കണ്ണഞ്ചിപ്പിക്കുന്ന
വമ്പൻ ഓഫറുകൾ നൽകി നമ്മുടെ വാങ്ങൽ മനസുകളിൽ ചാഞ്ചാട്ടം സൃഷ്ടിക്കുകയാണല്ലോ ഓൺ ലൈൻ
വിപണികൾ. ദീപാവലിയും ഓണവും ന്യൂ ഇയറും കൃസ്തുമസുമെല്ലാം എന്തിന് പ്രണയം പോലും കച്ചവടസാധ്യതയുള്ള
ആഘോഷങ്ങളായി മാറ്റിയെടുക്കുന്നതിൽ വിപണി എന്നേമാറ്റിയതാണ്. പണ്ട് നേരിൽ കടകളിൽ പോയിസാധനങ്ങൾ
വാങ്ങിയിരുന്നവരാണ് നമ്മൾ. എന്നാൽ ഇന്റർനെറ്റ് നമ്മുടെ ടേസ്റ്റുകൾ നിയന്ത്രിക്കുമ്പോൾ
വിപണിയും അതിനൊപ്പം ചേരുന്നു. ഉപ്പുമുതൽ കർപ്പൂരംവരെ സ്വീകരണമുറിയിൽ എത്തിക്കാൻ ഓൺലൈൻ
വിപണികൾ സജീവമാണ്. സ്നാപ് ഡീലും ഫ്ലിപ്പ്കാർട്ടും ആമസോണുമെല്ലാം ഇപ്പോൾ നമ്മുടെ നാരായണേട്ടന്റെയും
ബഷീർക്കാന്റേയുമെല്ലാം കടകൾക്ക് ബദലായി വളർന്നുകഴിഞ്ഞു. അതും നാരായണേട്ടനോ ബഷീർക്കായ്ക്കോ
സ്പനത്തിൽപോലും കരുതാനാകാത്ത വിലകിഴിവുമായി.
ഓഫറുകളുടെ മായാപ്രപഞ്ചം
ഓൺലൈൻ വിപണി അരങ്ങുവാഴുമ്പോൾ
പ്രത്യക്ഷത്തിൽ അത് നമുക്ക് നൽകുന്ന സൗകര്യങ്ങൾ ഏറെയാണ്. ഒന്നാമത്തേത് വിശ്വസിക്കാനാവാത്ത
വിലകിഴിവ് തന്നെ. സാധാരണ റീട്ടെയിൽ വ്യാപാരിക്ക് നൽകാനാവത്തത്ര വിലകുറവിലാണ് ഓൺലൈൻ
കച്ചവടക്കാര് സാധനങ്ങൾ വിറ്റഴിക്കുന്നത്. അത് ഇലക്ട്രോണിക്ക് ഉത്പന്നമായാലും ശരി
വസ്ത്രങ്ങളായാലും ശരി. ഈ വിലകുറവിനുപുറമെ ബോണസ് ഓഫറുകൾ വേറെയും. ഓഫർ വിലയ്ക്ക് പുറമെ
പ്രൊമോഓഫറുകളിലൂടെ വേറെയും വിലകുറവ്, ഇതിനുപുറമെ സൗജന്യമായി അനുബന്ധ ഉത്പന്നങ്ങൾ വേറെയും
തരും. ഇതിനെല്ലാം പുറമെ സൗജന്യമായി തന്നെ ചിലർ ഉത്പന്നം വീട്ടിലുമെത്തിക്കും. ചുരുക്കത്തിൽ
പണലാഭം, സമയലാഭം. വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ വിരലുകൾമാത്രം ഉപയോഗിച്ചുകൊണ്ട് സാധനങ്ങൾ
ഓർഡർചെയ്യാം, വാങ്ങാം. ഇതിനെല്ലാം പുറമെ ഓൺലൈൻ മാർക്കറ്റ് നൽകുന്നമറ്റൊരുഗുണം കൂടിയുണ്ട്.
ഉത്പന്നത്തിന്റെ വില മറ്റ് മാർക്കറ്റുകളുമായി താരതമ്യം ചെയ്യാനുംസാധിക്കും.
ലാഭമെടുപ്പിന്
പിന്നിൽ
ഓൺലൈൻ കച്ചവടക്കാർക്ക്
എങ്ങനെയാണ് ഇത്രയും ലാഭത്തിൽ അല്ലെങ്കിൽ വിലകുറവിൽ സാധനങ്ങൾ വിറ്റഴിക്കാനാവുന്നത്?
കാര്യം സിംപിൾ. റീട്ടെയിൽ കച്ചവടക്കാർ അമ്പതോ
നൂറോ യൂണിറ്റ് ഉത്പന്നം വാങ്ങുമ്പോൾ ഓൺലൈൻ കമ്പനികൾ വാങ്ങുന്നത് ആയിരമോ പതിനായിരമോ
യൂണിറ്റുകളാണ്. അത്രയും വലിയ പർച്ചേസ് നടത്തുമ്പോൾ ഈടാക്കുന്ന വിലയല്ല കുറവ് ഉത്പന്നമെടുക്കുന്ന
റീട്ടെയിലർക്ക് കമ്പനികൾ നൽകുന്നത്. ഉദാഹരണത്തിന് വിപണിയിൽ 10000 രൂപ വിലയുള്ള ടിവി
റീട്ടെയിലർ 100 എണ്ണം വാങ്ങുക ഒരെണ്ണത്തിന് 7500 രൂപയ്ക്കാണെങ്കിൽ ഓൺലൈൻ കച്ചവടക്കാരൻ
അത് 1000 എണ്ണം എടുക്കുക 5000 രൂപവെച്ചായിരിക്കും. റീട്ടെയിൽ കച്ചവടക്കാരൻ മാക്സിമം
1000 രൂപകുറച്ച് 9000 ത്തിന് വിൽക്കുമ്പോൾ ഓൺലൈൻ കച്ചവടക്കാർ അത് വിൽക്കുക 6000 ത്തിനോ
6500 നോ ആയിരിക്കും. സാധാരണക്കാരനും ഒപ്പം കച്ചവടക്കാരനും വൻലാഭം. റീട്ടെയിൽ കടയുടമ
45 ദിവസത്തെ ക്രഡിറ്റിന് കമ്പനിയിൽ നിന്ന് ഉത്പന്നം വാങ്ങുമ്പോൾ ഓൺലൈൻ കച്ചവടക്കാരങ്ങനെയല്ല
റൊക്കം പണം നൽകിയാണ് വാങ്ങുന്നത്. വലിയ തുക വിപണിയിലിറക്കി തുച്ചമായ വിലയ്ക്ക് സാധനങ്ങൾ
വാങ്ങിക്കൂട്ടുന്ന അവർക്ക് വമ്പൻ ഓഫറുകൾ നൽകി സാധാരണക്കാരനെ പാട്ടിലാക്കാനും എളുപ്പമാണ്.
നികുതിയിടിവ്
പക്ഷെ ഏതൊരുനാണയത്തിനും
രണ്ടുവശമെന്നത്പോലെ ഓൺലൈൻ വിപണിക്കുമുണ്ട് രണ്ടാമതൊരുവശം. സൗകര്യത്തിന്റേയും ലാഭത്തിന്റേയും
പേരിൽ നാം തിരഞ്ഞെടുക്കുന്ന ഓൺലൈൻ മാർക്കറ്റുകൾ തകർക്കുന്നത് നമ്മുടെ സമ്പത്ത് വ്യവസ്ഥതിതെയമാത്രമല്ല,
റീട്ടെയിൽ വ്യാപാരമേഖലയെകൂടിയാണ്. നമ്മുടെ രാജ്യത്തെ ഏറ്റവും നികുതികുറഞ്ഞ സംസ്ഥാനങ്ങളിൽ
രജിസ്റ്റർചെയ്താണ് മിക്കവരും പ്രവർത്തിക്കുന്നത്. ആമസോണിനെപോലുള്ള വൻകിടക്കാർ അമേരിക്ക
കേന്ദ്രീകരിച്ചാണ് പ്രവർത്തനം. നികുതികുറഞ്ഞ സംസ്ഥാനങ്ങളിലിരുന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക്
സാധനങ്ങൾ വിൽക്കുമ്പോൾ ആ സംസ്ഥാനങ്ങൾക്കാണ് നികുതിയിനത്തിൽ കോടികൾ നഷ്ടമാകുന്നത്. കേരളത്തിൽ
ഒരു സാധനം ഓൺലൈൻ മാർക്കറ്റുകൾ വിൽക്കുമ്പോൾ സർക്കാരിന് നികുതിയിനത്തിൽ നഷ്ടമാകുന്നത്
30% വരെയാണ്. ഇങ്ങനെ മറ്റ് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് കച്ചവടം നടത്തുന്നതിനെ സർക്കാരിന്
നിയമപരമായി ചെറുക്കാനാവില്ലയെന്നതാണ് വസ്തുത. സംസ്ഥാനത്ത് ഓൺലൈൻ കച്ചവടക്കാർ രജിസ്ട്രേഷൻ
എടുക്കണമെന്ന് സംസ്ഥാനസർക്കാർ കർശനനിർദേശം മുന്നോട്ടുവെച്ചെങ്കിലും തയ്യാറായത് ഓരു
കമ്പനിമാത്രമാണ്. ശേഷിക്കുന്നവർ കേരളത്തിലേക്കുള്ള സേവനം താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു.
പ്രതിവർഷം ആയിരക്കണക്കിന് കോടിരൂപയുടെ കച്ചവടം ഓൺലൈൻ മാർക്കറ്റുകളിലൂടെ പൊടിപൊടിക്കുമ്പോൾ
സർക്കാരിന്റെ നികുതിയിനത്തിലെ വരുമാനമാണ് കുത്തനെയിടിയുന്നത്.
റീട്ടെയിൽ മേഖല
നമ്മുടെ റീട്ടെയിൽ
കച്ചവടക്കാരെയും ഓൺലൈൻ മാർക്കറ്റുകളുടെ കടന്നുകയറ്റം ചില്ലറയായൊന്നുമല്ല പ്രതിസന്ധിയിലാക്കിയത്.
ഇലക്ട്രോണിക്ക് കച്ചവടക്കാരേയാണ് ഓൺലൈൻ വിപണി കൂടുതലും പ്രതിസന്ധിയിലാക്കിയത്. വിലകുറവ്തേടി
ഉപഭോക്താക്കൾ സാധനങ്ങൾ ഓൺലൈലിലൂടെ വാങ്ങാൻ തുടങ്ങിയതോടെ പലകച്ചവടക്കാരുടേയും കച്ചവടം
കുറഞ്ഞു. റീട്ടെയിൽ കച്ചവടം പ്രതിസന്ധിയിലായതോടെ ഈ രംഗത്തെ തൊഴിൽ സാധ്യതകളും ഇല്ലാതായി.
റീട്ടെയിൽ വ്യാപാരികളുമായി ഉപഭോക്താക്കൾക്ക് നേരിട്ട് ഇടപെടാനുള്ള സൗകര്യമുണ്ടായിരുന്നു.
അവർക്കിടയിൽ കച്ചവടത്തിലൂടെ ഉടലെടുക്കുന്ന ബന്ധം പക്ഷെ ഓൺലൈൻ കച്ചവടത്തിൽ നഷ്ടമാകുന്നുണ്ട്.
ഓൺലൈൻ സൈറ്റുകളിലൂടെ നമ്മൾ കച്ചവടം നടത്തുമ്പോൾ ഉപഭോക്താവ് ഇടപാട് നടത്തുന്നത് മറഞ്ഞിരിക്കുന്ന
കച്ചവടക്കാരനുമായാണ്. തീർത്തും അദൃശ്യനായ വ്യക്തിയാരാണെന്നോ എന്താണെന്നോ അറിയാതെയുള്ള
ഒരു ചൂതാട്ടം.
ഗുണമേൻമ
ഓൺലൈൻ മാർക്കറ്റിൽ
നിന്ന് വാങ്ങുന്ന സാധനങ്ങളുടെ ഗുണനിലവാരം പലപ്പോഴും ചോദ്യചിഹ്നമാണ്. ചെരുപ്പുകളും വസ്ത്രങ്ങളുമെല്ലാം
ഓൺലൈൻ മാർക്കറ്റിലുടെ ഓർഡർചെയ്തുവരുത്തുമ്പോൾ പലപ്പോഴും അളവുകളിൽ വ്യത്യാസം വരുന്നതായി
പരാതികൾ ഉയർന്നിട്ടുണ്ട്. ഓർഡർ ചെയ്ത ഷൂവിന് പകരം രണ്ട് പുസ്തകങ്ങൾ അയച്ചുനൽകിയും തട്ടിപ്പുകൾ
അരങ്ങേറി. പലപ്പോഴും ഇത്തരം മാർക്കറ്റിലൂടെ വാങ്ങിയ ഉത്പന്നങ്ങൾക്ക് വാറന്റിയോ ഗ്യാരന്റിയോ
ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. ഇത്തരം വിപണിയിലൂടെ വാങ്ങുന്നസാധനങ്ങളുടെ
ഗുണനിലവാരം ഉറപ്പുവരുത്താനുള്ള സംവിധാനങ്ങൾ ശക്തമാക്കേണ്ടത് അനിവാര്യമാണ്. തട്ടിപ്പ്
സംഘങ്ങളും ഓൺലൈൻ വിപണിയിൽ സജീവമാകുമ്പോൾ ഓൺലൈൻ വിപണിയെ തന്നെ നിയമംമൂലം നിയന്ത്രിക്കണമെന്ന
ആവശ്യം ശക്തമാണ്.
ബിഗ് ബില്ല്യൺ
ഡെ
ബിഗ് ബില്ല്യൺ ഡേ
എന്നപേരിൽ ഒറ്റദിവസം മാത്രം ഫ്ലിപ്പ്കാർട്ടും സ്നാപ് ഡീലും ആമസോണുമെല്ലാം ദീപാവലിയോടനുബന്ധിച്ച്
മാർക്കറ്റിൽ വിറ്റഴിച്ചതായി അവകാശപ്പെടുന്നത് ആയിരക്കണക്കിന് കോടിയുടെ സാധനങ്ങളാണ്.
എന്നാൽ അന്ന് ഫ്ലിപ്പ് കാർട്ട് ഉപഭോക്താക്കളെ കബളിപ്പിക്കുകയായിരുന്നുവെന്നവാദവും ശക്തമാണ്.
പലപ്പോഴും സൈറ്റുകളിൽ വിപണനം ആരംഭിക്കുമ്പോളോ സോൾഡ് ഔട്ട് എന്നപേര് പ്രത്യക്ഷപെടുകയായിരുന്നു.
സെക്കന്റിൽ 100 ലേറെ ഉത്പന്നങ്ങൾ വിറ്റുപോയതാണ് ഇതിനുകാരണമായി കമ്പനികൾ പറയുന്നത്.
ഇതിനുപുറമെ ഓർഡർ ചെയ്ത സാധനങ്ങൾ പണം മുടക്കിയവന് ലഭിച്ചില്ലെന്ന പരാതികളും ഉയർന്നു.
ഫെയ്സ് ബുക്കിലും മറ്റ് സോഷ്യൽ മീഡിയസൈറ്റുകളിലുമെല്ലാം ഫ്ളിപ്പ് കാർട്ടിനെ ഫ്ലോപ്പ്
കാർട്ടെന്ന് വിശേഷിപ്പിച്ചതും ഇതിന്റെ തുടർച്ചയായിരുന്നു.
സാധാരണക്കാർക്കിടയിലും
നല്ല സ്വീകാര്യത നേടിയതോടെ ഇപ്പോൾ പലഉത്പന്നങ്ങളും ഓൺലൈൻ മാർക്കറ്റിലൂടെമാത്രമാണ് വിൽപന
നടത്തുന്നത്. മോട്ടോറോളയുടെ പുതിയ മൊബൈൽ ഫോണുകളും ഗുഗിളിന്റെ മൊബൈലുമെല്ലാം ഉപഭോക്താവിനെതേടിയെത്തിയത്
ഓൺലൈൻ മാർക്കറ്റിങ് സൈറ്റുകളിലൂടെയാണ്.
അദൃശ്യനായ കച്ചവടക്കാരിൽ
നിന്ന് സാധനങ്ങൾ വാങ്ങാനാണ് നമ്മുടെ നവതലമുറക്കാർക്കും പഴയതലമുറക്കാർക്കുമെല്ലാം ഇപ്പോൾ
ഒരുപോലെ താൽപര്യമേറുകയാണ്. പുറത്തിറങ്ങി നേരം കളയേണ്ടതില്ലയെന്നതിനൊപ്പം സ്വന്തം മാളത്തിലൊതുങ്ങി
കൂടുകയെന്നതും ഇതിന് വഴിവെക്കുന്നുണ്ടാകാം.