Saturday 30 September 2017

മുഗളൻറെ തോട്ടങ്ങളും ചിനാറിൻറെ തണലും... (കശ്മീർ - പാർട്ട് 2)


ശ്രീനഗറിലെ കാഴ്ച്ചകളിലേക്കാണ് ആദ്യം.
മുഗളൻറെ പൂന്തോട്ടങ്ങളും ദാൽ തടാകവും ഝലം നദിയും അതിരിടുന്ന ശ്രീനഗർ. വാർത്തകളിൽ ടൂറിസത്തേക്കാൾ തീവ്രവാദി ആക്രമണങ്ങളാൽ ഇടം നേടിയ സ്ഥലനാമം.
ജമ്മു കശ്മീരിൻറെ വേനൽക്കാല തലസ്ഥാനഗരമാണ് ഇത്. ഝലം നദിയുടെ അരികുചേർന്ന് ഒട്ടും സ്വച്ഛമല്ലാതെ കിടക്കുന്ന നഗരം. മറ്റ് സംസ്ഥാനതലസ്ഥാനങ്ങളെപോലെ അത്ര തിരക്കേറിയതല്ല ശ്രീനഗർ. സാധാരണക്കാരേക്കാൾ കൂടുതൽ സൈനികയൂണിഫോമിലുള്ളവർ വാഴുന്ന നഗരം. തെരിവുകളിലെല്ലാം തലങ്ങും വിലങ്ങും ഓടുന്ന സൈനികവാഹനങ്ങൾ. നീട്ടിപിടിച്ച തോക്കുകളുമായി സധാജാഗരൂകരായി നിലയുറപ്പിച്ചിരിക്കുന്ന സൈനികരും അർദ്ധസൈനികരും പൊലീസും. വന്നിറങ്ങുന്ന ആരിലും ഭയം വിടർത്താൻ ഉതകുന്ന കാഴ്ച്ചകൾ.  ഭയപാടില്ലാതെ ശ്രീനഗറിൽ വന്നെത്തുന്നവർ വിരളമാണെന്ന് മെഹ്റാജ് പറഞ്ഞു. കൂട്ടത്തിൽ ഒരു ചോദ്യവും
നിങ്ങളുടെ മനസിൽ കശ്മീരിലേക്ക് വരുമ്പോൾ എന്തായിരുന്നു വികാരം?
ഒട്ടും ശങ്കിക്കാതെ പേടിയെന്ന് നോബിൾ.
ശരിയാണ് വാർത്തകൾ കാണുന്ന ഏതൊരു ആളുടേയും വികാരം മറിച്ചാകില്ല.
90 കളുടെ അവസാനം മുതൽ കശ്മീർ അശാന്തിയുടെ താഴ്വരയാണ്. ഒരിക്കലും നിലച്ചിട്ടില്ലാത്ത വെടിയൊച്ചകൾ, സ്ഫോടനങ്ങൾ,കൊലപാതകങ്ങൾ, മനുഷ്യാവകാശലംഘനങ്ങൾ....
47 ലെ വിഭജനവും അതിനുശേഷം ഇന്ത്യയുടെ ഭാഗമായി നിന്നതിൻറേയും ബാക്കിപത്രമാണ് ഈ അശാന്തി.

ഓരോദിവസവും കശ്മീരിൻറെ പുലരി പിറന്നിരുന്നത് പല വീടുകളിൽ നിന്നുള്ള പൊട്ടിക്കരച്ചിലുകളോടെയായിരുന്നു. എന്നും ആരെങ്കിലുമൊക്കെ കശ്മീരിൽ കൊല്ലപ്പെട്ടുകൊണ്ടിരുന്നു. ചിലപ്പോൾ സൈന്യത്തിൻറെ വെടിയേറ്റ്, അല്ലെങ്കിൽ തീവ്രവാദികളുടെ വെടിയേറ്റ്... ഝലം നദിയുടെ ഏതെങ്കിലും തീരത്ത് വെടിയുണ്ടയേറ്റ് തുളഞ്ഞ്, രക്തത്തിൽ കുളിച്ച ശവശരീരങ്ങൾ നിത്യകാഴ്ച്ചകളായിരുന്നു. മരിച്ചവരുടെ പേരുകൾക്ക് മാത്രമായിരുന്നു മാറ്റം, മരണകാരണങ്ങൾക്കില്ലായിരുന്നു.

ദിവസങ്ങൾ പഴക്കമുള്ള അജ്ഞാതയുവാക്കളുടെ ജഡങ്ങൾ ഝലത്തിൻറേയും ദാലിൻറേയും തീരത്ത് അടിഞ്ഞുകൂടുന്നത് ഇപ്പോൾ പഴയത്പോലെ നിത്യകാഴ്ച്ചയല്ല. പക്ഷെ കശ്മീരിലെ പ്രശ്നങ്ങൾ മാത്രം അവസാനിച്ചില്ല. ഝലത്തിലൂടെ ഒഴുകിപോയ വെള്ളത്തിനൊപ്പം കശ്മീർ ജനതയുടെ മനസ് ഒഴുകിപോയില്ല, മറിച്ച് ഇന്ത്യൻ സർക്കാരിൻറെ നിലപാടുകൾക്കെതിരെ അവർ കൂടുതൽ മുഖം കടുപ്പിച്ചു. അല്ലെങ്കിൽ രാജ്യം അവരോട് സ്വീകരിച്ച രാഷ്ട്രീയനിലപാടുകൾ അവരെ അകറ്റിക്കളഞ്ഞു. അതിനാൽ തന്നെ സൈനികരെ കാണുമ്പോൾ പലപ്പോഴും കശ്മീരികൾ മുഖം തിരിക്കും, പ്രതിഷേധിക്കും. അനന്ത്നാഗിലും ബന്ദിപ്പോരിലും അവർ സൈന്യത്തിന് നേരെ കല്ലെറിയും.
ഈ ചിത്രങ്ങളൊക്കെ മതി ശരാശരി മനുഷ്യനെ കശ്മീരിനെ ഭയത്തോടെ കാണാൻ. കശ്മീരിലേക്ക് തിരിക്കുംമുമ്പ് ആയിരംവട്ടം ചിന്തിപ്പിക്കാൻ.

നോബിളിൻറെ മറുപടിയിൽ മെഹ്റാജിന് അത്ഭുതം തോന്നിയില്ല. എന്നാൽ ഇതൊന്നുമല്ല കശ്മീരും കശ്മീരികളുമെന്ന് എല്ലാകശ്മീരികളെ പോലെ മെഹ്റാജും പറഞ്ഞു, ഒരുപക്ഷെ അത് കേൾക്കുന്നവൻ ഉൾക്കെള്ളാനിടയില്ലെന്ന തോന്നലോടെതന്നെയാകാം മെഹ്റാജ് ഇതെല്ലാം പറയുന്നത്. കശ്മീരെന്തെന്ന് മടങ്ങും മുമ്പ് നിങ്ങൾ മനസിലാക്കുമെന്ന് പറയുമ്പോൾ മെഹ്റാജിൻറെ കണ്ണിൽ വലിയ പ്രതീക്ഷയുണ്ടായിരുന്നു.
 
തെക്കേയിന്ത്യക്കാരെ, പ്രത്യേകിച്ച് കേരളീയരെ, കശ്മീരികൾക്ക് വലിയ കാര്യമാണ്. മെഹ്റാജ് ആവർത്തിച്ചുകൊണ്ടിരുന്നു. അതേസമയം ഹിന്ദിക്കാരെ – ഉത്തരേന്ത്യക്കാരെ – തീരെ ഇഷ്ടമല്ല. കാരണമുണ്ട്. തെക്കേയിന്ത്യയിൽ നിന്നെത്തുന്നവർ, പ്രത്യേകിച്ച് കേരളത്തിൽ നിന്നുള്ളവർക്ക് വിവരമുണ്ട്, വിദ്യാഭ്യാസമുണ്ട്. അതിനാൽ തന്നെ പ്രശ്നവും കാര്യങ്ങളും മനസിലാക്കാൻ, ഉൾക്കൊള്ളാൻ അവർ തയ്യാറാകും. എന്നാൽ ഉത്തരേന്ത്യക്കാരങ്ങനെയല്ല. ദേശിയതയുടെ പേരിൽ എന്ത് കള്ളവും പ്രചരിപ്പിക്കുന്നവരാണ് അവർ. ദേശിയചാനലുകളാണ് കശ്മീർ പ്രശ്നത്തെ വളച്ചൊടിച്ച് കശ്മീരികളെ ദേശദ്രോഹികളാക്കി മുദ്രകുത്തുന്നതെന്നാണ് മെഹ്റാജ് പറയുന്നത്. മെഹ്റാജിന് മാത്രമല്ല ഈ അഭിപ്രായമെന്ന് പിന്നീടുള്ള ദിവസങ്ങളിൽ മനസിലായി. ഒരളവ് വരെ ശരിയാണ്. കശ്മീരിലെ ചെറിയ പ്രതിഷേധങ്ങൾ പോലും വലിയ വാർത്തയാക്കുന്ന ദേശിയമാധ്യമങ്ങൾ പക്ഷെ ഇവരുടെ യഥാർത്ഥ വിഷയത്തെ ഉയർത്തിക്കാട്ടുന്നില്ല. എന്തുകൊണ്ട് ഇവർക്ക് ഇത്തരത്തിൽ പ്രതികരിക്കേണ്ടിവരുന്നു, അല്ലെങ്കിൽ എന്തുകൊണ്ട് ഇവരിൽ നഷ്ടമായ വിശ്വാസം തിരികെ കൊണ്ടുവരാൻ ആകുന്നില്ലയെന്നത് ചർച്ചയാകേണ്ടതാണ്.


വണ്ടി മെല്ലെ ശ്രീനഗറിൻറെ പ്രധാനടൌണായ ലാൽ ചൌക്ക് പിന്നിട്ട് മുന്നോട്ട് നീങ്ങുകയാണ്. പ്രതാപ് പാർക്കിനരികിലേക്കാണ് യാത്ര. അവിടെ ഫിർദൌസ് കാത്ത് നിൽപ്പുണ്ട്. പ്രതാപ് പാർക്കിൻറെ ഒരുവശത്താണ് കശ്മീരിലെ ഒട്ടുമിക്ക പത്രങ്ങളുടേയും ഓഫീസുകൾ. ഉറുദുവിലും ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള പത്രങ്ങൾ.
പ്രതാപ് പാർക്കിന് മുന്നിലെ ഒരു ചിനാർ മരത്തിൻറെ തണലിൽ കാർ നിർത്തി കാത്തുനിന്നു. ഫിർദോസിന് നൽകാനായി ഒരു സമ്മാനം കയ്യിൽ കരുതിയിട്ടുണ്ട്. ചകിരിനാരുകൊണ്ടുണ്ടാക്കിയ ഒരു ആന. ഒരു ചിനാർ ഇലകൂടി കയ്യിൽ കരുതി. കേരളത്തിൻറേയും കശ്മീരിൻറേയും ചിന്നങ്ങളാകട്ടെ ഈ ഫിർദൌസിനുള്ള ജൻമദിനസമ്മാനം.

ഫിർദൌസിൻറെ വരവും കാത്ത് കുറച്ച് നേരം കാത്ത് നിൽക്കേണ്ടിവന്നു. എത്തിയ ഉ    ടനെ പതിവ് ആലിംഗനം, ഹാപ്പി ബർത്തിഡെ ആശംസകൾ നേർന്ന് ഞങ്ങൾ സ്വീകരിച്ചപ്പോൾ സന്തോഷം. സമ്മാനം വാങ്ങി പിറന്നാൾ ഒരിക്കലും ആഘോഷിച്ചിട്ടില്ലെന്നകാര്യം ഫിർദൌസ് പങ്കുവെച്ചു.

വടക്കൻ കശ്മീരിലെ ബാരമുള്ളയിലാണ് ഫിർദൌസിൻറെ വീട്. ബാരാമുള്ള പ്രശ്നബാധിത പ്രദേശമാണ്. തെക്കൻ കശ്മീരിനെ അപേക്ഷിച്ച് വിദേശ തീവ്രവാദികളാണ് വടക്കൻ കശ്മീരിലേറെയുള്ളത്. വടക്കൻ കശ്മീർ അതിർത്തിക്കപ്പുറത്ത് നിന്ന് പാക്കിസ്ഥാനിൽ നിന്നെത്തുന്ന തീവ്രവാദികളുടെ കേന്ദ്രമാണ്. അതേസമയം പ്രദേശവാസികളുടെ പിന്തുണയേറെയുണ്ട് തെക്കൻ കശ്മീരിലെ തീവ്രവാദപ്രവർത്തനങ്ങൾക്ക്. തെക്കൻ കശ്മീർ ഇതിനെ വിഘടനവാദമെന്നോ തീവ്രവാദമെന്നോ അല്ല വിളിക്കുക. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടമാണെന്നാണ്. അവർക്കിത് ആസാദിയാണ്. ഇന്ത്യയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നുമുള്ള വിടുതൽ.

വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് ചിനാറിൻറെ തണലിൽ അൽപനേരം.
പ്രതിരോധമന്ത്രാലയം മാധ്യമപ്രവർത്തകർക്കായി പ്രതിവർഷം നടത്തുന്ന ഡിഫൻസ് കറസ്പോൻറ്സ് കോഴ്സിൽ വെച്ചാണ് ഫിർദൌസുമായുള്ള സൌഹൃദം ആരംഭിച്ചത്. അന്നുമുതൽ നല്ല സുഹൃത്താണ് ഫിർദൌസ്. നന്നായി മലയാള സിനിമകളും തമിഴ് സിനിമകളും ആസ്വദിക്കുന്ന ഫിർദൌസ് മലയാള പാട്ടുകളും തമിഴ് പാട്ടുകളും പാടും. ദുൽഖറിൻറേയും പാർവതിയുടേയും കടുത്ത ആരാധകനുമാണ് കക്ഷി. ചാർളി സിനിമ കണ്ട് ഇരുവരുടേയും നമ്പർ വാങ്ങി മെസേജ് അയച്ചിട്ട് ഇരുവരും മറുപടി നൽകിയില്ലെന്ന ചെറിയസങ്കടമുണ്ട് ഫിർദൌസിന്. ചാർലിയിലെ പാട്ടും പാടിയാണ് മിക്കപ്പോഴും നടപ്പ്.  

അകലെ ഒരു മലചൂണ്ടികാട്ടി ആദ്യം നഗരത്തിൻറെ വിദൂരകാഴ്ച്ച കണ്ടാവാം തുടക്കമെന്ന് ഫിർദൌസിൻറെ ക്ഷണം. വലിയ മലയുടെ മുകളിൽ ഒരു കോട്ട. അവിടെ നിന്നാൽ ശ്രീനഗർ ടൌണിൻറെ ആകാശക്കാഴ്ച്ച കാണാമത്രേ.

പോകുന്നവഴിക്കാണ് ദാൽ തടാകം. ദാൽ തടാകത്തെ ചുറ്റി വണ്ടി നീങ്ങി. ദാലിലേക്ക് വരണം. വെയിൽകാഞ്ഞ് ദാലിലെ ഷിക്കാരയിൽ മയങ്ങണം. ദാലിൻറെ കാഴ്ച്ചകളിലേക്ക് പിന്നീട് വരാം.

കാഴ്ച്ചകൾക്കൊപ്പം ദേശത്തിൻറെ രൂചികളുംകൂടി ആസ്വദിക്കാനുള്ളതാണ് ഓരോ യാത്രയും. ഒരു പ്രദേശത്തിൻറെ കാഴ്ച്ചകൾക്കൊപ്പം സംസ്ക്കാരവും രുചിയും അറിയുമ്പോളേ യാത്രകൾ പൂർണമാകൂ. കശ്മീരിൻറെ സ്പെഷ്യൽ വിഭവങ്ങൾ രുചിച്ചേമടങ്ങാവൂവെന്ന് എന്നെപോലെ ഫിർദൌസിനും നിർബന്ധമാണ്. റാണി ജ്യൂസ് മുതൽ കശ്മീർ വസ്വാൻവരെ നീണ്ടനിരതന്നെയുണ്ട് നാവിൽ വെള്ളമൂറിക്കാനായി.

പോകുന്നവഴിയിൽ വണ്ടിനിർത്തി റാണി ജ്യൂസ് വാങ്ങി ഫിർദൌസ്. ടിന്നിലടച്ച ഒരു ജ്യൂസ്. കശ്മീരിന് പുറമെ ദുബൈയിൽ മാത്രമേ ഈ ജ്യൂസ് ലഭിക്കൂവത്രേ. സാധാരണ ശീതളപാനിയങ്ങൾ പോലെ വെറും ജ്യൂസ് മാത്രമല്ല, പഴത്തിൻറെ കഷ്ണങ്ങളും ജ്യൂസിലതുപോലെയുണ്ട്. നല്ലമധുരം. റാണി ജ്യൂസ് എന്ന് കേട്ടപ്പോൾ ആദ്യം കരുതിയത് റാണി എന്നുപേരുള്ള ഏതെങ്കിലും പ്രത്യേക പഴത്തിൻറെ ജ്യൂസ് ആകുമെന്നായിരുന്നു. പക്ഷെ റാണി എന്നത് ജ്യൂസിൻറെ പേരാണ്. ഫ്രിഡ്ജ് എന്ന ബ്രാൻറ് നെയിം റഫ്രിജറേറ്ററിൻറെ പര്യായമയത്പോലെ ഒരു ബ്രാൻറ്  നെയിം ആ ഉത്പന്നത്തിൻറെ തന്നെ പേരായിമാറുന്നതിൻറെ മറ്റൊരുദാഹരണം.



പാരിമഹലിലേക്കാണ് യാത്ര. മലമുകളിൽ അകെല നിന്ന് കണ്ട ആ കോട്ട. അതൊരു സൈനികകോട്ടയൊന്നുമല്ല, മറിച്ച് പൂന്തോട്ടമാണ്. പലതട്ടുകളിലായി നിർമിച്ച മുഗളൻറെ പൂന്തോട്ടം. ഷാജഹാൻറെ മൂത്തപുത്രനായ ദാര ഷിക്ക പതിനേഴാം നൂറ്റാണ്ടിൻറെ പകുതിയിലാണ് പാരി മഹൽ എന്ന ഈ പൂന്തോട്ടം നിർമിച്ചത്. 4 തട്ടുകളായാണ് പൂന്തോട്ടം. ചിന്നാർ മരങ്ങളും പനിനീർപ്പുക്കളുമെല്ലാം നിറഞ്ഞുനിൽക്കുന്ന കെട്ടിടത്തിൻറെ ഏറ്റവും മുകളിൽ ഒരു ചെറിയ ജലസംഭരണിയുടെ അവശിഷ്ടങ്ങളും കാണാം. ഞായറാഴ്ച്ചയായിതിനാൽ നിരവധി കശ്മീരികളാണ് പാരി മഹലിൽ സമയം ചിലവിടാനായി എത്തിയിരിക്കുന്നത്. ചിലർ കൂട്ടുകാരുമായും മറ്റുചിലർ കുടുംബമായും. ചിനാർ മരത്തണലിലെ ബെഞ്ചിൽ വിശ്രമിക്കുന്ന യുവാക്കളും യുവതികളും.
 
പാരി മഹലിന് മുകളിൽ നിന്ന് നോക്കിയാൽ ദൂരെ ദാൽ തടാകവും ശ്രീനഗർ നഗരവും കാണാം. ചെറുപൊട്ടുകൾ പോലെ ഷിക്കാരകൾ, ചെറിയ തുരുത്തുകൾ. ദൂരെ ഝലം നദി ഒരു നേർത്തരേഖപോലെ ഒഴുകുന്നു. അകലെ കശ്മീരിന് അതിരിട്ട് മലനിരകൾ....
നല്ലവെയിലുണ്ടായിരുന്നെങ്കിലും കുറേനേരം കാഴ്ച്ചകൾ കണ്ട് പൊളിഞ്ഞ കൊട്ടയുടെ മുകളിൽ ഇരുന്നു.

ഇനി ജഹാംഗീറിൻറെ തൂങ്ങികിടക്കുന്നതോട്ടത്തിലേക്ക്. തട്ടുതട്ടായി നിർമിച്ചിരിക്കുന്ന പൂന്തോട്ടം. തട്ടുതട്ടായി നിർമിച്ചതിനാലാണ് ദൂരേ നിന്ന് നോക്കുമ്പോൾ തൂങ്ങികിടക്കുന്നപൂന്തോട്ടമായി അനുഭവപ്പെടുന്നത്. മുഗുളൻറെ നിർമാണത്തിൻറെ ഭംഗിയും വൈദഗ്ധ്യവുമാണ് കശ്മീരിലെ ഓരോ പൂന്തോട്ടവും. മലമുകളിൽ നിന്ന് ഒഴുകിവരുന്ന നീരുറവകളുടെ ഗതിമാറ്റാതെ, ആ നീരുറവകൾ പൂന്തോട്ടത്തിന് മനോഹാരിത പകരുന്നരീതിയിൽ ഫലപ്രദമായി ഉപയോഗിച്ചിരിക്കുന്നു. ആ
നീരുറവയിലെ തെളിനീരിൽ മുഖവും കാലുമെല്ലാം കഴുകുന്ന സഞ്ചാരികൾ. ആദ്യം അതൊരുആചാരമാണെന്ന് തെറ്റിദ്ധരിച്ചു. അങ്ങനെ തെറ്റിദ്ധരിച്ച് ‘ആചാരം അനുഷ്ടിക്കുന്ന സഞ്ചാരികളും കൂട്ടത്തിൽ ഉണ്ടാകാം. ഞങ്ങളും കയ്യും കാലും മുഖവും കഴുകി. നല്ല തണുപ്പ്. മലമുകളിൽ നിന്ന് ഒഴുകിവരുന്ന തെളിനീര്, ഭൂമിയിലെ ഏറ്റവും ശുദ്ധമായ വെള്ളമാണിത്. ഒരു മിനറൽ വെള്ളത്തിനും അവകാശപ്പെടാനാകാത്ത പരിശുദ്ധി.

പൂന്തോട്ടങ്ങളുടെ നഗരമായ ബാംഗ്ലൂരിൽ പോലും ഇത്രയും മനോഹരങ്ങളായ തോട്ടങ്ങളുണ്ടാകില്ല, അത്രകണ്ട് മനോഹരമാണ്. വിവിധതരം പൂക്കളുടെ സാന്നിധ്യം മാത്രമല്ല, കശ്മീരിലെ തോട്ടങ്ങളെ ആകർഷകമാക്കുന്നത്. മറിച്ച് വൃത്തിയാണ്. ആ തോട്ടങ്ങൾ പരിചരിക്കുന്നരീതി മാതൃകയാക്കണം. എവിടെയും പ്ലാസ്റ്റിക്കുകളോ ചപ്പുചവറുകളോ വലിച്ചെറിഞ്ഞതായി കാണാനാവില്ല. കാണാൻ വരുന്ന സഞ്ചാരിയും മലിനമാക്കുന്നില്ലെന്നതും ശുചിയായി സൂക്ഷിക്കാൻ സഹായിക്കുന്നുണ്ട്. നമ്മുടെ നാട്ടിലെ പല ടൂറിസ്റ്റ് കേന്ദ്രങ്ങളുടേയും അവസ്ഥ വെറുതെയെങ്കിലും മനസിലേക്ക് വന്നു.

പൂന്തോട്ടത്തിലെ ചിന്നാർ മരങ്ങൾക്കുതാഴെ നീട്ടിവിരിച്ച പായയിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്ന കശ്മീരികൾ. മരത്തണലിൽ കിടന്നുറങ്ങുന്നവർ, പ്രണയം പങ്കിടുന്നവർ, വെള്ളത്തിൽ കളിക്കുന്ന കുട്ടികൾ, മൊബൈലിലെ സെൽഫി ഫ്രെയിമിലേക്ക് ഒത്തുചേരുന്ന കൂട്ടുകാർ, പേരമരത്തിലും പിയേഴ്സ് മരത്തിലും കല്ലെറിയുന്നവർ.... ജഹാംഗീറിനറെ പൂന്തോട്ടത്തിന് ചുറ്റും നിറപ്പകിട്ടാർന്ന കാഴ്ച്ചകളാണ്.


കുറച്ചുസമയം ചിനാർ മരത്തിൻറെ തണലേറ്റ് കിടന്നു. നല്ല വെയിലത്തും ചിനാറിൻറെ താഴെ നല്ല തണുപ്പാണ്. ഉച്ചമയക്കത്തിന് ഏറ്റവും അനുയോജ്യമായയിടം. കാഴ്ച്ചകൾ ആസ്വദിച്ചും ഫോട്ടോയെടുത്തും ഞങ്ങൾ മടങ്ങിവരുമ്പോളേക്കും ദൂരെ ഒരു ചിനാറിൻറെ കീഴിൽ കിടന്ന് മെഹ്റാജ് മയക്കമായിരുന്നു... 

(തുടരും)

ആദ്യഭാഗം ഇവിടെ വായിക്കാം

https://neelambarikku.blogspot.in/2017/09/blog-post.html?m=1

Monday 25 September 2017

ഭൂമിയിലെ പറുദീസയിലേക്ക് (കാശ്മീർ - പാർട്ട് 1 )


സ്വപ്നങ്ങൾ അത് യാഥാർത്ഥ്യമാകുമ്പോൾ അനുഭവിക്കുന്ന സന്തോഷം അനിർവചനീയമാണ്. കശ്മീരിലേക്കുള്ള യാത്ര എന്നത് ഏറെകാലത്തെ സ്വപ്നമായിരുന്നു. ഒന്നരപതിറ്റാണ്ടോളം കാത്തിരുന്നശേഷമാണ് താഴ്വരയിലേക്കുള്ള യാത്രയെന്ന സ്വപ്നം യാഥാർത്ഥ്യമായത്. കശ്മീരെന്നത് സ്വപ്നകേന്ദ്രമായി മാറിയത് ബിരുദ്ദപഠന കാലത്താണ്. ബിരുദ്ദത്തിന് ട്രാൻസിലേഷൻ പ്രൊജക്ടായി കശ്മീരിലെ പ്രശ്നങ്ങൾ തിരഞ്ഞെടുത്തതോടെ മനസിൽ കയറി കൂടിയതാണ് കശ്മീരികളും ദാൽ തടാകത്തിലെ ശിക്കാരകളും ചിനാർ മരങ്ങളുമെല്ലാം.

ചിനാർ ഇലകൾ
എല്ലാതവണയും കോളേജിൽ പോകുമ്പോൾ ഗീത മിസ്സ് ചോദിക്കുമായിരുന്നു കശ്മീരിൽ പോയോ എന്ന്. ഡിഗ്രിക്ക് പ്രൊജക്ടായി ആദ്യം ചെയ്തു തുടങ്ങിയത് പ്രിയപ്പെട്ട എഴുത്തുകാരി മാധവികുട്ടിയുടെ ഒറ്റയടിപാത എന്ന ഓർമക്കുറിപ്പുകളായിരുന്നു. ഏതാണ്ട് കുറേ ചെയ്തശേഷമാണ് സ്വന്തം സൃഷ്ടി തന്നെ വിവർത്തനം ചെയ്യാൻ തീരുമാനിച്ചത്. ആരാണ് ആ ആശയം ആദ്യമായി മുന്നോട്ടുവെച്ചതെന്ന് ഓർമയില്ല. ആ സമയത്ത് കശ്മിരിലെ പ്രശ്നങ്ങളെ കുറിച്ച് യാദൃശ്ചികമായി സംസാരിച്ചത് ജേർണലിസം അധ്യാപിക സുലഭമിസ്സായിരുന്നു. അന്ന് കാണാത്ത കശ്മീരിനെ കുറിച്ച് എഴുതാൻ ഏറെ സഹായകമായത് ഗീതമിസ്സ് കൊണ്ടുത്തന്ന പുസ്തകങ്ങൾ തന്നെയായിരുന്നു. പാലക്കാട് മുൻ എംപി കൂടിയായ ഭർത്താവ് എൻ.എൻ കൃഷ്ണദാസ് കശ്മീരിൽ പാർലമെൻററി സമിതിക്കൊപ്പം പോയപ്പോഴത്തെ അനുഭവങ്ങളും റിപ്പോർട്ടുകളുടെ പകർപ്പുകളുമെല്ലാം ടീച്ചർ കൊണ്ടുതന്നു. അനുജത്തിയുടെ കശ്മീർ യാത്രവിശേഷങ്ങളും പങ്കുവെച്ച് കശ്മീരിൻറെ നല്ലചിത്രം മനസിൽ കോറിയിട്ടത് ഗീതമിസ്സായിരുന്നു.

പിന്നീട് കശ്മീരിനെ കുറിച്ച് മുറിവേറ്റ പക്ഷി എന്നപേരിൽ ഫീച്ചറെഴുതുകയും ബ്രൂയിസ്ഡ് ബേർഡ് എന്നപേരിൽ ടീച്ചർമ്മയായ ശശികലമിസ്സിൻറെ മേൽനോട്ടത്തിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തപ്പോൾ മുതലുള്ള ആഗ്രഹമായിരുന്നു ആ പറുദീസ കാണണമെന്ന്, പറുദീസയിലെ ജനങ്ങളെ അടുത്തറിയണമെന്ന്.

ഡൽഹിയിലേക്ക് ട്രാൻസഫറായി പോരുമ്പോൾ ഇനി നോർത്ത് ഇന്ത്യയിൽ ഒന്നു കറങ്ങണം എന്ന് പഴയ സഹപ്രവർത്തകൻ നോബിൾ പറഞ്ഞപ്പോഴും കശ്മീരെന്ന പേര് തന്നെ നാവിൽ വന്നത് ഒട്ടും യാദൃശ്ചികമാവില്ല, മനസിലെ വലിയ സ്വപ്നങ്ങളിലൊന്ന് പുറത്തേക്ക് വന്നതാകാനേ വഴിയുള്ളു.

യാത്രയെ കുറിച്ച് ശശികല മിസ്സിനോടും ഗീതമിസ്സിനോടും വിളിച്ച് പറഞ്ഞപ്പോൾ അവരുടെ സന്തോഷം വല്ലാത്ത ഊർജ്ജമാണ് പകർന്നത്. ഞാൻ കാശ്മീരിൽ പോകുകയെന്നത് എൻറെ മാത്രം സ്വപ്നം മാത്രമല്ലെന്നും അത് ആഗ്രഹിക്കുന്ന പലരുമുണ്ടെന്ന അറിവ് വല്ലാത്ത സന്തോഷമാണ് പകരുന്നത്. നമ്മുടെ സ്വപ്നങ്ങൾ നമുക്കൊപ്പം കാണാൻ കഴിയുന്ന കുറച്ചുപേരെങ്കിലും ചുറ്റുമുണ്ടെന്നത് വലിയകാര്യമാണ്, പ്രത്യേകിച്ച് ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷിച്ച പലരും ആ പ്രതീക്ഷ തെറ്റിക്കുമ്പോൾ...

കശ്മീരിലെ സുഹൃത്ത് ഫിർദൌസ് വഴി കശ്മീരിൽ എല്ലാസൌകര്യങ്ങളും ഒരുക്കിയിരുന്നു. ഫിർദൌസിൻറെ കസിൻ ബ്രദർ ഹോട്ടലും വാഹനവുമെല്ലാം തലേന്ന് തന്നെ റെഡിയാക്കിയിരുന്നു. വാർത്തകൾക്കപ്പുറത്തേക്ക് ഒരു യാത്ര നടത്തുന്നത് ഏറെ കാലത്തിനുശേഷമാണ്. ഒന്നും പ്ലാൻ ചെയ്യാതെ നടത്തുന്ന പതിവ് യാത്രകളിൽ നിന്ന് തീർത്തും വ്യത്യസ്ഥമാവുകയാണ് കശ്മീരിലേക്കുള്ള യാത്ര.

ഗർ ഫിർദോസ്, റുഹെ സമീൻ അസ്ത്, ഹമീൻ അസ്തോ, ഹമീൻ അസ്തോ, ഹമീൻ അസ്ത്...” ("Gar firdaus, ruhe zamin ast, hamin asto, hamin asto, hamin ast...")
ഭൂമിയിൽ ഒരു സ്വർഗമുണ്ടെങ്കിൽ അതിവിടിയൊണ്...അതിവിടെയാണ്...അതിവിടെയാണ്...

നമ്മുടെ കൊച്ചുകേരളം ദൈവത്തിൻറെ സ്വന്തം നാടാണെങ്കിൽ കശ്മീർ ദൈവത്തിൻറെ പറുദീസയാണ്. പൂന്തോട്ടങ്ങളും അരുവികളും മലകളും മഞ്ഞുപാളികളും തടാകങ്ങളും നദികളുമെല്ലാം നിറഞ്ഞ് നിൽക്കുന്ന പറുദീസ....

ശ്രീനഗർ വിമാനത്താവളം
സഞ്ചാരികളുമായി നീങ്ങുന്ന ദാൽ നദിയിലെ ഷിക്കാരകൾ... ഝലം നദിയിലൂടെ പൂക്കളുമായി ഒഴുകിയെത്തുന്ന കൊച്ചുവള്ളങ്ങൾ... ജഹാംഗീറിൻറെ പൂന്തോട്ടത്തിൽ പുഞ്ചിരിതൂകി നിൽക്കുന്ന പൂക്കൾ... കോടമഞ്ഞിൻറെ പുതപ്പണിഞ്ഞ് നിൽക്കുന്ന ചിനാർ മരങ്ങൾ.... പൈൻ മരങ്ങൾ നിരയിട്ട ഹിമാലയനിരകൾ.... മഞ്ഞുമലകളിൽ നിന്ന് ഊർന്നിറങ്ങുന്ന അരുവികൾ.... ഇരമ്പിയെത്തുന്ന സിന്ധുനദി... തണുപ്പിനെ വെല്ലാൻ വലിയ ഉടുപ്പും ധരിച്ച് നീങ്ങുന്ന കശ്മീരികൾ... ആടിനെ മേയ്ച്ച് നടക്കുന്ന ഇടയൻമാർ...  ഇടയിൽ ഉയരുന്ന അശാന്തിയുടെ വെടിയൊച്ചകൾ, രക്തചൊരിച്ചിലുകൾ....
താഴ്വരയുടെ വിവിധ ഭാവങ്ങൾ മനസിലൂടെ മിന്നൽ വേഗത്തിൽ കടന്നുപോയി.

ആഗ്സറ്റിലെ ആദ്യ ഞായറാഴ്ച്ച രാവിലെയാണ് ശ്രീനഗറിലെ സൈനിക വിമാനത്താവളത്തിൽ സുഹൃത്ത് നോബിളുമൊത്ത് വന്നിറങ്ങിയത്. മനസ് വല്ലാതെ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു. പുറത്ത് പക്ഷെ കരുതിയത് പോലെ തണുപ്പില്ല, നല്ല ചൂട്. കശ്മീരിൻറെ തണുപ്പ് മാഞ്ഞുതുടങ്ങിയത്പോലെ.

വിമാനത്താവളത്തിന് പുറത്ത് കാറുമായി മെഹ്റാജ് ഉണ്ടായിരുന്നു. രാജ്ബാഗിലെ ഹോട്ടലിലിലേക്കുള്ള വഴിനീളെ ചിനാർമരങ്ങൾ തലയുയർത്തി നിൽക്കുന്നു. 5 വിരലുകളുള്ള ചിനാറിൻറെ ഇലയാണ് കശ്മീരിൻറെ അടയാളം. തണുപ്പെത്തുമ്പോഴേക്കും ചിനാർ ഇലകളുടെ നിറം മഞ്ഞയാകും അതോടെ ചിനാറിൻറെ ഭംഗിയും ഇരട്ടിയാകും. ഞായറാഴ്ച്ചയായതിനാൽ കടകളെല്ലാം അവധിയാണ്, ആളുകളുടെ തിരക്കും കുറവ്. അകലെ മലഞ്ചെരുവുകളിലും കുന്നിൻമുകളിലുമെല്ലാം പൈൻ മരങ്ങളും വരിവരിയായി നിൽക്കുന്നു.

യാത്ര ഓരോ 10 മീറ്റർ പിന്നിടുമ്പോളും നിറതോക്കുകളുമായി സൈനികരും അർദ്ധസൈനികരും ജമ്മു ആൻറ് കശ്മീർ പോലീസുമെല്ലാം. ജങ്ഷനുകളിലും സിഗ്നലുകളിലുമെല്ലാം പൊലീസിൻറെ പരിശോധനകൾ. എപ്പോഴും പതിയിരിക്കുന്ന ആക്രമണത്തെ അവർ പ്രതീക്ഷിക്കുന്നുണ്ട്. റോഡിലും ഇടവഴികളിലും കുന്നിനുമുകളിലുമെല്ലാം എകെ 47 ഉം വെടിയുണ്ടകളുമായി അവർ കരുതലോടെ നിൽക്കുന്നു. റോഡിലൂടെ സൈനിക വാഹനങ്ങൾ ഇടതടവില്ലാതെ നീങ്ങികൊണ്ടേയിരുന്നു. മുഴുവനും മറച്ചുകെട്ടിയ സൈനികവാഹനങ്ങളിലൂടെ തോക്കിൻ കുഴലുകൾ മാത്രം പുറത്തേക്ക് നീണ്ടു നിൽക്കുന്നത് കാണാം, അടുത്തെത്തുമ്പോൾ സൂക്ഷിച്ച് നോക്കിയാൽ ജാഗ്രതയോടെ നോക്കുന്ന 2 കണ്ണുകളും കാണാം.

സിഗ്നലുകളിൽ യാചിക്കുന്ന കുറേ കുട്ടികൾ. അവരാരും കശ്മീരികളല്ലെന്ന് മെഹ്റാജ് പറഞ്ഞു. ശരിയാണ്. കശ്മീരികളുടെ തുടുത്ത കവിളുകളോ നിറമോ അവർക്കില്ല. ഇവരെല്ലാം ഉത്തരേന്ത്യയിൽ നിന്ന് ഭിക്ഷയെടുക്കാനായി എത്തിയവരാണ്. അവരെ കണ്ടപ്പോഴെ കാറിൻറെ ഗ്ലാസ് അടച്ചു മെഹ്റാജ്. ഭിക്ഷചോദിച്ചെത്തിയ കുട്ടിക്ക് പൈസ കൊടുക്കാനായി നീട്ടിയപ്പോൾ ഗ്ലാസ് തുറക്കാൻ മെഹ്റാജ് ആദ്യം വിസമ്മതിച്ചു. ഗ്ലാസ് തുറക്കുന്ന സമയം കൊണ്ട് വണ്ടിക്കുള്ളിലെ എന്തെങ്കിലും മോഷ്ടിച്ച് അവരോടിയൊളിക്കുന്നത് പതിവാണത്രേ. കശ്മീരിലെത്തുന്ന സഞ്ചാരികളെ ഇത്തരം കാഴ്ച്ചകൾ അലോസരപ്പെടുത്തുമെന്നും മെഹ്റാജ്. കശ്മീരികൾ ആരും ഇത്രദരിദ്രരല്ലെന്നും എല്ലാവരും നന്നായി ജോലി ചെയ്തു ജീവിക്കുന്നവരുമാണെന്ന് മെഹ്റാജ് കൂട്ടിച്ചേർത്തു.

മെഹ്റാജ് ആയിരുന്നു പിന്നീടങ്ങോട്ട് ഞങ്ങളുടെ സാരഥി. ആള് നല്ല മസിൽമാനാണ്. ബോഡി ബിൽഡിങ്ങും ക്രിക്കറ്റുമാണ് ഇഷ്ടവിനോദങ്ങൾ. ഒരു ലക്ഷം രൂപ പ്രൈസ് മണിയുള്ള ക്രിക്കറ്റ് മത്സരം ഉപേക്ഷിച്ചാണ് മെഹ്റാജ് ഇന്ന് ഞങ്ങൾക്കൊപ്പം വന്നത്. ഇടക്കിടെ കളിയുടെ അപ്ഡേറ്റ്സുമായി വിളിവരും മെഹ്റാജിന്. ഫിർദൌസിൻറെ പ്രത്യേകതാൽപര്യപ്രകാരമായിരുന്നു മെഹ്റാജ് ഞങ്ങൾക്കൊപ്പം വന്നത്.
നോബിളുമൊത്ത് ഹോട്ടലിന് മുന്നിൽ

വിമാനത്താവളത്തിൽ നിന്ന് 20 മിനുട്ട് യാത്രയുണ്ട് ഹോട്ടലിലേക്ക്. ഝലം നദി മുറിച്ച് കടന്നുവേണം ഹോട്ടലിലെത്താൻ. ഝലം നദിയിൽ നിറയെ ഹൌസ് ബോട്ടുകൾ നിരന്നുകിടപ്പുണ്ട്. പക്ഷെ അവയെല്ലാം വീടുകളാണ്. വിനോദസഞ്ചാരികളെ കാത്ത് കിടക്കുന്ന ഹൌസ് ബോട്ടുകളല്ല. പഴയ ഹൌസ് ബോട്ടിൽ ഒരു കുടുംബം സുഖമായി കഴിയുന്നു.

രാജ്ബാഗിലെ കെ 2 ഇൻ എന്ന ഹോട്ടലിലാണ് താമസം. നല്ല മുറികൾ. അൽപം വിശ്രമിച്ചശേഷം ആദ്യദിവസത്തെ കാഴ്ച്ചകളിലേക്ക്.

(തുടരും