമാണ്.
മനുഷ്യന്‍റെ അത്യാര്‍ത്ഥി ഋതുക്കളില്‍ വരുത്തിയമാറ്റം
എന്നുപറയുന്നതാവും കൂടുതല്‍ ശരി.

കഴിഞ്ഞകാലവര്‍ഷം തൂത്തെറിഞ്ഞ ഊട്ടിയുടെ സൗന്ദര്യം
കുറേയൊക്കെ വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് യാത്രക്കിടെ അടുത്തസീറ്റിലിരുന്ന ഗാര്‍മെന്‍റ് കച്ചവടക്കാരന്‍ പറഞ്ഞിരുന്നു.
ഊട്ടിയിലെ ഭംഗിയാര്‍ന്ന മലഞ്ചെരുവുകളും കുന്നുകലുമെല്ലാം റിസോര്‍ട്ട് മാഫിയകള്‍കയ്യേറിയിതായി ഞാന്‍ വായിച്ചറിഞ്ഞിട്ടുണ്ടായിരുന്നു.
വരുന്ന ടൂറിസ്റ്റുകള്‍ക്ക് സൗകര്യം ഒരുക്കാനെന്ന വാദത്തിന്‍റെ അടിസ്ഥാനത്തില്‍ ഉയര്‍ന്നുവന്ന റിസോര്‍ട്ടുകള്‍ കുന്നിന്‍മുകളില്‍ വര്‍ണവെളിച്ചം വിതറി തിളങ്ങി നില്‍ക്കുന്നത് ബസ്സിലിരുന്നുതന്നെ ഞാന്‍ കണ്ടു.
കാഴ്ച്ചയ്ക്ക് ഏറെ മനോഹരമാണെങ്കിലും അവനിര്‍മിക്കാനായി എത്രകുന്നുകളെയാണ്,എത്രപുല്‍പ്രദേശങ്ങളെയാണ് നശിപ്പിച്ചിരിക്കുക?ഊട്ടിയുടെ സൗന്ദര്യം ഈ പച്ചപ്പ് വിരിച്ച കുന്നുകളും പുല്‍മേടുകളും പൈന്‍മരക്കാടുകലുമല്ലേ?
അവയെല്ലാം ഇടിച്ചുനിരത്തി താമസസൗകര്യംമാത്രം ഒരുക്കിയാല്‍ അവിടെതാമസിക്കാന്‍ആരാണ് ഊട്ടിയിലേക്ക് വരിക?

കൂനൂരിലെത്തിയപ്പോളാണ് ചെറുതായെങ്കിലും ഊട്ടിയുടെ തണുപ്പ് അനുഭവപ്പെടാന്‍ തുടങ്ങിയത്,
അത്രയും നേരവും മലകയറുകയായിരുന്നുവെങ്കിലും  ഊട്ടിയുടെ തണുപ്പിന് പകരം ചൂടായിരുന്നു അനുഭവപ്പെട്ടിരുന്നത്!!!

രാവിലെ ഹോട്ടലിന്‍റെ ബാല്‍ക്കണിയില്‍ വന്ന്
 പുറത്ത് ഊട്ടി ലെയിക്കിന്‍റെ സൗന്ദര്യവും നുകര്‍ന്ന് നില്‍ക്കുമ്പോള്‍ ഊട്ടിയിലേക്ക് കയറ്റം കയറിവരുന്ന ഹെറിറ്റേജ് ട്രയിന്‍ കണ്ടു.
കാലവര്‍ഷകെടുതിയെതുടര്‍ന്ന് തകര്‍ന്നുപോയ റെയില്‍ പാളത്തിന്‍റെ പുനര്‍നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു ഹെറിറ്റേജ് ട്രയിന്‍.
മേട്ടുപാളയം മുതല്‍ ഊട്ടിവരെ ഹെറിറ്റേജ് ട്രയിനില്‍ വരാനായിരുന്നു പദ്ധതി.
എന്നാല്‍ തീവണ്ടി സര്‍വ്വീസ് നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് ആ ആഗ്രഹം നടക്കാതെപോവുകയാണെന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു.
എന്നാല്‍ കൂണൂര്‍മുതല്‍ ഊട്ടിവരെ ഒരു മണിക്കൂര്‍ നീളുന്ന യാത്രക്ക് സൗകര്യമുണ്ടെന്നറിഞ്ഞപ്പോള്‍ അത് വല്ലാത്ത സന്തോഷമാണ് സമ്മാനിച്ചത്

രാവിലെ ഒരു ടാക്സിയും വാടകയ്ക്കെടുത്ത്
ഊട്ടിയുടെ അവശേഷിക്കുന്ന സൗന്ദര്യം നുകരാനിറങ്ങി.
ഊട്ടിക്കാരന്‍തന്നെയായ സതീഷ് ആയിരുന്നു ‍ഞങ്ങളുടെ സാരഥി
ഊട്ടിയുടെ അപചയത്തെകുറിച്ചും കഴി‍ഞ്ഞകാലവര്‍ഷം ദുരിതമായി ഊട്ടിക്കുമുകളില്‍ പെയ്തിറങ്ങിയതിന്‍റെ വേദനയുമെല്ലാം
സതീഷിന്‍റെ വാക്കുകളില്‍ നിന്ന് വായിച്ചെടുക്കാനാകുമായിരുന്നു.

നേരേപോയത് ബോട്ടാണിക്കല്‍ ഗാര്‍ഡനിലേക്ക്.
വിവിധയിനും സസ്യജാലങ്ങളുടെ പരന്നുകിടക്കുന്ന വിലിയൊരു ഉദ്യാനം.
ഹണിമൂണിനും വിനോദസഞ്ചാരത്തിനും മറ്റുമായി എത്തിയവര്‍ക്കൊപ്പം തിരക്കില്‍ നിന്നാഴിഞ്ഞ് ഒന്നുപ്രണയിക്കാനെത്തിയവരും ഏറെ...
200 വര്‍ഷം പഴക്കമുള്ള ഒരുമരത്തിന്‍റെ ഫോസിലും
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പീരങ്കികളുമെല്ലാം
ബോട്ടണിക്കല്‍ ഗാര്‍ഡനിലെ ശ്രദ്ധാകേന്ദ്രങ്ങളാണ്.
വിവിധവര്‍ണങ്ങളില്‍ പൂവിട്ട് നില്‍ക്കുന്ന ചെടികളുംമരങ്ങളും
ചിട്ടയായി, മനേഹരമായി നിറഞ്ഞുനില്‍ക്കുന്ന ഉദ്യാനം
തീര്‍ച്ചായായും ഒരു ബോട്ടണി വിദ്യാര്‍ത്ഥിക്ക് ഏറെ പ്രയോജനം ചെയ്യുമെന്നുറപ്പ്.

പിന്നെ നേരെ കൂണൂരിലേക്ക്.
കൂണൂരിലേക്കുള്ള വഴിയിലാണ്
പ്രശസ്തമായ മദ്രാസ് റെജിമെന്‍റിന്‍റെ ആസ്ഥാനം
ഏറെ യുദ്ധങ്ങളില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ മദ്രാസ് റെജിമെന്‍റ് ഏറെ ധീരന്‍മാരെയാണ് രാജ്യത്തിന് സംഭാവനചെയ്തത്.
 മദ്രാസ് റെജിമെന്‍റും ഗോള്‍ഫ് കോഴ്സും  പിന്നീട്ട് തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ കൂണൂരിലെ പ്രശസ്തമായ ഡോള്‍ഫിന്‍ പോയന്‍റിലേക്ക് .
500 മീറ്ററോളം ട്രക്കിങ്ങാണ് ഇനി.
കാട്ടിലെ കല്ല് പാകിയ വഴിയിലൂടെ നടന്ന് ഊട്ടിയുടെ ദൂരക്കാഴ്ച്ച ആസ്വദിച്ചു.
ഇവിടെവച്ച് ഊട്ടിയിലെത്തിയനിമിഷം മുതല്‍ ഞാന്‍ തേടിയിരുന്ന ഒരാളേയും ഞാന്‍കണ്ടു.

ക്യാമറയും കടിച്ചുതൂക്കി കുരച്ചുനടക്കുന്ന നമ്മുടെ നിശ്ചലിനെ...!!!!
യഥാര്‍ത്ഥ ആളെ അല്ലാ എന്നുമാത്രം.
പലയിടത്തും ഇത്തരം ഫോട്ടോഗ്രാഫര്‍മാരെ കണ്ടിരുന്നുവെങ്കിലും
ഡോള്‍ഫിന്‍ പോയന്‍റില്‍ കണ്ട ശശിയെന്ന ഫോട്ടോഗ്രാഫര്‍ ഏറെ വ്യത്യസ്ഥനായിരുന്നു.
പലആങ്കിളില്‍ നിന്ന്  പാറയുടെ മുകളിലും തുമ്പത്തുമെല്ലാം നിര്‍ത്തി
ഞങ്ങളുടെ ഫോട്ടോ എടുത്തു.
കണ്ടിഷ്ടപ്പെട്ടാല്‍മാത്രം പൈസതന്നാല്‍ മതിയെന്നാണ് ശശിയുടെ നിലപാട്.
മറ്റുള്ളവരാകട്ടെ ഒരു സ്നാപ്പെടുത്താല്‍ തന്നെ  പണംചോദിക്കാന്‍ തുടങ്ങും.
ശശി ഒരു അയ്യപ്പഭക്താനാണ്.
എല്ലാവര്‍ഷവും മുടങ്ങാതെ ശബരിമലയ്ക്ക് വരുമത്രേ ശശി.
വരുമ്പോള്‍ കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തിയശേഷം മാത്രമേ മടങ്ങാറുള്ളു.

ഡോള്‍ഫിന്‍ പോയന്‍റില്‍ നിന്ന് മടങ്ങി നേരെ പോയത് കൂണൂരിലെ ഒരു ചെറിയ ഉദ്യാനത്തിലേക്കാണ്.
ചെറിയ പെഡല്‍ബോട്ടുകളും ചെറിയപൊയ്കയുമെല്ലാം ഉള്ളതൊഴിച്ചാല്‍ഇത് വെറും ഒരു സാധാരണ പൂന്തോട്ടം മാത്രം.
കുറച്ച് നേരം പൂന്തോട്ടത്തില്‍ കറങ്ങിയശേഷം
നേരേപോയത് കൂണൂര്‍ റെയില്‍വേസ്റ്റേഷനിലേക്ക്
അപ്പോഴേക്കും സമയം 4.15 ആയിരിക്കുന്നു.
4.30 ന് ഹെറിറ്റേജ് ട്രയിന്‍ കൂണൂരില്‍ നിന്ന് ഊട്ടിയിലേക്ക് പുറപ്പെടും.
ഓടിചെന്ന് ടിക്കറ്റും സ്വന്തമാക്കി കയറിയിരുന്നു.
ജനറല്‍ കംപാര്‍ട്ട്മെന്‍റില്‍ വലിയതിരക്കായിരുന്നു.
പിന്നെ ടിടിആറിനെ കണ്ട് സെക്കന്‍റ് ക്ലാസില്‍ ടിക്കറ്റ് തരപ്പെടുത്തി.


പിന്നെ രസകരമായ യാത്രതുടങ്ങുകയായി.
കരിയിലകള്‍ വീണുകിടക്കുന്ന മീറ്റര്‍ ഗേജ് പാതയിലൂടെ,
കല്‍ക്കരി എഞ്ചിന്‍ വിലക്കുന്ന തീവണ്ടിയിലെ കന്നിയാത്രഅതിമനോഹരമെന്നു പറഞ്ഞാല്‍പോര
അതിലുമപ്പുറമാണ് ആ അനുഭവം.

നിര്‍മാണം പൂര്‍ത്തിയായിട്ടില്ലാത്ത പാലത്തിലൂടെ,
പൈന്‍മരക്കാട്ടിലൂടെ ആരെയും മോഹിപ്പിക്കുന്ന ഊട്ടിയുടെ സൗന്ദര്യത്തിന്‍റെ നടുവിലൂടെ മലനിരകള്‍ കടന്ന് ഒരുമണിക്കൂര്‍ നീളുന്ന തീവണ്ടിയാത്ര...
കൂട്ടത്തില്‍ പറയേണ്ട ഒന്നുണ്ട്തീവണ്ടിയിലെ സഹയാത്രികരെകുറിച്ച്
എല്ലാവരും “കപ്പിള്‍സ്”...!!
ഊട്ടി ഇവര്‍ക്ക് മാത്രമുള്ളതാണെന്ന് എന്നെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്ന നിരവധിസംഭവങ്ങളി‍ല്‍ ചിലത്മാത്രമായിരുന്നു ഹെറിറ്റേജ് യാത്രയിലേതും. കുറച്ച് കോളേജ് വിദ്യാര്‍ഥി-വിദ്യാര്‍ത്ഥിനികള്‍ (പ്രണയിതാക്കളാണ്)
പിന്നെ മധുവിധുആഘോഷിക്കാനെത്തിയ നവദമ്പതികളും
കൂട്ടത്തില്‍ ഏകരായി ഞാനും എന്‍റെ സുഹൃത്തും.....

ഒരുമണിക്കൂര്‍ നീണ്ട ഹെറിറ്റേജ് യാത്ര ഊട്ടി ലെയ്ക്കും പിന്നിട്ട്
ഉദഗമണ്ഡലം സ്റ്റേഷനില്‍ യാത്ര അവസാനിപ്പിച്ചു
തീവണ്ടിയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍
എന്‍റെ കണ്ണുകള്‍  തിരഞ്ഞത്ജോജിയെയാണ്...
ഊട്ടിയിലെത്തുന്ന സഞ്ചാരികളോട്
“വെല്‍ക്കം ടു ഊട്ടി, ഗ്ലാഡ് ടു മീറ്റ് യു” എന്ന് പറഞ്ഞ് വരവേറ്റ്
ഊട്ടികാണിക്കാന്‍ കൊണ്ടുപോകുന്ന പോര്‍ട്ടര്‍ കം ഗൈഡിനെ
പക്ഷെ നിരാശനാവാനായിരുന്നു വിധി.
റെയില്‍വേസ്റ്റേഷനില്‍ ജോജി പോയിട്ട് ഒരു പോര്‍ട്ടറേയും കണ്ടില്ല...

റെയില്‍വേസ്റ്റേഷനിലെ സിമന്‍റ് ബഞ്ചില് ‍അല്‍പനേരം വിശ്രമിച്ചശേഷം
പിന്നെ ഊട്ടിലെയ്ക്കിലേക്ക്.
 പക്ഷ സമയം വൈകിയതിനാല്‍ ബോട്ട് സവാരി നടത്താനായില്ല.
എല്ലാബോട്ടുകളും അന്നത്തെ സവാരി കഴിഞ്ഞ് തീരത്തടിഞ്ഞുകഴിഞ്ഞു.
ഇപ്പോള്‍ തടാകം മീന്‍പിടുത്തക്കാരുടെ അധീനതയിലാണ്.
ചെറുവലകളും ചൂണ്ടകളുമായി അവര്‍ സജീവമായികഴിഞ്ഞു.
പിന്നെ, വിനോദസഞ്ചാരവകുപ്പിന്‍റെ മറ്റ് റൈഡുകളില് ‍കയറി നടന്നു.

അപ്പോഴേക്കും സമയം രാത്രയായികഴിഞ്ഞു.
ഉദഗമണ്ഡലയോട് വിടപറയേണ്ട സമയം അടുക്കുന്നു.
രാത്രി 8.30 നാണ് അവസാനത്തെ ബസ്സ്
പിന്നെ നേരെ ഹോട്ടലിലേക്ക്.
കുളിച്ച് ഒന്നുഫ്രഷായി ബാഗും തൂക്കി ഇറങ്ങി.
ഊട്ടിയുടെ ഭംഗി മനസില്‍ ആവാഹിച്ച്, ഊട്ടികുളിരിനോട് വിടചൊല്ലി ഞാന്‍ മടങ്ങി.

തമിഴ്നാട് സര്‍ക്കാരിന്‍റെ ബസ്സില്‍ ഒരിക്കല്‍കൂടി മടക്കം.
(പക്ഷെ, ഇന്ത്യയിലെ  ഏറ്റവും പ്രശസ്തമായ
സുഖവാസകേന്ദ്രത്തിലേക്കുള്ള തമിഴ്നാട് സര്‍ക്കാരിന്‍റെ
ബസ്സുകള്‍ കണ്ടപ്പോള്‍
അതിശയിച്ചുപോയി!
കൂലി കുറവാണെങ്കിലും അത്രതന്നെ പഴഞ്ചനാണ് ഓരേ ബസ്സും)
ബസ്സ് നിറയെ യാത്രക്കാരാണ്.
ആഴ്ച്ചമുഴുവന്‍ നീണ്ടഅലച്ചിലിനൊടുവില്‍ വാരാന്ത്യംആഘോഷമാക്കാന്‍ ഊട്ടിയിലെത്തിയ എല്ലാവരും മടങ്ങുകയാണ്.

മനസ്സില്‍ വല്ലാത്ത സന്തോഷവും വിഷമവും നിറയുന്നത് ഞാനറിഞ്ഞു.
ഊട്ടിയെ അടുത്തറിഞ്ഞതിലെ സന്തോഷത്തിനൊപ്പം
ഊട്ടിയുടെ ഇപ്പോഴത്തെ സ്ഥിതിയുംഅധികം ചിലവിടാനായില്ല എന്നവിഷമവും എന്നെ അലട്ടി
സമയക്കുറവ് മൂലം എനിക്ക് ഊട്ടില്‍ നഷ്ടമായവ പലതുമുണ്ട്.
പൈന്‍മരക്കാടുകളും വെള്ളച്ചാട്ടങ്ങളുമെല്ലാം....

സാരമില്ല. ഇനിയും വരാമെന്ന് ഊട്ടിയോട് നിശബ്ധമായി വാക്ക് നല്‍കിയാണ്ഞാന്‍ മലയിറങ്ങിയത്....
മെല്ലെ, ഊട്ടികുളിര് എന്നെ വിട്ട്പോകാന്‍ തുടങ്ങിയിരിക്കുന്നു.
മലയിറക്കം എന്നിലും അസ്വസ്ഥത പടര്‍ത്തിതുടങ്ങി.
പിന്നെ മയക്കത്തിലേക്ക് വഴുതിവീണു....

No comments:

Post a Comment