Friday, 16 July 2010

ഇവരും ഭൂമിയുടെ അവകാശികളാണ്

ആനകളെ എത്രകണ്ടാലും ആര്‍ക്കും മതിവരില്ല
കരിമ്പനാണെങ്കിലും ആനയിങ്ങനെ മസ്തകവും കുലുക്കി പനയും പട്ടയുമൊക്കെ തിന്നുന്നത് കാണുന്നത് തന്നെ പറഞ്ഞറിയിക്കാന്‍ വയ്യാത്ത ഒരു അനുഭവമാണ്.
ആനയെകാണുമ്പോള്‍ അതിയായി സന്തോഷിക്കുന്ന ഒരു ശരാശരി മലയാളിയാണ് ഞാന്‍
എല്ലാദിവസവും ആനകളെ കാണാനായാല്‍ ഞാന്‍ കൂടുതല്‍ സന്തോഷവാനാകും


അതിനാല്‍തന്നെയാണ് വയനാട്ടിലെ കാടുകളിലൂടെ യാത്രചെയ്യുമ്പോള്‍
എന്‍റെ കണ്ണുകള്‍ ആനകള്‍ക്കായി തിരയുന്നതും

കുറ്റിക്കാടിനുള്ളില്‍ പതുങ്ങിനിന്ന് ഇളംമുളകള്‍ കടിച്ച് ചവച്ച് തിന്നുന്ന ആനകൂട്ടത്തെകാണുമ്പോള്‍ അവര്‍ എന്തിനേയോ ഭയക്കുന്നില്ലേ എന്ന് തോന്നിപോകാറുണ്ട്.


തങ്ങളുടെ സ്വൈര്യവിഹാരത്തിന് അലോസരമുണ്ടാക്കി കടന്നുവരുന്ന മനുഷ്യനെയാണ്

അവര്‍ ഭയക്കുന്നത് എന്ന് വ്യക്തം.
വാരിക്കുഴി തീര്‍ത്ത് തങ്ങളെ തങ്ങളുടെ ഉറ്റവരില്‍ നിന്നും ഉടയവരില്‍ നിന്നും
അടര്‍ത്തിമാറ്റി ഉത്സവപറമ്പിലേക്ക് വിലങ്ങും ചാര്‍ത്തി ആനയിച്ച് ആഘോഷിക്കുന്ന
ഈ മനുഷ്യനെന്ന കരുണയില്ലാത്തവര്‍ഗത്തെ അവര്‍ക്ക് പേടിയാണ്,


ആനകളുടെ മാത്രം കാര്യമല്ല ഇത്
മാനും കുരങ്ങും പുലിയുമെല്ലാം ഇന്ന് മനുഷ്യനെ പേടിച്ചാണ് കഴിയുന്നത്.
രാത്രികാലങ്ങളിലുള്ള ഇവയുടെ സഞ്ചാരം പലകാട്ടിനുള്ളിലും മനുഷ്യനെ ഭയന്നാണ്.
ഇരട്ടകുഴല്‍തോക്കുമായി പതിയിരിക്കുന്ന നായാട്ടുകാര്‍ക്ക് പുറമേ
കാട്ടിനുനടുവിലൂടെ പോകുന്ന റോഡിലൂടെ പാഞ്ഞുവരുന്ന വാഹനങ്ങളേയും ഭയക്കണം.

കോഴിക്കോട് - ബാംഗ്ലൂര്‍ ദേശിയപാത 212 ലൂടെ പാഞ്ഞ്പോയ ഒരുലോറി

ഒരിക്കല്‍ ചത്തച്ചരച്ചത് ഒരു പാവം ആനയുടെ ജീവിതമാണ്.
റോഡ് മുറിച്ചുകടക്കുകയായിരുന്ന പാവം കുട്ടികൊമ്പനെ ഇടിച്ചുതെറിപ്പിച്ച ലോറി
അവനെ വലിച്ചിഴച്ചുകൊണ്ടുപോയത് മീറ്ററുകളോളമാണ്.
ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല.
ഇത്തരത്തില്‍ നിരവധി മൃഗങ്ങളുടെ ജീവിതമാണ് കാടുകളിലെ റോഡുകളില്‍ ചതഞ്ഞരത് .

ഇതിനെതുടര്‍ന്നാണ് ദേശിയപാത 212 ലൂടെയുള്ള രാത്രികാല ഗതാഗതം നിരോധിച്ചത്.
കേരളത്തിനെ ഒന്നാകെ തടവിലാക്കുന്നതുപോലെയായി
ചാരാജ് നഗര്‍ ഡെപ്യൂട്ടി കമ്മീഷ്ണര്‍ മനോജ് കുമാര്‍ മീണയുടെ ഉത്തരവ്.
പക്ഷെ , കേരളത്തിന്‍റേയും ബാംഗ്ലൂരിലെ മലയാളികളുടേയും അഭ്യര്‍ത്ഥനമാനിച്ച്
കര്‍ണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ നിരോധനം നീക്കി.
പക്ഷെ, പരിസ്ഥിതി പ്രവര്‍ത്തകന്‍ നല്‍കിയ ഹര്‍ജിയിന്‍മേല്‍
കര്‍ണാടക ഹൈക്കോടതി നിരോധനം ശരിവെച്ചു
അതോടെ മൂലഹൊള മുതല്‍ മദൂര്‍ വരെയുള്ള 20 കിലോമീറ്റര്‍ ദൂരം രാത്രിയില്‍
വന്യജീവികള്‍ക്ക് സ്വന്തമായി.

ബദല്‍ സംവിധാനങ്ങള്‍ പലതും നിര്‍ദേശിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

ഗോണിക്കുപ്പ- കുട്ട – മാനന്തവാടി റോഡിലൂടെ ബദല്‍ യാത്രയാകാമെന്നായി കോടതി
പക്ഷെ കഷ്ടിച്ച് ഒരു ബസ്സിന് മാത്രം പോകാവുന്ന പൊട്ടിപൊളിഞ്ഞ റോഡിലൂടെ എങ്ങനെ ?
ആറ് മാസത്തിനുള്ളില്‍ ഇത് ഗതാഗതയോഗ്യമാക്കണമെന്നും ഹൈക്കോടതി കര്‍ണാടകത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും സ്ഥിതിയില്‍ വലിയ മാറ്റമൊന്നും വന്നിട്ടില്ല.
അതിനിടെ കര്‍ണാടക ഹൈക്കോടതിവിധിക്കെതിരെ കേരളം പരമോന്നതകോടതിയിലെത്തി.
കേസ് പരിഗണിക്കുന്നതിനുമുമ്പ് പ്രശ്നപരിഹാരത്തിന് ഇരുസംസ്ഥാനങ്ങളും ചേര്‍ന്ന് പദ്ധതിതയ്യാറാക്കാനും കോടതി നിര്‍ദ്ദേശം നല്‍കി.
ഇതിന്‍റെ ഭാഗമായി ബാംഗ്ലൂരിലേക്ക് കത്തയച്ചതല്ലാതെ നമ്മുടെസര്‍ക്കാര്‍ ഒന്നും ചെയ്തില്ല. രാത്രിയാത്ര നിരോധിക്കുമ്പോള്‍ കോടതി ഒരു ആനുകൂല്യം ഇരുസര്‍ക്കാരിനും നല്‍കിയിരുന്നു. അതായത്, 2 ബസ്സുകള്‍ വീതം ഇരുകൂട്ടര്‍ക്കും രാത്രിയില്‍ സര്‍വ്വീസ് നടത്താം.
കര്‍ണാടകം ഇത് പ്രയോജനപ്പെടുത്തി. പക്ഷെ, അവിടെയും കേരളം പിറകോട്ട് ഓടി.
കോടതി ഉത്തരവോടെ കഴിഞ്ഞ (2009) തിരുവോണ നാള്‍ മുതല്‍ രാത്രിയാത്ര ഇല്ലാതായി.
വനത്തിനുള്ളിലെ കര്‍ണാടകയുടെ ചെക്ക് പോസ്റ്റില്‍ ആയിരക്കണക്കിന് വരുന്ന സ്വകാര്യവാഹനങ്ങളും ചരക്ക് വാഹനങ്ങളും ബസ്സുകളുമെല്ലാം പെരുവഴിയിലായി. കൊടുവനത്തിനുള്ളില്‍ തണുത്തുവിറച്ച് വന്യജീവികളെ പേടിച്ച് എല്ലാവരും നേരം പുലരുന്നതും കാത്ത് കെട്ടികിടന്നു.
രാത്രി കാട്ടാനകള്‍ തങ്ങളുടെ വഴിമുടക്കി കിടന്ന വാഹനങ്ങളെ ആക്രമിക്കുകയും ചെയ്തു. ചരക്കുവാഹനങ്ങള്‍ വഴിയില്‍ കിടന്നതോടെ പച്ചക്കറിയും മറ്റും ചിലവേറിയതായിമാറി.
നിരോധനം വന്നശേഷം കാട്ടില്‍ വന്യജീവികളുടെ എണ്ണത്തില്‍ വര്‍ദ്ധന ഉണ്ടായിട്ടുള്ളതായി
ഇത് സംബന്ധിച്ച് ഈ കാലയളവില്‍ പഠനം നടത്തിയ സംഘടനകള്‍ പറയുന്നു.

പാറ്റയും ഈച്ചയും പുഴുവും എലിയുമെല്ലാം ഭൂമിയുടെ അവകാശികളാണ് എന്നത്

ബേപ്പൂര്‍ സുല്‍ത്താന്‍ പറഞ്ഞത് നാം അംഗീകരിക്കാന്‍ മടിക്കേണ്ടതില്ല.

നമ്മെ പോലെതന്നെ അവയും പ്രകൃതിയുടെ, ദൈവത്തിന്‍റെ സൃഷ്ടിയാണ്.
അവയ്ക്കും നമ്മെ പോലെതന്നെ സ്വതന്ത്രമായി അവരുടെ വാസസ്ഥലത്ത് താമസിക്കാന്‍
അര്‍ഹതയുണ്ട്.
നമ്മുടെ വീട്ടിനകത്തൂടെ നാട്ടുകാര്‍ ഇടയ്ക്കിടയ്ക്ക് കയറിയിറങ്ങിയാല്‍
നമ്മുടെ സ്വകാര്യ ജീവിതം എത്രമാത്രം ദുസ്സഹമാകുമെന്ന് നമുക്ക് ഊഹിക്കാവുന്നതല്ലേ?
അതുമാത്രമാണ് വന്യജീവികളുടെ കാര്യത്തിലും സംഭവിക്കുന്നത്.


നമ്മെ പോലെ വന്യജീവികളും ഭൂമിയുടെ അവകാശികളാണെന്ന് അംഗീകരിച്ച് അവരെ സ്വൈര്യമായി ജീവിക്കാന്‍ എന്തുകൊണ്ട് നമുക്ക്അനുവദിച്ചുകൂട?


2 comments:

  1. ആനകളെ എത്രകണ്ടാലും ആര്‍ക്കും മതിവരില്ല
    കരിമ്പനാണെങ്കിലും ആനയിങ്ങനെ "മസ്തിഷ്ക്ക"വും കുലുക്കി ......
    സനൂബെ .ആനയുടെ "മസ്തിഷ്ക്കം" അല്ലാ ആനയുടെ മസ്തകം ആണ്

    ReplyDelete