Tuesday, 11 February 2020

'ആം ആദ്മി'യായി കളം നിറഞ്ഞ് ആം ആദ്മി

കേന്ദ്രസർക്കാരിന് കീഴിൽ ഞെരിഞ്ഞമർന്നായിരുന്നു പോയ 5 വർഷവും ഡൽഹിയിലെ ആം ആദ്മി സർക്കാരിൻറെ ഭരണം. സംസ്ഥാനം നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികൾക്കെല്ലാം തുരങ്കം വെച്ച് ലഫ്റ്റനൻറ് ഗവർണറും കേന്ദ്രവും നിന്നപ്പോൾ പലപ്പോഴും അരവിന്ദ് കെജ്രിവാളിനും സംഘത്തിനും തെരുവിലിറങ്ങേണ്ടിവന്നു. ലഫ്റ്റനൻറ് ഗവർണറുടെ ഔദ്യോഗിക വസതിയുടെ സ്വീകരണമുറിയിൽ ദിവസങ്ങളോളമാണ് വേറെയെങ്ങും പോകാതെ കുത്തിയിരുന്ന് പ്രതിഷേധസമരം നടത്തിയത്.

എന്തുകൊണ്ടാണ് കെജ്രിവാളിന് ഇത്തരത്തിൽ പ്രതിസന്ധികളെ നേരിടേണ്ടിവന്നത് എന്ന ചേദ്യത്തിന് ഒറ്റ ഉത്തരം മാത്രമേയുള്ളു. കോൺഗ്രസിനേക്കാൾ ബിജെപിയുടെ കണ്ണിലെ കരട് മൂക്കിന് താഴെയിരുന്ന് വെല്ലുവിളിക്കുന്ന കെജ്രിവാൾ ആയിരുന്നു എന്നത് മാത്രമാണ്. മോദിയെ വാരണാസിയിൽ പോയി നേരിട്ടത് മുതൽ കെജ്രിവാൾ ബിജെപിയുടെ നമ്പർ വൺ ശത്രുവാണ്. മോദിക്ക് തൊട്ടതിനെല്ലാം മറുപടി നൽകി വാർത്തയിൽ ഇടംപിടിച്ചുകൊണ്ടേയിരുന്ന കെജ്രിവാൾ ശത്രുത കൂട്ടിക്കൊണ്ടേയിരുന്നു. കെജ്രിവാളിനെ നേരിടാൻ ബിജെപിയുടെ കയ്യിലെ വജ്രായുധം ഡൽഹി കേന്ദ്രഭരണപ്രദേശം ആണെന്നത് തന്നെയായിരുന്നു. തരാതരംപോലെ ലെഫ്റ്റനൻറ് ഗവർണറെ ഉപയോഗിച്ച് കെജ്രിവാളിനെ മെരുക്കുകയെന്നത് തന്നെയായിരുന്നു കേന്ദ്രസർക്കാർ ശ്രമിച്ചുകൊണ്ടേയിരുന്നത്. ഡൽഹി പൊലീസ് കേന്ദ്രത്തിന് കീഴിലാണ് എന്നത് തന്നെ പലപ്പോഴും കെജ്രിവാളിന് തലവേദനയായി. 

വര : ബിനീത്
വിവാദങ്ങളുണ്ടാക്കി എന്നും ലെഫ്റ്റനൻറ് ഗവർണറുമായി ഗുസ്തിപിടിക്കുമ്പോഴും ആം ആദ്മി പാർട്ടി പക്ഷെ വോട്ടർമാർ തങ്ങളിലർപ്പിച്ച വിശ്വാസം കാത്തി സൂക്ഷിച്ചു. ജനോപകാരപ്രദമായ പദ്ധതികൾ നടപ്പിലാക്കിയതിലൂടെ ജനങ്ങളിലേക്ക് കൂടിതൽ ഇറങ്ങിചെല്ലുകയായിരുന്നു ആം ആദ്മി. മൊഹല്ല ക്ലിനിക്ക് പദ്ധതിയിലൂടെ ആരോഗ്യരംഗത്ത് വലിയ കാൽവെയ്പ്പായിരുന്നു ആം ആദ്മി സർക്കാർ നടത്തിയത്. സൌജന്യ വൈദ്യുതിയും കുടിവെള്ളവും ഉറപ്പുവരുത്തി ആം ആദ്മി സർക്കാർ സാധാരണക്കാരൻറെ സർക്കാരാണെന്ന് കെജ്രിവാൾ അടിവരയിട്ടു. വനിതകൾക്ക് മെട്രോയിലും ബസ്സിലും സൌജന്യയാത്ര അനുവദിച്ചതിലൂടെ സ്ത്രീകളുടെ പിന്തുണയും കെജ്രിവാളും ആം ആദ്മിയും ഉറപ്പുവരുത്തി. 

അരവിന്ദ് കെജ്രിവാളെന്ന  രാഷ്ട്രീയനേതാവിൻറെ സ്വഭാവത്തിലും നിലപാടുകളിലുമുണ്ടായ മാറ്റങ്ങളും ആം ആദ്മിയെ ജനപ്രിയമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. കടുംപിടുത്തവും സ്വേച്ഛാധിപത്യപരമായ പെരുമാറ്റവുമെല്ലാം കെജ്രിവാൾ മാറ്റിയെന്നത് ആ പാർട്ടിക്ക് ഗുണം ചെയ്തിട്ടുണ്ട്. 2015 ലെ മിന്നുന്ന വിജയത്തിന് പിന്നാലെ പാർട്ടിയുടെ തന്ത്രങ്ങൾ മെനയുന്നതിലും നയരൂപീകരണത്തിലും നിർണായക പങ്ക് വഹിച്ച പ്രശാന്ത് ഭൂഷണേയും യോഗേന്ദ്ര യാദവിനേയും പുറത്താക്കിയത് ചില്ലറ വിമർശനമൊന്നുമല്ല ക്ഷണിച്ച് വരുത്തിയത്. പാർട്ടിയുടെ നാവായി നിറഞ്ഞ് നിന്ന കുമാർ ബിശ്വാസ് നേതൃത്വവുമായി ഉണ്ടായ നിരന്തര തർക്കങ്ങൾക്കൊടുവിൽ പാർട്ടി വിട്ടപ്പോഴും നെറ്റി ചുളിച്ചവർ ഏറെയാണ്. പിന്നാലെ എംഎൽഎമാരിൽ ചിലർ പലപ്പോഴായി പാർട്ടി വിട്ടപ്പോഴും ഉപതിരഞ്ഞെടുപ്പിൽ ആം ആദ്മി ശക്തിതെളിയിച്ചു. എന്നാൽ മുൻസിപ്പൽ തെരഞ്ഞെടുപ്പിലും പിന്നീട് ലോക്സഭ തെരഞ്ഞെടുപ്പിലും ആം ആദ്മിക്ക് നേട്ടം ഉണ്ടാക്കാതെപോയപ്പോഴും ബിജെപി തിരിച്ചുവരുമെന്ന് പലരും പ്രതീക്ഷിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിൽ 7 ൽ ഒരു സീറ്റിൽ പോലും വിജയിക്കാനായില്ലെന്ന് മാത്രമല്ല നിയമസഭ മണ്ഡലങ്ങളിലൊരിടത്തും ഒന്നാമതെത്താനും പാർട്ടിക്ക് കഴിഞ്ഞില്ല. വോട്ടിങ് ശതമാനത്തിലും വലിയ തിരിച്ചടിയാണ് ആം ആദ്മിക്ക് നേരിടേണ്ടിവന്നത്. 

ഇതെല്ലാം കണക്കൂകൂട്ടിയാണ് പക്ഷെ ആം ആദ്മി പാർട്ടി നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങിയത്. കണക്കുകൂട്ടലുകൾ നടത്തി സ്ട്രാറ്റജി തയ്യാറാക്കാൻ രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ കൂടി ചേർന്നതോടെ ആം ആദ്മിയുടെ വാർ റൂം  സജീവമായി. ആഭ്യന്തര അന്വേഷണങ്ങളിലൂടെ വിജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ മാത്രം രംഗത്തിറക്കാനായിരുന്നു ആദ്യ തീരുമാനം. പ്രവർത്തനം പൊരെന്ന് തോന്നിയ എംഎൽഎമാരെയെല്ലാം ഒഴിവാക്കാനുള്ള കടുത്ത തീരുമാനമെടുത്തപ്പോൾ അൽക്ക ലാംബ അടക്കമുള്ള പ്രമുഖർക്ക് അടക്കം സീറ്റ് നഷ്ടമായി. പകരം വിജയ സാധ്യതയടക്കം പരിഗണിച്ചപ്പോൾ മറുപാർട്ടികളിൽ നിന്നെത്തിയവർക്കും സീറ്റ് നൽകി. അവരെയെല്ലാം വിജയിപ്പിച്ചെടുത്തുവെന്നത് ശ്രദ്ധേയമാണ്. അതേസമയം അൽക്കാ ലാംബയും കപിൽ മിശ്രയുമടക്കം ആം ആദ്മി വിട്ട് ബിജെപിയിലേക്കും കോൺഗ്രസിലേക്കുമെല്ലാം ചേക്കേറി മത്സരിച്ചവരാരും പച്ചതൊട്ടതുമില്ല. 

എല്ലാകാലവും ബിജെപിക്കൊപ്പം നിന്ന സിഖുകാരടക്കമുള്ളവർ ആം ആദ്മിയുടെ വരവോടെ കളം മാറിയതാണ് ബിജെപിക്ക് തിരിച്ചടിയായത്. സിഖ് വംശജരായ നേതാക്കളുടെ സാന്നിധ്യവും സിഖ് വോട്ടർമാരെ ആം ആദ്മിയിൽ വിശ്വാസമർപ്പിക്കാൻ പ്രേരിപ്പിച്ചു. 

പ്രചാരണരംഗത്ത് ജനകീയ വിഷയങ്ങളും രാഷ്ട്രീയവും പറഞ്ഞ് ആം ആദ്മി കളം പിടിച്ചപ്പോൾ വ്യക്തിഅധിക്ഷേപത്തിലും വർഗീയപ്രചാരണത്തിലും ബിജെപി ഊന്നിയതും കെജ്രിവാളിന് ഗുണകരമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ദേശിയ പ്രസിഡൻറ് ജെ പി നദ്ദയുമെല്ലാം എല്ലാദിവസവും ഡൽഹിയിലെ പ്രചാരണരംഗത്ത് അണിനിരന്നപ്പോൾ ആം ആദ്മിയെ നയിക്കാൻ കെജ്രിവാളും മനീഷ് സിസോദിയയും മാത്രമായിരുന്നു ഉണ്ടായത്. ക്രൌഡ് പുള്ളർമാരായ സ്റ്റാർ ക്യാപെയിനർമാരുടെ അഭാവമൊന്നും ആം ആദ്മിയെ ഒരുഘട്ടത്തിലും പിന്നിലാക്കിയില്ല. ആം ആദ്മി പാർട്ടി രൂപീകരിച്ചത് അണ്ണാ ഹസാരെയെ വഞ്ചിച്ചാണെന്ന പഴകി പിഞ്ഞിയ ആരോപണങ്ങളായിരുന്നു രാജ് നാഥ് സിങടക്കമുള്ള ചിലനേതാക്കളുടെ പ്രചാരണായുധം. 2013 ലും 2015 ലുമെല്ലാം ഡൽഹിക്കാർ തള്ളിക്കളഞ്ഞ ഈ വാദങ്ങൾ ഉയർത്തിപ്രചാരണം നടത്തുമ്പോളെ വോട്ടർമാരോട് പറയാൻ കാര്യമായ ഒന്നുംതന്നെ ഇല്ലെന്നത് വ്യക്തമായിരുന്നു. പിന്നാലെ വർഗ്ഗീയ പ്രചാരണങ്ങളുമായി ബിജെപി എംപിമാരും എംഎൽഎമാരും കേന്ദ്രമന്ത്രിയുമടക്കം രംഗത്തെത്തി. പലതവണ തെരഞ്ഞെടുപ്പ് കമ്മീഷൻ നേതാക്കൾക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തു. അതേസമയം കോൺഗ്രസാകട്ടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തലേന്നേ പരാജയം സമ്മതിച്ചനിലയിലായിരുന്നു. സ്ഥാനാർത്ഥി നിർണയം അവസാനം മാത്രം നടത്തി, അവസാന ദിസങ്ങളിൽ പ്രകടനപത്രിക പുറത്തിറക്കിയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനിറങ്ങിയത്. ഡൽഹിയിൽ തന്നെ സ്ഥിരതാമസമാക്കിയ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ സ്റ്റാർ നേതാക്കളെല്ലാം വീട്ടുപടിക്കലെ പ്രചാരണത്തിനിറങ്ങിയത് തന്നെ തിരഞ്ഞെടുപ്പിൻറെ അവസാനദിവസങ്ങളിലും. മൂർച്ചകുറഞ്ഞ, മുനതേഞ്ഞ കുറേ ആരോപണങ്ങൾ മാത്രമായിരുന്നു അവർക്കും ഉന്നയിക്കാനുണ്ടായിരുന്നത്. ചുരുക്കത്തിൽ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന, ജനങ്ങൾക്ക് അറിയേണ്ടകാര്യങ്ങൾ മാത്രം അവരാരും പറഞ്ഞില്ല, അതിനാൽ തന്നെ ജനം അവരെ നിഷ്ക്കരുണം നിരസിച്ചു.

2015 ലെ ആം ആദ്മി പാർട്ടിയുടെ മിന്നുന്ന വിജയം താൽക്കാലിക പ്രതിഭാസമാണെന്ന് വിലകുറച്ചുകണ്ടവർ നിരവധിയാണ്. അവരെയെല്ലാമാണ് വീണ്ടും അത്രതന്നെ സീറ്റുകൾ നേടി ഭരണത്തിലേക്ക് നടന്ന് കയറിയതിലൂടെ ആം ആദ്മി തെളിയിച്ചിരിക്കുന്നത്. ബിജെപിയടക്കമുള്ള പാർട്ടികളുടെ വാർ റൂമിനെ ചൂട് പിടിക്കുന്ന മുറിയാക്കി മാറ്റിയാണ് കെജ്രിവാൾ വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക് കയറുന്നത്. (കോൺഗ്രസ് എന്തായാലും ഡൽഹിയിലെ പരാജയത്തെകുറിച്ച് യാതൊരുവിധത്തിലുള്ള ചർച്ചകളും നടത്താനിടയില്ല. പാർലമെൻറ് തിരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് പോലും കാര്യമായ പരിശോധന നടത്തിയിട്ടില്ലാത്ത് മുഖ്യ പ്രതിപക്ഷമാണ് കോൺഗ്രസ് എന്നത് മറക്കരുത്.).

ഡൽഹിയിലെ തിളക്കമേറിയ വിജയത്തിന് ശേഷം ഇനി ആം ആദ്മി ഉന്നം വെക്കുന്നത് ദേശിയരാഷ്ട്രീയം തന്നെയാകും. ആം ആദ്മി ആസ്ഥാനത്ത് ഉയർന്ന ആ ബാനർ അതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇനി ബിഹാറും കടന്ന് ദേശിയ പാർട്ടി പദവി, പിന്നെ ദേശിയ തലത്തിൽ ബിജെപിക്ക് ബദലൊരുക്കാൻ കോൺഗ്രസ് ഇപ്പോൾ ഇരിക്കുന്ന കസേരയിലൊരിടം... അതാകും അരവിന്ദ് കെജ്രിവാളിൻറെ അടുത്ത ഉന്നം..