ഭൂമിയിലെ പറുദീസയിലേക്ക് (കാശ്മീർ - പാർട്ട് 1 )


സ്വപ്നങ്ങൾ അത് യാഥാർത്ഥ്യമാകുമ്പോൾ അനുഭവിക്കുന്ന സന്തോഷം അനിർവചനീയമാണ്. കശ്മീരിലേക്കുള്ള യാത്ര എന്നത് ഏറെകാലത്തെ സ്വപ്നമായിരുന്നു. ഒന്നരപതിറ്റാണ്ടോളം കാത്തിരുന്നശേഷമാണ് താഴ്വരയിലേക്കുള്ള യാത്രയെന്ന സ്വപ്നം യാഥാർത്ഥ്യമായത്. കശ്മീരെന്നത് സ്വപ്നകേന്ദ്രമായി മാറിയത് ബിരുദ്ദപഠന കാലത്താണ്. ബിരുദ്ദത്തിന് ട്രാൻസിലേഷൻ പ്രൊജക്ടായി കശ്മീരിലെ പ്രശ്നങ്ങൾ തിരഞ്ഞെടുത്തതോടെ മനസിൽ കയറി കൂടിയതാണ് കശ്മീരികളും ദാൽ തടാകത്തിലെ ശിക്കാരകളും ചിനാർ മരങ്ങളുമെല്ലാം.

ചിനാർ ഇലകൾ
എല്ലാതവണയും കോളേജിൽ പോകുമ്പോൾ ഗീത മിസ്സ് ചോദിക്കുമായിരുന്നു കശ്മീരിൽ പോയോ എന്ന്. ഡിഗ്രിക്ക് പ്രൊജക്ടായി ആദ്യം ചെയ്തു തുടങ്ങിയത് പ്രിയപ്പെട്ട എഴുത്തുകാരി മാധവികുട്ടിയുടെ ഒറ്റയടിപാത എന്ന ഓർമക്കുറിപ്പുകളായിരുന്നു. ഏതാണ്ട് കുറേ ചെയ്തശേഷമാണ് സ്വന്തം സൃഷ്ടി തന്നെ വിവർത്തനം ചെയ്യാൻ തീരുമാനിച്ചത്. ആരാണ് ആ ആശയം ആദ്യമായി മുന്നോട്ടുവെച്ചതെന്ന് ഓർമയില്ല. ആ സമയത്ത് കശ്മിരിലെ പ്രശ്നങ്ങളെ കുറിച്ച് യാദൃശ്ചികമായി സംസാരിച്ചത് ജേർണലിസം അധ്യാപിക സുലഭമിസ്സായിരുന്നു. അന്ന് കാണാത്ത കശ്മീരിനെ കുറിച്ച് എഴുതാൻ ഏറെ സഹായകമായത് ഗീതമിസ്സ് കൊണ്ടുത്തന്ന പുസ്തകങ്ങൾ തന്നെയായിരുന്നു. പാലക്കാട് മുൻ എംപി കൂടിയായ ഭർത്താവ് എൻ.എൻ കൃഷ്ണദാസ് കശ്മീരിൽ പാർലമെൻററി സമിതിക്കൊപ്പം പോയപ്പോഴത്തെ അനുഭവങ്ങളും റിപ്പോർട്ടുകളുടെ പകർപ്പുകളുമെല്ലാം ടീച്ചർ കൊണ്ടുതന്നു. അനുജത്തിയുടെ കശ്മീർ യാത്രവിശേഷങ്ങളും പങ്കുവെച്ച് കശ്മീരിൻറെ നല്ലചിത്രം മനസിൽ കോറിയിട്ടത് ഗീതമിസ്സായിരുന്നു.

പിന്നീട് കശ്മീരിനെ കുറിച്ച് മുറിവേറ്റ പക്ഷി എന്നപേരിൽ ഫീച്ചറെഴുതുകയും ബ്രൂയിസ്ഡ് ബേർഡ് എന്നപേരിൽ ടീച്ചർമ്മയായ ശശികലമിസ്സിൻറെ മേൽനോട്ടത്തിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തപ്പോൾ മുതലുള്ള ആഗ്രഹമായിരുന്നു ആ പറുദീസ കാണണമെന്ന്, പറുദീസയിലെ ജനങ്ങളെ അടുത്തറിയണമെന്ന്.

ഡൽഹിയിലേക്ക് ട്രാൻസഫറായി പോരുമ്പോൾ ഇനി നോർത്ത് ഇന്ത്യയിൽ ഒന്നു കറങ്ങണം എന്ന് പഴയ സഹപ്രവർത്തകൻ നോബിൾ പറഞ്ഞപ്പോഴും കശ്മീരെന്ന പേര് തന്നെ നാവിൽ വന്നത് ഒട്ടും യാദൃശ്ചികമാവില്ല, മനസിലെ വലിയ സ്വപ്നങ്ങളിലൊന്ന് പുറത്തേക്ക് വന്നതാകാനേ വഴിയുള്ളു.

യാത്രയെ കുറിച്ച് ശശികല മിസ്സിനോടും ഗീതമിസ്സിനോടും വിളിച്ച് പറഞ്ഞപ്പോൾ അവരുടെ സന്തോഷം വല്ലാത്ത ഊർജ്ജമാണ് പകർന്നത്. ഞാൻ കാശ്മീരിൽ പോകുകയെന്നത് എൻറെ മാത്രം സ്വപ്നം മാത്രമല്ലെന്നും അത് ആഗ്രഹിക്കുന്ന പലരുമുണ്ടെന്ന അറിവ് വല്ലാത്ത സന്തോഷമാണ് പകരുന്നത്. നമ്മുടെ സ്വപ്നങ്ങൾ നമുക്കൊപ്പം കാണാൻ കഴിയുന്ന കുറച്ചുപേരെങ്കിലും ചുറ്റുമുണ്ടെന്നത് വലിയകാര്യമാണ്, പ്രത്യേകിച്ച് ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷിച്ച പലരും ആ പ്രതീക്ഷ തെറ്റിക്കുമ്പോൾ...

കശ്മീരിലെ സുഹൃത്ത് ഫിർദൌസ് വഴി കശ്മീരിൽ എല്ലാസൌകര്യങ്ങളും ഒരുക്കിയിരുന്നു. ഫിർദൌസിൻറെ കസിൻ ബ്രദർ ഹോട്ടലും വാഹനവുമെല്ലാം തലേന്ന് തന്നെ റെഡിയാക്കിയിരുന്നു. വാർത്തകൾക്കപ്പുറത്തേക്ക് ഒരു യാത്ര നടത്തുന്നത് ഏറെ കാലത്തിനുശേഷമാണ്. ഒന്നും പ്ലാൻ ചെയ്യാതെ നടത്തുന്ന പതിവ് യാത്രകളിൽ നിന്ന് തീർത്തും വ്യത്യസ്ഥമാവുകയാണ് കശ്മീരിലേക്കുള്ള യാത്ര.

ഗർ ഫിർദോസ്, റുഹെ സമീൻ അസ്ത്, ഹമീൻ അസ്തോ, ഹമീൻ അസ്തോ, ഹമീൻ അസ്ത്...” ("Gar firdaus, ruhe zamin ast, hamin asto, hamin asto, hamin ast...")
ഭൂമിയിൽ ഒരു സ്വർഗമുണ്ടെങ്കിൽ അതിവിടിയൊണ്...അതിവിടെയാണ്...അതിവിടെയാണ്...

നമ്മുടെ കൊച്ചുകേരളം ദൈവത്തിൻറെ സ്വന്തം നാടാണെങ്കിൽ കശ്മീർ ദൈവത്തിൻറെ പറുദീസയാണ്. പൂന്തോട്ടങ്ങളും അരുവികളും മലകളും മഞ്ഞുപാളികളും തടാകങ്ങളും നദികളുമെല്ലാം നിറഞ്ഞ് നിൽക്കുന്ന പറുദീസ....

ശ്രീനഗർ വിമാനത്താവളം
സഞ്ചാരികളുമായി നീങ്ങുന്ന ദാൽ നദിയിലെ ഷിക്കാരകൾ... ഝലം നദിയിലൂടെ പൂക്കളുമായി ഒഴുകിയെത്തുന്ന കൊച്ചുവള്ളങ്ങൾ... ജഹാംഗീറിൻറെ പൂന്തോട്ടത്തിൽ പുഞ്ചിരിതൂകി നിൽക്കുന്ന പൂക്കൾ... കോടമഞ്ഞിൻറെ പുതപ്പണിഞ്ഞ് നിൽക്കുന്ന ചിനാർ മരങ്ങൾ.... പൈൻ മരങ്ങൾ നിരയിട്ട ഹിമാലയനിരകൾ.... മഞ്ഞുമലകളിൽ നിന്ന് ഊർന്നിറങ്ങുന്ന അരുവികൾ.... ഇരമ്പിയെത്തുന്ന സിന്ധുനദി... തണുപ്പിനെ വെല്ലാൻ വലിയ ഉടുപ്പും ധരിച്ച് നീങ്ങുന്ന കശ്മീരികൾ... ആടിനെ മേയ്ച്ച് നടക്കുന്ന ഇടയൻമാർ...  ഇടയിൽ ഉയരുന്ന അശാന്തിയുടെ വെടിയൊച്ചകൾ, രക്തചൊരിച്ചിലുകൾ....
താഴ്വരയുടെ വിവിധ ഭാവങ്ങൾ മനസിലൂടെ മിന്നൽ വേഗത്തിൽ കടന്നുപോയി.

ആഗ്സറ്റിലെ ആദ്യ ഞായറാഴ്ച്ച രാവിലെയാണ് ശ്രീനഗറിലെ സൈനിക വിമാനത്താവളത്തിൽ സുഹൃത്ത് നോബിളുമൊത്ത് വന്നിറങ്ങിയത്. മനസ് വല്ലാതെ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു. പുറത്ത് പക്ഷെ കരുതിയത് പോലെ തണുപ്പില്ല, നല്ല ചൂട്. കശ്മീരിൻറെ തണുപ്പ് മാഞ്ഞുതുടങ്ങിയത്പോലെ.

വിമാനത്താവളത്തിന് പുറത്ത് കാറുമായി മെഹ്റാജ് ഉണ്ടായിരുന്നു. രാജ്ബാഗിലെ ഹോട്ടലിലിലേക്കുള്ള വഴിനീളെ ചിനാർമരങ്ങൾ തലയുയർത്തി നിൽക്കുന്നു. 5 വിരലുകളുള്ള ചിനാറിൻറെ ഇലയാണ് കശ്മീരിൻറെ അടയാളം. തണുപ്പെത്തുമ്പോഴേക്കും ചിനാർ ഇലകളുടെ നിറം മഞ്ഞയാകും അതോടെ ചിനാറിൻറെ ഭംഗിയും ഇരട്ടിയാകും. ഞായറാഴ്ച്ചയായതിനാൽ കടകളെല്ലാം അവധിയാണ്, ആളുകളുടെ തിരക്കും കുറവ്. അകലെ മലഞ്ചെരുവുകളിലും കുന്നിൻമുകളിലുമെല്ലാം പൈൻ മരങ്ങളും വരിവരിയായി നിൽക്കുന്നു.

യാത്ര ഓരോ 10 മീറ്റർ പിന്നിടുമ്പോളും നിറതോക്കുകളുമായി സൈനികരും അർദ്ധസൈനികരും ജമ്മു ആൻറ് കശ്മീർ പോലീസുമെല്ലാം. ജങ്ഷനുകളിലും സിഗ്നലുകളിലുമെല്ലാം പൊലീസിൻറെ പരിശോധനകൾ. എപ്പോഴും പതിയിരിക്കുന്ന ആക്രമണത്തെ അവർ പ്രതീക്ഷിക്കുന്നുണ്ട്. റോഡിലും ഇടവഴികളിലും കുന്നിനുമുകളിലുമെല്ലാം എകെ 47 ഉം വെടിയുണ്ടകളുമായി അവർ കരുതലോടെ നിൽക്കുന്നു. റോഡിലൂടെ സൈനിക വാഹനങ്ങൾ ഇടതടവില്ലാതെ നീങ്ങികൊണ്ടേയിരുന്നു. മുഴുവനും മറച്ചുകെട്ടിയ സൈനികവാഹനങ്ങളിലൂടെ തോക്കിൻ കുഴലുകൾ മാത്രം പുറത്തേക്ക് നീണ്ടു നിൽക്കുന്നത് കാണാം, അടുത്തെത്തുമ്പോൾ സൂക്ഷിച്ച് നോക്കിയാൽ ജാഗ്രതയോടെ നോക്കുന്ന 2 കണ്ണുകളും കാണാം.

സിഗ്നലുകളിൽ യാചിക്കുന്ന കുറേ കുട്ടികൾ. അവരാരും കശ്മീരികളല്ലെന്ന് മെഹ്റാജ് പറഞ്ഞു. ശരിയാണ്. കശ്മീരികളുടെ തുടുത്ത കവിളുകളോ നിറമോ അവർക്കില്ല. ഇവരെല്ലാം ഉത്തരേന്ത്യയിൽ നിന്ന് ഭിക്ഷയെടുക്കാനായി എത്തിയവരാണ്. അവരെ കണ്ടപ്പോഴെ കാറിൻറെ ഗ്ലാസ് അടച്ചു മെഹ്റാജ്. ഭിക്ഷചോദിച്ചെത്തിയ കുട്ടിക്ക് പൈസ കൊടുക്കാനായി നീട്ടിയപ്പോൾ ഗ്ലാസ് തുറക്കാൻ മെഹ്റാജ് ആദ്യം വിസമ്മതിച്ചു. ഗ്ലാസ് തുറക്കുന്ന സമയം കൊണ്ട് വണ്ടിക്കുള്ളിലെ എന്തെങ്കിലും മോഷ്ടിച്ച് അവരോടിയൊളിക്കുന്നത് പതിവാണത്രേ. കശ്മീരിലെത്തുന്ന സഞ്ചാരികളെ ഇത്തരം കാഴ്ച്ചകൾ അലോസരപ്പെടുത്തുമെന്നും മെഹ്റാജ്. കശ്മീരികൾ ആരും ഇത്രദരിദ്രരല്ലെന്നും എല്ലാവരും നന്നായി ജോലി ചെയ്തു ജീവിക്കുന്നവരുമാണെന്ന് മെഹ്റാജ് കൂട്ടിച്ചേർത്തു.

മെഹ്റാജ് ആയിരുന്നു പിന്നീടങ്ങോട്ട് ഞങ്ങളുടെ സാരഥി. ആള് നല്ല മസിൽമാനാണ്. ബോഡി ബിൽഡിങ്ങും ക്രിക്കറ്റുമാണ് ഇഷ്ടവിനോദങ്ങൾ. ഒരു ലക്ഷം രൂപ പ്രൈസ് മണിയുള്ള ക്രിക്കറ്റ് മത്സരം ഉപേക്ഷിച്ചാണ് മെഹ്റാജ് ഇന്ന് ഞങ്ങൾക്കൊപ്പം വന്നത്. ഇടക്കിടെ കളിയുടെ അപ്ഡേറ്റ്സുമായി വിളിവരും മെഹ്റാജിന്. ഫിർദൌസിൻറെ പ്രത്യേകതാൽപര്യപ്രകാരമായിരുന്നു മെഹ്റാജ് ഞങ്ങൾക്കൊപ്പം വന്നത്.
നോബിളുമൊത്ത് ഹോട്ടലിന് മുന്നിൽ

വിമാനത്താവളത്തിൽ നിന്ന് 20 മിനുട്ട് യാത്രയുണ്ട് ഹോട്ടലിലേക്ക്. ഝലം നദി മുറിച്ച് കടന്നുവേണം ഹോട്ടലിലെത്താൻ. ഝലം നദിയിൽ നിറയെ ഹൌസ് ബോട്ടുകൾ നിരന്നുകിടപ്പുണ്ട്. പക്ഷെ അവയെല്ലാം വീടുകളാണ്. വിനോദസഞ്ചാരികളെ കാത്ത് കിടക്കുന്ന ഹൌസ് ബോട്ടുകളല്ല. പഴയ ഹൌസ് ബോട്ടിൽ ഒരു കുടുംബം സുഖമായി കഴിയുന്നു.

രാജ്ബാഗിലെ കെ 2 ഇൻ എന്ന ഹോട്ടലിലാണ് താമസം. നല്ല മുറികൾ. അൽപം വിശ്രമിച്ചശേഷം ആദ്യദിവസത്തെ കാഴ്ച്ചകളിലേക്ക്.

(തുടരും

Comments

Post a Comment