Monday, 21 August 2023

22 യാ‍ർഡിൻറെ മാമാങ്കം

സ്പോർട്സ് പലപ്പോഴും അങ്ങനെയാണ്. സ്പോർട്സിൽ പലതും യാദൃശ്ചികമായി, അവിചാരിതമായി സംഭവിക്കും. അത്തരമൊരു വളരെ യാദൃശ്ചികയുടെ ഫലമാണ് ഏകദിനക്രിക്കറ്റ്.  ഒരു ടെസ്റ്റ്  മത്സരത്തിൻറെ അഞ്ചാം ദിനം മാത്രം മഴ മാറിനിന്നപ്പോൾ സംഭവിച്ചതാണ് ലിമിറ്റഡ് ഓവർ ക്രിക്കറ്റ് അഥവ ഏകദിനമെന്നത്. മഴയത്ത് ഒലിച്ചുപോയ നാല് ദിനങ്ങളും കളികാണാനായി കാത്തിരുന്ന ആരാധകരെ നിരാശരക്കാതിരിക്കാനായി നടത്തിയ നിശ്ചിത ഓവർ മത്സരം. അങ്ങനെ 1971 ജനുവരി 5 ന് ഓസ്ട്രേലിയയിലെ മെൽബണിൽ ആദ്യത്തെ ഏകദിനമത്സരം അരങ്ങേറി. ഇംഗ്ലണ്ടും ഓസ്ട്രേലിയയുമായിരുന്നു നാൽപത് ഓവർ  മത്സരത്തിലെ എതിരാളികൾ. 5 വിക്കറ്റിന് ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ആദ്യ ഏകദിന വിജയികളായി. 82 റൺസെടുത്ത ഇംഗ്ലണ്ട് ഓപ്പണർ ജോൺ എഡ്രിച്ച് ആദ്യത്തെ അർദ്ധസെഞ്ച്വറി നേടുന്ന താരമായി. ഇയാന ചാപ്പലും ആ മത്സരത്തിൽ അർദ്ധസെഞ്ച്വറി തികച്ചു. പിന്നീടിങ്ങോട്ട് ലോക ക്രിക്കറ്റിൽ നടന്നത് ചരിത്രമാണ്. ടെസ്റ്റിനേക്കാൾ കാണികൾ ഏകദിനത്തെ നെഞ്ചേറ്റി, ടെസ്റ്റിനേക്കാൾ ആവേശവും ആകാംഷയും നിറഞ്ഞ ഏകദിനം ക്രിക്കറ്റിനെ കൂടുതൽ ജനകീയവും വാണീജ്യസാധ്യതകളുമുള്ളതാക്കി തീർത്തു. പതിറ്റാണ്ടുകൾക്കിപ്പുറം ട്വൻറി 20, ടെൻ 10 തുടങ്ങി ക്രിക്കറ്റിൻറെ കുട്ടിരൂപങ്ങളും പിറവിയെടുത്തു. 


ഇംഗ്ലണ്ട് 1975 

1971 ൽ ആകസ്മികമായി തുടങ്ങിയ ഏകദിനത്തിനാണ് നൂറ്റാണ്ടിൻറെ പഴക്കമുള്ള ടെസ്റ്റിനേക്കാൾ മുമ്പ് ലോകകപ്പ് എന്നത് ക്രിക്കറ്റ് കൌൺസിൽ നടപ്പാക്കിയത്. 1975 ൽ ഇംഗ്ലണ്ടിലാണ് ആദ്യത്തെ ലോകകപ്പ് അരങ്ങേറിയത്. അന്നത് പ്രുഡെൻഷ്യൽ ലോകകപ്പായിരുന്നു. ഇംഗ്ലണ്ടിലെ പ്രമുഖ ഇൻഷൂറൻസ് കമ്പനിയായ പ്രുഡെൻഷ്യൽ ആയിരുന്നു ചാമ്പ്യൻഷിപ്പിൻറെ മുഖ്യ സ്പോൺസർ.  

ഇംഗ്ലണ്ടിന് മാത്രമായിരുന്നു  ലോകകപ്പ് സംഘടിപ്പിക്കാനുള്ള ഭൌതികസാഹചര്യങ്ങൾ ആ സമയത്ത് ഉണ്ടായിരുന്നുള്ളുവെന്നതാണ് ആദ്യ ലോകകപ്പിന് വേദിയാകാൻ ഇംഗ്ലണ്ടിനെ തിരഞ്ഞെടുക്കാനുള്ള മുഖ്യകാരണം. ഇന്നത്തെ ഏകദിനത്തിൽ നിന്ന് വ്യത്യസ്ഥമായി 60 ഓവറായിരുന്നു ആദ്യ ലോകകപ്പിലേത്. ടെസ്റ്റിലേതിന് സമാനമായി വെള്ള ജേഴ്സിയും ചുവന്ന പന്തുമായിരുന്നു ഉപയോഗിച്ചത്. ഓസ്ട്രേലിയ, ഇന്ത്യ, പാക്കിസ്ഥാൻ, വെസ്റ്റ് ഇൻഡീസ്, ന്യൂസിലാണ്ട്, ശ്രീലങ്ക, ഈസ്റ്റ് ആഫ്രിക്ക എന്നിവരായിരുന്നു ഇംഗ്ലണ്ടിന് പുറമെ മത്സരിച്ചത്. 

ആദ്യമത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ട് ഇന്ത്യയെ നേരിട്ടു. ഡെന്നിസ് അമിസ്സിൻറെ സെഞ്ച്വറിയുടെ പിൻബലത്തിൽ 4 വിക്കറ്റിന് 334 എന്ന പടുകൂറ്റൻ സ്ക്കോറാണ് ഇംഗ്ലണ്ട് ഇന്ത്യക്ക് മുന്നിൽ ഉയർത്തിയത്. 179 പന്ത് നേരിട്ട് വെറും 36 റൺസുമായി പുറത്താകാതെ നിന്ന സുനിൽ ഗവാസ്ക്കറിൻറെ ഒച്ച് നിലവാരത്തിലുള്ള ബാറ്റിങിനാണ് പിന്നീട് ലോഡ്സ് സാക്ഷ്യം വഹിച്ചത്.  ഫലം ഇന്ത്യ 202 റൺസിൻറെ കനത്ത് തോൽവി ഏറ്റുവാങ്ങി. അടുത്തമത്സരത്തിൽ ഈസ്റ്റ് ആഫ്രിക്കയെ പത്ത് വിക്കറ്റിന് പരാജയപ്പെടുത്തിയത് മാത്രമാണ് ടൂർണമെൻറിലെ ഇന്ത്യയുടെ ഏകനേട്ടം. ഗ്രൂപ്പിലെ അവസാനമത്സരത്തിൽ ഇന്ത്യ ന്യൂസിലാണ്ടിനോട് 6 വിക്കറ്റിന് തോറ്റുപുറത്തായി. 

ബി ഗ്രൂപ്പിലെ എല്ലാമത്സരവും വിജയിച്ചെത്തിയ ക്ലൈവ് ലോയിഡിൻറെ വെസ്റ്റ് ഇൻഡീസ് ഓസ്ട്രേലിയയെ തോൽപിച്ച് ചാമ്പ്യൻമാരായി. വാശിയേറിയ മത്സരത്തിൽ 17 റൺസിനായിരുന്നു വിൻഡീസിൻറെ വിജയം. സെഞ്ച്വറി നേടിയ വിൻഡീസ് നായകൻ ക്ലൈവ് ലോയിഡ് ആദ്യ ഫൈനലിലെ മികച്ച താരമായി.


ഇംഗ്ലണ്ട് 1979

ഇംഗ്ലണ്ടിൽ തന്നെയായിരുന്നു രണ്ടാമത്തെ ലോകകപ്പും.  ബർമിങ്ഹാമിൽ ജൂൺ 9 ന് നിലവിലെ ചാമ്പ്യൻമാരായ വിൻഡീസും ഇന്ത്യയും തമ്മിലായിരുന്നു ഉദ്ഘാടന മത്സരം. ടോസ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഗുണ്ടപ്പ വിശ്വനാഥിൻറെ 75 റൺസിൻറെ പിൻബലത്തിൽ ഇന്ത്യ 53.1 ഓവറിൽ 190 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിനുവേണ്ടി ഗോഡൺ ഗ്രീനീഡ്ജ് പുറത്താകാതെ 106 റൺസും ഡെസ്മണ്ട് ഹെയ്ൻസ് 47 ഉം റൺസെടുത്തതോടെ 9 വിക്കറ്റിന് ഇന്ത്യയെ വിൻഡീസ് കീഴടക്കി. ആദ്യ ലോകകപ്പിനെത്തിയ കപിൽദേവായിരുന്നു ഏകവിക്കറ്റിനുടമ. ശ്രീലങ്കയോടും ന്യൂസിലാണ്ടിനോടും തോറ്റ് ഒറ്റ മത്സരവും ജയിക്കാതെ ഇന്ത്യ ലോകകപ്പിൽ നിന്ന് പുറത്തായി. ലോകകപ്പ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും മോശം പ്രകടനം ഇതാണ്.

ഗ്രൂപ്പ് ഘട്ടത്തിലെ ശ്രീലങ്കയുമായുള്ള മത്സരം ഉപേക്ഷിക്കപ്പെട്ടെങ്കിലും ഒറ്റമത്സരവും തോൽക്കാതെ വിൻഡീസ് വീണ്ടും ഫൈനലിലെത്തി . സെമിയിൽ പാക്കിസ്ഥാനെ 43 റൺസിന് പരാജയപ്പെടുത്തിയാണ് വിൻഡീസ് തുടർച്ചയായ രണ്ടാം ഫൈനലിന് അർഹത നേടിയത്. ന്യൂസിലാണ്ടിനെ 9 റൺസിന് പരാജയപ്പെടുത്തി ആതിഥേയരായ  ഇംഗ്ലണ്ട് സ്വന്തം നാട്ടിലെ ലോകകപ്പ് ഫൈനലിന് യോഗ്യതനേടി. ഒറ്റമത്സരവും പരാജയപ്പെടാതെയായിരുന്നു ഇംഗ്ലണ്ടിൻറെ ഫൈനൽ പ്രവേശം. ടോസ് നേടി വിൻഡീസിനെ ബാറ്റിങ്ങിനയച്ച ഇംഗ്ലീഷ് ക്യാപ്റ്റൻ മൈക്ക് ബ്രെയർലിയുടെ തീരുമാനം ശരിയെന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു ലോഡ്സിലെ ഫൈനൽ ആരംഭിച്ചത്. 100 തികയ്ക്കുമുമ്പേ വിൻഡീസിൻറെ നാല് വിക്കറ്റുകൾ വീഴ്ത്തി ഇംഗ്ലണ്ട് സ്വന്തം കാണികൾക്ക് മുന്നിൽ ശക്തിതെളിയിച്ചുകൊണ്ടിരിക്കവെ വിവ് റിച്ചാർഡ്സും കോളിസ് കിങും ചേർന്നുള്ള അഞ്ചാം വിക്കറ്റ് പ്രകടനം അക്ഷരാർത്ഥത്തിൽ ഇംഗ്ലണ്ടിനെ വെട്ടിലാക്കി. പുറത്താകാതെ 138 റൺസുമായി വിവും 86 റൺസുമായി കിങും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനം വിൻഡീസ് കപ്പലിനെ തീരത്തെത്തിച്ചു. അവസാനത്തെ നാല് ബാറ്റ്സ്മാൻമാരും റണ്ണൊന്നുമെടുക്കാതെ പുറത്തായെങ്കിലും പൊരുതാനുളള സ്ക്കോർ (286-9) വിൻഡീസ് അതിനോടകം നേടിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഒന്നാം വിക്കറ്റിൽ തന്നെ 129 റൺസ് എടുത്തതോടെ കപ്പ് ഇംഗ്ലണ്ടിനെന്ന് കാണികൾ ഏതാണ്ട് വിധിയെഴുതി തുടങ്ങി. പക്ഷെ വിൻഡീസ് ബൌളർമാരുടെ സംഹാരതാണ്ടവം തുടങ്ങാനിരിക്കുന്നതേയുണ്ടായിരുന്നുള്ളു. മൈക്കൽ ഹോൾഡിങും കോളിൻ ക്രോഫ്റ്റും ജോയൽ ഗാർണറും തീതുപ്പിയതോടെ ഇംഗ്ലണ്ട് 194 ന് എല്ലാവരും പുറത്തായി. ഇംഗ്ലണ്ടിൻറെ ആദ്യ നാല് ബാറ്റർമാർക്ക് മാത്രമേ രണ്ടക്കം കാണാനായുള്ളു. 5 വിക്കറ്റെടുത്ത ജോയൽ ഗാർണറാണ് ഇംഗ്ലണ്ടിൻറെ നടുവൊടിച്ചത്.  വിവ് റിച്ചാർഡ്സ് കളിയിലെ താരമായി. തുടർച്ചയായ രണ്ടാം വട്ടവും വലിയ കണ്ണട ധരിച്ച ക്ലൈവ് ലോയിഡ് ലോഡ്സിൻറെ ഗ്യാലറിയിൽ ലോകകിരീടം ഉയർത്തി.


ഇംഗ്ലണ്ട് 1983

ഇംഗ്ലണ്ടിൽ നടക്കുന്ന അവസാനത്തെ പ്രുഡെൻഷ്യൽ ലോകകപ്പായിരുന്നു 1983 ലേത്. കഴിഞ്ഞ രണ്ട് മത്സരത്തിലേതിനു വിപരീതമായി ആദ്യമത്സരത്തിൽ ഇത്തവണ ഇന്ത്യയില്ലായിരുന്നു. ഇംഗ്ലണ്ടും ന്യൂസിലാണ്ടും തമ്മിലായിരുന്നു ആദ്യത്തെ മത്സരം. ഇംഗ്ലണ്ടിൻറെ മധ്യനിര ബാറ്റർ അലൻ ലാംമ്പിൻറെ സെഞ്ച്വറിയും ന്യൂസിലാണ്ടിൻറെ മാർട്ടിൻ ക്രോയുടെ സെഞ്ച്വറിക്ക് മൂന്ന് റൺസ് അകലെ വെച്ചുള്ള റൺ ഔട്ടുമെല്ലാം കണ്ട മത്സരത്തിൽ ഇംഗ്ലണ്ട് 106 റൺസിനാണ് വിജയിച്ചത്. 

മാഞ്ചസ്റ്ററിൽ നടന്ന നാലാമത്തെ മത്സരത്തിൽ നിന്ന് അത്ഭുതങ്ങളൊന്നും പ്രതീക്ഷിക്കാതെയാണ് കാണികളെത്തിയത്. ലോകകപ്പ് തുടങ്ങിയത് മുതൽ കിരീടം കൈവശം വെച്ചിരിക്കുന്ന വിൻഡീസ് എത്രക്രൂരമായി എതിരാളികളായ ഇന്ത്യയെ കശാപ്പ് ചെയ്യുമെന്നത് മാത്രമായിരുന്നു കാണികളുടെ ഇടയിലെ പന്തയം. കപിൽ ദേവ് എന്ന ഹരിയാന ഹറിക്കെയിനിൻറെ നേതൃത്വത്തിൽ ഇന്ത്യ ടൂർണമെൻറിന് എത്തിയതേ വലിയ കാര്യം എന്നതായിരുന്നു പലരുടേയും മനസിലെ വികാരം.  ടോസ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. എല്ലാം പതിവ് ചടങ്ങുപോലെ ഗവാസ്ക്കറും ശ്രീകാന്തും മൊഹീന്ദറുമെല്ലാം വേഗത്തിൽ തന്നെ ചടങ്ങ് തീർത്ത് കൂടാരം കയറി.  പക്ഷെ സന്ദീപ് പാട്ടീലിനേയും റോജർ ബിന്നിയേയും മദൻ ലാലിനേയും കൂട്ടുപിടിച്ച് യശ്പാൽ ശർമ വിൻഡീസ് ബൌളിങ്ങിനെ നേരിട്ടതോടെ  ഇന്ത്യയുടെ സ്ക്കോർ 262-8 എന്ന നിലയിലായി.  മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് വിജയം ഉറപ്പിച്ചാണ് ബാറ്റ് വീശിയത്. എന്നാൽ രവി ശാസ്ത്രിയും രോജർ ബിന്നിയും വിൻഡീസിൻറെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഇരുവരും ചേർന്ന് ഇന്ത്യക്ക് സ്വപ്നതുല്യമായ തുടക്കമാണ് സമ്മാനിച്ചത്. വാലറ്റത്ത് 37 റൺസ് വീതമെടുത്ത് ആൻഡി റോബർട്സും ജോയൽ ഗാർണറും പൊരുതിയെങ്കിലും 34 റൺസിന് തോൽക്കാനായിരുന്നു ലോകചാമ്പ്യൻമാരുടെ വിധി. 

പിന്നീടിങ്ങോട്ട് കപിലിൻറെ ചെകുത്താൻമാരുടെ അപ്രതീക്ഷിത തേരോട്ടമായിരുന്നു. അടുത്തമത്സരത്തിൽ സിംബാബ്വേയെ 5 വിക്കറ്റിന് തോൽപിച്ച ഇന്ത്യ പക്ഷെ പിന്നാലെ ഓസ്ട്രേലിയയോട് 162 റൺസിനും വിൻഡീസിനോട് 66 റൺസിനും പരാജയം രുചിച്ചു. ഇന്ത്യയുടെ വിജയങ്ങളെല്ലാം ചക്ക് വീണ് മുയൽ ചത്തത് പോലെയെന്ന് ഭാഗ്യത്തിൻറെ കണക്കിൽ എഴുതിചേർക്കാനായിരുന്നു എല്ലാവരും ശ്രമിച്ചത്. പക്ഷെ ജൂൺ 19 ന് നിർണായകമായ മത്സരത്തിൽ സിംബാബ്വേയെ നേരിട്ട ഇന്ത്യ എല്ലാവരുടേയും മുൻവിധികളെ തിരുത്തികുറിച്ചു. കപിൽ എന്ന നായകൻറെ കൈക്കരുത്ത് ലോകം കണ്ട ദിവസമായിരുന്നു അത്. നായകൻ എന്നാൽ കപ്പിത്താൻ തന്നെയാണ് എന്ന് ലോകത്തിന് മുന്നിൽ തെളിയിച്ച പ്രകടനമായിരുന്നു കപിലിൻരേത്. 5 വിക്കറ്റിന് 17 എന്ന നിലയിൽ ഇന്ത്യ മൂക്കും കുത്തി കിടക്കുമ്പോളാണ് കപിൽ ക്രീസിലേക്ക് എത്തുന്നത്. ഇത്രപെട്ടെന്ന് പാഡണിയേണ്ടി വരുമെന്ന് അറിയാതെ കുളിക്കാൻ പോയ കപിൽ കുളിമുറിയിൽ നിന്ന് ഇറങ്ങി ഓടിയാണത്രേ ക്രിസിലെത്തിയത്. കപിൽ ഒരറ്റത്ത് നങ്കൂരമിട്ടപ്പോഴും മറുവശത്ത് വിക്കറ്റുകൾ വീഴുകയായിരുന്നു. 138 പന്തുകൾ നേരിട്ട കപിൽ ഇന്നിങ്സ് അവസാനിക്കുമ്പോൾ 175 റൺസുമായി പുറത്താകാതെ നിൽക്കുകായിരുന്നു. 16 ഫോറുകളും 9 സിക്സറുകളും കപിലിൻറെ ബാറ്റിൽ നിന്ന് പറന്നു. ഇത് മാത്രം നൂറ് റൺസ് തികച്ചുവെന്നതാണ് ആ ഇന്നിംഗ്സിലെ പ്രത്യേകത. ആ പ്രകടനം  അന്ന് ലോകറെക്കോർഡ് ആയിരുന്നുവെന്നുപോലും കപിലിന് ക്രീസിൽ നിൽക്കുമ്പോൾ അറിയില്ലായിരുന്നു. 22 റൺസെടുത്ത റോജർ ബിന്നിയും 17 റൺസെടുത്ത മദൻ ലാലും 24 റൺസുമായി പുറത്താകാതെ നിന്ന ഒമ്പതാമൻ സയ്യദ് കിർമാനിയും മാത്രമാണ് അന്ന് ഇന്ത്യൻ ഇന്നിംഗ്സിൽ രണ്ടക്കം കടന്ന മറ്റ് ബാറ്റർമാർ. മറുപടി ബാറ്റിങ്ങിൽ സിംബാബ്വേ കരുതലോടെ തുടങ്ങിയെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി മദൻ ലാലും റോജർ ബിന്നിയും ഇന്ത്യയെ വിജയതീരത്തെത്തിച്ചു. കെവിൻ കറൻറെ വെടിക്കെട്ട് ഇടയ്ക്ക് ആശങ്ക സൃഷ്ടിച്ചെങ്കിലും ജോൺ ട്രെയിക്കോസിനെ സ്വന്തം പന്തിൽ പിടിച്ച് പുറത്താക്കി കപിൽ തന്നെ ടീമിന് 31 റൺസിൻരെ വിജയം സമ്മാനിച്ചു. മത്സരത്തിൻറെ റെക്കോർഡിങ് അവകാശം സ്വന്തമാക്കിയ ബിബിസിയിലെ സാങ്കേതിക ജീവനക്കാർ അന്ന് സമരത്തിലായതിനാൽ മാത്രം ലോകത്തിന് നേരിട്ട് കാണാനാവാതെ പോയ അന്നത്തെ ആ പ്രകടനം ലോകകപ്പിലെ ആദ്യത്തെ മാൻ ഓഫ് ദ മാച്ച് പുരസ്ക്കാരം കപിലിന് നേടിക്കൊടുത്തു. 

അടുത്ത മത്സരം കൂടി ജയിച്ചാൽ ചരിത്രത്തിലാദ്യമായി സെമിഫൈനലിന് ഇന്ത്യയ്ക്ക് യോഗ്യത ലഭിക്കും. ഇന്ത്യയെ എഴുതിതള്ളിയിരുന്നവരെല്ലാം മാറി ചിന്തിക്കാൻ ഇതിനോടകം തന്നെ തുടങ്ങിയിരുന്നു. ഈ ചെകുത്താൻമാരുടെ സംഘം ചിലതൊക്കെ നടത്തുമെന്ന് അടക്കിപിടിച്ച സ സംസാരം ആരംഭിച്ചു. വാത് വെയ്പുകാർക്കിടയിലും ഇന്ത്യയുടെ പേര് പരിഗണിക്കപ്പെട്ടുതുടങ്ങി.  അലൻ ബോർഡറും ട്രെവർ ചാപ്പലും ജെപ് തോംസണുമെല്ലാമുള്ള ഓസീസായിരുന്നു അടുത്ത എതിരാളി. കഴിഞ്ഞമത്സരത്തിലെ ആവേശത്തിൽ ടോസ് നേടിയ കപിൽ ഷെംസ്ഫോർഡിൽ ബാറ്റിങ് തിരഞ്ഞെടുത്തു. ഗവാസ്ക്കർ നിരാശപ്പെടുത്തിയെങ്കിലും ശ്രീകാന്തും യശ്പൽ ശർമയും സന്ദീപ് പാട്ടീലും കപിലും തങ്ങളുടേതായ മോശമല്ലാത്ത ഇന്നിംഗ്സ് കാഴ്ച്ചവെച്ചു. 55.5 ഓവറിൽ 247 റൺസിന് ഇന്ത്യയെ പുറത്താക്കിയപ്പോൾ വലുതായി വിയർക്കാതെ ജയിക്കാമെന്നായിരുന്നു ഓസീസിൻറെ കണക്കുകൂട്ടൽ. പക്ഷെ 4 വിക്കറ്റ് വീതം വീഴ്ത്തി മദൻ ലാലും റോജർ ബിന്നിയും ഓസീസിൻറെ സ്വപ്നങ്ങൾ എറിഞ്ഞുടച്ചു. റൺസ് നൽകുന്നതിൽ എല്ലാ ബൌളർമാരും പിശുക്കിയപ്പോൾ ഓസീസ് 38.2 ഓവറിൽ 129 റൺസിന് ഓൾ ഔട്ടായി. ചരിത്രത്തിലാദ്യമായി ഇന്ത്യ ഒരു ലോകചാമ്പ്യൻഷിപ്പിൻറെ സെമിയിലേക്ക്. 

സ്വന്തം കാണികൾക്ക് മുന്നിൽ മൂന്നാമത്തെ ലോകകപ്പ് സെമിഫൈനൽ കളിക്കാനിറങ്ങിയ ഇംഗ്ലണ്ട് മാഞ്ചസ്റ്ററിൽ ഇന്ത്യയെ ബൌളിങ്ങിനയച്ചു. ഗ്രേം ഫൌളറും  ക്രിസ് ടവാരെയും ചേർന്ന് മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് നൽകിയത്. ആദ് വിക്കറ്റിൽ 67 റൺസ് ചേർത്താണ് ഇംഗ്ലീഷ് ഓപ്പണർമാർ പിരിഞ്ഞത്. ഇരുവരും അടുത്തടുത്ത് പുറത്തായതോടെ ഇംഗ്ശണ്ട് ബാറ്റിങ്ങിൻരെ താളം തെറ്റി. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ഇന്ത്യൻ ബൌളർമാർ ഇംഗ്ലണ്ടിനെ നിശ്ചിത 60 ഓവറിൽ 213 റൺസിൽ ഒതുക്കി.  11 ഓവറിൽ 35 റൺസിന് 3 വിക്കറ്റ് വീഴ്ത്തി കപിൽ മുന്നിൽ നിന്ന് നയിച്ചപ്പോൾ റോജർ ബിന്നിയും മൊഹീന്ദറും 2 വിക്കറ്റ് വീതം വീഴ്ത്തി.  മറുപടി ബാറ്റിങ്ങിൽ താളം കണ്ടെത്തിയ ഗവാസ്ക്കറും ശ്രീകാന്തും ചേർന്ന് ആദ്യ വിക്കറ്റിൽ 46 റൺസ് ചേർത്തു. ശ്രീകാന്തിൻറേയും ഗവാസ്ക്കറിൻറേയും വിക്കറ്റുകൾ അടുത്തടുത്തായി നഷ്ടമായെങ്കിലും ഇന്ത്യ പതറിയില്ല. മൊഹീന്ദറും യശ്പാലും സന്ദീപ് പാട്ടിലും ചേർന്ന് ഇന്ത്യയെ വിജയതീരത്തെത്തിച്ചു. 54.4 ഓവറിൽ വെറും നാല് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ വിജയലക്ഷ്യം മറികടന്നത്. യശ്പാൽ ശർമ 61 ഉം സന്ദീപ് പാട്ടിൽ പുറത്താകാതെ 51 ഉം റൺസെടുത്തു. പന്തുകൊണ്ടും ബാറ്റ് കൊണ്ടും വിസമായിപ്പിക്കുന്ന പ്രകടനം നടത്തിയ മൊഹീന്ദർ അമർനാഥിൻറെ ഓൾ റൌണ്ട് പ്രകടനത്തിന് സെമിയിലെ താരമായി താരത്തെ തിരഞ്ഞെടുത്തു. 

സാക്ഷ്യം വഹിക്കുന്നത് സ്വപ്നത്തിനാണോ യാഥാർത്ഥ്യത്തിനാണോയെന്ന് ആർക്കും വിശ്വസിക്കാനാവുന്നതായിരുന്നില്ല ഇന്ത്യയുടെ പ്രകടനം. ഫൈനലിൽ എവർ ഫേവറേറ്റുകളായ വിൻഡിസ് തന്നെയാണ് എതിരാളികൾ. ഇന്ത്യയുടെ തേരോട്ടം ജൂൺ 25 ന് ലോഡ്സിൽ അവസാനിക്കുമെന്ന് പ്രവചിക്കാനായിരുന്നു ഏവർക്കും അപ്പോഴും ഇഷ്ടം. എന്നാൽ മറിച്ച് ചിന്തിച്ചവരും ഏറെ. 

ലോഡ്സിലെ തെളിഞ്ഞ ആ ദിനത്തിൽ ഹാട്രിക്ക് വിജയം മാത്രം ലക്ഷ്യം വെച്ചാണ്, ഉറപ്പിച്ചാണ് ക്ലൈവ് ലോയിഡ് ടോസിനായി മൈതാനത്തിൻറെ മധ്യത്തിലേക്ക് നടന്നത്. ടോസ് ലഭിച്ചാലും നഷ്ടപ്പെട്ടാലും എന്ത് ചെയ്യണമെന്ന തന്ത്രം തയ്യാറെന്ന് പൂർണമായും ആ കറുത്തകണ്ണടയ്ക്ക് പിന്നിലെ വലിയ കണ്ണുകൾ വിളിച്ചുപറഞ്ഞിരുന്നു. എന്നാൽ ആത്മവിശ്വാസം ഒട്ടും ചോരാതെ, ഫൈനലിലെത്തിയ തിൻറെ സമ്മർദ്ദമോ അമിത സന്തോഷമോ പ്രതിഫലിപ്പിക്കാതെയായിരുന്നു കപിൽ ദേവിൻറെ വരവ്. ഇവിടെ വരെയെങ്ങനെ എത്തിയോ അതുപോലെ ഇതും കടക്കുമെന്ന നിശ്ചയദാർഢ്യംമാത്രം മുഖത്ത്. 

മൂന്ന് ഫൈനലുകളിൽ അന്നാദ്യമായി ടോസ് നേടിയപ്പോഴും ലോയിഡ് ഫീൽഡിങ് തന്നെ തിരഞ്ഞെടുത്തു. (ആദ്യ രണ്ട് തവണയും ടോസ് നഷ്ടമായി വിൻഡീസ് ഫീൽഡ് ചെയ്യുകയായിരുന്നു).  ആദ്യമത്സരത്തിൽ വിൻഡീസിനെ തോൽപിച്ച ആത്മവിശ്വാസത്തിൽ ഇന്ത്യയും ക്രിക്കറ്റിലെ എക്കാലത്തേയും കരുത്തർ കരീബിയക്കാരുടേതാണ് എന്ന ഉറച്ച വിശ്വാസത്തിൽ തന്നെയാണ് വിൻഡീസും കളത്തിലിറങ്ങിയത്. സ്ക്കോർ ബോർഡ് ചലിക്കാൻ തുടങ്ങുമ്പോഴേ ഗവാസ്ക്കറിനെ പുറത്താക്കി ആൻഡി റോബർട്സ് വിൻഡീസിന് മേൽക്കൈയും ഇന്ത്യക്ക് പ്രഹരവും ഏൽപ്പിച്ചു. എന്നാൽ രണ്ടാം വിക്കറ്റിൽ ശ്രീകാന്തും മൊഹീന്ദർ അമർനാഥും ചേർന്ന് ഇന്ത്യയുടെ ഇന്നിംഗ്സ് മെല്ലെ കെട്ടിപടുത്തു. തീതുപ്പുന്ന വിൻഡീസ് ബൌളർമാരെ ഇരുവരും സമചിത്തതയോടെ നേരിട്ടു. മാൽക്കം മാർഷലിൻറെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടങ്ങി 38 റൺസുമായി ശ്രീകാന്ത് പുറത്താകുമ്പോൾ രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 57 റൺസ് കൂട്ടി ചേർത്തിരുന്നു. പിന്നീട് യശ്പാൽ ശർമയും സന്ദീപ് പാട്ടിലും കപിൽ ദേവും ചേർന്ന് ഇന്ത്യൻ ഇന്നിംഗ്സ് കെട്ടിപടുക്കാൻ ശ്രമിച്ചെങ്കിലും കാര്യമായി സാധിച്ചില്ല. മൊഹീന്ദർ 26ഉം യശ്പാൽ 11 ഉം സന്ദീപ് പാട്ടീൽ 27 ഉം റൺസെടുത്ത് പുറത്തായി. വെറും 8 പന്തുകൾ നേരിട്ട കപിൽ കൂറ്റൻ അടികളോടെ 15 റൺസ് ചേർത്തു. ഫൈനലിലെ ഏറ്റവും ഉയർന്ന സ്ട്രൈക്ക് റേറ്റോടെയാണ് കപിൽ 15 റൺസ് ചേർത്തത്. 187.50 ആയിരുന്നു കപിലിൻറെ സ്ട്രൈക്ക് റേറ്റ്. ഒരുഘട്ടത്തിൽ 6 ന് 111 എന്ന അവസ്ഥയിലായിരുന്ന ഇന്ത്യ വാലറ്റത്ത് മദൻ ലാലും സയ്യിദ് കിർമാനിയും ബൽവിന്ദർ സന്ധുവും കഴിവിൻറെ പരമാവധി പിടിച്ചുനിന്നതോടെ 184 റൺസ് എന്ന വിജയലക്ഷ്യം വിൻഡീസിന് മുന്നിൽ വെച്ചു.  

പേരുകേട്ട വിൻഡിസ് ബാറ്റിങ് നിരയ്ക്ക് പൊരുതാനുള്ള സ്ക്കോറായി ഇത് ആരും കരുതിയില്ല. വിൻഡീസിന് മുന്നാമത്തെ കപ്പ് ഒരു ഈസ് വാക്കോവറായി തന്നെ എല്ലാവരും കണക്കുകൂട്ടി. ഇന്ത്യൻ താരങ്ങളും വളരെ നിരാശയാരുന്നു. എന്നാൽ ഒട്ടും നിരാശപ്പെടാത്ത ഒരാൾ, അയാൾ പറഞ്ഞവാക്കുകൾ ഇന്ത്യൻ ക്യാമ്പിന് ചെറുതായെങ്കിലും പേരാടാനുളള കരുത്ത് പകർന്നുകൊടുത്തു. 

'അടുത്ത് മൂന്ന് മണിക്കൂർ നിങ്ങൾ ആസ്വദിച്ച് കളിക്കുക. അങ്ങനെ ചെയ്യുമ്പോൾ മനസിൽ ഒന്നുമാത്രം ഓർത്താൽ മതി. ആ അസ്വാദനം ജീവിതകാലം മുഴുവനും ഓർത്തുവെക്കാനുള്ള ഒന്നാക്കിമാറ്റിയാലോ എന്ന്. മൂന്ന് മണിക്കൂർ കഴിവിൻറെ പരമാവധി നൽകിയാൽ നിങ്ങൾക്ക് ജീവിതകാലത്തേക്ക് ഓർത്തുവെക്കാനുള്ള ലോകകീരീടം കൂടെ കിട്ടും.'

ഇതായിരുന്നു ആ വാക്കുകൾ. ചെകുത്താൻ കൂട്ടത്തോട് ഇത് പറഞ്ഞത് സാക്ഷാൽ കപ്പിത്താനും. അത് മാത്രമായിരുന്നു വെയിലുറച്ച ലോഡ്സിലെ പുൽമൈതാനിയിലേക്ക് ഒരുമിച്ചിറങ്ങുമ്പോൾ അവരുടെ മനസിൽ മുഴങ്ങിയതും. 

184 റൺസെന്ന ചെറിയ ടോട്ടൽ മറികടക്കാനിറങ്ങിയ വിൻഡീസിനെ തുടക്കത്തിലേ ബൽവിന്ധർ സന്ധു ഞെട്ടിച്ചു. ഗോർഡൺ ഗ്രീനിജ് വെറും ഒരു റൺസിന് ക്ലീൻ ബൌൾഡ്. അടുത്ത ഊഴം മദൻ ലാലിൻറേതായിരുന്നു. 13 റൺസെടുത്ത ഡെസ്മണ്ഡ് ഹെയിൻസിനെ നിലയുറപ്പിക്കും മുമ്പേ റോജർ ബിന്നിയുടെ കൈകളിലെത്തിച്ചു മദൻ. ഇതിനോടകം താണ്ടവമാടാൻ തുടങ്ങിയ വിവ് റിച്ചാർഡ്സ് ഇന്ത്യയെ വീണ്ടും തോൽപിക്കുമെന്ന് തോന്നിച്ച നിമിഷങ്ങൾ. 28 പന്തിൽ നിന്ന് 7 ഫോറുകളോടെ 33 റൺസെടുത്ത്  വെറിയോടെ നിൽക്കുന്ന വിവിൻറെ വിക്കറ്റ്  ഇന്ത്യയ്ക്ക് ഏരെ നിർണായമായിരുന്നു. ആ ബ്രേക്ക് ത്രൂ വൈകാതെ മദന ലാൽ തന്നെ സമ്മാനിച്ചു. പക്ഷെ മദൻറേതിനേക്കാൾ ആ വിക്കറ്റ് കപിലിൻറെയാണ് എന്ന് പറയേണ്ടിയിരിക്കും. കാരണം അത്രമനോഹരവും സാഹസികവുമായാണ് കപിൽ വിവിനെ പുറത്താക്കിയത്. മദൻ ലാലിൻറെ പന്ത് ഉയർത്തിയടിച്ച വിവും കാണികളും പ്രതീക്ഷിച്ചത് അടുത്ത ബൌണ്ടറിയാണ്. കപിൽ ആകാശം നോക്കി പിന്നോട്ട് ഓടുന്നത് വരെ. 

പതിനെട്ട് മീറ്റർ ആകാശത്തേക്ക് മാത്രം നോക്കി കപിൽ പിന്നോട്ട് ഓടിയത് വെറുതെയായില്ല. വിവ് റിച്ചാർഡ്സിനെ അതിമനോഹരമായ ഒരു ക്യാച്ചിലൂടെ കപിൽ പുറത്താക്കിയപ്പോൾ ഇന്ത്യ ചാമ്പ്യൻമാരായ സന്തോഷമായിരുന്നു ആ മുഖത്ത്. പിന്നീട് ലോഡ്സ് കണ്ടത് പേരുകേട്ട കരീബിയന പടയെ ഇന്ത്യ പിച്ചിയെറിയുന്നതാണ്.  വിക്കറ്റ് കീപ്പർ ജെഫ് ഡ്യുയോണും മാൽക്കം മാർഷലും ചെറുത്തുനിൽക്കാൻ ശ്രമിച്ചെങ്കിലും ചെകുത്താൻമാർ അനുവദിച്ചില്ല. 7 ഓവറിൽ വെറും 12 റൺസ് വവങ്ങി 3 വിക്കറ്റ് വീഴ്ത്തി മൊഹീന്ദർ അമർനാഥും ( ഇക്കോണമി 1.71) 12 ഓവറിൽ 31 റൺസിന് 3 വിക്കറ്റ് വീഴ്ത്തി മദൻ ലാലും 2 വിക്കറ്റ് വീഴ്ത്തി സന്ധുവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി കപിലും റോജർ ബിന്നിയും മിന്നിയപ്പോൾ 52 ഓവറിൽ 140 റൺസിന് വിൻഡീസ് പത്തിമടക്കി. തൻറെ 7 ആം ഓവറിലെ അവസാന പന്തിൽ 6 റൺസെടുത്ത മൈക്കൽ ഹോൾഡിങിനെ മൊഹീന്ദർ അമർനാഥ് വിക്കറ്റിന് മുന്നിൽ കുടിക്കിയതോടെ  ഇന്ത്യ ലോകചാമ്പ്യൻമാരായി, ഓൾ റൌണ്ട് പ്രകടനത്തിന് മൊഹീന്ദർ അമർനാഥ് ഫൈനലിൻറെ താരവും.

ലോഡ്സിലെ ബാൽക്കണിയിൽ നിറചിരിയോടെ അവസാനത്തെ പ്രുഡെൻഷ്യൽ കപ്പ് ഉയർത്തിയ കപിൽ ദേവ് എഴുതിയത് ചെകുത്താൻമാരുടെ വീരഗാഥയല്ല. മറിച്ച് ലോകക്രിക്കറ്റിലെ ഇന്ത്യയുടെ ജാതകം തന്നെയായിരുന്നു. വിവിൻരെ ക്യാച്ചെടുത്ത ആ കൈകൾ ഫുട്ബോളിൽ മറഡോണയുടെ ദൈവത്തിൻറെ കൈകളെന്ന പോലെ ക്രിക്കറ്റിലെ ദൈവത്തിൻറെ കൈ ആയി ഇന്ത്യക്കാർക്ക് കപിലിൻറേത്. 

രസം കൊല്ലികളെന്ന് എഴുതിതള്ളിയ, നനഞ്ഞ പട്ടികളെന്ന് പരിഹസിക്കപ്പെട്ട, വഴിമുടക്കുന്ന ചെകുത്താൻമാരെന്ന് പുച്ഛിച്ച എല്ലാവർക്കുമുള്ള മറുപടിയായിരുന്നു ആ കിരീടം. ഒന്നം നഷ്ടപെടാനില്ലാത്തവന്  നേടാൻ പലതുമുണ്ടെന്ന് ലോകത്തെ പഠിപ്പിക്കുകയായിരുന്നു കപിലിൻറെ ചെകുത്താൻ സംഘം ഇംഗ്ലണ്ടിൽ. നൂറുകോടിയുടെ  ഭാവിയുടെ പ്രതീക്ഷകളും സ്വപ്നങ്ങളും നിറച്ച കപ്പുമായാണ് ലോഡ്സിൽ നിന്ന് കപിലും സംഘവും മടങ്ങിയത്. 


ഇന്ത്യ - പാക്കിസ്ഥാൻ 1987 

ഇംഗ്ല്ണ്ടിന് പുറത്ത് അരങ്ങേറിയ ആദ്യത്തെ ലോകകപ്പായിരുന്നു 1987 ലേത്. ഇന്ത്യയും പാകിസ്ഥാനും സംയുക്തമായി ആതിഥേയത്വം വഹിച്ചു. 60 ഓവറിൽ നിന്ന് 50 ഓവറിലേക്ക് ഏകദിന ലോകകപ്പ് മാറിയതും ഈ എഡിഷനിലാണ്. അങ്ങനെ നിരവധി പ്രത്യേകതകളുമായാണ് 87 ലെ ലോകകപ്പ് എത്തിയത്. ഇംഗ്ലണ്ടിലെ വേനൽകാലത്തേക്കാൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പകൽ വെളിച്ചത്തിൻറെ ദൈർഘ്യം കുറവാണ് എന്നതാണ് ഓവറുകൾ കുറയ്ക്കാനുള്ള ഒരു പ്രധാനകാരണം.  

നിലവിലെ ചാമ്പ്യൻമാരെന്ന പ്രൌഡിയോടെയാണ് ഇന്ത്യ ലോകകപ്പിന് ആതിഥേയത്വം വഹിച്ചത്. ലോകകപ്പിൽ നിർത്തിയേടത്ത് നിന്ന് തുടങ്ങിയ ഇന്ത്യയ്ക്ക് പക്ഷെ ആദ്യത്തെ മത്സരത്തിൽ അടിതെറ്റി. ഓസ്ട്രേലിയയോട് 1 റൺസിന് തോറ്റു. പക്ഷെ പിന്നീടങ്ങോട്ട് ലോകചാമ്പ്യൻമാരുടെ കളി തന്നെ ഇന്ത്യ പുറത്തെടുത്തു.  നവ്ജോത് സിങ് സിദ്ദു, മുഹ്ഹമദ് അസറുദ്ദീൻ, മനോജ് പ്രഭാകർ എന്നീ താരോദയത്തിന് സാക്ഷ്യം വഹിച്ച ലോകക്കാപ്പിയിരുന്നു ഇന്ത്യക്ക് 87 ലേത്. ഗവാസ്ക്കർ ആദ്യമായി ലോകകപ്പ് മത്സരത്തിൽ സെഞ്ച്വരി നേടിയതും ലോകകപ്പിലെ ആദ്യത്തെ ഹാട്രിക്ക് പിറന്നതും ഇതേ ലോകകപ്പിൽ. നാഗ്പൂരിൽ ന്യൂസിലാണ്ടിനെതരെ നടന്ന മത്സരത്തിലായിരുന്നു ഇത് രണ്ടും സംഭവിച്ചത്. ചേതൻ ശർമയായിരുന്നു ആദ്യത്തെ ഹാട്രിക്ക് വിക്കറ്റ് സ്വന്തമാക്കിയത്. ഇരുവരും കളിയുടെ താരങ്ങളായി. രണ്ട് താരങ്ങളെ ഒരുമിച്ച് മാൻ ഓഫ് ദ മാച്ചായി തിരഞ്ഞെടുത്തുവെന്ന അപൂർവ്വതയും ആ മത്സരത്തിനുണ്ട്.  തുടർച്ചയായ രണ്ടാം ലോകകപ്പിലും ഇന്ത്യയെ നയിച്ച കപിൽ ദേവ് ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങി. തുടർച്ചയായ രണ്ടാം തവണയും സെമിയിൽ ഇന്ത്യയും ഇംഗ്ലണ്ടും പരസ്പരം കോർത്തപ്പോൾ പക്ഷെ ഇംഗ്ലണ്ട് കഴിഞ്ഞ സെമിയിലെ പരാജയത്തിൻറെ കണക്ക് തീർത്തു. ഗ്രഹാം ഗൂച്ചിൻറെ സെഞ്ച്വറിയും മൈക്ക് ഗാറ്റിങ്ങിൻരെ ഫിഫ്ടിയുമായി ഇംഗ്ലണ്ട് ഉയർത്തിയ 255 ൻറെ വിജയലക്ഷ്യം പക്ഷെ ഇന്ത്യക്ക് മറികടക്കാനായില്ല. ശ്രീകാന്തും സിദ്ദുവും അസറുദ്ദീനും ചന്ദ്രകാന്ത് പണ്ഡിറ്റും കപിലും രവിശാസ്ത്രിയും പൊരുതിയെങ്കിലും വിജയിക്കാനത് മതിയാകുമായിരുന്നില്ല. ഒടുവിൽ നാലര ഓവർ ബാക്കി നിൽക്കെ ഇന്ത്യ 35 റൺസിൻരെ പരാജയം വഴങ്ങി. 

സെമിയിൽ മറ്റൊരു ആതിഥേയരായ പാക്കിസ്ഥാനെ കീഴടക്കിയെത്തിയ ഓസ്ട്രേലിയയും ഫൈനലിലെത്തി. 18 റൺസിനായിരുന്നു ഓസീസിൻറെ വിജയം. 5 വിക്കറ്റ് വീഴ്ത്തിയ ക്രെയിഗ് മക്ഡർമോട്ടായിരുന്നു പാക്കിസ്ഥാൻറെ അന്തകൻ. ഏകദിനമത്സരത്തിൻറെ എല്ലാവിധ ആവോശവും മറ്റൊരു ഫൈനലിനാണ് കൊൽക്കത്തയിലെ ഈഡൻഗാർഡൻസ് സാക്ഷ്യം വഹിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഉയർത്തിയ 254 ൻറെ വിജയലക്ഷ്യത്തിന് വെറും 7 റൺസ് അകലെ ഇംഗ്ലണ്ട് വീണു. അന്നുവരേയുള്ള ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ചെറിയ സ്ക്കോറിലുള്ള ഫൈനലിലെ തോൽവി. ഓസീസ് ആദ്യത്തെ ലോകകിരീടം സ്വന്തമാക്കിയപ്പോൾ രണ്ടാമത്തും ഫൈനലിൽ തോൽക്കാനായിരുന്നു ഇംഗ്ലണ്ടിൻറെ വിധി.


ഓസ്ട്രേലിയ - ന്യൂസിലാൻറ് 1992 

ഈ ലോകകപ്പിലാണ് ആദ്യമായി ടീമുകൾ കളർ ജേഴ്സി അണിഞ്ഞ് മത്സരിച്ചത്. ചുുവന്ന പന്തിനു പകരം വെള്ള പന്തുകൾ ഉപയോഗിക്കാൻ തുടങ്ങിയതും ഫീൽഡിങ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും 92 ലാണ്. ഡേ നൈറ്റ് മത്സരങ്ങൾ ആദ്യമായി ലോകകപ്പിൽ അവതരിപ്പിച്ചതും ഓസ്ട്രേലിയയും ന്യൂസിലാൻറും ചേർന്ന് നടത്തിയ ഈ ലോകകപ്പിലാണ്. 

വർണവിവേചനത്തിൻരെ പേരിൽ മാറ്റി നിർത്തപ്പെട്ട ദക്ഷിണാഫ്രിക്കയെ ആദ്യമായി ലോകകപ്പിൽ ഉൾപ്പെടുത്തിയെന്നതാണ്  അഞ്ചാമത്തെ ലോകകപ്പിൻറെ സവിശേഷത. 9 ടീമുകളാണ് ഈ ലോകകപ്പിൽ മത്സരിക്കാനിറങ്ങിയത്. കപിൽ ദേവിന് പകരം അസ്ഹറുദ്ദീനെ നായകനാക്കിയാണ് ഇന്ത്യ ലോകകപ്പിനെത്തിയത്. സച്ചിൻ ടെണ്ടുൽക്കറിൻറെ ആദ്യത്തെ ലോകകപ്പ് മത്സരവും 92 ലേത് തന്നെ. ഇംഗ്ലണ്ടുമായി ആദ്യമത്സരത്തിൽ തന്നെ തോറ്റ് തുടങ്ങിയ ഇന്ത്യ ആകെ രണ്ട് മത്സരം മാത്രമാണ് വിജയിച്ചത്. ചിരവൈരികളായ പാക്കിസ്ഥാനെ 43 റൺസിന് പരാജയപ്പെടുത്തിയതും മഴയെ തുടർന്ന് വിജയലക്ഷ്യം പുനക്രമീകരിക്കപ്പെട്ട മത്സരത്തിൽ സിംബാബ്വെയെ 55 റൺസിന് പരാജയപ്പെടുത്തിയതും മാത്രമൊതുങ്ങി മുൻ ചാമ്പ്യൻമാരുടെ നേട്ടം. ശ്രീലങ്കയുമായുള്ള മത്സരം ഉപേക്ഷിക്കപ്പെട്ടതോടെ ലഭിച്ച ഒരു പോയൻറുമടക്കം മൊത്തം 5 പോയൻറുമായി ഇന്ത്യ പോയൻറ് പട്ടികയിൽ 7 ആം സ്ഥാനത്തായിരുന്നു. 

ഇന്ത്യയെ പോലെ തന്നെ ആദ്യമത്സരത്തിൽ തോറ്റാണ് പാക്കിസ്താനും ലോകകപ്പ് ആരംഭിച്ചത്. ഇന്ത്യയോട് ഗ്രൂപ്പ് ഘട്ടത്തിൽ പരാജയപ്പെട്ടെങ്കിലും പിന്നീട് അങ്ങോട്ട് വർദ്ധിത വീര്യത്തോടെ പോരാടുന്ന പച്ചപടയെയാണ് ലോകകപ്പ് കണ്ടത്. ഇമ്രാൻ ഖാനു കീഴിൽ വസിം അക്രവും ആക്വിബ് ജാവേദും റമീസ് രാജയും ഇൻസമാം ഉൾഹഖും ജാവേദ് മിയാൻദാദുമെല്ലാം തങ്ങളുടെ കരിയരിലെ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുത്തപ്പോൾ പച്ചപടയുടെ തേരോട്ടം അവസാനിച്ചത് കിരീടം ചൂടിയാണ്. സെമിയിൽ മാർട്ടിൻ ക്രോയുടെ ന്യൂസിലാൻറിനെ 4 വിക്കറ്റിന് തകർത്തെത്തിയ പാക്കിസ്താൻ ഫൈനലിൽ ഇംഗ്ലണ്ടിനെ 22 റൺസിനാണ് മറികടന്നത്. വസിം അക്രത്തിൻറെ മിന്നുന്ന ഓൾ റൌണ്ട് പ്രകടനമാണ് പാക്കിസ്ഥാനെ വിജയികളാക്കിയത്. മുന്ന് വിക്കറ്റ് പിഴുത അക്രം 18 പന്തിൽ നിന്ന് 33 റൺസെടുത്തും പാക്ക് വിജയത്തിൻറെ കുന്തമുനയായി. ഇമ്രാൻ ഖാൻറേയും ജാവേദ് മിയാൻദാദിൻറേയും അർദ്ധ സെഞ്ച്വറിയുടെ  പിൻബലത്തിൽ പാക്കിസ്ഥാൻ നേടിയ 250 വിജയലക്ഷ്യം മറികടക്കാൻ ഇംഗ്ലണ്ടിനായില്ല. ഇംഗ്ലണ്ട് നിരയിൽ മധ്യനിര ബാറ്റർ നീൽ ഫെയർബ്രദറും ഗ്രഹാം ഗുച്ചും അലൻ ലാമ്പുമല്ലാതെ മറ്റാരും ഒന്നു പൊരുതിയത് പോലുമില്ല. 


ഇന്ത്യ- പാക്കിസ്ഥാൻ- ശ്രീലങ്ക 1996

ഇന്ത്യയും പാകിസ്ഥാനും ശ്രീലങ്കയും സംയുക്തമായാണ് 96 ലെ ലോകകപ്പിന് ആതിഥേയത്വം വഹിച്ചത്.ലോകകപ്പ് കിരീടം നേടാൻ ഏറെ സാധ്യതയുള്ള ടീമായി  ഇന്ത്യയെ  എല്ലാവരും വിധിയെഴുതിയ ലോകകപ്പ്. സച്ചിനും അസറും കാംബ്ലിയും കുംബൈയുമെല്ലാം അവരുടെ പ്രകടനത്തിൻറെ പാരമ്യത്തിലുള്ളപ്പോൾ മറ്റൊരു ഫേവറിറ്റുകളെ വാതുവെപ്പുകാർക്കും ചൂണ്ടിക്കാട്ടാനുണ്ടായിരുന്നില്ല. സ്വന്തം നാട്ടിലാണ് ടൂർണമെൻറ് എന്നത് ഇന്ത്യയുടെ സാധ്യതകളും ഉയർത്തി.

സുരക്ഷാ പ്രശ്നം ചൂണ്ടികാട്ടി ഒരു ടീം മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുന്നതിനും 96 ലെ ലോകകപ്പ് സാക്ഷ്യം വഹിച്ചു. ശ്രീലങ്കയുമായി കൊളംബോയിൽ നടക്കേണ്ടിയിരുന്ന മത്സരം ഓസ്ട്രേലിയയാണ് സുരക്ഷാകാരണങ്ങളാൽ ബഹിഷ്ക്കരിച്ചത്. മത്സരദിവസം മുംബൈയിൽ തങ്ങിയ ഓസീസ് ടീം അങ്ങനെ ശ്രീലങ്കയ്ക്ക് ആദ്യത്തെ വാക്കോവർ സമ്മാനിച്ചു. അതൊരു തുടക്കമായിരുന്നു, ശ്രീലങ്കയ്ക്ക്. 

ഏകദിനത്തിലാദ്യമായി ഫിൽഡിങ് നിയന്ത്രണമുള്ള ആദ്യ പതിനഞ്ച് ഓവറിൽ സ്ക്കോർ നൂറുകടത്തുകയെന്ന പത്ത് തലയുടെ തന്ത്രം ശ്രീലങ്ക അവതരിപ്പിച്ചത് ഈ ലോകകപ്പിലാണ്. ഓരോ പന്തിലും റൺസെന്ന ദക്ഷിണാഫ്രിക്കൻ തന്ത്രത്തേക്കാൾ ഏറ്റവും അപകടകാരിയായിരുന്നു ശ്രീലങ്കയുടെ ഈ തന്ത്രം. വമ്പനടിക്കാർ ക്രിക്കറ്റിലേക്ക് കടന്നുവന്നതും ഈ ലോകകപ്പിലൂടെയാണ് എന്ന് പറയാം. സനത് ജയസൂര്യയെന്ന താരത്തിൻറെ ഉദയം തന്നെയാണ് ഈ ലോകകപ്പിലെ വലിയ പ്രത്യേകത. ജയസൂര്യയും കലുവിതാരണയും ചേർന്ന് ആദ്യ പതിനഞ്ച് ഓവറിൽ നടത്തിയ വെടിക്കെട്ട് ലോകകപ്പിൽ എതിരാളികളുടെയെല്ലാം ആത്മവിശ്വാസം തല്ലികെടുത്തുന്നതായിരുന്നു. ഈ തന്ത്രം തന്നെയാണ് ശ്രീലങ്കയുടെ മുന്നോട്ടുള്ള പ്രയാണത്തിന് വേഗം പകർന്നതും. 

ഒറ്റമത്സരം പോലും പരാജയപ്പെടാതെ ലങ്ക സെമിയും ഫൈനലും താണ്ടി കപ്പുയർത്തുന്നതിന് മുമ്പ് കണ്ണീരിനും കയ്യാങ്കളിക്കുമെല്ലാം 96 ലെ ലോകകപ്പ് സാക്ഷ്യം  വഹിച്ചു. സച്ചിൻറെ മാസ്മരിക ബാറ്റിങ്ങിനിടെയിലും ഓസ്ട്രേലിയയോടും ശ്രീലങ്കയോടും തോറ്റാണ് ഇന്ത്യ സെമിയിലെത്തിയത്. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലെ ആദ്യ സെമിയിൽ ശ്രീലങ്കയെ നേരിടാനിറങ്ങുമ്പോൾ മറ്റൊരു ഫൈനൽ പ്രവേശനമായിരുന്നു ഇന്ത്യ കരുതിയത്. എന്നാൽ ടോസ് നേടി ശ്രീലങ്കയെ ബാറ്റിങ്ങിനയക്കാനായിരുന്നു മുഹമ്മദ് അസറുദ്ദീൻറെ തീരുമാനം. കൂറ്റനടിക്കാരായ കലുവിതാരണയേയും ജയസൂര്യയേയും സ്കോർ ബോർഡിൽ ഒരു റൺമാത്രമുള്ളപ്പോൾ കൂടാരം കയറ്റി ജവഗൽ ശ്രീനാഥ് ഇന്ത്യക്ക് പ്രതീക്ഷ നൽകി. പക്ഷെ അരവിന്ദ ഡിസൽവയും അർജുന രണതുംഗെയും റോഷൻ മഹാനാമയും ഹഷന തിലകരത്നെയും ചേർന്ന് ലങ്കയെ കരകയറ്റി.  ശ്രീലങ്ക ഉയർത്തിയ 252 റൺസിൻറെവിജയലക്ഷ്യം എലുപ്പമെന്ന് തോന്നിയെങ്കിലും പക്ഷെ ഇന്ത്യക്ക് മറികടക്കാനായില്ല. സച്ചിൻറെ അർദ്ധ സെഞ്ച്വറിക്കപ്പുറം കാര്യമായി ഒന്നും തന്നെ ഇന്ത്യയ്ക്ക് നേടാനായില്ല. ബാറ്റകൊണ്ട് ഞെട്ടിക്കാനാവാതെ പോയ ജയസൂര്യ തൻറെ ലെഗ് സ്പിന്നുകൊണ്ട് ഇന്ത്യയെ വട്ടം ചുറ്റിച്ചു. 7 ഓവറിൽ 12 റൺസിന് വിലപ്പെട്ട 3 വിക്കറ്റുകളാണ് ജയസൂര്യ വീഴ്ത്തിയത്. സച്ചിനും ജഡേജയും മഞ്ജരേക്കറിനേയും ജയസൂര്യ പുറത്താക്കിയപ്പോൾ ഇന്ത്യ 34 ഓവറിൽ 8 വിക്കറ്റിന് 120 എന്ന നിലയിലായി. പത്ത് റൺസമുായി വിനോദ് കാംബ്ലിയും റണ്ണൊന്നുമെടുക്കാതെ അനിൽ കുംബ്ലേയും ക്രീസിൽ നിൽക്കുമ്പോൾ നിരാശപൂണ്ട കാണികൾ സ്റ്റേഡിയത്തിൽ അക്രമം അവിച്ചുവിട്ടു. സ്റ്റേഡിയത്തിൻറെ ഒരുവശത്ത് തീയിട്ട കാണികളെ ശാന്തരാക്കാൻ ശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. കരഞ്ഞ്കൊണ്ട് ഈഡൻ ഗാർഡൻസിൻരെ പവലിയനിലേക്ക് നടന്നുപോയ വിനോദ് കാംബ്ലി ഇന്ത്യൻ ക്രിക്കറ്റിൻറെ വേദനയായി. ശ്രീലങ്കയെ വിജയികളായി പ്രഖ്യാപിച്ച് മത്സരം ഉപേക്ഷിച്ചു. ചരിത്രത്തിലാദ്യമായി ശ്രീലങ്ക ലോകകപ്പ് ഫൈനലിലേക്ക്. 

ലാഹോറിലെ ഫൈനലിൽ മുൻ ചാമ്പ്യനമാരായ ഓസ്ട്രേലിയയായിരുന്നു ലങ്കയുടെ എതിരാളികൾ. ലീഗ് മത്സരത്തിൽ ശ്രീലങ്കയുമായുള്ള മത്സരം ബഹിഷ്ക്കരിച്ച ഓസ്ട്രേലിയ വെസ്റ്റ് ഇൻഡീസിനോട് മാത്രമായിരുന്നു ഗ്രൂപ്പ് മത്സരങ്ങളിൽ തോറ്റിരുന്നുള്ളു. സെമിയിൽ അതേ വിൻഡീസിനെ 5 റൺസിന് പരാജയപ്പെടുത്തിയാണ് ഓസീസ് ലാഹോറിലേക്ക് ടിക്കറ്റെടുത്തത്. ഫൈനലിൽ ടോസ് നേടി ഫീൽഡിഹ് തിരഞ്ഞെടുത്ത ശ്രീലങ്ക ഓസീസിനെ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റിന് 241 എന്ന സ്ക്കോറിൽ പിടിച്ചുകെട്ടി. സെമിയിലേത് പോലെ ഓപ്പണർമാരായ ജയസൂര്യയും കലുവിതാരണയും പരാജയപ്പെട്ടെങ്കിലും അരവിന്ദ ഡിസൽവെയുടെ സെഞ്ച്വറിയും അശാങ്ക ഗുരുസിൻഹയുടെ അർദ്ധസെഞ്ച്വരിയും പുറത്താകാതെ 47 റൺസെടുത്ത നായകൻ അർജ്ജുന രണതുങ്കെയും ദ്വീപിലേക്ക് ആദ്യത്തെ ലോകകിരീടം കൊണ്ടുപോയി. 


ഇംഗ്ലണ്ട്  1999

ഇംഗ്ലണ്ടിനൊപ്പം ചേർന്ന്  നെതർലണ്ട്സും വെയിൽസും സ്ക്കോട്ടലൻറും അയർലൻറും സംയുക്തമായി നടത്തിയ ലോകകപ്പാണ് 1999 ലേത്. 12 ടീമുകൾ മാറ്റുരച്ച ടൂർണമെൻറിൽ സൂപ്പർ സിക്സ് മാതൃകയിലായിരുന്നു രണ്ടാംഘട്ടം. സൂപ്പർ സിക്സിൽ ആദ്യ നാല് സ്ഥാനത്തെത്തുന്ന ടീമുകൾ സെമിയിൽ പ്രവേശിക്കും. വാശിയേറിയ മത്സരങ്ങളാണ് ടൂർണമെൻറിലുടനീളം നടന്നത്.  ഇന്ത്യയുടെ മോശം പ്രകടനത്തിനാണ് സൂപ്പർ സിക്സ് വേദിയായത്. സൂപ്പർ സിക്സിലെ 5 മത്സരങ്ങളിൽ ഒരെണ്ണം മാത്രം വിജയിച്ച ഇന്ത്യ 5 പോയൻറുള്ള സിംബാബ്വേയ്ക്കും പിന്നിൽ 2 പോയൻറുമായി അവസാനമായി. പാക്കിസ്ഥാനും ഓസീസും ദക്ഷിണാഫ്രിക്കയും റൺ ശരാശരിയിൽ സിംബാബ്വേയെ പിന്തള്ളി ന്യൂസിലാൻറും സെമിയിലേക്ക് പ്രവേശിച്ചു. 

ഓസീസും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാമത്തെ സെമിഫൈനൽ മത്സരം ലോകകപ്പിലെ എക്കാലത്തേയും മികച്ച സെമിപോരാട്ടമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസീസിൻരെ 213 പിന്തുടർന്ന ദക്ഷിണാഫ്രിക്ക ലാൻസ് ക്ലൂസ്നറുടെ മാരകപ്രഹരത്തിലൂടെ വിജയിക്കുമെന്ന് ഉറപ്പിച്ച നിമിഷങ്ങൾ.  പക്ഷെ  ദക്ഷിണാഫ്രിക്കൻ സ്ക്കോർ 213 ലെത്തി ടൈയിൽ നിൽക്കവെ,അവസാന ഓവറിലെ നാലമത്തെ പന്തിൽ അലൻ ഡൊണാൾഡ് റൺഔട്ടായതോടെ പൊലിഞ്ഞത് ദക്ഷിണാഫ്രിക്കയുടെ ഫൈനൽ സ്വപ്നമാണ്. സൂപ്പർ സിക്സിലെ പ്രകടനത്തിൻറെ അടിസ്ഥാനത്തിൽ ഓസ്ട്രേലിയ ഫൈനലിലേക്ക്. ലോകകപ്പിലെ എക്കാലത്തേയും നിർഭാഗ്യരായ ടീമെന്ന അപഖ്യാതി നിലനിർത്തി ദക്ഷിണാഫ്രിക്ക പുറത്തേക്ക്. 

കലാശപോരാട്ടത്തിൽ സൂപ്പർ സിക്സിൽ ഒന്നാമതെത്തിയ പാക്കിസ്ഥാനായിരുന്നു ഓസ്ട്രേലിയയുടെ എതിരാളി. ന്യൂസിലാണ്ടിനെ 9 വിക്കറ്റിന് തോൽപ്പിച്ചാണ് പാക്കിസ്ഥാൻ ഫൈനലിനെത്തിയത്. ഷെയിൻ വോൺ എന്ന ലെജൻറിൻറെ മികച്ച പ്രകടനത്തിനാണ് ലോഡ്സിലെ ഫൈനൽ സാക്ഷ്യം വഹിച്ചത്. 9 ഓവർ എറിഞ്ഞ വോൺ വീഴ്ത്തിയത് 4 വിക്കറ്റുകൾ, വഴങ്ങിയത് വെറും 33 റൺസ്. മഗ്രാത്തും ടോം മൂഡിയും പോൾ റെയ്ഫലുമെല്ലാം കണിശതയോടെ എറിഞ്ഞപ്പോൾ 39 ഓവറിൽ 132 റൺസിന് പാക്കിസ്ഥാൻ പുറത്തായി. മാർക്ക് വോയും ആഡം ഗിൽക്രിസ്റ്റും പോണ്ടിങ്ങുമെല്ലാം നിരക്കുന്ന പേരുകേട്ട ഓസീസ് ബാറ്റിങ നിരയ്ക്ക് പൊരുതാനുള്ള സ്ക്കോർപോലും പാക്കിസ്ഥാന് മുന്നോട്ട് വെക്കാനായില്ല. മാർക്ക് വോയുമായി ചേർന്ന് ഒന്നാം വിക്കറ്റിൽ 75 റൺസ് ചേർത്ത്, 36 പന്തിൽ നിന്ന് 54 റൺസുമായി ഗിൽ ക്രിസ്റ്റ് പുറത്താകുമ്പോൾ തന്നെ ഓസീസ് വിജയം കൈപിടിയിൽ ഒതുക്കിയിരുന്നു. പിന്നാലെ വന്ന പോണ്ടിങ്ങിനും ഡാരൻ ലഹ്മാനും പിന്നെ ചടങ്ങ് തീർക്കുക എന്നത് മാത്രമേയുണ്ടായിരുനുള്ളു. 20.1 ഓവറിൽ ഗില്ലിയുടേയും പോണ്ടിങ്ങിൻറേയും വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ഓസട്രേലിയ രണ്ടാമത്തെ ലോക കിരീടത്തിൽ മുത്തമിട്ടു. 

ലോകക്രിക്കറ്റിൽ ഓസീസിൻറെ കുതിപ്പിന് ചെറിയൊരു തുടക്കം മാത്രമായിരുന്നു അത്.


ദക്ഷിണാഫ്രിക്ക 2003

 കെനിയയ്ക്കും സിംബാബ്വേയ്ക്കും ഒപ്പം ചേർന്ന് ദക്ഷിണാഫ്രിക്ക ആയിരുന്നു ഈ മില്ലേനിയത്തിലെ ആദ്യത്തെ ലോകകപ്പിന് ആതിഥേയത്വം വഹിച്ചത്. ഇന്ത്യയുടെ തിരിച്ചുവരവിനൊപ്പം തന്നെ വമ്പൻ അട്ടിമറികൾക്കും സാക്ഷ്യം വഹിച്ച ലോകകപ്പാണ് 2003 ലേത്. സൂപ്പർ സികസ് മാതൃക തന്നെ പിന്തുടർന്ന ദക്ഷിണാഫ്രിക്കയിൽ കെനിയൻ കരുത്താണ് എല്ലാവരേയും ഞെട്ടിച്ചത്. ആദ്യ റൌണ്ടിൽ ശ്രീലങ്കയേയും ബംഗ്ലാദേശിനേയും സിംബാബ്വേയേയും പരാജയപ്പെടുത്തിയാണ് കെനിയ സൂപ്പർ സിക്സിലെത്തിയത്. നെയ്റോബിയിൽ കെനിയക്കെതിരെയുള്ള മത്സരം ന്യൂസിലാൻറ് സുരക്ഷാകാരണങ്ങളാ. ബഹിഷ്ക്കരിച്ചതും കെനിയക്ക് നേട്ടമായി. സൂപ്പ്ർ സിക്സിൽ ശ്രീലങ്കയ്ക്ക് മുകളിൽ മൂന്നാം സ്ഥാനക്കാരായാണ് കെനിയ സെമിഫൈനൽ യോഗ്യത നേടിയത്. ഇന്ത്യയുമായുള്ള രണ്ടാം സെമിഫൈനലിൽ 91 റൺസിനാണ് കെനിയ തോറ്റത്. നായകൻ സൌരവ് ഗാംഗ്ുലിയുടെ സെഞ്ചറി കരുത്തിൽ ഇന്ത്യ പടുത്തുയർത്തിയ 271 റൺസ് മറികടക്കാൻ ആഫ്രിക്കൻ കരുത്തിനായില്ല, ക്യാപ്റ്റൻ സ്റ്റീവ് ടിക്കോളോയും വാലറ്റത്ത് കോളിൻസ് ഒബുയയും പൊരുതിയെങ്കിലും സഹീർ ഖാൻറേയും ആശിഷ് നെഹ്റയുടേയും ശ്രീനാഥിൻറേയും വേഗത്തിന് മുന്നിൽ പിടിച്ചുനിൽക്കാൻ അവർക്കായില്ല.  

ഒറ്റമത്സരവും പരാജയപ്പെടാതെയാണ് ഓസ്ട്രേലിയ തുടർച്ചയായ മറ്റൊരു ഫൈനൽ കലിക്കാനെത്തിയത്. ശ്രീലങ്കയെ മഴനിയമപ്രകാരം 48 റൺസിനാണ് ഓസീസ് സെമിയിൽ കീഴടക്കിയത്. ജോഹനാസ് ബർഗിലെ ഫൈനലിൽ ഓസീസിനെ ബാറ്റിങ്ങിനയച്ച ഗാംഗുലയുടെ തീരുമാനം പാളി. ക്യാപ്റ്റൻ പോണ്ടിങ്ങും ഗിൽക്രിസ്റ്റും ഡാമിയൻ മാർട്ടിനും അടിച്ച് കയറിയപ്പോൾ ഓസീസ് സ്ക്കോർ 50 ഓവറിൽ 2 വിക്കറ്റിന് 359 റൺസായി. 140 റൺസുമായി പോണ്ടിങ് പുറത്താകാതെ നിന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് പക്ഷെ 39.2 ഓവറിൽ 234 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു. 82 റൺസെടുത്ത സേവാഗിനും 47 റൺസെടുത്ത ദ്രാവിഡിനുമല്ലാതെ കാര്യമായ സംഭാവനകൾ നൽകാൻ മറ്റാർക്കുമായില്ല. ഫലം തുടർച്ചയായ രണ്ടാം കിരീടവവുമായി ഏറ്റവുമധികം ലോകകപ്പ് നേടിയ ടീംഎന്ന റെക്കോർഡ് ഓസീസ് സ്വന്തമാക്കി.


വെസ്റ്റ് ഇൻഡീസ്  2007 

വിൻഡീസ് ദ്വീപുകളായിരുന്നു 2007 ലോകകപ്പ് മാമാങ്കത്തിന് വേദിയായത്. 16 ടീമുകൾ 4 ഗ്രൂപ്പുകലായി തിരിഞ്ഞായിരുന്നു ആദ്യ റൌണ്ട് മത്സരം. സൂപ്പർ 8 ലെ ആദ്യ നാല് ടീമുകൾ സെമിയോഗ്യത നേടുന്നതായിരുന്നു രണ്ടാം റൌണ്ടിലെ മത്സരരീതി. 

ബർമുഡയോട് മാത്രം വിജയിച്ച് ആദ്യറൌണ്ടിൽ തന്നെ ഇന്ത്യ പുറത്തായി. 5 ന് 413 എന്ന കൂറ്റൻ സ്ക്കോർ നേടി 256 റൺസിന് ബർമുഡയെന്ന കുഞ്ഞൻ ടീമിനെ തോൽപിച്ച ഇന്ത്യയെ ആദ്യമത്സരത്തിൽ 5 വിക്കറ്റിന് ബംഗ്ലാദേശും 69 റൺസിന് ശ്രീലങ്കയും തോൽപിച്ചു. 

ഒറ്റമത്സരവും തോൽക്കാതെ തുടർച്ചയായ മൂന്നാമത്തെ ലോകകപ്പിലും ഓസ്ട്രേലിയ രെക്കോർഡിട്ടു. ദക്ഷിണാഫ്രിക്കയെ ഒരിക്കൽ കൂടി സെമിയിൽ പരാജയപ്പെടുത്തി തുടർച്ചയായ നാലാമത്തെ ഫൈനലിനും ഓസ്ട്രേലിയ യോഗ്യത നേടി. ഫൈനലിൽ ശ്രീലങ്കയായിരുന്നു എതിരാളികൾ. 96 ലെ പരാജയത്തിന് ഓസീസ് പകരം വീട്ടിയപ്പോൾ ശ്രീലങ്ക 53 റൺസിനാണ് പരാജയപ്പെട്ടത്. (മഴ നിയമപ്രകാരമായിരുന്നു ഓസീസ് വിജയം). മഴയെ തുടർന്ന് 38 ഓവറായി നിജപ്പെടുത്തിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഗിൽ ക്രിസ്റ്റിൻരെ മാരക വെടിക്കെട്ടിൽ നിശ്ചിത ഓവരിൽ 281 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിൽ ജയസൂര്യയുടേയും സങ്കക്കാരയുടേയും ഫിഫ്റ്റികൾ പോരുമായിരുന്നില്ല ശ്രീലങ്കയ്ക്ക് ജയിക്കാൻ. റിക്കി പോണ്ടിങ്ങിന് കീഴിൽ ഒരിക്കൽ കൂടി ഓസീസ് ലോകകിരീടം ചൂടി. ലോകകപ്പിൽ ഹാട്രിക്ക് കിരീടമാണ് കരീബിയൻ മണ്ണിൽ  മഞ്ഞപ്പട നേടിയത്.


ഇന്ത്യ - ശ്രീലങ്ക - ബംഗ്ലാദേശ്  2011

ലോകകപ്പിൻറെ പത്താം പതിപ്പിന് ഇന്ത്യയും ശ്രീലങ്കയും ബംഗ്ലാദേശും ചേർന്നാണ് വേദിയൊരുക്കിയത്. 14 ടീമകളെ രണ്ട് ഗ്രൂപ്പാക്കി തിരിച്ചായിരുന്നു ടൂർണമെൻറ്.  ക്വാർട്ടർ ഫൈനൽ മുതൽ സൂപ്പർ ഓവർ നടപ്പാക്കിയത് ഈ ടൂർണമെനറിലാണ്.  

വിരാട് കോഹ്ലിയെന്ന ലോകോത്തരതാരത്തിൻറെ ആദ്യലോകകപ്പായിരുന്നു 2011 ലേത്. ആദ്യമത്സരത്തിൽ തന്നെ സെഞ്ച്വറിയടിച്ച് കോഹ്ലി വരവറിയിച്ചു. സേവാഗ് നേടിയ 175 ഉം കൂടിയായതോടെ ബംഗ്ലാദേശിനെ ആദ്യമത്സരത്തിൽ 87 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. കരീബിയൻ മണ്ണിലെ നാണക്കേടിനുള്ള പ്രതികാരമായി. 

ഗ്രൂപ്പ് ഘട്ടത്തിൽ ഇംഗ്ലണ്ടുമായുള്ള മത്സരം ടൈ ആയതോടെ കുറച്ച് സമ്മർദ്ദത്തിലായിരുന്നു ഇന്ത്യ. 338 റൺസ് എടുത്തിട്ടും അത് പ്രതിരോധിക്കാൻ ഇന്ത്യന ബൌളർമാർക്ക് ആയില്ലെന്നത് ഇന്ത്യൻ ബൌളിങ് നിരയുടെ കഴിവിൽ തന്നെ സംശയമുയർത്തി. പിന്നാലെ ചെറിയ ടീമുകളായ അയർലാൻറ്, നെതർലാൻറ്സ് എന്നീ ടീമുകൾക്കെതിരെ വിജയിച്ചെങ്കിലും അടുത്ത മത്സരത്തിൽ 

 ദക്ഷ്ണിഫ്രിക്കയോട്  ഇന്ത്യ പരാജയപ്പെട്ടതും ആശങ്കയ്ക്ക് വഴിവെച്ചു. രണ്ട് പന്ത് അവശേഷിക്കെ 3 വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം. സച്ചിൻറെ സെഞ്ചറിയും സേവാഗ്, ഗംബീർ, എന്നിവരുടെ ഫിഫ്റ്റിയും ചേർത്ത് 296 റൺസാണ് മത്സരത്തിൽ ഇന്ത്യ നേടിയത്. 5 വിക്കറ്റെടുത്ത ഡെയിൽ സ്റ്റെയിനാണ് കുറ്റൻ സ്ക്കോർ നേടുന്നതിൽ നിന്ന് ഇന്ത്യയെ തടഞ്ഞത്. മറുപടി ബാറ്റിങ്ങിൽ ഹാഷിം അംല, ജാക്ക് കല്ലിസ്, എ ബി ഡിവില്ലേഴ്സ്, എന്നിവരുടെ അർദ്ധശതകങ്ങളും അവസാന ഓവറുകളിൽ ആഞ്ഞടിച്ച റോബിൻ പീറ്റേഴ്സൺ, ജോഹൻ ബോത്ത എന്നിവരുമാണ്  ദക്ഷിണാഫ്രിക്കയ്ക്ക് വിജയമൊരുക്കിയത്. 

എന്നാൽ പിന്നീടങ്ങോട്ട് ഇന്ത്യക്ക് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. വെസ്റ്റ് ഇൻഡീസിനെ 80 റൺസിന് തോൽപിച്ച് ക്വാർട്ടറിലെത്തിയ ഇന്ത്യ ഓസീസിൻരെ ലോകകപ്പിലെ അപാരാജിത കുതിപ്പിനും തടയിട്ടു. പതിനാല് പന്ത് അവശേഷിക്കെയാണ് 5 വിക്കറ്റിന് ഇന്ത്യ ഓസീസിനെ ക്വാർട്ടറിൽ പുറത്താക്കിയത്. പോണ്ടിങിൻരെ സെഞ്ച്വറി കരുത്തിൽ 260 റൺസ് നേടിയ ഓസീസിന് ഇന്ത്യ മറുപടി നൽകിയത് സച്ചിൻറേയും ഗംഭീറിൻറേയും യുവരാജിൻറേയും അർദ്ധ സെഞ്ച്വറികളിലൂടെയായിരുന്നു. അവസാന ഓവറുകളിൽ തകർത്താടിയ റെയ്ന കൂടി ചേർന്നതോടെ വിജയം ഇന്ത്യയ്ക്കൊപ്പമായി. ഫലം 92 നുശേഷം ഓസീസില്ലാത്ത ആദ്യത്തെ ലോകകപ്പ്  സെമിഫൈനലുകൾക്ക് ലോകകപ്പ് സാക്ഷ്യം വഹിച്ചു.

സെമിഫൈനലിൽ ചിരവൈരികളായ പാക്കിസ്ഥാനായിരുന്നു ഇന്ത്യയുടെ എതിരാളി. പരമ്പരാഗത വൈരികൾ ആദ്യമായി ലോകകപ്പ് സെമിയിൽ കളിക്കുന്നതിൻരെ എല്ലാവിധ ആവേശവും പ്രകടമായിരുന്നു.  ടോസ് നേടിയ ഇന്ത്യൻ നായകൻ ധോണി മൊഹാലിയിൽ ബാറ്റിങ് തിരഞ്ഞെടുത്തു. മികച്ച ഫോമിൽ കളിക്കുന്ന സച്ചിനും യുവരാജും ഗംഭീറും സേവാഗുമെല്ലാം മികച്ച സ്ക്കോർ കണ്ടെത്തുമെന്ന വിശ്വാസം തന്നെയായിരുന്നു അതിന് പിന്നിൽ. സച്ചിൻ പ്രതീക്ഷ തെറ്റിച്ചില്ല. 85 റൺസെടുത്ത് സച്ചിൻ പുറത്തായെങ്കിലും ചെറുതല്ലാത്ത സംഭാവനകൾ ഗംഭീറും ദോണിയും റെയ്നയും സേവാഗും നൽകി. 261 റൺസിൻരെ വിജയലക്ഷ്യമാണ് അന്ന് പാക്കിസ്ഥാന് മുന്നിൽ ഇന്ത്യ വെച്ചത്. വഹാബ് റിയാസിൻറെ 5 വിക്കറ്റ് പ്രകടനമാണ് ഇന്ത്യയെ 260 ൽ ഒതുക്കിയത്. കൃത്യമായ ഇടവേളകളിൽ പാക്ക് വിക്കറ്റുക8 വീഴ്ത്തി ഇന്ത്യൻ ബൌളർമാർ പാക്കിസ്ഥാനെ സമ്മർദ്ദത്തിലാക്കി. പന്തെടുത്ത എല്ലാ ബൌളർമാരും 2 വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ഒരു പന്ത് മാത്രം അവശേഷിക്കെ പാക്കിസഥാൻ 231 ന് പുറത്ത്. സച്ചിൻ മാന ഓഫ് ദ മാച്ച് പട്ടം സ്വന്തമാക്കിയപ്പോൾ ലോകകപ്പിൽ പാക്കിസഥാനോട് തോറ്റിട്ടില്ലെന്ന റെക്കോർഡ്  ഇന്ത്യയും നിലനിർത്തി. 

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഏപ്രിൽ 2 ന് അരങ്ങേറിയ ഫൈനൽ രണ്ട് ഏഷ്യൻ രാജ്യങ്ങൾ ആദ്യമായി പരസ്പരം ഏറ്റമുട്ടിയ ആദ്യത്തെ ഫൈനലായിരുന്നു. അയൽവാസിയായ ശ്രീലങ്കയായിരുന്നു ഇന്ത്യയുടെ എതിരാളി.  അക്ഷരാർത്ഥത്തിൽ ഇന്ത്യക്ക് കണക്ക് തീർക്കലായിരുന്നു വാങ്കഡെയിലേത്. 1996 ലെ ലോകകപ്പ് സെമിയിലെ നാണക്കേടിൻറെ കണക്ക്. ന്യൂസിലാൻറിനെ 5 വിക്കറ്റിന് പരാജയപ്പെടുത്തി ഫൈനലിലേക്ക് ഒരിക്കൽകൂടി യോഗ്യത നേടിയ ശ്രീലങ്ക, ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. ടൂർണമെൻറിലുടനീളം മികച്ച പ്രകടനം നടത്തുന്ന സങ്കക്കാരയിലും ജയവർദ്ധനെയിലുമെല്ലാമുള്ള വിശ്വാസം തന്നെയായിരുന്നു നായകൻ സങ്കക്കാരയുടെ തീരുമാനത്തിന് പിന്നിൽ. വേഗത്തിൽ ആദ്യവിക്കറ്റ് നഷ്ടമായെങ്കിലും ആദ്യ പത്ത് ഓവറിൽ വെറും 31 റൺസ് മാത്രം നേടിയിട്ടും ശ്രീലങ്ക പതറിയില്ല. മഹേല ജയവർദ്ധനെ പുറത്താകാതെ നേടിയ സെഞ്ച്വറി തന്നെയായിരുന്നു ലങ്കൻ ഇന്നിംഗ്സിൻറെ കരുത്ത്.  സങ്കക്കാര (48), ദിൽഷൻ (33), നുവാൻ കുലശേഖര (32) എന്നിവരും ലങ്കൻ ഇന്നിംഗ്സ് 6 ന് 274ൽ എത്തിച്ചു. കോഹ്ലിയടക്കം 7 ബൌളർമാരെയാണ് നായകൻ ധോണി പരീക്ഷിച്ചത്. മുനാഫ് പട്ടേലും യുവരാജ് സിങും ഹർബജനുമൊഴികെ പേരുകേട്ട ശേഷിക്കുന്ന ഇന്ത്യൻ ബൌളർമാരുടെ ശരാശരി 6 ന് മുകളിലായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് സ്ക്കോർ ബോർഡ് തുറക്കുന്നതിന് മുമ്പേ വെടിക്കെട്ട് ഓപ്പണർ സേവാഗിനെ നഷ്ടമായി. നേരിട്ട രണ്ടാമത്തെ പന്തിൽ തന്നെ സേവാഗിനെ മലിംഗ വിക്കറ്റിന് മുന്നിൽ കുടുക്കി ഇന്ത്യയ്ക്ക് ആദ്യപ്രഹരമേൽപിച്ചു. നിലയുറയ്ക്കും മുമ്പേ സച്ചിനേയും പുറത്താക്കി മലിംഗ ഇന്ത്യയെ വീണ്ടും സമ്മർദ്ദത്തിലാക്കി. 18 റൺസ്മാത്രമായിരുന്നു സ്വന്തം കാണികളുടെ മു്നിൽ തൻറെ അവസാന ലോകകപ്പ് ഫൈനലിനിറങ്ങിയ സച്ചിൻറെ സമ്പാദ്യം. പക്ഷെ മൂന്നാമനായി ക്രീസിലെത്തിയ ഗൌതം ഗംഭീർ പേരാടാനുറച്ചായിരുന്നു നിന്നത്. 35 റൺസെടുത്ത കോഹ്ലിലേയും കൂട്ടി ഗംഭീർ ഇന്ത്യൻ ഇന്നിംഗ്സ് കെട്ടിപടുത്തു. നാലാം വിക്കറ്റിൽ നാടകൻ ധോണിയെത്തിയതോടെ ഇന്ത്യൻ ഇന്നിംഗ്സിൻറെ ഗിയർമാറി. ധോണിയുമെത്ത് സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തിയ ഗംഭീർ സെഞ്ച്വറിക്ക് മൂന്ന്  റൺസ് അകലെ വെച്ച് തിസാര പരേരയുടെ പന്തിൽ ക്ലീൻ ബൌൾഡ് ആകുമ്പോൾ ഇന്ത്യക്ക് വിജയിക്കാൻ ആവശ്യം 46 പന്തിൽ നിന്ന് 52 റൺസ് ആയിരുന്നു. അവസാന ഓവറുകളിൽ ആഞ്ഞടിച്ച യുവിയും ധോണിയും ചേർന്ന് 10 പന്ത് അവശേഷിക്കെ വിജയവും കപ്പും ഇന്ത്യയുടേതാക്കി. ലസിത് മലിംഗയെ മിഡ് വിക്കറ്റിലൂടെ രണ്ട് തവണ ബൌണ്ടറി കടത്തിയും കുലശേഖരയെ ലോങ് ഓണിന് മുകളിലൂടെ പറത്തിയും ധോണിയാണ് ഇന്ത്യയുടെ വിജയക്കൊടി പാറിച്ചത്. 42000 കാണികളെ സാക്ഷികളാക്കി ക്രിക്കറ്റിൻറെ ദൈവത്തിന് ഇക്കാലമത്രയും കിട്ടാകനിയായിരുന്ന ലോകകപ്പ് ധോണിയും സംഘവും സ്വന്തം നാട്ടിൽ സമ്മാനിച്ചു. സച്ചിനെ തോളത്തെടുത്ത് യൂസഫ് പത്താനും സുരേഷ് റെയ്നയും നടത്തിയ വിജയാഘോഷം ഇന്നും ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ മനസിലെ മായാത്ത ചിത്രമാണ്. 79 പന്തിൽ നിന്ന് 8 ഫോറും 2 സ്കിസറുമടക്കം പുറത്താകാതെ 91 റൺസ് എടുത്ത് നായകൻ ധോണിയായിരുന്നു ഫൈനലിലെ താരം. ജയവർദ്ധനെയുടെ സെഞ്ച്വറിയും ഗംഭീറിൻറെ സെഞ്ച്വറിക്കരികിലവസാനിച്ച പ്രകടനവും പക്ഷെ ഏത് തട്ടിൽ അളന്നാലും ധോണിയുടെ കൂൾ ആൻറ് സ്റ്റൈൽ ഫിനീഷിന് പിന്നിലായിരുന്നു. ലോകകപ്പ് ഫൈനലിലെ ഏറ്റവും വലിയ റൺ ചെയ്സ് വിജയം കൂടിയായി ഇന്ത്യയുടേത്. പരമ്പരയിലുടനീളം ബാറ്റുകൊണ്ടും ബോളുകൊണ്ടും ഇന്ത്യയുടെ നടുംതൂണായി 362 റൺസും 15 വിക്കറ്റും വീഴ്ത്തിയ യുവരാജ് സിങ്ങ് ടൂർണമെൻറിൻറെ താരമായി. 


ഓസ്ട്രേലിയ- ന്യൂസിലൻറ് 2015

ഓസീസും ന്യൂസിലാൻറും വീണ്ടുമൊരിക്കൽ കൂടി ലോകകപ്പിന് ആതിഥേയത്വം വഹിച്ചത് 2015 ലാണ്. പതിനാല് ടീമുകൾ തന്നൊയിരുന്നു ഇത്തവണയും കപ്പിനായി പോരാടിയത്. നിലവിലെ രണ്ടാം സ്ഥാനക്കാരായ ശ്രീലങ്കയെ 98 റൺസിന് തോൽപിച്ചുകൊണ്ട് ആദ്യമത്സരത്തിൽ ന്യൂസിലാൻറും ഇംഗ്ലണ്ടിനെ 111 റൺസിന് തകർത്തുകൊണ്ട് ഓസീസും സ്വന്തം നാട്ടിലെ ലോകകപ്പിന് അതിഗംഭീരമായ തുടക്കമിട്ടു. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ അഞ്ച് മത്സരവും ആദ്യം ബാറ്റ് ചെയ്ത ടീം 300 ന് മുകളിൽ സ്ക്കോർ ചെയ്ത ആദ്യത്തെ ലോകകപ്പുമായി 2015 ലേത്. ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും വലിയ അട്ടിമറിയും ആ അഞ്ചാമത്തെ മത്സരത്തിലായിരുന്നു. അസോസിയേറ്റ് രാഷ്ട്രമായ അയർലൻറിനെതിരെ 7 വിക്കറ്റിന് 304 റൺസെടുത്ത വിൻഡീസിനെ അയർലൻറ് 25 പന്ത് ശേഷിക്കെ 4 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് എല്ലാവവരേയും ഞെട്ടിച്ചത്. ടൂർണമെൻറിൽ വിൻഡീസിന് പുറമെ യുഎഇ യേയും സിംബാബ്വേയേയും തോൽപിച്ച് അയർലൻറ് അസോസിയേറ്റ് രാജ്യങ്ങളിലെ ഏറ്റവും മികച്ച പ്രകടനവും നടത്തി.

ആദ്യമത്സരത്തിൽ പാക്കിസ്ഥാനെ 76 റൺസിന് തോൽപിച്ച് തുടങ്ങിയ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ തോൽവിയറിയാതെ സെമിഫൈനൽ വരെയെത്തി. സെമിഫൈനലിൽ ഓസീസ് ആയിരുന്നു എതിരാളികൾ. സ്റ്റീവ് സമിത്തിൻറെ സെഞ്ച്വറിയുടെ കരുത്തിൽ 329 റൺസിന്റെ വമ്പൻ സ്ക്കോറാണ് ഓസീസ്  ഇന്ത്യക്ക് മുമ്പാകെ ഉയർത്തിയത്. എന്നാൽ സച്ചിനില്ലാതെ ആദ്യത്തെ ലോകകപ്പിനെത്തിയ ഇന്ത്യയുടെ പോരാട്ടത്തിൽ  നായകൻ ധോണി (65), ശിഖർ ധവാൻ (45), അജിങ്ക്യ രഹാനെ (44), രോഹിത് ശർമ്മ (34) എന്നിവരുടെ ചെറുത്ത് നിൽപ്പ് പക്ഷെ വിജയത്തിനുള്ള വകനൽകിയില്ല. ഫലം 95 റൺസിന് ഇന്ത്യയുടെ പടയോട്ടം ഓസീസ് അവസാനിപ്പിച്ചു. കഴിഞ്ഞ ലോകകപ്പിൻരെ ക്വാർട്ടറിൽ തങ്ങളെ പുറത്താക്കിയ ഇന്ത്യയ്ക്കുള്ള ഓസീസിൻറെ ശിക്ഷ.  രണ്ടാമത്തെ സെമിയിൽ, ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ത്രില്ലിങ്ങായ മറ്റൊരു സെമിയിൽ, ദക്ഷിണാഫ്രിക്കയെ മഴ നിയമപ്രകാരമാണ് ന്യൂസിലാൻറ് മറികടന്നത്. മഴ മൂലം 43 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഫാഫ് ഡുപ്ലസിസഇൻറേയും (82) എ ബി ഡിവില്ലേഴ്സിൻറേയും (65) അർദ്ധ സെഞ്ച്വറികളുടെ സഹായത്താൽ 5-281 എന്ന കൂറ്റൻ സ്ക്കോറാണ് ദക്ഷിണാഫ്രിക്ക നേടിയത്. 38 ആം ഓവറിൽ ഡിവില്ലിയേഴ്സും ഡുപ്ലസിസും തല്ലി തകർത്തുനിൽക്കുമ്പോൾ പെയ്ത് മഴയെ തുടർന്ന് ന്യൂസിലാൻറിൻറെ വിജയലക്ഷ്യം 43 ഓവറിൽ 298 ആയി പുനർ നിർണയിച്ചു. നായകൻ ബ്രണ്ടൻ മക്കല്ലം മുന്നിൽ നിന്ന് നയിച്ചപ്പോൾ പിന്നാലെ വന്ന റോസ് ടെയിലറും കോറി ആൻഡേഴ്സണും ഗ്രാനറ് എലിയറ്റും ആതിഥേയരെ ചരിത്രത്തിൽ ആദ്യമായി സെമി കടമ്പ കടത്തി. അവസാന ഓവറുകളിൽ ദക്ഷിണാഫ്രിക്കൻ ബൌളർമാരെ തല്ലി വശം കെടുത്തിയ എലിയറ്റ് തൻറെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഇന്നിംഗ്സാണ് കളിച്ചത്. എക്കാലത്തേയും പോലെ നിർഭാഗ്യമെന്ന ദുർഭൂതം ഇത്തവണയും ദക്ഷിണിഫ്രിക്കയെ വിഴുങ്ങി. 

ആതിഥേയരുടെ ഫൈനലിനാണ്  2015 ഉം സാക്ഷ്യം വഹിച്ചത്. മെൽബണിൽ പകലും രാത്രിയുമായി നടന്ന ഫൈനിൽ 93013 കാണികലെ സാക്ഷിയാക്കി ടോസ് നേടിയ ബ്രണ്ടൻ മക്കല്ലം ബാറ്റിങ് തിരഞ്ഞെടുത്തു. സെമിയിലെ പ്രകടനത്തിൻറെ ആത്മവിശ്വാസത്തിലായിരുന്നു മക്കല്ലത്തിൻറെ തിരഞ്ഞെടുപ്പ്. ഗ്രൂപ്പ് ഘട്ടത്തിൽ ഓസീസിനെ തോൽപിച്ച ഏക ടീമെന്ന മേൽക്കൈയ്യും കിവികൾക്കുണ്ടായിരുന്നു. എന്നാൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഫൈനലിലെത്തിയ ഓസീസിൻറെ ബൌളർമാർ കരുതിയായിരുന്നു. നേരിട്ട മൂന്നാം പന്തിൽ വമ്പനിടിക്കാരനായ ബ്രണ്ടൻ മക്കല്ലത്തിൻരെ സ്റ്റംപ്സ് സ്റ്റാർക്ക് പിഴുതെറിഞ്ഞു. മാർട്ടിൻ ഗുപ്തിലും വില്ല്യംസണും വൈകാതെ കൂടാരം കയറി. നാലാം വിക്കറ്റിൽ പക്ഷെ പരിചയ സമ്പന്നനായ മാർക്ക് ടെയിലറും സെമിയിലെ ഹീറോയായ എലിയറ്റും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. 111 റൺസ് ചേർത്താണ് സഖ്യം പിരിഞ്ഞത്. പിന്നീട് വന്നവരെല്ലാം വന്നതും പോയതും ആരുമറിഞ്ഞില്ല. ജെയിംസ് ഫോക്ക്നറും മിച്ചൽ ജോൺസണും സ്റ്റാർക്കും ചേർന്ന് ന്യൂസിലാൻറ് പടയെ 183 റൺസിന് പുറത്താക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിൻറെ ഓപ്പണർ ഫിഞ്ചിനെ സ്ക്കോർ ബോർഡിൽ ൊ റൺസ് മാത്രം നിൽക്കെ തൻറെ ആദ്യ ഓവറിൽ തന്നെ ട്രൻറ് ബോൾട്ട് പുറത്താക്കി ന്യൂസിലാൻറിന് ബ്രേക്ക് നൽകിയെങ്കിലും പക്ഷെ മുതലാക്കാനായില്ല. ഫിഫ്റ്റികൾ നേടി ക്യാപ്റ്റൻ മൈക്കൽ ക്ലാർക്കും (74) സ്റ്റീവ് സ്മിത്തും (പുറത്താകാതെ 56) ഡേവിഡ് വാർണറും (45) 16.5 ഓവർ ബാക്കി നിൽക്കെ ഓസീസിനെ 7 വിക്കറ്റിന് വിജയിപ്പിച്ച് അഞ്ചാംതവണയും ലോകജേതാക്കളാക്കി.  ഓസീസിനുവേണ്ടി 22 വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്ക് ആ ലോകകപ്പിൻറെ താരമായി. 


ഇംഗ്ലണ്ട് 2019

1983 ന് ശേഷം ഇംഗ്ലണ്ട് ഒറ്റയ്ക്ക് ആതിഥേയത്വം വഹിച്ച ലോകകപ്പായിരുന്നു 2019 ലേത്. ലോകക്രിക്കറ്റിലെ പല അതികായനമാരും വിരമിച്ചശേഷം നടന്ന ലോകകപ്പിൽ യുവാക്കളുടെ പുതിയ നിരയാണ് പലടീമിലും നിരന്നത്. പത്ത് ടീമുകളാണ് ലോകകപ്പിനെത്തിയത്. ടൂർണമെൻറിൽ ഒറ്റ മത്സരം പോലും ജയിച്ചില്ലെന്ന നാണക്കേടിൻറെ റെക്കോർഡുമായാണ് അഫ്ഗാനിസ്ഥാൻ ഇംഗ്ലണ്ടിൽ നിന്ന് മടങ്ങിയത്.ഓസീസിനും ഇന്ത്യക്കും മേലെ  ഇംഗ്ലണ്ടിനും ന്യൂസിലാണ്ടിനും വാതുവെപ്പുകാരും കളിയെഴുത്തുകാരും സാധ്യതകൾ കൽപിക്കപ്പെട്ട ആദ്യലോകകപ്പും ഇതായിരുന്നു. 

വലിയ പരിക്കുകൾ ഒന്നുമില്ലാതെയാണ് ഇന്ത്യയും ഓസീസും  സെമിഫൈനൽ വരെ എത്തിയത്. ന്യൂസിലാൻറുമായുള്ള ഗ്രൂപ്പ് ഘട്ടത്തിലെ മത്സരം മഴമുലം ഉപേക്ഷിക്കേണ്ടി വന്ന ഇന്ത്യ  ഇംഗ്ലണ്ടിനോട് മാത്രമാണ് പരാജയമടഞ്ഞത്. സെമിയിൽ ന്യൂസിലാൻറുമായി ഏറ്റുമുട്ടിയ ഇന്ത്യ വിജയലക്ഷ്യമായ 239 ന് 18 റൺസ് അകലെ പോരാട്ടം അവസാനിപ്പിച്ചു. 77 റൺസെടുത്ത ജഡേജയും 50 റൺസെടുത്ത ധോണിയും മാത്രമാണ് വലിയ സംഭാവനകൾ ഇന്ത്യക്കായി നൽകിയത്. ഗുപ്തിലിൻറെ നേരിട്ടുള്ള ഏറിൽ ധോണി റൺ ഔട്ടായതാണ് കളിയിലെ വഴിതിരിവായത്. 72 പന്തിൽ നിന്ന് 50 റൺസെടുത്ത ധോണിയുടെ മെല്ലെ പോക്കും വിമർശനത്തിനിടയാക്കി. ന്യൂസിലാണ്ടിന് വേണ്ടി നായകൻ കെയിൻ വില്ല്യംസൺ 67 ഉം റോസ് ടെയിലർ 74 ഉം റൺസുമെടുത്തു. രണ്ടാം സെമിയിൽ ഇംഗ്ലണ്ടിനോട് പരാജയപ്പെടാനായിരുന്നു ഓസീസിൻറെ വിധി. ക്രിസ് വോക്സിൻറെ മികച്ച ബൌളിങ് പ്രകടനത്തിന് മുന്നിൽ ഓസീസ് ബാറ്റിഹ് നിര തകർന്നു. 85 റൺസെടുത്ത സ്മിത്തിനും 46 റൺസെടുത്ത അലക്ശ് കാരിക്കുമല്ലാതെ മറ്റാർക്കും ഇംഗ്ലീഷ് പടയെ ചെറുക്കാനായില്ല. ഓസ്ട്രേലിയ മുന്നോട്ടുവെച്ച 224 ൻറെ വിജയലക്ഷ്യം 33 ആമത്തെ ഓവറിൽ ഇംഗ്ലണ്ട് മരികടന്നു. അതും വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി. ജെയ്സൺ റോയ് (85), ജോ റൂട്ട് (49 പുറത്താകാതെ) നായകൻ ഇയാൻ മോർഗൻ (45) എന്നിവരായിരുന്നു ആതിഥേയരുടെ വിജയശിൽപികൾ. 

തുടർച്ചയായ രണ്ടാംവട്ടവും ഫൈനലിലെത്തിയ ന്യൂസിലാൻറും രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഫൈനലിലെത്തിയ ഇംഗ്ലണ്ടിൻറേയും കലാശപോരാട്ടം കാണാൻ ക്രിക്കറ്റിൻറെ മെക്കയായ ലോഡ്സിലേക്ക് ഒഴുകിയെത്തിയവരെ ഒട്ടും നിരാശപ്പെടുത്തുന്നതായിരുന്നില്ല മത്സരം. ഏകപക്ഷീയമായ മത്സരങ്ങളെന്നതിൽ നിന്ന് തീർത്തും വ്യത്യസ്ഥമായിരുന്നു ലോഡ്സിലെ ഇത്തവണത്തെ ഫൈനൽ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കിവികൾക്ക് ആദ്യവിക്കറ്റ് ഏഴാം ഓവറിൽ നഷ്ടപ്പെട്ടെങ്കിലും രണ്ടാം വിക്കറ്റിൽ നായകൻ വില്ല്യംസണും ഹെൻറി നിക്കോൾസും ചേർന്ന് മികച്ച കൂട്ടുകെട്ടാണ് സമ്മാനിച്ചത്. രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിനുശേഷം പക്ഷെ കാര്യമായി നിലയുറപ്പിക്കാൻ കിവി ബാറ്റർമാരെ ഇംഗ്ലണ്ട് അനുവദിച്ചില്ല. നിശ്ചിത ഓവറുകൾ അവസാനിച്ചപ്പോൾ 8 ന് 241 റൺസായിരുന്നു ന്യൂസിലാണ്ടിൻറെ സ്ക്കോർ ബോർഡിലുണ്ടായിരുന്നത്. 3 വീതം വിക്കറ്റ് വീഴ്ത്തിയ ക്രിസ് വോക്സും ലിയാം പ്ലൻകറ്റുമാണ് ന്യൂസിലാൻറിനെ പിടിച്ചുകെട്ടിയത്. അതേനാണയത്തിൽ തന്നെ തിരിച്ചടിച്ച ന്യൂസിലാണ്ട് ഇംഗ്ലണ്ടിൻറെ ആദ്യ 4 വിക്കറ്റുകൾ 86 റൺസ് ചേർക്കുന്നതിനിടെ വീഴ്ത്തി ശക്തമായ പ്രകടനം നടത്തി. പക്ഷെ അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന ജോസ് ബട്ട്ലറും ബെൻ സ്റ്റോക്സും മത്സരം കിവികളുടെ കൊക്കിൽ നിന്ന് തട്ടിപറിച്ചെടുത്തു. ബട്ട്ലർ പുറത്തായശേഷം വന്നവരെ നിലയുറപ്പിക്കും മുമ്പേ കിവികൾ പുറത്താക്കി. അവസാനത്തെ 5 വിക്കറ്റുകൾ വെറും 45 റൺസിനാണ് കിവികൾ പിഴുതെടുത്തത്. പക്ഷെ അപ്പോഴും ഒരറ്റത്ത് സ്റ്റോക്സ് പാറപോലെ ഉറച്ചുനിന്നു. അവസാനത്തെ വിജയറണ്ണിനായി ഓടി രണ്ട് ബാറ്റ്സ്മാൻമാർ റൺ ഔട്ടായതോടെ മത്സരം ടൈയിലേക്ക്. വിജയികളെ നിശ്ചയിക്കാനായി  ലോകകപ്പ് ഫൈനലിൻറെ ചരിത്രത്തിലാദ്യമായി മത്സരം സൂപ്പർ ഓവറിലേക്ക് മത്സരം കടന്നു. 

സൂപ്പർ ഓവറിൽ ഇംഗ്ലണ്ടിനുവേണ്ടി ബെൻ സ്റ്റോക്സും ബട്ട്ലറും തന്നെ ട്രൻറ് ബോൾട്ടിനെതിരെ ബാറ്റ് വീശി. ആദ്യ പന്ത് നേരിട്ട സ്റ്റോക്സ് 3 റൺസ് അടിച്ചെടുത്തു. ആ ഓവറിൽ നിന്ന് രണ്ട് ഫോറുകൾ കൂടി അടിച്ചെടുത്ത സ്റ്റോക്സ് ഇംഗ്ലണ്ടിൻറെ സ്കോർ 15 ആക്കി. (3,1,4,1,2,4 എന്നായിരുന്നു സൂപ്പർ ഓവറിലെ ഓരോ പന്തിലേയും സ്ക്കോർ). മാർട്ടിൻ ഗുപ്തിലും ജിമ്മി നീഷാമിനേയും ചെയ്സിങ്ങിന് നിയോഗിച്ചപ്പോൾ ജഫ്രി ആർച്ചറിനെയാണ് പ്രതിരോധിക്കാൻ ഇംഗ്ലണ്ട് ചുമതലപ്പെടുത്തിയത്. ആദ്യ പന്ത് വൈഡ് എറിഞ്ഞുതുടങ്ങിയ ആർച്ചറിനെ രണ്ടാമത്തെ പന്തിൽ നീഷാം മിഡ് വിക്കറ്റിന് മുകളിലൂടെ സിക്സറിന് പറത്തി. ഇംഗ്ലണ്ട് സമ്മർദ്ദത്തിലുമായി. നാല് പന്തിൽ നിന്ന് 7 റൺസ് മാത്രം വേണ്ടിയിരുന്ന കിവികൾക്ക് വേണ്ടി അടുത്ത് 2 പന്തിലും രണ്ട് റൺസ് വീതവും  നീഷാം അടിച്ചെടുത്തു. അടുത്ത പന്തിൽ ഒരു റൺസ് എടുത്ത് സ്ട്രൈക്ക് ഗുപ്തിലിന് കൈമാറി. അവസാന പന്തിൽ 2 റൺസ് മാത്രം വേണ്ടിയിരുന്ന കിവി ബാറ്റർമാർ രണ്ടാം റൺസിനുവേണ്ടി ഓടിയെങ്കിലും ജെയസൺ റോയിയുടെ ഡീപ് മിഡ് വിക്കറ്റിൽ നിന്നുള്ള ത്രോയിൽ ഗുപ്തിലിനെ ബട്ലർ റൺ ഔട്ടാക്കി. അതോടെ സൂപ്പർ ഓവറും ടൈയിൽ കലാശിച്ചു. നഖം കടിച്ചുകൊണ്ട് മാത്രം കളികണ്ടിരുന്ന കാണികൾക്ക് വിശ്വസിക്കാനാവാത്ത ട്വിസ്റ്റുകളുടെ ഫൈനലായി മാറി ലോഡ്സിലേത്. അത്ലറ്റിക്സിലെ ഫോട്ടോ ഫിനീഷ് പോലെ സൂപ്പർ ഓവറും ടൈ ആയതോടെ നേടിയ ബൌണ്ടറികളുടെ എണ്ണത്തിൽ ജേതാക്കളെ തിരഞ്ഞെടുക്കുന്ന നിയമാവലി പ്രയോഗിക്കേണ്ടിവന്നു. കിവികളുടെ 17 ബൌണ്ടറികളേക്കാൾ 9 ബൌണ്ടറികൾ അധികം നേടിയ ഇംഗ്ലണ്ട് അങ്ങനെ ചരിത്രത്തിലാദ്യമായി ലോകകിരീടം ചൂടി. തുടർച്ചയായ രണ്ടാമതും മികച്ച പ്രകടനം നടത്തിയിട്ടും നിർഭഗ്യം കൊണ്ട് ന്യൂസിലാണ്ടിന് കിരീടം നഷ്ടമായി. ഇംഗ്ലണ്ടിനെ ത്രസിപ്പിക്കുന്ന ജയത്തിലേക്ക് നയിച്ച സ്റ്റോക്സ് കളിയുടെ താരമായി. 578 റൺസുമായി കിവികളുടെ പടയോട്ടത്തിന് ചുക്കാൻ പിടിച്ച കെയിൻ വില്ല്യംസൺ പന്ത്രണ്ടാമത് ലോകകപ്പിൻറെ താരമായി.