Search This Blog

Tuesday, 19 January 2016

സോളാർ കമ്മീഷൻറെ ഇടക്കാല റിപ്പോർട്ടിലെ രാഷ്ട്രീയം

സോളാർ ജുഡീഷ്യൽ കമ്മീഷനോട് പോലീസ് ഉദ്യോഗസ്ഥരും സരിതയും ജോപ്പനും എംഎൽഎമാരിൽ പലരും സഹകരിക്കുന്നില്ല. പിന്നെ എങ്ങനെ കമ്മീഷന് റിപ്പോർട്ട് കൃത്യസമയത്ത് നൽകാനാവും.
കമ്മീഷൻ ഇങ്ങനെ വേവലാതിപെടാൻ തുടങ്ങിയിട്ട് കാലമേറെയായിരുന്നു.
സരിതയെ ഏതോ അദൃശ്യശക്തി തടയുന്നു എന്നുവരെ കമ്മീഷൻ ആകുലപ്പെട്ടു. പൊലീസുകാർക്കുപോലും ജുഡീഷ്യല്ർ പവറുള്ള കമ്മീഷനോട് ഒരു കുട്ടികളിപോലെ.
ഒടുവിൽ സഹിക്കെട്ട കമ്മീഷൻ കക്ഷികളുടെ അഭിപ്രായംതേടാൻ എല്ലാകക്ഷികളോടും ഹാജരാകാൻ നിർദ്ദേശിച്ചു
എല്ലാവരും വന്നു, കമ്മീഷനെ ഇങ്ങനെ കൊച്ചാക്കിയാൽ എങ്ങനെ കാലാവധി തീരുമ്പോൾ റിപ്പോർട്ട് കൊടുക്കും.
അധികാരം ഉപയോഗിച്ച് നിസഹരണപ്രസ്ഥാനത്തിലെ എല്ലാസാക്ഷികളേയും അറസ്റ്റ് ചെയ്ത് കമ്മീഷനിൽ കൊണ്ടുവരണമെന്ന് ചിലകക്ഷികളുടെ അഭിഭാഷകർ.
ഇതുവരേയും ലഭ്യമായ മൊഴികളും തെളിവുകളും വെച്ച് ഇടക്കാലറിപ്പോർട്ട് സമർപ്പിക്കണമെന്ന് കുറേകക്ഷികൾ
അന്വേഷണം പകുതിപോലുമായിട്ടില്ല, അതിനാൽ ഇടക്കാലറിപ്പോർട്ട് ശരിയാവില്ലെന്ന് ചിലർ
ബാക്കിയെല്ലാം പിന്നെയാകാം എന്ന ഒരു ലൈൻ.
കക്ഷികളെല്ലാം അഭിപ്രായങ്ങൾ പറഞ്ഞു.
ഇടക്കാലറിപ്പോർട്ട് സംബന്ധിച്ച് നിയമസെക്രട്ടറി ഒരു നിർദ്ദേശവും നൽകിയിട്ടില്ല, അതിനാൽ സർക്കാർ അഭിഭാഷകന് അഭിപ്രായമേയില്ല

അങ്ങനെയെല്ലാം കേട്ട കമ്മീഷൻ ഒടുവിൽ ഉത്തരവിറക്കി
10 കഠിനമായ നിർദ്ദേശങ്ങളുള്ള ഏമണ്ടൻ ഒരെണ്ണം.
പ്രാധാനപ്പെട്ടത് ഇടക്കാല റിപ്പോർട്ട് ഇറക്കേണ്ട സാഹചര്യമേയിപ്പോഴില്ല.
സാക്ഷികൾ ഹാജരായില്ലേൽ അറസ്റ്റ് ചെയ്തും സ്വത്ത് കണ്ടുകെട്ടിയും ശിക്ഷാനടപടി സ്വീകരിക്കും.

ഇവരെല്ലാം കൃത്യമായി ഹാജരാകുന്നുവെന്ന് സർക്കാർ ഉറപ്പുവരുത്തണം, അത് സർക്കാരിൻറെ ഉത്തരവാദിത്വമാണ്.
കാലാവധി കഴിയുന്ന ഏപ്രിൽ 27 ന് മുമ്പ് തന്നെ അന്തിമറിപ്പോർട്ട് സമർപ്പിക്കും.
കേട്ടാൽ ഞെട്ടണം സർക്കാരും നാട്ടുകാരും,

ഞൊട്ടും
ഇത്രയും കാലം നടക്കാഞ്ഞത് ഇനിയങ് നടക്കും എന്നാണോ റിട്ട ജഡ്ജി ശിവരാജൻ വിശ്വസിക്കുന്നത് ?
ഇത്രയും കാലം കമ്മീഷന് ഉണ്ടായിരുന്ന അധികാരത്തിന് അപ്പുറത്തൊന്നും തന്നെ ഇപ്പോഴുമില്ല
കമ്മീഷനെ കുരങ്ങ് കളിപ്പിച്ച സാക്ഷികളേയും പ്രതികളേയുമെല്ലാം നേരത്തെ തന്നെ വേണെമങ്കിൽ കമ്മീഷന് അറസ്റ്റ് ചെയ്ത് വിസ്തരിക്കാമായിരുന്നല്ലോ, അതെന്തെ ചെയ്യാഞ്ഞേ?
ഇപ്പോൾ ഭാവിതീരുമാനിക്കാനുള്ള യോഗത്തിൽ വെച്ചാണോ അധികാരത്തെകുറിച്ച് കമ്മീഷന് ബോധവാനായത്?
ഇന്നലെവരെ ഒഴിവുകഴിവ് പറഞ്ഞ് കളിപ്പിച്ച സരിത ഇതോടെ കമ്മീഷന് മുമ്പാകെ ഓടിയെത്തുമെന്ന് കരുതാൻ എല്ലാവരും മണ്ടൻമാരാണോ?
സരിതയെ തടയുന്ന അദൃശ്യശക്തി ഈ ഉത്തരവോടെ മറഞ്ഞുപോകുമെന്നാണോയിനി?
ഒന്നും സംഭവിക്കില്ല.
കമ്മീഷൻറെ റിപ്പോർട്ട് തിരഞ്ഞെടുപ്പിന് മുമ്പ് വരാതിരിക്കാനാണല്ലോ അദൃശ്യശക്തികളെല്ലാം കിണഞ്ഞ് പണിയെടുക്കുന്നതും സരിതയ്ക്കും ജോപ്പനും പോലീസുകാർക്കുമെല്ലാം അസുഖങ്ങളും വിഘാതങ്ങളുമെല്ലാം മുറക്ക് സംഭവിക്കുന്നതും.
കമ്മീഷൻ ഇനി ഇടക്കാലറിപ്പോർട്ട് ഇറക്കണമെന്ന് സിപിഎം ആവർത്തിക്കുന്നതും തിരഞ്ഞെടുപ്പിന് ആയുധമാക്കാനാണല്ലോ.
ഇതുവരെ വന്ന മൊഴികളും തെളിവുകളുമെല്ലാം മാധ്യമങ്ങളിലൂടെ അറിഞ്ഞ നാട്ടുകാർക്കും ഏതാണ്ടൊക്കെ ധാരണയുണ്ടല്ലോ എന്തൊക്കെയാ സംഭവിച്ചേന്ന്
അപ്പോൾ കമ്മീഷൻ അതെല്ലാം റിപ്പോർട്ടാക്കി നൽകിയാലുള്ള അവസ്ഥ ദുരവസ്ഥയാകില്ലേ്, അതും തിരഞ്ഞെടുപ്പ് സമയത്ത്
അതൊന്നും അറിയാത്തവനല്ലല്ലോ ഉമ്മൻചാണ്ടിയും അദൃശ്യരും സാക്ഷാൽ കമ്മീഷനും
അതുകൊണ്ട്തന്നെയാണ് കമ്മീഷൻ ഇടക്കാല റിപ്പോർട്ടിൻറെ സാഹചര്യം നിലവിലില്ലെന്ന് അങ്ങ് പ്രഖ്യാപിച്ചത്
ഇനി ഏപ്രിൽ 27 ന് മുമ്പ് അന്തിമറിപ്പോർട്ട് സമർപ്പിക്കാമെന്നാണ് കമ്മീഷൻറെ വാഗ്ദാനം
അത് നടന്നത് തന്നെയെന്ന് ശരാശരി മലയാളി കരുതിയാൽ കുറ്റം പറയാൻപറ്റില്ല
കാരണം തെളിവെടുപ്പ് ഇനിയും ബാക്കിയുണ്ട്
30 പേരുണ്ട് ഇനിയും തെളിവെടുപ്പ് പട്ടികയിൽ
ദേഹാസ്വസ്ഥ്യത്തിന് ഇനിയും സാഹചര്യമുണ്ട്.
സരിത മൂക്കുത്തി അഴിച്ചിട്ടില്ല, അതിനാൽ തന്നെ മൂക്കിൽ നിന്ന് ഇനിയും രക്തം വരാം, കാലവസ്ഥ മോശമല്ലേ ജോപ്പന് ജലദോഷം ഇനിയും പിടിക്കാം, സരിതയുടെ യഥാർത്ഥ കത്ത് പിടിച്ചെടുക്കണം, ബിജുവിൻറെ സിഡി കണ്ടെത്തണം, ഉണ്ടെന്നും ഇല്ലെന്നും പറയപ്പെടുന്ന പെൻഡ്രൈവിൻറെ അവസ്ഥയന്വേഷിക്കണം. ലാപ്ടോപ് പരിശോധിക്കണം, കോൾ റെക്കോർഡ്സ് സംബന്ധിച്ച് അന്വേഷിക്കണോ വേണ്ടയോ എന്നതൊക്കെ തലക്ക് മീതെ കിടപ്പുണ്ട്.

ഇതിനെല്ലാം പുറമെ ഏപ്രിൽ 27 ന് അന്തിമറിപ്പോർട്ട് സമർപ്പിക്കണമെങ്കിൽ കുറഞ്ഞപക്ഷം ഫെബ്രുവരിയിലെങ്കിലും റിപ്പോർട്ട് തയ്യാറാക്കാൻ തുടങ്ങണം.
അതിനുമുമ്പ് മൊഴിയെടുക്കലും വിസ്തരിക്കലും തെളിവ് ശേഖരിക്കലും പരിശോധിക്കലുമെല്ലാം പൂർത്തിയാകുമെന്ന് വിശ്വസിക്കാനുള്ള സാഹചര്യവും ഇടക്കാലറിപ്പോർട്ടിനെന്നപോലെ നിലവിലില്ല.
ഇനി അന്തിമറിപ്പോർട്ടായികഴിഞ്ഞാൽ തന്നെ തിരഞ്ഞെടുപ്പ് വിജ്ഞാപനം നിലനിലക്കെ എങ്ങനെ ഈ റിപ്പോർട്ടിൽ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കാനാണ്?
തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നുകഴിഞ്ഞാൽ പിന്നെ നിലവിൽവരുന്നത് കാവൽ മന്ത്രിസഭമാത്രമാണ്. കാവൽ മന്ത്രിസഭയ്ക്ക് ഒന്നും തീരുമാനിക്കും നടപ്പാക്കാനും അധികാരമില്ല.
സർക്കാർ നിയമിച്ച കമ്മീഷനായതിനാൽ തന്നെ സർക്കാർ അറിയുന്നതിന് മുമ്പ് റിപ്പോർട്ട് പുറത്തുവിടാൻ കമ്മീഷനും സാങ്കേതികമായി ബുദ്ധിമുട്ടുണ്ടാകും.  

ചുരുക്കത്തിൽ കമ്മീഷൻ ഏപ്രിലിൽ നൽകാൻപോകുന്ന അന്തിമറിപ്പോർട്ടിനെ നിലവിലെ സർക്കാരിന് ഭയക്കേണ്ടതില്ല, അതൊരു നനഞ്ഞപടക്കമായി അലമാരയിൽ വിശ്രമിക്കും, കുറഞ്ഞപക്ഷം അടുത്തമന്ത്രിസഭ വരുന്നതുവരെയെങ്കിലും...
അതുതന്നെയല്ലേ ഉമ്മൻ ചാണ്ടി സർക്കാരും ആഗ്രഹിക്കുന്നത്.

കമ്മീഷൻറെ ഇടക്കാല റിപ്പോർട്ട് പ്രതീക്ഷിച്ചിരുന്ന ഇടതുപക്ഷം പ്ലിങിയപ്പോൾ ഇടക്കാലറിപ്പോർട്ട് ഇറക്കില്ലെന്ന് പ്രതീക്ഷിച്ച വലതുപക്ഷത്തിന് ഇപ്പോഴാണ് ശരിക്കും സൌരോർജ്ജം ലഭിച്ചത്.

കമ്മീഷൻ ഇതിലേത് പക്ഷത്ത്നിന്നാണാവോ പ്രതീക്ഷിച്ചേ എന്നസംശയം മാത്രം ബാക്കി...