Wednesday, 30 December 2009

ഒറ്റയടിപാതയില്‍ ഇനി തനിച്ച്...

ശത്രുക്കള്‍ ഇരുളില്‍
മറഞ്ഞിരിക്കുന്നുവെന്നാണ്
പൊതുവേ പറയാറ്
എന്നാല്‍, എനിക്ക് തോന്നുന്നു
പകല്‍ വെളിച്ചത്തില്‍ പോലും
നമുക്കുചുറ്റും നമ്മുടെ ശത്രുക്കള്‍
ചിരിച്ച്കൊണ്ട് തന്നെ
നില്‍ക്കുന്നുവെന്ന്
കഴുത്തറക്കാന്‍ ഇരുതലമൂര്‍ച്ചയുള്ള
കഠാരയുമായി അവരുണ്ട്
നമ്മുടെ ഓരോ ചലനവും നിരീക്ഷിച്ച്.
അനുഭവം പകരുന്ന അറിവ്
അത് വലുതാണ്

..........................


നിഴലിനേക്കാള്‍ വലിയൊരു
ശത്രുവില്ല
മരണത്തേക്കാള്‍ വലിയൊരു
മിത്രവും

...............


റെയില്‍പാളങ്ങള്‍ പോലെ
സമാന്തരരേഖയായി സഞ്ചരിക്കുന്ന രണ്ട്പേര്‍
എന്നെങ്കിലും എവിടെയെങ്കിലും വച്ച്
കൂട്ടുമുട്ടി ഒന്നായി ചേരുമെന്ന്
പ്രതീക്ഷിക്കുന്ന ഒരാള്‍
ഒരിക്കലും അത് സംഭവിക്കില്ലെന്ന്
വിശ്വസിക്കുന്ന മറ്റൊരാള്‍
ഇവര്‍ക്കിടിയല്‍ എന്നും സ്നേഹം നിലനില്‍ക്കുന്നു
പരസ്പരം പിണങ്ങിയും ഇണങ്ങിയും ബോറടിപ്പിച്ചും
കഥകള്‍ പറഞ്ഞും രണ്ട് കേള്‍വിക്കാരെ പോലെ
സമാന്തരമായി.....


....................


ജീവിതയാത്രയില്‍
ഒട്ടനവധി പേരെ നാം കാണുന്നു
നിരവധിപേരെ നാം പരിചയപ്പെടുന്നു
പലരുമായി നാം ഇടപെടുന്നു
ആത്മബന്ധം പുലര്‍ത്തുന്നു
ചിലര്‍ നമ്മുടെ ഹൃദയത്തെ സ്പര്‍ശിക്കുന്നു
മറ്റ് ചിലരാകട്ടെ എന്നും എപ്പോഴും അകലം പാലിക്കുന്നു
ഒടുവില്‍ അകന്നുനിന്നവരും അടുത്തുനിന്നവരുമെല്ലാം
പടിയിറങ്ങുന്നു
പലരും ഒന്നും മിണ്ടാതെ, വേദനിപ്പിച്ച്
ഭംഗിവാക്കായിപോലും ഒരു യാത്രപറയാതെ
അവരെ എന്‍റെ ഹൃദയത്തില്‍ സൂക്ഷിച്ചതിന്
ആരോടും ഞാന്‍ വാടക ചോദിച്ചതേയില്ലല്ലോ...?
എന്നിട്ടും...എന്തേ അവര്‍ ഒരു യാത്രപോലും പറയാതെ....




Sunday, 27 December 2009

കലാലയമുറ്റത്തേക്ക് ഒരു മടക്കയാത്ര...

പണ്ട് യാത്രചെയ്തിരുന്ന വഴികളിലൂടെ ഒരിക്കല്‍കൂടി യാത്രചെയ്യുക
അത് പഴയകാലത്തേയ്ക്ക് നമ്മെ കൈപിടിച്ച് നടത്തും
ഒപ്പം ഓര്‍മകളെ പൊടിതട്ടിയെടുക്കും....

അത്തരത്തിലൊരുയാത്രയായിരുന്നു ബാംഗ്ലൂരിലേക്കുള്ള മടക്കയാത്ര
ബാംഗ്ലൂരിലെ പഴയകലാലയത്തിലേക്ക് ..എ എം സി യിലേക്കുള്ള യാത്ര....

ബാംഗ്ലൂര്‍ നഗരത്തിലെ ബണ്ണേര്‍ഘട്ട റോഡിലൂടെ സഞ്ചരിച്ചപ്പോള്‍
4 വര്‍ഷം പിന്നോട്ട് സഞ്ചരിക്കുകയായിരുന്നു മനസ്സ്

വജ്ര ബസ്സിന്‍റെ (എസി ലോഫ്ലോര്‍ ബസ്സ് ) സുഖശീതളിമയില്‍
ചാരിക്കിടന്ന് യാത്രതുടങ്ങുമ്പോള്‍
പഴയ ട്രാഫിക്ക് ബ്ലോക്കിനെ ഭയന്നിരുന്നു
വികസനത്തിന്‍റെ കോണ്‍ക്രീറ്റ് കെട്ടിടങ്ങളും ജെസിബി കരങ്ങളും കയ്യേറിയിട്ടില്ലാത്ത
ശാന്തമായ പഴയ ഗ്രാമഭംഗിയെ മനസ്സില്‍ താലോലിച്ചിരുന്നു...
എന്നാല്‍ ബസ്സോടിതുടങ്ങിയപ്പോള്‍ എല്ലാം മാറുകയായിരുന്നു
മനസിലെ പഴയ ചിത്രങ്ങള്‍ മാത്രമല്ല,
ഹുലിമാവും കല്‍ക്കരേയും ഹണിവെല്ലും ഗൊട്ടിഗരെയുമെല്ലാം....

അന്ന് , 4 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ട്രാഫിക്ക് ജാമിന് പേരെടുത്ത
ബണ്ണേര്‍ഘട്ട റോഡല്ല ഇപ്പോഴത്തേത്
സിറ്റിക്കുപുറത്തെ ചേരിപ്രദേശം ഇന്ന് ഹൈടെക്കായിരിക്കുന്നു
നിരവധി ദരിദ്രകുടിലുകളും ഒഴിഞ്ഞ വെളിമ്പ്രദേശങ്ങളുടേയും സ്ഥാനമിപ്പോള്‍
മള്‍ട്ടി മില്ലെനിയം ബിസിനസ് കൊയ്യുന്ന വാണീജ്യമന്ദിരങ്ങള്‍ കയ്യടക്കിയിരിക്കുന്നു
പഴയപൊട്ടിപൊളിഞ്ഞ റോഡ് സുന്ദരനായിരിക്കുന്നു
ബി എം ടി സിയുടെ പാട്ടചകടങ്ങളും സ്വകാര്യബസ്സുകളും മാത്രം ഓടിയിരുന്ന
ബണ്ണേര്‍ഘട്ടയിലേക്ക് ഇപ്പോള്‍ എസി ലോ ഫ്ലോറുകളുടെ പ്രവാഹമാണ്
ചുരുക്കത്തില്‍ ബണ്ണേര്‍ഘട്ടയും കാലത്തിനൊത്ത് കോലം മാറി,
അല്ലെങ്കില്‍ മാറ്റി.
എല്ലാത്തിനും സാക്ഷിയായി മീനാക്ഷി അമ്മന്‍ കോവില്‍ അതേപടിയുണ്ട്.

ബണ്ണേര്‍ഘട്ടയോട് അടുക്കുമ്പോഴുള്ള ഇടതൂര്‍ന്ന അക്വേഷ്യകാടിനും മാറ്റം വന്നിട്ടില്ല
ഒരുപക്ഷെ, ബണ്ണേര്‍ഘട്ട ദേശിയോദ്യാനമായതുകൊണ്ട്മാത്രമായിരിക്കാം
അവയുടെ ആയുസിനാരും കോടാലി വെയ്ക്കാത്തത്
ആ അക്വോഷ്യമരങ്ങള്‍ക്കിടയില്‍ പക്ഷെ,
ബണ്ണേര്‍ഘട്ടയിലെ പഴയയാത്രകളില്‍
കണ്ടിരുന്ന അന്തേവാസികളെ കണ്ടില്ല
വഴിയിലൂടെ കടന്നുപോയിരുന്നവരെ പേടിപ്പിച്ചും സന്തോഷിപ്പിച്ചും കഴിഞ്ഞിരുന്ന
കുരങ്ങന്‍മാരെ....

എ എം സിയും ഏറെ മാറിയിരിക്കുന്നു
പഴയവിദ്യാര്‍ത്ഥിയായ ഞങ്ങളെ കണ്ടപ്പോള്‍ ആ കലാലയത്തിന് മനസിലായികാണില്ല
നിരവധി പേര്‍ ഇങ്ങനെ വന്നുപോയതല്ലേ...
കൈകോര്‍ത്തപോലെ നിന്നിരുന്ന പഴയ 3 കെട്ടിടങ്ങള്‍ക്കുപകരം നീണ്ട ഒറ്റക്കെട്ടിടം
അതും വര്‍ണചില്ലുകള്‍ പാകി സുന്ദരിയായി
മുറ്റത്ത് നിന്നിരുന്ന ചെറിമരങ്ങല്‍ പാടെ പുല്‍ത്തകിടിക്കും വാട്ടര്‍ ഫൗണ്ടൈനും
വഴിമാറികഴിഞ്ഞു
ഒപ്പം ആ പഴയ മുയല്‍കൂടും മുയലുകളും....

എ എം സിയിലേക്ക് കാലെടുത്തുവെക്കുമ്പോള്‍
മുന്നില്‍ എം എസ് കമ്മ്യൂണിക്കേഴനിലെ പഴയസഹപാഠികള്‍ കാത്തുനില്‍ക്കുന്നപോലെ...
അഭിഷേക് മത്തായി, ഷൈനി, ദേബശ്രീ ചൗദരി, സോമാനന്ദ....
മനസ് വല്ലാതെ അവരെ മിസ് ചെയ്യുന്നു....
പലരും പലവഴിക്കായിരിക്കുന്നു
സാങ്കേതികവിദ്യയുടെ വികാസം മാത്രമാണ് ഇപ്പോഴും ഇവരെയൊക്കെ
കയ്യെത്തും ദൂരത്ത് നിര്‍ത്തുന്നത്.

കൂട്ടത്തില്‍ ഒരുകാര്യം കൂടി
ഞങ്ങള്‍ ഇവിടെനിന്ന് അഭ്യസിച്ച എം എസ് കമ്മ്യൂണിക്കേഴന്‍ ഇപ്പോള്‍ എ എം സിയിലേയില്ല...!!!

എ എം സിയില്‍ ഒരിക്കലും മിസ് ചെയ്യാനാകാത്ത ഒന്നുണ്ട്.
ക്യാന്‍റീന്‍...!!!
ഞങ്ങളുടെ ക്ലാസ് മുറി, ലോകം എല്ലാം ....
എല്ലാം ഈ "കൂറ' ക്യാന്‍റീന്‍ ആയിരുന്നു
കോളേജിന്‍റെ മാറ്റമൊന്നും ഒരുതരത്തിലും ക്യാന്‍റീന് സംഭവിച്ചിട്ടില്ല...!
ക്യാന്‍റീനില്‍ ഇരുന്ന് ഹാരിസിനൊപ്പം
ഒരിക്കല്‍കൂടി, അവസാനമായി, ഒരു കപ്പ് ചായകുടിച്ചപ്പോള്‍
മനസ്സില്‍ അനുഭവപ്പെട്ട വികാരം എന്താണ്...?
വായിച്ചെടുക്കാന്‍ ഇപ്പോഴും ആകുന്നില്ല
എത്ര ഇഴചേര്‍ത്ത് നെയ്താലും പൊട്ടിപോകുന്ന
നിരവധി ഓര്‍മകളുണ്ട് ഈ ക്യാന്‍റീന് നല്‍കാന്‍
ജീവിതത്തില്‍ ആദ്യമായി പ്രണയത്തിന്‍റെ സുഖവും
നഷ്ടപെടലിന്‍റെ നൊമ്പരവും ആസ്വദിച്ചതും
അനുഭവിച്ചതും ഈ ക്യാന്‍റീനില്‍ വച്ചായിരുന്നില്ലേ....
കൂട്ടുകാര്‍ക്കൊപ്പം നിരവധി ബര്‍ത്ത്ഡേ പാര്‍ട്ടികള്‍...
പെണ്‍പിള്ളാരെ കൂട്ടം ചേര്‍ന്ന് കമന്‍റടിച്ചത്....
ടീച്ചര്‍മാരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത്....
കൂട്ടുകാരുടെ പാത്രത്തില്‍ കയ്യിട്ടുവാരിയത്....
ജസ്ബീറുമൊത്തുള്ള ചൂടേറിയ രാഷ്ട്രീയ സംവാദങ്ങള്‍....
അങ്ങനെ ഓര്‍മയുടെ കൂമ്പാരം മനസ്സില്‍ ഉയരുന്നു....

ഒടുവില്‍ ക്യാന്‍റീനോട് യാത്രപറഞ്ഞിരിക്കുമ്പോള്‍
ഹാരിസ് പറഞ്ഞ വാക്കുകള്‍
" എത്ര മുഷിപ്പനാണെങ്കിലും
ക്യാമ്പസിലേക്കുള്ള മടക്കം,
അത് വല്ലാത്ത ഗൃഹാതുരത്വം നല്‍കുന്നതാണ്..."

എ എം സി സമ്മാനിച്ച ഓരോ നിമിഷവും
ഹൃദയത്തിന്‍റെ മടിത്തട്ടില്‍ ഇന്നും മായാതെ നില്‍ക്കുന്നുണ്ട്..
നൊസ്റ്റാള്‍ജിക്ക് ആയ ആ ഓര്‍മകള്‍ കാലം കാര്‍മേഘങ്ങള്‍കൊണ്ട്
മൂടാതിരിക്കട്ടെ......