Thursday, 4 November 2021

പബ്ബുകളോട് ആര്‍ക്കാണ് വിരോധം ?


പബ്ബുകള്‍ ഇല്ലെന്ന കാരണത്താല്‍ കേരളത്തിലേക്ക് ഐടി സ്ഥാപനങ്ങള്‍ വരാന്‍ കമ്പനികള്‍ മടിക്കുന്നുവെന്ന സര്‍ക്കാരിനെ അറിയിച്ചതായി മുഖ്യമന്ത്രി കഴിഞ്ഞദിവസം നിയമസഭയെ അറിയിച്ചത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ഇക്കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നും കോവിഡ് കേസുകള്‍ കുറയുന്ന മുറയ്ക്ക് ഇക്കാര്യം പരിശോധിക്കുമെന്നുമാണ് മുഖ്യമന്ത്രി സഭയെ അറിയിച്ചത്. എന്നാല്‍ കേരളത്തിന്റെ സംസ്‌ക്കാരത്തിന് എതിരാണ് പബ്ബ് സംസ്‌ക്കാരമെന്നും മദ്യത്തിന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കുമെന്നുമാണ് പലരും വിമര്‍ശനമുന്നയിച്ചത്. ഇടതുപക്ഷത്തിന്റെ മദ്യവര്‍ജ്ജനമെന്ന നയത്തിന് വിരുദ്ധമാണ് പബ്ബുകള്‍ക്ക് അനുമതി നല്‍കുന്നതെന്ന രാഷ്ട്രീയവാദവും പ്രതിപക്ഷത്തെ ചില നേതാക്കളും മദ്യവിരുദ്ധസമിതി അടക്കമുള്ളവരും ആരോപിക്കുന്നു. അതേസമയം വിഷയത്തില്‍ നയപരമായി തീരുമാനം എടുക്കേണ്ടതിനാല്‍ മുന്നണിയില്‍ ചര്‍ച്ച നടത്തിയശേഷം പ്രതികരിക്കാമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാട്. 

 എന്താണ് പബ്ബുകള്‍? എന്തിനാണ് ഐടി വ്യവസായത്തില്‍ പബ്ബ്? 

 പബ്ബ് എന്നാല്‍ സാധാരണ ബാറോ ബീവറേജസിന്റെ ഔട്ട്‌ലെറ്റ് പോലെയോ ഒന്നല്ലെന്ന് ആദ്യം മനസിലാക്കണം. പലരും പലപ്പോഴും പബ്ബ് എന്ന് കേള്‍ക്കുമ്പോള്‍ മദ്യപിക്കാനുള്ള ഇടം മാത്രമാണെന്ന് തെറ്റിദ്ധരിച്ച് പ്രതികരണങ്ങള്‍ നടത്താറുണ്ട്. പബ്ബ് എന്നാല്‍ മദ്യശാലമാത്രമല്ല. പാട്ടും ഡാന്‍സുമൊക്കെയായി സമയം ചിലവഴിക്കാനുള്ള ഇടമാണ് പബ്ബുകള്‍. ഇവിടെ സുഹൃത്തുക്കളുമൊത്ത് റിലാക്‌സ് ചെയ്യാനാണ് ഭൂരിഭാഗവും എത്തുന്നത്. കോഫിയും ഫുഡുമെല്ലാം പബ്ബില്‍ ലഭിക്കും. ജോലിയുടെ സമ്മര്‍ദ്ദത്തില്‍ നിന്ന് ഒരു മോചനം എന്ന നിലയില്‍ മാനസികോല്ലാസം തേടിയാണ് പലരും പബ്ബിലേക്ക് വരുന്നത്. ഒരു നൈറ്റ് ലൈഫ് എന്നതിന്റെ ഭാഗം കൂടിയാണ് രാത്രികളില്‍ സജീവമാകുന്ന പബ്ബുകള്‍. ബാറിലേത് പോലെ മദ്യം കഴിക്കല്‍ മാത്രമല്ല പബ്ബിലേത് എന്നര്‍ത്ഥം. 

എന്തുകൊണ്ടാണ് ഐടി വ്യവസായത്തിന് പബ്ബ് വേണമെന്ന് കമ്പനികള്‍ ആവശ്യപ്പെടുന്നത് എന്നതിന്റെ ഉത്തരം സിംപിളാണ്. വര്‍ക്ക് സ്‌ട്രെസ്സ് എന്നത് ഐടി ജിവനക്കാരുടെ ഇടയില്‍ ഏറെയാണ്. അതിനാല്‍ തന്നെ പലപ്പോഴും കടുത്ത മാനസികസമ്മര്‍ദ്ദത്തിനടിപ്പെട്ട് ജിവിക്കുന്നവരാണ് ഐടി രംഗത്തുള്ളവര്‍. ഇവരുടെ സ്ട്രസ്സ് ബസ്റ്റര്‍ എന്ന നിലയിലാണ് കമ്പനികള്‍ പബ്ബ്് സംവിധാനം ഒരുക്കണമെന്നാവശ്യപ്പെടുന്നത്. നിലവില്‍ കേരളത്തിലെ ഐടി ജീവനക്കാര്‍ക്ക് ഇതൊന്നും ബാധകമല്ലേയെന്ന് മറുചോദ്യം ചോദിക്കുന്നവരുണ്ട്. നിലവില്‍ കേരളത്തിലെ ഐടി ജീവനക്കാര്‍ മിക്കവരും വാരാന്ത്യത്തില്‍ ബംഗലൂരുവിലേക്കും മറ്റും ലെയ്ഷര്‍ ടൈമിനായി പോകുന്നുവെന്നതാണ് വസ്തുത. ഒരാഴ്ച്ചത്തെ ജോലിയുടെ സമ്മര്‍ദ്ദത്തില്‍ നിന്ന് മുക്തിതേടിയാണ് അവര്‍ അതിര്‍ത്തി കടക്കുന്നത്. അതൊഴിവാക്കി കേരളത്തില്‍ തന്നെ അത്തരം പബ്ബുകള്‍ കൊണ്ടുവരുന്നത് കൂടുതല്‍ സഹായകമാവുമെന്നാണ് കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നത്. മാത്രവുമല്ല, മിക്ക ഐടി കമ്പനികളുടേയും വിദേശ പ്രതിനിധികള്‍ കേരളത്തിലെത്തുമ്പോള്‍ ഇത്തരം സൗകര്യങ്ങള്‍ അവര്‍ തിരയുന്നതും സ്വാഭാവികമാണ്. ജോലി ലഭിക്കുന്ന മിക്ക മലയാളി ഐടി ജിവനക്കാരും കേരളത്തിന് പകരം മറ്റ് നഗരങ്ങള്‍ തിരഞ്ഞെടുക്കുന്നുവെന്നത് അവിടങ്ങളിലെ സൗകര്യങ്ങള്‍ മാത്രം പരിഗണിച്ചാണ്. കേരളത്തേക്കാള്‍ ചിലവ് ഏറെയാണ് മറ്റ് മെട്രോ നഗരങ്ങളില്‍. എങ്കില്‍കൂടി അവിടങ്ങളിലെ നൈറ്റ് ലൈഫ്, സ്‌ട്രെസ് ബസ്റ്റര്‍ സൗകര്യങ്ങള്‍ എന്നിവ കേരളത്തിലേതിനേക്കാള്‍ മികച്ചതാണെന്നത് മാത്രം പരിഗണിച്ചാണ് ഇത്തരത്തിലൊരു സമീപനം നമ്മുടെ യുവഎഞ്ചിനീയര്‍മാര്‍ സ്വീകരിക്കുന്നത്. 

കേരളത്തിന് പുറത്ത് ഐടി സ്ഥാപനങ്ങള്‍ സജീവമായിട്ടുള്ള മറ്റ് സംസ്ഥാനങ്ങളിലെല്ലാം പബ്ബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബംഗലൂരുവിലും മുംബൈയിലും പൂനെയിലുമെല്ലാം ഇത്തരം സംവിധാനങ്ങള്‍ ഉണ്ട് എന്നതിനാല്‍ തന്നെ എന്തുകൊണ്ട് കേരളത്തില്‍ മാത്രം അതിന് തടസമെന്നതാണ് ചോദ്യം. കേരളത്തില്‍ പബ്ബിനെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് ഭരിക്കുമ്പോളാണ് ബംഗലൂരുവില്‍ പബ്ബുകള്‍ സജീവമായത്. അവിടെ ഇപ്പോള്‍ എത്തുന്നവരില്‍ നല്ലൊരുശതമാനം മലയാളികളുമുണ്ട്. അതായത് പബ്ബില്‍ പോകാന്‍ മലയാളിക്ക് പ്രിയമുണ്ട് എന്നത് തന്നെയാണ് ഇത്. അതിനാല്‍ തന്നെ പബ്ബ് വന്നാല്‍ കേരളത്തിന്റെ സംസ്‌ക്കാരം ഇല്ലാതാകുമെന്ന വാദവും ഒട്ടും ശരിയല്ല. കേരളത്തില്‍ പബ്ബുകള്‍ വന്നാല്‍ ഇത്തരത്തില്‍ കേരളത്തിന് പുറത്തേക്ക് ഒഴുകുന്ന വരുമാനം സംസ്ഥാനത്തിന് തന്നെ ലഭിക്കുമെന്ന സാമ്പത്തികശാസ്ത്രവും ഇവിടെ പ്രയോഗിക്കാവുന്നതാണ്. ഐടി അനുബന്ധ വ്യവസായമെന്ന നിലയില്‍ തന്നെ വരുമാന സാധ്യതയ്‌ക്കൊപ്പം തൊഴില്‍ സാധ്യതകളും പബ്ബ് വരുന്നതിലൂടെ കൈവരിക്കാം. മാത്രവുമല്ല, സര്‍ക്കാരിന്റെ ഏറ്റവും വലിയ വരുമാന മാര്‍ഗം മദ്യവില്‍പനയാ്ണ് എന്നത് കൂടി ഇതിനോടൊപ്പം കൂട്ടിവായിക്കണം. 

 മദ്യപാനം പെരുകുന്നത് മൂലം ഗാര്‍ഹിക പീഡനം വര്‍ദ്ധിക്കുന്നുവെന്ന വാദവും എതിര്‍ക്കുന്നവര്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്. എന്നാല്‍ സംപൂര്‍ണ മദ്യനിരോധനം നിലവിലുള്ള ഗുജറാത്ത അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഗാര്‍ഹിക പീഡനം പ്രതിവര്‍ഷം വര്‍ദ്ദിക്കുന്നുവെന്നതാണ് ഇതിന്റെ മറുവാദം. കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഗുജറാത്തില്‍ ഗാര്‍ഹിക പീഡനകേസുകള്‍ വര്‍ദ്ധിക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മദ്യപാനം കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നുവെന്ന വാദവും ഇവര്‍ മുന്നോട്ട് വെക്കുന്നു. ഏത് സാചര്യത്തിലും കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാന്‍ നിയമസംവിധാനങ്ങള്‍ ശക്തമാക്കുക എന്നത് അത്യാവശ്യമാണ്. മദ്യവര്‍ജ്ജനമെന്ന ഇടത് നയത്തിന് വിരുദ്ധമാണ് പുതിയ നീക്കമെന്ന രാഷ്ട്രീയആരോപണത്തിന് മറുപടി പറയേണ്ടത് ഇടതുമുന്നണിയാണ്. 

 പബ്ബ് ഉണ്ടെന്ന് കരുതി എല്ലാവരും പബ്ബിലേക്ക് പോകുമെന്ന്് കരുതാനാവില്ല. പബ്ബില്‍ പോകുന്നവരെല്ലാവരും മദ്യപിക്കാനാണ് പോകുന്നതെന്നും പറയാന്‍ പറ്റില്ല.