Tuesday, 31 October 2023

ഭാ​ഗ്യത്തിന് പ്രതി മുസ്ൽമാനായില്ല, കേരളം ആയതുകൊണ്ട് കത്തിയതുമില്ല

കളമശ്ശേരിയിലെ സ്ഫോടനത്തിന്റെ ഉത്തരവാദി മണിക്കൂറുകൾക്കം തന്നെ കീഴടങ്ങിയില്ലായിരുന്നുവെങ്കിൽ എന്തായിരിക്കും സംഭവിച്ചിരിക്കുക? കേരളം എത്രമാത്രം ധ്രുവീകരിക്കപ്പെടുമായിരുന്നു. അധ്യാപകന്റെ കൈപത്തി വെട്ടിമാറ്റിയത് പോലെ ചെറുതായിരിക്കില്ല അതിന്റെ വ്യാപ്തി. കാരണം ഊഴം കാത്ത് കഴിയുന്ന വലിയ ഒരു വിഭാ​ഗം കേരളത്തിന് പുറത്തും അകത്തുമായി ഇത് കാത്തിരിക്കുകയാണ്.


എലത്തൂരിലെ തീവണ്ടിക്കുള്ളിലെ തീവെപ്പ് സംഭവത്തിൽ, ഐഎസ് ഐഎസിലേക്ക് മലയാളികൾ പോയപ്പോൾ എല്ലാം നമ്മൾ കണ്ടതാണ് ഒരുവിഭാ​ഗം തക്കം പാ‍‍‍ർത്തിരുന്നത്, കേരളത്തെ തീവ്രവാദപ്രവ‍‍ർത്തനത്തിന് വേരുകളുള്ള നാടാണ് എന്ന് വരുത്തിതീ‍ര്‌‍ക്കാനുള്ള ശ്രമങ്ങൾ. സമുദായങ്ങളെ പരസ്പരം തമ്മിലടിപ്പിക്കാനുതകുന്ന വിദ്വേഷപ്രസ്താവനകളുമായി ഇറങ്ങുന്ന ഒരു വിഭാ​ഗത്തെ. കളമശ്ശേരിയിലെ യഹോവയുടെ സാക്ഷികളുടെ കൺവെൻഷനിടെയുണ്ടായ ബോംബ് സ്ഫോടനത്തിന് പിന്നാലെയും സമാനമായ വിദ്വേഷ പ്രസ്താവനകൾ ഇവരിൽ നിന്ന് വന്നു. പ്രസ്താവനകൾ നടത്തിയവരാരും ചില്ലറക്കാരല്ല, ഭരണം നടത്തുന്ന മന്ത്രിമാരും പാ‍ർട്ടികളുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവരിൽ നിന്നുമാണ് ഇതെല്ലാം വന്നത്. 


പറഞ്ഞുവന്നത് ബിജെപി നേതാക്കളുടെ പ്രതികരണം സംബന്ധിച്ചാണ്. ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്നാണമല്ലോ ഇവ‍ർക്ക്. യുക്തിയോ ബോധമോ യാഥാർത്ഥ്യമോ ഒന്നും അറിയേണ്ട. വടി കയ്യിൽ കിട്ടിയാൽ അത് കുത്തി നടക്കാനാണോ അതോ തല്ലാനാണോ എന്നൊന്നും അറിയേണ്ട. തല്ലുക തന്നെ. അതാണ് ഫാസിസ്റ്റുകളുടെ ഏക ലോജിക്ക്.  അത് തന്നെയാണ് കളമശ്ശേരിയിലും നാം കണ്ടത്. കൃസ്ത്യൻ സമൂഹത്തിനെതിരെ ആക്രമണം നടത്താൻ നടക്കുന്നത് ഒറ്റ സമുദായമാണ്. ആ സമുദായമാണ് ഭീകരാക്രമണം നടത്തിയത് എന്നാണ് പേരെടുത്ത് പറയാതെ പറഞ്ഞത്. ഇസ്രയേൽ ഫലസ്തീൻ യുദ്ധത്തിന്റെ പശ്ചാത്തലമെല്ലാം ചൂണ്ടിക്കാട്ടി, ഹമാസിന്റെ നേതാവ് ഫലസ്തീൻ ഐക്യദാര്‌‍ഢ്യസമ്മേളനത്തിൽ സംസാരിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു എല്ലാം. അപ്പോൾ ആരെയാണ് ഉദ്ദേശം വെച്ചതെന്ന് വ്യക്തം. അല്ലെങ്കിലും കൃസ്ത്യാനികളെ ആക്രമിക്കുക മുസ്ലീംങ്ങൾ മാത്രമാണല്ലോ. ഹിന്ദു വ‍​ര്​ഗ്​ഗീയ വാദികൾ അതൊന്നും ഒരിക്കലും ചെയ്തിട്ടില്ല എന്നാണല്ലോ ഇവരുടെ ഭാവം. ഒറീസയിലേയും മണിപ്പൂരിലേയും ചരിത്രവും വർത്തമാനവും മറന്നിട്ടുള്ളത് സം​ഘപരിവാരങ്ങൾ മാത്രമാണ്, ശേഷിക്കുന്ന ഇന്ത്യക്കാർക്കെല്ലാം അതെല്ലാം നല്ല ഓർമയുണ്ടെന്നത് ഇവർ മറന്നതാവും.  അല്ലെങ്കിലും ചരിത്രത്തിന് അങ്ങനെ ഒരു കുഴപ്പമുണ്ട്.  ചരിത്രം പലതും ഓർമിപ്പിക്കും. അതിനാലണല്ലോ ചരിത്രം വെട്ടിയും മായ്ച്ചും തിരുത്താൻ ബിജെപിയും ആർ എസ് എസും കിണഞ്ഞുപരിശ്രമിക്കുന്നതും. 


കളമശ്ശേരി സംഭവത്തിൽ ഒരു വിഭാ​ഗത്തിനെതിരെ കലാപത്തിന് വളഞ്ഞവഴിയിലൂടെ ആ​ഹ്വാനം ചെയ്തത് രണ്ട് കേന്ദ്രമന്ത്രിമാരാണ്. വി മുരളീധരനും രാജീവ് ചന്ദ്രശേഖരനും. ഇരുവരുടേയും  പ്രതികരണങ്ങൾ കണ്ട, കേട്ട എല്ലാവരിലും സ്വാഭാവികമായും ആ സമുദായത്തിനെതിരെ ദേഷ്യവും പകയും ഉണ്ടാകുമെന്നത് ഉറപ്പാണ്. കാരണം പറയുന്നത് രാജ്യം ഭരിക്കുന്ന മന്ത്രിമാരാണ്. അത് മാത്രം മതി ഇരു സമുദായങ്ങൾക്കിടയിൽ സ്പ‍ർദ്ദ വളരാനും പരസ്പരം വാളെടുക്കാനും. എന്നാൽ മന്ത്രിമാരുടെ ഉദ്ദേശലക്ഷ്യം നിറവേറും മുമ്പേ യഥാ‍ർത്ഥ പ്രതി കീഴടങ്ങി. എല്ലാകുറ്റവും സ്വയം ഏറ്റെടുത്തും അതിനുള്ള കൃത്യമായ തെളിവുകളും നൽകിയാണ് പ്രതി കീഴടങ്ങിയത്. ഭാ​ഗ്യത്തിന് പ്രതിയുടെ പേര് ഒരു മുസൽമാന്റേതായില്ല, അയാളുടെ വിശ്വാസവും മറ്റൊന്നായില്ല. മറിച്ചായിരുന്നുവെങ്കിൽ ഒന്ന് ആലോചിച്ച് നോക്കു. എന്തായിരിക്കും പിന്നീട് സംഭവിക്കുകയെന്നത്. പ്രതി കീഴടങ്ങാനോ പിടിയിലാകാനോ ഒരു രാത്രി വൈകിയിരുന്നുവെങ്കിൽക്കൂടി നാം ഭയപ്പെട്ടതും ഒരുവിഭാ​ഗം ആ​ഗ്രഹിച്ചതും ഒരുപക്ഷെ കേരളത്തിൽ സംഭവിക്കുമായിരുന്നു. കേരളത്തിലായത് കൊണ്ടുമാത്രമാണ് സമുദായസംഘടനകളും മറ്റും സംയമനം പാലിച്ചതും പ്രകോപനമൊന്നുമുണ്ടാകാതെ നോക്കിയതും. ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തായിരുന്നാലും സം​ഗതി ഇങ്ങനെയായിരിക്കില്ല. 


സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ മാസ്റ്ററുടെ പ്രതികരണവും അതിരുകടന്നതായി. ആക്രമണം നടന്ന് മണിക്കൂറുകൾക്കകം തന്നെ എന്താണ് യഥാ‍ർത്ഥ സംഭവം എന്ന് മനസിലാക്കാതെ അദ്ദേഹം നടത്തിയ പ്രതികരണം ശരിയായില്ല, പ്രത്യേകിച്ചും ഭരിക്കുന്ന പാ‍ർട്ടിയുടെ നേതാവ് എന്നരീതിയിൽ അദ്ദേഹം കൂടുതൽ ജാ​ഗ്രത പുലർത്തേണ്ടതായിരുന്നു. ഇസ്രയേൽ ഫലസ്തീൻ പ്രശ്നത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയമായി നോക്കുമ്പോൾ ഭീകരാക്രമണമാണെന്ന് അദ്ദേഹം പറഞ്ഞതും സംഭവത്തിന്റെ മാനം തന്നെ മാറ്റിക്കളഞ്ഞു. ഇത്തരം നേതാക്കൾ പറയുന്നത് ഏറ്റെടുക്കാനും അതനുസരിച്ച് അഭിപ്രായം രൂപീകരിക്കാനും തയ്യാറായി നിൽക്കുന്ന ലക്ഷക്കണക്കിന് അണികളും ആ പ്രസ്താവനയിലെ ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്ന കുത്ത് എടുത്തിട്ട് അലക്കി വെടക്കാക്കി ഉപയോ​ഗിക്കാനും സധാജാ​ഗരൂകരായി നിൽക്കുന്ന ലക്ഷങ്ങളും നാട്ടിലുണ്ട് എന്നത് മറക്കരുത്. പ്രവ‍ർത്തിയിലും വാക്കുകളിലും മിതത്വം മാത്രം പോര, മറിച്ച് ജാ​ഗ്രതയും വേണം. അതില്ലാതെ ചാടിക്കേറി പറയുന്നതിന്റെ വില ഈ നാട്ടിലെ പാവങ്ങളാണ് നൽകേണ്ടിവരിക.


സാമൂഹ്യമാധ്യമങ്ങളിലൂടെ വിദ്വേഷപരാമ‍ര്‌ശങ്ങൾ നടത്തിയവര്‌ക്കെതിരെ പൊലീസ് കേസെടുത്തു. മുഖവും പദവിയും നോക്കാതെ കേന്ദ്രമന്ത്രിക്കെതിരേയും കേസ് രജിസ്റ്റര്‌ ചെയ്യാൻ കാണിച്ച ധൈര്യത്തെ പ്രശംസിക്കണം. കാരണം ഇത്തരത്തിൽ വിദ്വേഷം പടർത്താൻ ശ്രമിക്കുന്നത് ആരായാലും നടപടിയുണ്ടാകുമെന്ന സന്ദേശം നൽകുന്നത് നല്ലതാണ്. ഒരു സോഷ്യൽമീഡിയ അക്കൗണ്ട് ഉണ്ട് എന്നതിനാൽ മാത്രം എന്തും വിളിച്ചുപറയുന്ന മനോരോ​ഗികൾക്ക് ഇതൊരു താക്കീതാണ്.


കളമശ്ശേരിയിലെ നി‍ര്‌ഭാ​ഗ്യകരമായ സംഭവം തീർച്ചയായും നമ്മെ പലതും പഠിപ്പിക്കുന്നുണ്ട്. ഇരുത്തി ചിന്തിപ്പിക്കുന്നുമുണ്ട്. സുരക്ഷിതമാണെന്ന് നാം കരുതുന്ന ഒരിടവും അത്രസുരക്ഷിതമല്ല. സമാധാനവും ശാന്തിയും തേടി നാം ചെല്ലുന്നിടത്തെല്ലാം എന്തും സംഭവിക്കാമെന്നത് വെറും യാദൃശ്ചികമല്ല. ആളുകൾ കൂടുന്നിടത്തെല്ലാം സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കേണ്ടതുണ്ട്. മന്ത്രിമാർ എത്തുന്നിടത്ത് മാത്രം പോര സുരക്ഷ പരിശോധനയും മെറ്റൽ ഡിറ്റക്ടറുകളുമെല്ലാം. ഇത്തരത്തിൽ യോ​ഗം ചേരുന്നിടത്തെല്ലാം അത് ഉണ്ടാകേണ്ടതുണ്ട്. വിഐപികളുടേത് പോലെ തന്നെ മുഖ്യമാണ് സാധാരണക്കാരന്റെ ജീവനും. 


വിശ്വാസം നല്ലതാണ്. പക്ഷെ ആ വിശ്വാസം അവിശ്വാസമാകുമ്പോൾ ആളുകളുടെ മനോനിലയിലുണ്ടാകുന്ന മാറ്റവും ഭയപ്പെടുത്തുന്നതാണ്. അതാണ് കളമശ്ശേരിയിൽ കണ്ടത്. യഹോവയുടെ സാക്ഷ്യത്തിൽ വിശ്വസിച്ചിരുന്ന ആൾ തന്നെയാണ് വിശ്വാസം അവിശ്വാസമായതോടെ സ്ഫോടനം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. വിശ്വാസവും അവിശ്വാസവും, രണ്ടും എക്സ്ട്രീം കണ്ടീഷനിൽ എത്തുമ്പോൾ, അത് രണ്ടും ഒരുപോലെ ഭീതിയും പടർത്തുന്നു. വ‍​ര്​ഗ്​ഗീയ കലാപങ്ങളും ഇത്തരം ആക്രമണവും എല്ലാം സംഭവിക്കുന്നത് അത് ആ വ്യക്തിയുടെ അല്ലെങ്കിൽ ആ വ്യക്തികളുടെ മനോനിലയിൽ ഉണ്ടാക്കുന്ന മാറ്റമാണ്. ഇതിനെ അഡ്രസ് ചെയ്യാനും നമുക്ക് സാധിക്കണം. മാനസികമായി ഒരാളിലുണ്ടാകുന്ന മാറ്റങ്ങളെ പരിശോധിക്കുകയും മനസിലാക്കി വേണ്ട പ്രതിവധി കണ്ടെത്തുകയും വേണം. എല്ലാ മതങ്ങളും ആശയങ്ങളും മുനുഷ്യനെ ആത്യന്തികമായി പഠിപ്പിക്കുന്നത് സ്നേഹിക്കാനും സഹായിക്കാനുമാണ്. ഈ സന്ദേശം പകർന്നുകൊടുക്കാൻ തീർച്ചയായും നമ്മുടെ പുരോഹിതർക്കും സാമൂഹികപരിഷ്കര്ത്താക്കൾക്കുമെല്ലാം സാധിക്കും.  ഒപ്പം കൂട്ടത്തിലെ ചെന്നായ്ക്കളെ തിരിച്ചറിയാനും. 


എന്തായാലും കേരളത്തിന് ഈ പിറന്നാൾ ദിനത്തിൽ ആശ്വസിക്കാം, അഭിമാനിക്കാം. ഒരു മതവിഭാ​ഗത്തിന്റ സമ്മേളനവേ​ദിയിൽ ഒരു സ്ഫോടനം നടന്നിട്ടും കേരളത്തിന്റെ ഒരുകോണിലും ഒരാൾക്കുപോലും അതിന്റെ പേരിൽ മർദ്ദനം ഏൽക്കേണ്ടിവന്നില്ലലോ എന്നതിൽ.


.............................................